ചുവന്ന പൊട്ടുള്ള ടാപ് തിരിച്ചാല്‍ ചൂടുവെള്ളം വരും, നീല പൊട്ടുകുത്തിയതില്‍ നിന്നും പച്ചവെള്ളവും. രണ്ടും ഒരുമിച്ചു തുറന്നാല്‍ രണ്ടും ഒരുമിച്ചു വരണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ആദ്യം തിളയ്ക്കുന്ന ചൂട് വെള്ളവും പിന്നീട് മരവിപ്പിക്കുന്ന പച്ചവെള്ളവും വരും. അതു കഴിഞ്ഞ് ചൂടൂവെള്ളം, പിന്നെ വീണ്ടും തണുത്ത വെള്ളം. ‘ഒന്നിനു പോയവന് രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു’ പോരേണ്ട അവസ്ഥ. പ്രശ്നം ഗൌരവമുള്ളത്, പരിഹാര്യവും. പക്ഷേ സങ്കീര്‍ണ്ണവും ആസ്വാദ്യവും ആകുന്നത്, ഇത് അനുഭവിക്കുന്നയാള്‍ വക്കാരിനാട്ടുകാരനും കേള്ക്കുന്നയാള് സ്വാര്‍ത്ഥനുമാകുമ്പോള്‍!
വളണ്ടിയര്‍ എന്നാല്‍ ഓള്‍റൌണ്ടര്‍ എന്നതാണ് ഞങ്ങളുടെ തട്ടകത്തിലെ അവസ്ഥ. ഇതു പോരാഞ്ഞ്, റിസപ്ഷനില്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചിലതും ഞങ്ങളെ തേടിവരും. അങ്ങിനെ എത്തിയതാണ് ഈ ജപ്പാന്കാരന്. മൂന്ന് റൌണ്ട് പ്രകടനത്തിനു ശേഷമാണ് എന്റെ അടുത്തേക്ക് അയാള്‍ എത്തിപ്പെട്ടത്. പരിഭാഷകനോടൊപ്പമേ ഇതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് ഉടമയായത് കാരണമാകാം, നേരിട്ട് മുട്ടിക്കളയാം എന്നങ്ങേര് തീരുമാനിച്ചത്.
വക്കാരിസാന്‍ തുണൈ; കൈകൊണ്ട് ആംഗ്യം കാണിച്ച്, “എന്താ ചേട്ടാ കാര്യം?” എന്ന് തനി മലയാളത്തില്‍ ചോദിച്ചു. നാലാം റൌണ്ടിന് ആരംഭമായി, ചുള്ളന് രണ്ട് കൈകൊണ്ടും തിരിച്ച് കാണിച്ചു.
“ഓ, ടാപ്, ടാപ് ”
“ഹാ, വെള്ളം, വെള്ളം”
ഇതുവരെ ‘വക്കാരിമഷ്ടാ’, ഇനി... നമ്മുടെ സുഹൃത്ത് ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു. വീണ്ടും ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു.
“വോക്കെ”
വീണ്ടും ടാപ്പ് തുറന്ന്, ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച കൈ പെട്ടെന്ന് വലിച്ചു.
“ഓ, പൊള്ളിയല്ലേ!”
മ്യാന്മാറുകാരി റിസപ്ഷനിസ്റ്റ് യാ മിന് കീചകവധം കഥകളി, വിദേശ ടൂറിസ്റ്റിനൊപ്പം കാണുന്ന മലയാളിയേപ്പോലെ അന്തവും കുന്തവുമില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന മട്ടില്‍ നില്ക്കുന്നു.
നായകന് വീണ്ടും ടാപ്പ് തുറന്നു, കൈ വലിച്ചു, വിറയ്ക്കുന്നതായി കാണിച്ചു.
“ഊം, പോരട്ടെ ഇങ്ങ്ട് ”
രണ്ട് എന്ന് ആംഗ്യം കാട്ടി കൈവിരലുകള്‍ കോര്‍ത്ത് ക്ലൈമാക്സിലേക്ക് കടന്നു. രണ്ടിനു പോകാന്‍ നേരം വെള്ളം കിട്ടുന്നില്ല എന്നാണോ! ഛെ ഛെ, അതല്ല, ജാപ്പാനി രംഗം വീണ്ടും അവതരിപ്പിച്ചു.
“വക്കാരിമഷ്ടാ! ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് വരുന്നില്ല അല്ലേ?”
‘വക്കാരിമഷ്ടാ’ എന്ന് കേട്ടപ്പോള്‍ തന്നെ അങ്ങേരുടെ മുഖത്ത് പ്രകാശം മിന്നി മറിഞ്ഞു. യാ മിന്നോട് ഞാന്‍ കാര്യം പറഞ്ഞു, വേണ്ടത് ചെയ്യാനുള്ള നിര്‍ദേശവും കൊടുത്തു.
“യൂ നോ ജാപ്പനീസ്!!”
“ഒന്ന് പോടി പെണ്ണേ, വേണമെങ്കില്‍ നിന്റെ നാട്ടിലെ ഭാഷയും ഞന്‍ പറയും”(മ്യാന്മറില് ബൂലോഗര്‍ ആരെങ്കിലും ഉണ്ടോ?)
അടുത്ത ഊഴം ചീനക്കാരിയുടേത്. അവര്‍ക്ക് ഇംഗ്ലിഷ് അറിയാം - water, drink, night, hot, cold, ഇത്രയും! മഴ പെയ്തതോടെ തണുപ്പ് കൂടി. മുപ്പത്തഞ്ചാം നിലയില്‍ രാത്രി കുടിക്കാന്‍ ചൂടുവെള്ളം വേണമത്രേ. അതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ റിസപ്ഷനില്‍ നിന്നും എന്റെ അടുത്തേക്ക് പാസ്.
“hot water – room – night?”
“no hot water – room :) ”
“night – cold :( ”
“bathroom – hot water?”
“yes, drink?”
അയ്യോ ചതിക്കല്ലേ, “no, no, no drink - - - drink bottle water”, ഞാന്‍ വേഗം അരസഞ്ചിയില്‍ നിന്ന് കുപ്പിവെള്ളം എടുത്ത് കാണിച്ചു. ടാപ്പ് വെള്ളം കുടിച്ച് വല്ല അസുഖവും വന്നുപെട്ടാല്‍... ആരു പറഞ്ഞിട്ടാ ടാപ്പ് വെള്ളം കുടിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍... എന്‍ കടവുളേ...!
“this bottle cold - - - night – hot water”, അവര്‍ കേഴുന്നു.
അടങ്ങ് പെങ്ങളേ, “bathroom – bucket – hot water?”
“yes”
“put bottle > > hot water - - - cold water > > hot water, magic!!!”
കുപ്പിവെള്ളം എങ്ങിനെ ചൂടാക്കിയെടുക്കാം എന്ന വിഷയത്തില്‍ ആംഗ്യഭാഷയില്‍ അധിഷ്ടിതമായ ആ പരിശീലന പരിപാടി ഭംഗിയായി അവസാനിച്ചു. പ്രതിഫലമായി ഇറുകിയ കണ്ണുകള്‍ക്കും ചതഞ്ഞ മൂക്കിനും താഴെ വിരിഞ്ഞ ആ മന്ദഹാസം ചേതോഹരമായിരുന്നു.
അറബി വനിത – ഇംഗ്ലിഷ് അസിസ്റ്റന്റ് - ഹിന്ദി ഡ്രൈവര്‍ - ഇത്തരം കോമ്പിനേഷന്‍ പലപ്പോഴും ഗതികിട്ടാത്ത ആത്മാക്കളായി ചുറ്റിത്തിരിയാറുണ്ട്. ഇവര്‍ക്കിടയിലാണ് കുട്ടരേ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ വില! ഭാരത് മാതാ കീ....
ഇപ്പറഞ്ഞവരെല്ലാം വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോരാണെന്ന് ധരിക്കരുതേ. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വിധഗ്ദരാണിവര്‍.
മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?
ഒരു അഡാപ്റ്റര്‍(മള്‍ട്ടി പ്ലഗ്) എടുത്ത് അയാള്‍ക്ക് നേരെ നീട്ടുക!