ശനിയാഴ്‌ച, ജനുവരി 27, 2007

കുഞ്ഞിപ്പാട്ടുകാര്‍

“നമ്മടെ മക്കളൊക്കെ അവരടെ കുഞ്ഞു ശബ്ദത്തില്‍ പാട്ട് പാടാറും കുഞ്ഞിക്കവിത ചൊല്ലാറും ഒക്കെല്ല്യെ.” അചിന്ത്യാമ്മ

നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് പാടിപ്പിച്ചതാ.

ഒന്നാം പാട്ട് : “പാഠം പഠിക്കുവാന്‍ ഞങ്ങളുണ്ട്...”
ആലാപനം(?): മൂത്ത പുത്രന്‍ ഡാനിയേല്‍

രണ്ടാം പാട്ട് : “കുഞ്ഞിപ്പൂച്ച...”
ആലാപനം(?): ഇളയ പുത്രന്‍ ഡേവിഡ്

ദൈര്‍ഘ്യം: പേടിക്കേണ്ട, 30 സെക്കന്റ് മാത്രംRecorded at! Rolland Garros (റോളണ്ടിന്റെ ഗാരേജ് )
Audio Engineer! Francis Rolland D'Rose (ഞങ്ങടെ സ്വന്തം റോഡീ ബോയ് )

ഈ പാട്ടുകളുടെ ശരിയായ വരികള്‍ കൈവശമുള്ളവര്‍ കമന്റായി പോസ്റ്റാന്‍ അപേക്ഷ.

ചൊവ്വാഴ്ച, ജനുവരി 23, 2007

പിതൃദേവോ ഭവഃ

ബസ് കണ്‍സഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ‘ഡോക്ടര്‍ ലിപി’യില്‍ എഴുതുക ഞങ്ങളുടെ പതിവായിരുന്നു. ഒരുമാ‍തിരിപ്പെട്ട കണ്ട്രാവിമാര്‍ക്കോന്നും ഇംഗ്ലിഷ് അറിയില്ല എന്നതും, അഥവാ അറിഞ്ഞാല്‍തന്നെ വായിച്ചാല്‍ മനസ്സിലാകില്ല എന്ന ബോധ്യവുമാണ് ഇതിനു പ്രേരണയായത്.

“എവ്ടെയ്ക്ക്യാ? കാര്‍ട്ണ്ടാ?”

ധൈര്യസമേതം കാര്‍ഡെടുത്ത് തുറന്ന് കാണിച്ചാല്‍ ഒന്ന് പാളി നോക്കും, പിന്നെ എല്ലാം ഓക്കെ.

കലാലയത്തിനു കിഴക്കോട്ട് അന്ന് ബസ്സോടിത്തുടങ്ങിയിട്ടില്ല. എന്നിരുന്നാലും, ആ സ്ഥലപ്പേരു വച്ച കാര്‍ഡ് ഉപയോഗിച്ച് തെക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്കവാറും ദേശങ്ങളിലേക്ക് സ്വാര്‍ത്ഥനും സംഘവും നിര്‍ഭയം യാത്രചെയ്തുപോന്നിരുന്നു.

ഒത്താല്‍ ഞങ്ങളേയും വിറ്റ് കാശ് മേടിക്കുന്ന ഒരുത്തനുണ്ടായിരുന്നു കൂട്ടത്തില്‍. ഞായറാഴ്ചകളില്‍ പോലും ‘സി’ കൊടുത്ത് യാത്ര ചെയ്യാന്‍ മിടുക്കന്‍. അതും, നീല ജലാശയത്തില്‍ നീന്തും ഹംസങ്ങളേക്കാണാന്‍ തൃശൂര്‍ ‘ഗിരിജ’ വരെ! ഭാരതത്തിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാനുള്ള നിയോഗവുമായി ജീവിക്കുന്ന എന്‍സീസീ കേഡറ്റ് എന്ന ലേബലിലായിരുന്നു ഈ അവധിദിന സീ ഒപ്പിച്ചിരുന്നത്.

ഗ്രഹപ്പിഴമൂലം കണ്ടക്ടറാവേണ്ടിവന്ന ഒരു എമ്മേക്കാരന്‍ ഒരിക്കല്‍ നമ്മുടെ കക്ഷിയെ പൊക്കി.

“ഞാനും കൊറേ കോളേജ് കണ്ടതാടാ. ഈ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് മാത്രമേ സീ തരൂ”

നമ്മടാളുണ്ടോ വിടുന്നു, ഭാരതത്തിന്റെ ഐക്യം, അഖണ്ഡത, കരസേന, സായുധസേന, പരേഡ്, റിപബ്ലിക് ദിന പരേഡ് എന്നിവയേക്കുറിച്ചെല്ലാം ഒരു ഗംഭീര പ്രസംഗം തന്നെ ആ ബസ്സില്‍ നടത്തി കക്ഷി(ആളിന്നൊരു എണ്ണം പറഞ്ഞ വക്കീലാട്ടൊ!).

ഒടുവില്‍ ‘കിളി’ മുതലാളി ഇടപെട്ടു, “വിട്ടേക്കെടെക്ക്യേ, അവന്‍ പൊക്കോട്ടെ...”

ഗിരിജയെ ലക്ഷ്യം വച്ച് തൃശൂര്‍ റൌണ്ടില്‍ ഇറങ്ങാന്‍ നേരം നന്ദി സൂചകമായി കിളിമുതലാളിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ചുള്ളന്‍.

“ഇളിക്കല്ലെടാ #@$%*#*, നീയാ വേലായുധന്‍ മാഷ്ടെ മോനല്ലേ? അങ്ങേരെ ഓര്‍ത്തട്ടാ... ... ... ഇനി മേലാലീ വണ്ടീ കേറിയാ‍...”. സീറ്റിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ആ‍ കയ്യില്‍ ജാക്കീലിവര്‍ ഉണ്ടായിരുന്നു, വേലായുധന്‍ മാഷിന്റെ കയ്യിലെ ചൂരല്‍ പോലെ!

തിങ്കളാഴ്‌ച, ജനുവരി 08, 2007

ഒന്ന് സ്ലിപ്പി

ആര്‍ഭാടങ്ങളെ സ്വാ‍ര്‍ത്ഥന്‍ എന്നും അല്പം അകലത്തിലേ നിറുത്താറുള്ളൂ. പക്ഷേ ചിലപ്പോള്‍ അവ എന്നെ എടുത്ത് ഒക്കത്ത് വച്ച് കളയും! ഇന്ന് രാവിലെയും അത് സംഭവിച്ചു.

ഏഴര വെളുപ്പിന് കുളിക്കാന്‍ കയറിയപ്പോള്‍ വെറുതേ ഒരു തോന്നല്‍, അര മണിക്കൂര്‍ സമയമുണ്ട്, കുളിമുറി ഒന്ന് വൃത്തിയാക്കിക്കളയാം. ചൂടുവെള്ളം ബക്കറ്റിലേക്ക് കിനിഞ്ഞിറങ്ങുന്നതേ ഉള്ളൂ. മെല്ലെ മുക്കിലും മൂലയിലും നിന്നു തുടങ്ങി. ഇത്തിരിപ്പോന്ന വാഷ് ബേസിന്‍, അതിന്റെ കാലാകട്ടെ വല്യക്കാട്ടതും. അതിന്റെ ഇടയിലാണ് ‘കീഠാണു’വിന്റെ ഒളിസങ്കേതം. ബ്രഷിട്ട് പരമാവധി കുത്തിയിളക്കി. കഴിഞ്ഞ വെള്ളിയാഴ്ച സഹമുറിയന്‍ വൃത്തിയാക്കിയതാ. എന്നാലും ആ അരികുകളില്‍...

ബ്രഷിന് എത്താവുന്ന ഇടങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. ഇനി ചെയ്യാവുന്നത് പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിക്കുകയാ. പഴയതൊരെണ്ണത്തിന് ഇപ്പൊ എവിടെ പോകാന്‍. തല്‍ക്കാലം കാലിന്റെ തള്ള വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാം. സംഗതി കൊള്ളാം, നല്ല റീച്ച് ഉണ്ട്. എന്നാല്‍ പിന്നെ ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയ ആ ദുര്‍ബല നിമിഷം... നിലത്തൂന്നിയ ഇടതു കാല്‍ എന്നോട് ചോദിക്കാതെ ഒരുപ്പോക്കു പോയി. വിഘടിതനിമിഷത്തെ ത്രിശങ്കു, പിന്നെ എല്ലാം ക്ലിയര്‍ ആയി.

വായുവില്‍ താണു പൊങ്ങിയ സ്വാര്‍ത്ഥദേഹം ഒരു കച്ചിത്തുരുമ്പിനായി ദാഹിച്ചു. അതുവരെ എന്റെ തലോടല്‍ ഏറ്റ് സുഖിച്ചു നിന്ന വാഷ് ബേസിന്‍ എന്നെ പാടേ ഉപേക്ഷിച്ചു. മിനുസമേറിയ ചുമരോടിലൂടെ എന്റെ ഇടതുകൈ വഴുതിയപ്പോള്‍ വലതന്‍ കടുകിട വ്യത്യാസത്തിന് വാഷ് ബേസിനുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ ബക്കറ്റ്, എനിക്ക് താങ്ങും തണലുമാകാന്‍, അതുവരെ ശേഖരിച്ച ചൂടുവെള്ളം പരവതാനിയാക്കി. ചന്തിയാണ്(പൃഷ്ടം എന്ന് ലോക്കല്‍‍!) ആദ്യം ഭൂമിയെ സ്പര്‍ശിച്ചത്. ചൂടുവെള്ളത്തിന്റെ ആദ്യാനുരാഗം നുകരാന്‍ ആ പ്രദേശത്തിനു ഭാഗ്യമുണ്ടായി. വീഴ്ചയുടെ പരമാവധി ആഘാതം ഏറ്റുവാങ്ങിയെങ്കിലും ആദ്യാനുരാഗത്തില്‍ പുളകിതമായതു കാരണം നല്ല സുഖം. അടുത്ത ഊഴം വലതു കൈമുട്ടിനായിരുന്നു. ഒന്നും പിടികിട്ടാഞ്ഞതിന്റെ ദേഷ്യം നിലത്ത് ഇടിച്ച് തീര്‍ത്തു പാവം. ഇതിനിടയില്‍ ബാക്കി ശരീരവും തറയിലെ ചൂടുവെള്ളത്തില്‍ പതിച്ചിരുന്നു.

എല്ലാം അവസാനിച്ചു എന്ന് ഞാന്‍ അശിച്ചു. വാതിലില്‍ തട്ടി മടങ്ങി നിന്നിരുന്ന ഇടതു കാല്‍ മെല്ലെ നീര്‍ത്തി. എന്നെ അതിശയിപ്പിച്ചുകൊണ്ട് എട്ട് അടി നീളമുള്ള കുളിമുറിയില്‍ ആ‍റടിയോളം തെന്നി ഞാന്‍ നീങ്ങി. ചൂടുവെള്ളത്തിലൂടെയുള്ള ആ വാട്ടര്‍ തീം പാര്‍ക്ക് അനുഭവം, തല ചുമരില്‍ ഇടിച്ചപ്പോള്‍ പൂര്‍ത്തിയായി. ഇനി എന്തു ചെയ്യാന്‍. ചെവി വട്ടം പിടിച്ചു. ഭാഗ്യം, മുറിയില്‍ ആരുമില്ല. അല്പനേരം ആസ്വദിച്ചങ്ങിനെ കിടന്നു. ഇനി ഈ ശരീരത്തില്‍ ഇളകാ‍നായി പിരികള്‍ ബാക്കിയില്ല എന്ന് സാവധാ‍നം മനസ്സിലായി. സുഖശയനത്തിനു ശേഷം എഴുന്നേറ്റിരുന്നു. ഇന്നിനി എവിടെയും പോകേണ്ട, റെസ്റ്റ് എടുക്കാം. യൂറോപ്യന്‍ അപ്പിപ്പാത്രം ഇല്ലാതിരുന്നത് ഭാഗ്യം, റെസ്റ്റ് റെസ്റ്റ്-ഇന്‍-പീസ് ആയിപ്പോയേനെ!

അകെ നനഞ്ഞാല്‍ തോര്‍ത്തി കയറുക എന്നൊരു ചൊല്ലുണ്ടല്ലോ! പുറത്തിറങ്ങിയപ്പോള്‍ സഹമുറിയന്‍ മുന്നില്‍,”ഡാ ഇത്രവേഗം നീ കുളിച്ചു കഴിഞ്ഞോ?”

ഞാന്‍ നേരത്തേ കുളിച്ചിറങ്ങിയതിന്റെ ആവേശം അവന്‍ തീര്‍ത്തത് ‘ടപ്പോ’ന്ന് എന്റെ പുറത്ത്. ആകപ്പാടെ ഇളകാന്‍ ബാക്കി നിന്നിരുന്ന എന്റെ തലയുടെ പിരിയും അതോടെ ഇളകി!