നഗ്നസത്യം - തുടരുന്നു
ഒന്നാം ഭാഗം വായിച്ചവര്‍ക്ക് മാത്രം
"താങ്കള്‍ എന്താണ് കണ്ടത്?"
ഞാന്‍ ഇടവും വലവും നോക്കി. ഇടത്ത് സിസ്റ്റര്‍ ക്യുട്ടിക്കൂറ, വലത്ത് സിസ്റ്റര്‍ ബീറ്റ്രൂട്ട. തൊട്ടടുത്ത് ഫാദര്‍ അല്‍ഫോണ്‍സോ മാംഗോസ്റ്റോ, പുറകില്‍ ബ്രദര്‍ ബിസ്ക്കറ്റോ കൊളാക്ക്വൊ. നിറയെ അച്ചന്മാരും കന്യാസ്ത്രീകളും സന്യസ്തരും സാമൂഹ്യപ്രവര്‍ത്തകരും.
വേദി ഡോണ്‍ ബോസ്കോ യൂത്ത് സര്‍വീസസ്, മാട്ടുംഗ, മുംബൈ. 'സെക്സ് എജ്യൂക്കേറ്റേസ് ആന്വല്‍ ട്രെയ്നിംഗ് '. എനിക്കെന്താ ഇവിടെ കാര്യം? (ഞാനും ഒരു സെക്സ് എജ്യുക്കേറ്ററാ!). തെരുവുകുട്ടികള്‍ക്കും യുവാക്കള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും യഥാര്‍ത്ഥ ലൈംഗിക ദിശാബോധം നല്‍കാന്‍ ചുമതലപ്പെട്ടവനായിരുന്നു ഈയുള്ളവന്‍(ഭയങ്കരന്‍!!!!). ക്ലാസ് നയിക്കുന്നത് ഈ രംഗത്ത പ്രഗല്‍ഭന്‍, ഇറ്റലിക്കാരന്‍ ഡോ. ആന്തണി ഗ്രുഗ്നി.
"ലജ്ജിക്കാതെ പറയൂ, എന്താണ് താങ്കള്‍ കണ്ടത്?"
ശരിയാണ്, ലൈംഗികതയേക്കുറിച്ച് പറയാന്‍ ഒരു സെക്സ് എജ്യുക്കേറ്റര്‍ ഒരിക്കലും ലജ്ജിക്കാന്‍ പാടില്ല. പറയാനൊട്ട് മടിയുമില്ല, എന്നാലും ഇവരുടെയൊക്കെ മുന്നില്‍ വച്ച്...
"എന്ത് പ്രത്യേകതയാണ് താങ്കള്‍ അവിടെ കണ്ടത്?" ഡോക്ടര്‍ എന്നെ വിടുന്ന മട്ടില്ല. സംഭവത്തേക്കുറിച്ച് പറഞ്ഞത് പൊല്ലാപ്പായോ എന്ന് ഒരു തോന്നല്‍. 'വാത്സ്യയന മഹര്‍ഷി'യെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു, "പ്രത്യേകിച്ച് ഒന്നും കണ്ടില്ല!"
"അവര്‍ പാവാട പൊക്കി കാലകത്തി കാണിച്ചപ്പോള്‍ താങ്കള്‍ അത് കണ്ടിട്ടുണ്ടാവും, തീര്‍ച്ച"
ഇനി പറഞ്ഞില്ലേല്‍ അന്ന് ചുറ്റുമിരുന്നവരും, ഇപ്പോള്‍ നിങ്ങളും എന്നെ തല്ലിക്കൊല്ലും. "ചെറിയൊരു വിടവ് ഞാന്‍ കണ്ടു", എന്നില്‍ ആത്മവിശ്വാസം നിറഞ്ഞു.
"ചെറുതെന്നു പറഞ്ഞാല്‍...?"
ശെടാ, "ദേ ഇത്ര മാത്രം വലുപ്പമുള്ളൊരു വിടവ് " ചൂണ്ടുവിരലിന്റെ ആദ്യ മടക്കില്‍ തള്ളവിരല്‍ ചേര്‍ത്ത് വച്ച് കാണിച്ചു കൊടുത്തു. (ഉദ്ദേശം പറഞ്ഞതാ, ബസ്സില്‍ വച്ച് അളവെടുക്കാന്‍ സാധിച്ചില്ല!) "സ്ത്രീയുടെ ബാഹ്യ ലൈംഗികാവയവം പോലെയായിരുന്നില്ല അത് "(ഈശ്വരാ!!!), ഞാന്‍ കൂട്ടിച്ചേര്‍ത്തു.
"Yes, you said it right. I'm proud of you. അതൊരു സ്ത്രീയുടെ ലൈഗികാവയവമല്ല. മൂത്രമൊഴിക്കാന്‍ മാത്രമുതകുന്ന ഒരു വിടവ് മാത്രം" എന്റെ തോളത്ത് തട്ടി അദ്ദേഹം അഭിനന്ദിച്ചു.
ഹൊ! ഞാന്‍ പിന്നങ്ങട് നീണ്ട് നിവര്‍ന്നൊരു ഇരിപ്പിരുന്നു, ക്ലാസ് കഴിയുന്നതു വരെ. തുടര്‍ന്ന് ഹിജഡകളേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവയ്ക്കലായിരുന്നു.
പണ്ടെന്റെ അമ്മാവന്‍ പറഞ്ഞത് തന്നെ സത്യം! പിള്ളാരെയെന്നല്ല, ഏതൊരാണിനേയും പിടിച്ച് പൊത്തമണി മുറിച്ച് വിട്ടാല്‍ അവന്‍ 'ഹിജഡ' അല്ലെങ്കില്‍ 'ചക്ക'യാവും. മനുഷ്യശരീരത്തില്‍ രണ്ട് തരം ഹോര്‍മോണും സന്നിഹിതമാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൃഷ്ണം മുറിച്ച് കളഞ്ഞാല്‍ സ്വാഭാവികമായും ശരീരത്തിലുള്ള സ്ത്രീ ഹോര്‍മോണ്‍ ആധിപത്യം സ്ഥാപിക്കും. സ്തനവളര്‍ച്ച, ശബ്ദവ്യതിയാനം മുതലായ ഒട്ടുമിക്ക സ്ത്രൈണ ലക്ഷണങ്ങളും പ്രകടമാകും. ഇവരാണ് നമ്മുടെ നാട്ടില്‍ കാണുന്ന ഹതഭാഗ്യരായ ഹിജഡകള്‍, ഇവര്‍ യഥാര്‍ത്ഥ നപുംസകങ്ങള്‍ അല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിക്കിപീഡിയ
ബീബീസി
കുന്നുമ്മേല്‍ധ്യാനം
പാക്കിസ്ഥാനിലെ ഹിജഡകള്‍ (ചിത്രങ്ങള്‍)
ഡോ. ആന്തണി ഗ്രുഗ്നിയുടെ പുസ്തകങ്ങള്‍
സെന്റ് പോള്‍സ്
കമ്മിനിറ്റ്.കോം
വായടക്കൂ.കോം
അവസാനമായി ഞാനിവരെ കാണുന്നത് ഝാന്‍സീ റാണിയുടെ നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയ്ക്കാണ്. അരികിലെ ഒറ്റസീറ്റില്‍ പകലുറക്കത്തിലായിരുന്ന എന്നെ തഴുകിയുണര്‍ത്തി, ഒരുപറ്റം ചക്കകള്‍. ഒരുവന്‍ വികാരഭരിതമായ ശബ്ദത്തോടെ "രാജാാാാ..." എന്ന് മൊഴിഞ്ഞ് പ്രേമാര്‍ദ്ര നയനങ്ങളാലെ എന്നെയൊന്നുഴിഞ്ഞ് കൈകള്‍ മടക്കി നിവര്‍ത്തി മുന്നോട്ടാഞ്ഞ് ഒരു കൊട്ട്. ചക്കകളുടെ തനത് കൈകൊട്ട്. അടുത്ത ലക്ഷ്യം എന്റെ പോക്കറ്റ്.
"ഒന്ന് പോടപ്പനേ... മേലുഴിയല്ലെ ചെക്കാ... നിനക്കൊന്നും വേറെ പണിയില്ലേ?" തുടര്‍ന്നുള്ള സംഭാഷണങ്ങളെല്ലാം ഒരാണിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവന്മാര്‍ വിടുന്ന മട്ടില്ല. അല്‍പം കഴിഞ്ഞ് അവരുടെ നേതാവു അവിടെയെത്തി. പ്രായപൂര്‍ത്തിയായ ശേഷം വൃഷ്ണം ചേദിക്കപ്പെട്ടവനാണവന്‍. പുരുഷലക്ഷണങ്ങള്‍ക്കാണ് മുന്‍തൂക്കം.
"ഇവന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്ക് കൂട്ടുകാരാ", അവന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു. അല്‍പ നേരം അവനെന്നെത്തന്നെ തറപ്പിച്ചു നോക്കി. "ഈശ്വരാ, എന്തിനുള്ള പുറപ്പാടാ? അബദ്ധമായി!", ഞാന്‍ കരുതി. ഒന്നും മിണ്ടാതെ അവന്‍ അവിടം വിട്ടു.
ഇതിനിടയില്‍, ചട്ടിച്ചായക്കാരനെ കാത്ത് എന്റെ പോക്കറ്റില്‍ കിടന്നിരുന്ന ചില്ലറത്തുട്ടുകളും അടിച്ചു മാറ്റി മറ്റവന്മാര്‍ സ്ഥലം വിട്ടിരുന്നു. അവന്മാര്‍ ഇനി വല്ല ഏടാകൂടവുമായി തിരിച്ച് വരുമോ എന്ന് ഞാന്‍ ഭയന്നു.
തീവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. പോയത് പോയി, ശല്യമൊഴിഞ്ഞല്ലോ എന്ന് കരുതി ഞാന്‍ മയക്കത്തിലേക്ക് മടങ്ങി. കാലില്‍ പിടിച്ച് ആരോ കുലുക്കുന്നു. കണ്ണുതുറന്ന എന്റെ മുന്‍പില്‍ കാശടിച്ചു മാറ്റിയവന്‍. "മാഫ് കീജിയേ(ക്ഷമിക്കൂ) ഭയ്യാ", ആ നാണയത്തുട്ടുകള്‍ സീറ്റില്‍ വച്ച് ഒരു മിന്നായം പോലെ അവന്‍ മറഞ്ഞു.