ഞായറാഴ്‌ച, ജൂലൈ 16, 2006

ആം സൂറി

ഗള്‍ഫിലെ ആദ്യ പൊറുതി സദ്ദാം ഹുസൈന്റെ പെങ്ങളെ കുട്ടി സലാമ ഹുസൈന്റെ കൂടെയായിരുന്നു. ഈ ഹുസൈന്‍ സിറിയാക്കാരനാണ്‌, സദ്ദാമിനേക്കാള്‍ തീവ്രതയുള്ള അമേരിക്കാ വിരുദ്ധനും.

ആദ്യരാത്രി(?) ഇരട്ടക്കട്ടിലിന്റെ താഴത്തെ നില എനിക്കായി സമ്മാനിച്ച്‌ അവന്‍ മുകളില്‍ ചേക്കേറി. കിടക്ക ശരിയാക്കുന്നതിനിടയില്‍ തലയിണ, താഴെ കട്ടിലില്‍ ഇരിക്കുകയായിരുന്ന എന്റെ മേല്‍ വീണു.

"ആം സൂറി", അറബിച്ചുവയുള്ള മുറി ഇംഗ്ലീഷില്‍ അവന്‍ മൊഴിഞ്ഞു.

"നോ മനുഷ്യന്‍", പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുകയും തന്റെ കട്ടില്‍ എനിക്കായി ഒഴിഞ്ഞു തരികയും ചെയ്ത അവന്‍ എന്നോട്‌ സോറി പറയുകയോ, ഛെ! ലജ്ജാവഹം!!! "നോ സോറി, യൂ ആര്‍ നൗ മൈ ഫ്രെന്റ്‌".

അവന്റെ നേര്‍ക്ക്‌ നീട്ടിയ കയ്യില്‍ പിടിച്ച്‌ തിളങ്ങുന്ന കണ്ണുകളോടെ അവന്‍ പറഞ്ഞു, "ഐ സെഡ്‌ ഐ ആം സൂറി!", കൂടെയൊരു കുസൃതിച്ചിരിയും.

"ഓഹ്‌ യൂ ആര്‍ സൂറി!!! അമ്പട മിടുക്കാ, നീ ആളു കൊള്ളാല്ലോ! നിന്റെ ആള്‍ക്കാര്‍ ഞങ്ങടെ നാട്ടിലുമുണ്ട്‌. എന്റെ അമ്മ സുറിയാനിയാ, അപ്പന്‍ ലത്തീനും."

"യൂര്‍ മദര്‍ സൂറി?!!!"

അതൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അംഗ്ലിഷ്‌ അറിയാവുന്ന അവനും മറബി അറിയാവുന്ന ഞാനും ഒരു പരസ്പര സഹകരണ സംഘം രൂപീകരിച്ചു. എനിക്കറിയാവുന്ന ഇംഗ്ലിഷ്‌ അവനും അവനറിയാവുന്ന അറബി എനിക്കും പഠിക്കാം. ഓഫീസിലെ മലയാളികള്‍ അവന്റെ മുഖത്തുനോക്കി പറയുന്ന തെറികളുടെ അര്‍ത്ഥവും മറുതെറികളും ഞാനവനു പറഞ്ഞുകൊടുക്കണം, പകരം അവന്റെ കാറില്‍ ഖത്തര്‍ മുഴുവന്‍ ചുറ്റിക്കാണിച്ചു തരും.

പലപ്പോഴും പാതിരായ്ക്ക്‌ കയറിവരുന്ന അവന്‍ എന്നെ വിളിച്ചുണര്‍ത്തും, അറബി പഠിക്കാം എന്നോ കറങ്ങാന്‍ പോകാം എന്നോ പറഞ്ഞ്‌. ചില രാത്രികളില്‍ കോര്‍ണിഷിലെ(കടല്‍ത്തീരം) പൊങ്ങിക്കിടക്കുന്ന ബോട്ട്‌ ജെട്ടിയുടെ അങ്ങേയറ്റത്ത്‌ പോയിരുന്നു ഞാനുമായി അവന്‍ ഹൃദയം പങ്കുവയ്ക്കും. അവന്റെ അമ്മയേക്കുറിച്ചും, അമ്മ മരിച്ചതിനുശേഷം ബാപ്പയും ബന്ധുക്കളും നാടുമായും ബന്ധം നഷ്ടപ്പെട്ടതിനേക്കുറിച്ചും, സിറിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധസേവനം അനുഷ്ഠിച്ചതിനേക്കുറിച്ചും മറ്റും, പുലരുവോളം.

അങ്ങിനെയിരിക്കെ അയല്‍മുറിയില്‍ മുത്തി ചത്ത്‌ കട്ടിലൊഴിഞ്ഞു. അറ്റാച്ച്ഡ്‌ ബാത്ത്രൂമും കേബിള്‍ കണക്ഷനും മനസ്സില്‍ കണ്ട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്നതുകൊണ്ട്‌ മേരാ നമ്പര്‍ ആയാ. ആത്മബന്ധം നൂല്‍ബന്ധം പോലെ പൊട്ടിച്ച്‌ കൂട്‌ മാറി, ഞാന്‍ സ്വാര്‍ത്ഥന്‍. പിറ്റേന്ന്, ഞാനല്ലാതെ മറ്റാരേയും കൂടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ്‌ ഇരട്ടക്കട്ടിലിന്റെ മുകള്‍ തട്ട്‌ അഴിച്ച്‌ വയ്ക്കുന്ന ഹുസൈനെ ഞാന്‍ കണ്ടു.

മണല്‍ക്കാറ്റില്‍ കുന്നുകള്‍ പോലും സ്ഥലം മാറുന്ന മരുഭൂമിയില്‍ എന്റെ താമസസ്ഥലം പിന്നേയും മാറി. ഒപ്പം, ജോലിയും സാഹചര്യവും.

3ാ‍ം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌ ഫുട്ബോള്‍ ഫൈനല്‍(ഗെയിംസ്‌ വിശേഷങ്ങള്‍ മുന്‍പൊരിക്കല്‍ വിളമ്പിയിരുന്നു). 'കൂറ'കളിയില്‍ എനിക്ക്‌ വര്‍ദ്ധിച്ച താല്‍പര്യമൊന്നുമില്ല, മത്സരിക്കുന്നതാകട്ടെ ഇറാക്കും സിറിയയും. എന്നാലും ജേഷ്ടന്റെ മകന്റെ താല്‍പര്യപ്രകാരം ആ കുടുംബത്തോടൊപ്പം കളികാണാനെത്തി. കവാടത്തില്‍ വച്ച്‌ വനിതാ വളണ്ടിയര്‍ ചേടത്തിയോട്‌ ചോദിച്ചു, "ആരെയാ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌? സിറിയ? ഇറാക്ക്‌?"

"ഇറാക്ക്‌", ചേടത്തിയുടെ പൊടുന്നനെയുള്ള മറുപടി കേട്ട്‌ ഞങ്ങള്‍ ഞെട്ടി.

"എന്തുകൊണ്ട്‌ ഇറാക്ക്‌?", അറബിപ്പെണ്ണിന്റെ മുഖത്ത്‌ വിസ്മയം.

"ഇത്‌ സദ്ദാമിന്റെ പെങ്ങള്‍, ഇത്‌ അളിയന്‍." ഞാന്‍ വിശദമാക്കി. എല്ലാവരും ആര്‍ത്ത്‌ ചിരിച്ച്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ ഹുസൈന്‍. സിറിയന്‍ പതാക പുതച്ച്‌ കൂട്ടുകാരുമൊത്താണ്‌ വരവ്‌.

"സിറിയ?" ആര്‍ക്കാണ്‌ സപ്പോര്‍ട്ടെന്ന് അവനും അറിയണം.

"യൂ സൂറി, വീ സൂറി," അവന്റെ തോളില്‍ കയ്യിട്ട്‌ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു.

ഗ്രൗണ്ട്‌ സപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും സിറിയയ്ക്കായിരുന്നു. താളമേളങ്ങളുമായി എല്ലാവരും സിറിയന്‍ ടീമിന്റെ കൂടെ കൂടിയെങ്കിലും കളിയുടെ ഗതി ഇറാക്കിനനുകൂലമായിക്കൊണ്ടിരുന്നു. പയ്യെ പയ്യെ ഗാലറികളില്‍ ചേരിതിരിവ്‌ ദൃശ്യമായിത്തുടങ്ങി. തുടക്കത്തില്‍ മ്ലാനമായിരുന്ന ചേടത്തിയമ്മയുടെ മുഖം തെളിഞ്ഞു തുടങ്ങി.

കാണികളുടെ ആവേശം കളത്തില്‍ പകര്‍ത്താന്‍ സിറിയയ്ക്കായില്ലെങ്കിലും കടുത്ത ചെറുത്തുനില്‍പ്‌ വഴി വച്ചത്‌ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കായിരുന്നു. നിര്‍ണ്ണായകമായ ഷൂട്ടൗട്ടില്‍ ഓരോ ഗോള്‍ പിറക്കുമ്പോഴും ഇരു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു സിറിയക്കാര്‍ ഒഴികെയുള്ള കാണികള്‍. തങ്ങള്‍ക്കെതിരേയുള്ള അവസാന പന്ത്‌ തടഞ്ഞ ഇറാക്ക്‌ ഗോളി തിരികെ വന്ന് സിറിയക്കെതിരേ വിജയഗോള്‍ നേടി താരമായ ആ നിമിഷത്തില്‍ എന്റേയും കണ്ട്രോള്‍ പോയി. ജേഷ്ടപുത്രനോടൊപ്പം തുള്ളിച്ചാടുന്ന എന്നെ ദയനീയമായി നോക്കിയ ഹുസൈനോട്‌ കൈ മലര്‍ത്തി നിസ്സഹായനായി ഞാന്‍ പറഞ്ഞു,"ആം സൂറി!".