ബുധനാഴ്‌ച, ഡിസംബർ 14, 2005

മാനുഷരെല്ലാരും ഒന്നുപോലെ!

മൂന്നാം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌(ദോഹ 2005) കൊടിയിറങ്ങി. സ്വാര്‍ത്ഥനും ഗെയിംസിന്റെ ഭാഗമായിരുന്നു. വിദേശികളായ ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു എനിക്ക്‌. ജോലി ശരിക്കും 'എന്‍ജോയ്‌' ചെയ്ത്‌ ഇപ്പോള്‍ നടുനിവര്‍ത്തുമ്പോള്‍ മനസില്‍ തെളിയുന്നു "ഭാഷയും ദേശവും ഏതായാലും മാനുഷരെല്ലാരും ഒന്നുപോലെ!"

ആദ്യം എത്തിയത്‌ കൊറിയാക്കാര്‍, കൂടെ പരിഭാഷകയും. സംഗതി ഏറെക്കുറെ ലളിതമായിരുന്നു. ഞങ്ങള്‍ ഇംഗ്ലീഷില്‍ മൊഴിയും, പരിഭാഷക അത്‌ മാറ്റി മൊഴിയും, കൊറിയക്കാര്‍ തലയാട്ടും, കാര്യങ്ങള്‍ ക്ലീന്‍. ബ്രിട്ടീഷുകാരി സാറയ്ക്ക്‌ തോന്നി ഇത്‌ എളുപ്പമുള്ള പണിയാണല്ലോ എന്ന്. അവള്‍ എന്നോട്‌ പറഞ്ഞു, "I'll handle this". എന്നെ ബ്രേക്‍ഫാസ്റ്റ്‌ സെക്ഷനിലേക്ക്‌ വിട്ടു.

'ഫുഡ്ഡടി' നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട കൊംപറ്റീഷന്‍ ഇവന്റ്‌ ആയത്‌ കാരണം എനിക്ക്‌ സന്തോഷായി. ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്ത്‌ അഭിപ്രായം പറയണമെന്ന് കേറ്ററിംഗ്‌കാര്‍. കാലത്തേ വെറുംവയറ്റില്‍ ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്യുന്നതെങ്ങനെ? ഞാന്‍ ഫുള്‍ ടാങ്ക്‌ അങ്ങടാ വീശി. രണ്ടാമത്തെ ഏമ്പക്കവും വിട്ട്‌ അവശനായി എഴുന്നേല്ക്കുമ്പോള്‍ സാറ മുന്‍പില്‍. ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റിനേക്കുറിച്ച്‌ അഭിപ്രായം അറിയണം. ഇതെന്ത്‌ ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റ്‌? കുട്ടിയേടത്തി പറഞ്ഞ പോലെ "ചപ്പും ചവറും തള്ളിക്കയറ്റിയ ഒണക്കറൊട്ടി...", മുഴുമിക്കുന്നതിനു മുന്‍പേ മൂന്നാമത്തെ ഏമ്പക്കം. ഞാന്‍ സാറയോട്‌ തുറന്നു പറഞ്ഞു, എനിക്ക്‌ ഈ വക കഴിച്ചൊന്നും പരിചയമില്ല, പിന്നെ ഞാനെങ്ങിനെ അഭിപ്രായം പറയാന്‍!

"Then what you eat in India?"

"mmm....Rice & Curry" (പുട്ടും കടലയുമാണ്‌ ഉദ്ദേശിച്ചത്‌)

"You Indian's eat Curry at all times" (കൂടെ, ആക്കിയ ഒരു ചിരിയും)

രണ്ടാം ദിവസമാണ്‌ ചൈനക്കാര്‍ എത്തിയത്‌. കാര്യങ്ങള്‍ വളരെയേറെ എളുപ്പമായിരുന്നു. ഞാന്‍ വരുമ്പോള്‍ സാറ ചൈനക്കാരെ നോക്കി ചിരിക്കുന്നു, ചൈനക്കാര്‍ തിരിച്ച്‌, സാറ വിണ്ടും, ചൈനക്കാര്‍ വീണ്ടും...അവരുടെ പരിഭാഷകയുടെ ഫ്ലൈറ്റ്‌ വൈകി! ലോകത്ത്‌ ചൈനീസ്‌ അല്ലാതെ മറ്റൊരു ഭാഷയും ഇല്ലെന്ന് പാവം സാറയ്ക്കറിയില്ലല്ലോ! തുടര്‍ന്ന് എന്റെ ഊഴം. A for Accreditation, B for Breakfast...ചൈനക്കാരെ ഞാന്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി. ഫുഡ്ഡിന്റെ കാര്യം മനസ്സിലാക്കാന്‍ ഭാഷ മനുഷ്യനൊരു പ്രശ്നമല്ല. ജാക്കി ചാന്റെ മുഖഭാവങ്ങള്‍ കടമെടുത്ത്‌ അവരുമായി 'വര്‍ത്തമാനം' പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ ബ്രേക്‍ഫാസ്റ്റ്‌ റൂമിലെത്തി.

"Sir, we've included Rice and Curry in the menu, as per the request"

സാറ എന്നെ തറപ്പിച്ച്‌ നോക്കി, ഞാന്‍ ആ നോട്ടം കേറ്ററിംഗ്‌കാരന്‌ പാസ്‌ ചെയ്തു. ഇന്നലെ കൊറിയക്കാര്‍ റിക്വസ്റ്റ്‌ ചെയ്തുവത്രെ ബ്രേക്‍ഫാസ്റ്റിന്‌ ചോറും പയറുകറിയും വേണമെന്ന്! സാറയുടെ മുഖത്തു നോക്കി ഞാന്‍ കൊടുത്തു, ആക്കിയ ഒരു ചിരി.

ഫുഡ്ഡടി കഴിഞ്ഞിറങ്ങിയപ്പോള്‍ ദേണ്ടെടാ സ്വിമ്മിംഗ്‌ പൂളിനരികില്‍ കുന്തുകാലിലിരുന്ന് ബീഡി വലിക്കുന്നു കൊറിയക്കാര്‍, നമ്മുടെ നാട്ടില്‍ കലുങ്കിന്മേല്‍ ഇരിക്കുന്ന അതേ സ്റ്റൈലില്‍! തൊട്ടപ്പുറത്ത്‌ ഒരു യൂറോപ്യന്‍, വിശാലന്റെ യോഹന്നാന്‍ ചേട്ടനെപ്പോലെ ദേഹത്ത്‌ എന്തൊക്കെയോ തേച്ച്‌ പിടിപ്പിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കുന്നു.

നാലു കൂട്ടരെ ഇംഗ്ലീഷുകാരായുള്ളൂ; ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, സൌത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍. ബാക്കിയുള്ളവര്‍ മറ്റ്‌ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. സാറയുടെ 'നേറ്റിവ്‌ ഇംഗ്ലിഷ്‌' അവിടെ ഏശുന്നില്ല, നമ്മള്‍ പുലിയായി. നാലാം ക്ലാസു വരെ പടിച്ച 'വിദ്യാവര്‍ധിനി' ഇംഗ്ലീഷ്‌ മീഡിയം ഉസ്കൂളിലെ ടീച്ചര്‍മാരെ ധ്യാനിച്ച്‌ ഞാന്‍ തകര്‍ത്തു.

പത്തുപന്ത്രണ്ട്‌ ദിവസം കടന്നു പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവരിലൊരു സായിപ്പിനൊരാഗ്രഹം, ഞങ്ങള്‍ക്ക്‌ ഡിന്നര്‍ തരണം. സാറയാണ്‌ വെന്യൂ തെരഞ്ഞെടുത്തത്‌. വേണ്ട്രീ വേണ്ട്രീ ഫൈവ്‌ സ്റ്റാറിലൊന്നും പോണ്ട്രീ എന്ന് ഞാന്‍ ആവുന്നത്‌ പറഞ്ഞു നോക്കി. ഡോണ്ട്‌ വറി, ചോറും കറിയും തീര്‍ച്ചയായും വാങ്ങിത്തരാം(വല്ലവന്റേം കാശല്ലേ) എന്ന് അവളുടെ ഉറപ്പ്‌, ഒപ്പം ആക്കിയ ആ ചിരിയും.

ഡിന്നര്‍ കുശാലായിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഡിന്നറായാലും ഉണ്ട്‌ കഴിഞ്ഞ്‌ കയ്യ്‌ കഴുകാതെയിരുന്നാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ചീത്ത പറഞ്ഞാലോ? കയ്യ്‌ കഴുകിയുണക്കി വരുമ്പോള്‍ ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.

"കിര്‍ര്‍ര്‍............."

ബില്ലിലൂടെ കണ്ണോടിക്കുന്ന മുഖത്തു നോക്കി ആക്കിയ ചിരി ചിരിക്കാന്‍ എനിക്കായില്ല. മനുഷ്യരെല്ലാം ഒരുപോലെയല്ലേ, മാസവരുമാനത്തിനടുത്ത തുക ബില്ലായി കിട്ടിയാല്‍ നമ്മുടെ മാത്രമല്ല, സായിപ്പിന്റെയും കളസം കീറും!

6 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷിനേപ്പോലെ ഞാനും തിരക്കിലായിരുന്നു. അല്‍പ ദിവസത്തെ ഇടവേളയ്ക്ക്‌ ശേഷം ബൂലോഗത്തേക്ക്‌ വന്നപ്പോള്‍ വല്ലാത്തൊരാശ്വാസം. ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്‌ ഇവിടെ ഇത്രയധികം വിശേഷങ്ങളോ!!!

വക്കാരീ: വജ്സ്ഗ്യ്‌

ചില നേരത്ത്.. പറഞ്ഞു...

"മാസവരുമാനത്തിനടുത്ത തുക ബില്ലായി കിട്ടിയാല്‍ നമ്മുടെ മാത്രമല്ല, സായിപ്പിന്റെയും കളസം കീറും!"
വായിച്ച് രസിച്ചു, ഇനി ഏഷ്യന്‍ ഗെയിംസ് കൂടെ വരാനില്ലേ?. അപ്പോള്‍ തകര്‍ക്കുമല്ലോ..

ദേവന്‍ പറഞ്ഞു...

ചാക്കുതുണിയാൽ തുന്നിയ ജീൻസ് കളസം കീറിച്ചതിൽ കോളോണിയൽ പ്ലണ്ഡ്റിനെതിരേയുള്ള ഒരു കറമ്പൻ പ്രതികാരമാണോ ഞാൻ കാണുന്നത്?? നീയല്ലെൻകിൽ നിന്റപ്പൻ ഗംഗാജലം കലക്കി മേരി ഹാഡെ ലിറ്റിൽ ലാംബേ എന്ന സ്വാർത്ഥ്ൻ പുലിയുടെ അട്ടഹാസം? (ണ്ഡ ഞാൻ മനപ്പൂർവ്വമിട്ടത്- അതു വീശിയാൽ ചുവപ്പു കണ്ട കാളയെപ്പോലെ അതുല്യ ഇപ്പോ ഇവിടോടിയെത്തും)

Kalesh Kumar പറഞ്ഞു...

പ്രിയ സ്വാർത്ഥൻ, പത്ത് ദിവസത്തോളം ഞാനും ഇല്ലായിരുന്നു! തിരികെ വന്നപ്പോൾ വല്ലാത്ത പുകിൽ തന്നെ!
പോസ്റ്റ് നന്നാ‍യിട്ടുണ്ട്!
ഏഷ്യൻ ഗെയിംസ് എന്നാ തുടങ്ങുന്നത്?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഇബ്രൂ, കലേഷ്‌,
വായിച്ച്‌ രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
ഏഷ്യന്‍ ഗെയിംസിന്‌(ഡിസംബര്‍ 2006) ഇന്ത്യന്‍ സായിപ്പുമാരെ പ്രതീക്ഷിക്കുന്നുണ്ട്‌. എന്റെ കളസം കീറാതെ നോക്കണം:)

ദേവാാാാാ.....:)
(അതുല്യയെ കണ്ടില്ലല്ലോ?)

വക്കാരീ, ഇന്നത്തെ: ഉശീയ്‌

myexperimentsandme പറഞ്ഞു...

വക്കാരീ എന്നൊരു വിളി കേട്ട് എത്തിനോക്കിയതാ, അപ്പോഴാ ഓർത്തത്, ഇത് വായിച്ചിട്ടൊരഭിപ്രായം പറയാൻ വിട്ടുപോയി എന്ന്. പോസ്റ്റ് വായിച്ചിട്ട് എവിടെ ക്ലിക്കിയാലും കമന്റിൽ മാത്രം പോവുകയും, കമന്റടിക്കാതെ കമന്റിൽനിന്നും പുറത്തേക്കു പോകാൻ പറ്റാതിരിക്കുകയും ചെയ്യുന്ന വല്ല ബ്രൌസറുമുണ്ടോ ആവോ.

നമ്മുടെ കറിയും റൈസും ഇവിടെയും വളരെ പോപ്പുലറാ‍. ഇവരതിനെ കരേ റൈസ് എന്നു വിളിക്കും.

ഖോട്ടോഫ്‌ദഡേ: "മാസവരുമാനത്തിനടുത്ത തുക ബില്ലായി കിട്ടിയാല്‍ നമ്മുടെ മാത്രമല്ല, സായിപ്പിന്റെയും കളസം കീറും!"

എന്റെ വക സമ്മാനം: അമ്പ്വ്ക്പയ്