ചൊവ്വാഴ്ച, ഡിസംബർ 12, 2006

ഗെയിംസ്: ഷക്കീല തരംഗം

പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിനേക്കുറിച്ച് സ്വാര്‍ത്ഥനു വന്ന ഫോണ്‍കോളുകളെല്ലാം സാനിയ മോളേക്കുറിച്ചായിരുന്നു.

“സാനിയ വന്നോ?”
“സാനിയേടെ കളി എന്നാ?”
“സാനിയന്റെ ടിക്കറ്റ് കിട്ട്വോ ചങ്ങായീ?”
“ഇന്നലെ പോയിട്ട് ടിക്കറ്റ് കിട്ടീല്ല, അടുത്തതിനു ബുക്ക് ചെയ്ത് തരുമോ?”
“ഇയാളെന്താടോ സാനിയായെ കാണാന്‍ പോയില്ലേ?”

സുഹൃത്തിനു നിര്‍ബന്ധം സാനിയയുടെ കളി കാണണമെന്ന്. ഭാര്യ നാട്ടീന്ന് വിളിച്ച് പറഞ്ഞിരിക്കുന്നത്രേ, സാനിയ മോളുടെ ഫോട്ടോ എടുത്ത് കൊടുത്തയക്കാന്‍! നാട്ടിലെ പത്രമാസികകളില്‍ വരാത്തതോ സാനിയയുടെ ചിത്രം!

“വേണ്ട മോനേ വേണ്ട, നീ സാനിയയെ ഏത് രീതിയിലാ നോക്കുന്നത് എന്നറിയാനുള്ള ടെക്നിക്കാ!”

“എന്നാലും...”

“കളി കാണാന്‍ പൊയ്ക്കോ, ഗാലറിക്ക് മുകളില്‍ നിന്ന് ഒരു വൈഡ് ഫോട്ടോ എടുത്ത് അയച്ചാല്‍ മതി”

“എന്നാപ്പിന്നെ വേണ്ടല്ലേ?”

നാനൂറോളം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവിടുള്ളോര്‍ക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ ഇതൊക്കെ കാണാനുള്ള ആളുകളോ! സാനിയായുടെ കാര്യത്തിലൊഴികെ, ജോലീം പണീമുള്ള ഒരാളും ആ വഴിക്കില്ല. സ്കൂളായ സ്കൂളൊക്കെ തേടിപ്പിടിച്ച് കുട്ടികളെ കളിക്കളത്തില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യപ്പെട്ടവര്‍ പെടാപ്പാട് പെടുന്നു. പല മത്സരങ്ങള്‍ക്കും ടിക്കറ്റ് വെറുതേ കിട്ടിയ സ്വാര്‍ത്ഥനടക്കമുള്ള വളണ്ടിയര്‍മാരാകട്ടെ ഈ മഴയത്ത് വല്ലോണം വീട്ടീച്ചെന്ന് സുഖമായി കിടന്നുറങ്ങാന്‍ കൊതിക്കുന്നു. മഴയത്ത് ചുരുണ്ടുകിടന്നുറങ്ങുന്നതിലും വല്യ കായികാസ്വാദനം ജീവിതത്തില്‍ ഉണ്ടോ!

അങ്ങിനെയൊരാസ്വാദനത്തിനിടയ്ക്ക് വീണ്ടും ഫോണ്‍ കോള്‍, സാനിയാ മോളേക്കുറിച്ച്. ഇത്തവണ ശരിക്കങ്ങ് പ്രാന്തായി കേട്ടോ! ബിസിനസ് കടപ്പാടുകളുടെ ഭാഗമായി 6000 രൂപയുടെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് ഓഫര്‍ ചെയ്തപ്പോള്‍ “എന്ത് ഗെയിംസെടേ? ആര്‍ക്കാ ഇതിനു നേരം?” എന്ന് ചോദിച്ചവരുടെ ശിങ്കിടിയാ ഇപ്പൊ സാറന്മാര്‍ക്കു വേണ്ടി 10 റിയാലിന്റെ സാനിയായുടെ ടിക്കറ്റ് ഉണ്ടോ എന്ന് ഫോണില്‍! ബിസിനസിനെ ബാധിക്കരുതല്ലോ, പരമാവധി സംയമനം പാലിച്ചു സ്വാര്‍ത്ഥന്‍.

“എടോ, കാര്യങ്ങള്‍ ഇപ്പൊ പഴയപോലെ അല്ല. സാനിയ അവളുടെ പാവാടയുടെ ഇറക്കം കൂട്ടി. തണുപ്പായതു കാരണം അരയ്ക്കൊപ്പമുള്ള സോക്സ് ഇട്ടാ കളി. അതു മാത്രമല്ല, താഴെ കോര്‍ട്ടിനു ചുറ്റുമുള്ള സീറ്റെല്ലാം വീഐപ്പികള്‍ക്കുവേണ്ടി നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഇനി ആകെ കിട്ടുക മുകളിലെ ഗാലറിയിലെ ടിക്കറ്റ് മാത്രമാ!”

“എന്നാപ്പിന്നെ വേണ്ടല്ലേ?”

ചൊവ്വാഴ്ച, ഡിസംബർ 05, 2006

ഗെയിംസ് - ഭാഷാന്തരം

ചുവന്ന പൊട്ടുള്ള ടാപ് തിരിച്ചാല്‍ ചൂടുവെള്ളം വരും, നീല പൊട്ടുകുത്തിയതില്‍ നിന്നും പച്ചവെള്ളവും. രണ്ടും ഒരുമിച്ചു തുറന്നാല്‍ രണ്ടും ഒരുമിച്ചു വരണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ആദ്യം തിളയ്ക്കുന്ന ചൂട് വെള്ളവും പിന്നീട് മരവിപ്പിക്കുന്ന പച്ചവെള്ളവും വരും. അതു കഴിഞ്ഞ് ചൂടൂവെള്ളം, പിന്നെ വീണ്ടും തണുത്ത വെള്ളം. ‘ഒന്നിനു പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു’ പോരേണ്ട അവസ്ഥ. പ്രശ്നം ഗൌരവമുള്ളത്, പരിഹാര്യവും. പക്ഷേ സങ്കീര്‍ണ്ണവും ആസ്വാദ്യവും ആകുന്നത്, ഇത് അനുഭവിക്കുന്നയാള്‍ വക്കാരിനാട്ടുകാരനും കേള്‍ക്കുന്നയാള്‍ സ്വാര്‍ത്ഥനുമാകുമ്പോള്‍!

വളണ്ടിയര്‍ എന്നാല്‍ ഓള്‍‌റൌണ്ടര്‍ എന്നതാണ് ഞങ്ങളുടെ തട്ടകത്തിലെ അവസ്ഥ. ഇതു പോരാ‍ഞ്ഞ്, റിസപ്ഷനില്‍ ‍കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചിലതും ഞങ്ങളെ തേടിവരും. അങ്ങിനെ എത്തിയതാണ് ഈ ജപ്പാന്‍‌കാരന്‍. മൂന്ന് റൌണ്ട് പ്രകടനത്തിനു ശേഷമാണ് എന്റെ അടുത്തേക്ക് അയാള്‍ എത്തിപ്പെട്ടത്. പരിഭാഷകനോടൊപ്പമേ ഇതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് ഉടമയായത് കാരണമാകാം, നേരിട്ട് മുട്ടിക്കളയാം എന്നങ്ങേര്‍ തീരുമാനിച്ചത്.

വക്കാരിസാന്‍ തുണൈ; കൈകൊണ്ട് ആംഗ്യം കാണിച്ച്, “എന്താ ചേട്ടാ കാര്യം?” എന്ന് തനി മലയാളത്തില്‍ ചോദിച്ചു. നാലാം റൌണ്ടിന് ആരംഭമായി, ചുള്ളന്‍ രണ്ട് കൈകൊണ്ടും തിരിച്ച് കാണിച്ചു.
“ഓ, ടാപ്, ടാപ് ”
“ഹാ, വെള്ളം, വെള്ളം”
ഇതുവരെ ‘വക്കാരിമഷ്ടാ’, ഇനി... നമ്മുടെ സുഹൃത്ത് ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു. വീണ്ടും ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു.
“വോക്കെ”
വീണ്ടും ടാപ്പ് തുറന്ന്, ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച കൈ പെട്ടെന്ന് വലിച്ചു.
“ഓ, പൊള്ളിയല്ലേ!”
മ്യാന്മാറുകാരി റിസപ്ഷനിസ്റ്റ് യാ മിന്‍ കീചകവധം കഥകളി, വിദേശ ടൂറിസ്റ്റിനൊപ്പം കാണുന്ന മലയാളിയേപ്പോലെ അന്തവും കുന്തവുമില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന മട്ടില്‍ നില്‍ക്കുന്നു.

നായകന്‍ വീണ്ടും ടാപ്പ് തുറന്നു, കൈ വലിച്ചു, വിറയ്ക്കുന്നതായി കാണിച്ചു.
“ഊം, പോരട്ടെ ഇങ്ങ്ട് ”
രണ്ട് എന്ന് ആംഗ്യം കാട്ടി കൈവിരലുകള്‍ കോര്‍ത്ത് ക്ലൈമാക്സിലേക്ക് കടന്നു. രണ്ടിനു പോകാന്‍ നേരം വെള്ളം കിട്ടുന്നില്ല എന്നാണോ! ഛെ ഛെ, അതല്ല, ജാപ്പാനി രംഗം വീണ്ടും അവതരിപ്പിച്ചു.
“വക്കാരിമഷ്ടാ! ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് വരുന്നില്ല അല്ലേ?”

‘വക്കാരിമഷ്ടാ’ എന്ന് കേട്ടപ്പോള്‍ തന്നെ അങ്ങേരുടെ മുഖത്ത് പ്രകാശം മിന്നി മറിഞ്ഞു. യാ മിന്‍‌നോട് ഞാന്‍ കാര്യം പറഞ്ഞു, വേണ്ടത് ചെയ്യാനുള്ള നിര്‍ദേശവും കൊടുത്തു.
“യൂ നോ ജാപ്പനീസ്!!”
“ഒന്ന് പോടി പെണ്ണേ, വേണമെങ്കില്‍ നിന്റെ നാട്ടിലെ ഭാഷയും ഞന്‍ പറയും”(മ്യാന്മറില്‍ ബൂലോഗര്‍ ആരെങ്കിലും ഉണ്ടോ?)

അടുത്ത ഊഴം ചീനക്കാരിയുടേത്. അവര്‍ക്ക് ഇംഗ്ലിഷ് അറിയാം - water, drink, night, hot, cold, ഇത്രയും! മഴ പെയ്തതോടെ തണുപ്പ് കൂടി. മുപ്പത്തഞ്ചാം നിലയില്‍ രാത്രി കുടിക്കാന്‍ ചൂടുവെള്ളം വേണമത്രേ. അതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ റിസപ്ഷനില്‍ നിന്നും എന്റെ അടുത്തേക്ക് പാസ്.
“hot water – room – night?”
“no hot water – room :) ”
“night – cold :( ”
“bathroom – hot water?”
“yes, drink?”
അയ്യോ ചതിക്കല്ലേ, “no, no, no drink - - - drink bottle water”, ഞാന്‍ വേഗം അരസഞ്ചിയില്‍ നിന്ന് കുപ്പിവെള്ളം എടുത്ത് കാണിച്ചു. ടാപ്പ് വെള്ളം കുടിച്ച് വല്ല അസുഖവും വന്നുപെട്ടാല്‍... ആരു പറഞ്ഞിട്ടാ ടാപ്പ് വെള്ളം കുടിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍... എന്‍ കടവുളേ...!
“this bottle cold - - - night – hot water”, അവര്‍ കേഴുന്നു.
അടങ്ങ് പെങ്ങളേ, “bathroom – bucket – hot water?”
“yes”
“put bottle > > hot water - - - cold water > > hot water, magic!!!”

കുപ്പിവെള്ളം എങ്ങിനെ ചൂടാക്കിയെടുക്കാം എന്ന വിഷയത്തില്‍ ആംഗ്യഭാഷയില്‍ അധിഷ്ടിതമായ ആ പരിശീലന പരിപാടി ഭംഗിയായി അവസാനിച്ചു. പ്രതിഫലമായി ഇറുകിയ കണ്ണുകള്‍ക്കും ചതഞ്ഞ മൂക്കിനും താഴെ വിരിഞ്ഞ ആ മന്ദഹാസം ചേതോഹരമായിരുന്നു.

അറബി വനിത – ഇംഗ്ലിഷ് അസിസ്റ്റന്റ് - ഹിന്ദി ഡ്രൈവര്‍ - ഇത്തരം കോമ്പിനേഷന്‍ പലപ്പോഴും ഗതികിട്ടാത്ത ആത്മാക്കളായി ചുറ്റിത്തിരിയാറുണ്ട്. ഇവര്‍ക്കിടയിലാണ് കുട്ടരേ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ വില! ഭാ‍രത് മാതാ കീ....

ഇപ്പറഞ്ഞവരെല്ലാം വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോരാണെന്ന് ധരിക്കരുതേ. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വിധഗ്ദരാണിവര്‍‍.

മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?
ഒരു അഡാപ്റ്റര്‍(മള്‍ട്ടി പ്ലഗ്) എടുത്ത് അയാള്‍ക്ക് നേരെ നീട്ടുക!

തിങ്കളാഴ്‌ച, നവംബർ 27, 2006

ഗെയിംസ് : ഉദ്ഘാടന ജഗപൊഗ

‘ഡ്രെസ് റിഹേഴ്സലി’നു ക്ഷണം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഉയര്‍ന്നുവന്നത് “അപ്പൊ ഇതുവരെ തുണിയില്ലാതെയായിരുന്നോ റിഹേഴ്സല്‍?” എന്ന വരിയിലെ അവസാനത്തെ ചിഹ്നമാണ്. ചോദിച്ചപ്പൊ പറയുന്നു ഇത് ‘ഫൈനല്‍ റിഹേഴ്സല്‍’ ആണെന്ന് ! ‍ബൂലോഗര്‍ക്കായി ഒരു ‘ഒളിഞ്ഞു നോട്ടം’ തരപ്പെടുത്താമെന്നു നിരൂപിച്ച് ഡീവീകാമും സംഘടിപ്പിച്ച് പോകനൊരുങ്ങിയപ്പോഴാണ് അറിയുന്നത്, ക്യാമറ പോയിട്ട് മൊബൈല്‍ ഫോണ്‍ വരെ ‘മംനു’. കാണാന്‍ പോകുന്ന പൂരം എങ്ങിനെ വേണേലും ആകട്ടെ, ഞാന്‍ കണ്ട ‘ഉടുപ്പിട്ട റിഹേഴ്സലി’ന്റെ ‘ഉയരവെളിച്ചം’ ദാ ഇവിടെ...

മഴമേഘങ്ങളെ കീറിമുറിച്ച് വലം വയ്ക്കുന്ന യന്ത്രപ്പക്ഷികളുടെ ആശീര്‍വാദത്തോടെ ഖലീഫാ സ്റ്റേഡിയത്തില്‍ കന്തൂറയും തഖിയയും ധരിച്ച 2500(50 X 50) വെള്ളരിപ്രാവുകള്‍, കത്തിച്ച കൈത്തിരികളാല്‍ ‘അസ്സലാം അലൈക്കും’ എന്നെഴുതി ഞങ്ങള്‍ക്ക് സ്വാഗതമോതി.

ഛായ്... ഈ എയ്ത്ത് ഞമ്മക്ക് പിടിക്കൂല മോനെ...

അന്നാ ഇക്കാ, ഇങ്ങള് കേട്ടോളീ... രണ്ട് എലിക്കോപ്റ്ററ് ഇണ്ടേയ്‌നു സ്റ്റേഡിയത്തിന്റെ മോള്‌ക്കൂടെ ചുറ്റിക്കളിക്ക്ന്ന്. താഴെ തോനെ കുണ്ടമ്മാര് പൂത്തിരി കത്തിച്ചിങ്ങയ്ട്ട് ‘അസ്സലാമു അലൈക്കും’ന്ന് എയ്തിക്കാ‍ട്ടി.

ഡാ ഗഡീ, നീ മര്യാദയ്ക്ക് പറയ്‌ണ്ണ്ട്രാ....

ഓ ശരി...

പിന്നെ അവര്‍ കഥ പറഞ്ഞു തുടങ്ങി. പണ്ട് പണ്ടൊരിടത്ത് ഒരു ബാലന്‍(മ്മ്ടെ ബാലന്‍ അല്ല) ഉണ്ടായിരുന്നു. അവന് ഒരു കുന്ത്രാണ്ടം കിട്ടി, ആസ്ട്രലോബ് (ഇതിന്റെ മലയാളം അറിയാവുന്നവര്‍ ഉണ്ടോ?). ചെക്കന്‍ വലുതായപ്പോള്‍ വഞ്ചിയില്‍ പായ കെട്ടി കൂട്ടുകാരേയും കൂട്ടി മുത്തുവാരാന്‍ പുറപ്പെട്ടു. അമ്മേം പെങ്ങമ്മാരും അവനെ യാത്ര അയയ്ക്കുന്നു. കുന്ത്രാണ്ടത്തിന്റെ സഹായത്തോടെ യാത്ര തുടരുന്ന അവര്‍ മുത്ത് കണ്ടെത്തുന്നു. പിന്നങ്ങോട്ട് അവന്റെ കൂട്ടുകാര്‍ മുത്തെടുക്കാന്‍ നടത്തുന്ന പങ്കപ്പാടാ. അത് കാണേണ്ട കാഴ്ചയാ കൂടപ്പിറപ്പുകളേ!

മുത്ത് വാരി മുകള്‍പ്പര‍പ്പിലേക്ക് നീന്തുന്നു അവര്‍. പൊടുന്നനെ കൊടുങ്കാറ്റ് വീശിയടിക്കുന്നു! കടല്‍ പ്രക്ഷുബ്ധമായി, പായ്‌വഞ്ചികളില്‍ കയറാന്‍ കഴിയാതെ അവര്‍ ആഴത്തിലേക്ക് വീഴുന്നു. അവിടെയതാ ഒരുകൂട്ടം ‘കോക്കാച്ചികള്‍’. അവറ്റകള്‍ കൂട്ടം കൂട്ടമായി വന്ന് അവന്റെ കൂട്ടുകാരെ ഒന്നൊഴിയാതെ തിന്നൊടുക്കി!

കാറ്റും കോളും അടങ്ങിയ കടലില്‍ ഏകനായി ദുഃഖാര്‍ത്തനായി നമ്മുടെ നായകന്‍. ഇനി എന്ത് എന്ന ചിന്തയോടെ കഴിയുന്ന അവന്റെ മുന്നിലതാ എന്നത്തേക്കാളും വലിയ അപകടമായി ‘കടല്‍ക്കിഴവന്‍’ പ്രത്യക്ഷപ്പെടുന്നു. തീ തുപ്പുന്ന കുന്തത്താല്‍ തന്നെ ആക്രമിക്കാന്‍ വരുന്ന ആ ഭീകര സത്വത്തെ നേരിടാന്‍ അവന്‍ വൃഥാ ശ്രമിക്കുന്നു. ഉദ്വേഗജനകമായ നിമിഷങ്ങള്‍... അവസാനം അവന്റെ രക്ഷയ്ക്കായി ‘സ്വര്‍ണ്ണപ്പരുന്ത് ’ വരുന്നു. കടല്‍ക്കിഴവനെ കീഴ്പ്പെടുത്തുന്ന പരുന്ത് നായകനെ കാലില്‍ കൊളുത്തി പറന്നുയരുന്നു.

തികച്ചും അപരിചിതമായ ഒരു ഭൂവിഭാഗത്താണ് സ്വര്‍ണ്ണപ്പരുന്ത് നായകനെ കൊണ്ടുചെന്നിറക്കുന്നത്, ഏഷ്യാ വന്‍കരയില്‍!

‘പട്ട് പാത’യില്‍ തുടങ്ങി ഏഷ്യയിലെ വിവിധ സംസ്കാരങ്ങളുടെ പ്രതിച്ഛേദം അവന്റെ മുന്നില്‍ മിന്നിത്തെളിയുകയാണ്. ഏഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത അതിന്റെ എല്ലാ വര്‍ണ്ണശബളിമയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. ആകെ വണ്ടറടിച്ചു പോയ അവന്റെ കാതില്‍ സ്വദേശത്ത് മകനേ കാത്ത് വിലപിക്കുന്ന അവന്റെ അമ്മയുടെ രോദനം മാറ്റൊലി കൊള്ളുന്നു. അവന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. പുതിയ കൂട്ടുകാര്‍ അവനെ ഒരുക്കുന്നു, പട്ടും സുഗന്ധദ്രവ്യങ്ങളും എന്നുവേണ്ട ഏഷ്യയുടെ സമ്പത്ത് മുഴുവന്‍ നല്‍കിയാണ് അവര്‍ അവനെ യാത്രയാക്കുന്നത്.

കടപ്പൊറത്ത് കാത്ത് നിക്കണ ഓന്റെ ഉമ്മാന്റേം പെങ്ങമ്മാരുടേം അടുത്തേക്ക് ഓന്‍ എത്തുന്നു. പിന്നങ്ങട് കല്യാണത്തിന്റെ സെറ്റപ്പണ്ടോ! പാട്ടും നൃത്തവുമായി അസ്സല് അറബിക്കല്യാണം. പുതിയ കൂട്ടുകാരെ ആദരിക്കാന്‍ കുതിരപ്പടയേത്തന്നെ ഇറക്കുന്നു ഞമ്മളെ പുയ്യാപ്ല. അടിച്ചുപൊളി നിക്കാഹ് അങ്ങനെ കയ്ഞ്ഞ്.

കൊച്ചനങ്ങിനെ കൊച്ചിന്റച്ചനായി! കുഞ്ഞിച്ചെക്കന്റെ മുന്നില്‍ പുതുയുഗത്തിന്റെ കുന്ത്രാണ്ടങ്ങളുടെ പ്രളയം. ശാസ്ത്രലോകത്തെ മുസ്ലിം കണ്ടുപിടുത്തങ്ങളില്‍ തുടങ്ങി വ്യവസായിക വിപ്ലവത്തിലൂടെ സഞ്ചരിച്ച് ഡിജിറ്റല്‍ യുഗത്തില്‍ എത്തി തലയെടുപ്പോടെ നില്‍ക്കുന്നു ചെക്കന്‍, അഥവാ ഖത്തര്‍. അതിന് കാരണമായതോ, പടച്ചവന്റെ ദാനമായ പ്രകൃതിവാതകത്തിന്റെ നിക്ഷേപവും.

പിന്നങ്ങോട്ട് ജഗപൊകയാണ് ചങ്ങായ്മാരേ, നമുക്കത് ഒന്നാം തീയതി ടീവിയില്‍ കാണാം. എന്നെ ഏറ്റവും ആകര്‍ഷിച്ചത് കലാവിരുന്നില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്ന സംഗീതമാണ്. അറേബ്യന്‍ താളത്തോട് ഇഴുകിചേരുന്ന വിധത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന ഏഷ്യന്‍ സംഗീത ശാഖകള്‍! ജാക്കീ ചാനോടൊപ്പം വിശിഷ്ടാതിഥിയായി എത്തുന്നത് നമ്മുടെ പ്രിയപെട്ട പാട്ടുകാരി സുനീധീ ചൌഹാന്‍(മേരി ആവാസ് സുനോ ഫെയിം) ആണ്.

ഈ പരിപാടി കാണാന്‍ സാധിക്കാത്തവരുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും നഷ്ടപ്പെട്ടു എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാലും കാണണം, ഡിസംബര്‍ ഒന്നിന് ‍ഇന്ത്യന്‍ സമയം വൈകീട്ട് 8.30ന് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും ടീവിക്കു മുന്നില്‍. 6000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് ഈ പരിപാടി കാണാന്‍ എനിക്കെന്താ തലയ്ക്ക് ഓളമോ!

വ്യാഴാഴ്‌ച, നവംബർ 23, 2006

ഗെയിംസ്‌ വിശേഷങ്ങള്‍

‍ഏഷ്യന്‍ ഗെയിംസ്‌ അങ്ങിനെ പടിവാതില്‍ക്കല്‍ എത്തി. ഗെയിംസ്‌ വിശേഷങ്ങളുടെ ലൈവ്‌ അപ്ഡേറ്റിനായി 'ഇളംതെന്നല്‍', ഡാഫോഡില്‍സ്‌ സംഘത്തിലേക്ക്‌ ഒരു അപേക്ഷ വച്ചിരുന്നു. ഞാനും ഒരു ഏഷ്യന്‍ ഗെയിംസ്‌ 'വളണ്ടി' ആണല്ലോ എന്ന് അപ്പഴാണ്‌ ഓര്‍ത്തത്‌!

മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയാണ്‌ എനിക്ക്‌. അതുകൊണ്ടു തന്നെ ആദ്യം ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം, "അവര്‍ പലതും പറഞ്ഞ്‌ അടുത്ത്‌ കൂടും. ഒരു നിശ്ചിത അകലത്തില്‍ അവരെ നിറുത്തുക. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌!" എന്നതാണ്‌. ഇത്രയ്ക്ക്‌ അപകടകാരികളാണോ നന്ദൂ(കാവാലം), ഈ മാധ്യമ പ്രവര്‍ത്തകര്‍? :) :) :)

വിശേഷങ്ങളിലേക്ക്‌:

കഴിഞ്ഞ എട്ടാം തീയതി ഗെയിംസ്‌ വില്ലേജില്‍ വളണ്ടിയര്‍മാരുടെ ഒത്തുചേരല്‍ ഉണ്ടായിരുന്നു. (നീലുവും[ഖത്തറിലെ മറ്റൊരു ഡഫോഡില്‍സ്‌ വളണ്ടിയര്‍] അതില്‍ പങ്കെടുത്തുകാണുമെന്ന് വിശ്വസിക്കുന്നു.) കായികതാരങ്ങള്‍ക്ക്‌ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എല്ലാം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരം! അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഫുഡ്ഡടി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അറേബ്യന്‍, സൗത്ത്‌ ഏഷ്യന്‍, ഈസ്റ്റ്‌ ഏഷ്യന്‍, കോണ്ടിനെന്റല്‍ എന്നു തുടങ്ങി വൈവിധ്യങ്ങളുടെ നീണ്ട നിര! റൂമില്‍ വന്ന് വിശേഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍ സഹമുറിയന്മാര്‍ വാണിംഗ്‌ തന്നു, 'മേലാല്‍ കണ്ണീക്കണ്ടോടത്ത്‌ പോയി തീറ്റ കഴിഞ്ഞ്‌ വന്ന് ആ വിശേഷം ഇവിടെ വിളമ്പരുത്‌' എന്ന്. ആ ഒരു പ്രതിഷേധം സൃഷ്ടിച്ച വൈക്ലഭ്യത്തിലാണ്‌ ഈ പോസ്റ്റ്‌ വൈകിയത്‌.

അപ്പൊ പറഞ്ഞു വന്നത്‌ ഫുഡ്ഡടിയേക്കുറിച്ചാണ്‌ (അതല്ലാതെ വേറെ എന്ത്‌ പറയാന്‍!). 4000 പേര്‍ക്ക്‌ ഒരുമിച്ചിരുന്ന് പെരുമാറാവുന്ന ഊട്ടുപുര! 'ഉപ്പുമാവു' മുതല്‍ 'പെന്നെ കാര്‍ബൊണാറ' വരെ, 'പാവ്‌ ബാജി' മുതല്‍ 'അബകാഡൂ മാഹ്തഹീനാ' വരെ ഇവിടെ ലഭ്യം. കളിക്കാര്‍ക്ക്‌ വായിച്ചു നോക്കി തിന്നാന്‍ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും പേരും വീട്ടുപേരും ചെല്ലപ്പേരും കൂടാതെ കലോറി, പാണ്ടിലോറി, വൈറ്റമിന്‍, ബ്ലാക്കമിന്‍ എന്നു തുടങ്ങി വിലവിവരപ്പട്ടികപോലെ നീണ്ട ലിസ്റ്റ്‌ എല്ലാ തട്ടുകടയ്ക്കു മുന്നിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതു വായിച്ച്‌ 'ബ്ലിങ്കസ്യ' എന്ന അവസ്ഥയിലെത്തുന്ന പാവം അത്‌ലീറ്റുകളെ സഹായിക്കാന്‍ പോഷകാഹാര വിദഗ്ധരുടെ സേവനം സദാ ലഭ്യം. ആര്‍ക്ക്‌ വേണം അവരുടെ സേവനം! ഞാനങ്ങനെ താലവുമെടുത്ത്‌ തലങ്ങും വിലങ്ങും നടന്നു. തിരക്കില്ലാത്തിടത്ത്‌ പോയി വിളമ്പുകാരോട്‌ കുശലം പറഞ്ഞ്‌ എല്ലാം ഇത്തിരീശെ ഇത്തിരീശെ എടുത്തുകൊണ്ട്‌ വന്ന് ആക്രമണം തുടങ്ങി. അനുവദിച്ചിരുന്ന സമയം ഒരു മണിക്കൂര്‍, എല്ലാ തട്ടുകടയിലും കയറി ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ബാക്കി വൈകീട്ടും നാളെ രാവിലെയും ആകാം എന്ന് ആശ്വസിച്ച്‌ ഞാന്‍ പ്രയാണം തുടര്‍ന്നു.

ഓ പ്രയാണം! അതു പറഞ്ഞില്ല അല്ലെ! രാവിലെ മുതല്‍ തുടങ്ങിയതാ, കായിക ഗ്രാമം ചുറ്റിക്കാണുവാന്‍. എല്ലാവരേയും ടീമായി തിരിച്ചിരിക്കുന്നു. ഞാന്‍ ഇന്തോനേഷ്യന്‍ ടീം അംഗം! ഉച്ച ഭക്ഷണം കഴിഞ്ഞ്‌ പുല്‍ത്തകിടിയില്‍ വിശ്രമിക്കാനായി പോകുമ്പോള്‍ എതിരെ വരുന്നു 'ഇന്ത്യന്‍' ടീം. ടീമിനെ നയിക്കുന്നത്‌ ഒരു ആസ്ത്രേലിയക്കാരി. ത്രിവര്‍ണ്ണ പതാക ഏന്തിയിരിക്കുന്നത്‌ അറബ്‌ വംശജന്‍! നൂറുകണക്കിനു അംഗങ്ങള്‍ ഉള്ള ടീമില്‍ ഭൂരിഭാഗവും ഫിലിപ്പീനാകള്‍, ഇന്ത്യക്കാരായി വിരലിലെണ്ണാവുന്ന 'മല്ലു'കള്‍!

എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എന്താ കാര്യം, ഒരു ചായ വേണമെങ്കില്‍ സ്വയം ഉണ്ടാക്കി കുടിക്കണം! ഞാന്‍ മെനക്കെടാനൊന്നും നിന്നില്ല, ചില്ലു ജാറയില്‍ 'കോള്‍ഡ്‌ കോഫി' കിടന്നു തിളയ്ക്കുന്നു. എന്നാല്‍ അതാകട്ടെ എന്നു കരുതി, വെറുതേ ടാപ്‌ തിരിച്ചാല്‍ മതിയല്ലോ! സധനം പക്ഷേ അടിപൊളി ആയിരുന്നു.

ഉച്ചഭക്ഷണസമയത്ത്‌ ചിലര്‍ ഓരോ കിലോ വരുന്ന മുന്തിരിക്കുലകള്‍ ചുമന്നുകൊണ്ടു വന്ന് കാല്‍ ഭാഗം പോലും തിന്നാന്‍ സാധിക്കാതെ കളയുന്നുണ്ടായിരുന്നു. പാവങ്ങള്‍, ആക്രാന്തം കൊണ്ടാകും എന്നു ഞാന്‍ ആശ്വസിച്ചു. ഇപ്പറഞ്ഞവരില്‍ ചില 'മല്ലു'കളും ഉണ്ടായിരുന്നു ട്ടോ. അത്താഴ സമയത്ത്‌ മനസ്സിലായി, 'മല്ലു'കള്‍ ഒന്നുമല്ലെന്ന്. ചില അറബികള്‍ ക്രിക്കറ്റ്‌ ബാറ്റ്‌ പോലുള്ള(ഇത്തിരി കുറയ്ക്കാം) സാന്റ്‌വിച്ചുകള്‍ അഞ്ചുപത്തെണ്ണം ഒരുമിച്ച്‌ ചുമന്നുകൊണ്ടു വന്ന് അവിടെയും ഇവിടെയും കടിച്ചു നോക്കി മേശമേല്‍ കുന്നുകൂട്ടി ഇടുന്നുണ്ടായിരുന്നു. കൂടെ, അബദ്ധത്തില്‍ എടുത്തുപോയ വെജിറ്റബിള്‍ ജ്യൂസുകളും!

'മൗലികവാദി'യുടെ കൂട്ടുകാരന്‍ ആരിഫ്‌ സലാമിനെ പരിചയപ്പെടുകയായിരുന്നു ഉറങ്ങുന്നതിനു മുന്‍പുള്ള ഏക ദൗത്യം. ബ്ലോഗ്‌, പിന്മൊഴി, വരമൊഴി, ഇളമൊഴി എന്നൊന്നും പറഞ്ഞ്‌ ആ പാവത്തിനെ വധിക്കാന്‍ നിന്നില്ല. 'സ്കൈ സോണില്‍' രണ്ടാം നമ്പര്‍ കെട്ടിടത്തിലെ 5Bയില്‍ സുഖശയനം.

വെളുപ്പിനു തന്നെ എഴുന്നേറ്റ്‌ കുളിച്ച്‌ കുട്ടപ്പനായി വീണ്ടും നമ്മുടെ പ്രിയപ്പെട്ട ഊട്ടുപുരയിലേക്ക്‌.

"ഉപ്പുമാവുണ്ടോടെ?"

"ഉണ്ട്‌ സര്‍."

"എന്നാലൊരു അര സ്പൂണ്‍..." ഇനിയും ഒരുപാടുണ്ട്‌ രുചിച്ചു നോക്കുവാന്‍. തലേന്നത്തേക്കാളും വേഗത്തില്‍, ഒരു മണിക്കൂറിനുള്ളില്‍, പരമാവധി തട്ടുകടകള്‍ കയറി ഇറങ്ങി സ്ഥലം കാലിയാക്കി.

ഇതി വാര്‍ത്താഃ

വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2006

റമദാന്‍ കരീം

കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു സ്വാര്‍ത്ഥന്‍ ദോഹ ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നത്. തിരക്ക് കുറഞ്ഞ സമയത്തെ പഠിത്തമായിരുന്നത് കാരണം ഉസ്കൂള് വണ്ടി വരവിനു മാത്രമേ തരപ്പെടാറുണ്ടായിരുന്നുള്ളൂ. തിരിച്ചുപോക്കിനു ‘മശ്കൂര്‍ വണ്ടി’ തന്നെ ശരണം. ഹൈവേയില്‍ ചീറിപ്പായുന്ന വണ്ടികള്‍ക്ക് വെറുതേ കൈ കാണിക്കുക, ആരെങ്കിലും ദയ തോന്നി നിറുത്തി കയറ്റിക്കൊണ്ട് പോകും. ഇറങ്ങുമ്പോള്‍ അവരുടെ മുഖത്തു നോക്കി പല്ലിളിച്ച് ‘മശ്കൂര്‍’(നന്ദി) എന്ന് പറഞ്ഞാല്‍ മതി. ഇതാണ് മശ്കൂര്‍ വണ്ടി.

കാറ്റുള്ള ദിവസങ്ങളില്‍ പാതയോരത്ത് കാത്തു നില്‍ക്കുക വളരെ ദുഷ്കരമാണ്, കണ്ണ് തുറക്കാന്‍ കൂടി സാധിക്കാത്ത തരം പൊടിക്കാറ്റായിരിക്കും വീശുക. കയറി നില്‍ക്കാന്‍ ഒരിടം പോലും ഉണ്ടാവില്ല. ഇടതുകരം കൊണ്ട് കണ്ണു പൊത്തി വലതുകരം നീട്ടിപ്പിടിച്ച് ഒരേ നില്‍പ്പ്. കരുണാമയര്‍ വണ്ടി നിറുത്തി കയറ്റിക്കൊണ്ട് പോകും, ഇല്ലെങ്കില്‍ നിന്ന് പൊടിപിടിക്കാനാകും വിധി.

പൊതുവേ ലാന്‍ഡ് ക്രൂയിസര്‍, റെയ്ഞ്ച് റോവര്‍, ലെക്സസ്, ഹമ്മര്‍ മുതലായവയ്ക്കൊന്നും കൈ കാണിക്കാരില്ല; നമ്മളെയൊന്നും കയറ്റാനുള്ള യോഗ്യത അവര്‍ക്കായിട്ടില്ല! എങ്കിലും കാറ്റുള്ള ഒരു ദിവസം മുന്നില്‍ വന്ന് നിന്നത് ലെക്സസില്‍, പ്രായം ചെന്ന ഒരറബി; ബെഹറിനില്‍ നിന്നും കുടിയേറിയ വ്യക്തി. ഖത്തറില്‍ നിന്നും ബഹറിനിലേക്ക് പണിയുവാന്‍ പോകുന്ന പാലത്തേക്കുറിച്ചും അതു വന്നാല്‍ തങ്ങള്‍ക്കുണ്ടാകുവാന്‍ പോകുന്ന സൌകര്യങ്ങളേക്കുറിച്ചും ഇറങ്ങുന്നതുവരെ വാതോരാതെ അദ്ദേഹം സംസാരിച്ചു. ഇറങ്ങുന്നതിനു മുന്‍പ് ‘മശ്കൂര്‍’ പറയാന്‍ ഞാന്‍ മറന്നില്ല.

അടുത്ത ഊഴം ലാന്‍ഡ് ക്രൂയിസറിനായിരുന്നു, ഖത്തറി പയ്യന്‍. എന്റെ പേര് കേട്ടപ്പോള്‍ സീറ്റിനിടയിലെ പെട്ടി തുറന്ന് പെപ്സിയും ബര്‍ഗ്ഗറും സമര്‍പ്പിച്ചു. “എനിക്ക് നോമ്പാണ്”, ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് നിരസിച്ചു. “ബട്...യൂ ക്രിസ്ത്യന്‍..?”, അവന് അത്ഭുതം. യാത്രയില്‍ അവന്‍ അവനേക്കുറിച്ച് പറഞ്ഞു, നോമ്പ് കാരണം വീട്ടില്‍ നിന്നും പുറത്ത് നിന്നും ഒന്നും കിട്ടില്ല. ആവശ്യമുള്ള സാധനങ്ങള്‍ രാത്രിയില്‍ വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും, വിശക്കുമ്പോള്‍ വണ്ടിയുമെടുത്ത് കറങ്ങാന്‍ ഇറങ്ങും. ദോഹയില്‍ നിന്നും വടക്കേ തെരുവ് വഴി അല്‍ഖോറിലേക്കും തിരിച്ച് പടിഞ്ഞാറന്‍ പാതയിലൂടെ ദോഹയിലേക്കുമുള്ള 150 കിലോമീറ്റര്‍ കഴിയുമ്പോഴേക്കും വിശപ്പ് ഏതാണ്ട് ശമിച്ചിട്ടുണ്ടാകുമത്രേ! അവന്റെ നിഷ്കളങ്കതയ്ക്ക് ‘മശ്കൂര്‍’ പറഞ്ഞ് ഞാനിറങ്ങി.

ഫ്രീവിസക്കാരന്‍ പോലീസിനേയും സീഐഡിയേയും എപ്പോഴും കരുതിയിരിക്കണം എന്നാണല്ലോ. സ്വകാര്യവാഹനം മുന്നില്‍ നിറുത്തിയപ്പോള്‍ പോലീസാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല. കയറിയിട്ട് പിന്നെ ഇറങ്ങാന്‍ പറ്റുമോ, യൂണിഫോമിലാണ് കക്ഷി. വിശദമായ പരിചയപ്പെടലിനു ശേഷം അദ്ദേഹത്തിനു ജിജ്ഞാസ, ഞാനെന്തിനു നോമ്പെടുക്കുന്നു എന്ന്. നോമ്പിലൂടെയുള്ള ശാരീരിക സൌഖ്യവും സംതൃപ്തിയും മാത്രമേ ഞാന്‍ ലക്ഷ്യമാക്കുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞു. ‘മശ്കൂര്‍’നു പകരമായി ഇസ്ലാമിനെക്കുറിച്ച്, എനിക്കറിയാവുന്ന ഭാഷകളിലെല്ലാമുള്ള പുസ്തകങ്ങളും ഒപ്പം ആശീര്‍വാദവും അദ്ദേഹം നല്‍കി. പുസ്തകത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലായി. റമദാന്‍ മാസം ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് മൂല്യം വളരെയേറെയാണ്, ലക്സസ് അറബിക്ക് വീണ്ടും ‘മശ്കൂര്‍’. ഖത്തറി പയ്യന്‍ ചെയ്തതും ശരി, യാത്രാക്കാരന് നോമ്പ് ബാധകമല്ല!!

നോമ്പ് ശാരീരിക സൌഖ്യം മാത്രമാണോ നല്‍കുന്നത്? പുണ്യവും കൂടെ ലഭിക്കും എന്നാകും വിശ്വാസിക്ക് പറയാനുള്ളത്. എനിക്ക് പറയനുള്ളത്, കഴിഞ്ഞ റമദാന്‍ നോമ്പനുഷ്ടിച്ച ഞാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സിനു യോഗ്യത നേടി. നാട്ടില്‍ കൊടികുത്തിയ ഡ്രൈവര്‍മാര്‍ അഞ്ചും ആറും തവണ ടെസ്റ്റില്‍ പൊട്ടുമ്പോഴാണ് ഇത്. ഇത്തവണ ലക്ഷ്യം അറബി പഠനമാണ്. ഏവര്‍ക്കും റമദാന്‍ കരീം...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2006

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍

1152 ചിങ്ങം 31, ജന്മാഷ്ടമി. തൃശൂര്‍ നഗരം ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്‌. യുദ്ധരംഗത്തെ ജാഗ്രതയോടെ രണ്ട്‌ മുന്‍ പട്ടാളക്കാര്‍ മിഷ്യാനാശ്പത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലുണ്ട്‌. ഒന്ന് എന്റെ അപ്പന്‍, ജോസേട്ടന്‍. മറ്റേയാള്‍ എന്റെ അമ്മേടെ അപ്പന്‍, ഈനാശേട്ടന്‍. (ഇവരിവിടെവരെ എത്തിപ്പെട്ടതിനേക്കുറിച്ച്‌ മുന്‍പ്‌ എഴുതിയിരുന്നു.)

പെന്‍ഷനടിച്ച ഇനാശേട്ടനും പെന്‍ഷനടിക്കാത്ത ജോസേട്ടനും കൂട്ടായി, ടെന്‍ഷനടിച്ചുകൊണ്ട്‌ പരിവാരങ്ങളും എത്തിയിട്ടുണ്ട്‌. ആശുപത്രിയിലാണെങ്കില്‍ റോസ്യേട്ത്ത്യാരുടെ(അമ്മാമ്മ) അഭിപ്രായത്തില്‍, 'തിക്കും തെരക്കും തുപ്രാട്ട്‌ വെളക്കും'!

അന്തോണീസു പുണ്യാളനില്‍ തുടക്കമിട്ട നേര്‍ച്ച കാഴ്ചകള്‍ താഴേക്കാട്‌ മുത്തപ്പന്‍, കൊരട്ടി മുത്തി, എടപ്പിള്ളി ഗീവര്‍ഗ്ഗീസ്‌ സഹദാ, പിണ്ടിപ്പെരുന്നാള്‍ ബ്രാന്‍ഡ്‌ അമ്പാസ്സഡര്‍ സെബസ്ത്യാനോസ്‌ പുണ്യാളന്‍ എന്നുവേണ്ട, നേരം വൈകുംതോറും കൊച്ചിയിലെ കൂനന്‍ കുരിശു മുത്തപ്പന്‍, മലയാറ്റൂര്‍ പൊന്നിന്‍ കുരിശുമല മുത്തപ്പന്‍, വേളാങ്കണ്ണി മാതാവ്‌ എന്നിവരിലേക്കും നീണ്ടു.

നേര്‍ച്ച കാഴ്ചകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഒടുവില്‍ ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യപ്പെട്ടു, "വടക്കുംനാഥന്റെ പട്ടണത്തില്‍ മേരീജോസ്‌ ദമ്പതികള്‍ക്കായിതാ അഷ്ടമിരോഹിണി നാളില്‍ ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു". മാലോകര്‍ ആനന്ദാശ്രു പൊഴിച്ചു. പ്രസവ വാര്‍ഡിനു മുന്‍പില്‍ ഊഴം കാത്തു കഴിയുന്ന എല്ലാവരും ആ സന്തോഷം പങ്കുവച്ചു.

അകത്ത്‌ ഒരു അങ്കം തന്നെ കഴിഞ്ഞിരുന്നതിനാല്‍ ഉടനെ അമ്മയേയും കുഞ്ഞിനേയും കാണുവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ആറ്റുനോറ്റുണ്ടായ ഉണ്ണിയെ ഒരുനോക്ക്‌ കാണുവാനുള്ള ആശ ഉള്ളിലൊതുക്കി, പഴയ പട്ടാളക്കാരന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും കാന്റീന്‍ ലക്ഷ്യമാക്കി നീങ്ങി. ഇടക്കാലാശ്വാസമായി ചായയും വടയും കഴിച്ച്‌ ഉണ്ണിവാവേടെ അമ്മയ്ക്ക്‌ ഏറ്റവും ഇഷ്ടള്ള പഴംപൊരിയുമായി മടങ്ങി വന്ന സംഘം കാത്തിരിപ്പ്‌ തുടര്‍ന്നു. പ്രസവ മുറിയുടെ വാതില്‍ ഒന്നനങ്ങിയാല്‍, ഒരു കുഞ്ഞു കരച്ചില്‍ അതിലൂടെയെങ്ങാന്‍ പുറത്തേക്കെത്തിയാല്‍ ആ മുഖങ്ങളില്‍ വിസ്മയത്തിളക്കം.

പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങുന്ന ഒരു നഴ്സമ്മയിലാണ്‌ എല്ലാവരുടേയും പ്രതീക്ഷ. അവരാണെങ്കില്‍ ആരെയും അടുപ്പിക്കുന്ന പ്രകൃതക്കാരിയല്ല. ആകാംഷയുടെ മുള്‍മുനയില്‍ കൂട്ടത്തിലൊരാള്‍ അവരോട്‌ ചോദിച്ചു, "കുഞ്ഞിനെ ഒരുനോക്ക്‌ കാണാന്‍..."

"മേരീജോസിന്റെ കുഞ്ഞല്ലേ, അത്‌ മരിച്ചു!"

വെള്ളിടി വെട്ടിയ ആഘാതത്തില്‍ തരിച്ചുപോയി എല്ലാവരും. ഓരോരുത്തരായി തളര്‍ന്നു തുടങ്ങി, മാനസികമായും ശാരീരികമായും. കയ്യിലൊരു കുറിപ്പടിയുമായി തിരിച്ചുവന്ന നഴ്സമ്മ അവസാനമായി തളരാനൊരുങ്ങുന്ന ഈനാശേട്ടനു നേരെ കുറിപ്പടി നീട്ടി, "ഈ മരുന്ന് പുറത്ത്‌ നിന്ന് വാങ്ങണം, വേഗം വേണം."

പശ്ചാത്തലത്തില്‍ വയലിന്‍ സംഗീതം. അടുത്തുള്ള മരുന്നു കട ലക്ഷ്യമാക്കി, പതറുന്ന ചുവടുകളുമായി നീങ്ങുന്ന ഈനാശേട്ടന്‍. പൊടുന്നനെ ഒരു വാഹനം ആഞ്ഞ്‌ ബ്രെയ്ക്ക്‌ ചവിട്ടി ഈനാശേട്ടനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വെട്ടിച്ച്‌ നിന്നു. "ചാവാന്‍ നടക്കാണോ കാര്‍ന്നോരേ?"

സമനില വീണ്ടെടുത്ത്‌ വല്ലവിധേനയും മരുന്നു വാങ്ങി ആശുപത്രിയിലേക്ക്‌ തിരിച്ച്‌ നടക്കുന്ന ഈനാശേട്ടനു മുന്നില്‍ അതാ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ട്‌, എന്നാല്‍ വായ തുറന്ന് ചിരിച്ചു കൊണ്ട്‌ മരുമകന്‍, "പാവം, ഇവനു വട്ടായി..."

"അപ്പാ.... കുഞ്ഞ്‌ മരിച്ചിട്ടില്ല......മരിച്ചത്‌ നമ്മുടെ കുഞ്ഞല്ലത്രേ...."

ഒരു നൂറു നില അമിട്ടെങ്കിലും അപ്പോള്‍ അവരുടെ മനസ്സില്‍ പൊട്ടിവിരിഞ്ഞു കാണണം. ഈ അമിട്ട്‌ വിരിയല്‍ അടുത്തുള്ള ബാറിലേക്കാണ്‌ പിന്നീട്‌ നീണ്ടത്‌, പശ്ചാത്തലത്തില്‍ ബാന്റ്‌ മേളത്തോടെ!

ഇത്‌ സ്വാര്‍ത്ഥജനനം. എല്ലാ സെപ്റ്റമ്പര്‍ 15നും എന്റെ കുടുമ്പാംഗങ്ങള്‍ ഈ ഓര്‍മ്മകള്‍ അയവിറക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം ജനന തീയതി വേറെയാണെങ്കിലും ഞാനും ഈ ദിനം ഓര്‍ക്കാറുണ്ട്‌.

ഓര്‍മ്മകളില്‍ പക്ഷേ എന്നെ അലട്ടുന്ന ഒന്നുണ്ട്‌, ഈ പിറന്നാള്‍ ദിനത്തില്‍ അത്‌ നിങ്ങളുമായി പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1976 സെപ്റ്റമ്പര്‍ 15നു ഞാന്‍ മരിച്ചിട്ടില്ല എന്നാണെന്റെ വിശ്വാസം!!! എന്നാല്‍ അന്ന് അതേ ആശുപത്രിയില്‍ വച്ച്‌ മറ്റൊരു മേരീജോസിന്റെ കുഞ്ഞ്‌ മരിച്ചിരുന്നു. മറ്റുള്ളവരേക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ലെങ്കിലും, എനിക്ക്‌ പകരം മരണമടഞ്ഞ എന്റെയാ കൂടപ്പിറപ്പിനേക്കുറിച്ച്‌ ഈ ദിനത്തില്‍ ഞാന്‍ ചിന്തിച്ച്‌ പോകുന്നു.....

ബൂലോഗത്തെ എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ, നിങ്ങള്‍ക്കറിയാമോ ആ കുഞ്ഞിന്റെ മാതാപിതാക്കളെ, എനിക്ക്‌ പകരം മരിച്ച എന്റെ ആ കൂടപ്പിറപ്പിന്റെ മാതാപിതാക്കളെ?

ഞായറാഴ്‌ച, ജൂലൈ 16, 2006

ആം സൂറി

ഗള്‍ഫിലെ ആദ്യ പൊറുതി സദ്ദാം ഹുസൈന്റെ പെങ്ങളെ കുട്ടി സലാമ ഹുസൈന്റെ കൂടെയായിരുന്നു. ഈ ഹുസൈന്‍ സിറിയാക്കാരനാണ്‌, സദ്ദാമിനേക്കാള്‍ തീവ്രതയുള്ള അമേരിക്കാ വിരുദ്ധനും.

ആദ്യരാത്രി(?) ഇരട്ടക്കട്ടിലിന്റെ താഴത്തെ നില എനിക്കായി സമ്മാനിച്ച്‌ അവന്‍ മുകളില്‍ ചേക്കേറി. കിടക്ക ശരിയാക്കുന്നതിനിടയില്‍ തലയിണ, താഴെ കട്ടിലില്‍ ഇരിക്കുകയായിരുന്ന എന്റെ മേല്‍ വീണു.

"ആം സൂറി", അറബിച്ചുവയുള്ള മുറി ഇംഗ്ലീഷില്‍ അവന്‍ മൊഴിഞ്ഞു.

"നോ മനുഷ്യന്‍", പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുകയും തന്റെ കട്ടില്‍ എനിക്കായി ഒഴിഞ്ഞു തരികയും ചെയ്ത അവന്‍ എന്നോട്‌ സോറി പറയുകയോ, ഛെ! ലജ്ജാവഹം!!! "നോ സോറി, യൂ ആര്‍ നൗ മൈ ഫ്രെന്റ്‌".

അവന്റെ നേര്‍ക്ക്‌ നീട്ടിയ കയ്യില്‍ പിടിച്ച്‌ തിളങ്ങുന്ന കണ്ണുകളോടെ അവന്‍ പറഞ്ഞു, "ഐ സെഡ്‌ ഐ ആം സൂറി!", കൂടെയൊരു കുസൃതിച്ചിരിയും.

"ഓഹ്‌ യൂ ആര്‍ സൂറി!!! അമ്പട മിടുക്കാ, നീ ആളു കൊള്ളാല്ലോ! നിന്റെ ആള്‍ക്കാര്‍ ഞങ്ങടെ നാട്ടിലുമുണ്ട്‌. എന്റെ അമ്മ സുറിയാനിയാ, അപ്പന്‍ ലത്തീനും."

"യൂര്‍ മദര്‍ സൂറി?!!!"

അതൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അംഗ്ലിഷ്‌ അറിയാവുന്ന അവനും മറബി അറിയാവുന്ന ഞാനും ഒരു പരസ്പര സഹകരണ സംഘം രൂപീകരിച്ചു. എനിക്കറിയാവുന്ന ഇംഗ്ലിഷ്‌ അവനും അവനറിയാവുന്ന അറബി എനിക്കും പഠിക്കാം. ഓഫീസിലെ മലയാളികള്‍ അവന്റെ മുഖത്തുനോക്കി പറയുന്ന തെറികളുടെ അര്‍ത്ഥവും മറുതെറികളും ഞാനവനു പറഞ്ഞുകൊടുക്കണം, പകരം അവന്റെ കാറില്‍ ഖത്തര്‍ മുഴുവന്‍ ചുറ്റിക്കാണിച്ചു തരും.

പലപ്പോഴും പാതിരായ്ക്ക്‌ കയറിവരുന്ന അവന്‍ എന്നെ വിളിച്ചുണര്‍ത്തും, അറബി പഠിക്കാം എന്നോ കറങ്ങാന്‍ പോകാം എന്നോ പറഞ്ഞ്‌. ചില രാത്രികളില്‍ കോര്‍ണിഷിലെ(കടല്‍ത്തീരം) പൊങ്ങിക്കിടക്കുന്ന ബോട്ട്‌ ജെട്ടിയുടെ അങ്ങേയറ്റത്ത്‌ പോയിരുന്നു ഞാനുമായി അവന്‍ ഹൃദയം പങ്കുവയ്ക്കും. അവന്റെ അമ്മയേക്കുറിച്ചും, അമ്മ മരിച്ചതിനുശേഷം ബാപ്പയും ബന്ധുക്കളും നാടുമായും ബന്ധം നഷ്ടപ്പെട്ടതിനേക്കുറിച്ചും, സിറിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധസേവനം അനുഷ്ഠിച്ചതിനേക്കുറിച്ചും മറ്റും, പുലരുവോളം.

അങ്ങിനെയിരിക്കെ അയല്‍മുറിയില്‍ മുത്തി ചത്ത്‌ കട്ടിലൊഴിഞ്ഞു. അറ്റാച്ച്ഡ്‌ ബാത്ത്രൂമും കേബിള്‍ കണക്ഷനും മനസ്സില്‍ കണ്ട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്നതുകൊണ്ട്‌ മേരാ നമ്പര്‍ ആയാ. ആത്മബന്ധം നൂല്‍ബന്ധം പോലെ പൊട്ടിച്ച്‌ കൂട്‌ മാറി, ഞാന്‍ സ്വാര്‍ത്ഥന്‍. പിറ്റേന്ന്, ഞാനല്ലാതെ മറ്റാരേയും കൂടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ്‌ ഇരട്ടക്കട്ടിലിന്റെ മുകള്‍ തട്ട്‌ അഴിച്ച്‌ വയ്ക്കുന്ന ഹുസൈനെ ഞാന്‍ കണ്ടു.

മണല്‍ക്കാറ്റില്‍ കുന്നുകള്‍ പോലും സ്ഥലം മാറുന്ന മരുഭൂമിയില്‍ എന്റെ താമസസ്ഥലം പിന്നേയും മാറി. ഒപ്പം, ജോലിയും സാഹചര്യവും.

3ാ‍ം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌ ഫുട്ബോള്‍ ഫൈനല്‍(ഗെയിംസ്‌ വിശേഷങ്ങള്‍ മുന്‍പൊരിക്കല്‍ വിളമ്പിയിരുന്നു). 'കൂറ'കളിയില്‍ എനിക്ക്‌ വര്‍ദ്ധിച്ച താല്‍പര്യമൊന്നുമില്ല, മത്സരിക്കുന്നതാകട്ടെ ഇറാക്കും സിറിയയും. എന്നാലും ജേഷ്ടന്റെ മകന്റെ താല്‍പര്യപ്രകാരം ആ കുടുംബത്തോടൊപ്പം കളികാണാനെത്തി. കവാടത്തില്‍ വച്ച്‌ വനിതാ വളണ്ടിയര്‍ ചേടത്തിയോട്‌ ചോദിച്ചു, "ആരെയാ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌? സിറിയ? ഇറാക്ക്‌?"

"ഇറാക്ക്‌", ചേടത്തിയുടെ പൊടുന്നനെയുള്ള മറുപടി കേട്ട്‌ ഞങ്ങള്‍ ഞെട്ടി.

"എന്തുകൊണ്ട്‌ ഇറാക്ക്‌?", അറബിപ്പെണ്ണിന്റെ മുഖത്ത്‌ വിസ്മയം.

"ഇത്‌ സദ്ദാമിന്റെ പെങ്ങള്‍, ഇത്‌ അളിയന്‍." ഞാന്‍ വിശദമാക്കി. എല്ലാവരും ആര്‍ത്ത്‌ ചിരിച്ച്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ ഹുസൈന്‍. സിറിയന്‍ പതാക പുതച്ച്‌ കൂട്ടുകാരുമൊത്താണ്‌ വരവ്‌.

"സിറിയ?" ആര്‍ക്കാണ്‌ സപ്പോര്‍ട്ടെന്ന് അവനും അറിയണം.

"യൂ സൂറി, വീ സൂറി," അവന്റെ തോളില്‍ കയ്യിട്ട്‌ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു.

ഗ്രൗണ്ട്‌ സപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും സിറിയയ്ക്കായിരുന്നു. താളമേളങ്ങളുമായി എല്ലാവരും സിറിയന്‍ ടീമിന്റെ കൂടെ കൂടിയെങ്കിലും കളിയുടെ ഗതി ഇറാക്കിനനുകൂലമായിക്കൊണ്ടിരുന്നു. പയ്യെ പയ്യെ ഗാലറികളില്‍ ചേരിതിരിവ്‌ ദൃശ്യമായിത്തുടങ്ങി. തുടക്കത്തില്‍ മ്ലാനമായിരുന്ന ചേടത്തിയമ്മയുടെ മുഖം തെളിഞ്ഞു തുടങ്ങി.

കാണികളുടെ ആവേശം കളത്തില്‍ പകര്‍ത്താന്‍ സിറിയയ്ക്കായില്ലെങ്കിലും കടുത്ത ചെറുത്തുനില്‍പ്‌ വഴി വച്ചത്‌ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കായിരുന്നു. നിര്‍ണ്ണായകമായ ഷൂട്ടൗട്ടില്‍ ഓരോ ഗോള്‍ പിറക്കുമ്പോഴും ഇരു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു സിറിയക്കാര്‍ ഒഴികെയുള്ള കാണികള്‍. തങ്ങള്‍ക്കെതിരേയുള്ള അവസാന പന്ത്‌ തടഞ്ഞ ഇറാക്ക്‌ ഗോളി തിരികെ വന്ന് സിറിയക്കെതിരേ വിജയഗോള്‍ നേടി താരമായ ആ നിമിഷത്തില്‍ എന്റേയും കണ്ട്രോള്‍ പോയി. ജേഷ്ടപുത്രനോടൊപ്പം തുള്ളിച്ചാടുന്ന എന്നെ ദയനീയമായി നോക്കിയ ഹുസൈനോട്‌ കൈ മലര്‍ത്തി നിസ്സഹായനായി ഞാന്‍ പറഞ്ഞു,"ആം സൂറി!".

തിങ്കളാഴ്‌ച, ജൂൺ 12, 2006

ജോണിപ്പാട്ട്

ജോണീ ജോണീ...
എന്താപ്പാ?
ചക്കര തിന്ന്വാ?
ഇല്ല്യപ്പാ...
കള്ളം പറയാ?
ഇല്ല്യപ്പാ...
തൊറക്കെടാ വായ!
ഹ, ഹ, ഹ!!!

ഒറിജിനല്‍ ഇവിടെ

വ്യാഴാഴ്‌ച, മേയ് 04, 2006

എന്തു ചെയ്യും?

കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍
എന്തുചെയ്യും എന്തുചെയ്യും
കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍
ചുട്ടപെടാ ചുട്ടപെടാ

കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍
എന്തുചെയ്യും എന്തുചെയ്യും
കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍
ചക്കരുമ്മാ ചക്കരുമ്മാ


ഇന്നലെ ഏട്ടന്റെ മക്കളുമായി ഈവനിംഗ് വഴക്കിനിറങ്ങി. വഴിയില്‍ അലമ്പുണ്ടാക്കില്ല, മിഠായി വേണമെന്ന് പറയില്ല, റോഡ് മുറിച്ച് കടക്കുമ്പോള്‍ കൈ പിടിക്കാം മുതലായ പ്രീ കണ്ടീഷനുകളിലാണ് യാത്ര തുടങ്ങിയത്. ബോണസായി, എന്റെ കണ്ണുവെട്ടത്തില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും!

പുറത്തിറങ്ങിയാല്‍ കഷ്ടിച്ച് രണ്ടടി പോലും നടക്കാന്‍ കൂട്ടാക്കാത്ത ഇളയവള്‍ മൂത്തവളെ തോല്പിച്ച്, രണ്ട് കിലോമീറ്ററാണ് ഞങ്ങളോടൊപ്പം നടന്നത്!! കാരണമായതോ, മുകളില്‍ കൊടുത്തിരിക്കുന്ന പാട്ടും.

ഈ നമ്പര്‍ ഇനി ഓടുമോ എന്നറിയില്ല.

ശനിയാഴ്‌ച, ഏപ്രിൽ 22, 2006

വിളിപ്പാടകലെ

സുഖമാണോ എന്നാണോ
ഇനിയും നിന്‍ തേന്മൊഴി
ചൊല്ലാം നിന്‍ കാതില്‍ ഞാന്‍
നിറയരുതേ നിന്‍ മിഴി

തൂമഞ്ഞിന്‍ തുള്ളിപോലെന്‍
മനതാരില്‍ പൊഴിഞ്ഞു നീ
കുളിരൂറും സാന്ത്വനമായ്‌
എന്‍ പ്രിയ സഖിയായ്‌ നീ

പിരിയുമ്പോള്‍ അകലുമ്പോള്‍
‍നോവാല്‍ നീ വിതുമ്പിയോ
ഇനിയെന്ന് എന്നോര്‍ത്ത്‌
എന്‍ ഹൃദയം തേങ്ങിയോ

മരുഭൂവില്‍ വിരഹത്തില്‍
ഉരുകുന്നു ഞാന്‍ പ്രിയേ
പ്രണയത്തിന്‍ ഓര്‍മ്മകളില്‍
നുറുങ്ങുന്നെന്‍ ഓമലേ

അഴലരുതേ കരയരുതേ
എന്‍ പ്രിയ സാന്ത്വനമല്ലേ
മിഴിപ്പൂക്കള്‍ വാടരുതേ
നിന്‍ ചാരേ ഞാനില്ലേ

മൊഴിയാം എന്നും മൊഴിയാം
ഒരു വിളിപ്പാടകലേ നാം
കാതങ്ങള്‍ താണ്ടിവരും
ഫോണ്‍ വിളിപ്പാടകലേ നാം

***

ഇനിയും സഹനശേഷി ഉള്ളവര്‍ക്കായി... ദേ ഇതും...



ഇറക്കുമതിക്കാര്‍ക്കായി എംപീമൂന്ന്(544ഗ്രാം)

(മുന്നറിയിപ്പ്‌: ലോകോത്തര നിലവാരത്തിലുള്ള ഈ സംഗീതശില്‍പം ശ്രവിക്കുന്നതുകൊണ്ട്‌ നിങ്ങള്‍ ഇരുകാലികള്‍ക്കോ നിങ്ങളുടെ നാല്ക്കാലികള്‍ക്കോ വന്നു ഭവിച്ചേക്കാവുന്ന മനോവിഭ്രാന്തിക്ക്‌ ഞാന്‍ ഉത്തരവാദിയല്ല. എന്നെ ഈ ഭീകരകര്‍മ്മത്തിനു നിര്‍ബന്ധിച്ചത്‌ ജോ ആണ്‌. ആയതിനാല്‍ പ്രേരണാകുറ്റം ആരോപിക്കപ്പെടേണ്ടത്‌ ജോയില്‍ ആണ്‌, ജോയില്‍ തന്നെയാണ്‌, ജോയില്‍ മാത്രമാണ്‌:)

വ്യാഴാഴ്‌ച, ഏപ്രിൽ 13, 2006

ദുഃഖ വെള്ളിയും ഗുഡ്‌ ഫ്രൈഡേയും

യെന്തരപ്പീ നമുക്ക്‌ ദുഃഖോം അവര്‍ക്ക്‌ ഗുഡ്ഡും! ഉയര്‍പ്പ്‌ തിരുനാളിനു മുന്‍പ്‌, പെസഹാ വ്യാഴം കഴിഞ്ഞ്‌ വരുന്ന വെള്ളിയാഴ്ചയെ ദുഃഖവെള്ളിയെന്ന് മലയാളിയും ഗുഡ്ഫ്രൈഡേയെന്ന് ഇംഗ്ലീഷിയും.

ദുഃഖവെള്ളിയാഴ്ച വീട്ടീന്ന് ഫുഡ്‌ കിട്ടില്ല, അതുകൊണ്ട്‌ ദുഃഖം? അന്നേദിവസം അവധി, ഗുഡ്‌?

പണ്ടൊരിക്കല്‍ ഒരുത്തിയും ലവളുടെ കൂട്ടുകാരനും എന്റടുക്കല്‍ വിധഗ്ദോപദേശത്തിനു വന്നു. അവള്‌ ക്രിസ്ത്യാനി, അവന്‍ ഹിന്ദുസ്ഥാനി. പള്ളിയില്‍ വച്ചുള്ള കല്യാണത്തിനു മാത്രമേ അവളുടെ മമ്മയും ആണ്ടിയും സമ്മതിക്കുകയുള്ളത്രേ. അതിന്‌ ഹിന്ദുസ്ഥാനി, മാമോദീസ മുങ്ങി ക്രിസ്ത്യാനിയാകണം. ക്രിസ്ത്യാനിയായാല്‍ കുടുമ്മത്ത്‌ കേറ്റില്ലെന്നത്‌ പോട്ടെ, അവന്റെ പേരില്‍ ചാര്‍ത്തി കിട്ടേണ്ട സ്വത്തുവഹകള്‍ സ്വപ്നം പോലും കാണാന്‍ കഴിയില്ല. അവള്‍ക്കാണെങ്കിലോ, പള്ളീല്‍ കെട്ട്‌ നടന്നില്ലേല്‍, ആണ്ടിപ്പണ്ടാരം വാഗ്ദാനം ചെയ്തിരിക്കുന്ന ത്രീ ബെഡ്രൂം ഫ്ലാറ്റ്‌ പള്ളീപ്പോയി ചോദിക്കേണ്ടി വരും.

ഞാനാകെ ധര്‍മ്മക്കാരന്റെ സങ്കടത്തിലായി, അവരുടെ ചിലവില്‍ ഒരു ബാസ്കിന്‍ റോബിന്‍സ്‌ സ്കൂപ്പ്‌ കൂടി ഓര്‍ഡര്‍ ചെയ്തു. "കത്തോലിക്കാ സഭയേക്കുറിച്ച്‌ എന്താണ്‌ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്‌? കണ്ണില്‍ കണ്ട വഴിപോക്കനും ചെമ്മാനും ചെരുപ്പുകുത്തിക്കുമൊക്കെ കേറിയിറങ്ങി നിരങ്ങാനുള്ളതാണെന്നോ?" അതെ, നിങ്ങള്‍ കരുതിയ പോലെ തന്നെ, ഇതൊന്നും ഞാനവരോട്‌ പറഞ്ഞില്ല. കൂലംകഷായമായി ഐസ്ക്രീം നുണഞ്ഞ്‌ ചിന്തിച്ചുകൊണ്ടിരുന്നു.

അവര്‍ക്ക്‌ വേണ്ടത്‌ പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറുന്ന സൊലൂഷനാ. സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന സൊലൂഷന്‍ പോലെ, രണ്ടു വശത്തും തേച്ച്‌, ഇത്തിരി നേരം കാറ്റുകൊള്ളിച്ച്‌ ഒറ്റ ഒട്ടിക്കല്‍. രണ്ട്‌ വീട്ടുകാരുമായും ആലോചിച്ച്‌, മാമോദീസാ മുങ്ങിയ ക്രിസ്ത്യാനിയും മുങ്ങാത്ത ഹിന്ദുസ്ഥാനിയും പള്ളിയില്‍ വച്ച്‌ വെല്‍ഡിങ്ങായി. തങ്ങള്‍ക്ക്‌ ജനിക്കുന്ന കുട്ടികളെ ക്രിസ്തീയ ആചാരപ്രകാരം വളര്‍ത്തിക്കോളാന്ന് അവരെഴുതിക്കൊടുത്തത്ത്‌ കുടുമ്മക്കാര്‍ മാത്രം അറിഞ്ഞില്ല.(ഇങ്ങനെയൊരു സൊലൂഷന്‍ ക്രൈസ്തവ സഭയിലുണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം ആരോടും പറയല്ലേ!)

ഹിന്ദുസ്ഥാനിയെ മാമോദീസ മുക്കി മാര്‍പ്പാപ്പ മഹാരാജാവിന്റെ കയ്യീന്ന് പുട്ടും കടലേം മേടിക്കാമായിരുന്നില്ലേ എനിക്ക്‌? അതും പറഞ്ഞ്‌ അങ്ങോട്ട്‌ ചെന്നാല്‍ "നീ ആദ്യം നന്നാവെടാ, എന്നിട്ട്‌ മതിയെടാ" എന്നര്‍ത്ഥം വരുന്ന "സ്വന്തം കണ്ണിലെ മരത്തടി കാണാതെ അന്യന്റെ കണ്ണിലെ കരടെടുത്ത്‌ തരാം എന്ന് പറയുന്നോ" എന്ന ബൈബിള്‍ വാചകം കേള്‍ക്കേണ്ടിവരും.

അവനവന്റെ കുരിശുമെടുത്ത്‌ പിന്നാലെ വരാനാണ്‌ ക്രിസ്തു പറഞ്ഞത്‌. അവളെ കെട്ടുന്നതിലും വലിയൊരു കുരിശ്‌ അവന്‌ ലഭിക്കാനില്ല എന്നെനിക്ക്‌ നന്നായി അറിയാവുന്ന കാരണമാണ്‌ മാമോദീസ മുങ്ങുന്ന കാര്യത്തേക്കുറിച്ച്‌ സൂചിപ്പിക്കുക പോലും ചെയ്യാതിരുന്നത്‌. സഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌ ക്രിസ്തുമതം. ദുഃഖവെള്ളിയിലൂടെ കടന്നു പോകുന്നവര്‍ക്കേ ഉയര്‍പ്പ്‌ തിരുനാള്‍ ഉള്ളൂ. മനുഷ്യരക്ഷയ്ക്ക്‌ വേണ്ടി ക്രിസ്തു അനുഭവിച്ച പീഡാസഹനവും മരണവും ഓര്‍മ്മിക്കുന്ന ദിവസം എന്ന നിലയ്ക്ക്‌ 'ദുഃഖവെള്ളി' യോജിക്കുന്ന പേരാണ്‌. ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ഉയര്‍പ്പുണ്ട്‌ എന്ന് വിളിച്ചുപറയുന്ന 'ഗുഡ്‌ ഫ്രൈഡെ' എന്ന നാമമാകട്ടെ പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നതാണ്‌.

അപ്പോള്‍ ഇന്ന് എല്ലാവരും പെസഹാ ഫുഡ്ഡടിക്കും. നാളെ ദുഃഖവെള്ളി ആചരിക്കും. മറ്റന്നാള്‍ വിഷുവിന്‌ പടക്കം പൊട്ടിക്കും. ഞായറാഴ്ച ഈസ്റ്ററും ആഘോഷിക്കും. (ആ നബി ദിനം തിങ്കളാഴ്ചത്തേക്ക്‌ ആക്കായിരുന്നില്ലേ ചങ്ങായിമാരേ?).

ഞാന്‍ മാത്രമിവിടെ ഈ മരുഭൂമിയില്‍...

കാട്ടുകോഴിക്കെന്ത്‌ വിഷുവും ഈസ്റ്ററും?!!

ശനിയാഴ്‌ച, ഏപ്രിൽ 08, 2006

റീമയ്ക്കും കലേഷിനും

പ്രിയപ്പെട്ട റീമയ്ക്കും കലേഷിനും,

താലികെട്ടിന്‌ ഒരു നിമിഷം മതി, വിവാഹത്തിന്‌ ഒരു ജന്മവും!

ഭാര്യാഭര്‍തൃ ബന്ധത്തേക്കുറിച്ച്‌ പൌലോസേട്ടന്‍(St. Paul) ചില കാര്യങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. ക്രിസ്തുവും സഭയും(SNDP അല്ല) തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട്‌ സാമ്യപ്പെടുത്തിയിരിക്കുന്ന ചിന്തകള്‍* വിമര്‍ശകര്‍ക്കും തെറ്റിദ്ധാരണാ തല്‍പരര്‍ക്കും സദ്യവട്ടത്തിനു വഴിയൊരുക്കുന്നവയാണ്‌. ക്രിസ്തീയതയേപ്പോലെതന്നെ, പ്രാക്റ്റിക്കബിലിറ്റിക്ക്‌ പ്രയാസമുള്ളതെങ്കിലും ഉപദേശകബിലിറ്റിക്ക്‌ ഹരമുള്ളതായതുകൊണ്ട്‌ ഇവിടെ അവയുടെ പ്രസക്തഭാഗങ്ങള്‍ പരാമര്‍ശിക്കട്ടെ.

"ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കുവിന്‍(ഉവ്വ!) ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്സാണ്‌; ഭര്‍ത്താവ്‌ തന്നെയാണ്‌ ശരീരമായ ഭാര്യയുടെ രക്ഷകനും. അതുകൊണ്ട്‌ എല്ലാക്കാര്യങ്ങളിലും ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കണം(ഉവ്വ്‌ ഉവ്വേ!)"

സ്വന്തമായി ജോലിയും വരുമാനവുമുണ്ടെങ്കില്‍ ഒരു പട്ടിയുടേയും അടിമയായി ജീവിക്കേണ്ടി വരില്ല! അതെ, 'വിധേയ' എന്നത്‌ അടിമ എന്ന അര്‍ത്ഥത്തിലാണെങ്കില്‍. ഇവിടെ വിധേയത്വം, സ്വമനസ്സാലെയുള്ള ആശ്രിതത്വം മാത്രമാണ്‌. ഇണയോട്‌, തുണയോട്‌ തോന്നുന്ന സ്വാഭാവിക ആശ്രിതത്വം. ഭാര്യയെ സംരക്ഷിക്കുന്ന വകുപ്പില്‍ ഭര്‍ത്താവാകുന്ന ശിരസ്സിന്റെ മാനം കെടാതെ നോക്കാന്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം.

"ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി ബലിയാവുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം(ഹെന്റമ്മച്ചിയേ!) അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്‌, ജലം കൊണ്ട്‌ കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി(മനസ്സിലായി, കുളിപ്പിച്ച്‌ പൌഡറിടീക്കണം!) ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം(അതേറ്റു!) ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ(???!)"

ലവ്‌ സ്റ്റോറികളില്‍ വില്ലന്മാരെ ഇടിച്ച്‌ നിരത്തിയാണ്‌ കാമുകന്‍ കാമുകിയെ സ്വന്തമാക്കുന്നത്‌. ഇതിലും വലിയ സ്റ്റണ്ടുകള്‍, വിവാഹജീവിതത്തെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ നടത്തേണ്ടിവരും. പലപ്പോഴും ഇത്‌ തന്നോട്‌ തന്നെ ആയിരിക്കുകയും ചെയ്യും! എത്രയധികം ഭാര്യയെ സ്നേഹിക്കുന്നുവോ അത്രയധികം പരുക്കുകള്‍ ഏല്ക്കാന്‍ റെഡിയായിക്കോളൂ. വാമഭാഗത്ത്‌ തെറ്റുകളും കുറ്റങ്ങളും ഒരുപാടുണ്ടാകും. അവ കറയാകുന്നതിനുമുന്‍പ്‌ കഴുകി പോളിഷ്‌ ചെയ്തെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്‌ (ഇതിന്‌, അവനവന്റെ കയ്യിലിരിപ്പും നന്നായിരിക്കണം). സ്വന്തം ശരീരത്തെ ആരും വെറുക്കാറില്ല(?) പല്ലുവേദനയോ തലവേദനയോ നടുവേദനയോ വന്നാല്‍ സഹിച്ചേ പറ്റൂ!

"പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോട്‌ ചേരുകയും, അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും."

'ഇരുമെയ്യാണെങ്കിലും മനമൊന്ന് ' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യപടിയാണ്‌ dettachment of attachment തിയറി. അവിവാഹിത/ന്‍/ആയിരുന്ന സന്തതിയും വിവാഹിത/ന്‍/ആയ സന്തതിയും തമ്മില്‍ പ്രകടമായ വ്യത്യാസം, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഫീല്‍ ചെയ്യണം. വിരുന്നും സല്ക്കാരങ്ങളും 10 കിലോയോളം കൂട്ടി(മക്കളേ, സൂക്ഷിക്കണേ!) ശാരീരിക വ്യത്യാസത്തിനു സഹായിക്കുമെങ്കിലും, ഭാവമാറ്റം സ്വയം ആര്‍ജ്ജിക്കണം. ഈ ശ്രമത്തിനിടയില്‍, "ഓ, കല്യാണം കഴിഞ്ഞപ്പോഴേക്കും ലവന്റെ ഭാവം കണ്ടില്ലേ" എന്നാരെങ്കിലും പറഞ്ഞു കേട്ടാല്‍ മനസ്സില്‍ സന്തോഷിക്കുകയും പറഞ്ഞ വ്യകതിയേക്കുറിച്ച്‌ കരുതല്‍ ഉണ്ടായിരിക്കുകയും വേണം. നിങ്ങളുടെ ജീവിതം കുട്ടിച്ചോറായിക്കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരില്‍ ആ വ്യക്തിയും പെടും. അടുത്ത ഫ്ലൈറ്റില്‍ തന്നെ കെട്ടിയവളേയും കൂട്ടി നാട്‌ കടക്കുക എന്നോ, ഉടനടി വേറെ വീടിലേക്ക്‌ താമസം മാറണമെന്നോ 'ഡിറ്റാച്ച്‌മന്റ്‌ ' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നില്ല എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

ആദ്യമാസം 1% കലേഷിനെയേ റീമ അറിയുന്നുള്ളൂ(തിരിച്ചും). മൂന്ന് മാസത്തിനുള്ളില്‍ 10 ശതമാനവും. ഒരുമിച്ചാണ്‌ ജീവിതമെങ്കില്‍ ആറ്‌ മാസം കൊണ്ട്‌ 25% വരെ നിങ്ങള്‍ പരസ്പരം മനസ്സിലാക്കും. അതോടെ 'തേന്‍നിലാവിന്‌ ' ഇന്റര്‍വല്‍! നിങ്ങള്‍ തമ്മിലുള്ള ആദ്യ കലഹം ഇവിടെ ആരഭിക്കുകയായി! പിന്നങ്ങനെ പുട്ടില്‍ പീര പോലെ ഇണങ്ങിയും പിണങ്ങിയും ബാക്കി 75% അടുത്തറിയുമ്പോഴേക്കും ഓണമൊരുപാട്‌ ഉണ്ടിരിക്കും; expiry date അടുത്തിട്ടുണ്ടാകും!

ഇതെല്ലാം ഒരുപദേശമായിക്കരുതിയാല്‍ വായിക്കാനെടുത്ത സമയം വെയ്സ്റ്റ്‌ ! അനുഭവപാഠങ്ങളായി കരുതുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌.

അപ്പൊ പറഞ്ഞ പോലെ, വിഷ്‌ യു എ ഹാപ്പി വെല്‍ഡിംഗ്‌!!!

***

*ബൈബിള്‍ പുതിയ നിയമം എഫേസോസ്‌ 5:22-33

ബുധനാഴ്‌ച, മാർച്ച് 29, 2006

നഗ്നസത്യം - തുടരുന്നു

ഒന്നാം ഭാഗം വായിച്ചവര്‍ക്ക്‌ മാത്രം

"താങ്കള്‍ എന്താണ്‌ കണ്ടത്‌?"

ഞാന്‍ ഇടവും വലവും നോക്കി. ഇടത്ത്‌ സിസ്റ്റര്‍ ക്യുട്ടിക്കൂറ, വലത്ത്‌ സിസ്റ്റര്‍ ബീറ്റ്രൂട്ട. തൊട്ടടുത്ത്‌ ഫാദര്‍ അല്‍ഫോണ്‍സോ മാംഗോസ്റ്റോ, പുറകില്‍ ബ്രദര്‍ ബിസ്ക്കറ്റോ കൊളാക്ക്വൊ. നിറയെ അച്ചന്മാരും കന്യാസ്ത്രീകളും സന്യസ്തരും സാമൂഹ്യപ്രവര്‍ത്തകരും.

വേദി ഡോണ്‍ ബോസ്കോ യൂത്ത്‌ സര്‍വീസസ്‌, മാട്ടുംഗ, മുംബൈ. 'സെക്സ്‌ എജ്യൂക്കേറ്റേസ്‌ ആന്വല്‍ ട്രെയ്നിംഗ്‌ '. എനിക്കെന്താ ഇവിടെ കാര്യം? (ഞാനും ഒരു സെക്സ്‌ എജ്യുക്കേറ്ററാ!). തെരുവുകുട്ടികള്‍ക്കും യുവാക്കള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും യഥാര്‍ത്ഥ ലൈംഗിക ദിശാബോധം നല്‍കാന്‍ ചുമതലപ്പെട്ടവനായിരുന്നു ഈയുള്ളവന്‍(ഭയങ്കരന്‍!!!!). ക്ലാസ്‌ നയിക്കുന്നത്‌ ഈ രംഗത്ത പ്രഗല്‍ഭന്‍, ഇറ്റലിക്കാരന്‍ ഡോ. ആന്തണി ഗ്രുഗ്നി.

"ലജ്ജിക്കാതെ പറയൂ, എന്താണ്‌ താങ്കള്‍ കണ്ടത്‌?"

ശരിയാണ്‌, ലൈംഗികതയേക്കുറിച്ച്‌ പറയാന്‍ ഒരു സെക്സ്‌ എജ്യുക്കേറ്റര്‍ ഒരിക്കലും ലജ്ജിക്കാന്‍ പാടില്ല. പറയാനൊട്ട്‌ മടിയുമില്ല, എന്നാലും ഇവരുടെയൊക്കെ മുന്നില്‍ വച്ച്‌...

"എന്ത്‌ പ്രത്യേകതയാണ്‌ താങ്കള്‍ അവിടെ കണ്ടത്‌?" ഡോക്ടര്‍ എന്നെ വിടുന്ന മട്ടില്ല. സംഭവത്തേക്കുറിച്ച്‌ പറഞ്ഞത്‌ പൊല്ലാപ്പായോ എന്ന് ഒരു തോന്നല്‍. 'വാത്സ്യയന മഹര്‍ഷി'യെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പറഞ്ഞു, "പ്രത്യേകിച്ച്‌ ഒന്നും കണ്ടില്ല!"

"അവര്‍ പാവാട പൊക്കി കാലകത്തി കാണിച്ചപ്പോള്‍ താങ്കള്‍ അത്‌ കണ്ടിട്ടുണ്ടാവും, തീര്‍ച്ച"

ഇനി പറഞ്ഞില്ലേല്‍ അന്ന് ചുറ്റുമിരുന്നവരും, ഇപ്പോള്‍ നിങ്ങളും എന്നെ തല്ലിക്കൊല്ലും. "ചെറിയൊരു വിടവ്‌ ഞാന്‍ കണ്ടു", എന്നില്‍ ആത്മവിശ്വാസം നിറഞ്ഞു.

"ചെറുതെന്നു പറഞ്ഞാല്‍...?"

ശെടാ, "ദേ ഇത്ര മാത്രം വലുപ്പമുള്ളൊരു വിടവ്‌ " ചൂണ്ടുവിരലിന്റെ ആദ്യ മടക്കില്‍ തള്ളവിരല്‍ ചേര്‍ത്ത്‌ വച്ച്‌ കാണിച്ചു കൊടുത്തു. (ഉദ്ദേശം പറഞ്ഞതാ, ബസ്സില്‍ വച്ച്‌ അളവെടുക്കാന്‍ സാധിച്ചില്ല!) "സ്ത്രീയുടെ ബാഹ്യ ലൈംഗികാവയവം പോലെയായിരുന്നില്ല അത്‌ "(ഈശ്വരാ!!!), ഞാന്‍ കൂട്ടിച്ചേര്‍ത്തു.

"Yes, you said it right. I'm proud of you. അതൊരു സ്ത്രീയുടെ ലൈഗികാവയവമല്ല. മൂത്രമൊഴിക്കാന്‍ മാത്രമുതകുന്ന ഒരു വിടവ്‌ മാത്രം" എന്റെ തോളത്ത്‌ തട്ടി അദ്ദേഹം അഭിനന്ദിച്ചു.

ഹൊ! ഞാന്‍ പിന്നങ്ങട്‌ നീണ്ട്‌ നിവര്‍ന്നൊരു ഇരിപ്പിരുന്നു, ക്ലാസ്‌ കഴിയുന്നതു വരെ. തുടര്‍ന്ന് ഹിജഡകളേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവയ്ക്കലായിരുന്നു.

പണ്ടെന്റെ അമ്മാവന്‍ പറഞ്ഞത്‌ തന്നെ സത്യം! പിള്ളാരെയെന്നല്ല, ഏതൊരാണിനേയും പിടിച്ച്‌ പൊത്തമണി മുറിച്ച്‌ വിട്ടാല്‍ അവന്‍ 'ഹിജഡ' അല്ലെങ്കില്‍ 'ചക്ക'യാവും. മനുഷ്യശരീരത്തില്‍ രണ്ട്‌ തരം ഹോര്‍മോണും സന്നിഹിതമാണ്‌. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൃഷ്ണം മുറിച്ച്‌ കളഞ്ഞാല്‍ സ്വാഭാവികമായും ശരീരത്തിലുള്ള സ്ത്രീ ഹോര്‍മോണ്‍ ആധിപത്യം സ്ഥാപിക്കും. സ്തനവളര്‍ച്ച, ശബ്ദവ്യതിയാനം മുതലായ ഒട്ടുമിക്ക സ്ത്രൈണ ലക്ഷണങ്ങളും പ്രകടമാകും. ഇവരാണ്‌ നമ്മുടെ നാട്ടില്‍ കാണുന്ന ഹതഭാഗ്യരായ ഹിജഡകള്‍, ഇവര്‍ യഥാര്‍ത്ഥ നപുംസകങ്ങള്‍ അല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
വിക്കിപീഡിയ
ബീബീസി
കുന്നുമ്മേല്‍ധ്യാനം
പാക്കിസ്ഥാനിലെ ഹിജഡകള്‍ (ചിത്രങ്ങള്‍)

ഡോ. ആന്തണി ഗ്രുഗ്നിയുടെ പുസ്തകങ്ങള്‍
‍സെന്റ്‌ പോള്‍സ്‌
കമ്മിനിറ്റ്‌.കോം
വായടക്കൂ.കോം

അവസാനമായി ഞാനിവരെ കാണുന്നത്‌ ഝാന്‍സീ റാണിയുടെ നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയ്ക്കാണ്‌. അരികിലെ ഒറ്റസീറ്റില്‍ പകലുറക്കത്തിലായിരുന്ന എന്നെ തഴുകിയുണര്‍ത്തി, ഒരുപറ്റം ചക്കകള്‍. ഒരുവന്‍ വികാരഭരിതമായ ശബ്ദത്തോടെ "രാജാാാാ..." എന്ന് മൊഴിഞ്ഞ്‌ പ്രേമാര്‍ദ്ര നയനങ്ങളാലെ എന്നെയൊന്നുഴിഞ്ഞ്‌ കൈകള്‍ മടക്കി നിവര്‍ത്തി മുന്നോട്ടാഞ്ഞ്‌ ഒരു കൊട്ട്‌. ചക്കകളുടെ തനത്‌ കൈകൊട്ട്‌. അടുത്ത ലക്ഷ്യം എന്റെ പോക്കറ്റ്‌.

"ഒന്ന് പോടപ്പനേ... മേലുഴിയല്ലെ ചെക്കാ... നിനക്കൊന്നും വേറെ പണിയില്ലേ?" തുടര്‍ന്നുള്ള സംഭാഷണങ്ങളെല്ലാം ഒരാണിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവന്മാര്‍ വിടുന്ന മട്ടില്ല. അല്‍പം കഴിഞ്ഞ്‌ അവരുടെ നേതാവു അവിടെയെത്തി. പ്രായപൂര്‍ത്തിയായ ശേഷം വൃഷ്ണം ചേദിക്കപ്പെട്ടവനാണവന്‍. പുരുഷലക്ഷണങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.

"ഇവന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്‌ കൂട്ടുകാരാ", അവന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു. അല്‍പ നേരം അവനെന്നെത്തന്നെ തറപ്പിച്ചു നോക്കി. "ഈശ്വരാ, എന്തിനുള്ള പുറപ്പാടാ? അബദ്ധമായി!", ഞാന്‍ കരുതി. ഒന്നും മിണ്ടാതെ അവന്‍ അവിടം വിട്ടു.

ഇതിനിടയില്‍, ചട്ടിച്ചായക്കാരനെ കാത്ത്‌ എന്റെ പോക്കറ്റില്‍ കിടന്നിരുന്ന ചില്ലറത്തുട്ടുകളും അടിച്ചു മാറ്റി മറ്റവന്മാര്‍ സ്ഥലം വിട്ടിരുന്നു. അവന്മാര്‍ ഇനി വല്ല ഏടാകൂടവുമായി തിരിച്ച്‌ വരുമോ എന്ന് ഞാന്‍ ഭയന്നു.

തീവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. പോയത്‌ പോയി, ശല്യമൊഴിഞ്ഞല്ലോ എന്ന് കരുതി ഞാന്‍ മയക്കത്തിലേക്ക്‌ മടങ്ങി. കാലില്‍ പിടിച്ച്‌ ആരോ കുലുക്കുന്നു. കണ്ണുതുറന്ന എന്റെ മുന്‍പില്‍ കാശടിച്ചു മാറ്റിയവന്‍. "മാഫ്‌ കീജിയേ(ക്ഷമിക്കൂ) ഭയ്യാ", ആ നാണയത്തുട്ടുകള്‍ സീറ്റില്‍ വച്ച്‌ ഒരു മിന്നായം പോലെ അവന്‍ മറഞ്ഞു.

ബുധനാഴ്‌ച, മാർച്ച് 08, 2006

നഗ്നസത്യം

ഈ ടീംസിനെ ആദ്യമായി കാണുന്നത്‌ മുംബയില്‍ വച്ചാണ്‌. മൂന്നാം ക്ലാസ്സിലെ അവധിക്കാലത്ത്‌ ടൂറാന്‍ വന്നതായിരുന്നു ഞാന്‍. അയല്‍ ഫ്ലാറ്റിലെ സഹൃദയരുടെ come...go...down...play എല്ലാം കേട്ട്‌ അവശനായി അധികാരിവര്‍ഗ്ഗത്തിന്‍ മുന്‍പാകെ കേണു. ഉപാധികളേയും, അച്ചടക്ക നടപടികളേക്കുറിച്ച്‌ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളേയും തത്വത്തില്‍ അംഗീകരിച്ച്‌ ഞാന്‍ പാഞ്ഞു. ഗോവണിത്താഴത്തുനിന്നും സഹൃദയര്‍ കുട്ടം കൂട്ടമായി മുകളിലേക്ക്‌, "ബാഗോ, ബാഗോ, ചക്കാ ലോഗ്‌ ആരെ".

നാട്ടില്‍ നിന്നും ചക്ക കൊണ്ടുവന്നത്‌ ഇവരെങ്ങിനെ അറിഞ്ഞു! ഞാന്‍ ആഞ്ഞു മണം പിടിച്ചു. ഹാ, പഴുത്തിട്ടുണ്ട്‌. "ബാഗോ.....ജല്‍ദീ....വോ ലോഗ്‌ തുംകൊ ഡൂണ്ട്‌ കെ ആരെ.....", എന്ന് ആദ്യം മുകളിലെത്തിയവന്‍. ആകാശവാണിയിലെ 'സമ്പതി വാര്‍ത്താ സുയന്താ' കേട്ട പോലെ ഞാന്‍! പിന്നെ കേട്ടത്‌ പാറയില്‍ ചിരട്ട എന്നപോലെ രാഗവിസ്താരവും കൈത്താളവും അടുത്ത്‌ വരുന്നത്‌. എന്തായാലും സംഗതി പന്തിയല്ല എന്ന് മാത്രം മനസ്സിലായി. ഞാന്‍ തിരിച്ചോടി.

വാതിലിനു പുറത്ത്‌, പേടിപ്പിക്കുന്ന സ്വരത്തില്‍ കൈകൊട്ടും പാട്ടും. ഒരു പട തന്നെയുണ്ട്‌. മറഞ്ഞിരുന്ന് ഞാന്‍ കണ്ടു, പെണ്‍ വേഷം കെട്ടിയ കുറേപ്പേര്‍. അവര്‍ അമ്മാവനുമായി തര്‍ക്കിക്കുന്നു, തഴുകുന്നു. ഞാന്‍ ഉള്‍വലിഞ്ഞു.

"അവര്‍ക്കറിയണം, നിങ്ങള്‍ പുതിയ തമസക്കാരാണോന്ന്. പങ്ക്‌ വേടിക്കാന്‍ വന്നതാ." രംഗം ശാന്തം, ഒളിസങ്കേതത്തില്‍ നിന്ന് ഞാനും പെങ്ങളും പുറത്തേക്ക്‌. എന്നെ കണ്ടതും അമ്മ, "നിന്നോട്‌ പറഞ്ഞതല്ലേ പുറത്ത്‌ കളിക്കാന്‍ പോവേണ്ടാന്ന്?".

"അവര്‌ കാണാഞ്ഞത്‌ നന്നായി. നിന്റെ പൊത്തമണി മുറിച്ച്‌ കൊണ്ടേയേനെ!," അമ്മാവന്റെ കമന്റ്‌.

പിന്നീടുള്ള മുംബൈ ടൂറുകളില്‍ എന്റെ കണ്ണുകള്‍ ആദ്യം പരതിയിരുന്നത്‌ 'ചക്ക'കളെയാണ്‌. എനിക്കെന്റെ പൊത്തമണി കാത്ത്‌ സൂക്ഷിക്കണമല്ലോ, അതില്ലാതെ എങ്ങിനെ മൂത്രമൊഴിക്കും!

വളരും തോറും മനസ്സിലായി, പൊത്തമണി മൂത്രമൊഴിക്കാന്‍ മാത്രമുള്ളതല്ലെന്ന്. 'റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍' ഒരുപാട്‌ ലഭ്യമാകുന്ന കാലമാണല്ലോ കൌമാരം! എന്നാല്‍, ഈ വക റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ പറഞ്ഞു തന്നതും അഭിനവ 'വാത്സ്യായനന്‍'മാരില്‍ നിന്നും കേട്ടറിഞ്ഞതും പ്രകാരമുള്ള ചക്കകള്‍ അഥവാ ഹിജഡകള്‍ യഥാര്‍ത്ഥത്തില്‍ നപുംസകങ്ങളല്ലെന്ന് മനസ്സിലാക്കാന്‍ കാലം കുറച്ചെടുത്തു!!

സാഹചര്യങ്ങളുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മുംബയില്‍ ചേക്കേറിയപ്പോഴാണ്‌ ചക്കകളെ അടുത്തറിഞ്ഞു തുടങ്ങിയത്‌. ഡബിള്‍ ഡെക്കര്‍ ബസ്സിലും ഇലക്ട്രിക്‌ ട്രെയിനിലും ചൌപ്പാട്ടിയിലും നിത്യേന ഇവരെ കാണാറായി; മഹാനഗരത്തിന്റെ അവിഭാജ്യഘടകമെന്നോണം.

ആ ദിവസം അന്ധേരിയില്‍ നിന്നും സാത്‌ഭംഗ്ലയിലേക്ക്‌ ജോലിക്ക്‌ പോയത്‌ ഡബിള്‍ ഡെക്കറിന്റെ മുകള്‍ത്തട്ടിലിരുന്നായിരുന്നു. വലിയ തിരക്കൊന്നുമില്ല. നാലഞ്ച്‌ സ്ത്രീകള്‍, പത്തിരുപത്‌ പുരുഷന്മാര്‍, ഒരു പറ്റം ചക്കകള്‍. ഞാനിവരേയും ശ്രദ്ധിച്ചങ്ങിനെ ഇരുന്നു. എന്റെ പൊത്തമണി...

സൌമ്യമായി തുടങ്ങിയ അവരുടെ സംഭാഷണം മെല്ലെ മെല്ലെ അശ്ലീലത്തിലേക്ക്‌ കടന്നു. തലേന്ന് രാത്രിയിലെ ഇടപാടുകാരുമായുള്ള രതിക്രീഡകള്‍ പങ്ക്‌ വയ്ക്കുകയാണ്‌ അവര്‍. മറാഠി കലര്‍ന്ന ഹിന്ദിയിലും തമിഴിലും, അറപ്പുളവാക്കുന്ന വിവരണം. ഞാന്‍ ചുറ്റും നോക്കി. സ്ത്രീകള്‍ 'രാമ നാമം സത്യം' എന്നോ, Hail Mary full of grace(നന്മ നിറഞ്ഞ മറിയമേ സ്വസ്തി) എന്നോ ജപിച്ചുകൊണ്ട്‌ നിസ്സംഗരായി ഇരിക്കുന്നു. ആണുങ്ങളുടെ തൊലിയുരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായമുള്ള ഒരു മറാഠി സഹികെട്ട്‌ വിളിച്ചുപറഞ്ഞു, ഒന്ന് മിണ്ടാതിരിക്കാന്‍.

കളഞ്ഞു, കടന്നല്‍ കൂട്ടില്‍ കല്ലെടുത്തെറിഞ്ഞു. ഇനി ഓടുകയേ നിവൃത്തിയുള്ളൂ. ഷോ തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീകള്‍ സദസ്സ്‌ കലിയാക്കി. ഗോവണിപ്പടിയില്‍ തിക്കും തിരക്കും. ഞാനൊന്ന് തീരുമാനിച്ചു, ഇന്നേതായാലും ഇത്‌ കണ്ടിട്ടേയുള്ളൂ ബാക്കി കാര്യം. എന്റെ പൊത്തമണി വേണേല്‍ പോട്ടെ!

ആഭാസനൃത്തം അരങ്ങ്‌ തകര്‍ക്കുകയാണ്‌. അകമ്പടിയായി കൈകൊട്ടിപ്പാട്ടും. ഒരുവള്‍(ഈ ദിവസം വരെ സ്ത്രീലിംഗ പദങ്ങളാണ്‌ ഇവര്‍ക്ക്‌ ഞാന്‍ ചാര്‍ത്തിക്കൊടുത്തിരുന്നത്‌) ദാവണി വലിച്ചെറിഞ്ഞ്‌ ഒറ്റ വലിക്ക്‌ തന്റെ ബ്ലൌസ്‌ തുറന്നു. (ബാലന്‍ കെ നായരൊക്കെ ഇവരെ കണ്ട്‌ പഠിക്കണമായിരുന്നു.) കവികള്‍ പാടാറുള്ള കൂമ്പിയ താമരമൊട്ടുകള്‍; ഇതൊരുമാതിരി ഒടിഞ്ഞു തൂങ്ങിയ താമരമൊട്ടുകള്‍. അല്‍പം പോലും കാത്തിരിക്കേണ്ടി വന്നില്ല, അവള്‍ ഇരുകൈകളും കൊണ്ട്‌ പാവാട വാനോളം ഉയര്‍ത്തി. പ്രതീക്ഷിച്ചപോലെ, അടിവസ്ത്രം ഇല്ല. ദീര്‍ഘകാലത്തെ എന്റെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ കണ്ണുകള്‍ ലക്ഷ്യം കണ്ടു. അന്നാദ്യമായി ഞാനറിഞ്ഞു, ആ നഗ്നസത്യം...

(ഒന്ന് മൂത്രമൊഴിച്ചിട്ട്‌ വരാമേ... അതുവരെ ഈ ചക്ക കാണുക)

തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

മണ്ണിട്ടാല്‍ താഴൂല്ല

മണ്ണിട്ടാല്‍ താഴൂല്ല, മണ്ണിട്ടാല്‍ താഴൂല്ല, തലേന്ന് ആലുവാ മണല്‍പ്പുറത്ത്‌ പോയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്‌ ശങ്കരേട്ടന്‍.

കൊടുങ്ങല്ലൂര്‌ന്ന് ബസ്സീ കേറിയതേ ഓര്‍മ്മയുള്ളൂ. ഉറങ്ങിയെണീറ്റപ്പം യെന്താ തെരക്ക്‌, ഹൊ!!!

എവിടെയാ ശങ്കരേട്ടാ, മണ്ണിട്ടാല്‍ താഴാത്തത്‌?, അല്‍പം അവജ്ഞയോടെ കുരുത്തക്കൊള്ളി വാസു.

ശങ്കരേട്ടന്‌ ചോദ്യം തീരെ പിടിച്ചില്ല.

ആലുവാ മണപ്പുറത്താ വാസൂ, കേള്‍വിക്കാരിലൊരാള്‍

‍ശങ്കരേട്ടനെന്താ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലുമില്ലാത്തെ?, വാസുവിന്റെ ചോദ്യം കേട്ട്‌ ശങ്കരേട്ടന്‍ മുഖം തിരിച്ചു.

മണപ്പുറത്തെ ഉറക്കമൊക്കെ സുഖമായിരുന്നോ?, ശങ്കരേട്ടനെ വിടാന്‍ വാസു ഒരുക്കമല്ല.

നീയും പോയിരുന്നോ വാസൂ മണപ്പുറത്ത്‌?

പിന്നില്ലേ, ഇന്നലെ മണലിറക്കാന്‍ ഗോതുരുത്ത്‌ കടവില്‍ ചെന്നപ്പോള്‍, വാറ്റടിച്ച്‌ മണലിന്റെ പുറത്ത്‌ കിടക്കുകയായിരുന്നു ഈ ശങ്കരേട്ടന്‍. എന്നെ കണ്ട ഭാവം നടിച്ചില്ല, കള്ളന്‍!!!

ഏവര്‍ക്കും ശിവരാത്രി ആശംസകള്‍!!!

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2006

തരൂല്ല

ചെറിയ കാര്യങ്ങള്‍ക്കു പോലും ശാന്തേടത്തി വല്ലാതെ പിണങ്ങും. അല്‍പനേരത്തേയ്ക്കേ ഉള്ളൂ ഈ സൌന്ദര്യപ്പിണക്കങ്ങള്‍. അതുകൊണ്ടുതന്നെ, മക്കളില്ലാത്ത ദു:ഖം ഭാസ്കരേട്ടനെ ഇതുവരെ അലട്ടിയിട്ടില്ല. അവിചാരിതമായി കിട്ടിയ ഒഴിവുദിനത്തില്‍, ഇണങ്ങിയും പിണങ്ങിയും അങ്ങിനെ ഉച്ചയൂണു കഴിഞ്ഞ്‌ വിശ്രമത്തിലായിരുന്നു ആ ദമ്പതികള്‍.

ദാസന്‍ ഭസ്കരേട്ടനെ കാണാന്‍ വരുമ്പോള്‍, പരിഭവിച്ചുകൊണ്ട്‌ ഉമ്മറത്തേക്ക്‌ ഇറങ്ങി വരികയാണ്‌ ശാന്തേടത്തി, "തരൂല്ല, ഞാന്‍ തരൂല്ല"

"എന്തു പറ്റി ശാന്തേടത്തീ?"

"കൊടുക്കൂല്ല ദാസാ, ഞാന്‍ കൊടുക്കൂല്ല"

"എന്ത്‌ കൊടുക്കൂല്ലാന്ന്?"

"കൊടുക്കൂല്ല, അങ്ങേര്‍ക്ക്‌ ഞാന്‍ കൊടുക്കൂല്ല"

"എന്താ സാധനം? എനിക്ക്‌ തരോ?"

"പ്പ്‌ഹ ചെറ്റെ, വൃത്തികെട്ടവനേ, #&$**, (^#&)&(%, #^(((&*^%, @%^^)^^, &^%$^$%, #(^&$#&, നിന്റെ തള്ളയോട്‌ പോയി ചോദിക്കെടാ!!!"

ശാന്തം! പാപം!

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2006

രണ്ട്‌ ജന്മങ്ങള്‍

സ്വാര്‍ത്ഥ ജനനം ഏതാണ്ട്‌ ഇപ്രകാരമായിരുന്നു (ദുര്‍ബല ഹൃദയര്‍ ജാഗ്രതൈ!):

ഇരിഞ്ഞാലക്കൊടേല്‍ത്തെ ഇട്ടിക്കുരൂന്റെ ആശ്പത്രി. പ്രസവവേദനകൊണ്ട്‌ പുളയുന്ന ആ യുവതിക്ക്‌ ചുറ്റും ഡോക്ടറും പരിവാരങ്ങളും. ഞാന്‍ അന്നേ സ്വാര്‍ത്ഥന്‍. എന്റെ അമ്മയുടെ ഉദരം എന്റെ മാത്രം സ്വന്തം! അവിടം വിട്ട്‌, ഈ കശ്മലന്മാരുടെ ലോകത്തേക്ക്‌ ഞാനില്ല എന്ന് തീരുമാനിച്ചു. ഡോക്ടറുണ്ടോ സമ്മതിക്കുന്നു. കയ്യില്‍ കിട്ടിയ ചവണ/പ്ലെയര്‍/കൊടില്‍, ഇവയിലേതോ ഒന്നുമായി എന്റെ നേര്‍ക്ക്‌.

"നിന്നെ ഇപ്പം ശരിയാക്കിത്തരാടാ"ന്ന് ഡോക്ടറും, "ന്നാ കാണാടാ"ന്ന് ഞാനും.

ഒരുവിധത്തില്‍ എന്റെ തല അയാള്‍ വലിച്ച്‌ പുറത്തിട്ടു. ഇനി രക്ഷയില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു, "ഇയാള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം."

അടുത്ത അറ്റംറ്റില്‍, തോല്ക്കുമെന്നുറപ്പായ വടംവലിക്കാര്‍ "എന്നാ കെടക്കട്ടെ" എന്ന് പറഞ്ഞ്‌ വടം അഴിച്ച്‌ വിടും പോലുള്ള ഒരു പണി ഞാന്‍ കൊടുത്തു.

കളിക്കുമ്പോള്‍ 'സ്റ്റാച്യൂ' പറഞ്ഞപോലെ നടു വിലങ്ങി ഡോക്ടര്‍ ഒരേ നില്‍പ്‌! കയ്യിലിരുന്ന ചവണ വഴുക്കി. അതിന്റെ അടയാളം എന്റെ SSLC പുസ്തകത്തില്‍ ഇപ്പോഴുമുണ്ട്‌, 'A scar on the right side of the right eye'.

"ഇനി ഇവടെ പറ്റില്ല, വേഗം തൃശൂര്‍ക്ക്‌ വിട്ടോ", ഡോക്ടര്‍ സുല്ലിട്ടു.

എന്റപ്പന്‍, യുദ്ധരംഗത്ത്‌ തളരാത്ത എക്സ്‌ നേവിക്കാരന്‍, ടാസ്കി വിളിച്ച്‌ അമ്മേം കൊണ്ട്‌ നേരെ വിട്ടു. എന്റെ ആദ്യ തൃശൂര്‍ യാത്ര! ഞാനിങ്ങനെ തല പുറത്തിട്ട്‌ കാഴ്ചകളൊക്കെ കണ്ട്‌... വല്ലാണ്ട്‌ കാറ്റടിച്ചപ്പോള്‍ പതുക്കെ തല ഉള്ളിലേക്ക്‌ വലിച്ചു.

മിഷ്യനാശ്പത്രിക്കാര്‍ ഇത്‌ കൊറേ കണ്ടതാ. അവര്‌ വാക്കത്തീം വടിവാളുമായി ടീമായി വന്ന് അമ്മേടെ വയറ്‌ കീറി. ഒന്ന് ചെറുത്ത്‌ നില്ക്കാന്‍ പോലും അനുവദിക്കാതെ, എന്നെ എടുത്ത്‌ പുറത്തിട്ടു. കുറുമ്പ്‌ കാട്ട്യേന്‌ കുഞ്ഞിച്ചന്തീമ്മൊരു പെട! (നന്നായി വേദനിച്ചൂ ട്ടോ)

കലാലയത്തില്‍ വച്ച്‌ മറ്റൊരു ജന്മത്തെ പരിചയപ്പെട്ടു. ആ ജനനം ഇങ്ങനെ:

എട്ട്‌ മാസം ഗര്‍ഭിണിയായ യുവതി, യെര്‍ണാളം ഓച്ചന്തുരുത്ത്‌ വളപ്പ്‌ ദേശത്തെ വീടിനടുത്തുള്ള പള്ളിയിലേക്ക്‌ പോകുന്നു. വഴിയില്‍ വച്ച്‌ മരപ്പാലം തകര്‍ന്ന് 'ബ്ലും', ദേ കെടക്കണ്‌ അവര്‍ താഴെ തോട്ടില്‍! ആശുപത്രി കിടക്കയില്‍ രണ്ടാള്‍ക്ക്‌ സ്ഥലമില്ലാതിരുന്നത്‌ കാരണം, മാസം തികയാത്ത കുഞ്ഞിനെ നഴ്സമ്മമാര്‍ അവരുടെ മുറിയില്‍ പുല്ക്കൂടുണ്ടാക്കി ലൈറ്റൊക്കെയിട്ട്‌ കിടത്തി.

പരുക്കൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെട്ട്‌ തുള്ളിച്ചാടി നടന്ന ആ കുഞ്ഞിന്‌ രണ്ടര വയസ്സായി. സര്‍ക്കാരിന്‌ നിര്‍ബന്ധം, കുഞ്ഞുങ്ങള്‍ക്ക്‌ 'പോളിയോ' എടുക്കണം. എടുത്തു. രണ്ടാം ദിവസം അക്ഷരാര്‍ത്ഥത്തില്‍ 'പോളിയോ' കിട്ടി.

ഒരു വശം മുഴുവന്‍ തളര്‍ന്ന കുഞ്ഞിനെ കോട്ടക്കലെ വൈദ്യരും ഗോവയിലെ ഡോക്ടറും മറ്റും ചേര്‍ന്ന് ഒരുപാട്‌ കാലം കൊണ്ടാണ്‌ എഴുന്നേറ്റ്‌ നടക്കാന്‍ പാകമാക്കിയത്‌.

ഇതിപ്പൊ, പിടിച്ചേലും വല്ലീതാണല്ലോ അളേല്‌, എന്ന മട്ടായി ഞാന്‍. ന്നാലും, പിന്നീടൊരിക്കല്‍ ചോദിച്ചു, "കൂടെ കൂടുന്നോ"ന്ന്.*

ഇന്നവള്‍ മറ്റ്‌ രണ്ട്‌ ജന്മങ്ങളുടെ, സ്വാര്‍ത്ഥന്റെ ചുണക്കുട്ടന്മാരുടെ, അമ്മയാണ്‌!

*അന്നൊരു ഫെബ്രുവരി 14 ആയിരുന്നു.
'ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വാലന്റൈന്‍ ദിനാശംസകള്‍'

ഞായറാഴ്‌ച, ജനുവരി 29, 2006

കൂട്ടുകഥ - 4 പനകയറ്റം

കൊടികുത്തിയ യൂണിയന്‍ നേതാവാണ്‌ സഖാവ്‌ സദാശിവന്‍. തൊഴിലാളികളെ എങ്ങിനെ വഹിക്കണമെന്ന് പഠന കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിച്ചവന്‍. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്‍ച്ചയേക്കുറിച്ച്‌ സസൂക്ഷ്മം നിരീക്ഷിച്ചുപോരുന്ന കോണ്ട്രാക്റ്റിംഗ്‌ കമ്പനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്‌ സദാശിവന്‍ ഗള്‍ഫിലെത്തിയത്‌. പ്രതീക്ഷ വെറുതെയായില്ല, റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആളേക്കൂട്ടുന്ന അതേ വീറോടെ ലേബര്‍മാരെ നയിച്ചുകൊണ്ട്‌ സഖാവ്‌ സൂപ്പര്‍വൈസര്‍ തന്റെ ദൌത്യം ആരംഭിച്ചു.

തികച്ചും തത്വശാസ്ത്രപരമായിരുന്നു സഖാവിന്റെ പ്രവര്‍ത്തനം. വിവരവും വിദ്യാഭ്യാസവുമില്ലാത്ത നേപ്പാളികളേയും ശ്രീലങ്കക്കാരേയും കഴുതകളേപ്പോലെ പണിയെടുപ്പിക്കുക. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുക. ഒരുകിലോ പരിപ്പ്‌ ഒരായിരം പേര്‍ക്ക്‌ എന്ന തത്വവുമായി സഖാവിന്റെ സൂപ്പര്‍വൈസിംഗ്‌ മെസ്സിലേക്കും വ്യാപിച്ചതോടെ അളമുട്ടിയ നീര്‍ക്കോലികളും തലപൊക്കിത്തുടങ്ങി.

ഒരു സുപ്രഭാതത്തില്‍ മാനേജ്‌മെന്റിനു മുന്‍പാകെ നേപ്പാളിക്കൂട്ടം. പരിപ്പ്‌ വെള്ളത്തില്‍ അല്‍പം ഭേദഗതിയാണ്‌ ആവശ്യം. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായപ്പോഴേക്കും സൈറ്റില്‍ അര ദിവസത്തെ പണി മുടങ്ങി. ഇതില്‍പരം ക്ഷീണം സദാശിവന്‌ വരാനില്ല. സഖാവിന്റെ വിപ്ലവ വീര്യം ഉണര്‍ന്നു. നേപ്പാളിക്കൂട്ടത്തിലെ കാലുവാരികളെ കൂട്ടുപിടിച്ച്‌, ചാരായം വാങ്ങിക്കൊടുത്ത്‌, പരാതിപറഞ്ഞവരെ രാത്രി ക്യാമ്പിനുള്ളില്‍ പൂട്ടിയിട്ട്‌ ഇരുട്ടടി അടിപ്പിച്ചു.

പ്രഭാതം തികച്ചും ശാന്തം. മുന്‍പൊരിക്കല്‍, ലേബര്‍ വകുപ്പില്‍ പരാതിപ്പെടും എന്ന് പറഞ്ഞ ഒരുവന്‍ അന്ന് രാത്രിതന്നെ നാട്ടില്‍ വിമാനമിറങ്ങിയത്‌ ആര്‍ക്കും മറക്കാറായിട്ടില്ല. എങ്കിലും, തലേന്ന് മുഴങ്ങിക്കേട്ട നിസ്സഹായരായ നേപ്പാളിക്കൂട്ടങ്ങളുടെ കരച്ചില്‍ സദാശിവന്റെ കൌണ്ട്‌ ഡൌണിന്റെ ആരംഭമായിരുന്നു.

മലയാളികള്‍ മുന്‍കൈ എടുത്താണ്‌ 'സദാശിവന്‍ വിരുദ്ധ മുന്നണി'ക്ക്‌ രൂപം കൊടുത്തത്‌. രഹസ്യ അജണ്ട പ്രകാരം, നാലു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഒരുവന്റെ ഭാര്യ പ്രസവിച്ചു. ആഘോഷത്തിന്‌ മുഖ്യാതിഥിയായി സഖാവിനേയും നിശ്ചയിച്ചു. ഖത്തറില്‍ മദ്യം സുലഭമാണോന്ന് ചോദിച്ചാല്‍...നാലുകാശിന്‌ വകയുള്ളവന്‌ പെര്‍മിറ്റ്‌ കിട്ടും. ലേബര്‍ ക്യാമ്പിലെ പട്ടിണിപ്പാവങ്ങള്‍ക്ക്‌ 'പന' തന്നെ ശരണം.

'പന'യെന്നാല്‍ പനങ്കള്ളല്ല. ഈന്തപ്പനയുടെ ചിത്രം ആലേഖനം ചെയ്ത, 70% സ്പിരിറ്റ്‌ കലര്‍ന്ന ഒമാന്‍ നിര്‍മ്മിതമായ ബാത്‌റൂം ക്ലീനിംഗ്‌ ലിക്വിഡ്‌. സദാശിവനെ 'പനകയറ്റുക' എന്നതാണ്‌ മുന്നണിയുടെ അപ്രഖ്യാപിത ലക്ഷ്യം. അവധി ദിവസമായതിനാല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടും ഒരുകെയ്സ്‌ പനയേ ലഭിച്ചുള്ളൂ. ആരും നിരാശരല്ല, ആയിരം സദാശിവന്മാര്‍ക്ക്‌ അര പന തന്നെ ധാരാളം.

നാട്ടില്‍ വാറ്റടിച്ചു നടന്ന സഖാവ്‌ വിസ്കിയേ കുടിക്കൂ അതും സ്പ്രൈറ്റ്‌ ഒഴിച്ച്‌. സദാശിവനു വേണ്ടി ബക്കറ്റ്‌ പിരിവ്‌ നടത്തി ബ്ലാക്കില്‍ വിസ്കിയൊരെണ്ണം സംഘടിപ്പിച്ചിട്ടുണ്ട്‌ സംഘാടകര്‍. രണ്ടെണ്ണം അകത്തുചെന്നപ്പോള്‍ സഖാവ്‌ വാചാലനായി, തൊഴിലാളികളിലൊരുവനായി. പിന്നീടങ്ങോട്ട്‌ സ്പ്രൈറ്റിന്‌ പകരം പന മിക്സ്‌ ചെയ്ത്‌ തങ്ങളുടെ പ്രിയ നേതാവിനെ അവര്‍ വേണ്ടുവോളം സല്ക്കരിച്ചു.

പാതിരാത്രി. സദാശിവന്‍ പനയില്‍ കയറുംപോലെ കയ്യും കാലും കുത്തി റോഡിലൂടെ... വര്‍ഗസ്നേഹം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളില്‍ ചിലരുണ്ടായിരുന്നു അവിടെ. സദാശിവനെ അവര്‍ 'എത്തേണ്ടിടത്ത്‌' എത്തിച്ചു.

പിറ്റേന്ന് രാവിലെ ഒന്നൊഴിയാതെ തൊഴിലാളികളെല്ലാം ഹാജര്‍. സൂപ്പര്‍വൈസര്‍ സദാശിവന്‍ നെടുമ്പാശ്ശേരി അറൈവല്‍ ടെര്‍മിനലില്‍.

ബുധനാഴ്‌ച, ജനുവരി 25, 2006

കിഴക്കും പടിഞ്ഞാറും, നമ്മറോടെ

ശ്രീകുമാറസ്വാന്മീ നമ:
കുമാറിന്റെ ‘കിഴക്കും പടിഞ്ഞാറും‘ കണ്ട് പ്രചോദിതനായി വെളുപ്പിന് ക്യാമറയുമായി എഴുന്നേറ്റു...












(അടിക്കുറിപ്പിന് എവിടെപ്പോകും? കുമാര്‍ തന്നെ തുണ!)
ദോഹയില്‍ നിന്നുമടങ്ങും വഴിയില്‍ അല്‍ ഖോറിനടുത്ത് കണ്ട ഉദയം.ഒരു റോഡിനിടതുഭാഗത്തു കണ്ട കാഴ്ചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോള്‍ത്തന്നെ റോഡിന്റെ വലതുഭാഗത്തു കണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം, പാലമില്ലാത്തതിനാല്‍ , ഇത്തിരീശെ ലീക്ക് ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, കാറിന് മുകളിലെ ‘എന്റെ പ്രിയപ്പെട്ട ശബ്നത്തില്‍ ‘ പ്രതിഫലിക്കുന്നതാണ് കിഴക്കന്‍ കാഴ്ച.
മരക്കരുത്ത് കൊണ്ട് മഞ്ഞ വെളിച്ചം തടഞ്ഞ് നിര്‍ത്തുന്നത്, പടിഞ്ഞാറന്‍ കാഴ്ചയും.
ഈ കാഴ്ചയ്ക്കും ഫില്‍ട്ടറുകള്‍ ഇല്ല.

ഇനി ഞാനൊന്ന് ആശ്വസിച്ചോട്ടേ കുമാറേ?

“ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും, വലുതാകും...”


എല്ലാം കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ കണ്ടത് ഈ കാഴ്ചയും...


നമ്മളേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...

തിങ്കളാഴ്‌ച, ജനുവരി 23, 2006

പാവം ദുഷ്ടന്‍

നിതംബത്തിന്റെ 'നിറം' നോക്കിയാണത്രെ ആ ക്രൂരകൃത്യത്തിന്‌ അവന്‍ അവളെത്തന്നെ തെരഞ്ഞെടുത്തത്‌!

"അരുതേ..." എന്ന് ഞാന്‍ പറഞ്ഞു നോക്കി.

"ഈ തണുപ്പില്‍ പിടിച്ചുനില്ക്കാന്‍ ഇങ്ങനെ ചിലതൊക്കെ കൂടിയേ തീരൂ" അവന്‍ പിന്മാറാന്‍ തയ്യാറല്ല.

പുറകില്‍ നിന്ന് അവളുടെ മേല്‍ അവന്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. നിഷ്കരുണം അവളുടെ ഉടയാട അവന്‍ പറിച്ചെറിഞ്ഞു. മരണത്തിന്റെ നിലയില്ലാക്കയത്തിലേക്ക്‌ തുഴയുകയായിരുന്നു അപ്പോള്‍ അവള്‍. ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ അവള്‍ പിടഞ്ഞു.

"ഈശ്വരാ...വൈകാതെ ജന്മം നല്‍കാന്‍ പോകുന്ന ഒരമ്മയായിരുന്നല്ലോ അവള്‍" എന്റെ ഉള്ളം പിടഞ്ഞു. അവള്‍ ഒരുവളേക്കൊണ്ട്‌ ആ ദുഷ്ടന്‍ തൃപ്തനല്ല. ദുഷ്ടത നിറഞ്ഞ ആ കൈകള്‍ അവളുടെ കൂട്ടുകാരികളുടെ നേര്‍ക്ക്‌ തിരിയും മുന്‍പേ ഞാന്‍ അവിടം വിട്ടു.

"ഇത്ര ക്രൂരനാവാന്‍ മനുഷ്യന്‌ എങ്ങിനെ കഴിയുന്നു?" തിരിച്ച്‌ വരുമ്പോഴും ഈ ചിന്തയായിരുന്നു മനസ്സില്‍.

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ചിന്തയാകെ മാറി. "പുണ്യം നിറഞ്ഞ ആ കൈകളേയാണല്ലോ ഞാന്‍ ദുഷ്ടത നിറഞ്ഞതായി ചിത്രീകരിച്ചത്‌" സഹതാപവും ആരാധനയും എന്നില്‍ നിറഞ്ഞു.

'ആ ഞണ്ട്‌ കറി അത്രയ്ക്ക്‌ രുചിയായിരുന്നു!'

വെള്ളിയാഴ്‌ച, ജനുവരി 20, 2006

കൂട്ടുകഥ - 3

"മാള, പൊയ്യ, പൂപ്പത്തി..."

എഴുപതുകളില്‍ 'മാള'യില്‍ നിന്ന് പൊയ്യ, പൂപ്പത്തി, കോട്ടപ്പുറം വഴി എറണാകുളത്തേക്ക്‌ ബോട്ട്‌ സര്‍വീസ്‌ ഉണ്ടായിരുന്നു. 'റുക്‍മണി' മൂപ്പത്തിയുടെ മകളെ കൊടുത്തിരിക്കുന്നത്‌ 'എര്‍ണാകുള്‍ത്തേക്കാ'. വരാപ്പുഴയിലെ ചെട്ടിഭാഗത്തുനിന്നും മൂപ്പത്തി ബോട്ടില്‍ കയറി.

എറണാകുളത്ത്‌ ബോട്ടിറങ്ങിയ മൂപ്പത്തി നേരെ ബസ്റ്റാന്റിലേക്ക്‌ നടന്നു.

"വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ..."

"എന്തോര്‍ പണ്ടാറമാണ്‌ സങ്ങാതീ, നമ്മ്ടെ മോള്‍ക്ക്‌ വൈറ്റ്‌ലുള്ളത്ത്‌ ഈ പണ്ടാറം എങ്ങനേ അറിഞ്ഞു?" വൈറ്റിലയ്ക്ക്‌ പോകുന്ന ബസ്സിലെ കിളിയെക്കണ്ട്‌ മൂപ്പത്തി അതിശയിച്ചു.

മകളുടെ വീട്ടിലെത്തുന്നതുവരെ ഒരേ ചിന്തയായിരുന്നു മൂപ്പത്തിയുടെ മനസ്സില്‍, " തിര്‍മല്‍ തേവാ, എര്‍ണാകുളം എര്‍ണാകുളം എന്ന് പര്‍ഞ്ഞൂ, കുളം നംക്ക്‌ കാണാന്‍ കൊട്‌ത്തില്ലല്ലോ!"

മൂന്ന് ദിവസം മകളുടെ കൂടെ താമസിച്ച മൂപ്പത്തി, തിരിച്ച്‌ പോരാന്‍ എര്‍ണാകുളം ബോട്ട്‌ ജെട്ടിയിലെത്തി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വിളിച്ചു കൂവുന്നുണ്ട്‌.

റുക്‍മിണി മൂപ്പത്തി ആകെ വല്ലാണ്ടായി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വീണ്ടും.

"എന്തോര്‍ നാശമാണ്‌" മൂപ്പത്തി മകളുടെ അടുത്തേക്ക്‌ തിരിച്ചു പോയി.

യാത്ര പറഞ്ഞ്‌ പോയ അമ്മ തിരിച്ചു വന്നപ്പോള്‍ മകള്‍ക്ക്‌ അതിശയം, "അമ്മ വല്‍തും മര്‍ ന്നോ?"

"പണ്ടാറം! ബോട്‌കാറന്‍ പര്‍ഞ്ഞൂ...നാള പൊവ്വാ മൂപ്പ്‌ത്തീ...നാള പൊവ്വാ മൂപ്പ്‌ത്തീന്ന്...നമ്മള്‍ ഇങ്ങോട്‌ തിര്‍ച്ച്‌ പോന്നു!"

ചൊവ്വാഴ്ച, ജനുവരി 17, 2006

'ഭാര്യ ഗര്‍ഭിണിയായി'

(എന്റെയല്ല)

ചര്‍ച്ച രാജേഷിനേക്കുറിച്ചാണ്‌. കൃത്യമായി പറഞ്ഞാല്‍ രാജേഷിന്റെ ഭാര്യയേക്കുറിച്ച്‌. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ്‌ കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ". രാജേഷിന്‌ പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത്‌ ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്‌. 1200 റിയാല്‍ മാത്രമാണ്‌ ശമ്പളം. ഫുഡ്ഡടിക്ക്‌ തന്നെ 300 പോകും.

വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ്‌ അല്ലെങ്കില്‍ ഡൈവോഴ്സ്‌! രാജേഷ്‌ പ്രതിസന്ധിയില്‍.

ട്രാവല്‍സിലെ സലീമാണ്‌ ഉപദേശകന്‍, "വിസിറ്റിംഗ്‌ വിസയില്‍ ഇങ്ങു കൊണ്ട്‌ പോര്‌, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"

"പതിനയ്യായിരം കൊടുത്താണ്‌ മോന്‌ എല്‍കേജിയില്‍ സീറ്റ്‌ വാങ്ങിയത്‌. വിസയ്ക്കുള്ള ചെലവ്‌, ടിക്കറ്റ്‌ കാശ്‌, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട്‌ ചെലവ്‌..."

"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"

രാജേഷ്‌ എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച്‌ സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ്‌ കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത്‌ നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ്‌ ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...

"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." രാജേഷ്‌ തല പുകച്ചു.

എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!

ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക്‌ ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അല്‍പം ബ്രൈറ്റ്‌ ലൈറ്റ്‌ കിട്ടിത്തുടങ്ങി.

രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. 'രാജേഷിനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.

ഷെയറിംഗ്‌ അക്കൊമഡേഷന്‌ സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് രാജേഷ്‌ സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട്‌ ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."

പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച്‌ വല്ലവിധേനയും നാട്ടിലേയ്ക്ക്‌ പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന രാജേഷ്‌ ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ്‌ വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച്‌ വരാമായിരുന്നു"

രാജേഷിന്‌ ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് സലീമിനെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത്‌ തന്നത്‌. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത സലീം പരിഹാരം നിര്‍ദ്ദേശിച്ചു.

മൂന്നാം മാസം മൂന്നാം ദിവസം സലീമിന്റെ മൊബൈല്‍ ചിലച്ചു. രാജേഷാണ്‌, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക്‌ അടുത്ത ഫ്ലൈറ്റിന്‌ രണ്ട്‌ ടിക്കറ്റെടുത്തോ. അവള്‍ ഗര്‍ഭിണിയായി!"

-തുടരും-

ബുധനാഴ്‌ച, ജനുവരി 11, 2006

കൂട്ടുകഥ - 2

'ശുഷ്കാന്തി'

സ്വര്‍ണ്ണക്കടയിലെ സെയില്‍സ്മാന്‍ പണി കളഞ്ഞിട്ടാണ്‌ സത്യന്‍ ചന്ദ്രേട്ടന്റെ ഗേരേജില്‍ ചേര്‍ന്നത്‌. ഗള്‍ഫിലെ സ്പെയര്‍ പാര്‍ട്‌ കടയിലേക്ക്‌ അളിയന്‍ വിസ ശരിയാക്കിയിട്ടുണ്ട്‌. ഒരു മാസം കൊണ്ട്‌ ഓട്ടോമൊബെയില്‍ രംഗം അരച്ച്‌ കലക്കി കുടിക്കണം. ഗോപാലേട്ടന്റെ സ്പെയര്‍ പാര്‍ട്‌ കടയേക്കാളും എന്തുകൊണ്ടും ഭേദം ചന്ദ്രേട്ടന്റെ ഗേരേജാണെന്ന് വിധഗ്ദാഭിപ്രായം, ഹാന്‍ഡ്സ്‌ ഓണ്‍ എക്സ്‌പീരിയന്‍സ്‌ കിട്ടുമല്ലോ.

ആദ്യ ദിവസം പഠിച്ചത്‌ സി ഫോര്‍ ചായ, പി ഫോര്‍ പരിപ്പുവട. ഗേരേജിലുള്ളവര്‍ക്കെല്ലാം നാരായണേട്ടന്റെ ബേക്കറി ഏന്‍ഡ്‌ ടീസ്റ്റാളില്‍ നിന്ന് ഓണ്‍ ഹാന്‍ഡില്‍ ഇവ വാങ്ങിക്കൊടുക്കണം.

ആശാന്‍ ഫുള്‍ടൈം വെള്ളത്തിലാണ്‌. 'ഓസീയാറും' എരിവുള്ള മിച്ചറുമാണ്‌ പ്രാതല്‍. പണിയില്‍ ശുഷ്കാന്തി കാണിക്കുന്നവരോട്‌ പ്രത്യേക സ്നേഹമാണ്‌ മൂപ്പര്‍ക്ക്‌. സത്യന്‍ ശുഷ്കാന്തനായി.

അങ്ങിനെ ഒരുദിവസം ആശാന്‍ സത്യനോട്‌ പറഞ്ഞു, "നീയാ പതിനേഴിന്റെ സ്പാനര്‍ ഇങ്ങെടുത്തേ"

ഇതില്‍ പരം സന്തോഷം സത്യന്‌ വരാനില്ല, ആദ്യമായി ആശാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. കേട്ടപാതി സത്യന്‍ ഓടി, ടൂള്‍ ബോഡിനരികിലേക്ക്‌. അവിടെയതാ രഘു. ആദ്യദിവസം മുതല്‍ രഘുവും കൂട്ടരും കാത്തിരിക്കുകയാണ്‌, സത്യനെ 'റാഗ്‌ ' ചെയ്യാന്‍. ഇതാ സുവര്‍ണ്ണാവസരം.

"പതിനേഴിന്റെ സ്പാനര്‍ ഇവിടെ കാണാനില്ല, പത്തിന്റേം ഏഴിന്റേം ഉണ്ട്‌" രഘുവിന്റെ സഹായഹസ്തം.

"പത്ത്‌ പ്ലസ്‌ ഏഴ്‌, പതിനേഴ്‌" സത്യന്‍ മനസ്സില്‍ കണക്കുകൂട്ടി. ശീഘ്രം ആശാന്റെ പക്കലെത്തി, "ആശാനെ പതിനേഴിന്റെ ഇല്ല, പത്തിന്റേം ഏഴിന്റേം ഇതാ"

കയറ്റം കയറി വന്ന വണ്ടിയുടെ റേഡിയേറ്റര്‍ തുറന്നപോലെ, ആശാന്‍.ര

ണ്ട്‌ ദിവസം അവധിയെടുക്കേണ്ടിവന്നു സത്യന്‌, ആശാന്റെ തിരുമുഖത്ത്‌ നിന്നുതിര്‍ന്ന തെറി പാര്‍ട്ടുകളുടെ ക്ഷീണമൊന്ന് മാറിക്കിട്ടാന്‍.

നെഞ്ചത്ത്‌ അല്ലെങ്കില്‍ പുറത്ത്‌, സത്യന്‍ ക്ഷീണമൊക്കെ മാറി വീണ്ടും ഹാജര്‍. രഘുവിനെ പരിസരത്തെങ്ങും കാണാനില്ല, പരുങ്ങി പരുങ്ങി ആശാന്റെ അരികില്‍ ചെന്നു.

"നീ ആ കടയില്‍ ചെന്ന് ആറ്‌മിച്ചര്‍ വാങ്ങിക്കൊണ്ട്‌ വന്നേ" അമ്മാവന്റെ മധ്യസ്ഥശ്രമം ഏറ്റു, ആശാന്‍ വളരെ സൌമ്യന്‍, "രഘുവിനോട്‌ പറഞ്ഞാ മതി."

സത്യന്‍ ശുഷ്കാന്തനായി, "ഒരു പണി രഘു എനിക്കിട്ട്‌ തന്നതാ, ഇനി അത്‌ വേണ്ട" അവന്‍ മനസ്സിലോര്‍ത്തു. സ്പെയര്‍ പാര്‍ട്‌ കടയില്‍ നില്ക്കുന്ന രഘുവിന്റെ കണ്ണില്‍ പെടാതെ നാരായണേട്ടന്റെ കടയില്‍ നിന്ന് സാധനം വാങ്ങി ശരവേഗത്തില്‍ ആശാന്റെ അടുത്തെത്തി.

"ആശാനെ, നാല്‌ മിച്ചറേ ഉള്ളൂ, രണ്ട്‌ കൊള്ളി വറുത്തതും വാങ്ങി, നല്ല എരിവുള്ളത്‌..."

ആശാന്‍....റേഡിയേറ്റര്‍....ഹെന്റമ്മോ!
ഇത്തവണ ശരിക്കും ഹാന്‍ഡ്സ്‌ ഓണ്‍ ആയിരുന്നു, എക്സ്‌പീരിയന്‍സ്‌...

ശനിയാഴ്‌ച, ജനുവരി 07, 2006

കൂട്ടുകഥ - 1

'ചെന്തൊണ്ടിപ്പഴങ്ങള്‍'

"ഈ ചെന്തൊണ്ടിപ്പഴങ്ങള്‍ക്കെന്ത്‌ ഭംഗിയാ! എനിക്കസൂയ തോന്നുന്നു" അവള്‍ അവന്റെ ചുണ്ടുകളില്‍ നോക്കി പറഞ്ഞു.

അന്നവര്‍ ഒന്‍പതാം ക്ലാസില്‍.
ഇന്ന് ക്ലാസേറെ ഉയര്‍ന്നു.
അവന്‍ എംബീബീയെസ്‌ മൂന്നാം വര്‍ഷം.

അവള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ്‌ അവന്‍ ഓടിയെത്തി. നാളേറെയായി തമ്മില്‍ കണ്ടിട്ട്‌. കണ്ടാല്‍ തിരിച്ചറിയുമോ!

"മുഖത്തിന്‌ യാതൊരു കുഴപ്പവുമില്ല, ശരീരത്തില്‍ 90% പൊള്ളലേറ്റിട്ടുണ്ട്‌," ഐസീയൂവിലെ ഡ്യൂട്ടീ നഴ്സ്‌.

വാഴയിലയില്‍ കിടത്തിയിരിക്കുന്ന അവളെ കണ്ട്‌ അവന്‍ വിതുമ്പി, "നീ എന്തിനിത്‌ ചെയ്തു? നിനക്ക്‌ ഞാനൊരു ജീവിതം തരുമായിരുന്നില്ലേ!"

അവന്റെ ചുണ്ടുകളിലേക്ക്‌ നോക്കി അവള്‍ പറഞ്ഞു, "നീ സിഗരറ്റ്‌ വലിക്കാറുണ്ടല്ലേ? എനിക്ക്‌ വിഷമം തോന്നുന്നു..."

വ്യാഴാഴ്‌ച, ജനുവരി 05, 2006

എന്റെ മുറി ദേ കണ്ടൊ

അടുക്കും ചിട്ടയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ ഒരുക്കമല്ല!
(മൈ ചട്ടി ഓഫ്‌ ചിട്ടയ്ക്കൊരു പിന്മൊഴി)











ആ വെള്ള ബെനിയന്റെ അടിയില്‍ എന്താണെന്ന് ചോദിക്കല്ലേ...

വക്കാരീ, പുറകില്‍ ചാരിവച്ചിരിക്കുന്നത്‌ വാക്വം ക്ലീനറാ. വേണേല്‍ എടുത്തോ, അതവിടിരിപ്പ്‌ തൊടങ്ങീട്ട്‌ കാലം കുറച്ചായി.

'മുട്ട വെച്ച ദിവസം'

ഒരു ന്യൂ ഇയര്‍ തലേന്ന്.

"സെബോ......"

അമ്മിണിയുടെ നീട്ടിയുള്ള വിളി കേട്ടാണ്‌ സെബാസ്റ്റ്യന്‍ അന്നും ഉണര്‍ന്നത്‌. സമയമായി, വേഗം പല്ലുതേപ്പും ചായകുടീം കഴിഞ്ഞ്‌ അവളേം കുഞ്ഞിനേം കൊണ്ട്‌ പുറപ്പെട്ടില്ലെങ്കില്‍ അമ്മയുടെ വായിലിരിക്കുന്നത്‌ മുഴുവന്‍ കേള്‍ക്കേണ്ടിവരും.

ഒന്നോര്‍ത്താല്‍ സെബൊ ഭാഗ്യവാനാ. പാലു മുഴുവന്‍ ആളുകള്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ട്‌ പോകുന്നത്‌ കാരണം സൊസൈറ്റിയില്‍ പോകാന്‍ വെളുപ്പിന്‌ എഴുന്നേല്ക്കണ്ട.

"നീ ഇവളേം കൊണ്ട്‌ ഇവിടെ നിക്കാ?" തെക്കേലെ ബെന്നി, "പള്ളീല്‍ക്കി വാടാ, 'പഴേ മന്‍ഷ്യനെ' ഇണ്ടാക്കി കഴിഞ്ഞിട്ടില്ല്യ."

"എന്തിനണ്ട ഇണ്ടാക്കണെ? നിന്റെളേപ്പന്‍ റപ്പമാപ്ലേനെ കോലുമ്മെ കെട്ടി കത്തിച്ചാപ്പോരെ!"

ബെന്നിക്കിഷ്ടായി, "അമ്മിണീ, സുഖല്ലേ നിനക്ക്‌?" അമ്മിണിയുടെ ചന്തിക്കിട്ടൊരു പെട.

"പ്പ്‌ഹ വൃത്തികെട്ടവനെ", അമ്മിണി പിന്‍കാലുകൊണ്ടൊരു ചവിട്ടും വാലുകൊണ്ടൊരു തൊഴിയും.

തൈത്തെങ്ങുകളുടേയും വാഴകളുടേയും റെയ്ഞ്ചില്‍ നിന്ന് സെയ്ഫായി അമ്മിണിയേയും ക്ടാവിനേയും കെട്ടി, ബെന്നിയുടെ സൈക്കിളില്‍ അറ്റാച്ച്‌മെന്റായി സെബോ നേരെ പള്ളിയിലേക്ക്‌.

"എല്ലാക്കൊല്ലോം ഇതന്യല്ലെടാ, ഈ കരിക്കലോം വൈക്കോലും കീറിയ പാന്റും ഷര്‍ട്ടും. ഈ പ്രാവശ്യെങ്കിലും ഒരു വെറൈറ്റി വേണ്ടേ"

"വേണം, പ്ലാന്‍ ചെയ്ത്‌ നീ തന്നെ അങ്ങട്‌ ഇണ്ടാക്ക്‌" ബെന്നി റെയ്സായി.

"നീ ചൂടാവല്ലെ"

"കഴിഞ്ഞ കൊല്ലോം നീ പ്ലാനൊക്കെ പറഞ്ഞു. ഇണ്ടാക്കാന്‍ നേരത്ത്‌ പശൂനെ കെട്ടാന്‍ പോയി"

"ഇപ്രാവശ്യം ഒരു സിംപിള്‍ സിമ്പോളിക്‌ പ്ലാന്‍" സെബൊ കൈപ്പത്തികള്‍ നിവര്‍ത്തി തള്ളവിരല്‍ വിടര്‍ത്തി ചേര്‍ത്ത്‌ വച്ച്‌ സംവിധായകനായി. "പഴയ വര്‍ഷത്തെ പ്രതിനിധീകരിച്ച്‌ കോലത്തില്‍ നമ്മളൊരു കലണ്ടര്‍ തൂക്കുന്നു. 'കലണ്ടര്‍ മനോരമ തന്നെ'."

"ഉഗ്രന്‍, എന്നാ നീ ഈ സൈക്കിളും കൊണ്ട്‌ വേഗം കലണ്ടറെടുത്ത്‌ വാ" ബെന്നി ഇറങ്ങി നടന്നു.

അമ്മയുടെ കണ്ണില്‍ പെടാതെ സെബൊ വീട്ടില്‍ കയറി. 'മനോരമ' കലണ്ടറെടുത്ത്‌ തല്‍സ്ഥാനത്ത്‌, പള്ളിയിലേക്ക്‌ ക്രിസ്മസ്‌ കേക്ക്‌ വാങ്ങിയപ്പോള്‍ കോമ്പ്ലിമെന്റായി കിട്ടിയ 'സുപ്രീം ബേക്കറിയുടെ' കലണ്ടര്‍ തൂക്കി, അമ്മയ്ക്കൊരു സര്‍പ്രൈസായിക്കോട്ടെ.

പഴയ മനുഷ്യക്കോലത്തിന്റെ പണി ഏതാണ്ട്‌ പൂര്‍ത്തിയായി. പടക്കവും തല പൊട്ടിത്തെറിക്കാനുള്ള ഗുണ്ടും രാത്രിയിലേ ഇന്‍സ്റ്റാള്‍ ചെയ്യൂ. അല്ലെങ്കില്‍ പൊട്ടിന്റെ ഗുമ്മ് കുറയും. കലണ്ടര്‍ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പ്ലാനും കലണ്ടറും സെബൊ ഹാന്‍ഡോവര്‍ ചെയ്തു.

മാത്തനാണത്‌ കണ്ടത്‌, കലണ്ടര്‍ താളിലെ തീയതിക്കടിയില്‍ നീല മഷികൊണ്ടെഴുതി വച്ചിരിക്കുന്നു 'മുട്ട വെച്ച ദിവസം'. "ഡാ സെബോ, നിന്റെ അമ്മ കലണ്ടറിലാണോടാ മൊട്ടയിടണത്‌?"

'യൂത്ത'ന്മാര്‍* ആര്‍ത്തു ചിരിച്ചു. മാത്തന്‍ താരമായി.

"ആ മൊട്ട വിരിഞ്ഞ ചാത്തന്യാ നിന്റെ അപ്പന്‍ ലേലം വിളിച്ചോണ്ട്‌ പോയിട്ട്‌ ഇതു വരെ കാശ്‌ കൊടുത്തില്ലാന്ന് കഴിഞ്ഞാഴ്ച പള്ളീല്‌ വിളിച്ച്‌ പറഞ്ഞത്‌"

യൂത്തന്മാര്‍ ആര്‍ത്താര്‍ത്തു ചിരിച്ചു, മാത്തന്‍ ചാരമായി.

പാതിരാക്കുര്‍ബാന അടിപൊളിയായി കഴിഞ്ഞു. ശേഷം പഴയ മനുഷ്യനെ കത്തിക്കല്‍. കാറ്റില്‍ പറന്നുയരുന്ന കലണ്ടര്‍ താളുകള്‍ കത്തിയമരുന്നത്‌ വിന്‍സെന്റേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട്‌ വന്ന 'കാംകോഡറില്‍' ഷൂട്ടുന്നത്‌ കണ്ടപ്പോള്‍ സെബോന്റെ ഉള്ളം നിറഞ്ഞു. 'യൂത്തി'കളുടെ ഇടയിലേക്ക്‌ ബെന്നിയെ വിട്ട്‌ രഹസ്യമായി പറയിപ്പിച്ചു, "കലണ്ടര്‍ ഐഡിയ അവന്റ്യാ, സെബോന്റെ!" സെബൊ താരമായി!

അയലോക്കത്തെ സുറിയാനി പള്ളിയില്‍ ആഘോഷം കഴിയാന്‍ അല്‍പം വൈകും. യൂത്തന്മാര്‍ അങ്ങോട്ട്‌ വച്ച്‌ പിടിച്ചു. ഒഷീനയും ക്രിസ്റ്റീനയുമൊക്കെ ആ പള്ളിയിലാണ്‌. അവളുമാരെ കാണാതെ, വിഷ്‌ ചെയ്യാതെ എന്ത്‌ ഹാപ്പി ന്യൂ ഇയര്‍

ആഘോഷങ്ങളൊക്കെ കഴിഞ്ഞ്‌ വെളുപ്പിന്‌ വന്ന് കിടന്നതേയുള്ളു. അമ്മയുടെ വിളി കേട്ട്‌ സെബൊ ഞെട്ടിയുണര്‍ന്നു.

"ഇവിടെ കെടന്നീര്‌ന്ന കലണ്ടറെവ്‌ടെടാ?"

ഉറക്കച്ചടവെങ്കിലും, സെബൊ സംവിധായകന്റെ റോളെടുത്ത്‌ കൈപ്പത്തികള്‍ക്കിടയിലൂടെ അമ്മയുടെ മുഖത്തേക്ക്‌ 'സൂം ഇന്‍' ചെയ്തു, "പഴയതെല്ലാം കത്തിച്ചാമ്പലായമ്മേ, പുതുയുഗം പിറന്നതറിഞ്ഞില്ലേ?"

"കഴിഞ്ഞ മാസത്തെ പാലിന്റെ കണക്ക്‌ നീ ഇണ്ടാക്കി തന്നില്ലെങ്കി, നിന്നെ ഞാന്‍ കത്തിക്കും"

"എന്റെ സെബോാാാാാ................" തൊഴുത്തില്‍ നിന്ന് അമ്മിണി നീട്ടി വിളിക്കുന്നു.

****

*യൂത്തന്മാര്‍/യൂത്തികള്‍: പള്ളിയിലെ യൂത്ത്‌ മൂവ്‌മന്റ്‌ (CYM, KCYM, Jesus Youth, CLC etc. etc.) അംഗങ്ങള്‍

ഞായറാഴ്‌ച, ജനുവരി 01, 2006

പുതുവത്സരാശംസകള്‍

ഇത്‌, പോയ വര്‍ഷം സ്വാര്‍ത്ഥന്‌ തന്ന സുഹൃത്തുക്കളില്‍ ഒരുവന്‍...

ഇവനേപ്പോലെ,
പുതുവര്‍ഷത്തിന്റെ വളവിലും തിരിവിലും,
പ്രിയരേ നമുക്കും പ്രതീക്ഷയോടെ മുന്നേറാം...