ഞായറാഴ്‌ച, ജനുവരി 29, 2006

കൂട്ടുകഥ - 4 പനകയറ്റം

കൊടികുത്തിയ യൂണിയന്‍ നേതാവാണ്‌ സഖാവ്‌ സദാശിവന്‍. തൊഴിലാളികളെ എങ്ങിനെ വഹിക്കണമെന്ന് പഠന കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിച്ചവന്‍. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്‍ച്ചയേക്കുറിച്ച്‌ സസൂക്ഷ്മം നിരീക്ഷിച്ചുപോരുന്ന കോണ്ട്രാക്റ്റിംഗ്‌ കമ്പനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്‌ സദാശിവന്‍ ഗള്‍ഫിലെത്തിയത്‌. പ്രതീക്ഷ വെറുതെയായില്ല, റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആളേക്കൂട്ടുന്ന അതേ വീറോടെ ലേബര്‍മാരെ നയിച്ചുകൊണ്ട്‌ സഖാവ്‌ സൂപ്പര്‍വൈസര്‍ തന്റെ ദൌത്യം ആരംഭിച്ചു.

തികച്ചും തത്വശാസ്ത്രപരമായിരുന്നു സഖാവിന്റെ പ്രവര്‍ത്തനം. വിവരവും വിദ്യാഭ്യാസവുമില്ലാത്ത നേപ്പാളികളേയും ശ്രീലങ്കക്കാരേയും കഴുതകളേപ്പോലെ പണിയെടുപ്പിക്കുക. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുക. ഒരുകിലോ പരിപ്പ്‌ ഒരായിരം പേര്‍ക്ക്‌ എന്ന തത്വവുമായി സഖാവിന്റെ സൂപ്പര്‍വൈസിംഗ്‌ മെസ്സിലേക്കും വ്യാപിച്ചതോടെ അളമുട്ടിയ നീര്‍ക്കോലികളും തലപൊക്കിത്തുടങ്ങി.

ഒരു സുപ്രഭാതത്തില്‍ മാനേജ്‌മെന്റിനു മുന്‍പാകെ നേപ്പാളിക്കൂട്ടം. പരിപ്പ്‌ വെള്ളത്തില്‍ അല്‍പം ഭേദഗതിയാണ്‌ ആവശ്യം. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായപ്പോഴേക്കും സൈറ്റില്‍ അര ദിവസത്തെ പണി മുടങ്ങി. ഇതില്‍പരം ക്ഷീണം സദാശിവന്‌ വരാനില്ല. സഖാവിന്റെ വിപ്ലവ വീര്യം ഉണര്‍ന്നു. നേപ്പാളിക്കൂട്ടത്തിലെ കാലുവാരികളെ കൂട്ടുപിടിച്ച്‌, ചാരായം വാങ്ങിക്കൊടുത്ത്‌, പരാതിപറഞ്ഞവരെ രാത്രി ക്യാമ്പിനുള്ളില്‍ പൂട്ടിയിട്ട്‌ ഇരുട്ടടി അടിപ്പിച്ചു.

പ്രഭാതം തികച്ചും ശാന്തം. മുന്‍പൊരിക്കല്‍, ലേബര്‍ വകുപ്പില്‍ പരാതിപ്പെടും എന്ന് പറഞ്ഞ ഒരുവന്‍ അന്ന് രാത്രിതന്നെ നാട്ടില്‍ വിമാനമിറങ്ങിയത്‌ ആര്‍ക്കും മറക്കാറായിട്ടില്ല. എങ്കിലും, തലേന്ന് മുഴങ്ങിക്കേട്ട നിസ്സഹായരായ നേപ്പാളിക്കൂട്ടങ്ങളുടെ കരച്ചില്‍ സദാശിവന്റെ കൌണ്ട്‌ ഡൌണിന്റെ ആരംഭമായിരുന്നു.

മലയാളികള്‍ മുന്‍കൈ എടുത്താണ്‌ 'സദാശിവന്‍ വിരുദ്ധ മുന്നണി'ക്ക്‌ രൂപം കൊടുത്തത്‌. രഹസ്യ അജണ്ട പ്രകാരം, നാലു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഒരുവന്റെ ഭാര്യ പ്രസവിച്ചു. ആഘോഷത്തിന്‌ മുഖ്യാതിഥിയായി സഖാവിനേയും നിശ്ചയിച്ചു. ഖത്തറില്‍ മദ്യം സുലഭമാണോന്ന് ചോദിച്ചാല്‍...നാലുകാശിന്‌ വകയുള്ളവന്‌ പെര്‍മിറ്റ്‌ കിട്ടും. ലേബര്‍ ക്യാമ്പിലെ പട്ടിണിപ്പാവങ്ങള്‍ക്ക്‌ 'പന' തന്നെ ശരണം.

'പന'യെന്നാല്‍ പനങ്കള്ളല്ല. ഈന്തപ്പനയുടെ ചിത്രം ആലേഖനം ചെയ്ത, 70% സ്പിരിറ്റ്‌ കലര്‍ന്ന ഒമാന്‍ നിര്‍മ്മിതമായ ബാത്‌റൂം ക്ലീനിംഗ്‌ ലിക്വിഡ്‌. സദാശിവനെ 'പനകയറ്റുക' എന്നതാണ്‌ മുന്നണിയുടെ അപ്രഖ്യാപിത ലക്ഷ്യം. അവധി ദിവസമായതിനാല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടും ഒരുകെയ്സ്‌ പനയേ ലഭിച്ചുള്ളൂ. ആരും നിരാശരല്ല, ആയിരം സദാശിവന്മാര്‍ക്ക്‌ അര പന തന്നെ ധാരാളം.

നാട്ടില്‍ വാറ്റടിച്ചു നടന്ന സഖാവ്‌ വിസ്കിയേ കുടിക്കൂ അതും സ്പ്രൈറ്റ്‌ ഒഴിച്ച്‌. സദാശിവനു വേണ്ടി ബക്കറ്റ്‌ പിരിവ്‌ നടത്തി ബ്ലാക്കില്‍ വിസ്കിയൊരെണ്ണം സംഘടിപ്പിച്ചിട്ടുണ്ട്‌ സംഘാടകര്‍. രണ്ടെണ്ണം അകത്തുചെന്നപ്പോള്‍ സഖാവ്‌ വാചാലനായി, തൊഴിലാളികളിലൊരുവനായി. പിന്നീടങ്ങോട്ട്‌ സ്പ്രൈറ്റിന്‌ പകരം പന മിക്സ്‌ ചെയ്ത്‌ തങ്ങളുടെ പ്രിയ നേതാവിനെ അവര്‍ വേണ്ടുവോളം സല്ക്കരിച്ചു.

പാതിരാത്രി. സദാശിവന്‍ പനയില്‍ കയറുംപോലെ കയ്യും കാലും കുത്തി റോഡിലൂടെ... വര്‍ഗസ്നേഹം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളില്‍ ചിലരുണ്ടായിരുന്നു അവിടെ. സദാശിവനെ അവര്‍ 'എത്തേണ്ടിടത്ത്‌' എത്തിച്ചു.

പിറ്റേന്ന് രാവിലെ ഒന്നൊഴിയാതെ തൊഴിലാളികളെല്ലാം ഹാജര്‍. സൂപ്പര്‍വൈസര്‍ സദാശിവന്‍ നെടുമ്പാശ്ശേരി അറൈവല്‍ ടെര്‍മിനലില്‍.

ബുധനാഴ്‌ച, ജനുവരി 25, 2006

കിഴക്കും പടിഞ്ഞാറും, നമ്മറോടെ

ശ്രീകുമാറസ്വാന്മീ നമ:
കുമാറിന്റെ ‘കിഴക്കും പടിഞ്ഞാറും‘ കണ്ട് പ്രചോദിതനായി വെളുപ്പിന് ക്യാമറയുമായി എഴുന്നേറ്റു...
(അടിക്കുറിപ്പിന് എവിടെപ്പോകും? കുമാര്‍ തന്നെ തുണ!)
ദോഹയില്‍ നിന്നുമടങ്ങും വഴിയില്‍ അല്‍ ഖോറിനടുത്ത് കണ്ട ഉദയം.ഒരു റോഡിനിടതുഭാഗത്തു കണ്ട കാഴ്ചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോള്‍ത്തന്നെ റോഡിന്റെ വലതുഭാഗത്തു കണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം, പാലമില്ലാത്തതിനാല്‍ , ഇത്തിരീശെ ലീക്ക് ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, കാറിന് മുകളിലെ ‘എന്റെ പ്രിയപ്പെട്ട ശബ്നത്തില്‍ ‘ പ്രതിഫലിക്കുന്നതാണ് കിഴക്കന്‍ കാഴ്ച.
മരക്കരുത്ത് കൊണ്ട് മഞ്ഞ വെളിച്ചം തടഞ്ഞ് നിര്‍ത്തുന്നത്, പടിഞ്ഞാറന്‍ കാഴ്ചയും.
ഈ കാഴ്ചയ്ക്കും ഫില്‍ട്ടറുകള്‍ ഇല്ല.

ഇനി ഞാനൊന്ന് ആശ്വസിച്ചോട്ടേ കുമാറേ?

“ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും, വലുതാകും...”


എല്ലാം കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ കണ്ടത് ഈ കാഴ്ചയും...


നമ്മളേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...

തിങ്കളാഴ്‌ച, ജനുവരി 23, 2006

പാവം ദുഷ്ടന്‍

നിതംബത്തിന്റെ 'നിറം' നോക്കിയാണത്രെ ആ ക്രൂരകൃത്യത്തിന്‌ അവന്‍ അവളെത്തന്നെ തെരഞ്ഞെടുത്തത്‌!

"അരുതേ..." എന്ന് ഞാന്‍ പറഞ്ഞു നോക്കി.

"ഈ തണുപ്പില്‍ പിടിച്ചുനില്ക്കാന്‍ ഇങ്ങനെ ചിലതൊക്കെ കൂടിയേ തീരൂ" അവന്‍ പിന്മാറാന്‍ തയ്യാറല്ല.

പുറകില്‍ നിന്ന് അവളുടെ മേല്‍ അവന്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. നിഷ്കരുണം അവളുടെ ഉടയാട അവന്‍ പറിച്ചെറിഞ്ഞു. മരണത്തിന്റെ നിലയില്ലാക്കയത്തിലേക്ക്‌ തുഴയുകയായിരുന്നു അപ്പോള്‍ അവള്‍. ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ അവള്‍ പിടഞ്ഞു.

"ഈശ്വരാ...വൈകാതെ ജന്മം നല്‍കാന്‍ പോകുന്ന ഒരമ്മയായിരുന്നല്ലോ അവള്‍" എന്റെ ഉള്ളം പിടഞ്ഞു. അവള്‍ ഒരുവളേക്കൊണ്ട്‌ ആ ദുഷ്ടന്‍ തൃപ്തനല്ല. ദുഷ്ടത നിറഞ്ഞ ആ കൈകള്‍ അവളുടെ കൂട്ടുകാരികളുടെ നേര്‍ക്ക്‌ തിരിയും മുന്‍പേ ഞാന്‍ അവിടം വിട്ടു.

"ഇത്ര ക്രൂരനാവാന്‍ മനുഷ്യന്‌ എങ്ങിനെ കഴിയുന്നു?" തിരിച്ച്‌ വരുമ്പോഴും ഈ ചിന്തയായിരുന്നു മനസ്സില്‍.

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ചിന്തയാകെ മാറി. "പുണ്യം നിറഞ്ഞ ആ കൈകളേയാണല്ലോ ഞാന്‍ ദുഷ്ടത നിറഞ്ഞതായി ചിത്രീകരിച്ചത്‌" സഹതാപവും ആരാധനയും എന്നില്‍ നിറഞ്ഞു.

'ആ ഞണ്ട്‌ കറി അത്രയ്ക്ക്‌ രുചിയായിരുന്നു!'

വെള്ളിയാഴ്‌ച, ജനുവരി 20, 2006

കൂട്ടുകഥ - 3

"മാള, പൊയ്യ, പൂപ്പത്തി..."

എഴുപതുകളില്‍ 'മാള'യില്‍ നിന്ന് പൊയ്യ, പൂപ്പത്തി, കോട്ടപ്പുറം വഴി എറണാകുളത്തേക്ക്‌ ബോട്ട്‌ സര്‍വീസ്‌ ഉണ്ടായിരുന്നു. 'റുക്‍മണി' മൂപ്പത്തിയുടെ മകളെ കൊടുത്തിരിക്കുന്നത്‌ 'എര്‍ണാകുള്‍ത്തേക്കാ'. വരാപ്പുഴയിലെ ചെട്ടിഭാഗത്തുനിന്നും മൂപ്പത്തി ബോട്ടില്‍ കയറി.

എറണാകുളത്ത്‌ ബോട്ടിറങ്ങിയ മൂപ്പത്തി നേരെ ബസ്റ്റാന്റിലേക്ക്‌ നടന്നു.

"വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ..."

"എന്തോര്‍ പണ്ടാറമാണ്‌ സങ്ങാതീ, നമ്മ്ടെ മോള്‍ക്ക്‌ വൈറ്റ്‌ലുള്ളത്ത്‌ ഈ പണ്ടാറം എങ്ങനേ അറിഞ്ഞു?" വൈറ്റിലയ്ക്ക്‌ പോകുന്ന ബസ്സിലെ കിളിയെക്കണ്ട്‌ മൂപ്പത്തി അതിശയിച്ചു.

മകളുടെ വീട്ടിലെത്തുന്നതുവരെ ഒരേ ചിന്തയായിരുന്നു മൂപ്പത്തിയുടെ മനസ്സില്‍, " തിര്‍മല്‍ തേവാ, എര്‍ണാകുളം എര്‍ണാകുളം എന്ന് പര്‍ഞ്ഞൂ, കുളം നംക്ക്‌ കാണാന്‍ കൊട്‌ത്തില്ലല്ലോ!"

മൂന്ന് ദിവസം മകളുടെ കൂടെ താമസിച്ച മൂപ്പത്തി, തിരിച്ച്‌ പോരാന്‍ എര്‍ണാകുളം ബോട്ട്‌ ജെട്ടിയിലെത്തി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വിളിച്ചു കൂവുന്നുണ്ട്‌.

റുക്‍മിണി മൂപ്പത്തി ആകെ വല്ലാണ്ടായി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വീണ്ടും.

"എന്തോര്‍ നാശമാണ്‌" മൂപ്പത്തി മകളുടെ അടുത്തേക്ക്‌ തിരിച്ചു പോയി.

യാത്ര പറഞ്ഞ്‌ പോയ അമ്മ തിരിച്ചു വന്നപ്പോള്‍ മകള്‍ക്ക്‌ അതിശയം, "അമ്മ വല്‍തും മര്‍ ന്നോ?"

"പണ്ടാറം! ബോട്‌കാറന്‍ പര്‍ഞ്ഞൂ...നാള പൊവ്വാ മൂപ്പ്‌ത്തീ...നാള പൊവ്വാ മൂപ്പ്‌ത്തീന്ന്...നമ്മള്‍ ഇങ്ങോട്‌ തിര്‍ച്ച്‌ പോന്നു!"

ചൊവ്വാഴ്ച, ജനുവരി 17, 2006

'ഭാര്യ ഗര്‍ഭിണിയായി'

(എന്റെയല്ല)

ചര്‍ച്ച രാജേഷിനേക്കുറിച്ചാണ്‌. കൃത്യമായി പറഞ്ഞാല്‍ രാജേഷിന്റെ ഭാര്യയേക്കുറിച്ച്‌. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ്‌ കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ". രാജേഷിന്‌ പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത്‌ ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്‌. 1200 റിയാല്‍ മാത്രമാണ്‌ ശമ്പളം. ഫുഡ്ഡടിക്ക്‌ തന്നെ 300 പോകും.

വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ്‌ അല്ലെങ്കില്‍ ഡൈവോഴ്സ്‌! രാജേഷ്‌ പ്രതിസന്ധിയില്‍.

ട്രാവല്‍സിലെ സലീമാണ്‌ ഉപദേശകന്‍, "വിസിറ്റിംഗ്‌ വിസയില്‍ ഇങ്ങു കൊണ്ട്‌ പോര്‌, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"

"പതിനയ്യായിരം കൊടുത്താണ്‌ മോന്‌ എല്‍കേജിയില്‍ സീറ്റ്‌ വാങ്ങിയത്‌. വിസയ്ക്കുള്ള ചെലവ്‌, ടിക്കറ്റ്‌ കാശ്‌, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട്‌ ചെലവ്‌..."

"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"

രാജേഷ്‌ എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച്‌ സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ്‌ കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത്‌ നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ്‌ ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...

"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." രാജേഷ്‌ തല പുകച്ചു.

എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!

ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക്‌ ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അല്‍പം ബ്രൈറ്റ്‌ ലൈറ്റ്‌ കിട്ടിത്തുടങ്ങി.

രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. 'രാജേഷിനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.

ഷെയറിംഗ്‌ അക്കൊമഡേഷന്‌ സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് രാജേഷ്‌ സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട്‌ ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."

പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച്‌ വല്ലവിധേനയും നാട്ടിലേയ്ക്ക്‌ പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന രാജേഷ്‌ ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ്‌ വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച്‌ വരാമായിരുന്നു"

രാജേഷിന്‌ ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് സലീമിനെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത്‌ തന്നത്‌. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത സലീം പരിഹാരം നിര്‍ദ്ദേശിച്ചു.

മൂന്നാം മാസം മൂന്നാം ദിവസം സലീമിന്റെ മൊബൈല്‍ ചിലച്ചു. രാജേഷാണ്‌, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക്‌ അടുത്ത ഫ്ലൈറ്റിന്‌ രണ്ട്‌ ടിക്കറ്റെടുത്തോ. അവള്‍ ഗര്‍ഭിണിയായി!"

-തുടരും-

ബുധനാഴ്‌ച, ജനുവരി 11, 2006

കൂട്ടുകഥ - 2

'ശുഷ്കാന്തി'

സ്വര്‍ണ്ണക്കടയിലെ സെയില്‍സ്മാന്‍ പണി കളഞ്ഞിട്ടാണ്‌ സത്യന്‍ ചന്ദ്രേട്ടന്റെ ഗേരേജില്‍ ചേര്‍ന്നത്‌. ഗള്‍ഫിലെ സ്പെയര്‍ പാര്‍ട്‌ കടയിലേക്ക്‌ അളിയന്‍ വിസ ശരിയാക്കിയിട്ടുണ്ട്‌. ഒരു മാസം കൊണ്ട്‌ ഓട്ടോമൊബെയില്‍ രംഗം അരച്ച്‌ കലക്കി കുടിക്കണം. ഗോപാലേട്ടന്റെ സ്പെയര്‍ പാര്‍ട്‌ കടയേക്കാളും എന്തുകൊണ്ടും ഭേദം ചന്ദ്രേട്ടന്റെ ഗേരേജാണെന്ന് വിധഗ്ദാഭിപ്രായം, ഹാന്‍ഡ്സ്‌ ഓണ്‍ എക്സ്‌പീരിയന്‍സ്‌ കിട്ടുമല്ലോ.

ആദ്യ ദിവസം പഠിച്ചത്‌ സി ഫോര്‍ ചായ, പി ഫോര്‍ പരിപ്പുവട. ഗേരേജിലുള്ളവര്‍ക്കെല്ലാം നാരായണേട്ടന്റെ ബേക്കറി ഏന്‍ഡ്‌ ടീസ്റ്റാളില്‍ നിന്ന് ഓണ്‍ ഹാന്‍ഡില്‍ ഇവ വാങ്ങിക്കൊടുക്കണം.

ആശാന്‍ ഫുള്‍ടൈം വെള്ളത്തിലാണ്‌. 'ഓസീയാറും' എരിവുള്ള മിച്ചറുമാണ്‌ പ്രാതല്‍. പണിയില്‍ ശുഷ്കാന്തി കാണിക്കുന്നവരോട്‌ പ്രത്യേക സ്നേഹമാണ്‌ മൂപ്പര്‍ക്ക്‌. സത്യന്‍ ശുഷ്കാന്തനായി.

അങ്ങിനെ ഒരുദിവസം ആശാന്‍ സത്യനോട്‌ പറഞ്ഞു, "നീയാ പതിനേഴിന്റെ സ്പാനര്‍ ഇങ്ങെടുത്തേ"

ഇതില്‍ പരം സന്തോഷം സത്യന്‌ വരാനില്ല, ആദ്യമായി ആശാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. കേട്ടപാതി സത്യന്‍ ഓടി, ടൂള്‍ ബോഡിനരികിലേക്ക്‌. അവിടെയതാ രഘു. ആദ്യദിവസം മുതല്‍ രഘുവും കൂട്ടരും കാത്തിരിക്കുകയാണ്‌, സത്യനെ 'റാഗ്‌ ' ചെയ്യാന്‍. ഇതാ സുവര്‍ണ്ണാവസരം.

"പതിനേഴിന്റെ സ്പാനര്‍ ഇവിടെ കാണാനില്ല, പത്തിന്റേം ഏഴിന്റേം ഉണ്ട്‌" രഘുവിന്റെ സഹായഹസ്തം.

"പത്ത്‌ പ്ലസ്‌ ഏഴ്‌, പതിനേഴ്‌" സത്യന്‍ മനസ്സില്‍ കണക്കുകൂട്ടി. ശീഘ്രം ആശാന്റെ പക്കലെത്തി, "ആശാനെ പതിനേഴിന്റെ ഇല്ല, പത്തിന്റേം ഏഴിന്റേം ഇതാ"

കയറ്റം കയറി വന്ന വണ്ടിയുടെ റേഡിയേറ്റര്‍ തുറന്നപോലെ, ആശാന്‍.ര

ണ്ട്‌ ദിവസം അവധിയെടുക്കേണ്ടിവന്നു സത്യന്‌, ആശാന്റെ തിരുമുഖത്ത്‌ നിന്നുതിര്‍ന്ന തെറി പാര്‍ട്ടുകളുടെ ക്ഷീണമൊന്ന് മാറിക്കിട്ടാന്‍.

നെഞ്ചത്ത്‌ അല്ലെങ്കില്‍ പുറത്ത്‌, സത്യന്‍ ക്ഷീണമൊക്കെ മാറി വീണ്ടും ഹാജര്‍. രഘുവിനെ പരിസരത്തെങ്ങും കാണാനില്ല, പരുങ്ങി പരുങ്ങി ആശാന്റെ അരികില്‍ ചെന്നു.

"നീ ആ കടയില്‍ ചെന്ന് ആറ്‌മിച്ചര്‍ വാങ്ങിക്കൊണ്ട്‌ വന്നേ" അമ്മാവന്റെ മധ്യസ്ഥശ്രമം ഏറ്റു, ആശാന്‍ വളരെ സൌമ്യന്‍, "രഘുവിനോട്‌ പറഞ്ഞാ മതി."

സത്യന്‍ ശുഷ്കാന്തനായി, "ഒരു പണി രഘു എനിക്കിട്ട്‌ തന്നതാ, ഇനി അത്‌ വേണ്ട" അവന്‍ മനസ്സിലോര്‍ത്തു. സ്പെയര്‍ പാര്‍ട്‌ കടയില്‍ നില്ക്കുന്ന രഘുവിന്റെ കണ്ണില്‍ പെടാതെ നാരായണേട്ടന്റെ കടയില്‍ നിന്ന് സാധനം വാങ്ങി ശരവേഗത്തില്‍ ആശാന്റെ അടുത്തെത്തി.

"ആശാനെ, നാല്‌ മിച്ചറേ ഉള്ളൂ, രണ്ട്‌ കൊള്ളി വറുത്തതും വാങ്ങി, നല്ല എരിവുള്ളത്‌..."

ആശാന്‍....റേഡിയേറ്റര്‍....ഹെന്റമ്മോ!
ഇത്തവണ ശരിക്കും ഹാന്‍ഡ്സ്‌ ഓണ്‍ ആയിരുന്നു, എക്സ്‌പീരിയന്‍സ്‌...

ശനിയാഴ്‌ച, ജനുവരി 07, 2006

കൂട്ടുകഥ - 1

'ചെന്തൊണ്ടിപ്പഴങ്ങള്‍'

"ഈ ചെന്തൊണ്ടിപ്പഴങ്ങള്‍ക്കെന്ത്‌ ഭംഗിയാ! എനിക്കസൂയ തോന്നുന്നു" അവള്‍ അവന്റെ ചുണ്ടുകളില്‍ നോക്കി പറഞ്ഞു.

അന്നവര്‍ ഒന്‍പതാം ക്ലാസില്‍.
ഇന്ന് ക്ലാസേറെ ഉയര്‍ന്നു.
അവന്‍ എംബീബീയെസ്‌ മൂന്നാം വര്‍ഷം.

അവള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ്‌ അവന്‍ ഓടിയെത്തി. നാളേറെയായി തമ്മില്‍ കണ്ടിട്ട്‌. കണ്ടാല്‍ തിരിച്ചറിയുമോ!

"മുഖത്തിന്‌ യാതൊരു കുഴപ്പവുമില്ല, ശരീരത്തില്‍ 90% പൊള്ളലേറ്റിട്ടുണ്ട്‌," ഐസീയൂവിലെ ഡ്യൂട്ടീ നഴ്സ്‌.

വാഴയിലയില്‍ കിടത്തിയിരിക്കുന്ന അവളെ കണ്ട്‌ അവന്‍ വിതുമ്പി, "നീ എന്തിനിത്‌ ചെയ്തു? നിനക്ക്‌ ഞാനൊരു ജീവിതം തരുമായിരുന്നില്ലേ!"

അവന്റെ ചുണ്ടുകളിലേക്ക്‌ നോക്കി അവള്‍ പറഞ്ഞു, "നീ സിഗരറ്റ്‌ വലിക്കാറുണ്ടല്ലേ? എനിക്ക്‌ വിഷമം തോന്നുന്നു..."

വ്യാഴാഴ്‌ച, ജനുവരി 05, 2006

എന്റെ മുറി ദേ കണ്ടൊ

അടുക്കും ചിട്ടയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ ഒരുക്കമല്ല!
(മൈ ചട്ടി ഓഫ്‌ ചിട്ടയ്ക്കൊരു പിന്മൊഴി)ആ വെള്ള ബെനിയന്റെ അടിയില്‍ എന്താണെന്ന് ചോദിക്കല്ലേ...

വക്കാരീ, പുറകില്‍ ചാരിവച്ചിരിക്കുന്നത്‌ വാക്വം ക്ലീനറാ. വേണേല്‍ എടുത്തോ, അതവിടിരിപ്പ്‌ തൊടങ്ങീട്ട്‌ കാലം കുറച്ചായി.

'മുട്ട വെച്ച ദിവസം'

ഒരു ന്യൂ ഇയര്‍ തലേന്ന്.

"സെബോ......"

അമ്മിണിയുടെ നീട്ടിയുള്ള വിളി കേട്ടാണ്‌ സെബാസ്റ്റ്യന്‍ അന്നും ഉണര്‍ന്നത്‌. സമയമായി, വേഗം പല്ലുതേപ്പും ചായകുടീം കഴിഞ്ഞ്‌ അവളേം കുഞ്ഞിനേം കൊണ്ട്‌ പുറപ്പെട്ടില്ലെങ്കില്‍ അമ്മയുടെ വായിലിരിക്കുന്നത്‌ മുഴുവന്‍ കേള്‍ക്കേണ്ടിവരും.

ഒന്നോര്‍ത്താല്‍ സെബൊ ഭാഗ്യവാനാ. പാലു മുഴുവന്‍ ആളുകള്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ട്‌ പോകുന്നത്‌ കാരണം സൊസൈറ്റിയില്‍ പോകാന്‍ വെളുപ്പിന്‌ എഴുന്നേല്ക്കണ്ട.

"നീ ഇവളേം കൊണ്ട്‌ ഇവിടെ നിക്കാ?" തെക്കേലെ ബെന്നി, "പള്ളീല്‍ക്കി വാടാ, 'പഴേ മന്‍ഷ്യനെ' ഇണ്ടാക്കി കഴിഞ്ഞിട്ടില്ല്യ."

"എന്തിനണ്ട ഇണ്ടാക്കണെ? നിന്റെളേപ്പന്‍ റപ്പമാപ്ലേനെ കോലുമ്മെ കെട്ടി കത്തിച്ചാപ്പോരെ!"

ബെന്നിക്കിഷ്ടായി, "അമ്മിണീ, സുഖല്ലേ നിനക്ക്‌?" അമ്മിണിയുടെ ചന്തിക്കിട്ടൊരു പെട.

"പ്പ്‌ഹ വൃത്തികെട്ടവനെ", അമ്മിണി പിന്‍കാലുകൊണ്ടൊരു ചവിട്ടും വാലുകൊണ്ടൊരു തൊഴിയും.

തൈത്തെങ്ങുകളുടേയും വാഴകളുടേയും റെയ്ഞ്ചില്‍ നിന്ന് സെയ്ഫായി അമ്മിണിയേയും ക്ടാവിനേയും കെട്ടി, ബെന്നിയുടെ സൈക്കിളില്‍ അറ്റാച്ച്‌മെന്റായി സെബോ നേരെ പള്ളിയിലേക്ക്‌.

"എല്ലാക്കൊല്ലോം ഇതന്യല്ലെടാ, ഈ കരിക്കലോം വൈക്കോലും കീറിയ പാന്റും ഷര്‍ട്ടും. ഈ പ്രാവശ്യെങ്കിലും ഒരു വെറൈറ്റി വേണ്ടേ"

"വേണം, പ്ലാന്‍ ചെയ്ത്‌ നീ തന്നെ അങ്ങട്‌ ഇണ്ടാക്ക്‌" ബെന്നി റെയ്സായി.

"നീ ചൂടാവല്ലെ"

"കഴിഞ്ഞ കൊല്ലോം നീ പ്ലാനൊക്കെ പറഞ്ഞു. ഇണ്ടാക്കാന്‍ നേരത്ത്‌ പശൂനെ കെട്ടാന്‍ പോയി"

"ഇപ്രാവശ്യം ഒരു സിംപിള്‍ സിമ്പോളിക്‌ പ്ലാന്‍" സെബൊ കൈപ്പത്തികള്‍ നിവര്‍ത്തി തള്ളവിരല്‍ വിടര്‍ത്തി ചേര്‍ത്ത്‌ വച്ച്‌ സംവിധായകനായി. "പഴയ വര്‍ഷത്തെ പ്രതിനിധീകരിച്ച്‌ കോലത്തില്‍ നമ്മളൊരു കലണ്ടര്‍ തൂക്കുന്നു. 'കലണ്ടര്‍ മനോരമ തന്നെ'."

"ഉഗ്രന്‍, എന്നാ നീ ഈ സൈക്കിളും കൊണ്ട്‌ വേഗം കലണ്ടറെടുത്ത്‌ വാ" ബെന്നി ഇറങ്ങി നടന്നു.

അമ്മയുടെ കണ്ണില്‍ പെടാതെ സെബൊ വീട്ടില്‍ കയറി. 'മനോരമ' കലണ്ടറെടുത്ത്‌ തല്‍സ്ഥാനത്ത്‌, പള്ളിയിലേക്ക്‌ ക്രിസ്മസ്‌ കേക്ക്‌ വാങ്ങിയപ്പോള്‍ കോമ്പ്ലിമെന്റായി കിട്ടിയ 'സുപ്രീം ബേക്കറിയുടെ' കലണ്ടര്‍ തൂക്കി, അമ്മയ്ക്കൊരു സര്‍പ്രൈസായിക്കോട്ടെ.

പഴയ മനുഷ്യക്കോലത്തിന്റെ പണി ഏതാണ്ട്‌ പൂര്‍ത്തിയായി. പടക്കവും തല പൊട്ടിത്തെറിക്കാനുള്ള ഗുണ്ടും രാത്രിയിലേ ഇന്‍സ്റ്റാള്‍ ചെയ്യൂ. അല്ലെങ്കില്‍ പൊട്ടിന്റെ ഗുമ്മ് കുറയും. കലണ്ടര്‍ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പ്ലാനും കലണ്ടറും സെബൊ ഹാന്‍ഡോവര്‍ ചെയ്തു.

മാത്തനാണത്‌ കണ്ടത്‌, കലണ്ടര്‍ താളിലെ തീയതിക്കടിയില്‍ നീല മഷികൊണ്ടെഴുതി വച്ചിരിക്കുന്നു 'മുട്ട വെച്ച ദിവസം'. "ഡാ സെബോ, നിന്റെ അമ്മ കലണ്ടറിലാണോടാ മൊട്ടയിടണത്‌?"

'യൂത്ത'ന്മാര്‍* ആര്‍ത്തു ചിരിച്ചു. മാത്തന്‍ താരമായി.

"ആ മൊട്ട വിരിഞ്ഞ ചാത്തന്യാ നിന്റെ അപ്പന്‍ ലേലം വിളിച്ചോണ്ട്‌ പോയിട്ട്‌ ഇതു വരെ കാശ്‌ കൊടുത്തില്ലാന്ന് കഴിഞ്ഞാഴ്ച പള്ളീല്‌ വിളിച്ച്‌ പറഞ്ഞത്‌"

യൂത്തന്മാര്‍ ആര്‍ത്താര്‍ത്തു ചിരിച്ചു, മാത്തന്‍ ചാരമായി.

പാതിരാക്കുര്‍ബാന അടിപൊളിയായി കഴിഞ്ഞു. ശേഷം പഴയ മനുഷ്യനെ കത്തിക്കല്‍. കാറ്റില്‍ പറന്നുയരുന്ന കലണ്ടര്‍ താളുകള്‍ കത്തിയമരുന്നത്‌ വിന്‍സെന്റേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട്‌ വന്ന 'കാംകോഡറില്‍' ഷൂട്ടുന്നത്‌ കണ്ടപ്പോള്‍ സെബോന്റെ ഉള്ളം നിറഞ്ഞു. 'യൂത്തി'കളുടെ ഇടയിലേക്ക്‌ ബെന്നിയെ വിട്ട്‌ രഹസ്യമായി പറയിപ്പിച്ചു, "കലണ്ടര്‍ ഐഡിയ അവന്റ്യാ, സെബോന്റെ!" സെബൊ താരമായി!

അയലോക്കത്തെ സുറിയാനി പള്ളിയില്‍ ആഘോഷം കഴിയാന്‍ അല്‍പം വൈകും. യൂത്തന്മാര്‍ അങ്ങോട്ട്‌ വച്ച്‌ പിടിച്ചു. ഒഷീനയും ക്രിസ്റ്റീനയുമൊക്കെ ആ പള്ളിയിലാണ്‌. അവളുമാരെ കാണാതെ, വിഷ്‌ ചെയ്യാതെ എന്ത്‌ ഹാപ്പി ന്യൂ ഇയര്‍

ആഘോഷങ്ങളൊക്കെ കഴിഞ്ഞ്‌ വെളുപ്പിന്‌ വന്ന് കിടന്നതേയുള്ളു. അമ്മയുടെ വിളി കേട്ട്‌ സെബൊ ഞെട്ടിയുണര്‍ന്നു.

"ഇവിടെ കെടന്നീര്‌ന്ന കലണ്ടറെവ്‌ടെടാ?"

ഉറക്കച്ചടവെങ്കിലും, സെബൊ സംവിധായകന്റെ റോളെടുത്ത്‌ കൈപ്പത്തികള്‍ക്കിടയിലൂടെ അമ്മയുടെ മുഖത്തേക്ക്‌ 'സൂം ഇന്‍' ചെയ്തു, "പഴയതെല്ലാം കത്തിച്ചാമ്പലായമ്മേ, പുതുയുഗം പിറന്നതറിഞ്ഞില്ലേ?"

"കഴിഞ്ഞ മാസത്തെ പാലിന്റെ കണക്ക്‌ നീ ഇണ്ടാക്കി തന്നില്ലെങ്കി, നിന്നെ ഞാന്‍ കത്തിക്കും"

"എന്റെ സെബോാാാാാ................" തൊഴുത്തില്‍ നിന്ന് അമ്മിണി നീട്ടി വിളിക്കുന്നു.

****

*യൂത്തന്മാര്‍/യൂത്തികള്‍: പള്ളിയിലെ യൂത്ത്‌ മൂവ്‌മന്റ്‌ (CYM, KCYM, Jesus Youth, CLC etc. etc.) അംഗങ്ങള്‍

ഞായറാഴ്‌ച, ജനുവരി 01, 2006

പുതുവത്സരാശംസകള്‍

ഇത്‌, പോയ വര്‍ഷം സ്വാര്‍ത്ഥന്‌ തന്ന സുഹൃത്തുക്കളില്‍ ഒരുവന്‍...

ഇവനേപ്പോലെ,
പുതുവര്‍ഷത്തിന്റെ വളവിലും തിരിവിലും,
പ്രിയരേ നമുക്കും പ്രതീക്ഷയോടെ മുന്നേറാം...