ക്രിസ്തുമസ് വിചാരം
സ്വാര്‍ത്ഥന്‍ ക്രിസ്ത്യാനിയാണ്,
മാമോദീസാ മുങ്ങിയവന്‍,
പ്രസിദ്ധനായ പുണ്യാളന്റെ പേരുള്ളവന്‍.
ക്രിസ്തുമസ് എന്നാല്‍ ക്രിസ്തു ഹൃദയത്തില്‍ പിറന്നതിന്റെ ആഘോഷം.
എന്റെ ഉള്ളില്‍ ക്രിസ്തു പിറക്കാന്‍ എന്ത് യോഗ്യതയാണ് എനിക്കുള്ളത്.
*നീരസപൂരമെന്‍ ഹൃദയത്തില്‍ പിറന്നാല്‍ വീണ്ടും രക്തം വിയര്‍ത്തേക്കാം...
ഓര്‍മ്മയില്‍ ഘോരപാപങ്ങളുടെ വേലിയേറ്റം,
തവണകളായി മാപ്പിരന്നിട്ടും മനസ്സിലെ ദൌര്‍ബല്യം തുടികൊട്ടുന്നു.
ഐഹിക ചിന്തകള്‍ നിറയുമ്പോള്‍ അനുതാപക്കണ്ണീരിനെവിടെ സ്ഥാനം...
എന്നാലും ഇന്ന് ക്രിസ്തുമസ് രാവല്ലേ, പള്ളിയില്‍ പോകണം,
ഷേണായി മാമന്റെ വാക്കുകളില്‍, ലോട്ടറിക്കാരേപ്പോലെ പാട്ടും പ്രാര്‍ത്ഥനയും ഇടവിട്ടുള്ള കുര്‍ബാന 'കാണണം'.
വരിയായ് ചെന്ന് 'അപ്പം തിന്നണം', കാരണം,
ഞാന്‍ ക്രിസ്ത്യാനിയല്ലേ...
മാമോദീസാ മുങ്ങിയവന്‍...
പുണ്യാളന്റെ പേരുള്ളവന്‍...
"യേശുവേ, മനുഷ്യമനസ്സ് നീ അറിയുന്നല്ലോ..."
ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
*സ്നേഹദീപം ആല്‍ബത്തിലെ 'യോഗ്യതയില്ലെനിക്ക്...' എന്ന ഗാനത്തില്‍ നിന്ന്