ബുധനാഴ്‌ച, ജൂലൈ 29, 2020

റഫാൽ!

 ചേടത്തി അതിര് മാന്തും. അത് തടയാൻ അവറാച്ചൻ ഒരു നാടൻ പട്ടിയെ വളർത്തി. ചേടത്തി അതിരിൽ വന്നാൽ ലവൻ കുരച്ചു കൊണ്ട് ചാടി വീഴും.

ചേടത്തി വിട്ടില്ല. അവരൊരു കില്ലപട്ടിയെ കൊണ്ടുവന്ന് പ്രതിരോധം തീർത്തു.

അവറാച്ചനും വിട്ടില്ല. പട്ടണത്തിൽ ചെന്ന് മുന്തിയ ഇനത്തിൽ പെട്ട പട്ടിയെ വലിയ വിലക്ക് വാങ്ങി കൊണ്ടുവന്നു. അതിര് കാക്കണമല്ലോ!

പട്ടിക്കെന്ത് പേരിടും? ഫ്രഞ്ചാസ്പത്രിയിൽ ജോലിയിലുള്ള മോളോട് ആലോചിച്ചു. ആരോഗ്യ പ്രവർത്തകരുടെ മദ്ധ്യസ്ഥനാണത്രേ റപ്പായേൽ മാലാഖ! ആ പേര് തന്നെ മതി, റഫാൽ!

പട്ടിതുടലും പിടിച്ച് അവറാച്ചൻ അതിരിലൂടെ തെക്ക് വടക്ക് നടന്നു. ഒരു തരം പട്ടി ഷോ! കലവുമായി മുറ്റത്തിറങ്ങിയ ചേടത്തിയെ കണ്ടതും റഫാൽ കുരച്ചു ചാടി. ചേടത്തി ഞെട്ടിതെറിച്ചു. കൈയിലെ കലം പൊട്ടിതെറിച്ചു.

തുടർന്നങ്ങോട്ട് ആഘോഷമായിരുന്നു, ആർഭാടമായിരുന്നു. മുന്തിയ പട്ടിക്ക് മുന്തിയ പട്ടികൂട്, പട്ടിചങ്ങല, പട്ടിതീറ്റ, പട്ടിപാത്രം... എന്നും അതിരിൽ പട്ടിഷോ... മാനം കാക്കണമല്ലോ...

അതിനിടയിൽ,
കുളമ്പ് ദീനം വന്ന് അവറാച്ചന്റെ തൊഴുത്തിലെ പശു ചത്തു. അകിട് വീങ്ങി ആട് ചത്തു. വസന്ത വന്ന് കോഴികളെല്ലാം ചത്തു. പട്ടിണി കിടന്ന് പഴയ നാടൻ പട്ടിയും ചത്തു.

എന്നാലും അവറാച്ചൻ ഹാപ്പിയാ,
അതിര് കാത്തല്ലോ!
മാനം കാത്തല്ലോ!

അങ്ങനെയിരിക്കെ അതിരും വരമ്പും കടന്ന് നാടൊട്ടാകെ രോഗാണു പരന്നു. പേടിച്ച ചേടത്തി ചാകുന്നത് കാണാൻ സാധിക്കാതെ പേടിപ്പിച്ച അവറാച്ചനും രോഗം വന്ന് ചത്തു. രണ്ട് പേരെയും ചക്കകുരു ചുടുന്നത് പോലെ സെമിത്തേരിയിലിട്ട് ചുട്ടു.

റഫാലിന്റെ ആദ്യ കുരയിൽ ഞെട്ടിതെറിച്ച് പൊട്ടിതെറിച്ച കലത്തിൽ നിന്നും കുറേ ചക്കകുരു അതിരിൽ വീണിരുന്നു. അവയെല്ലാം അതിരുകൾ ഭേദിച്ച് മുളച്ചു പൊങ്ങി.

റഫാൽ എന്നും അവിടെ എത്തും. കാലു പൊക്കി പ്ലാവിൽ മുള്ളും, തിരിച്ചു പോകും. അതിര് കാക്കണമല്ലോ!

(ഈ റഫാലും റാഫേലും റഫായേലും റപ്പായേലും ഒക്കെ ഒന്നു തന്നെ. സകല പന്നീം പോർക്ക് തന്നെ!)

വെള്ളിയാഴ്‌ച, ജൂൺ 19, 2020

പബ് ജി അപാരത

"പപ്പ എന്താ പബ് ജി കളിക്കാത്തേ?"

"എനിക്ക് ഫിഷ് കറി മീൽസാ ഇഷ്ടം."

"ഊം ഊം, കിട്ടാത്ത ചിക്കൻ ഡിന്നർ പുളിക്കും!"

+++++++

"മോനുറങ്ങിയോടീ?"

"ഇല്ല, അവൻ ഓൺലൈൻ ക്ളാസിലാ."

"ഈ പാതിരാത്രിയിലോ?"

"ഗ്രൂപ് ഡിസ്കഷനാന്നാ പറഞ്ഞേ."

"വെടിവയ്പ്പും ബോംബ് പൊട്ടുന്ന ശബ്ദവും കേൾക്കുന്നുണ്ടോ?"

"ഉണ്ട്, അതിർത്തിയിലെ പട്ടാളക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അസൈന്മെൻ്റ് തയ്യാറാക്കാനുണ്ടെന്ന് പറഞ്ഞാരുന്നു..."

ഞായറാഴ്‌ച, മേയ് 31, 2020

നാണം!

കരയുകയാണാ കുഞ്ഞ്.
കണ്ണീർ കണങ്ങൾ ധാര ധാരയായ് ഒഴുകുന്നില്ലെങ്കിലും, നിലവിളി ഏഴയലത്തും കേൾക്കാം.

"എന്താ മോളേ കുഞ്ഞ് ഇങ്ങനെ കരയുന്നേ?"
"കടലാസ് കിട്ടാണ്ടാ വല്യമ്മേ, കുത്തി വരയ്ക്കാൻ. ചേച്ചീടെ പുസ്തകമൊക്കെ കുത്തി വരച്ച് തീർത്തു."
"പാവം കുഞ്ഞ്!"

ചുമരിൽ കരിയും ക്രയോണും കളർ പെൻസിൽ വരകളും ബാക്കിയാക്കി പോയവരുടെ മേശക്കുള്ളിൽ വല്യമ്മ തിരഞ്ഞു. നോട്ടു പുസ്തകങ്ങളുടെ എഴുതാപ്പുറങ്ങൾ ചീന്തിയെടുത്തു.

"ഇന്നാ മോളേ... കുഞ്ഞിന് കൊടുക്ക്... അവൾ വരക്കട്ടെ..."
"വല്യമ്മക്ക് താങ്ക്യൂ പറ മോളേ..."

'താങ്ക്യൂ' കാത്തു നിന്ന വല്യമ്മയുടെ കാതിൽ മുഴങ്ങിയത് മറ്റൊരു അലർച്ചയും കരച്ചിലും ആയിരുന്നു.

"മമ്മിയെന്നെ വല്യമ്മയുടെ മുന്നിൽ നാണം കെടുത്തീ..."

ഉസ്കൂൾ തുറന്നാൽ 'ഊകേജി'യിൽ പോകാനിരിക്കുന്ന ആ കുഞ്ഞു മനസിനു മുന്നിൽ പിടഞ്ഞു പോയി വല്യമ്മയുടെ ബാല്യം!

ശനിയാഴ്‌ച, മേയ് 30, 2020

സീരിയസ്

"മോൻ എവിടെ?"
"അവൻ വീട്ടിലുണ്ട്."
"എന്തു ചെയ്യുന്നൂ?"
"സീരിയൽ കാണുന്നൂ."
"അമ്മേ...😠😠😠"

"എന്റെ വെല കളയല്ലേ അമ്മേ."
"എന്തുപറ്റി മോനേ...?"

"ഞാൻ കാണുന്നത് സീരിയൽ അല്ലാ, സീരീസാ സീരീസ്, വെബ് സീരീസ്."

"ഓ!
നിങ്ങള് കണ്ടാ സീരിയസ്!
ഞങ്ങള് കണ്ടാ സീരിയല്!"

വ്യാഴാഴ്‌ച, മേയ് 14, 2020

കൂപകന്യക

വീണിതല്ലോ കിടക്കുന്നു കിണറിതിൽ
വീണ്ടുമൊരു മണവാട്ടി, കന്യക!
വീഴാതിരിക്കാൻ പിടിപാടു പെടുന്നു
വീരരാം പ്രതിപുരുഷ മ്ലേഛന്മാർ!

പരാതിയില്ല പരിഭവമില്ല
പാരിലാർക്കും ഛേദമില്ല
പരിപാലിച്ച കരങ്ങളെല്ലാം
പരിശുദ്ധ മൗനം പൂണ്ടിരിപ്പൂ

മകളേ നീ മണവാട്ടിയാകണം
മഹിതമാം മാർഗ്ഗം തേടണം
മാന്യമാവസ്ത്രമണിയേണം
മാന്യത മിന്നിത്തിളങ്ങിടേണം

ആശയടക്കം നീ ശീലമാക്കേണം
ആശ്രയം ദൈവമായ് മാറിടേണം
അതിനായ് ആദ്യമായ് ആത്മാർപ്പണം ചെയ്യൂ
അനുസരണമുള്ള നിൻ മനവും മതിയും

ഇക്കണ്ട കാലമായ് ചത്തു മലച്ച
ഈ സോദരിമാരേ നീ ഓർക്ക വേണ്ട
ഇവരേതോ കിണറ്റിലോ കുളത്തിലോ
ഇരവിൽ അടി തെറ്റി വീണതാകാം

ലിൻഡ മഗ്ദേല അഭയ മേഴ്സി
ആനീസ് ബിൻസി ജ്യോതിസ് പോൾസി
ആൻസി ലിസ അനുപമ മേരി
അമല ലിസ സൂസൻ ദിവ്യ*

പേരുകൾ വെറും പേരുകളല്ലിത്
വേരുകൾ ദുഷിപ്പിൻ രൂഢിയാം വേരുകൾ
മേലു നോവാതെ മേനി നടിക്കുന്ന
മേലാളർ വെട്ടിയ, മാറ്റിയ പേരുകൾ

സ്വർഗ്ഗ കവാടം കിണറ്റിൻ കരയല്ല
സ്വന്തം മാനം കരയേറി പോകൊല്ല
സ്വസ്ഥമായ് ശാന്തമായ് ഭൂവിൽ ചരിക്കുവാൻ
സ്വരമുയർത്തൂ നിൻ കരമുയർത്തൂ നീ

നാളെ നീയും ചത്തു മലക്കാതെ
നാളെ നീയും അടിപ്പെട്ട് പോകാതെ
നാടാകെ പ്രകാശം പരത്തു വാൻ
നാലകം വിട്ടു നീയരങ്ങ് വാഴൂ

വീണ്ടുമൊരു മണവാട്ടി
വീഴാം മരിച്ചേക്കാം
വീരർ ജയിച്ചേക്കാം
വീരസ്യം വിളമ്പിയേക്കാം

പരാതിയുണ്ടാകില്ല പരിഭവമുണ്ടാകില്ല
പാരിലാർക്കും ഛേദമുണ്ടാകില്ല
പരിപാലിച്ച കരങ്ങളെല്ലാം ഇന്നെന്നപോലന്നും
പരിശുദ്ധ മൗനം പൂണ്ട് അമർന്നിരുന്നേക്കാം!

*1987 മുതൽ മഠങ്ങളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീകളുടെ പേരുകൾ.

(ഈ മരണങ്ങളിൽ ഏതിലെങ്കിലും കൃത്യമായ അന്വേഷണം നടന്നതും പ്രതികൾ ശിക്ഷിക്കപ്പെട്ടതുമായ കേസുകൾ ഉണ്ടെങ്കിൽ സ്തോത്രം!)