ശനിയാഴ്‌ച, ഒക്‌ടോബർ 18, 2008

‘ഡി’ വിരല്‍

എ......എസ്............ഡി.......എഫ്...........സ്പെയ്സ്........
ടൈപ്പിങ്ങില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുകയാണവന്‍. പഴയ പന്നാക്ക് ടൈപ് റൈറ്ററിലെ കട്ടകളില്‍ ഓരോ വിരലുമെടുത്തിട്ട് തല്ലിപ്പഠിത്തം നടക്കുന്നു. അന്തരീക്ഷം ‘കടകടാരവ’ത്താല്‍ മുഖരിതം.

മുന്നില്‍ ഇടതുവശത്തായി രജനി ഇരിപ്പുണ്ട്. അന്നാദ്യമായി അവന്‍ രജനിയുടെ വിരലുകളില്‍ മാത്രം നോട്ടമെറിഞ്ഞു. രജനിയുടെ സ്പര്‍ശനത്തില്‍ കട്ടകള്‍ അലിഞ്ഞ് ഇല്ലാതാകുന്നുവോ... അല്ല... തേന്‍ നുകര്‍ന്ന പൂമ്പാറ്റ പറന്നകലുമ്പോള്‍ ‘അയ്യോ പോയോ’ എന്നോര്‍ത്ത് ഉണര്‍ന്നെണീക്കുന്ന പൂക്കളേപ്പോലെ അവ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.

അവളേപ്പോലെ പറന്നടിക്കുവാന്‍ തനിക്കെന്നു സാധിക്കും എന്നവന്‍ ചിന്തിച്ചു.

“നേരെ നോക്കിയിരുന്ന് പ്രാക്ടീസ് ചെയ്യെടോ”, രാജന്‍ മാഷ്.

“എ? എസ്...”

കടകടാരവം നിലച്ചു. കൂട്ടച്ചിരി മുഴങ്ങി. രജനി രൂക്ഷമായി അവനെ നോക്കി, കൈകള്‍ കട്ടകളില്‍ നിന്നുയര്‍ന്നു. ഈശ്വരാ, തന്റെ നോട്ടം അവളും തെറ്റിദ്ധരിച്ചിരിക്കുന്നു. അവളെ നോട്ടംകൊണ്ടളന്ന മാത്തന്റെ കട്ടപ്പല്ല് അടിച്ചിളക്കിയ അതേ കൈകള്‍. രജനി വിരലുകള്‍ കോര്‍ത്ത് ഒന്ന് ഞൊടിക്കുക മാത്രം ചെയ്തു, ഒരു മുന്നറിയിപ്പ് പോലെ.

നാശം. തെറ്റിദ്ധരിക്കപ്പെട്ടതില്‍ മനം നൊന്ത ആ ദുര്‍ബല നിമിഷത്തില്‍ അവന്‍ നടുവിരല്‍ കൊണ്ട് ‘ഡി’ കട്ടയില്‍ ആഞ്ഞടിച്ചു. നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു.

വെറുമൊരു വിരലിന് ഇത്ര ശക്തിയൊ? ആ ടൈപ് റൈറ്റര്‍ പിന്നീടൊരിക്കലും നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലത്രെ! രാജന്‍ മാഷ്ക് അത് വേണം. രജനിയുടെ വിരലില്‍ മാത്രം നോക്കിയ അവന്റെ മാനം കളഞ്ഞതല്ലേ.

കാലം അതിന്റെ വഴിക്ക് പോയി. രജനി മികച്ചൊരു ടൈപ്പിസ്റ്റായി. മാത്തന്‍ തയ്പ്പിസ്റ്റും. മാത്തന്‍ അളവെടുത്ത് തയ്ക്കുന്ന ബ്ലൌസുകള്‍ക്കാണ് ആ നാട്ടില്‍ ഇന്നും മുന്‍‌തൂക്കം.

അവനും പക്വത വന്നു. എന്തൊക്കെയോ ആയി.

“മാമാ, കൈ തൊടാതെ എങ്ങന്യാ ചന്തി കഴ്‌ക്വാ?” എന്നൊരിക്കല്‍ ശ്രീക്കുട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ രജനിയേയോ മാത്തനേയോ ഓര്‍ത്തില്ല. ഓര്‍ക്കേണ്ട കാര്യവുമില്ലല്ലോ. ‘ഹെല്‍ത് ഹോസ് ’ ഉപയോഗിച്ച് ചന്തി കഴുകുന്ന രീതി ശ്രീക്കുട്ടന് പഠിപ്പിച്ചുകൊടുത്തു.

ഇന്‍ഷുറന്‍സ് ആപ്പീസില്‍ കണ്ടു, കം‌പ്യൂട്ടര്‍ കീബോഡില്‍ പറന്നടിക്കുന്ന ഒരുപാടുപേരെ. കം‌പ്യൂട്ടറില്‍ എളുപ്പം ടൈപ് പഠിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്ന് അവന്‍ അറിഞ്ഞു വച്ചു.

ഒരു കം‌പ്യൂട്ടര്‍ വാങ്ങി ടൈപ് പഠിക്കാന്‍ അവന്‍ നിശ്ചയിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക അതിനു നിമിത്തമായി. സ്വന്തം കം‌പ്യൂട്ടറിനു മുന്നില്‍ അഭിമാനത്തോടെ അവന്‍ ഇരുന്നു.

ഇടത്തേ ചെറുവിരലില്‍ ‘എ’, മോതിരവിരലില്‍ ‘എസ്’, അടുത്തത് ‘ഡി’. ഒരു നിമിഷം.... നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവനോര്‍ത്തു. രജനിയുടെ രൂക്ഷ നോട്ടം, മാത്തന്റെ ഇളകിയ പല്ല്, രാജന്‍ മാഷിന്റെ നിസ്സഹായ മുഖം, വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആ അപകടം... ഓര്‍മ്മകളുടെ കടകടാരവം അവനെ വലയം ചെയ്തു.

“വിരലൊന്ന് പോയാലെന്താ, കാശെത്രയാ അവന് കിട്ടീത്. ഇപ്പൊ ദാ കം‌പ്യൂട്ടറും വാങ്ങി!”, പത്ത് വിരലുള്ള ജനം നെടുവീര്‍പ്പിട്ടുകൊണ്ടേയിരുന്നു.

(ഇതെഴുതുമ്പോള്‍ ശ്രീ ശ്രീ ഹരിശ്രീ അശോകന്‍ രചിച്ച പിച്ചക്കാരുടെ ദേശീയഗാനം ‘കൈകാലാവതില്ലാത്തവനാണേ..... ഹമ്മ... അമ്മോ...’ പാടി വാഹനാപകടത്തിന്റെ ക്ഷീണം തീര്‍ക്കുകയാണ് സ്വാര്‍ത്ഥന്‍ - എന്റെ വിരല്‍ പോയില്ല, ഒടിഞ്ഞിട്ടേയുള്ളൂ‍ട്ടോ :)

ചൊവ്വാഴ്ച, ജനുവരി 01, 2008

ബെന്‍സ്‌ കാറും വേലിപ്പത്തലും

നാടും വീടും വിട്ട്‌ മരുഭൂമിയില്‍ ചെന്നുകിടന്ന്‌ കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ്‌ ഗള്‍ഫിലേക്ക്‌ കെട്ടിയെടുത്തത്‌!

രണ്ടുവര്‍ഷത്തെ കയിലുകുത്ത്‌ കഴിഞ്ഞ്‌ ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ്‌ ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട്‌ പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക്‌ തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ്‌ കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ്‌ ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന്‌ ചെലവാക്കേണ്ടിവരും.

ആ കാശോണ്ട്‌ എന്തോരം പുട്ടടിക്കാം!

മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌, ബെന്‍സ്‌ കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്‌. നാലെണ്ണം വിട്ട്‌ ലെയ്‌ലാന്റ്‌ മാതിരി റോഡ്‌ നിറഞ്ഞ്‌ നടക്കുന്നവന്റെ പിന്നില്‍ ചെന്ന്‌ മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച്‌ തുപ്പും!

അതുകൊണ്ട്‌ ബെന്‍സ്‌ കാര്‍ വാങ്ങേണ്ട എന്ന്‌ ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത്‌ കാര്യത്തിന്‌ ഞാന്‍ കടല്‍ കടന്ന്‌ കഷ്ടപ്പെടണം?

അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക്‌ കിട്ടുന്നത്‌ അവിടെയും കിട്ടും പത്തിന്‌, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച്‌ കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത്‌ എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.

അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ വീടി. (ഗള്‍ഫിലേക്ക്‌ കെട്ടിയെടുക്കാന്‍ ചെലവായത്‌ തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!

അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതാണ്‌... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ്‌ കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട്‌ ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.

ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.