തിങ്കളാഴ്‌ച, നവംബർ 27, 2006

ഗെയിംസ് : ഉദ്ഘാടന ജഗപൊഗ

‘ഡ്രെസ് റിഹേഴ്സലി’നു ക്ഷണം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഉയര്‍ന്നുവന്നത് “അപ്പൊ ഇതുവരെ തുണിയില്ലാതെയായിരുന്നോ റിഹേഴ്സല്‍?” എന്ന വരിയിലെ അവസാനത്തെ ചിഹ്നമാണ്. ചോദിച്ചപ്പൊ പറയുന്നു ഇത് ‘ഫൈനല്‍ റിഹേഴ്സല്‍’ ആണെന്ന് ! ‍ബൂലോഗര്‍ക്കായി ഒരു ‘ഒളിഞ്ഞു നോട്ടം’ തരപ്പെടുത്താമെന്നു നിരൂപിച്ച് ഡീവീകാമും സംഘടിപ്പിച്ച് പോകനൊരുങ്ങിയപ്പോഴാണ് അറിയുന്നത്, ക്യാമറ പോയിട്ട് മൊബൈല്‍ ഫോണ്‍ വരെ ‘മംനു’. കാണാന്‍ പോകുന്ന പൂരം എങ്ങിനെ വേണേലും ആകട്ടെ, ഞാന്‍ കണ്ട ‘ഉടുപ്പിട്ട റിഹേഴ്സലി’ന്റെ ‘ഉയരവെളിച്ചം’ ദാ ഇവിടെ...

മഴമേഘങ്ങളെ കീറിമുറിച്ച് വലം വയ്ക്കുന്ന യന്ത്രപ്പക്ഷികളുടെ ആശീര്‍വാദത്തോടെ ഖലീഫാ സ്റ്റേഡിയത്തില്‍ കന്തൂറയും തഖിയയും ധരിച്ച 2500(50 X 50) വെള്ളരിപ്രാവുകള്‍, കത്തിച്ച കൈത്തിരികളാല്‍ ‘അസ്സലാം അലൈക്കും’ എന്നെഴുതി ഞങ്ങള്‍ക്ക് സ്വാഗതമോതി.

ഛായ്... ഈ എയ്ത്ത് ഞമ്മക്ക് പിടിക്കൂല മോനെ...

അന്നാ ഇക്കാ, ഇങ്ങള് കേട്ടോളീ... രണ്ട് എലിക്കോപ്റ്ററ് ഇണ്ടേയ്‌നു സ്റ്റേഡിയത്തിന്റെ മോള്‌ക്കൂടെ ചുറ്റിക്കളിക്ക്ന്ന്. താഴെ തോനെ കുണ്ടമ്മാര് പൂത്തിരി കത്തിച്ചിങ്ങയ്ട്ട് ‘അസ്സലാമു അലൈക്കും’ന്ന് എയ്തിക്കാ‍ട്ടി.

ഡാ ഗഡീ, നീ മര്യാദയ്ക്ക് പറയ്‌ണ്ണ്ട്രാ....

ഓ ശരി...

പിന്നെ അവര്‍ കഥ പറഞ്ഞു തുടങ്ങി. പണ്ട് പണ്ടൊരിടത്ത് ഒരു ബാലന്‍(മ്മ്ടെ ബാലന്‍ അല്ല) ഉണ്ടായിരുന്നു. അവന് ഒരു കുന്ത്രാണ്ടം കിട്ടി, ആസ്ട്രലോബ് (ഇതിന്റെ മലയാളം അറിയാവുന്നവര്‍ ഉണ്ടോ?). ചെക്കന്‍ വലുതായപ്പോള്‍ വഞ്ചിയില്‍ പായ കെട്ടി കൂട്ടുകാരേയും കൂട്ടി മുത്തുവാരാന്‍ പുറപ്പെട്ടു. അമ്മേം പെങ്ങമ്മാരും അവനെ യാത്ര അയയ്ക്കുന്നു. കുന്ത്രാണ്ടത്തിന്റെ സഹായത്തോടെ യാത്ര തുടരുന്ന അവര്‍ മുത്ത് കണ്ടെത്തുന്നു. പിന്നങ്ങോട്ട് അവന്റെ കൂട്ടുകാര്‍ മുത്തെടുക്കാന്‍ നടത്തുന്ന പങ്കപ്പാടാ. അത് കാണേണ്ട കാഴ്ചയാ കൂടപ്പിറപ്പുകളേ!

മുത്ത് വാരി മുകള്‍പ്പര‍പ്പിലേക്ക് നീന്തുന്നു അവര്‍. പൊടുന്നനെ കൊടുങ്കാറ്റ് വീശിയടിക്കുന്നു! കടല്‍ പ്രക്ഷുബ്ധമായി, പായ്‌വഞ്ചികളില്‍ കയറാന്‍ കഴിയാതെ അവര്‍ ആഴത്തിലേക്ക് വീഴുന്നു. അവിടെയതാ ഒരുകൂട്ടം ‘കോക്കാച്ചികള്‍’. അവറ്റകള്‍ കൂട്ടം കൂട്ടമായി വന്ന് അവന്റെ കൂട്ടുകാരെ ഒന്നൊഴിയാതെ തിന്നൊടുക്കി!

കാറ്റും കോളും അടങ്ങിയ കടലില്‍ ഏകനായി ദുഃഖാര്‍ത്തനായി നമ്മുടെ നായകന്‍. ഇനി എന്ത് എന്ന ചിന്തയോടെ കഴിയുന്ന അവന്റെ മുന്നിലതാ എന്നത്തേക്കാളും വലിയ അപകടമായി ‘കടല്‍ക്കിഴവന്‍’ പ്രത്യക്ഷപ്പെടുന്നു. തീ തുപ്പുന്ന കുന്തത്താല്‍ തന്നെ ആക്രമിക്കാന്‍ വരുന്ന ആ ഭീകര സത്വത്തെ നേരിടാന്‍ അവന്‍ വൃഥാ ശ്രമിക്കുന്നു. ഉദ്വേഗജനകമായ നിമിഷങ്ങള്‍... അവസാനം അവന്റെ രക്ഷയ്ക്കായി ‘സ്വര്‍ണ്ണപ്പരുന്ത് ’ വരുന്നു. കടല്‍ക്കിഴവനെ കീഴ്പ്പെടുത്തുന്ന പരുന്ത് നായകനെ കാലില്‍ കൊളുത്തി പറന്നുയരുന്നു.

തികച്ചും അപരിചിതമായ ഒരു ഭൂവിഭാഗത്താണ് സ്വര്‍ണ്ണപ്പരുന്ത് നായകനെ കൊണ്ടുചെന്നിറക്കുന്നത്, ഏഷ്യാ വന്‍കരയില്‍!

‘പട്ട് പാത’യില്‍ തുടങ്ങി ഏഷ്യയിലെ വിവിധ സംസ്കാരങ്ങളുടെ പ്രതിച്ഛേദം അവന്റെ മുന്നില്‍ മിന്നിത്തെളിയുകയാണ്. ഏഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത അതിന്റെ എല്ലാ വര്‍ണ്ണശബളിമയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. ആകെ വണ്ടറടിച്ചു പോയ അവന്റെ കാതില്‍ സ്വദേശത്ത് മകനേ കാത്ത് വിലപിക്കുന്ന അവന്റെ അമ്മയുടെ രോദനം മാറ്റൊലി കൊള്ളുന്നു. അവന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. പുതിയ കൂട്ടുകാര്‍ അവനെ ഒരുക്കുന്നു, പട്ടും സുഗന്ധദ്രവ്യങ്ങളും എന്നുവേണ്ട ഏഷ്യയുടെ സമ്പത്ത് മുഴുവന്‍ നല്‍കിയാണ് അവര്‍ അവനെ യാത്രയാക്കുന്നത്.

കടപ്പൊറത്ത് കാത്ത് നിക്കണ ഓന്റെ ഉമ്മാന്റേം പെങ്ങമ്മാരുടേം അടുത്തേക്ക് ഓന്‍ എത്തുന്നു. പിന്നങ്ങട് കല്യാണത്തിന്റെ സെറ്റപ്പണ്ടോ! പാട്ടും നൃത്തവുമായി അസ്സല് അറബിക്കല്യാണം. പുതിയ കൂട്ടുകാരെ ആദരിക്കാന്‍ കുതിരപ്പടയേത്തന്നെ ഇറക്കുന്നു ഞമ്മളെ പുയ്യാപ്ല. അടിച്ചുപൊളി നിക്കാഹ് അങ്ങനെ കയ്ഞ്ഞ്.

കൊച്ചനങ്ങിനെ കൊച്ചിന്റച്ചനായി! കുഞ്ഞിച്ചെക്കന്റെ മുന്നില്‍ പുതുയുഗത്തിന്റെ കുന്ത്രാണ്ടങ്ങളുടെ പ്രളയം. ശാസ്ത്രലോകത്തെ മുസ്ലിം കണ്ടുപിടുത്തങ്ങളില്‍ തുടങ്ങി വ്യവസായിക വിപ്ലവത്തിലൂടെ സഞ്ചരിച്ച് ഡിജിറ്റല്‍ യുഗത്തില്‍ എത്തി തലയെടുപ്പോടെ നില്‍ക്കുന്നു ചെക്കന്‍, അഥവാ ഖത്തര്‍. അതിന് കാരണമായതോ, പടച്ചവന്റെ ദാനമായ പ്രകൃതിവാതകത്തിന്റെ നിക്ഷേപവും.

പിന്നങ്ങോട്ട് ജഗപൊകയാണ് ചങ്ങായ്മാരേ, നമുക്കത് ഒന്നാം തീയതി ടീവിയില്‍ കാണാം. എന്നെ ഏറ്റവും ആകര്‍ഷിച്ചത് കലാവിരുന്നില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്ന സംഗീതമാണ്. അറേബ്യന്‍ താളത്തോട് ഇഴുകിചേരുന്ന വിധത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന ഏഷ്യന്‍ സംഗീത ശാഖകള്‍! ജാക്കീ ചാനോടൊപ്പം വിശിഷ്ടാതിഥിയായി എത്തുന്നത് നമ്മുടെ പ്രിയപെട്ട പാട്ടുകാരി സുനീധീ ചൌഹാന്‍(മേരി ആവാസ് സുനോ ഫെയിം) ആണ്.

ഈ പരിപാടി കാണാന്‍ സാധിക്കാത്തവരുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും നഷ്ടപ്പെട്ടു എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാലും കാണണം, ഡിസംബര്‍ ഒന്നിന് ‍ഇന്ത്യന്‍ സമയം വൈകീട്ട് 8.30ന് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും ടീവിക്കു മുന്നില്‍. 6000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് ഈ പരിപാടി കാണാന്‍ എനിക്കെന്താ തലയ്ക്ക് ഓളമോ!

വ്യാഴാഴ്‌ച, നവംബർ 23, 2006

ഗെയിംസ്‌ വിശേഷങ്ങള്‍

‍ഏഷ്യന്‍ ഗെയിംസ്‌ അങ്ങിനെ പടിവാതില്‍ക്കല്‍ എത്തി. ഗെയിംസ്‌ വിശേഷങ്ങളുടെ ലൈവ്‌ അപ്ഡേറ്റിനായി 'ഇളംതെന്നല്‍', ഡാഫോഡില്‍സ്‌ സംഘത്തിലേക്ക്‌ ഒരു അപേക്ഷ വച്ചിരുന്നു. ഞാനും ഒരു ഏഷ്യന്‍ ഗെയിംസ്‌ 'വളണ്ടി' ആണല്ലോ എന്ന് അപ്പഴാണ്‌ ഓര്‍ത്തത്‌!

മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയാണ്‌ എനിക്ക്‌. അതുകൊണ്ടു തന്നെ ആദ്യം ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം, "അവര്‍ പലതും പറഞ്ഞ്‌ അടുത്ത്‌ കൂടും. ഒരു നിശ്ചിത അകലത്തില്‍ അവരെ നിറുത്തുക. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌!" എന്നതാണ്‌. ഇത്രയ്ക്ക്‌ അപകടകാരികളാണോ നന്ദൂ(കാവാലം), ഈ മാധ്യമ പ്രവര്‍ത്തകര്‍? :) :) :)

വിശേഷങ്ങളിലേക്ക്‌:

കഴിഞ്ഞ എട്ടാം തീയതി ഗെയിംസ്‌ വില്ലേജില്‍ വളണ്ടിയര്‍മാരുടെ ഒത്തുചേരല്‍ ഉണ്ടായിരുന്നു. (നീലുവും[ഖത്തറിലെ മറ്റൊരു ഡഫോഡില്‍സ്‌ വളണ്ടിയര്‍] അതില്‍ പങ്കെടുത്തുകാണുമെന്ന് വിശ്വസിക്കുന്നു.) കായികതാരങ്ങള്‍ക്ക്‌ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എല്ലാം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരം! അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഫുഡ്ഡടി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അറേബ്യന്‍, സൗത്ത്‌ ഏഷ്യന്‍, ഈസ്റ്റ്‌ ഏഷ്യന്‍, കോണ്ടിനെന്റല്‍ എന്നു തുടങ്ങി വൈവിധ്യങ്ങളുടെ നീണ്ട നിര! റൂമില്‍ വന്ന് വിശേഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍ സഹമുറിയന്മാര്‍ വാണിംഗ്‌ തന്നു, 'മേലാല്‍ കണ്ണീക്കണ്ടോടത്ത്‌ പോയി തീറ്റ കഴിഞ്ഞ്‌ വന്ന് ആ വിശേഷം ഇവിടെ വിളമ്പരുത്‌' എന്ന്. ആ ഒരു പ്രതിഷേധം സൃഷ്ടിച്ച വൈക്ലഭ്യത്തിലാണ്‌ ഈ പോസ്റ്റ്‌ വൈകിയത്‌.

അപ്പൊ പറഞ്ഞു വന്നത്‌ ഫുഡ്ഡടിയേക്കുറിച്ചാണ്‌ (അതല്ലാതെ വേറെ എന്ത്‌ പറയാന്‍!). 4000 പേര്‍ക്ക്‌ ഒരുമിച്ചിരുന്ന് പെരുമാറാവുന്ന ഊട്ടുപുര! 'ഉപ്പുമാവു' മുതല്‍ 'പെന്നെ കാര്‍ബൊണാറ' വരെ, 'പാവ്‌ ബാജി' മുതല്‍ 'അബകാഡൂ മാഹ്തഹീനാ' വരെ ഇവിടെ ലഭ്യം. കളിക്കാര്‍ക്ക്‌ വായിച്ചു നോക്കി തിന്നാന്‍ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും പേരും വീട്ടുപേരും ചെല്ലപ്പേരും കൂടാതെ കലോറി, പാണ്ടിലോറി, വൈറ്റമിന്‍, ബ്ലാക്കമിന്‍ എന്നു തുടങ്ങി വിലവിവരപ്പട്ടികപോലെ നീണ്ട ലിസ്റ്റ്‌ എല്ലാ തട്ടുകടയ്ക്കു മുന്നിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതു വായിച്ച്‌ 'ബ്ലിങ്കസ്യ' എന്ന അവസ്ഥയിലെത്തുന്ന പാവം അത്‌ലീറ്റുകളെ സഹായിക്കാന്‍ പോഷകാഹാര വിദഗ്ധരുടെ സേവനം സദാ ലഭ്യം. ആര്‍ക്ക്‌ വേണം അവരുടെ സേവനം! ഞാനങ്ങനെ താലവുമെടുത്ത്‌ തലങ്ങും വിലങ്ങും നടന്നു. തിരക്കില്ലാത്തിടത്ത്‌ പോയി വിളമ്പുകാരോട്‌ കുശലം പറഞ്ഞ്‌ എല്ലാം ഇത്തിരീശെ ഇത്തിരീശെ എടുത്തുകൊണ്ട്‌ വന്ന് ആക്രമണം തുടങ്ങി. അനുവദിച്ചിരുന്ന സമയം ഒരു മണിക്കൂര്‍, എല്ലാ തട്ടുകടയിലും കയറി ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ബാക്കി വൈകീട്ടും നാളെ രാവിലെയും ആകാം എന്ന് ആശ്വസിച്ച്‌ ഞാന്‍ പ്രയാണം തുടര്‍ന്നു.

ഓ പ്രയാണം! അതു പറഞ്ഞില്ല അല്ലെ! രാവിലെ മുതല്‍ തുടങ്ങിയതാ, കായിക ഗ്രാമം ചുറ്റിക്കാണുവാന്‍. എല്ലാവരേയും ടീമായി തിരിച്ചിരിക്കുന്നു. ഞാന്‍ ഇന്തോനേഷ്യന്‍ ടീം അംഗം! ഉച്ച ഭക്ഷണം കഴിഞ്ഞ്‌ പുല്‍ത്തകിടിയില്‍ വിശ്രമിക്കാനായി പോകുമ്പോള്‍ എതിരെ വരുന്നു 'ഇന്ത്യന്‍' ടീം. ടീമിനെ നയിക്കുന്നത്‌ ഒരു ആസ്ത്രേലിയക്കാരി. ത്രിവര്‍ണ്ണ പതാക ഏന്തിയിരിക്കുന്നത്‌ അറബ്‌ വംശജന്‍! നൂറുകണക്കിനു അംഗങ്ങള്‍ ഉള്ള ടീമില്‍ ഭൂരിഭാഗവും ഫിലിപ്പീനാകള്‍, ഇന്ത്യക്കാരായി വിരലിലെണ്ണാവുന്ന 'മല്ലു'കള്‍!

എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എന്താ കാര്യം, ഒരു ചായ വേണമെങ്കില്‍ സ്വയം ഉണ്ടാക്കി കുടിക്കണം! ഞാന്‍ മെനക്കെടാനൊന്നും നിന്നില്ല, ചില്ലു ജാറയില്‍ 'കോള്‍ഡ്‌ കോഫി' കിടന്നു തിളയ്ക്കുന്നു. എന്നാല്‍ അതാകട്ടെ എന്നു കരുതി, വെറുതേ ടാപ്‌ തിരിച്ചാല്‍ മതിയല്ലോ! സധനം പക്ഷേ അടിപൊളി ആയിരുന്നു.

ഉച്ചഭക്ഷണസമയത്ത്‌ ചിലര്‍ ഓരോ കിലോ വരുന്ന മുന്തിരിക്കുലകള്‍ ചുമന്നുകൊണ്ടു വന്ന് കാല്‍ ഭാഗം പോലും തിന്നാന്‍ സാധിക്കാതെ കളയുന്നുണ്ടായിരുന്നു. പാവങ്ങള്‍, ആക്രാന്തം കൊണ്ടാകും എന്നു ഞാന്‍ ആശ്വസിച്ചു. ഇപ്പറഞ്ഞവരില്‍ ചില 'മല്ലു'കളും ഉണ്ടായിരുന്നു ട്ടോ. അത്താഴ സമയത്ത്‌ മനസ്സിലായി, 'മല്ലു'കള്‍ ഒന്നുമല്ലെന്ന്. ചില അറബികള്‍ ക്രിക്കറ്റ്‌ ബാറ്റ്‌ പോലുള്ള(ഇത്തിരി കുറയ്ക്കാം) സാന്റ്‌വിച്ചുകള്‍ അഞ്ചുപത്തെണ്ണം ഒരുമിച്ച്‌ ചുമന്നുകൊണ്ടു വന്ന് അവിടെയും ഇവിടെയും കടിച്ചു നോക്കി മേശമേല്‍ കുന്നുകൂട്ടി ഇടുന്നുണ്ടായിരുന്നു. കൂടെ, അബദ്ധത്തില്‍ എടുത്തുപോയ വെജിറ്റബിള്‍ ജ്യൂസുകളും!

'മൗലികവാദി'യുടെ കൂട്ടുകാരന്‍ ആരിഫ്‌ സലാമിനെ പരിചയപ്പെടുകയായിരുന്നു ഉറങ്ങുന്നതിനു മുന്‍പുള്ള ഏക ദൗത്യം. ബ്ലോഗ്‌, പിന്മൊഴി, വരമൊഴി, ഇളമൊഴി എന്നൊന്നും പറഞ്ഞ്‌ ആ പാവത്തിനെ വധിക്കാന്‍ നിന്നില്ല. 'സ്കൈ സോണില്‍' രണ്ടാം നമ്പര്‍ കെട്ടിടത്തിലെ 5Bയില്‍ സുഖശയനം.

വെളുപ്പിനു തന്നെ എഴുന്നേറ്റ്‌ കുളിച്ച്‌ കുട്ടപ്പനായി വീണ്ടും നമ്മുടെ പ്രിയപ്പെട്ട ഊട്ടുപുരയിലേക്ക്‌.

"ഉപ്പുമാവുണ്ടോടെ?"

"ഉണ്ട്‌ സര്‍."

"എന്നാലൊരു അര സ്പൂണ്‍..." ഇനിയും ഒരുപാടുണ്ട്‌ രുചിച്ചു നോക്കുവാന്‍. തലേന്നത്തേക്കാളും വേഗത്തില്‍, ഒരു മണിക്കൂറിനുള്ളില്‍, പരമാവധി തട്ടുകടകള്‍ കയറി ഇറങ്ങി സ്ഥലം കാലിയാക്കി.

ഇതി വാര്‍ത്താഃ