വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2006

റമദാന്‍ കരീം

കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു സ്വാര്‍ത്ഥന്‍ ദോഹ ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നത്. തിരക്ക് കുറഞ്ഞ സമയത്തെ പഠിത്തമായിരുന്നത് കാരണം ഉസ്കൂള് വണ്ടി വരവിനു മാത്രമേ തരപ്പെടാറുണ്ടായിരുന്നുള്ളൂ. തിരിച്ചുപോക്കിനു ‘മശ്കൂര്‍ വണ്ടി’ തന്നെ ശരണം. ഹൈവേയില്‍ ചീറിപ്പായുന്ന വണ്ടികള്‍ക്ക് വെറുതേ കൈ കാണിക്കുക, ആരെങ്കിലും ദയ തോന്നി നിറുത്തി കയറ്റിക്കൊണ്ട് പോകും. ഇറങ്ങുമ്പോള്‍ അവരുടെ മുഖത്തു നോക്കി പല്ലിളിച്ച് ‘മശ്കൂര്‍’(നന്ദി) എന്ന് പറഞ്ഞാല്‍ മതി. ഇതാണ് മശ്കൂര്‍ വണ്ടി.

കാറ്റുള്ള ദിവസങ്ങളില്‍ പാതയോരത്ത് കാത്തു നില്‍ക്കുക വളരെ ദുഷ്കരമാണ്, കണ്ണ് തുറക്കാന്‍ കൂടി സാധിക്കാത്ത തരം പൊടിക്കാറ്റായിരിക്കും വീശുക. കയറി നില്‍ക്കാന്‍ ഒരിടം പോലും ഉണ്ടാവില്ല. ഇടതുകരം കൊണ്ട് കണ്ണു പൊത്തി വലതുകരം നീട്ടിപ്പിടിച്ച് ഒരേ നില്‍പ്പ്. കരുണാമയര്‍ വണ്ടി നിറുത്തി കയറ്റിക്കൊണ്ട് പോകും, ഇല്ലെങ്കില്‍ നിന്ന് പൊടിപിടിക്കാനാകും വിധി.

പൊതുവേ ലാന്‍ഡ് ക്രൂയിസര്‍, റെയ്ഞ്ച് റോവര്‍, ലെക്സസ്, ഹമ്മര്‍ മുതലായവയ്ക്കൊന്നും കൈ കാണിക്കാരില്ല; നമ്മളെയൊന്നും കയറ്റാനുള്ള യോഗ്യത അവര്‍ക്കായിട്ടില്ല! എങ്കിലും കാറ്റുള്ള ഒരു ദിവസം മുന്നില്‍ വന്ന് നിന്നത് ലെക്സസില്‍, പ്രായം ചെന്ന ഒരറബി; ബെഹറിനില്‍ നിന്നും കുടിയേറിയ വ്യക്തി. ഖത്തറില്‍ നിന്നും ബഹറിനിലേക്ക് പണിയുവാന്‍ പോകുന്ന പാലത്തേക്കുറിച്ചും അതു വന്നാല്‍ തങ്ങള്‍ക്കുണ്ടാകുവാന്‍ പോകുന്ന സൌകര്യങ്ങളേക്കുറിച്ചും ഇറങ്ങുന്നതുവരെ വാതോരാതെ അദ്ദേഹം സംസാരിച്ചു. ഇറങ്ങുന്നതിനു മുന്‍പ് ‘മശ്കൂര്‍’ പറയാന്‍ ഞാന്‍ മറന്നില്ല.

അടുത്ത ഊഴം ലാന്‍ഡ് ക്രൂയിസറിനായിരുന്നു, ഖത്തറി പയ്യന്‍. എന്റെ പേര് കേട്ടപ്പോള്‍ സീറ്റിനിടയിലെ പെട്ടി തുറന്ന് പെപ്സിയും ബര്‍ഗ്ഗറും സമര്‍പ്പിച്ചു. “എനിക്ക് നോമ്പാണ്”, ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് നിരസിച്ചു. “ബട്...യൂ ക്രിസ്ത്യന്‍..?”, അവന് അത്ഭുതം. യാത്രയില്‍ അവന്‍ അവനേക്കുറിച്ച് പറഞ്ഞു, നോമ്പ് കാരണം വീട്ടില്‍ നിന്നും പുറത്ത് നിന്നും ഒന്നും കിട്ടില്ല. ആവശ്യമുള്ള സാധനങ്ങള്‍ രാത്രിയില്‍ വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും, വിശക്കുമ്പോള്‍ വണ്ടിയുമെടുത്ത് കറങ്ങാന്‍ ഇറങ്ങും. ദോഹയില്‍ നിന്നും വടക്കേ തെരുവ് വഴി അല്‍ഖോറിലേക്കും തിരിച്ച് പടിഞ്ഞാറന്‍ പാതയിലൂടെ ദോഹയിലേക്കുമുള്ള 150 കിലോമീറ്റര്‍ കഴിയുമ്പോഴേക്കും വിശപ്പ് ഏതാണ്ട് ശമിച്ചിട്ടുണ്ടാകുമത്രേ! അവന്റെ നിഷ്കളങ്കതയ്ക്ക് ‘മശ്കൂര്‍’ പറഞ്ഞ് ഞാനിറങ്ങി.

ഫ്രീവിസക്കാരന്‍ പോലീസിനേയും സീഐഡിയേയും എപ്പോഴും കരുതിയിരിക്കണം എന്നാണല്ലോ. സ്വകാര്യവാഹനം മുന്നില്‍ നിറുത്തിയപ്പോള്‍ പോലീസാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല. കയറിയിട്ട് പിന്നെ ഇറങ്ങാന്‍ പറ്റുമോ, യൂണിഫോമിലാണ് കക്ഷി. വിശദമായ പരിചയപ്പെടലിനു ശേഷം അദ്ദേഹത്തിനു ജിജ്ഞാസ, ഞാനെന്തിനു നോമ്പെടുക്കുന്നു എന്ന്. നോമ്പിലൂടെയുള്ള ശാരീരിക സൌഖ്യവും സംതൃപ്തിയും മാത്രമേ ഞാന്‍ ലക്ഷ്യമാക്കുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞു. ‘മശ്കൂര്‍’നു പകരമായി ഇസ്ലാമിനെക്കുറിച്ച്, എനിക്കറിയാവുന്ന ഭാഷകളിലെല്ലാമുള്ള പുസ്തകങ്ങളും ഒപ്പം ആശീര്‍വാദവും അദ്ദേഹം നല്‍കി. പുസ്തകത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലായി. റമദാന്‍ മാസം ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് മൂല്യം വളരെയേറെയാണ്, ലക്സസ് അറബിക്ക് വീണ്ടും ‘മശ്കൂര്‍’. ഖത്തറി പയ്യന്‍ ചെയ്തതും ശരി, യാത്രാക്കാരന് നോമ്പ് ബാധകമല്ല!!

നോമ്പ് ശാരീരിക സൌഖ്യം മാത്രമാണോ നല്‍കുന്നത്? പുണ്യവും കൂടെ ലഭിക്കും എന്നാകും വിശ്വാസിക്ക് പറയാനുള്ളത്. എനിക്ക് പറയനുള്ളത്, കഴിഞ്ഞ റമദാന്‍ നോമ്പനുഷ്ടിച്ച ഞാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സിനു യോഗ്യത നേടി. നാട്ടില്‍ കൊടികുത്തിയ ഡ്രൈവര്‍മാര്‍ അഞ്ചും ആറും തവണ ടെസ്റ്റില്‍ പൊട്ടുമ്പോഴാണ് ഇത്. ഇത്തവണ ലക്ഷ്യം അറബി പഠനമാണ്. ഏവര്‍ക്കും റമദാന്‍ കരീം...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2006

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍

1152 ചിങ്ങം 31, ജന്മാഷ്ടമി. തൃശൂര്‍ നഗരം ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്‌. യുദ്ധരംഗത്തെ ജാഗ്രതയോടെ രണ്ട്‌ മുന്‍ പട്ടാളക്കാര്‍ മിഷ്യാനാശ്പത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലുണ്ട്‌. ഒന്ന് എന്റെ അപ്പന്‍, ജോസേട്ടന്‍. മറ്റേയാള്‍ എന്റെ അമ്മേടെ അപ്പന്‍, ഈനാശേട്ടന്‍. (ഇവരിവിടെവരെ എത്തിപ്പെട്ടതിനേക്കുറിച്ച്‌ മുന്‍പ്‌ എഴുതിയിരുന്നു.)

പെന്‍ഷനടിച്ച ഇനാശേട്ടനും പെന്‍ഷനടിക്കാത്ത ജോസേട്ടനും കൂട്ടായി, ടെന്‍ഷനടിച്ചുകൊണ്ട്‌ പരിവാരങ്ങളും എത്തിയിട്ടുണ്ട്‌. ആശുപത്രിയിലാണെങ്കില്‍ റോസ്യേട്ത്ത്യാരുടെ(അമ്മാമ്മ) അഭിപ്രായത്തില്‍, 'തിക്കും തെരക്കും തുപ്രാട്ട്‌ വെളക്കും'!

അന്തോണീസു പുണ്യാളനില്‍ തുടക്കമിട്ട നേര്‍ച്ച കാഴ്ചകള്‍ താഴേക്കാട്‌ മുത്തപ്പന്‍, കൊരട്ടി മുത്തി, എടപ്പിള്ളി ഗീവര്‍ഗ്ഗീസ്‌ സഹദാ, പിണ്ടിപ്പെരുന്നാള്‍ ബ്രാന്‍ഡ്‌ അമ്പാസ്സഡര്‍ സെബസ്ത്യാനോസ്‌ പുണ്യാളന്‍ എന്നുവേണ്ട, നേരം വൈകുംതോറും കൊച്ചിയിലെ കൂനന്‍ കുരിശു മുത്തപ്പന്‍, മലയാറ്റൂര്‍ പൊന്നിന്‍ കുരിശുമല മുത്തപ്പന്‍, വേളാങ്കണ്ണി മാതാവ്‌ എന്നിവരിലേക്കും നീണ്ടു.

നേര്‍ച്ച കാഴ്ചകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഒടുവില്‍ ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യപ്പെട്ടു, "വടക്കുംനാഥന്റെ പട്ടണത്തില്‍ മേരീജോസ്‌ ദമ്പതികള്‍ക്കായിതാ അഷ്ടമിരോഹിണി നാളില്‍ ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു". മാലോകര്‍ ആനന്ദാശ്രു പൊഴിച്ചു. പ്രസവ വാര്‍ഡിനു മുന്‍പില്‍ ഊഴം കാത്തു കഴിയുന്ന എല്ലാവരും ആ സന്തോഷം പങ്കുവച്ചു.

അകത്ത്‌ ഒരു അങ്കം തന്നെ കഴിഞ്ഞിരുന്നതിനാല്‍ ഉടനെ അമ്മയേയും കുഞ്ഞിനേയും കാണുവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ആറ്റുനോറ്റുണ്ടായ ഉണ്ണിയെ ഒരുനോക്ക്‌ കാണുവാനുള്ള ആശ ഉള്ളിലൊതുക്കി, പഴയ പട്ടാളക്കാരന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും കാന്റീന്‍ ലക്ഷ്യമാക്കി നീങ്ങി. ഇടക്കാലാശ്വാസമായി ചായയും വടയും കഴിച്ച്‌ ഉണ്ണിവാവേടെ അമ്മയ്ക്ക്‌ ഏറ്റവും ഇഷ്ടള്ള പഴംപൊരിയുമായി മടങ്ങി വന്ന സംഘം കാത്തിരിപ്പ്‌ തുടര്‍ന്നു. പ്രസവ മുറിയുടെ വാതില്‍ ഒന്നനങ്ങിയാല്‍, ഒരു കുഞ്ഞു കരച്ചില്‍ അതിലൂടെയെങ്ങാന്‍ പുറത്തേക്കെത്തിയാല്‍ ആ മുഖങ്ങളില്‍ വിസ്മയത്തിളക്കം.

പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങുന്ന ഒരു നഴ്സമ്മയിലാണ്‌ എല്ലാവരുടേയും പ്രതീക്ഷ. അവരാണെങ്കില്‍ ആരെയും അടുപ്പിക്കുന്ന പ്രകൃതക്കാരിയല്ല. ആകാംഷയുടെ മുള്‍മുനയില്‍ കൂട്ടത്തിലൊരാള്‍ അവരോട്‌ ചോദിച്ചു, "കുഞ്ഞിനെ ഒരുനോക്ക്‌ കാണാന്‍..."

"മേരീജോസിന്റെ കുഞ്ഞല്ലേ, അത്‌ മരിച്ചു!"

വെള്ളിടി വെട്ടിയ ആഘാതത്തില്‍ തരിച്ചുപോയി എല്ലാവരും. ഓരോരുത്തരായി തളര്‍ന്നു തുടങ്ങി, മാനസികമായും ശാരീരികമായും. കയ്യിലൊരു കുറിപ്പടിയുമായി തിരിച്ചുവന്ന നഴ്സമ്മ അവസാനമായി തളരാനൊരുങ്ങുന്ന ഈനാശേട്ടനു നേരെ കുറിപ്പടി നീട്ടി, "ഈ മരുന്ന് പുറത്ത്‌ നിന്ന് വാങ്ങണം, വേഗം വേണം."

പശ്ചാത്തലത്തില്‍ വയലിന്‍ സംഗീതം. അടുത്തുള്ള മരുന്നു കട ലക്ഷ്യമാക്കി, പതറുന്ന ചുവടുകളുമായി നീങ്ങുന്ന ഈനാശേട്ടന്‍. പൊടുന്നനെ ഒരു വാഹനം ആഞ്ഞ്‌ ബ്രെയ്ക്ക്‌ ചവിട്ടി ഈനാശേട്ടനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വെട്ടിച്ച്‌ നിന്നു. "ചാവാന്‍ നടക്കാണോ കാര്‍ന്നോരേ?"

സമനില വീണ്ടെടുത്ത്‌ വല്ലവിധേനയും മരുന്നു വാങ്ങി ആശുപത്രിയിലേക്ക്‌ തിരിച്ച്‌ നടക്കുന്ന ഈനാശേട്ടനു മുന്നില്‍ അതാ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ട്‌, എന്നാല്‍ വായ തുറന്ന് ചിരിച്ചു കൊണ്ട്‌ മരുമകന്‍, "പാവം, ഇവനു വട്ടായി..."

"അപ്പാ.... കുഞ്ഞ്‌ മരിച്ചിട്ടില്ല......മരിച്ചത്‌ നമ്മുടെ കുഞ്ഞല്ലത്രേ...."

ഒരു നൂറു നില അമിട്ടെങ്കിലും അപ്പോള്‍ അവരുടെ മനസ്സില്‍ പൊട്ടിവിരിഞ്ഞു കാണണം. ഈ അമിട്ട്‌ വിരിയല്‍ അടുത്തുള്ള ബാറിലേക്കാണ്‌ പിന്നീട്‌ നീണ്ടത്‌, പശ്ചാത്തലത്തില്‍ ബാന്റ്‌ മേളത്തോടെ!

ഇത്‌ സ്വാര്‍ത്ഥജനനം. എല്ലാ സെപ്റ്റമ്പര്‍ 15നും എന്റെ കുടുമ്പാംഗങ്ങള്‍ ഈ ഓര്‍മ്മകള്‍ അയവിറക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം ജനന തീയതി വേറെയാണെങ്കിലും ഞാനും ഈ ദിനം ഓര്‍ക്കാറുണ്ട്‌.

ഓര്‍മ്മകളില്‍ പക്ഷേ എന്നെ അലട്ടുന്ന ഒന്നുണ്ട്‌, ഈ പിറന്നാള്‍ ദിനത്തില്‍ അത്‌ നിങ്ങളുമായി പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1976 സെപ്റ്റമ്പര്‍ 15നു ഞാന്‍ മരിച്ചിട്ടില്ല എന്നാണെന്റെ വിശ്വാസം!!! എന്നാല്‍ അന്ന് അതേ ആശുപത്രിയില്‍ വച്ച്‌ മറ്റൊരു മേരീജോസിന്റെ കുഞ്ഞ്‌ മരിച്ചിരുന്നു. മറ്റുള്ളവരേക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ലെങ്കിലും, എനിക്ക്‌ പകരം മരണമടഞ്ഞ എന്റെയാ കൂടപ്പിറപ്പിനേക്കുറിച്ച്‌ ഈ ദിനത്തില്‍ ഞാന്‍ ചിന്തിച്ച്‌ പോകുന്നു.....

ബൂലോഗത്തെ എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ, നിങ്ങള്‍ക്കറിയാമോ ആ കുഞ്ഞിന്റെ മാതാപിതാക്കളെ, എനിക്ക്‌ പകരം മരിച്ച എന്റെ ആ കൂടപ്പിറപ്പിന്റെ മാതാപിതാക്കളെ?