ബുധനാഴ്‌ച, നവംബർ 23, 2005

പരിഭാഷയുടെ 'സോഴ്സ്‌ കോഡ്‌'

'വായനശാലയിലെ' മൊഴിമാറ്റ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ മടിച്ച്‌ നില്ക്കുന്നവര്‍ക്കായി...

മൂല കവിത:
"The music of silence
Entered my heart
And made seven holes
To make it a flute"

'സോഴ്സ്‌ കോഡ്‌':
Music = സംഗീതം, ഗാനം, മധുരധ്വനി
Silence = നിശബ്ദത, മൌനം, മൂകത, അഭാഷണം
Entered = അകത്ത്‌ കടന്നു, പ്രവേശിച്ചു, കടന്ന് ചെന്നു, തുളച്ച്‌ കയറി, ചേക്കേറി
My = എന്റെ, മമ, എന്‍
Made = നിര്‍മ്മിച്ചു, പണിഞ്ഞു, മെനഞ്ഞു, സംഭവിപ്പിച്ചു
Seven = ഏഴ്‌, സപ്തം, സപ്തകം
Hole = പഴുത്‌, തുള, സുഷിരം, ദ്വാരം, രന്ധ്രം(നാസാരന്ധ്രം: മൂക്കിന്റെ ഓട്ട!)
To make = നിര്‍മ്മിക്കാന്‍, ആക്കുവാന്‍, പരിണമിപ്പിക്കാന്‍, ഉണ്ടാക്കുവാന്‍, സൃഷ്ടിക്കുവാന്‍, ഘടിപ്പിക്കുവാന്‍, പണിയുവാന്‍, ചമയ്ക്കുവാന്‍
It = അത്‌, അതിനെ
Flute = ഓടക്കുഴല്‍, പുല്ലാങ്കുഴല്‍, മുരളി, വേണു

നേരേ ചൊവ്വേയുള്ള മൊഴിമാറ്റം:
"നിശബ്ദതയുടെ സംഗീതം
എന്റെ ഹൃദയത്തില്‍ കടന്ന്
ഏഴ്‌ ദ്വാരങ്ങളുണ്ടാക്കി
അതിനെ ഒരു ഓടക്കുഴലാക്കാന്‍"

സ്വാര്‍ത്ഥന്റെ പരിഭാഷ:
"മൌനത്തിന്‍ മധുരധ്വനി
എന്‍ ഹൃദയത്തില്‍ ചേക്കേറി
സപ്തരന്ധ്രം മെനഞ്ഞു
പുല്ലാങ്കുഴലായ്‌ പണിഞ്ഞു"

പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ,
'സോഴ്സ്‌ കോഡില്‍' ഇനിയും ചേരുവകള്‍ ചേര്‍ക്കാമെങ്കില്‍ ചേര്‍ത്ത്‌ എല്ലാം കൂട്ടിക്കുഴച്ച്‌ ഒന്ന് ശ്രമിച്ചു നോക്കൂ. സമ്മാനം നിങ്ങള്‍ക്ക്‌ ലഭിച്ചേക്കാം. ആരും പങ്കെടുക്കാതിരിക്കരുത്‌. 'ഇത്‌ ഏത്‌ പോലീസുകാരനും സാധിക്കും' എന്ന ആത്മവിശ്വാസത്തോടെ തുടങ്ങുക. ആശംസകള്‍!

(വിജയരഹസ്യം(ആരോടും പറയല്ലേ!): മൂല കവിതയിലെ പ്രാസം, silence & holes, heart & flute, ശ്രദ്ധിക്കുക)

ഞായറാഴ്‌ച, നവംബർ 20, 2005

മരുഭൂമിയിലെ മഴക്കാലം

കാറ്റും മഴയും വന്നാലുടന്‍ കറന്റ്‌ പോകും. നാട്ടില്‍ മാത്രമല്ല, ഗള്‍ഫിലും (സ്വാര്‍ത്ഥന്‍ പ്രവാസിയാണ്‌). തുളസിയുടെ 'വൈകുന്നേരത്തെ മഴ'യില്‍ കുതിര്‍ന്നിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌; 'പീരങ്കിപ്പുര കടന്ന് മൂക്കുത്തി കിണറിനരികില്‍' എത്തിയതേ ഉള്ളൂ...

മരുഭൂമിയിലെ മഞ്ഞുകാലത്തിന്റെ ആഗമനം വിളംബരം ചെയ്തെത്തുന്ന വിരുന്നുകാരെ കാണാന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി. വാതില്‍ തുറന്നപ്പോള്‍ സഹവാസി അടുക്കളയിലെ വായ്‌വട്ടമുള്ള പാത്രങ്ങളെല്ലാം കയ്യിലെടുത്ത്‌ വരുന്നു: "ടെറസ്സില്‍ പ്ലാസ്റ്റര്‍ ഇളകിയിട്ടുണ്ട്‌...".

"നല്ല കാര്യം, വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുന്നത്‌ കാണാന്‍ കഴിയില്ലെങ്കിലെന്താ? തുള്ളിക്കൊരുകലം മഴ പുരയ്ക്കകത്ത്‌ കാണാന്‍ കിട്ടുമല്ലോ!" സഹവാസി വാപൊളിച്ച്‌ എന്നെ നോക്കിയില്ല. മഴയ്ക്ക്‌ മുന്‍പേ തന്നെ എന്റെ തലയ്ക്ക്‌ ഓളമുണ്ടെന്ന് അവന്‌ ഉറപ്പാണ്‌. അതുകൊണ്ടാണല്ലോ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയതു മുതല്‍ എന്നേയും പീസിയേയും തനിച്ചാക്കി സഹമുറിയനായിരുന്ന അവന്‍ അപ്പുറത്തെ മുറിയിലേക്ക്‌ ചേക്കേറിയത്‌.

താമസം മാറിയെങ്കിലും ഇപ്പോഴും എന്റെ കാര്യത്തില്‍ ഒരു മലയാളി മറ്റൊരു മലയാളിയോട്‌ കാണിക്കുന്നതില്‍ കവിഞ്ഞ്‌ താല്‍പര്യം അവന്‍ കാണിക്കുന്നുണ്ട്‌. പയ്യന്‍ വളര്‍ന്ന് വരുന്നല്ലേ ഉള്ളൂ, സ്വാര്‍ത്ഥനാവാന്‍ സമയമെടുക്കും. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് കാര്‍പറ്റ്‌ ചുരുട്ടിക്കെട്ടി ചോര്‍ച്ചാ സാദ്ധ്യതയുള്ളിടത്തെല്ലാം പാത്രങ്ങള്‍ നിരത്തി. ഏസി നിലച്ചത്‌ കാരണം ഹൈവേയില്‍ നിലവിളിച്ച്‌ പായുന്ന പൊലീസ്‌ വാഹനങ്ങളുടേയും ആംബുലന്‍സിന്റേയും ശബ്ദം വ്യക്തമായി കേള്‍ക്കാം. ആധുനിക യാത്രാസംവിധാനങ്ങളെല്ലാം തികച്ചും പൗരാണികമായ മഴയുടെ മുന്‍പില്‍ പാളുകയാണ്‌. ആരൊക്കെയോ ജീവിതത്തില്‍ നിന്നു തന്നെ വഴുതിപ്പോകുന്നു!

മഴയുടെ രാഗവിസ്താരത്തില്‍ ലയിച്ച്‌ മയങ്ങാമെന്ന് കരുതിയത്‌ വെറുതെ. അപശ്രുതിയായി തലങ്ങും വിലങ്ങുമുള്ള പാത്രങ്ങളില്‍ 'ബ്ലപ്‌, ബ്ലപ്‌'* ജലതരംഗം.

വെള്ളിയാഴ്ച അലാറത്തിന്‌ അവധിയാണ്‌. എന്നാലും ഉച്ചയൂണിന്‌ അല്‍പം മുന്‍പ്‌ കൃത്യമായി എഴുന്നേറ്റു. മഴ നന്നായി പെയ്തു കാണും, മട്ടന്‍ കറി തുളസിയുടെ പാടത്തെ ക്രിക്കറ്റ്‌ പിച്ച്‌ പോലെയിരിക്കുന്നു!

ആകാശവാണിയിലെ കാലാവസ്ഥാപ്രവചനം ശ്രവിക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട്‌ അലക്കാനും ഉണക്കാനും നിന്നില്ല, കറങ്ങാനിറങ്ങി. ഹൈവേയ്ക്കിരുവശവും 'ലാന്‍ഡ്‌ക്രൂയിസറുകളുടെ'* സംസ്ഥാനസമ്മേളനം. കുടുംബസമേതം 'മഴക്കാലം' ചെലവഴിക്കാന്‍ എത്തിയ അറബി കുടുംബങ്ങള്‍! ഞങ്ങള്‍ 'പിക്‍അപ്‌'* ഒതുക്കിനിറുത്തി 'പിക്‍നിക്‌' േസ്പാട്ടിലേക്കിറങ്ങി. അവിടവിടെയായി തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളം. അതിനുചുറ്റും പരവതാനി വിരിച്ച്‌ കുഞ്ഞുകുട്ടിപരാധീനതകളുമായി പിക്നിക്കുന്നവര്‍!

അല്‍പം അകലെ കുട്ടികളുടെ തിരക്കും ബഹളവും. ഒരു 'റിയാലി'ന്‌* ഒരു കടലാസുതോണി-വില്‍പ്പനക്കാരന്‌ നിന്ന് തിരിയാന്‍ നേരമില്ല. മിടുക്കന്‍, ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിംഗ്‌ തന്ത്രം പഠിച്ചവന്‍? തോണിയെല്ലാം ചൂട്‌ കുബ്ബൂസ്‌* പോലെ (ഗള്‍ഫില്‍ അപ്പമില്ല) വിറ്റുതീര്‍ന്നു.

പോകാനൊരുങ്ങുന്ന അയാളെ സൂക്ഷിച്ച്‌ നോക്കി. അറബിക്കുപ്പായം ധരിച്ച ഒരു 'മിസ്കീന്‍'(ദരിദ്രന്‍). ഒട്ടും സംശയിക്കേണ്ടി വന്നില്ല, ഞാന്‍ ചോദിച്ചു: "മലയാളിയാണല്ലെ...?".

ദൈന്യത നിറഞ്ഞ ആ മുഖത്ത്‌ അന്നത്തെ കുബ്ബൂസിനുള്ള വക ലഭിച്ചതിന്റെ സംതൃപ്തി ഒരു ചെറുപുഞ്ചിരിയായി വിടര്‍ന്നു.

*****

*ബ്ലപ്‌: ഞാന്‍ കേട്ടത്‌ ഇങ്ങനെയാണ്‌
*ലാന്‍ഡ്‌ക്രൂയിസര്‍(ടൊയോട്ട): മരുഭൂമിയിലെ കപ്പല്‍(ഒട്ടകം? അത്‌ പണ്ടായിരുന്നു)
*പിക്‍അപ്‌: ഞങ്ങളുടെ ലാന്‍ഡ്‌ക്രൂയിസര്‍ :)
*റിയാല്‍: ഗള്‍ഫിലെ പണം(കാണാപ്പൊന്നെന്നൊക്കെ പറയുന്ന...)
*കുബ്ബൂസ്‌: ഗള്‍ഫിലെ പ്രവാസി ബാച്ചിലറുടെ ദേശീയ ഭക്ഷണം

തിങ്കളാഴ്‌ച, നവംബർ 14, 2005

നാരായണനും ഞാനും

സ്വാര്‍ത്ഥന്റെ പ്രചോദനമാണ്‌ നാരായണന്‍, ശ്രീ കോച്ചേരില്‍ രാമന്‍ നാരായണന്‍.
നിരവധി 'വധ'ശ്രമങ്ങളെ അതിജീവിച്ച മഹാന്‍!
മരണത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിയിരുന്നപ്പോഴും ചിലര്‍, വിശിഷ്യ ദൃശ്യമാധ്യമങ്ങള്‍, അദ്ദേഹത്തെ 'വധി'ക്കാന്‍ വിഫല ശ്രമം നടത്തി!

ദളിതനായി ജനിച്ചുപോയി എന്നത്‌ തേജോ'വധം' ചെയ്യപ്പെടാന്‍ ആദ്യകാരണമായി.
പിന്നീട്‌, ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബഞ്ചില്‍ കയറി നില്ക്കേണ്ടിവരിക, സഹപാഠികള്‍ ഉണ്ണുമ്പോള്‍ വിശന്നിരിക്കുക, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയതിന്റെ സന്തോഷം നല്ല വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ നഷ്ടപ്പെടുക, സാമുദായിക പിന്നാക്കാവസ്ഥ മൂലം ജോലിയില്‍ തരം താഴ്ത്തപ്പെടുക, അങ്ങിനെ എത്രയെത്ര 'വധ'ശ്രമങ്ങള്‍!
ഇവയെ പ്രതിരോധിക്കാനോ ഇവയ്ക്കെതിരെ പോരാടാനോ അല്ല, തന്നിലേക്ക്‌ ശ്രദ്ധ തിരിക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌.

'തൊട്ടുകൂടായ്മ'യെ നാരായണന്‍ വിനയമാക്കി മാറ്റി; ദാരിദ്ര്യത്തെ ലാളിത്യവും. ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വയ്ക്കാനുള്ളതല്ല എന്ന ബോധ്യം, കഷ്ടപ്പെട്ട്‌ നേടിയ ബിരുദം വേണ്ടെന്ന് വയ്ക്കാനുള്ള തന്റേടം അദ്ദേഹത്തിനു നല്‍കി.
തരംതാഴ്ത്തലുകള്‍ സദാചാരത്തിന്റെ ആഴത്തിലുള്ള വേരോട്ടമാണ്‌ അദ്ദേഹത്തില്‍ തീര്‍ത്തത്‌.
എത്ര ഉയര്‍ന്ന സമുദായക്കാരനേയും നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയ സദാചാരമാണ്‌ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹം പുലര്‍ത്തിയത്‌.

ആക്രമണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ നില്ക്കാതെ തന്നിലേക്ക്‌ ശ്രദ്ധ തിരിച്ചപ്പോള്‍ അവസരങ്ങള്‍ നാരായണനെ തേടി വരികയായിരുന്നു.
ഒന്നുമില്ലാതിരുന്നവന്‍ ഒന്നാമനായി, രാജ്യത്തിന്റെ പ്രഥമ
പൗരനായി!
അവസാനമിതാ ശാന്തമായൊരു മരണവും.
ധീരന്‍ ഒരിക്കലേ മരിക്കൂ.
ധീരനായ ഈ സ്വാര്‍ത്ഥനേപ്പോലെ, ഞാനും...

ശനിയാഴ്‌ച, നവംബർ 12, 2005

എന്റെ കാര്യം (self intro)

മറ്റുള്ളവരെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ല
എനിക്ക്‌ എന്റെ കാര്യം
എന്റെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍
എന്റെ സംതൃപ്തി
എന്റെ കുടുംബം
എന്റെ ഭാര്യ, മക്കള്‍
എന്റെ മാതാപിതാക്കള്‍, ബന്ധുക്കള്‍
എന്റെ കൂട്ടുകാര്‍, നാട്ടുകാര്‍
എന്റെ സഹജീവികള്‍, ശത്രുക്കള്‍
എന്റെ ഭൂലോകം
എന്റെ ദൈവം, ദൈവരാജ്യം
എന്റെ ദൈവം എനിക്ക്‌ തന്ന ഈ ജന്മം...

ഇപ്പോഴിതാ...

എന്റെ ബൂലോഗം, ഇവിടെ നിങ്ങള്‍
എന്റെ കൂടെപ്പിറപ്പുകള്‍...

ഞാന്‍, സ്വാര്‍ത്ഥന്‍