തിങ്കളാഴ്‌ച, നവംബർ 14, 2005

നാരായണനും ഞാനും

സ്വാര്‍ത്ഥന്റെ പ്രചോദനമാണ്‌ നാരായണന്‍, ശ്രീ കോച്ചേരില്‍ രാമന്‍ നാരായണന്‍.
നിരവധി 'വധ'ശ്രമങ്ങളെ അതിജീവിച്ച മഹാന്‍!
മരണത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിയിരുന്നപ്പോഴും ചിലര്‍, വിശിഷ്യ ദൃശ്യമാധ്യമങ്ങള്‍, അദ്ദേഹത്തെ 'വധി'ക്കാന്‍ വിഫല ശ്രമം നടത്തി!

ദളിതനായി ജനിച്ചുപോയി എന്നത്‌ തേജോ'വധം' ചെയ്യപ്പെടാന്‍ ആദ്യകാരണമായി.
പിന്നീട്‌, ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബഞ്ചില്‍ കയറി നില്ക്കേണ്ടിവരിക, സഹപാഠികള്‍ ഉണ്ണുമ്പോള്‍ വിശന്നിരിക്കുക, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയതിന്റെ സന്തോഷം നല്ല വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ നഷ്ടപ്പെടുക, സാമുദായിക പിന്നാക്കാവസ്ഥ മൂലം ജോലിയില്‍ തരം താഴ്ത്തപ്പെടുക, അങ്ങിനെ എത്രയെത്ര 'വധ'ശ്രമങ്ങള്‍!
ഇവയെ പ്രതിരോധിക്കാനോ ഇവയ്ക്കെതിരെ പോരാടാനോ അല്ല, തന്നിലേക്ക്‌ ശ്രദ്ധ തിരിക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌.

'തൊട്ടുകൂടായ്മ'യെ നാരായണന്‍ വിനയമാക്കി മാറ്റി; ദാരിദ്ര്യത്തെ ലാളിത്യവും. ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വയ്ക്കാനുള്ളതല്ല എന്ന ബോധ്യം, കഷ്ടപ്പെട്ട്‌ നേടിയ ബിരുദം വേണ്ടെന്ന് വയ്ക്കാനുള്ള തന്റേടം അദ്ദേഹത്തിനു നല്‍കി.
തരംതാഴ്ത്തലുകള്‍ സദാചാരത്തിന്റെ ആഴത്തിലുള്ള വേരോട്ടമാണ്‌ അദ്ദേഹത്തില്‍ തീര്‍ത്തത്‌.
എത്ര ഉയര്‍ന്ന സമുദായക്കാരനേയും നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയ സദാചാരമാണ്‌ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹം പുലര്‍ത്തിയത്‌.

ആക്രമണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ നില്ക്കാതെ തന്നിലേക്ക്‌ ശ്രദ്ധ തിരിച്ചപ്പോള്‍ അവസരങ്ങള്‍ നാരായണനെ തേടി വരികയായിരുന്നു.
ഒന്നുമില്ലാതിരുന്നവന്‍ ഒന്നാമനായി, രാജ്യത്തിന്റെ പ്രഥമ
പൗരനായി!
അവസാനമിതാ ശാന്തമായൊരു മരണവും.
ധീരന്‍ ഒരിക്കലേ മരിക്കൂ.
ധീരനായ ഈ സ്വാര്‍ത്ഥനേപ്പോലെ, ഞാനും...

1 അഭിപ്രായം:

സു | Su പറഞ്ഞു...

നന്ദി :) ഇങ്ങനെയൊരു ഉപദേശം ആയിരുന്നു എനിക്ക് ആവശ്യമുണ്ടായിരുന്നത്. തന്നിലേക്ക് ശ്രദ്ധ തിരിക്കുക. മറ്റുള്ളവയെ നിർത്തേണ്ടിടത്ത് നിർത്തുക.
ഇതു പാലിക്കാൻ നോക്കാം. ഇടയ്ക്ക് ചില കുശുമ്പും കുന്നായ്മയും ഒക്കെ കയറി വരും. ഒരു സ്ത്രീ ജന്മം ആയിപ്പോയില്ലേ.