ഞായറാഴ്‌ച, ഫെബ്രുവരി 18, 2007

ക്യാപ്റ്റന്‍ കുക്

വളരെ വൈകിയാണ് കഴിഞ്ഞ ദിവസം സ്വാര്‍ത്ഥനും സഹനും ജോലി കഴിഞ്ഞെത്തിയത്. പതിവില്ലാത്തവിധം, ഊണ്‍ തയ്യാര്‍.

“കുക്കിനെ വച്ചു. ഇനി കൈ കഴുകി വന്നിരുന്നാല്‍ മതി,” കൃതജ്ഞതാ പ്രകാശനവും കാത്ത് മുദീര്‍(ബോസ്) വാതില്‍ക്കല്‍.

ആക്രാന്തത്തിനിടയില്‍ നന്ദിപ്രകടനത്തിന് എവിടെ സ്ഥാനം! ആവേശമൊന്നടങ്ങിയപ്പോള്‍, “പാത്രം കഴുകാന്‍ കൂടി ഒരാളെ കിട്ടിയിരുന്നെങ്കില്‍,” എന്ന് ഞങ്ങള്‍.

“ഉവ്വടാ, നിന്നെയൊക്കെ തേച്ചു കുളിപ്പിക്കാനും ഞാന്‍ ആളേ കൊണ്ടുവന്നു നിറുത്താം.”

വരും ദിവസങ്ങളില്‍ ആസ്വദിക്കാന്‍ പോകുന്ന ചൈനീസ്, കോണ്ടിനന്റല്‍ ഡിഷ്ഷുകള്‍ സ്വപ്നം കണ്ട് ആ രാത്രി ഡിഷൂം ഡിഷൂംന്ന് തള്ളി നീക്കി. വെളുപ്പിന് കട്ടന്‍ ചായയ്ക്കൊപ്പം, തലേന്ന് ബാക്കി വന്നത് ചൂടാക്കി പിടിപ്പിച്ച് യാത്രയായി.

ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാനില്ലാത്തിടത്ത് പെട്ടുപോയി ഉച്ചയ്ക്ക് ഒരുമണി വരെ. തലേന്ന് കണ്ട സ്വപ്നത്തിന്റെ തീവ്രത, പൊരിയുന്ന വയറിനോട് പലവട്ടം ഓതി, “ക്ഷമി, ക്ഷമി,” എന്ന്. ഹൈവേയിലെ ഭോജനശാലകളോടെല്ലാം ‘കല്ലീ-വല്ലീ’(പോട്ടെ പുല്ല്) പറഞ്ഞ് രണ്ടര മണിയോടെ കൈകഴുകി ഊണുമുറിയില്‍ പാഞ്ഞെത്തിയ ഞങ്ങള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഇളിഭ്യരായി.

ഇനിയിപ്പൊ ഹോട്ടലിലും ചോറ് കിട്ടില്ല. നിരാശയാല്‍ നീറുന്ന വിശപ്പിന്റെ നെരിപ്പോടുമായി വെറുതേ അടുക്കളയിലേക്ക് എത്തി നോക്കി. ഭാഗ്യം, ആരോ ചോറ് വേവിച്ച് വച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. ഫ്രിഡ്ജില്‍ പുനര്‍ജന്മം കാത്തുകഴിയുന്ന ഇന്നലെകളുടെ ബാക്കി‘പാ’ത്രങ്ങള്‍ക്ക് മോചനമായി. സഹന്‍ വക ഇന്‍സ്റ്റന്റ് തക്കാളിക്കറിയും സ്വാര്‍ത്ഥന്‍ വക ഉണക്കച്ചെമ്മീന്‍ വറുത്തതും സ്പെഷ്യല്‍. പതിനഞ്ച് മിനിറ്റുകൊണ്ട് ഊണ്‍ മേശമേല്‍ നിരന്നത് പഴയതും പുതിയതും പുതുക്കി പണിതതുമായ ആറ് തരം കറികള്‍. അച്ചാറും ഉപ്പിലിട്ടതും ആഡ് ഓണ്‍സ്.

“ഇതുകൂടി തീര്‍ക്കാമെടേ, ഇല്ലേല്‍ വൈകീട്ട് നമ്മള്‍ തന്നെ തിന്നണം,” ബാക്കിവന്ന ചോറ് തക്കാളിച്ചട്ടിയില്‍ ഇട്ട് പുരട്ടി, അവസാന വറ്റും അകത്താക്കിയെന്ന് ഉറപ്പ് വരുത്തി കൈവിരലുകള്‍ നക്കിത്തുടച്ച് ഏമ്പക്കവും വിട്ട് പുറത്തേക്ക്.

നിര്‍വൃതിയുടെ, സംതൃപ്തിയുടെ സമ്പൂര്‍ണ്ണ സാക്ഷാത്കാരത്തിനായി അര മണിക്കൂര്‍ നേരത്തേക്ക് ശയനമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മുന്നില്‍ മുദീര്‍, “ഞാനിന്നലെ പറയാന്‍ മറന്നു, കുക്ക് വൈകീട്ട് മാത്രമേ വരൂ.”

“അപ്പൊ... ആരാ ചോറ് വച്ചത്?”

“ചോറ് ഞാനാ വച്ചത്, കറി നിങ്ങള്‍ വച്ചിട്ടുണ്ടാകും അല്ലെ? ഞാന്‍ അല്പം ഉറങ്ങിപ്പോയി...”