ശനിയാഴ്‌ച, ഡിസംബർ 24, 2005

ക്രിസ്തുമസ്‌ വിചാരം

സ്വാര്‍ത്ഥന്‍ ക്രിസ്ത്യാനിയാണ്‌,
മാമോദീസാ മുങ്ങിയവന്‍,
പ്രസിദ്ധനായ പുണ്യാളന്റെ പേരുള്ളവന്‍.

ക്രിസ്തുമസ്‌ എന്നാല്‍ ക്രിസ്തു ഹൃദയത്തില്‍ പിറന്നതിന്റെ ആഘോഷം.
എന്റെ ഉള്ളില്‍ ക്രിസ്തു പിറക്കാന്‍ എന്ത്‌ യോഗ്യതയാണ്‌ എനിക്കുള്ളത്‌.
*നീരസപൂരമെന്‍ ഹൃദയത്തില്‍ പിറന്നാല്‍ വീണ്ടും രക്തം വിയര്‍ത്തേക്കാം...

ഓര്‍മ്മയില്‍ ഘോരപാപങ്ങളുടെ വേലിയേറ്റം,
തവണകളായി മാപ്പിരന്നിട്ടും മനസ്സിലെ ദൌര്‍ബല്യം തുടികൊട്ടുന്നു.
ഐഹിക ചിന്തകള്‍ നിറയുമ്പോള്‍ അനുതാപക്കണ്ണീരിനെവിടെ സ്ഥാനം...

എന്നാലും ഇന്ന് ക്രിസ്തുമസ്‌ രാവല്ലേ, പള്ളിയില്‍ പോകണം,
ഷേണായി മാമന്റെ വാക്കുകളില്‍, ലോട്ടറിക്കാരേപ്പോലെ പാട്ടും പ്രാര്‍ത്ഥനയും ഇടവിട്ടുള്ള കുര്‍ബാന 'കാണണം'.
വരിയായ്‌ ചെന്ന് 'അപ്പം തിന്നണം', കാരണം,

ഞാന്‍ ക്രിസ്ത്യാനിയല്ലേ...
മാമോദീസാ മുങ്ങിയവന്‍...
പുണ്യാളന്റെ പേരുള്ളവന്‍...

"യേശുവേ, മനുഷ്യമനസ്സ്‌ നീ അറിയുന്നല്ലോ..."

ഏവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍

*സ്നേഹദീപം ആല്‍ബത്തിലെ 'യോഗ്യതയില്ലെനിക്ക്‌...' എന്ന ഗാനത്തില്‍ നിന്ന്

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

വേണമെങ്കില്‍ പുട്ട്‌ ഖത്തറിലും...

കൊറെ ദീസായി ബൂലോഗത്തെ പഹയര്‌ പുട്ടും പുട്ടടീം കാട്ടി കൊതിപ്പിക്ക്ന്ന്. ഇന്ന് വെള്ളിയായ്ച്ച. പതിവൊക്കെ തെറ്റിച്ച്‌ വെള്‌പ്പിന്‌ എണീറ്റ്‌. പുട്ട്‌ണ്ടാക്കീട്ടന്നെ ബാക്കി കാര്യം...

കലേഷ്‌ ദാങ്ക്സ്‌, റെസിപ്പിക്ക്‌.

ബുധനാഴ്‌ച, ഡിസംബർ 14, 2005

മാനുഷരെല്ലാരും ഒന്നുപോലെ!

മൂന്നാം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌(ദോഹ 2005) കൊടിയിറങ്ങി. സ്വാര്‍ത്ഥനും ഗെയിംസിന്റെ ഭാഗമായിരുന്നു. വിദേശികളായ ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു എനിക്ക്‌. ജോലി ശരിക്കും 'എന്‍ജോയ്‌' ചെയ്ത്‌ ഇപ്പോള്‍ നടുനിവര്‍ത്തുമ്പോള്‍ മനസില്‍ തെളിയുന്നു "ഭാഷയും ദേശവും ഏതായാലും മാനുഷരെല്ലാരും ഒന്നുപോലെ!"

ആദ്യം എത്തിയത്‌ കൊറിയാക്കാര്‍, കൂടെ പരിഭാഷകയും. സംഗതി ഏറെക്കുറെ ലളിതമായിരുന്നു. ഞങ്ങള്‍ ഇംഗ്ലീഷില്‍ മൊഴിയും, പരിഭാഷക അത്‌ മാറ്റി മൊഴിയും, കൊറിയക്കാര്‍ തലയാട്ടും, കാര്യങ്ങള്‍ ക്ലീന്‍. ബ്രിട്ടീഷുകാരി സാറയ്ക്ക്‌ തോന്നി ഇത്‌ എളുപ്പമുള്ള പണിയാണല്ലോ എന്ന്. അവള്‍ എന്നോട്‌ പറഞ്ഞു, "I'll handle this". എന്നെ ബ്രേക്‍ഫാസ്റ്റ്‌ സെക്ഷനിലേക്ക്‌ വിട്ടു.

'ഫുഡ്ഡടി' നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട കൊംപറ്റീഷന്‍ ഇവന്റ്‌ ആയത്‌ കാരണം എനിക്ക്‌ സന്തോഷായി. ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്ത്‌ അഭിപ്രായം പറയണമെന്ന് കേറ്ററിംഗ്‌കാര്‍. കാലത്തേ വെറുംവയറ്റില്‍ ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്യുന്നതെങ്ങനെ? ഞാന്‍ ഫുള്‍ ടാങ്ക്‌ അങ്ങടാ വീശി. രണ്ടാമത്തെ ഏമ്പക്കവും വിട്ട്‌ അവശനായി എഴുന്നേല്ക്കുമ്പോള്‍ സാറ മുന്‍പില്‍. ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റിനേക്കുറിച്ച്‌ അഭിപ്രായം അറിയണം. ഇതെന്ത്‌ ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റ്‌? കുട്ടിയേടത്തി പറഞ്ഞ പോലെ "ചപ്പും ചവറും തള്ളിക്കയറ്റിയ ഒണക്കറൊട്ടി...", മുഴുമിക്കുന്നതിനു മുന്‍പേ മൂന്നാമത്തെ ഏമ്പക്കം. ഞാന്‍ സാറയോട്‌ തുറന്നു പറഞ്ഞു, എനിക്ക്‌ ഈ വക കഴിച്ചൊന്നും പരിചയമില്ല, പിന്നെ ഞാനെങ്ങിനെ അഭിപ്രായം പറയാന്‍!

"Then what you eat in India?"

"mmm....Rice & Curry" (പുട്ടും കടലയുമാണ്‌ ഉദ്ദേശിച്ചത്‌)

"You Indian's eat Curry at all times" (കൂടെ, ആക്കിയ ഒരു ചിരിയും)

രണ്ടാം ദിവസമാണ്‌ ചൈനക്കാര്‍ എത്തിയത്‌. കാര്യങ്ങള്‍ വളരെയേറെ എളുപ്പമായിരുന്നു. ഞാന്‍ വരുമ്പോള്‍ സാറ ചൈനക്കാരെ നോക്കി ചിരിക്കുന്നു, ചൈനക്കാര്‍ തിരിച്ച്‌, സാറ വിണ്ടും, ചൈനക്കാര്‍ വീണ്ടും...അവരുടെ പരിഭാഷകയുടെ ഫ്ലൈറ്റ്‌ വൈകി! ലോകത്ത്‌ ചൈനീസ്‌ അല്ലാതെ മറ്റൊരു ഭാഷയും ഇല്ലെന്ന് പാവം സാറയ്ക്കറിയില്ലല്ലോ! തുടര്‍ന്ന് എന്റെ ഊഴം. A for Accreditation, B for Breakfast...ചൈനക്കാരെ ഞാന്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി. ഫുഡ്ഡിന്റെ കാര്യം മനസ്സിലാക്കാന്‍ ഭാഷ മനുഷ്യനൊരു പ്രശ്നമല്ല. ജാക്കി ചാന്റെ മുഖഭാവങ്ങള്‍ കടമെടുത്ത്‌ അവരുമായി 'വര്‍ത്തമാനം' പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ ബ്രേക്‍ഫാസ്റ്റ്‌ റൂമിലെത്തി.

"Sir, we've included Rice and Curry in the menu, as per the request"

സാറ എന്നെ തറപ്പിച്ച്‌ നോക്കി, ഞാന്‍ ആ നോട്ടം കേറ്ററിംഗ്‌കാരന്‌ പാസ്‌ ചെയ്തു. ഇന്നലെ കൊറിയക്കാര്‍ റിക്വസ്റ്റ്‌ ചെയ്തുവത്രെ ബ്രേക്‍ഫാസ്റ്റിന്‌ ചോറും പയറുകറിയും വേണമെന്ന്! സാറയുടെ മുഖത്തു നോക്കി ഞാന്‍ കൊടുത്തു, ആക്കിയ ഒരു ചിരി.

ഫുഡ്ഡടി കഴിഞ്ഞിറങ്ങിയപ്പോള്‍ ദേണ്ടെടാ സ്വിമ്മിംഗ്‌ പൂളിനരികില്‍ കുന്തുകാലിലിരുന്ന് ബീഡി വലിക്കുന്നു കൊറിയക്കാര്‍, നമ്മുടെ നാട്ടില്‍ കലുങ്കിന്മേല്‍ ഇരിക്കുന്ന അതേ സ്റ്റൈലില്‍! തൊട്ടപ്പുറത്ത്‌ ഒരു യൂറോപ്യന്‍, വിശാലന്റെ യോഹന്നാന്‍ ചേട്ടനെപ്പോലെ ദേഹത്ത്‌ എന്തൊക്കെയോ തേച്ച്‌ പിടിപ്പിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കുന്നു.

നാലു കൂട്ടരെ ഇംഗ്ലീഷുകാരായുള്ളൂ; ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, സൌത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍. ബാക്കിയുള്ളവര്‍ മറ്റ്‌ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. സാറയുടെ 'നേറ്റിവ്‌ ഇംഗ്ലിഷ്‌' അവിടെ ഏശുന്നില്ല, നമ്മള്‍ പുലിയായി. നാലാം ക്ലാസു വരെ പടിച്ച 'വിദ്യാവര്‍ധിനി' ഇംഗ്ലീഷ്‌ മീഡിയം ഉസ്കൂളിലെ ടീച്ചര്‍മാരെ ധ്യാനിച്ച്‌ ഞാന്‍ തകര്‍ത്തു.

പത്തുപന്ത്രണ്ട്‌ ദിവസം കടന്നു പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവരിലൊരു സായിപ്പിനൊരാഗ്രഹം, ഞങ്ങള്‍ക്ക്‌ ഡിന്നര്‍ തരണം. സാറയാണ്‌ വെന്യൂ തെരഞ്ഞെടുത്തത്‌. വേണ്ട്രീ വേണ്ട്രീ ഫൈവ്‌ സ്റ്റാറിലൊന്നും പോണ്ട്രീ എന്ന് ഞാന്‍ ആവുന്നത്‌ പറഞ്ഞു നോക്കി. ഡോണ്ട്‌ വറി, ചോറും കറിയും തീര്‍ച്ചയായും വാങ്ങിത്തരാം(വല്ലവന്റേം കാശല്ലേ) എന്ന് അവളുടെ ഉറപ്പ്‌, ഒപ്പം ആക്കിയ ആ ചിരിയും.

ഡിന്നര്‍ കുശാലായിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഡിന്നറായാലും ഉണ്ട്‌ കഴിഞ്ഞ്‌ കയ്യ്‌ കഴുകാതെയിരുന്നാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ചീത്ത പറഞ്ഞാലോ? കയ്യ്‌ കഴുകിയുണക്കി വരുമ്പോള്‍ ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.

"കിര്‍ര്‍ര്‍............."

ബില്ലിലൂടെ കണ്ണോടിക്കുന്ന മുഖത്തു നോക്കി ആക്കിയ ചിരി ചിരിക്കാന്‍ എനിക്കായില്ല. മനുഷ്യരെല്ലാം ഒരുപോലെയല്ലേ, മാസവരുമാനത്തിനടുത്ത തുക ബില്ലായി കിട്ടിയാല്‍ നമ്മുടെ മാത്രമല്ല, സായിപ്പിന്റെയും കളസം കീറും!

തിങ്കളാഴ്‌ച, ഡിസംബർ 05, 2005

'എന്റെ പ്രിയപ്പെട്ട ശബ്നം'

(ഒരു കണ്ണുപൊട്ടന്റെ സ്വപ്നം)

ശബ്നം, അവള്‍ വന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരുപാട്‌ നാളായി അവളെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌. വന്നുവെന്നറിഞ്ഞപ്പോള്‍ ഇരിപ്പുറയ്ക്കാതായി.

"രാത്രിയാണ്‌, പുറത്തിറങ്ങേണ്ട."

എനിക്ക്‌ ചിരി വന്നു. അന്ധന്‌ രാത്രിയും പകലും തമ്മില്‍ എന്താണ്‌ വ്യത്യാസം എന്ന് ഇനിയും എത്ര തവണ ഞാന്‍ അവരോട്‌ ചോദിക്കും?

എന്നെ കണ്ടതും ഓടിവന്ന് അവള്‍ കെട്ടിപ്പുണര്‍ന്നു. ഞാനാകെ കോരിത്തരിച്ചുപോയി, ഒപ്പം അങ്കലാപ്പും. ആകാംഷയോടെ പുറത്തിറങ്ങിയപ്പോള്‍, മുണ്ട്‌ മാത്രമേ ഉടുത്തിട്ടുള്ളൂ എന്നുപോലും ഓര്‍ത്തില്ല. അറബിനാടാണ്‌, ആരെങ്കിലും കണ്ടാല്‍...അടുത്ത 'വില്ല'യില്‍ ഉള്ളവര്‍ പോലീസിനെയെങ്ങാനും അറിയിച്ചാല്‍...സ്ഥലകാലബോധം വന്നയുടന്‍ മുറിയില്‍ തിരിച്ചു കയറി കുപ്പായം എടുത്തിട്ടു.

ആറു മാസമെങ്കിലുമായിക്കാണും ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ട്‌. തീര്‍ത്തും ദുഷ്കരമായിരുന്നു വിരഹം.

കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ സമയത്താണ്‌ ഞാന്‍ ശബ്നത്തെ പരിചയപ്പെടുന്നത്‌: എന്നെ ഉദ്യാനത്തിലിരുത്തി അവര്‍ ഷോപ്പിംഗിനു പോയി. ഉദ്യാനത്തില്‍ ഒരുപാട്‌ പൂക്കളുണ്ടത്രേ! പല പല നിറങ്ങളില്‍! നുണയന്മാര്‍, ഈ കണ്ണുപൊട്ടനെ കൂടെ കൊണ്ട്‌ നടക്കുന്നതില്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. പൂക്കളുണ്ടെങ്കില്‍ അവയുടെ സുഗന്ധം എവിടെ? വിഷാദിച്ചിരിക്കുമ്പോഴാണ്‌ അവള്‍ വന്ന് എന്റെ കരം ഗ്രഹിച്ചത്‌. പൂക്കളേക്കാള്‍ നനുത്തതായിരുന്നു അവളുടെ സ്പര്‍ശനം.

ടിഷ്യൂ കള്‍ച്ചര്‍ ചെടികളില്‍ വിരിയുന്ന ആ പൂക്കള്‍ക്ക്‌ മണമുണ്ടാകാറില്ലെന്ന് അവര്‍ പറഞ്ഞറിഞ്ഞെങ്കിലും വൈകുന്നേരങ്ങളില്‍ ഞാനാ ഉദ്യാനത്തില്‍ പോകും, ശബ്നവും ഞാനും ഒരുപാട്‌ സമയം ഒന്നിച്ചിരിക്കും.

കടുത്ത പനിയും ജലദോഷവും മാറി ആശുപത്രിയില്‍ നിന്ന് പോന്ന ശേഷം ഉദ്യാനത്തില്‍ പോകുന്നതിന്‌ അവര്‍ വിലക്കേര്‍പ്പെടുത്തി.

ശബ്നത്തെക്കുറിച്ച്‌ വിചിത്രങ്ങളായ കഥകള്‍ അവര്‍ വിളംബും. വലിയ വണ്ടികള്‍ വഴിയോരത്ത്‌ നിറുത്തിയിട്ട്‌ അവള്‍ പോകുന്നത്‌ വരെ ഡ്രൈവര്‍മാര്‍ അവളുടെ വായില്‍ നോക്കിയിരിക്കുമത്രേ! ഒരിക്കല്‍ അവളെ ഗൌനിക്കാതെ കടന്ന് പോയതിന്‌ അവരിലൊരാളെ പോലീസ്‌ പിടിച്ച്‌ 500 റിയാല്‍ പിഴയിട്ടു പോലും! ചെറിയ വണ്ടിക്കാര്‍ അവളുടെ സൌന്ദര്യത്തില്‍ അന്ധരായി വലിയ വണ്ടികളുടെ അടിയില്‍ ചെന്നിടിച്ച്‌ സമാധിയാവുന്നതാണത്രേ കാരണം!

ഇത്തരം കഥകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുത്തില്ല. അത്രമേല്‍ ഞാനും ശബ്നവും അടുത്തിരുന്നു. രഹസ്യമായി ഞങ്ങള്‍ പലപ്പോഴും സന്ധിച്ചു. പിരിയാന്‍ നേരം എന്റെ ചുണ്ട്‌ വിണ്ട്‌ കീറുവോളം ചുംബനങ്ങളാല്‍ അവളെന്നെ പൊതിഞ്ഞു.

വീണ്ടുമിതാ അവള്‍ വന്നിരിക്കുന്നു. ഞാനെന്റെ അധരങ്ങളില്‍ വിരലോടിച്ചു, "മുറിപ്പെടാന്‍ തയ്യാറായിക്കോളൂ..."

"എന്താ മഞ്ഞത്ത്‌ നില്ക്കുന്നേ?"

അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഞാനൊന്ന് ഞെട്ടി.

"മഞ്ഞോ? എവിടെ മഞ്ഞ്‌?"

മലയാളമേ, നിന്നെയെനിക്ക്‌ ഇഷ്ടമാണെങ്കിലും അവളെ ഞാന്‍ 'മഞ്ഞ്‌ ' എന്ന് വിളിക്കില്ല. അറബിനാട്ടില്‍ അവളെനിക്ക്‌ 'ശബ്നം' ആണ്‌, 'എന്റെ പ്രിയപ്പെട്ട ശബ്നം'.

ശനിയാഴ്‌ച, ഡിസംബർ 03, 2005

അവര്‍ കാണുന്നതെന്തായിരിക്കും?

ഇന്ന് ലോക വികലാംഗ ദിനം.

ടീവിയില്‍ ഗതകാല ഹിറ്റ്‌ 'കാവ്യ മേള' കാണുകയായിരുന്നു സ്വാര്‍ത്ഥന്‍. അന്ധനായ ജയദേവന്‍(പ്രേം നസീര്‍) പാടുന്നു, ശ്രീദേവി(ഷീല) എഴുതിയെടുക്കുന്നു; "സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...". എത്ര ഹൃദ്യമായ ഗാനം.

രണ്ട്‌ വര്‍ഷമായി ജയദേവന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്‌. സ്വപ്നങ്ങളാണ്‌ ജയദേവന്‌ ആകെ കാണുവാന്‍ സാധിക്കുന്നത്‌. ഇപ്പോള്‍ ചികിത്സയിലായതിനാല്‍ താമസിയാതെ കാഴ്ച ലഭിക്കും. അതിനു മുന്‍പ്‌, തനിക്ക്‌ തുണയായിരുന്ന 'സ്വപ്നങ്ങളെ' വാക്കുകളാല്‍ വാഴ്ത്തുകയാണിവിടെ.

ഇന്നലെ സഹവാസി ഒരു കുസൃതി ചോദ്യം ചോദിച്ചു: "കണ്ണുപൊട്ടന്മാര്‍ക്ക്‌ കാണാവുന്നതെന്താണ്‌?" ആലോചിച്ച്‌ തീരും മുന്‍പേ അവന്‍ തന്നെ ഉത്തരവും പറഞ്ഞു: "സ്വപ്നം"

രണ്ട്‌ വര്‍ഷം മുന്‍പ്‌ കണ്ട ഒരുപാട്‌ കാര്യങ്ങളേക്കുറിച്ച്‌ ജയദേവന്‌ സ്വപ്നം കാണാന്‍ സാധിച്ചിട്ടുണ്ടാകും. എന്നാല്‍, ജന്മനാ അന്ധരായ ഒരുപാടുപേര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ, അവര്‍ എന്തായിരിക്കും സ്വപ്നം കാണുന്നത്‌?

കറുത്ത മേഘപടലങ്ങളെ വകഞ്ഞ്‌ മാറ്റി... നനുത്ത ചെറുകാറ്റിനെ തോളിലേറ്റി... അവള്‍ വരുന്നതോ...

ചെമ്പരത്തി, മന്ദാരം, ചേമ്പില, താളിച്ചെടി... ഇവിടെ മാത്രം കിട്ടുന്ന കാഴ്ചയോ...

കയ്യെത്തും ദൂരത്തായി തെങ്ങും പട്ട പഴുത്ത്‌ നില്ക്കുന്നതോ...

ആരും കാണാതെ പമ്മി വന്ന് പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യോ...

ചില്ലുമേലാപ്പില്ലാത്ത, തലയില്‍ കെട്ടില്ലാത്ത, മൂക്കില്‍ പഞ്ഞിയില്ലാത്ത, പൂമാലയില്ലാത്ത, വെള്ളത്തുണി മൂടാത്ത...

ഉയരത്തില്‍ കാറ്റത്ത്‌ തലയാട്ടി രസിക്കുന്ന കവുങ്ങുകള്‍...

ആഴങ്ങളില്‍ പാറക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ബെലൂഗ...

വനത്തിനുള്ളില്‍ ചിലച്ചൊഴുകുന്ന ഒരു ചെറുചാല്‍...

മുരിങ്ങകള്‍ പൂത്ത്‌ നില്ക്കുന്നതോ...

ഇടവഴിയില്‍ ഒരു ഇളം കാറ്റ്‌ വന്ന് വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്ത്‌ പറന്ന് പോയതോ...

ഇന്നു മുഴുവന്‍ ഇതേക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഇനി വയ്യ...
പ്രിയ കൂടപ്പിറപ്പുകളെ, എന്നെയൊന്ന് സഹായിക്കൂ,
അന്ധര്‍ കാണുന്ന സ്വപ്നം എന്തായിരിക്കും എന്നൊന്ന് പറഞ്ഞു തരൂ...പ്ലീസ്‌...