ശനിയാഴ്‌ച, ഡിസംബർ 03, 2005

അവര്‍ കാണുന്നതെന്തായിരിക്കും?

ഇന്ന് ലോക വികലാംഗ ദിനം.

ടീവിയില്‍ ഗതകാല ഹിറ്റ്‌ 'കാവ്യ മേള' കാണുകയായിരുന്നു സ്വാര്‍ത്ഥന്‍. അന്ധനായ ജയദേവന്‍(പ്രേം നസീര്‍) പാടുന്നു, ശ്രീദേവി(ഷീല) എഴുതിയെടുക്കുന്നു; "സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...". എത്ര ഹൃദ്യമായ ഗാനം.

രണ്ട്‌ വര്‍ഷമായി ജയദേവന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്‌. സ്വപ്നങ്ങളാണ്‌ ജയദേവന്‌ ആകെ കാണുവാന്‍ സാധിക്കുന്നത്‌. ഇപ്പോള്‍ ചികിത്സയിലായതിനാല്‍ താമസിയാതെ കാഴ്ച ലഭിക്കും. അതിനു മുന്‍പ്‌, തനിക്ക്‌ തുണയായിരുന്ന 'സ്വപ്നങ്ങളെ' വാക്കുകളാല്‍ വാഴ്ത്തുകയാണിവിടെ.

ഇന്നലെ സഹവാസി ഒരു കുസൃതി ചോദ്യം ചോദിച്ചു: "കണ്ണുപൊട്ടന്മാര്‍ക്ക്‌ കാണാവുന്നതെന്താണ്‌?" ആലോചിച്ച്‌ തീരും മുന്‍പേ അവന്‍ തന്നെ ഉത്തരവും പറഞ്ഞു: "സ്വപ്നം"

രണ്ട്‌ വര്‍ഷം മുന്‍പ്‌ കണ്ട ഒരുപാട്‌ കാര്യങ്ങളേക്കുറിച്ച്‌ ജയദേവന്‌ സ്വപ്നം കാണാന്‍ സാധിച്ചിട്ടുണ്ടാകും. എന്നാല്‍, ജന്മനാ അന്ധരായ ഒരുപാടുപേര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ, അവര്‍ എന്തായിരിക്കും സ്വപ്നം കാണുന്നത്‌?

കറുത്ത മേഘപടലങ്ങളെ വകഞ്ഞ്‌ മാറ്റി... നനുത്ത ചെറുകാറ്റിനെ തോളിലേറ്റി... അവള്‍ വരുന്നതോ...

ചെമ്പരത്തി, മന്ദാരം, ചേമ്പില, താളിച്ചെടി... ഇവിടെ മാത്രം കിട്ടുന്ന കാഴ്ചയോ...

കയ്യെത്തും ദൂരത്തായി തെങ്ങും പട്ട പഴുത്ത്‌ നില്ക്കുന്നതോ...

ആരും കാണാതെ പമ്മി വന്ന് പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യോ...

ചില്ലുമേലാപ്പില്ലാത്ത, തലയില്‍ കെട്ടില്ലാത്ത, മൂക്കില്‍ പഞ്ഞിയില്ലാത്ത, പൂമാലയില്ലാത്ത, വെള്ളത്തുണി മൂടാത്ത...

ഉയരത്തില്‍ കാറ്റത്ത്‌ തലയാട്ടി രസിക്കുന്ന കവുങ്ങുകള്‍...

ആഴങ്ങളില്‍ പാറക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ബെലൂഗ...

വനത്തിനുള്ളില്‍ ചിലച്ചൊഴുകുന്ന ഒരു ചെറുചാല്‍...

മുരിങ്ങകള്‍ പൂത്ത്‌ നില്ക്കുന്നതോ...

ഇടവഴിയില്‍ ഒരു ഇളം കാറ്റ്‌ വന്ന് വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്ത്‌ പറന്ന് പോയതോ...

ഇന്നു മുഴുവന്‍ ഇതേക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഇനി വയ്യ...
പ്രിയ കൂടപ്പിറപ്പുകളെ, എന്നെയൊന്ന് സഹായിക്കൂ,
അന്ധര്‍ കാണുന്ന സ്വപ്നം എന്തായിരിക്കും എന്നൊന്ന് പറഞ്ഞു തരൂ...പ്ലീസ്‌...

4 അഭിപ്രായങ്ങൾ:

Thulasi പറഞ്ഞു...

അവര്‍ക്കൊരു ലോകമുണ്ട്‌.നമ്മുക്കു കാണാന്‍ കഴിയാത്ത അവരുടേതു മാത്രമായ
സ്വപ്നങ്ങളും.

സു | Su പറഞ്ഞു...

അറിയില്ല. ചിലപ്പോൾ പ്രിയപ്പെട്ടവരൊക്കെ എങ്ങനെ ആയിരിക്കും എന്നായിരിക്കും സ്വപ്നം കാണുന്നത്. ഒരു പക്ഷേ കഴിക്കുന്ന ഭക്ഷണം എങ്ങനെയിരിക്കും എന്നാലോചിക്കാറുണ്ടാകും. ചിലപ്പോൾ അണിയുന്ന വസ്ത്രം എങ്ങനെയിരിക്കും എന്നായിരിക്കും. ഇതൊന്നും കാണാൻ ഇടവരുത്തല്ലേന്നുള്ള, കണ്ണുള്ളവർ കാണുന്ന സ്വപ്നം എന്തായാലും അവർ കാണുന്നുണ്ടാവില്ല.
കാണാൻ പറ്റാത്തവർ ഒരു തരത്തിൽ ഭാഗ്യവാന്മാരാണ്.

evuraan പറഞ്ഞു...

സെർച്ചിയപ്പോൾ കിട്ടിയത്:

People who are blind do dream. The dreams of people who have been blind from a very early age (called “congenital blindness”) tend to be different from those who are blind now but had sight before. Those who are congenitally blind often have dreams that include more instances of sounds. Both groups experience dreams as imaginatively rich as those of sighted people.

Whether or not congenitally blind people dream in images has been studied, but the findings have been mixed – some studies conclude that congenitally blind people do not dream visual images, while other reports conclude that they do.

Helen Keller addressed the topic of dreams in her landmark work, The Story of my Life. Her dreams are discussed in Part. III, Chap. V

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയ തുളസി, സൂ, ഏവൂരാന്‍...

ഒരുപാട്‌ നന്ദി...

ഇന്നലെ ഞാനൊരു അന്ധനാവാന്‍ ശ്രമിച്ചു! നിങ്ങള്‍ വിശ്വസിക്കുമോ? അന്ധനായി ഞാന്‍ ഒരു സ്വപ്നവും കണ്ടു! നിങ്ങള്‍ക്കായി ഇതാ അതിവിടെ...