തിങ്കളാഴ്‌ച, നവംബർ 27, 2006

ഗെയിംസ് : ഉദ്ഘാടന ജഗപൊഗ

‘ഡ്രെസ് റിഹേഴ്സലി’നു ക്ഷണം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഉയര്‍ന്നുവന്നത് “അപ്പൊ ഇതുവരെ തുണിയില്ലാതെയായിരുന്നോ റിഹേഴ്സല്‍?” എന്ന വരിയിലെ അവസാനത്തെ ചിഹ്നമാണ്. ചോദിച്ചപ്പൊ പറയുന്നു ഇത് ‘ഫൈനല്‍ റിഹേഴ്സല്‍’ ആണെന്ന് ! ‍ബൂലോഗര്‍ക്കായി ഒരു ‘ഒളിഞ്ഞു നോട്ടം’ തരപ്പെടുത്താമെന്നു നിരൂപിച്ച് ഡീവീകാമും സംഘടിപ്പിച്ച് പോകനൊരുങ്ങിയപ്പോഴാണ് അറിയുന്നത്, ക്യാമറ പോയിട്ട് മൊബൈല്‍ ഫോണ്‍ വരെ ‘മംനു’. കാണാന്‍ പോകുന്ന പൂരം എങ്ങിനെ വേണേലും ആകട്ടെ, ഞാന്‍ കണ്ട ‘ഉടുപ്പിട്ട റിഹേഴ്സലി’ന്റെ ‘ഉയരവെളിച്ചം’ ദാ ഇവിടെ...

മഴമേഘങ്ങളെ കീറിമുറിച്ച് വലം വയ്ക്കുന്ന യന്ത്രപ്പക്ഷികളുടെ ആശീര്‍വാദത്തോടെ ഖലീഫാ സ്റ്റേഡിയത്തില്‍ കന്തൂറയും തഖിയയും ധരിച്ച 2500(50 X 50) വെള്ളരിപ്രാവുകള്‍, കത്തിച്ച കൈത്തിരികളാല്‍ ‘അസ്സലാം അലൈക്കും’ എന്നെഴുതി ഞങ്ങള്‍ക്ക് സ്വാഗതമോതി.

ഛായ്... ഈ എയ്ത്ത് ഞമ്മക്ക് പിടിക്കൂല മോനെ...

അന്നാ ഇക്കാ, ഇങ്ങള് കേട്ടോളീ... രണ്ട് എലിക്കോപ്റ്ററ് ഇണ്ടേയ്‌നു സ്റ്റേഡിയത്തിന്റെ മോള്‌ക്കൂടെ ചുറ്റിക്കളിക്ക്ന്ന്. താഴെ തോനെ കുണ്ടമ്മാര് പൂത്തിരി കത്തിച്ചിങ്ങയ്ട്ട് ‘അസ്സലാമു അലൈക്കും’ന്ന് എയ്തിക്കാ‍ട്ടി.

ഡാ ഗഡീ, നീ മര്യാദയ്ക്ക് പറയ്‌ണ്ണ്ട്രാ....

ഓ ശരി...

പിന്നെ അവര്‍ കഥ പറഞ്ഞു തുടങ്ങി. പണ്ട് പണ്ടൊരിടത്ത് ഒരു ബാലന്‍(മ്മ്ടെ ബാലന്‍ അല്ല) ഉണ്ടായിരുന്നു. അവന് ഒരു കുന്ത്രാണ്ടം കിട്ടി, ആസ്ട്രലോബ് (ഇതിന്റെ മലയാളം അറിയാവുന്നവര്‍ ഉണ്ടോ?). ചെക്കന്‍ വലുതായപ്പോള്‍ വഞ്ചിയില്‍ പായ കെട്ടി കൂട്ടുകാരേയും കൂട്ടി മുത്തുവാരാന്‍ പുറപ്പെട്ടു. അമ്മേം പെങ്ങമ്മാരും അവനെ യാത്ര അയയ്ക്കുന്നു. കുന്ത്രാണ്ടത്തിന്റെ സഹായത്തോടെ യാത്ര തുടരുന്ന അവര്‍ മുത്ത് കണ്ടെത്തുന്നു. പിന്നങ്ങോട്ട് അവന്റെ കൂട്ടുകാര്‍ മുത്തെടുക്കാന്‍ നടത്തുന്ന പങ്കപ്പാടാ. അത് കാണേണ്ട കാഴ്ചയാ കൂടപ്പിറപ്പുകളേ!

മുത്ത് വാരി മുകള്‍പ്പര‍പ്പിലേക്ക് നീന്തുന്നു അവര്‍. പൊടുന്നനെ കൊടുങ്കാറ്റ് വീശിയടിക്കുന്നു! കടല്‍ പ്രക്ഷുബ്ധമായി, പായ്‌വഞ്ചികളില്‍ കയറാന്‍ കഴിയാതെ അവര്‍ ആഴത്തിലേക്ക് വീഴുന്നു. അവിടെയതാ ഒരുകൂട്ടം ‘കോക്കാച്ചികള്‍’. അവറ്റകള്‍ കൂട്ടം കൂട്ടമായി വന്ന് അവന്റെ കൂട്ടുകാരെ ഒന്നൊഴിയാതെ തിന്നൊടുക്കി!

കാറ്റും കോളും അടങ്ങിയ കടലില്‍ ഏകനായി ദുഃഖാര്‍ത്തനായി നമ്മുടെ നായകന്‍. ഇനി എന്ത് എന്ന ചിന്തയോടെ കഴിയുന്ന അവന്റെ മുന്നിലതാ എന്നത്തേക്കാളും വലിയ അപകടമായി ‘കടല്‍ക്കിഴവന്‍’ പ്രത്യക്ഷപ്പെടുന്നു. തീ തുപ്പുന്ന കുന്തത്താല്‍ തന്നെ ആക്രമിക്കാന്‍ വരുന്ന ആ ഭീകര സത്വത്തെ നേരിടാന്‍ അവന്‍ വൃഥാ ശ്രമിക്കുന്നു. ഉദ്വേഗജനകമായ നിമിഷങ്ങള്‍... അവസാനം അവന്റെ രക്ഷയ്ക്കായി ‘സ്വര്‍ണ്ണപ്പരുന്ത് ’ വരുന്നു. കടല്‍ക്കിഴവനെ കീഴ്പ്പെടുത്തുന്ന പരുന്ത് നായകനെ കാലില്‍ കൊളുത്തി പറന്നുയരുന്നു.

തികച്ചും അപരിചിതമായ ഒരു ഭൂവിഭാഗത്താണ് സ്വര്‍ണ്ണപ്പരുന്ത് നായകനെ കൊണ്ടുചെന്നിറക്കുന്നത്, ഏഷ്യാ വന്‍കരയില്‍!

‘പട്ട് പാത’യില്‍ തുടങ്ങി ഏഷ്യയിലെ വിവിധ സംസ്കാരങ്ങളുടെ പ്രതിച്ഛേദം അവന്റെ മുന്നില്‍ മിന്നിത്തെളിയുകയാണ്. ഏഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത അതിന്റെ എല്ലാ വര്‍ണ്ണശബളിമയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. ആകെ വണ്ടറടിച്ചു പോയ അവന്റെ കാതില്‍ സ്വദേശത്ത് മകനേ കാത്ത് വിലപിക്കുന്ന അവന്റെ അമ്മയുടെ രോദനം മാറ്റൊലി കൊള്ളുന്നു. അവന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. പുതിയ കൂട്ടുകാര്‍ അവനെ ഒരുക്കുന്നു, പട്ടും സുഗന്ധദ്രവ്യങ്ങളും എന്നുവേണ്ട ഏഷ്യയുടെ സമ്പത്ത് മുഴുവന്‍ നല്‍കിയാണ് അവര്‍ അവനെ യാത്രയാക്കുന്നത്.

കടപ്പൊറത്ത് കാത്ത് നിക്കണ ഓന്റെ ഉമ്മാന്റേം പെങ്ങമ്മാരുടേം അടുത്തേക്ക് ഓന്‍ എത്തുന്നു. പിന്നങ്ങട് കല്യാണത്തിന്റെ സെറ്റപ്പണ്ടോ! പാട്ടും നൃത്തവുമായി അസ്സല് അറബിക്കല്യാണം. പുതിയ കൂട്ടുകാരെ ആദരിക്കാന്‍ കുതിരപ്പടയേത്തന്നെ ഇറക്കുന്നു ഞമ്മളെ പുയ്യാപ്ല. അടിച്ചുപൊളി നിക്കാഹ് അങ്ങനെ കയ്ഞ്ഞ്.

കൊച്ചനങ്ങിനെ കൊച്ചിന്റച്ചനായി! കുഞ്ഞിച്ചെക്കന്റെ മുന്നില്‍ പുതുയുഗത്തിന്റെ കുന്ത്രാണ്ടങ്ങളുടെ പ്രളയം. ശാസ്ത്രലോകത്തെ മുസ്ലിം കണ്ടുപിടുത്തങ്ങളില്‍ തുടങ്ങി വ്യവസായിക വിപ്ലവത്തിലൂടെ സഞ്ചരിച്ച് ഡിജിറ്റല്‍ യുഗത്തില്‍ എത്തി തലയെടുപ്പോടെ നില്‍ക്കുന്നു ചെക്കന്‍, അഥവാ ഖത്തര്‍. അതിന് കാരണമായതോ, പടച്ചവന്റെ ദാനമായ പ്രകൃതിവാതകത്തിന്റെ നിക്ഷേപവും.

പിന്നങ്ങോട്ട് ജഗപൊകയാണ് ചങ്ങായ്മാരേ, നമുക്കത് ഒന്നാം തീയതി ടീവിയില്‍ കാണാം. എന്നെ ഏറ്റവും ആകര്‍ഷിച്ചത് കലാവിരുന്നില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്ന സംഗീതമാണ്. അറേബ്യന്‍ താളത്തോട് ഇഴുകിചേരുന്ന വിധത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്ന ഏഷ്യന്‍ സംഗീത ശാഖകള്‍! ജാക്കീ ചാനോടൊപ്പം വിശിഷ്ടാതിഥിയായി എത്തുന്നത് നമ്മുടെ പ്രിയപെട്ട പാട്ടുകാരി സുനീധീ ചൌഹാന്‍(മേരി ആവാസ് സുനോ ഫെയിം) ആണ്.

ഈ പരിപാടി കാണാന്‍ സാധിക്കാത്തവരുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും നഷ്ടപ്പെട്ടു എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാലും കാണണം, ഡിസംബര്‍ ഒന്നിന് ‍ഇന്ത്യന്‍ സമയം വൈകീട്ട് 8.30ന് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും ടീവിക്കു മുന്നില്‍. 6000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് ഈ പരിപാടി കാണാന്‍ എനിക്കെന്താ തലയ്ക്ക് ഓളമോ!

9 അഭിപ്രായങ്ങൾ:

ഇളംതെന്നല്‍.... പറഞ്ഞു...

കൊതിയാകുന്നു.. ഒരു ടിക്കറ്റ് സംഘടിപ്പിച്ച് പോയാലോ ഖത്തറില്‍....

ദേവന്‍ പറഞ്ഞു...

എനിക്കും വരാന്‍ തോന്നുന്നു.

പിന്നെനിക്ക്‌ ടിക്കറ്റ്‌ വേണ്ടാ കേട്ടോ. ഞാന്‍ ആ സ്റ്റേഡിയത്തിന്റെ മതിലേല്‍ ചാരി നിന്നോളാം. കാണുന്നവര്‍ വാള്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണെന്നേ കരുതൂ, ആളു നില്‍ക്കുകയാണെന്ന് മനസ്സിലാവൂല്ല സ്വാര്‍ത്ഥാ.

പട്ടേരി l Patteri പറഞ്ഞു...

:)

അതുല്യ പറഞ്ഞു...

എന്ത്‌ നല്ല വോളണ്ടീയറാ ഈ സ്വാര്‍ത്തന്‍! റ്റി.വീലു കാണാനിരിയ്കുന്നവരെയാണോ ഈ വോളണ്ടീയര്‍ ന്ന് വിളിക്കണേ ആവോ ഇനി ഖത്തറീല്‍?

ദേ.. ഇതിലോട്ട്‌ ഒന്ന് കേറി നിന്നേ.. തൂക്കണ മിഷീനാ.... മ്മ് മ്മ് 100 105 110... സൂചിക്ക്‌ ഇനി നീങ്ങാന്‍ ഇടമില്യാത്തോണ്ട്‌, സ്വാര്‍ത്തന്‍ ആദ്യം ഒരു കാലു വച്ച്‌ തൂക്കിയാ മതി.. ഓസിനു പുട്ടൊക്കെ അടിച്ചിട്ട്‌ ദേ ഇപ്പ്പ്പോ ടി.വീലു കാണാന്‍ നിക്കുന്നു... സ്വാര്‍ത്തന്ന്ന് തന്നെ വിളിയ്കണം.

Unknown പറഞ്ഞു...

ആഹാ.. സ്വാര്‍ത്ഥന്‍ ചേട്ടാ. ഇത് കണ്ടിട്ട് ബാക്കി കാര്യം. (ടി.വിയില്‍)


ഓടോ: അവസാനം താങ്കള്‍ സ്വയം ചോദിച്ച ചോദ്യം ഞാനങ്ങോട്ട് ചോദിക്കനിരിക്ക്യായിരുന്നു കുറേ കാലമായിട്ട്. :-)

പരദേശി പറഞ്ഞു...

സഹദോഹാ,
വിവരണം നന്നായി..
അതെ... 500 റിയാല്‍ കൊടുക്കാന്‍ നമുക്കു തലക്കു ഓളമൊന്നുമില്ല..
ഡിസംബര്‍ 1 നു വെടിക്കെട്ടു കലക്കുംന്നാ കേക്കണതു..
ന്നാലും..മ്മടെ പൂരത്തിന്റെ അത്രയ്ക്കങ്ങടു വരുമോ..?
കാത്തിരുന്നു കാണാം..

Siju | സിജു പറഞ്ഞു...

കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടെ

Kalesh Kumar പറഞ്ഞു...

വിളക്ക് കൊളുത്തലാ കലക്കിയത്!

ബാ‍ക്കി വിശേഷങ്ങളൊക്കെ എവിടെ?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഇളംതെന്നലേ ഇനിയൊരു ക്ലോസിംഗ് സെറിമണി ഉണ്ട്, അതിനെങ്കിലും എത്തണം ട്ടോ

ദേവോ മണ്ണും ചാരി നിന്നവനേപ്പോലെ വല്ലതും അടിച്ചുമാറ്റാനാണോ ഉദ്ദേശം!

പട്ടേരീ :)

അതുല്യാ ഇപ്പൊ 61, നാലു കിലോ മാത്രമേ കൂടിയിട്ടുള്ളൂ...

ദില്‍ബാ അടച്ചു പൂട്ടലിനു കാശ് കുറച്ചിരിക്കുന്നു, 1800 രൂപയേ ഉള്ളൂ...

പരദേശീ നമ്മടെ ആ ഡും ഡുംന്നാ പൊട്ടണ സാധനൊന്നും ഇവരോടെ ഇല്യ ഇഷ്ടാ!

കലേഷേ ഏറ്റവും അടിപൊളി പരിപാടി, മുത്തുവാരല്‍, അവര്‍ അന്ന് കാണിച്ചില്ല! മഴ കാരണമാവാം. നേരത്തേ കണ്ട ഞങ്ങള്‍ ഭാഗ്യവാന്മാര്‍.

സിജൂ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ