തിങ്കളാഴ്‌ച, ഡിസംബർ 05, 2005

'എന്റെ പ്രിയപ്പെട്ട ശബ്നം'

(ഒരു കണ്ണുപൊട്ടന്റെ സ്വപ്നം)

ശബ്നം, അവള്‍ വന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരുപാട്‌ നാളായി അവളെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌. വന്നുവെന്നറിഞ്ഞപ്പോള്‍ ഇരിപ്പുറയ്ക്കാതായി.

"രാത്രിയാണ്‌, പുറത്തിറങ്ങേണ്ട."

എനിക്ക്‌ ചിരി വന്നു. അന്ധന്‌ രാത്രിയും പകലും തമ്മില്‍ എന്താണ്‌ വ്യത്യാസം എന്ന് ഇനിയും എത്ര തവണ ഞാന്‍ അവരോട്‌ ചോദിക്കും?

എന്നെ കണ്ടതും ഓടിവന്ന് അവള്‍ കെട്ടിപ്പുണര്‍ന്നു. ഞാനാകെ കോരിത്തരിച്ചുപോയി, ഒപ്പം അങ്കലാപ്പും. ആകാംഷയോടെ പുറത്തിറങ്ങിയപ്പോള്‍, മുണ്ട്‌ മാത്രമേ ഉടുത്തിട്ടുള്ളൂ എന്നുപോലും ഓര്‍ത്തില്ല. അറബിനാടാണ്‌, ആരെങ്കിലും കണ്ടാല്‍...അടുത്ത 'വില്ല'യില്‍ ഉള്ളവര്‍ പോലീസിനെയെങ്ങാനും അറിയിച്ചാല്‍...സ്ഥലകാലബോധം വന്നയുടന്‍ മുറിയില്‍ തിരിച്ചു കയറി കുപ്പായം എടുത്തിട്ടു.

ആറു മാസമെങ്കിലുമായിക്കാണും ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ട്‌. തീര്‍ത്തും ദുഷ്കരമായിരുന്നു വിരഹം.

കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ സമയത്താണ്‌ ഞാന്‍ ശബ്നത്തെ പരിചയപ്പെടുന്നത്‌: എന്നെ ഉദ്യാനത്തിലിരുത്തി അവര്‍ ഷോപ്പിംഗിനു പോയി. ഉദ്യാനത്തില്‍ ഒരുപാട്‌ പൂക്കളുണ്ടത്രേ! പല പല നിറങ്ങളില്‍! നുണയന്മാര്‍, ഈ കണ്ണുപൊട്ടനെ കൂടെ കൊണ്ട്‌ നടക്കുന്നതില്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. പൂക്കളുണ്ടെങ്കില്‍ അവയുടെ സുഗന്ധം എവിടെ? വിഷാദിച്ചിരിക്കുമ്പോഴാണ്‌ അവള്‍ വന്ന് എന്റെ കരം ഗ്രഹിച്ചത്‌. പൂക്കളേക്കാള്‍ നനുത്തതായിരുന്നു അവളുടെ സ്പര്‍ശനം.

ടിഷ്യൂ കള്‍ച്ചര്‍ ചെടികളില്‍ വിരിയുന്ന ആ പൂക്കള്‍ക്ക്‌ മണമുണ്ടാകാറില്ലെന്ന് അവര്‍ പറഞ്ഞറിഞ്ഞെങ്കിലും വൈകുന്നേരങ്ങളില്‍ ഞാനാ ഉദ്യാനത്തില്‍ പോകും, ശബ്നവും ഞാനും ഒരുപാട്‌ സമയം ഒന്നിച്ചിരിക്കും.

കടുത്ത പനിയും ജലദോഷവും മാറി ആശുപത്രിയില്‍ നിന്ന് പോന്ന ശേഷം ഉദ്യാനത്തില്‍ പോകുന്നതിന്‌ അവര്‍ വിലക്കേര്‍പ്പെടുത്തി.

ശബ്നത്തെക്കുറിച്ച്‌ വിചിത്രങ്ങളായ കഥകള്‍ അവര്‍ വിളംബും. വലിയ വണ്ടികള്‍ വഴിയോരത്ത്‌ നിറുത്തിയിട്ട്‌ അവള്‍ പോകുന്നത്‌ വരെ ഡ്രൈവര്‍മാര്‍ അവളുടെ വായില്‍ നോക്കിയിരിക്കുമത്രേ! ഒരിക്കല്‍ അവളെ ഗൌനിക്കാതെ കടന്ന് പോയതിന്‌ അവരിലൊരാളെ പോലീസ്‌ പിടിച്ച്‌ 500 റിയാല്‍ പിഴയിട്ടു പോലും! ചെറിയ വണ്ടിക്കാര്‍ അവളുടെ സൌന്ദര്യത്തില്‍ അന്ധരായി വലിയ വണ്ടികളുടെ അടിയില്‍ ചെന്നിടിച്ച്‌ സമാധിയാവുന്നതാണത്രേ കാരണം!

ഇത്തരം കഥകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുത്തില്ല. അത്രമേല്‍ ഞാനും ശബ്നവും അടുത്തിരുന്നു. രഹസ്യമായി ഞങ്ങള്‍ പലപ്പോഴും സന്ധിച്ചു. പിരിയാന്‍ നേരം എന്റെ ചുണ്ട്‌ വിണ്ട്‌ കീറുവോളം ചുംബനങ്ങളാല്‍ അവളെന്നെ പൊതിഞ്ഞു.

വീണ്ടുമിതാ അവള്‍ വന്നിരിക്കുന്നു. ഞാനെന്റെ അധരങ്ങളില്‍ വിരലോടിച്ചു, "മുറിപ്പെടാന്‍ തയ്യാറായിക്കോളൂ..."

"എന്താ മഞ്ഞത്ത്‌ നില്ക്കുന്നേ?"

അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഞാനൊന്ന് ഞെട്ടി.

"മഞ്ഞോ? എവിടെ മഞ്ഞ്‌?"

മലയാളമേ, നിന്നെയെനിക്ക്‌ ഇഷ്ടമാണെങ്കിലും അവളെ ഞാന്‍ 'മഞ്ഞ്‌ ' എന്ന് വിളിക്കില്ല. അറബിനാട്ടില്‍ അവളെനിക്ക്‌ 'ശബ്നം' ആണ്‌, 'എന്റെ പ്രിയപ്പെട്ട ശബ്നം'.

2 അഭിപ്രായങ്ങൾ:

Reshma പറഞ്ഞു...

നീ ശബ്ധം എന്നു വിളിക്കുന്നവളെ ഞാൻ മൌനത്തിന്റെ തൂവെള്ള കണികകൾ എന്നാ വിളിക്കാറ് :)എല്ലാ നിറങ്ങളേയും, ശബ്ധങ്ങളേയും അടക്കിപ്പിടിച്ചിരിക്കുന്ന മൌനത്തിന്റെ കണികകൾ. അവളെ എങ്ങെനെയാ ‘ശബ്ധമായി‘ നീ അറിഞ്ഞത്?

രാജമാണിക്യം പറഞ്ഞു...

തള്ളേ, എവരിതെന്തര് പറയണദ്!
ശബ്‌നം എന്ന് പറഞ്ഞപ്പഴ്
ശബ്‌ദം എന്ന് കേക്ക്‍ണാ :)