തിങ്കളാഴ്‌ച, ജനുവരി 08, 2007

ഒന്ന് സ്ലിപ്പി

ആര്‍ഭാടങ്ങളെ സ്വാ‍ര്‍ത്ഥന്‍ എന്നും അല്പം അകലത്തിലേ നിറുത്താറുള്ളൂ. പക്ഷേ ചിലപ്പോള്‍ അവ എന്നെ എടുത്ത് ഒക്കത്ത് വച്ച് കളയും! ഇന്ന് രാവിലെയും അത് സംഭവിച്ചു.

ഏഴര വെളുപ്പിന് കുളിക്കാന്‍ കയറിയപ്പോള്‍ വെറുതേ ഒരു തോന്നല്‍, അര മണിക്കൂര്‍ സമയമുണ്ട്, കുളിമുറി ഒന്ന് വൃത്തിയാക്കിക്കളയാം. ചൂടുവെള്ളം ബക്കറ്റിലേക്ക് കിനിഞ്ഞിറങ്ങുന്നതേ ഉള്ളൂ. മെല്ലെ മുക്കിലും മൂലയിലും നിന്നു തുടങ്ങി. ഇത്തിരിപ്പോന്ന വാഷ് ബേസിന്‍, അതിന്റെ കാലാകട്ടെ വല്യക്കാട്ടതും. അതിന്റെ ഇടയിലാണ് ‘കീഠാണു’വിന്റെ ഒളിസങ്കേതം. ബ്രഷിട്ട് പരമാവധി കുത്തിയിളക്കി. കഴിഞ്ഞ വെള്ളിയാഴ്ച സഹമുറിയന്‍ വൃത്തിയാക്കിയതാ. എന്നാലും ആ അരികുകളില്‍...

ബ്രഷിന് എത്താവുന്ന ഇടങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. ഇനി ചെയ്യാവുന്നത് പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിക്കുകയാ. പഴയതൊരെണ്ണത്തിന് ഇപ്പൊ എവിടെ പോകാന്‍. തല്‍ക്കാലം കാലിന്റെ തള്ള വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്യാം. സംഗതി കൊള്ളാം, നല്ല റീച്ച് ഉണ്ട്. എന്നാല്‍ പിന്നെ ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയ ആ ദുര്‍ബല നിമിഷം... നിലത്തൂന്നിയ ഇടതു കാല്‍ എന്നോട് ചോദിക്കാതെ ഒരുപ്പോക്കു പോയി. വിഘടിതനിമിഷത്തെ ത്രിശങ്കു, പിന്നെ എല്ലാം ക്ലിയര്‍ ആയി.

വായുവില്‍ താണു പൊങ്ങിയ സ്വാര്‍ത്ഥദേഹം ഒരു കച്ചിത്തുരുമ്പിനായി ദാഹിച്ചു. അതുവരെ എന്റെ തലോടല്‍ ഏറ്റ് സുഖിച്ചു നിന്ന വാഷ് ബേസിന്‍ എന്നെ പാടേ ഉപേക്ഷിച്ചു. മിനുസമേറിയ ചുമരോടിലൂടെ എന്റെ ഇടതുകൈ വഴുതിയപ്പോള്‍ വലതന്‍ കടുകിട വ്യത്യാസത്തിന് വാഷ് ബേസിനുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ ബക്കറ്റ്, എനിക്ക് താങ്ങും തണലുമാകാന്‍, അതുവരെ ശേഖരിച്ച ചൂടുവെള്ളം പരവതാനിയാക്കി. ചന്തിയാണ്(പൃഷ്ടം എന്ന് ലോക്കല്‍‍!) ആദ്യം ഭൂമിയെ സ്പര്‍ശിച്ചത്. ചൂടുവെള്ളത്തിന്റെ ആദ്യാനുരാഗം നുകരാന്‍ ആ പ്രദേശത്തിനു ഭാഗ്യമുണ്ടായി. വീഴ്ചയുടെ പരമാവധി ആഘാതം ഏറ്റുവാങ്ങിയെങ്കിലും ആദ്യാനുരാഗത്തില്‍ പുളകിതമായതു കാരണം നല്ല സുഖം. അടുത്ത ഊഴം വലതു കൈമുട്ടിനായിരുന്നു. ഒന്നും പിടികിട്ടാഞ്ഞതിന്റെ ദേഷ്യം നിലത്ത് ഇടിച്ച് തീര്‍ത്തു പാവം. ഇതിനിടയില്‍ ബാക്കി ശരീരവും തറയിലെ ചൂടുവെള്ളത്തില്‍ പതിച്ചിരുന്നു.

എല്ലാം അവസാനിച്ചു എന്ന് ഞാന്‍ അശിച്ചു. വാതിലില്‍ തട്ടി മടങ്ങി നിന്നിരുന്ന ഇടതു കാല്‍ മെല്ലെ നീര്‍ത്തി. എന്നെ അതിശയിപ്പിച്ചുകൊണ്ട് എട്ട് അടി നീളമുള്ള കുളിമുറിയില്‍ ആ‍റടിയോളം തെന്നി ഞാന്‍ നീങ്ങി. ചൂടുവെള്ളത്തിലൂടെയുള്ള ആ വാട്ടര്‍ തീം പാര്‍ക്ക് അനുഭവം, തല ചുമരില്‍ ഇടിച്ചപ്പോള്‍ പൂര്‍ത്തിയായി. ഇനി എന്തു ചെയ്യാന്‍. ചെവി വട്ടം പിടിച്ചു. ഭാഗ്യം, മുറിയില്‍ ആരുമില്ല. അല്പനേരം ആസ്വദിച്ചങ്ങിനെ കിടന്നു. ഇനി ഈ ശരീരത്തില്‍ ഇളകാ‍നായി പിരികള്‍ ബാക്കിയില്ല എന്ന് സാവധാ‍നം മനസ്സിലായി. സുഖശയനത്തിനു ശേഷം എഴുന്നേറ്റിരുന്നു. ഇന്നിനി എവിടെയും പോകേണ്ട, റെസ്റ്റ് എടുക്കാം. യൂറോപ്യന്‍ അപ്പിപ്പാത്രം ഇല്ലാതിരുന്നത് ഭാഗ്യം, റെസ്റ്റ് റെസ്റ്റ്-ഇന്‍-പീസ് ആയിപ്പോയേനെ!

അകെ നനഞ്ഞാല്‍ തോര്‍ത്തി കയറുക എന്നൊരു ചൊല്ലുണ്ടല്ലോ! പുറത്തിറങ്ങിയപ്പോള്‍ സഹമുറിയന്‍ മുന്നില്‍,”ഡാ ഇത്രവേഗം നീ കുളിച്ചു കഴിഞ്ഞോ?”

ഞാന്‍ നേരത്തേ കുളിച്ചിറങ്ങിയതിന്റെ ആവേശം അവന്‍ തീര്‍ത്തത് ‘ടപ്പോ’ന്ന് എന്റെ പുറത്ത്. ആകപ്പാടെ ഇളകാന്‍ ബാക്കി നിന്നിരുന്ന എന്റെ തലയുടെ പിരിയും അതോടെ ഇളകി!

35 അഭിപ്രായങ്ങൾ:

വല്യമ്മായി പറഞ്ഞു...

ഇത്ര വിശദമായി വീഴാന്‍ പറ്റും അല്ലേ

aneel kumar പറഞ്ഞു...

കേമറ കയ്യിലില്ലായിരുന്നു ല്ലേ? ;)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വല്യമ്മാ‍യീ അടുത്ത തവണ വീഴുമ്പോള്‍(വീഴാതിരിക്കട്ടെ) വീണിടത്തു തനെ അല്പനേരം കിടന്നു നോക്കൂ, എല്ലാം വിശദമായി തെളിയും.

അനില്‍ഭായ് കുളിമുറിയില്‍ ഒരു കേമറ സ്ഥിരമായി ഫിറ്റ് ചെയ്താലോന്ന് ഒരു ആ‍ാലോചന ഉണ്ട് ;)

Adithyan പറഞ്ഞു...

സ്വാര്‍ത്ഥഗുരോ,
പ്രണാമം ;)

വീഴുവാണേല്‍ ഇങ്ങനെ വീ‍ഴണം. ഇങ്ങനേ വീഴാവൂ....

ഹോ എന്തൊരു വീഴ്ച. എന്തൊരു വിവരണം. ചിരിച്ചെന്റെ ഊപ്പാടിളകി.

നമോവാകം.

സു | Su പറഞ്ഞു...

ച്ഛെ. എന്നിട്ട് കാര്യമായി ഒന്നും പറ്റിയില്ലേ? ;)

ദേവന്‍ പറഞ്ഞു...

ദാണ്ടെ കിടക്കുന്നു സ്വാര്‍ത്ഥന്‍- കാരണം ബാക്റ്റീരിയ.
"അതിപരവശനായി സ്വാര്‍ത്ഥവീരന്‍
അടിതെറ്റി നിലം പറ്റി കിടന്നിരുന്നു..”
എന്നോ മറ്റോ ആണ് എഴ്ശ്ശന്‍ എഴുതിയത് അല്ലേ?

കുളിമുറീലെ ക്യാം ലൈവ് ആയി ബ്ലോഗ്ഗില്‍ കൊടുക്കാന്‍ പ്ലാനുണ്ടോ? ബ്ലോഗെന്നാല്‍ “ആഘോഷിക്കപ്പെടുന്ന സ്വകാര്യത” ആണെന്നല്ലേ നിര്‍വ്വചന്‍സ്.

sandoz പറഞ്ഞു...

കെട്ട്‌ ഇറങ്ങീട്ട്‌ വേണം ഇപ്പണിക്കൊക്കെ പോകാന്‍.
ഒ;ടോ;സ്വാര്‍ഥന്‍ വീണതിനാണോ തുളസി ആശംസകള്‍ പറഞ്ഞത്‌.എങ്കില്‍ ഞാന്‍- ചെലവും ചോദിച്ചിരിക്കുന്നു.

Rasheed Chalil പറഞ്ഞു...

ഹാവൂ വല്ലത്തൊരു വീഴ്ച തന്നെ. ഏതായാലും വീഴുകയല്ലേ ഒന്ന് കൂടി നന്നാക്കാമായിരുന്നു.

നല്ല വിവരണം.

ഓടോ : സ്വാര്‍ത്ഥന്‍‌ജീ ഞാനീ നാട്ടുകരനേ അല്ല

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ആദീ ഇനി വീഴുമ്പോള്‍ ഒന്ന് മാറി വീഴെടോ, ഒരു വെറൈറ്റി ആയിക്കോട്ടെ!

സൂ ‘കട്ട ബോഡി’ ആയതുകൊണ്ട് ഒന്നും പറ്റിയില്ല(ഇന്നും റെസ്റ്റാ)

ദേവോ പുറത്തു പറഞ്ഞപ്പോള്‍ സഹമുറിയന്മാര്‍ ഓരോരുത്തരായി, “ആ ഇന്നാള് ഞാനും ഇതുപോലെ വീഴാന്‍ പോയി..”. അപ്പോള്‍ ആലോചനയായി, കാമറ വച്ചാലോ എന്ന്!
ഇത്തരം സ്വകാര്യതകള്‍ തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതാണ്, എഴുതിത്തുടങ്ങിക്കോളൂ ;)

തുളസീ അനുശോചനങ്ങള്‍ എഴുതാന്‍ ഇടയാകാതിരുന്നത് ഭാഗ്യം :)

സാന്‍ഡോസേ വെള്ളമടിച്ച് ഇതുവരെ ഇങ്ങനെയൊന്നും വീഴാന്‍ അവസരം ഉണ്ടായിട്ടില്ലെടോ :( ചെലവ് ഞാന്‍ ഈമെയിലില്‍ അയക്കാം, പോരേ ;)

Unknown പറഞ്ഞു...

ഇതിനെയാണോ സ്വാര്‍ത്ഥാ, ഈ ഒന്നൊന്നര വീഴ്ചയെന്ന് ഗായകര്‍ പാടി നടക്കുന്നത്‌?

അതുല്യ പറഞ്ഞു...

ഇത്‌ സിനിമയാക്കിയെങ്കില്‍, ദ റൈസ്‌ ആന്‍ഡ്‌ ഫാള്‍ ഓഫ്‌ സ്വാര്‍ത്തന്‍ ദ ഖത്തറീയന്‍ എന്ന് ആരെങ്കിലും ഇട്ടേനേ!

(വോള്‍ട്ടാരെന്‍ ജെല്‍ പുരട്ടി ചൂട്‌ കിഴി വയ്കൂ/ഉഴിയൂ. എന്തായാലും വീഴ്ച കൊണ്ടെങ്കിലും ചില ഭാഗങ്ങള്‍ നനഞ്ഞല്ലോ. അത്‌ മതി)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഇത്തിരിവെട്ടമേ ‍അടുത്ത വീഴ്ചയില്‍ ഒന്നു കൂടി നന്നാക്കുന്നതായിരിക്കും! (തന്നെ ഞാന്‍...:)

യാത്രാമൊഴീ ‍ഗായകരേക്കുറിച്ച് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, ആ സമയത്ത് ഏതു തരം ശബ്ദമാ‍ണ് ഞാന്‍ പുറപ്പെടുവിച്ചതെന്ന് എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ കഴിയുന്നില്ല :(

അതുല്യാ‍ ഇപ്പഴാണ് ഞാന്‍ അവളെ ശരിക്കും ‘മിസ് ‘ ചെയ്യുന്നത്. ഗെയിംസിനിടയ്ക്ക് പരിചയപ്പെട്ട ഫിലിപ്പീനാകളുടെ നമ്പര്‍ തപ്പട്ടെ, ഉഴിച്ചില്‍ തരപ്പെട്ടാലോ ;)

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

വല്ലിയമ്മായി ചോദിച്ചപോലെ വിശദമായ വീഴ്ച തന്നെ. ഇവിടിരുന്നു ചിരിക്കാനും വയ്യ, ചിരിക്കാതിരിക്കനും വയ്യ.. ഓഫീസീന്നാണെ ബ്ലോഗുന്നതു..

അജ്ഞാതന്‍ പറഞ്ഞു...

എന്നാലും തലയിലെ അവസാനത്തെ സ്ക്രൂ വരെ ഇളകിപ്പോയ ഒരാള്‍ക്ക് ഇത്ര വിശദമായി വിവരിക്കാന്‍ പറ്റുമോ? കര്‍ത്താവെ....അടുത്തപ്രാവശ്യം ഞാന്‍ വീഴുമ്പോ ആന്റണി ദോഹ‍യില്‍ ‍കാണണേ,“ഒരു ഈച്ചയുടെ വീഴ്ച്ച” വിവരണം എഴുതാന്‍???‍

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കണ്ണൂരാനേ ചില ബ്ലോഗുകള്‍ക്കെങ്കിലും(എന്നെ വിട്ടേക്കൂ ;) ‘ഒ’ സര്‍ട്ടിഫിക്കറ്റ് കൊടുത്തേ മതിയാകൂ, ഓഫീസില്‍ ഇരുന്ന് വായിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്!

സപ്നാ ഈച്ചകള്‍ പാവമല്ലേ. വീഴുമ്പോള്‍ അവയോട് മാറി നില്‍ക്കാന്‍ പറയണേ. “സപ്നയുടെ അടിയില്‍ പെട്ട ഈച്ച” ഹൊ, “പാണ്ടിലോറിക്കടിയില്‍ പെട്ട തവള”!
(ഞാന്‍ ഖത്തറീന്ന് ഓടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ)

Kalesh Kumar പറഞ്ഞു...

നമിച്ചു ഗുരോ!
വിഴ്ന്നതിത്ര മനോഹരമായിട്ട് ആരേലുമൊക്കെ അവതരിപ്പിച്ച് ഞാൻ കണ്ടിട്ടില്ല.!

സുല്‍ |Sul പറഞ്ഞു...

ഒരു സ്ലോമോഷന്‍ വീഴ്ചകണ്ടപോലെ. നിങ്ങള്‍ വീഴ്ചയിലും സ്വാര്‍ത്ഥന്‍.

-സുല്‍

അജ്ഞാതന്‍ പറഞ്ഞു...

ഏഴരവെളുപ്പിനുള്ള വീഴ്ച - അതും സ്ലോ മോഷനില്‍..ഒന്നു സ്ലിപ്പി.. ചൂടുവെള്ളത്തില്‍ അവിടെയൊക്കെ തപ്പി... സഹമുറിയന്‍ പുറത്തിട്ട്‌ "ടപ്പി".. ബാക്കിയുള്ള പിരിയും ഇളകി..ഇനിയെന്തു ബാക്കി.. ഹ ..ഹാ

കൃഷ്‌ | krish

മുസ്തഫ|musthapha പറഞ്ഞു...

ഒരു വീഴ്ചയെ പോസ്റ്റാക്കാന്‍ ബ്ലോഗറും തുറന്ന് വെച്ചിരിക്കുമ്പോഴാണ് ഈ പോസ്റ്റിലെത്തിയത് :)

‘ഒന്ന് സ്ലിപ്പി’ എന്ന് കണ്ടപ്പോള്‍ ഇത്രേം സ്ലിപ്പി എന്നു കരുതിയില്ല :)

ഇതാണ് മാഷേ വീഴ്ച... അല്ലാതെ ചുമ്മാ :)



ഒ.ടോ: ദൈവാധീനം, ഒന്നും പറ്റാതിരുന്നത് (ഇതില്‍ കൂടുതലൊന്നും).

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷേ :) :)

സുല്‍ ഏല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍ കഴിഞ്ഞു!

കൃഷ് ബാക്കിയായത് പെറുക്കി കൂട്ടി ഫിറ്റ് ചെയ്യുകയാ :)

അഗ്രജാ അപ്പോ എനിക്ക് കമ്പനി ആയല്ലോ! വേഗം പോസ്റ്റൂന്നെ...

Unknown പറഞ്ഞു...

യൂറോപ്പ്യന്‍ അപ്പിപ്പാത്രമില്ലാഞ്ഞത് എന്തായാലും നന്നായി. ഞാനെങ്ങാനുമാണ് യൂറോപ്പ്യന്റെ പുറത്ത് വീണതെങ്കില്‍ ലവന്‍ നല്ല മലബാറി മലയാളത്തില്‍ “ആയ്..ഇന്റിമ്മാ..“ എന്ന് നെലോളിച്ചേനേ... (എന്താ എന്റെ ഒരു വെയിറ്റ്) :-)

അജ്ഞാതന്‍ പറഞ്ഞു...

ദേ,ചേട്ടാ..ഞാന്‍ നിങ്ങള്‍ടെ നാട്ടുകാരനാ ഇവിടെ ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് പറഞ്ഞു തന്നത്‌ നമ്മടെ വിശാലനാ..കഥ നന്നായി,ഓഫീസില്‍ ആയത്‌ കൊണ്ട്‌ ചിരിക്കാന്‍ പാടുപെട്ടു.ഈ ജോലിയില്‍ ഇപ്പൊ കേറീതേ ഉള്ളൂ,പണി കളയരുത്‌....പ്ലീീീീീസ്‌.അപ്പുറത്ത്‌ ബോസ്സ്‌ ഇരിക്കുന്നുണ്ട്‌.
...പിന്നെ ദോഹയിലെ വിലാസം അറിഞ്ഞാല്‍ നന്നായിരുന്നു.

കുറുമാന്‍ പറഞ്ഞു...

ഒരാളുടെ പതനം ആലോചിച്ച് മറ്റവര്‍ ചിറിച്ചാല്‍ ഒരു നാള്‍ ചിറിച്ചവനും വീഴും എന്ന് ആരോ പറഞ്ഞിട്ടുണ്ടായിരുന്നോ, ആ ഉണ്ടെങ്കില്‍ തന്നെ സാരമില്ല, കാരണംM നല്ല ഒരു വീഴ്ച ഞാനും വീണുട്ടുണ്ടേ. എന്തായാലും ഓരോ ഭാഗവും വിഷ്വലൈസ് ചെയ്ത് ‘ആലോചിച്ച്” ചിരിച്ചു മാഷെ.

അജ്ഞാതന്‍ പറഞ്ഞു...

http://jaalagam.blogspot.com/ കാണുമല്ലോ.....

Siju | സിജു പറഞ്ഞു...

സ്ലോ മോഷനില്‍ വീഴാനറിയാന്‍ പാടില്ലാന്നു പറഞ്ഞ കൊച്ചിന്‍ ഹനീഫക്ക് കാണിച്ചു കൊടുക്ക്

അജ്ഞാതന്‍ പറഞ്ഞു...

എന്തിനാ മാഷേ ഈ ആവശ്യമില്ലാത്ത പണിക്ക്‌ പോയേ ... സുഹൃത്തിന്റെ പല്ലു തേക്കുന്ന ബ്രഷ്‌ കുളിമുറിയില്‍ ഇല്ലായിരുന്നോ ... അതെടുത്ത്‌ കീടാണുവിനെ തുരത്തിയോടിച്ചിട്ട്‌ കഴുകി വച്ചാല്‍ പോരാരുന്നോ ...

ഇനിയെങ്കിലും ഇതൊക്കെ ചെയ്യുന്നതിനു മുന്‍പ്‌ ആരോടെങ്കിലും ഒക്കെ ഒന്നു ചോദീര്‌ .. അതു ചെയ്യുകേലാ.. പോരാത്തതിന്‌ അത്‌ വര്‍ണ്ണിച്ചെഴുതി വച്ചേക്കുന്നു, മനുഷ്യനെ ചിരിപ്പിച്ച്‌ വശംകെടുത്താന്‍..

Kiranz..!! പറഞ്ഞു...

സ്വാര്‍ത്ഥൂ..എന്റമ്മച്ചി,അല്‍ഖോറില്‍ 8 അടി നീളമുള്ള കൂളിമുറിയില്‍ വാട്ടര്‍പ്പോളോ ഇങ്ങനേയും കളിക്കാം അല്ലേ അല്ലേ,ചിരിച്ച് മരിക്കാനായുള്ള പോസ്റ്റ് തന്നെ മാഷേ,എന്താ ഉപമകള്‍,ഹ.ഹ

qw_er_ty

ഉത്സവം : Ulsavam പറഞ്ഞു...

ആ 'കീഠാണു' കലക്കി, വീഴ്ച്ചയുടെ വിവരണം അതിലും കലക്കി.
കൊച്ച് വെളുപ്പാങ്കാലത്ത് എണീല്‍ക്കരുത് എന്ന് പറയുന്നത് ഇങ്ങനെയൊക്കെ പറ്റും എന്നത് കൊണ്ടാ.
സാരമില്ല എന്റെ വക ഒരു "ടപ്പോ" കൂടി :-)

Physel പറഞ്ഞു...

ഹാവൂ..ഖത്തറിലെ ബ്ലോഗേഴ്സ് ഒക്കെ എവിടെപ്പോയി എന്നാലോചിക്കുവാരുന്നു. വര്‍ക്ക് ഷോപ്പിലായാലും ഒരാളെ കിട്ടീലോ (തെറ്റിധരിക്കല്ലേ എഴുത്തിന്റെ വര്‍ക്ക് ഷോപ്പില്‍ എന്നാ ഉദ്ദേശിച്ചെ...ആ സ്ലോ മോഷന്‍ റിവിഷന്‍ വീഴ്ചയുമായി ഈ വാക്കിനൊരു ബന്ധവുമില്ല)
പിന്നെ ഖത്തറില്‍ കാണുന്ന ഒരുമാതിരി കുളിമുറികള്‍ക്കൊക്കെ ഒരു പ്രത്യേകത ഉണ്ട്. വാള്‍ ടൈത്സെടുത്ത് ഫ്ലോറിലൊട്ടിച്ചു വെയ്ക്കുന്ന സൂത്രവിദ്യ. കാല്‍ വിരല്‍ കൊണ്ട് കീഠാണു വധമൊന്നുമാടണ്ട...ഒരെമര്‍ജന്‍സിക്ക് ഒരിത്തിരി വേഗത്തില്‍ കയറിപ്പോയാമതി, ഒന്നും രണ്ടും പിന്നെ ഒരു കുളീം കിടന്ന കിടപ്പില്‍ കഴിക്കാം...യോഗമുണ്ടേല്‍ ദീര്‍ഘകാലം!

ഓ.ടോ...എവിടെയാ ഇപ്പം? ഒരു കിലോ റസ്കും ഒരാഞ്ചാറ് ഓറഞ്ചുമായി ഒന്നു കാണാന്‍ വരാനാ!

അജ്ഞാതന്‍ പറഞ്ഞു...

ആ വീഴ്ച്ച കേട്ട്‌ ഹ..ഹാ ന്നു ചിരിച്ചു.പിന്നെ തോന്നി പാവം..ഞാനും ഇങ്ങനെ വീണിട്ടുള്ളതാണേ..
വേദനയൊക്കെ ഇപ്പോ മാറീലേ?നന്നായി ചൂടുവെള്ളം മുക്കിപ്പിടിച്ച്‌ കിഴിവെയ്ക്കൂ...

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ദില്‍ബാ അപ്പിപ്പാത്രം നെലോളിക്കേ, നല്ല പ്രാ‍ക്ക് പ്രാകിയേനെ!

ഷാജഹാനേ തന്റെ പേരില്‍ വിശാലന് ഒരു താങ്ക്സ്.

കുറുമാനേ ഇപ്പൊ ഓര്‍മ്മ വരുന്നു, മുന്‍പൊരിക്കല്‍ ഞാന്‍ ഒരുപാട് ചിരിച്ച അവസരം ഉണ്ടായിരുന്നു. അതിന്റെയാവാം ഇത്!

സിജൂ അതെ, കണ്ട് പഠിക്കട്ടെ അല്ലേ?

തമനൂ സുഹൃത്ത് എന്റെ ബ്രഷ് എടുത്ത് ഈ പരിപാടി ചെയ്യുന്നുണ്ടോ എന്ന് സംശയം ഉണ്ട്. നിങ്ങള്‍ തമ്മില്‍ നേരത്തേ പരിചയം ഉണ്ടോ?

കിരണ്‍സേ വാട്ടര്‍പോളോ അല്ലായിരുന്നു, കാരംസ് പോലെ, ഒരു മൂലയില്‍ നിന്നും മറ്റൊന്നിലേക്ക്. ‘കുഴി’യില്‍ തല പെടാഞ്ഞത് ഭാഗ്യം. ഓവറാക്കണ്ടാ എന്നു കരുതി ആ ഭാഗം ഞാന്‍ എഡിറ്റ് ചെയ്തു!

ഉത്സവോ എന്നാലും ഇത്രയും പറ്റും എന്ന് ഞാനും കരുതീലെടോ :)

ഫൈസലേ ഫ്ലാസ്കില്‍ ഇത്തിരി ചുക്കുകാപ്പിയും കരുതിക്കോ, അല്‍ഖോര്‍ കോര്‍ണിഷില്‍ കൂടാം :)

സിജീ ആ‍ഗ്രഹമുണ്ട് കിഴി വയ്ക്കാന്‍. ലവള് നാട്ടിലായിപ്പോയില്ലേ!

അജ്ഞാതന്‍ പറഞ്ഞു...

വീണടത്തു് വിദ്യ എന്നു കേട്ടിട്ടുണ്ടു്. വീണതിനെ ഇങ്ങനെ സരസമായി അനുഭവിപ്പിക്കാന്‍ കഴിഞ്ഞ ആ വിദ്യയ്ക്കു് ആശംസകള്‍. നന്നായിരുന്നു.
ഓ.ടോ.നന്നായിരുന്നു എന്നു പറഞ്ഞതു വീഴ്‍ചയല്ലേ.

മുല്ലപ്പൂ പറഞ്ഞു...

സ്വാര്‍ത്ഥാ,
വീഴുന്നതു കണ്ടാല്‍ ചിരിക്കാന്‍ പാടില്ലാ ന്നാ.
പക്ഷേ അതിനെ ഇങ്ങനെ വിവിരിച്ചാല്‍, എങ്ങനെ ചിരിക്കാതിരിക്കും.

നല്ല വിശദമായ വീഴല്‍. ഓഫീസില്‍ പോയി തുടങ്ങീലോ ല്ലേ ?

sreeni sreedharan പറഞ്ഞു...

അണ്ണാ പതറരുത്!

അജ്ഞാതന്‍ പറഞ്ഞു...

വീണതു വിദ്യ..എന്നാണലോ..
മനോഹരം...