തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

മണ്ണിട്ടാല്‍ താഴൂല്ല

മണ്ണിട്ടാല്‍ താഴൂല്ല, മണ്ണിട്ടാല്‍ താഴൂല്ല, തലേന്ന് ആലുവാ മണല്‍പ്പുറത്ത്‌ പോയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്‌ ശങ്കരേട്ടന്‍.

കൊടുങ്ങല്ലൂര്‌ന്ന് ബസ്സീ കേറിയതേ ഓര്‍മ്മയുള്ളൂ. ഉറങ്ങിയെണീറ്റപ്പം യെന്താ തെരക്ക്‌, ഹൊ!!!

എവിടെയാ ശങ്കരേട്ടാ, മണ്ണിട്ടാല്‍ താഴാത്തത്‌?, അല്‍പം അവജ്ഞയോടെ കുരുത്തക്കൊള്ളി വാസു.

ശങ്കരേട്ടന്‌ ചോദ്യം തീരെ പിടിച്ചില്ല.

ആലുവാ മണപ്പുറത്താ വാസൂ, കേള്‍വിക്കാരിലൊരാള്‍

‍ശങ്കരേട്ടനെന്താ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലുമില്ലാത്തെ?, വാസുവിന്റെ ചോദ്യം കേട്ട്‌ ശങ്കരേട്ടന്‍ മുഖം തിരിച്ചു.

മണപ്പുറത്തെ ഉറക്കമൊക്കെ സുഖമായിരുന്നോ?, ശങ്കരേട്ടനെ വിടാന്‍ വാസു ഒരുക്കമല്ല.

നീയും പോയിരുന്നോ വാസൂ മണപ്പുറത്ത്‌?

പിന്നില്ലേ, ഇന്നലെ മണലിറക്കാന്‍ ഗോതുരുത്ത്‌ കടവില്‍ ചെന്നപ്പോള്‍, വാറ്റടിച്ച്‌ മണലിന്റെ പുറത്ത്‌ കിടക്കുകയായിരുന്നു ഈ ശങ്കരേട്ടന്‍. എന്നെ കണ്ട ഭാവം നടിച്ചില്ല, കള്ളന്‍!!!

ഏവര്‍ക്കും ശിവരാത്രി ആശംസകള്‍!!!

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2006

തരൂല്ല

ചെറിയ കാര്യങ്ങള്‍ക്കു പോലും ശാന്തേടത്തി വല്ലാതെ പിണങ്ങും. അല്‍പനേരത്തേയ്ക്കേ ഉള്ളൂ ഈ സൌന്ദര്യപ്പിണക്കങ്ങള്‍. അതുകൊണ്ടുതന്നെ, മക്കളില്ലാത്ത ദു:ഖം ഭാസ്കരേട്ടനെ ഇതുവരെ അലട്ടിയിട്ടില്ല. അവിചാരിതമായി കിട്ടിയ ഒഴിവുദിനത്തില്‍, ഇണങ്ങിയും പിണങ്ങിയും അങ്ങിനെ ഉച്ചയൂണു കഴിഞ്ഞ്‌ വിശ്രമത്തിലായിരുന്നു ആ ദമ്പതികള്‍.

ദാസന്‍ ഭസ്കരേട്ടനെ കാണാന്‍ വരുമ്പോള്‍, പരിഭവിച്ചുകൊണ്ട്‌ ഉമ്മറത്തേക്ക്‌ ഇറങ്ങി വരികയാണ്‌ ശാന്തേടത്തി, "തരൂല്ല, ഞാന്‍ തരൂല്ല"

"എന്തു പറ്റി ശാന്തേടത്തീ?"

"കൊടുക്കൂല്ല ദാസാ, ഞാന്‍ കൊടുക്കൂല്ല"

"എന്ത്‌ കൊടുക്കൂല്ലാന്ന്?"

"കൊടുക്കൂല്ല, അങ്ങേര്‍ക്ക്‌ ഞാന്‍ കൊടുക്കൂല്ല"

"എന്താ സാധനം? എനിക്ക്‌ തരോ?"

"പ്പ്‌ഹ ചെറ്റെ, വൃത്തികെട്ടവനേ, #&$**, (^#&)&(%, #^(((&*^%, @%^^)^^, &^%$^$%, #(^&$#&, നിന്റെ തള്ളയോട്‌ പോയി ചോദിക്കെടാ!!!"

ശാന്തം! പാപം!

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2006

രണ്ട്‌ ജന്മങ്ങള്‍

സ്വാര്‍ത്ഥ ജനനം ഏതാണ്ട്‌ ഇപ്രകാരമായിരുന്നു (ദുര്‍ബല ഹൃദയര്‍ ജാഗ്രതൈ!):

ഇരിഞ്ഞാലക്കൊടേല്‍ത്തെ ഇട്ടിക്കുരൂന്റെ ആശ്പത്രി. പ്രസവവേദനകൊണ്ട്‌ പുളയുന്ന ആ യുവതിക്ക്‌ ചുറ്റും ഡോക്ടറും പരിവാരങ്ങളും. ഞാന്‍ അന്നേ സ്വാര്‍ത്ഥന്‍. എന്റെ അമ്മയുടെ ഉദരം എന്റെ മാത്രം സ്വന്തം! അവിടം വിട്ട്‌, ഈ കശ്മലന്മാരുടെ ലോകത്തേക്ക്‌ ഞാനില്ല എന്ന് തീരുമാനിച്ചു. ഡോക്ടറുണ്ടോ സമ്മതിക്കുന്നു. കയ്യില്‍ കിട്ടിയ ചവണ/പ്ലെയര്‍/കൊടില്‍, ഇവയിലേതോ ഒന്നുമായി എന്റെ നേര്‍ക്ക്‌.

"നിന്നെ ഇപ്പം ശരിയാക്കിത്തരാടാ"ന്ന് ഡോക്ടറും, "ന്നാ കാണാടാ"ന്ന് ഞാനും.

ഒരുവിധത്തില്‍ എന്റെ തല അയാള്‍ വലിച്ച്‌ പുറത്തിട്ടു. ഇനി രക്ഷയില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു, "ഇയാള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം."

അടുത്ത അറ്റംറ്റില്‍, തോല്ക്കുമെന്നുറപ്പായ വടംവലിക്കാര്‍ "എന്നാ കെടക്കട്ടെ" എന്ന് പറഞ്ഞ്‌ വടം അഴിച്ച്‌ വിടും പോലുള്ള ഒരു പണി ഞാന്‍ കൊടുത്തു.

കളിക്കുമ്പോള്‍ 'സ്റ്റാച്യൂ' പറഞ്ഞപോലെ നടു വിലങ്ങി ഡോക്ടര്‍ ഒരേ നില്‍പ്‌! കയ്യിലിരുന്ന ചവണ വഴുക്കി. അതിന്റെ അടയാളം എന്റെ SSLC പുസ്തകത്തില്‍ ഇപ്പോഴുമുണ്ട്‌, 'A scar on the right side of the right eye'.

"ഇനി ഇവടെ പറ്റില്ല, വേഗം തൃശൂര്‍ക്ക്‌ വിട്ടോ", ഡോക്ടര്‍ സുല്ലിട്ടു.

എന്റപ്പന്‍, യുദ്ധരംഗത്ത്‌ തളരാത്ത എക്സ്‌ നേവിക്കാരന്‍, ടാസ്കി വിളിച്ച്‌ അമ്മേം കൊണ്ട്‌ നേരെ വിട്ടു. എന്റെ ആദ്യ തൃശൂര്‍ യാത്ര! ഞാനിങ്ങനെ തല പുറത്തിട്ട്‌ കാഴ്ചകളൊക്കെ കണ്ട്‌... വല്ലാണ്ട്‌ കാറ്റടിച്ചപ്പോള്‍ പതുക്കെ തല ഉള്ളിലേക്ക്‌ വലിച്ചു.

മിഷ്യനാശ്പത്രിക്കാര്‍ ഇത്‌ കൊറേ കണ്ടതാ. അവര്‌ വാക്കത്തീം വടിവാളുമായി ടീമായി വന്ന് അമ്മേടെ വയറ്‌ കീറി. ഒന്ന് ചെറുത്ത്‌ നില്ക്കാന്‍ പോലും അനുവദിക്കാതെ, എന്നെ എടുത്ത്‌ പുറത്തിട്ടു. കുറുമ്പ്‌ കാട്ട്യേന്‌ കുഞ്ഞിച്ചന്തീമ്മൊരു പെട! (നന്നായി വേദനിച്ചൂ ട്ടോ)

കലാലയത്തില്‍ വച്ച്‌ മറ്റൊരു ജന്മത്തെ പരിചയപ്പെട്ടു. ആ ജനനം ഇങ്ങനെ:

എട്ട്‌ മാസം ഗര്‍ഭിണിയായ യുവതി, യെര്‍ണാളം ഓച്ചന്തുരുത്ത്‌ വളപ്പ്‌ ദേശത്തെ വീടിനടുത്തുള്ള പള്ളിയിലേക്ക്‌ പോകുന്നു. വഴിയില്‍ വച്ച്‌ മരപ്പാലം തകര്‍ന്ന് 'ബ്ലും', ദേ കെടക്കണ്‌ അവര്‍ താഴെ തോട്ടില്‍! ആശുപത്രി കിടക്കയില്‍ രണ്ടാള്‍ക്ക്‌ സ്ഥലമില്ലാതിരുന്നത്‌ കാരണം, മാസം തികയാത്ത കുഞ്ഞിനെ നഴ്സമ്മമാര്‍ അവരുടെ മുറിയില്‍ പുല്ക്കൂടുണ്ടാക്കി ലൈറ്റൊക്കെയിട്ട്‌ കിടത്തി.

പരുക്കൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെട്ട്‌ തുള്ളിച്ചാടി നടന്ന ആ കുഞ്ഞിന്‌ രണ്ടര വയസ്സായി. സര്‍ക്കാരിന്‌ നിര്‍ബന്ധം, കുഞ്ഞുങ്ങള്‍ക്ക്‌ 'പോളിയോ' എടുക്കണം. എടുത്തു. രണ്ടാം ദിവസം അക്ഷരാര്‍ത്ഥത്തില്‍ 'പോളിയോ' കിട്ടി.

ഒരു വശം മുഴുവന്‍ തളര്‍ന്ന കുഞ്ഞിനെ കോട്ടക്കലെ വൈദ്യരും ഗോവയിലെ ഡോക്ടറും മറ്റും ചേര്‍ന്ന് ഒരുപാട്‌ കാലം കൊണ്ടാണ്‌ എഴുന്നേറ്റ്‌ നടക്കാന്‍ പാകമാക്കിയത്‌.

ഇതിപ്പൊ, പിടിച്ചേലും വല്ലീതാണല്ലോ അളേല്‌, എന്ന മട്ടായി ഞാന്‍. ന്നാലും, പിന്നീടൊരിക്കല്‍ ചോദിച്ചു, "കൂടെ കൂടുന്നോ"ന്ന്.*

ഇന്നവള്‍ മറ്റ്‌ രണ്ട്‌ ജന്മങ്ങളുടെ, സ്വാര്‍ത്ഥന്റെ ചുണക്കുട്ടന്മാരുടെ, അമ്മയാണ്‌!

*അന്നൊരു ഫെബ്രുവരി 14 ആയിരുന്നു.
'ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വാലന്റൈന്‍ ദിനാശംസകള്‍'

ഞായറാഴ്‌ച, ജനുവരി 29, 2006

കൂട്ടുകഥ - 4 പനകയറ്റം

കൊടികുത്തിയ യൂണിയന്‍ നേതാവാണ്‌ സഖാവ്‌ സദാശിവന്‍. തൊഴിലാളികളെ എങ്ങിനെ വഹിക്കണമെന്ന് പഠന കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിച്ചവന്‍. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്‍ച്ചയേക്കുറിച്ച്‌ സസൂക്ഷ്മം നിരീക്ഷിച്ചുപോരുന്ന കോണ്ട്രാക്റ്റിംഗ്‌ കമ്പനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്‌ സദാശിവന്‍ ഗള്‍ഫിലെത്തിയത്‌. പ്രതീക്ഷ വെറുതെയായില്ല, റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആളേക്കൂട്ടുന്ന അതേ വീറോടെ ലേബര്‍മാരെ നയിച്ചുകൊണ്ട്‌ സഖാവ്‌ സൂപ്പര്‍വൈസര്‍ തന്റെ ദൌത്യം ആരംഭിച്ചു.

തികച്ചും തത്വശാസ്ത്രപരമായിരുന്നു സഖാവിന്റെ പ്രവര്‍ത്തനം. വിവരവും വിദ്യാഭ്യാസവുമില്ലാത്ത നേപ്പാളികളേയും ശ്രീലങ്കക്കാരേയും കഴുതകളേപ്പോലെ പണിയെടുപ്പിക്കുക. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുക. ഒരുകിലോ പരിപ്പ്‌ ഒരായിരം പേര്‍ക്ക്‌ എന്ന തത്വവുമായി സഖാവിന്റെ സൂപ്പര്‍വൈസിംഗ്‌ മെസ്സിലേക്കും വ്യാപിച്ചതോടെ അളമുട്ടിയ നീര്‍ക്കോലികളും തലപൊക്കിത്തുടങ്ങി.

ഒരു സുപ്രഭാതത്തില്‍ മാനേജ്‌മെന്റിനു മുന്‍പാകെ നേപ്പാളിക്കൂട്ടം. പരിപ്പ്‌ വെള്ളത്തില്‍ അല്‍പം ഭേദഗതിയാണ്‌ ആവശ്യം. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായപ്പോഴേക്കും സൈറ്റില്‍ അര ദിവസത്തെ പണി മുടങ്ങി. ഇതില്‍പരം ക്ഷീണം സദാശിവന്‌ വരാനില്ല. സഖാവിന്റെ വിപ്ലവ വീര്യം ഉണര്‍ന്നു. നേപ്പാളിക്കൂട്ടത്തിലെ കാലുവാരികളെ കൂട്ടുപിടിച്ച്‌, ചാരായം വാങ്ങിക്കൊടുത്ത്‌, പരാതിപറഞ്ഞവരെ രാത്രി ക്യാമ്പിനുള്ളില്‍ പൂട്ടിയിട്ട്‌ ഇരുട്ടടി അടിപ്പിച്ചു.

പ്രഭാതം തികച്ചും ശാന്തം. മുന്‍പൊരിക്കല്‍, ലേബര്‍ വകുപ്പില്‍ പരാതിപ്പെടും എന്ന് പറഞ്ഞ ഒരുവന്‍ അന്ന് രാത്രിതന്നെ നാട്ടില്‍ വിമാനമിറങ്ങിയത്‌ ആര്‍ക്കും മറക്കാറായിട്ടില്ല. എങ്കിലും, തലേന്ന് മുഴങ്ങിക്കേട്ട നിസ്സഹായരായ നേപ്പാളിക്കൂട്ടങ്ങളുടെ കരച്ചില്‍ സദാശിവന്റെ കൌണ്ട്‌ ഡൌണിന്റെ ആരംഭമായിരുന്നു.

മലയാളികള്‍ മുന്‍കൈ എടുത്താണ്‌ 'സദാശിവന്‍ വിരുദ്ധ മുന്നണി'ക്ക്‌ രൂപം കൊടുത്തത്‌. രഹസ്യ അജണ്ട പ്രകാരം, നാലു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഒരുവന്റെ ഭാര്യ പ്രസവിച്ചു. ആഘോഷത്തിന്‌ മുഖ്യാതിഥിയായി സഖാവിനേയും നിശ്ചയിച്ചു. ഖത്തറില്‍ മദ്യം സുലഭമാണോന്ന് ചോദിച്ചാല്‍...നാലുകാശിന്‌ വകയുള്ളവന്‌ പെര്‍മിറ്റ്‌ കിട്ടും. ലേബര്‍ ക്യാമ്പിലെ പട്ടിണിപ്പാവങ്ങള്‍ക്ക്‌ 'പന' തന്നെ ശരണം.

'പന'യെന്നാല്‍ പനങ്കള്ളല്ല. ഈന്തപ്പനയുടെ ചിത്രം ആലേഖനം ചെയ്ത, 70% സ്പിരിറ്റ്‌ കലര്‍ന്ന ഒമാന്‍ നിര്‍മ്മിതമായ ബാത്‌റൂം ക്ലീനിംഗ്‌ ലിക്വിഡ്‌. സദാശിവനെ 'പനകയറ്റുക' എന്നതാണ്‌ മുന്നണിയുടെ അപ്രഖ്യാപിത ലക്ഷ്യം. അവധി ദിവസമായതിനാല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടും ഒരുകെയ്സ്‌ പനയേ ലഭിച്ചുള്ളൂ. ആരും നിരാശരല്ല, ആയിരം സദാശിവന്മാര്‍ക്ക്‌ അര പന തന്നെ ധാരാളം.

നാട്ടില്‍ വാറ്റടിച്ചു നടന്ന സഖാവ്‌ വിസ്കിയേ കുടിക്കൂ അതും സ്പ്രൈറ്റ്‌ ഒഴിച്ച്‌. സദാശിവനു വേണ്ടി ബക്കറ്റ്‌ പിരിവ്‌ നടത്തി ബ്ലാക്കില്‍ വിസ്കിയൊരെണ്ണം സംഘടിപ്പിച്ചിട്ടുണ്ട്‌ സംഘാടകര്‍. രണ്ടെണ്ണം അകത്തുചെന്നപ്പോള്‍ സഖാവ്‌ വാചാലനായി, തൊഴിലാളികളിലൊരുവനായി. പിന്നീടങ്ങോട്ട്‌ സ്പ്രൈറ്റിന്‌ പകരം പന മിക്സ്‌ ചെയ്ത്‌ തങ്ങളുടെ പ്രിയ നേതാവിനെ അവര്‍ വേണ്ടുവോളം സല്ക്കരിച്ചു.

പാതിരാത്രി. സദാശിവന്‍ പനയില്‍ കയറുംപോലെ കയ്യും കാലും കുത്തി റോഡിലൂടെ... വര്‍ഗസ്നേഹം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളില്‍ ചിലരുണ്ടായിരുന്നു അവിടെ. സദാശിവനെ അവര്‍ 'എത്തേണ്ടിടത്ത്‌' എത്തിച്ചു.

പിറ്റേന്ന് രാവിലെ ഒന്നൊഴിയാതെ തൊഴിലാളികളെല്ലാം ഹാജര്‍. സൂപ്പര്‍വൈസര്‍ സദാശിവന്‍ നെടുമ്പാശ്ശേരി അറൈവല്‍ ടെര്‍മിനലില്‍.

ബുധനാഴ്‌ച, ജനുവരി 25, 2006

കിഴക്കും പടിഞ്ഞാറും, നമ്മറോടെ

ശ്രീകുമാറസ്വാന്മീ നമ:
കുമാറിന്റെ ‘കിഴക്കും പടിഞ്ഞാറും‘ കണ്ട് പ്രചോദിതനായി വെളുപ്പിന് ക്യാമറയുമായി എഴുന്നേറ്റു...












(അടിക്കുറിപ്പിന് എവിടെപ്പോകും? കുമാര്‍ തന്നെ തുണ!)
ദോഹയില്‍ നിന്നുമടങ്ങും വഴിയില്‍ അല്‍ ഖോറിനടുത്ത് കണ്ട ഉദയം.ഒരു റോഡിനിടതുഭാഗത്തു കണ്ട കാഴ്ചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോള്‍ത്തന്നെ റോഡിന്റെ വലതുഭാഗത്തു കണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം, പാലമില്ലാത്തതിനാല്‍ , ഇത്തിരീശെ ലീക്ക് ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, കാറിന് മുകളിലെ ‘എന്റെ പ്രിയപ്പെട്ട ശബ്നത്തില്‍ ‘ പ്രതിഫലിക്കുന്നതാണ് കിഴക്കന്‍ കാഴ്ച.
മരക്കരുത്ത് കൊണ്ട് മഞ്ഞ വെളിച്ചം തടഞ്ഞ് നിര്‍ത്തുന്നത്, പടിഞ്ഞാറന്‍ കാഴ്ചയും.
ഈ കാഴ്ചയ്ക്കും ഫില്‍ട്ടറുകള്‍ ഇല്ല.

ഇനി ഞാനൊന്ന് ആശ്വസിച്ചോട്ടേ കുമാറേ?

“ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും, വലുതാകും...”


എല്ലാം കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ കണ്ടത് ഈ കാഴ്ചയും...


നമ്മളേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...

തിങ്കളാഴ്‌ച, ജനുവരി 23, 2006

പാവം ദുഷ്ടന്‍

നിതംബത്തിന്റെ 'നിറം' നോക്കിയാണത്രെ ആ ക്രൂരകൃത്യത്തിന്‌ അവന്‍ അവളെത്തന്നെ തെരഞ്ഞെടുത്തത്‌!

"അരുതേ..." എന്ന് ഞാന്‍ പറഞ്ഞു നോക്കി.

"ഈ തണുപ്പില്‍ പിടിച്ചുനില്ക്കാന്‍ ഇങ്ങനെ ചിലതൊക്കെ കൂടിയേ തീരൂ" അവന്‍ പിന്മാറാന്‍ തയ്യാറല്ല.

പുറകില്‍ നിന്ന് അവളുടെ മേല്‍ അവന്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. നിഷ്കരുണം അവളുടെ ഉടയാട അവന്‍ പറിച്ചെറിഞ്ഞു. മരണത്തിന്റെ നിലയില്ലാക്കയത്തിലേക്ക്‌ തുഴയുകയായിരുന്നു അപ്പോള്‍ അവള്‍. ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ അവള്‍ പിടഞ്ഞു.

"ഈശ്വരാ...വൈകാതെ ജന്മം നല്‍കാന്‍ പോകുന്ന ഒരമ്മയായിരുന്നല്ലോ അവള്‍" എന്റെ ഉള്ളം പിടഞ്ഞു. അവള്‍ ഒരുവളേക്കൊണ്ട്‌ ആ ദുഷ്ടന്‍ തൃപ്തനല്ല. ദുഷ്ടത നിറഞ്ഞ ആ കൈകള്‍ അവളുടെ കൂട്ടുകാരികളുടെ നേര്‍ക്ക്‌ തിരിയും മുന്‍പേ ഞാന്‍ അവിടം വിട്ടു.

"ഇത്ര ക്രൂരനാവാന്‍ മനുഷ്യന്‌ എങ്ങിനെ കഴിയുന്നു?" തിരിച്ച്‌ വരുമ്പോഴും ഈ ചിന്തയായിരുന്നു മനസ്സില്‍.

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ചിന്തയാകെ മാറി. "പുണ്യം നിറഞ്ഞ ആ കൈകളേയാണല്ലോ ഞാന്‍ ദുഷ്ടത നിറഞ്ഞതായി ചിത്രീകരിച്ചത്‌" സഹതാപവും ആരാധനയും എന്നില്‍ നിറഞ്ഞു.

'ആ ഞണ്ട്‌ കറി അത്രയ്ക്ക്‌ രുചിയായിരുന്നു!'

വെള്ളിയാഴ്‌ച, ജനുവരി 20, 2006

കൂട്ടുകഥ - 3

"മാള, പൊയ്യ, പൂപ്പത്തി..."

എഴുപതുകളില്‍ 'മാള'യില്‍ നിന്ന് പൊയ്യ, പൂപ്പത്തി, കോട്ടപ്പുറം വഴി എറണാകുളത്തേക്ക്‌ ബോട്ട്‌ സര്‍വീസ്‌ ഉണ്ടായിരുന്നു. 'റുക്‍മണി' മൂപ്പത്തിയുടെ മകളെ കൊടുത്തിരിക്കുന്നത്‌ 'എര്‍ണാകുള്‍ത്തേക്കാ'. വരാപ്പുഴയിലെ ചെട്ടിഭാഗത്തുനിന്നും മൂപ്പത്തി ബോട്ടില്‍ കയറി.

എറണാകുളത്ത്‌ ബോട്ടിറങ്ങിയ മൂപ്പത്തി നേരെ ബസ്റ്റാന്റിലേക്ക്‌ നടന്നു.

"വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ, വൈറ്റ്‌ലിണ്ടോ..."

"എന്തോര്‍ പണ്ടാറമാണ്‌ സങ്ങാതീ, നമ്മ്ടെ മോള്‍ക്ക്‌ വൈറ്റ്‌ലുള്ളത്ത്‌ ഈ പണ്ടാറം എങ്ങനേ അറിഞ്ഞു?" വൈറ്റിലയ്ക്ക്‌ പോകുന്ന ബസ്സിലെ കിളിയെക്കണ്ട്‌ മൂപ്പത്തി അതിശയിച്ചു.

മകളുടെ വീട്ടിലെത്തുന്നതുവരെ ഒരേ ചിന്തയായിരുന്നു മൂപ്പത്തിയുടെ മനസ്സില്‍, " തിര്‍മല്‍ തേവാ, എര്‍ണാകുളം എര്‍ണാകുളം എന്ന് പര്‍ഞ്ഞൂ, കുളം നംക്ക്‌ കാണാന്‍ കൊട്‌ത്തില്ലല്ലോ!"

മൂന്ന് ദിവസം മകളുടെ കൂടെ താമസിച്ച മൂപ്പത്തി, തിരിച്ച്‌ പോരാന്‍ എര്‍ണാകുളം ബോട്ട്‌ ജെട്ടിയിലെത്തി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വിളിച്ചു കൂവുന്നുണ്ട്‌.

റുക്‍മിണി മൂപ്പത്തി ആകെ വല്ലാണ്ടായി.

"മാള, പൊയ്യ, പൂപ്പത്തി...മാള, പൊയ്യ, പൂപ്പത്തി..." ബോട്ടുകാരന്‍ വീണ്ടും.

"എന്തോര്‍ നാശമാണ്‌" മൂപ്പത്തി മകളുടെ അടുത്തേക്ക്‌ തിരിച്ചു പോയി.

യാത്ര പറഞ്ഞ്‌ പോയ അമ്മ തിരിച്ചു വന്നപ്പോള്‍ മകള്‍ക്ക്‌ അതിശയം, "അമ്മ വല്‍തും മര്‍ ന്നോ?"

"പണ്ടാറം! ബോട്‌കാറന്‍ പര്‍ഞ്ഞൂ...നാള പൊവ്വാ മൂപ്പ്‌ത്തീ...നാള പൊവ്വാ മൂപ്പ്‌ത്തീന്ന്...നമ്മള്‍ ഇങ്ങോട്‌ തിര്‍ച്ച്‌ പോന്നു!"

ചൊവ്വാഴ്ച, ജനുവരി 17, 2006

'ഭാര്യ ഗര്‍ഭിണിയായി'

(എന്റെയല്ല)

ചര്‍ച്ച രാജേഷിനേക്കുറിച്ചാണ്‌. കൃത്യമായി പറഞ്ഞാല്‍ രാജേഷിന്റെ ഭാര്യയേക്കുറിച്ച്‌. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ്‌ കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ". രാജേഷിന്‌ പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത്‌ ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്‌. 1200 റിയാല്‍ മാത്രമാണ്‌ ശമ്പളം. ഫുഡ്ഡടിക്ക്‌ തന്നെ 300 പോകും.

വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ്‌ അല്ലെങ്കില്‍ ഡൈവോഴ്സ്‌! രാജേഷ്‌ പ്രതിസന്ധിയില്‍.

ട്രാവല്‍സിലെ സലീമാണ്‌ ഉപദേശകന്‍, "വിസിറ്റിംഗ്‌ വിസയില്‍ ഇങ്ങു കൊണ്ട്‌ പോര്‌, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"

"പതിനയ്യായിരം കൊടുത്താണ്‌ മോന്‌ എല്‍കേജിയില്‍ സീറ്റ്‌ വാങ്ങിയത്‌. വിസയ്ക്കുള്ള ചെലവ്‌, ടിക്കറ്റ്‌ കാശ്‌, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട്‌ ചെലവ്‌..."

"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"

രാജേഷ്‌ എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച്‌ സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ്‌ കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത്‌ നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ്‌ ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...

"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." രാജേഷ്‌ തല പുകച്ചു.

എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!

ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക്‌ ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അല്‍പം ബ്രൈറ്റ്‌ ലൈറ്റ്‌ കിട്ടിത്തുടങ്ങി.

രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. 'രാജേഷിനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.

ഷെയറിംഗ്‌ അക്കൊമഡേഷന്‌ സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് രാജേഷ്‌ സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട്‌ ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."

പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച്‌ വല്ലവിധേനയും നാട്ടിലേയ്ക്ക്‌ പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന രാജേഷ്‌ ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ്‌ വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച്‌ വരാമായിരുന്നു"

രാജേഷിന്‌ ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് സലീമിനെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത്‌ തന്നത്‌. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത സലീം പരിഹാരം നിര്‍ദ്ദേശിച്ചു.

മൂന്നാം മാസം മൂന്നാം ദിവസം സലീമിന്റെ മൊബൈല്‍ ചിലച്ചു. രാജേഷാണ്‌, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക്‌ അടുത്ത ഫ്ലൈറ്റിന്‌ രണ്ട്‌ ടിക്കറ്റെടുത്തോ. അവള്‍ ഗര്‍ഭിണിയായി!"

-തുടരും-

ബുധനാഴ്‌ച, ജനുവരി 11, 2006

കൂട്ടുകഥ - 2

'ശുഷ്കാന്തി'

സ്വര്‍ണ്ണക്കടയിലെ സെയില്‍സ്മാന്‍ പണി കളഞ്ഞിട്ടാണ്‌ സത്യന്‍ ചന്ദ്രേട്ടന്റെ ഗേരേജില്‍ ചേര്‍ന്നത്‌. ഗള്‍ഫിലെ സ്പെയര്‍ പാര്‍ട്‌ കടയിലേക്ക്‌ അളിയന്‍ വിസ ശരിയാക്കിയിട്ടുണ്ട്‌. ഒരു മാസം കൊണ്ട്‌ ഓട്ടോമൊബെയില്‍ രംഗം അരച്ച്‌ കലക്കി കുടിക്കണം. ഗോപാലേട്ടന്റെ സ്പെയര്‍ പാര്‍ട്‌ കടയേക്കാളും എന്തുകൊണ്ടും ഭേദം ചന്ദ്രേട്ടന്റെ ഗേരേജാണെന്ന് വിധഗ്ദാഭിപ്രായം, ഹാന്‍ഡ്സ്‌ ഓണ്‍ എക്സ്‌പീരിയന്‍സ്‌ കിട്ടുമല്ലോ.

ആദ്യ ദിവസം പഠിച്ചത്‌ സി ഫോര്‍ ചായ, പി ഫോര്‍ പരിപ്പുവട. ഗേരേജിലുള്ളവര്‍ക്കെല്ലാം നാരായണേട്ടന്റെ ബേക്കറി ഏന്‍ഡ്‌ ടീസ്റ്റാളില്‍ നിന്ന് ഓണ്‍ ഹാന്‍ഡില്‍ ഇവ വാങ്ങിക്കൊടുക്കണം.

ആശാന്‍ ഫുള്‍ടൈം വെള്ളത്തിലാണ്‌. 'ഓസീയാറും' എരിവുള്ള മിച്ചറുമാണ്‌ പ്രാതല്‍. പണിയില്‍ ശുഷ്കാന്തി കാണിക്കുന്നവരോട്‌ പ്രത്യേക സ്നേഹമാണ്‌ മൂപ്പര്‍ക്ക്‌. സത്യന്‍ ശുഷ്കാന്തനായി.

അങ്ങിനെ ഒരുദിവസം ആശാന്‍ സത്യനോട്‌ പറഞ്ഞു, "നീയാ പതിനേഴിന്റെ സ്പാനര്‍ ഇങ്ങെടുത്തേ"

ഇതില്‍ പരം സന്തോഷം സത്യന്‌ വരാനില്ല, ആദ്യമായി ആശാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. കേട്ടപാതി സത്യന്‍ ഓടി, ടൂള്‍ ബോഡിനരികിലേക്ക്‌. അവിടെയതാ രഘു. ആദ്യദിവസം മുതല്‍ രഘുവും കൂട്ടരും കാത്തിരിക്കുകയാണ്‌, സത്യനെ 'റാഗ്‌ ' ചെയ്യാന്‍. ഇതാ സുവര്‍ണ്ണാവസരം.

"പതിനേഴിന്റെ സ്പാനര്‍ ഇവിടെ കാണാനില്ല, പത്തിന്റേം ഏഴിന്റേം ഉണ്ട്‌" രഘുവിന്റെ സഹായഹസ്തം.

"പത്ത്‌ പ്ലസ്‌ ഏഴ്‌, പതിനേഴ്‌" സത്യന്‍ മനസ്സില്‍ കണക്കുകൂട്ടി. ശീഘ്രം ആശാന്റെ പക്കലെത്തി, "ആശാനെ പതിനേഴിന്റെ ഇല്ല, പത്തിന്റേം ഏഴിന്റേം ഇതാ"

കയറ്റം കയറി വന്ന വണ്ടിയുടെ റേഡിയേറ്റര്‍ തുറന്നപോലെ, ആശാന്‍.ര

ണ്ട്‌ ദിവസം അവധിയെടുക്കേണ്ടിവന്നു സത്യന്‌, ആശാന്റെ തിരുമുഖത്ത്‌ നിന്നുതിര്‍ന്ന തെറി പാര്‍ട്ടുകളുടെ ക്ഷീണമൊന്ന് മാറിക്കിട്ടാന്‍.

നെഞ്ചത്ത്‌ അല്ലെങ്കില്‍ പുറത്ത്‌, സത്യന്‍ ക്ഷീണമൊക്കെ മാറി വീണ്ടും ഹാജര്‍. രഘുവിനെ പരിസരത്തെങ്ങും കാണാനില്ല, പരുങ്ങി പരുങ്ങി ആശാന്റെ അരികില്‍ ചെന്നു.

"നീ ആ കടയില്‍ ചെന്ന് ആറ്‌മിച്ചര്‍ വാങ്ങിക്കൊണ്ട്‌ വന്നേ" അമ്മാവന്റെ മധ്യസ്ഥശ്രമം ഏറ്റു, ആശാന്‍ വളരെ സൌമ്യന്‍, "രഘുവിനോട്‌ പറഞ്ഞാ മതി."

സത്യന്‍ ശുഷ്കാന്തനായി, "ഒരു പണി രഘു എനിക്കിട്ട്‌ തന്നതാ, ഇനി അത്‌ വേണ്ട" അവന്‍ മനസ്സിലോര്‍ത്തു. സ്പെയര്‍ പാര്‍ട്‌ കടയില്‍ നില്ക്കുന്ന രഘുവിന്റെ കണ്ണില്‍ പെടാതെ നാരായണേട്ടന്റെ കടയില്‍ നിന്ന് സാധനം വാങ്ങി ശരവേഗത്തില്‍ ആശാന്റെ അടുത്തെത്തി.

"ആശാനെ, നാല്‌ മിച്ചറേ ഉള്ളൂ, രണ്ട്‌ കൊള്ളി വറുത്തതും വാങ്ങി, നല്ല എരിവുള്ളത്‌..."

ആശാന്‍....റേഡിയേറ്റര്‍....ഹെന്റമ്മോ!
ഇത്തവണ ശരിക്കും ഹാന്‍ഡ്സ്‌ ഓണ്‍ ആയിരുന്നു, എക്സ്‌പീരിയന്‍സ്‌...

ശനിയാഴ്‌ച, ജനുവരി 07, 2006

കൂട്ടുകഥ - 1

'ചെന്തൊണ്ടിപ്പഴങ്ങള്‍'

"ഈ ചെന്തൊണ്ടിപ്പഴങ്ങള്‍ക്കെന്ത്‌ ഭംഗിയാ! എനിക്കസൂയ തോന്നുന്നു" അവള്‍ അവന്റെ ചുണ്ടുകളില്‍ നോക്കി പറഞ്ഞു.

അന്നവര്‍ ഒന്‍പതാം ക്ലാസില്‍.
ഇന്ന് ക്ലാസേറെ ഉയര്‍ന്നു.
അവന്‍ എംബീബീയെസ്‌ മൂന്നാം വര്‍ഷം.

അവള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ്‌ അവന്‍ ഓടിയെത്തി. നാളേറെയായി തമ്മില്‍ കണ്ടിട്ട്‌. കണ്ടാല്‍ തിരിച്ചറിയുമോ!

"മുഖത്തിന്‌ യാതൊരു കുഴപ്പവുമില്ല, ശരീരത്തില്‍ 90% പൊള്ളലേറ്റിട്ടുണ്ട്‌," ഐസീയൂവിലെ ഡ്യൂട്ടീ നഴ്സ്‌.

വാഴയിലയില്‍ കിടത്തിയിരിക്കുന്ന അവളെ കണ്ട്‌ അവന്‍ വിതുമ്പി, "നീ എന്തിനിത്‌ ചെയ്തു? നിനക്ക്‌ ഞാനൊരു ജീവിതം തരുമായിരുന്നില്ലേ!"

അവന്റെ ചുണ്ടുകളിലേക്ക്‌ നോക്കി അവള്‍ പറഞ്ഞു, "നീ സിഗരറ്റ്‌ വലിക്കാറുണ്ടല്ലേ? എനിക്ക്‌ വിഷമം തോന്നുന്നു..."

വ്യാഴാഴ്‌ച, ജനുവരി 05, 2006

എന്റെ മുറി ദേ കണ്ടൊ

അടുക്കും ചിട്ടയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ ഒരുക്കമല്ല!
(മൈ ചട്ടി ഓഫ്‌ ചിട്ടയ്ക്കൊരു പിന്മൊഴി)











ആ വെള്ള ബെനിയന്റെ അടിയില്‍ എന്താണെന്ന് ചോദിക്കല്ലേ...

വക്കാരീ, പുറകില്‍ ചാരിവച്ചിരിക്കുന്നത്‌ വാക്വം ക്ലീനറാ. വേണേല്‍ എടുത്തോ, അതവിടിരിപ്പ്‌ തൊടങ്ങീട്ട്‌ കാലം കുറച്ചായി.

'മുട്ട വെച്ച ദിവസം'

ഒരു ന്യൂ ഇയര്‍ തലേന്ന്.

"സെബോ......"

അമ്മിണിയുടെ നീട്ടിയുള്ള വിളി കേട്ടാണ്‌ സെബാസ്റ്റ്യന്‍ അന്നും ഉണര്‍ന്നത്‌. സമയമായി, വേഗം പല്ലുതേപ്പും ചായകുടീം കഴിഞ്ഞ്‌ അവളേം കുഞ്ഞിനേം കൊണ്ട്‌ പുറപ്പെട്ടില്ലെങ്കില്‍ അമ്മയുടെ വായിലിരിക്കുന്നത്‌ മുഴുവന്‍ കേള്‍ക്കേണ്ടിവരും.

ഒന്നോര്‍ത്താല്‍ സെബൊ ഭാഗ്യവാനാ. പാലു മുഴുവന്‍ ആളുകള്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ട്‌ പോകുന്നത്‌ കാരണം സൊസൈറ്റിയില്‍ പോകാന്‍ വെളുപ്പിന്‌ എഴുന്നേല്ക്കണ്ട.

"നീ ഇവളേം കൊണ്ട്‌ ഇവിടെ നിക്കാ?" തെക്കേലെ ബെന്നി, "പള്ളീല്‍ക്കി വാടാ, 'പഴേ മന്‍ഷ്യനെ' ഇണ്ടാക്കി കഴിഞ്ഞിട്ടില്ല്യ."

"എന്തിനണ്ട ഇണ്ടാക്കണെ? നിന്റെളേപ്പന്‍ റപ്പമാപ്ലേനെ കോലുമ്മെ കെട്ടി കത്തിച്ചാപ്പോരെ!"

ബെന്നിക്കിഷ്ടായി, "അമ്മിണീ, സുഖല്ലേ നിനക്ക്‌?" അമ്മിണിയുടെ ചന്തിക്കിട്ടൊരു പെട.

"പ്പ്‌ഹ വൃത്തികെട്ടവനെ", അമ്മിണി പിന്‍കാലുകൊണ്ടൊരു ചവിട്ടും വാലുകൊണ്ടൊരു തൊഴിയും.

തൈത്തെങ്ങുകളുടേയും വാഴകളുടേയും റെയ്ഞ്ചില്‍ നിന്ന് സെയ്ഫായി അമ്മിണിയേയും ക്ടാവിനേയും കെട്ടി, ബെന്നിയുടെ സൈക്കിളില്‍ അറ്റാച്ച്‌മെന്റായി സെബോ നേരെ പള്ളിയിലേക്ക്‌.

"എല്ലാക്കൊല്ലോം ഇതന്യല്ലെടാ, ഈ കരിക്കലോം വൈക്കോലും കീറിയ പാന്റും ഷര്‍ട്ടും. ഈ പ്രാവശ്യെങ്കിലും ഒരു വെറൈറ്റി വേണ്ടേ"

"വേണം, പ്ലാന്‍ ചെയ്ത്‌ നീ തന്നെ അങ്ങട്‌ ഇണ്ടാക്ക്‌" ബെന്നി റെയ്സായി.

"നീ ചൂടാവല്ലെ"

"കഴിഞ്ഞ കൊല്ലോം നീ പ്ലാനൊക്കെ പറഞ്ഞു. ഇണ്ടാക്കാന്‍ നേരത്ത്‌ പശൂനെ കെട്ടാന്‍ പോയി"

"ഇപ്രാവശ്യം ഒരു സിംപിള്‍ സിമ്പോളിക്‌ പ്ലാന്‍" സെബൊ കൈപ്പത്തികള്‍ നിവര്‍ത്തി തള്ളവിരല്‍ വിടര്‍ത്തി ചേര്‍ത്ത്‌ വച്ച്‌ സംവിധായകനായി. "പഴയ വര്‍ഷത്തെ പ്രതിനിധീകരിച്ച്‌ കോലത്തില്‍ നമ്മളൊരു കലണ്ടര്‍ തൂക്കുന്നു. 'കലണ്ടര്‍ മനോരമ തന്നെ'."

"ഉഗ്രന്‍, എന്നാ നീ ഈ സൈക്കിളും കൊണ്ട്‌ വേഗം കലണ്ടറെടുത്ത്‌ വാ" ബെന്നി ഇറങ്ങി നടന്നു.

അമ്മയുടെ കണ്ണില്‍ പെടാതെ സെബൊ വീട്ടില്‍ കയറി. 'മനോരമ' കലണ്ടറെടുത്ത്‌ തല്‍സ്ഥാനത്ത്‌, പള്ളിയിലേക്ക്‌ ക്രിസ്മസ്‌ കേക്ക്‌ വാങ്ങിയപ്പോള്‍ കോമ്പ്ലിമെന്റായി കിട്ടിയ 'സുപ്രീം ബേക്കറിയുടെ' കലണ്ടര്‍ തൂക്കി, അമ്മയ്ക്കൊരു സര്‍പ്രൈസായിക്കോട്ടെ.

പഴയ മനുഷ്യക്കോലത്തിന്റെ പണി ഏതാണ്ട്‌ പൂര്‍ത്തിയായി. പടക്കവും തല പൊട്ടിത്തെറിക്കാനുള്ള ഗുണ്ടും രാത്രിയിലേ ഇന്‍സ്റ്റാള്‍ ചെയ്യൂ. അല്ലെങ്കില്‍ പൊട്ടിന്റെ ഗുമ്മ് കുറയും. കലണ്ടര്‍ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പ്ലാനും കലണ്ടറും സെബൊ ഹാന്‍ഡോവര്‍ ചെയ്തു.

മാത്തനാണത്‌ കണ്ടത്‌, കലണ്ടര്‍ താളിലെ തീയതിക്കടിയില്‍ നീല മഷികൊണ്ടെഴുതി വച്ചിരിക്കുന്നു 'മുട്ട വെച്ച ദിവസം'. "ഡാ സെബോ, നിന്റെ അമ്മ കലണ്ടറിലാണോടാ മൊട്ടയിടണത്‌?"

'യൂത്ത'ന്മാര്‍* ആര്‍ത്തു ചിരിച്ചു. മാത്തന്‍ താരമായി.

"ആ മൊട്ട വിരിഞ്ഞ ചാത്തന്യാ നിന്റെ അപ്പന്‍ ലേലം വിളിച്ചോണ്ട്‌ പോയിട്ട്‌ ഇതു വരെ കാശ്‌ കൊടുത്തില്ലാന്ന് കഴിഞ്ഞാഴ്ച പള്ളീല്‌ വിളിച്ച്‌ പറഞ്ഞത്‌"

യൂത്തന്മാര്‍ ആര്‍ത്താര്‍ത്തു ചിരിച്ചു, മാത്തന്‍ ചാരമായി.

പാതിരാക്കുര്‍ബാന അടിപൊളിയായി കഴിഞ്ഞു. ശേഷം പഴയ മനുഷ്യനെ കത്തിക്കല്‍. കാറ്റില്‍ പറന്നുയരുന്ന കലണ്ടര്‍ താളുകള്‍ കത്തിയമരുന്നത്‌ വിന്‍സെന്റേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട്‌ വന്ന 'കാംകോഡറില്‍' ഷൂട്ടുന്നത്‌ കണ്ടപ്പോള്‍ സെബോന്റെ ഉള്ളം നിറഞ്ഞു. 'യൂത്തി'കളുടെ ഇടയിലേക്ക്‌ ബെന്നിയെ വിട്ട്‌ രഹസ്യമായി പറയിപ്പിച്ചു, "കലണ്ടര്‍ ഐഡിയ അവന്റ്യാ, സെബോന്റെ!" സെബൊ താരമായി!

അയലോക്കത്തെ സുറിയാനി പള്ളിയില്‍ ആഘോഷം കഴിയാന്‍ അല്‍പം വൈകും. യൂത്തന്മാര്‍ അങ്ങോട്ട്‌ വച്ച്‌ പിടിച്ചു. ഒഷീനയും ക്രിസ്റ്റീനയുമൊക്കെ ആ പള്ളിയിലാണ്‌. അവളുമാരെ കാണാതെ, വിഷ്‌ ചെയ്യാതെ എന്ത്‌ ഹാപ്പി ന്യൂ ഇയര്‍

ആഘോഷങ്ങളൊക്കെ കഴിഞ്ഞ്‌ വെളുപ്പിന്‌ വന്ന് കിടന്നതേയുള്ളു. അമ്മയുടെ വിളി കേട്ട്‌ സെബൊ ഞെട്ടിയുണര്‍ന്നു.

"ഇവിടെ കെടന്നീര്‌ന്ന കലണ്ടറെവ്‌ടെടാ?"

ഉറക്കച്ചടവെങ്കിലും, സെബൊ സംവിധായകന്റെ റോളെടുത്ത്‌ കൈപ്പത്തികള്‍ക്കിടയിലൂടെ അമ്മയുടെ മുഖത്തേക്ക്‌ 'സൂം ഇന്‍' ചെയ്തു, "പഴയതെല്ലാം കത്തിച്ചാമ്പലായമ്മേ, പുതുയുഗം പിറന്നതറിഞ്ഞില്ലേ?"

"കഴിഞ്ഞ മാസത്തെ പാലിന്റെ കണക്ക്‌ നീ ഇണ്ടാക്കി തന്നില്ലെങ്കി, നിന്നെ ഞാന്‍ കത്തിക്കും"

"എന്റെ സെബോാാാാാ................" തൊഴുത്തില്‍ നിന്ന് അമ്മിണി നീട്ടി വിളിക്കുന്നു.

****

*യൂത്തന്മാര്‍/യൂത്തികള്‍: പള്ളിയിലെ യൂത്ത്‌ മൂവ്‌മന്റ്‌ (CYM, KCYM, Jesus Youth, CLC etc. etc.) അംഗങ്ങള്‍

ഞായറാഴ്‌ച, ജനുവരി 01, 2006

പുതുവത്സരാശംസകള്‍

ഇത്‌, പോയ വര്‍ഷം സ്വാര്‍ത്ഥന്‌ തന്ന സുഹൃത്തുക്കളില്‍ ഒരുവന്‍...

ഇവനേപ്പോലെ,
പുതുവര്‍ഷത്തിന്റെ വളവിലും തിരിവിലും,
പ്രിയരേ നമുക്കും പ്രതീക്ഷയോടെ മുന്നേറാം...

ശനിയാഴ്‌ച, ഡിസംബർ 24, 2005

ക്രിസ്തുമസ്‌ വിചാരം

സ്വാര്‍ത്ഥന്‍ ക്രിസ്ത്യാനിയാണ്‌,
മാമോദീസാ മുങ്ങിയവന്‍,
പ്രസിദ്ധനായ പുണ്യാളന്റെ പേരുള്ളവന്‍.

ക്രിസ്തുമസ്‌ എന്നാല്‍ ക്രിസ്തു ഹൃദയത്തില്‍ പിറന്നതിന്റെ ആഘോഷം.
എന്റെ ഉള്ളില്‍ ക്രിസ്തു പിറക്കാന്‍ എന്ത്‌ യോഗ്യതയാണ്‌ എനിക്കുള്ളത്‌.
*നീരസപൂരമെന്‍ ഹൃദയത്തില്‍ പിറന്നാല്‍ വീണ്ടും രക്തം വിയര്‍ത്തേക്കാം...

ഓര്‍മ്മയില്‍ ഘോരപാപങ്ങളുടെ വേലിയേറ്റം,
തവണകളായി മാപ്പിരന്നിട്ടും മനസ്സിലെ ദൌര്‍ബല്യം തുടികൊട്ടുന്നു.
ഐഹിക ചിന്തകള്‍ നിറയുമ്പോള്‍ അനുതാപക്കണ്ണീരിനെവിടെ സ്ഥാനം...

എന്നാലും ഇന്ന് ക്രിസ്തുമസ്‌ രാവല്ലേ, പള്ളിയില്‍ പോകണം,
ഷേണായി മാമന്റെ വാക്കുകളില്‍, ലോട്ടറിക്കാരേപ്പോലെ പാട്ടും പ്രാര്‍ത്ഥനയും ഇടവിട്ടുള്ള കുര്‍ബാന 'കാണണം'.
വരിയായ്‌ ചെന്ന് 'അപ്പം തിന്നണം', കാരണം,

ഞാന്‍ ക്രിസ്ത്യാനിയല്ലേ...
മാമോദീസാ മുങ്ങിയവന്‍...
പുണ്യാളന്റെ പേരുള്ളവന്‍...

"യേശുവേ, മനുഷ്യമനസ്സ്‌ നീ അറിയുന്നല്ലോ..."

ഏവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍

*സ്നേഹദീപം ആല്‍ബത്തിലെ 'യോഗ്യതയില്ലെനിക്ക്‌...' എന്ന ഗാനത്തില്‍ നിന്ന്

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

വേണമെങ്കില്‍ പുട്ട്‌ ഖത്തറിലും...

കൊറെ ദീസായി ബൂലോഗത്തെ പഹയര്‌ പുട്ടും പുട്ടടീം കാട്ടി കൊതിപ്പിക്ക്ന്ന്. ഇന്ന് വെള്ളിയായ്ച്ച. പതിവൊക്കെ തെറ്റിച്ച്‌ വെള്‌പ്പിന്‌ എണീറ്റ്‌. പുട്ട്‌ണ്ടാക്കീട്ടന്നെ ബാക്കി കാര്യം...

കലേഷ്‌ ദാങ്ക്സ്‌, റെസിപ്പിക്ക്‌.

ബുധനാഴ്‌ച, ഡിസംബർ 14, 2005

മാനുഷരെല്ലാരും ഒന്നുപോലെ!

മൂന്നാം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌(ദോഹ 2005) കൊടിയിറങ്ങി. സ്വാര്‍ത്ഥനും ഗെയിംസിന്റെ ഭാഗമായിരുന്നു. വിദേശികളായ ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു എനിക്ക്‌. ജോലി ശരിക്കും 'എന്‍ജോയ്‌' ചെയ്ത്‌ ഇപ്പോള്‍ നടുനിവര്‍ത്തുമ്പോള്‍ മനസില്‍ തെളിയുന്നു "ഭാഷയും ദേശവും ഏതായാലും മാനുഷരെല്ലാരും ഒന്നുപോലെ!"

ആദ്യം എത്തിയത്‌ കൊറിയാക്കാര്‍, കൂടെ പരിഭാഷകയും. സംഗതി ഏറെക്കുറെ ലളിതമായിരുന്നു. ഞങ്ങള്‍ ഇംഗ്ലീഷില്‍ മൊഴിയും, പരിഭാഷക അത്‌ മാറ്റി മൊഴിയും, കൊറിയക്കാര്‍ തലയാട്ടും, കാര്യങ്ങള്‍ ക്ലീന്‍. ബ്രിട്ടീഷുകാരി സാറയ്ക്ക്‌ തോന്നി ഇത്‌ എളുപ്പമുള്ള പണിയാണല്ലോ എന്ന്. അവള്‍ എന്നോട്‌ പറഞ്ഞു, "I'll handle this". എന്നെ ബ്രേക്‍ഫാസ്റ്റ്‌ സെക്ഷനിലേക്ക്‌ വിട്ടു.

'ഫുഡ്ഡടി' നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട കൊംപറ്റീഷന്‍ ഇവന്റ്‌ ആയത്‌ കാരണം എനിക്ക്‌ സന്തോഷായി. ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്ത്‌ അഭിപ്രായം പറയണമെന്ന് കേറ്ററിംഗ്‌കാര്‍. കാലത്തേ വെറുംവയറ്റില്‍ ഫുഡ്‌ ടെയ്സ്റ്റ്‌ ചെയ്യുന്നതെങ്ങനെ? ഞാന്‍ ഫുള്‍ ടാങ്ക്‌ അങ്ങടാ വീശി. രണ്ടാമത്തെ ഏമ്പക്കവും വിട്ട്‌ അവശനായി എഴുന്നേല്ക്കുമ്പോള്‍ സാറ മുന്‍പില്‍. ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റിനേക്കുറിച്ച്‌ അഭിപ്രായം അറിയണം. ഇതെന്ത്‌ ഫൈവ്‌ സ്റ്റാര്‍ ബ്രേക്‍ഫാസ്റ്റ്‌? കുട്ടിയേടത്തി പറഞ്ഞ പോലെ "ചപ്പും ചവറും തള്ളിക്കയറ്റിയ ഒണക്കറൊട്ടി...", മുഴുമിക്കുന്നതിനു മുന്‍പേ മൂന്നാമത്തെ ഏമ്പക്കം. ഞാന്‍ സാറയോട്‌ തുറന്നു പറഞ്ഞു, എനിക്ക്‌ ഈ വക കഴിച്ചൊന്നും പരിചയമില്ല, പിന്നെ ഞാനെങ്ങിനെ അഭിപ്രായം പറയാന്‍!

"Then what you eat in India?"

"mmm....Rice & Curry" (പുട്ടും കടലയുമാണ്‌ ഉദ്ദേശിച്ചത്‌)

"You Indian's eat Curry at all times" (കൂടെ, ആക്കിയ ഒരു ചിരിയും)

രണ്ടാം ദിവസമാണ്‌ ചൈനക്കാര്‍ എത്തിയത്‌. കാര്യങ്ങള്‍ വളരെയേറെ എളുപ്പമായിരുന്നു. ഞാന്‍ വരുമ്പോള്‍ സാറ ചൈനക്കാരെ നോക്കി ചിരിക്കുന്നു, ചൈനക്കാര്‍ തിരിച്ച്‌, സാറ വിണ്ടും, ചൈനക്കാര്‍ വീണ്ടും...അവരുടെ പരിഭാഷകയുടെ ഫ്ലൈറ്റ്‌ വൈകി! ലോകത്ത്‌ ചൈനീസ്‌ അല്ലാതെ മറ്റൊരു ഭാഷയും ഇല്ലെന്ന് പാവം സാറയ്ക്കറിയില്ലല്ലോ! തുടര്‍ന്ന് എന്റെ ഊഴം. A for Accreditation, B for Breakfast...ചൈനക്കാരെ ഞാന്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി. ഫുഡ്ഡിന്റെ കാര്യം മനസ്സിലാക്കാന്‍ ഭാഷ മനുഷ്യനൊരു പ്രശ്നമല്ല. ജാക്കി ചാന്റെ മുഖഭാവങ്ങള്‍ കടമെടുത്ത്‌ അവരുമായി 'വര്‍ത്തമാനം' പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ ബ്രേക്‍ഫാസ്റ്റ്‌ റൂമിലെത്തി.

"Sir, we've included Rice and Curry in the menu, as per the request"

സാറ എന്നെ തറപ്പിച്ച്‌ നോക്കി, ഞാന്‍ ആ നോട്ടം കേറ്ററിംഗ്‌കാരന്‌ പാസ്‌ ചെയ്തു. ഇന്നലെ കൊറിയക്കാര്‍ റിക്വസ്റ്റ്‌ ചെയ്തുവത്രെ ബ്രേക്‍ഫാസ്റ്റിന്‌ ചോറും പയറുകറിയും വേണമെന്ന്! സാറയുടെ മുഖത്തു നോക്കി ഞാന്‍ കൊടുത്തു, ആക്കിയ ഒരു ചിരി.

ഫുഡ്ഡടി കഴിഞ്ഞിറങ്ങിയപ്പോള്‍ ദേണ്ടെടാ സ്വിമ്മിംഗ്‌ പൂളിനരികില്‍ കുന്തുകാലിലിരുന്ന് ബീഡി വലിക്കുന്നു കൊറിയക്കാര്‍, നമ്മുടെ നാട്ടില്‍ കലുങ്കിന്മേല്‍ ഇരിക്കുന്ന അതേ സ്റ്റൈലില്‍! തൊട്ടപ്പുറത്ത്‌ ഒരു യൂറോപ്യന്‍, വിശാലന്റെ യോഹന്നാന്‍ ചേട്ടനെപ്പോലെ ദേഹത്ത്‌ എന്തൊക്കെയോ തേച്ച്‌ പിടിപ്പിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കുന്നു.

നാലു കൂട്ടരെ ഇംഗ്ലീഷുകാരായുള്ളൂ; ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, സൌത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍. ബാക്കിയുള്ളവര്‍ മറ്റ്‌ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. സാറയുടെ 'നേറ്റിവ്‌ ഇംഗ്ലിഷ്‌' അവിടെ ഏശുന്നില്ല, നമ്മള്‍ പുലിയായി. നാലാം ക്ലാസു വരെ പടിച്ച 'വിദ്യാവര്‍ധിനി' ഇംഗ്ലീഷ്‌ മീഡിയം ഉസ്കൂളിലെ ടീച്ചര്‍മാരെ ധ്യാനിച്ച്‌ ഞാന്‍ തകര്‍ത്തു.

പത്തുപന്ത്രണ്ട്‌ ദിവസം കടന്നു പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവരിലൊരു സായിപ്പിനൊരാഗ്രഹം, ഞങ്ങള്‍ക്ക്‌ ഡിന്നര്‍ തരണം. സാറയാണ്‌ വെന്യൂ തെരഞ്ഞെടുത്തത്‌. വേണ്ട്രീ വേണ്ട്രീ ഫൈവ്‌ സ്റ്റാറിലൊന്നും പോണ്ട്രീ എന്ന് ഞാന്‍ ആവുന്നത്‌ പറഞ്ഞു നോക്കി. ഡോണ്ട്‌ വറി, ചോറും കറിയും തീര്‍ച്ചയായും വാങ്ങിത്തരാം(വല്ലവന്റേം കാശല്ലേ) എന്ന് അവളുടെ ഉറപ്പ്‌, ഒപ്പം ആക്കിയ ആ ചിരിയും.

ഡിന്നര്‍ കുശാലായിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഡിന്നറായാലും ഉണ്ട്‌ കഴിഞ്ഞ്‌ കയ്യ്‌ കഴുകാതെയിരുന്നാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ചീത്ത പറഞ്ഞാലോ? കയ്യ്‌ കഴുകിയുണക്കി വരുമ്പോള്‍ ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.

"കിര്‍ര്‍ര്‍............."

ബില്ലിലൂടെ കണ്ണോടിക്കുന്ന മുഖത്തു നോക്കി ആക്കിയ ചിരി ചിരിക്കാന്‍ എനിക്കായില്ല. മനുഷ്യരെല്ലാം ഒരുപോലെയല്ലേ, മാസവരുമാനത്തിനടുത്ത തുക ബില്ലായി കിട്ടിയാല്‍ നമ്മുടെ മാത്രമല്ല, സായിപ്പിന്റെയും കളസം കീറും!

തിങ്കളാഴ്‌ച, ഡിസംബർ 05, 2005

'എന്റെ പ്രിയപ്പെട്ട ശബ്നം'

(ഒരു കണ്ണുപൊട്ടന്റെ സ്വപ്നം)

ശബ്നം, അവള്‍ വന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരുപാട്‌ നാളായി അവളെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌. വന്നുവെന്നറിഞ്ഞപ്പോള്‍ ഇരിപ്പുറയ്ക്കാതായി.

"രാത്രിയാണ്‌, പുറത്തിറങ്ങേണ്ട."

എനിക്ക്‌ ചിരി വന്നു. അന്ധന്‌ രാത്രിയും പകലും തമ്മില്‍ എന്താണ്‌ വ്യത്യാസം എന്ന് ഇനിയും എത്ര തവണ ഞാന്‍ അവരോട്‌ ചോദിക്കും?

എന്നെ കണ്ടതും ഓടിവന്ന് അവള്‍ കെട്ടിപ്പുണര്‍ന്നു. ഞാനാകെ കോരിത്തരിച്ചുപോയി, ഒപ്പം അങ്കലാപ്പും. ആകാംഷയോടെ പുറത്തിറങ്ങിയപ്പോള്‍, മുണ്ട്‌ മാത്രമേ ഉടുത്തിട്ടുള്ളൂ എന്നുപോലും ഓര്‍ത്തില്ല. അറബിനാടാണ്‌, ആരെങ്കിലും കണ്ടാല്‍...അടുത്ത 'വില്ല'യില്‍ ഉള്ളവര്‍ പോലീസിനെയെങ്ങാനും അറിയിച്ചാല്‍...സ്ഥലകാലബോധം വന്നയുടന്‍ മുറിയില്‍ തിരിച്ചു കയറി കുപ്പായം എടുത്തിട്ടു.

ആറു മാസമെങ്കിലുമായിക്കാണും ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ട്‌. തീര്‍ത്തും ദുഷ്കരമായിരുന്നു വിരഹം.

കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ സമയത്താണ്‌ ഞാന്‍ ശബ്നത്തെ പരിചയപ്പെടുന്നത്‌: എന്നെ ഉദ്യാനത്തിലിരുത്തി അവര്‍ ഷോപ്പിംഗിനു പോയി. ഉദ്യാനത്തില്‍ ഒരുപാട്‌ പൂക്കളുണ്ടത്രേ! പല പല നിറങ്ങളില്‍! നുണയന്മാര്‍, ഈ കണ്ണുപൊട്ടനെ കൂടെ കൊണ്ട്‌ നടക്കുന്നതില്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. പൂക്കളുണ്ടെങ്കില്‍ അവയുടെ സുഗന്ധം എവിടെ? വിഷാദിച്ചിരിക്കുമ്പോഴാണ്‌ അവള്‍ വന്ന് എന്റെ കരം ഗ്രഹിച്ചത്‌. പൂക്കളേക്കാള്‍ നനുത്തതായിരുന്നു അവളുടെ സ്പര്‍ശനം.

ടിഷ്യൂ കള്‍ച്ചര്‍ ചെടികളില്‍ വിരിയുന്ന ആ പൂക്കള്‍ക്ക്‌ മണമുണ്ടാകാറില്ലെന്ന് അവര്‍ പറഞ്ഞറിഞ്ഞെങ്കിലും വൈകുന്നേരങ്ങളില്‍ ഞാനാ ഉദ്യാനത്തില്‍ പോകും, ശബ്നവും ഞാനും ഒരുപാട്‌ സമയം ഒന്നിച്ചിരിക്കും.

കടുത്ത പനിയും ജലദോഷവും മാറി ആശുപത്രിയില്‍ നിന്ന് പോന്ന ശേഷം ഉദ്യാനത്തില്‍ പോകുന്നതിന്‌ അവര്‍ വിലക്കേര്‍പ്പെടുത്തി.

ശബ്നത്തെക്കുറിച്ച്‌ വിചിത്രങ്ങളായ കഥകള്‍ അവര്‍ വിളംബും. വലിയ വണ്ടികള്‍ വഴിയോരത്ത്‌ നിറുത്തിയിട്ട്‌ അവള്‍ പോകുന്നത്‌ വരെ ഡ്രൈവര്‍മാര്‍ അവളുടെ വായില്‍ നോക്കിയിരിക്കുമത്രേ! ഒരിക്കല്‍ അവളെ ഗൌനിക്കാതെ കടന്ന് പോയതിന്‌ അവരിലൊരാളെ പോലീസ്‌ പിടിച്ച്‌ 500 റിയാല്‍ പിഴയിട്ടു പോലും! ചെറിയ വണ്ടിക്കാര്‍ അവളുടെ സൌന്ദര്യത്തില്‍ അന്ധരായി വലിയ വണ്ടികളുടെ അടിയില്‍ ചെന്നിടിച്ച്‌ സമാധിയാവുന്നതാണത്രേ കാരണം!

ഇത്തരം കഥകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുത്തില്ല. അത്രമേല്‍ ഞാനും ശബ്നവും അടുത്തിരുന്നു. രഹസ്യമായി ഞങ്ങള്‍ പലപ്പോഴും സന്ധിച്ചു. പിരിയാന്‍ നേരം എന്റെ ചുണ്ട്‌ വിണ്ട്‌ കീറുവോളം ചുംബനങ്ങളാല്‍ അവളെന്നെ പൊതിഞ്ഞു.

വീണ്ടുമിതാ അവള്‍ വന്നിരിക്കുന്നു. ഞാനെന്റെ അധരങ്ങളില്‍ വിരലോടിച്ചു, "മുറിപ്പെടാന്‍ തയ്യാറായിക്കോളൂ..."

"എന്താ മഞ്ഞത്ത്‌ നില്ക്കുന്നേ?"

അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഞാനൊന്ന് ഞെട്ടി.

"മഞ്ഞോ? എവിടെ മഞ്ഞ്‌?"

മലയാളമേ, നിന്നെയെനിക്ക്‌ ഇഷ്ടമാണെങ്കിലും അവളെ ഞാന്‍ 'മഞ്ഞ്‌ ' എന്ന് വിളിക്കില്ല. അറബിനാട്ടില്‍ അവളെനിക്ക്‌ 'ശബ്നം' ആണ്‌, 'എന്റെ പ്രിയപ്പെട്ട ശബ്നം'.

ശനിയാഴ്‌ച, ഡിസംബർ 03, 2005

അവര്‍ കാണുന്നതെന്തായിരിക്കും?

ഇന്ന് ലോക വികലാംഗ ദിനം.

ടീവിയില്‍ ഗതകാല ഹിറ്റ്‌ 'കാവ്യ മേള' കാണുകയായിരുന്നു സ്വാര്‍ത്ഥന്‍. അന്ധനായ ജയദേവന്‍(പ്രേം നസീര്‍) പാടുന്നു, ശ്രീദേവി(ഷീല) എഴുതിയെടുക്കുന്നു; "സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...". എത്ര ഹൃദ്യമായ ഗാനം.

രണ്ട്‌ വര്‍ഷമായി ജയദേവന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്‌. സ്വപ്നങ്ങളാണ്‌ ജയദേവന്‌ ആകെ കാണുവാന്‍ സാധിക്കുന്നത്‌. ഇപ്പോള്‍ ചികിത്സയിലായതിനാല്‍ താമസിയാതെ കാഴ്ച ലഭിക്കും. അതിനു മുന്‍പ്‌, തനിക്ക്‌ തുണയായിരുന്ന 'സ്വപ്നങ്ങളെ' വാക്കുകളാല്‍ വാഴ്ത്തുകയാണിവിടെ.

ഇന്നലെ സഹവാസി ഒരു കുസൃതി ചോദ്യം ചോദിച്ചു: "കണ്ണുപൊട്ടന്മാര്‍ക്ക്‌ കാണാവുന്നതെന്താണ്‌?" ആലോചിച്ച്‌ തീരും മുന്‍പേ അവന്‍ തന്നെ ഉത്തരവും പറഞ്ഞു: "സ്വപ്നം"

രണ്ട്‌ വര്‍ഷം മുന്‍പ്‌ കണ്ട ഒരുപാട്‌ കാര്യങ്ങളേക്കുറിച്ച്‌ ജയദേവന്‌ സ്വപ്നം കാണാന്‍ സാധിച്ചിട്ടുണ്ടാകും. എന്നാല്‍, ജന്മനാ അന്ധരായ ഒരുപാടുപേര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ, അവര്‍ എന്തായിരിക്കും സ്വപ്നം കാണുന്നത്‌?

കറുത്ത മേഘപടലങ്ങളെ വകഞ്ഞ്‌ മാറ്റി... നനുത്ത ചെറുകാറ്റിനെ തോളിലേറ്റി... അവള്‍ വരുന്നതോ...

ചെമ്പരത്തി, മന്ദാരം, ചേമ്പില, താളിച്ചെടി... ഇവിടെ മാത്രം കിട്ടുന്ന കാഴ്ചയോ...

കയ്യെത്തും ദൂരത്തായി തെങ്ങും പട്ട പഴുത്ത്‌ നില്ക്കുന്നതോ...

ആരും കാണാതെ പമ്മി വന്ന് പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യോ...

ചില്ലുമേലാപ്പില്ലാത്ത, തലയില്‍ കെട്ടില്ലാത്ത, മൂക്കില്‍ പഞ്ഞിയില്ലാത്ത, പൂമാലയില്ലാത്ത, വെള്ളത്തുണി മൂടാത്ത...

ഉയരത്തില്‍ കാറ്റത്ത്‌ തലയാട്ടി രസിക്കുന്ന കവുങ്ങുകള്‍...

ആഴങ്ങളില്‍ പാറക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ബെലൂഗ...

വനത്തിനുള്ളില്‍ ചിലച്ചൊഴുകുന്ന ഒരു ചെറുചാല്‍...

മുരിങ്ങകള്‍ പൂത്ത്‌ നില്ക്കുന്നതോ...

ഇടവഴിയില്‍ ഒരു ഇളം കാറ്റ്‌ വന്ന് വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്ത്‌ പറന്ന് പോയതോ...

ഇന്നു മുഴുവന്‍ ഇതേക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഇനി വയ്യ...
പ്രിയ കൂടപ്പിറപ്പുകളെ, എന്നെയൊന്ന് സഹായിക്കൂ,
അന്ധര്‍ കാണുന്ന സ്വപ്നം എന്തായിരിക്കും എന്നൊന്ന് പറഞ്ഞു തരൂ...പ്ലീസ്‌...

ബുധനാഴ്‌ച, നവംബർ 23, 2005

പരിഭാഷയുടെ 'സോഴ്സ്‌ കോഡ്‌'

'വായനശാലയിലെ' മൊഴിമാറ്റ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ മടിച്ച്‌ നില്ക്കുന്നവര്‍ക്കായി...

മൂല കവിത:
"The music of silence
Entered my heart
And made seven holes
To make it a flute"

'സോഴ്സ്‌ കോഡ്‌':
Music = സംഗീതം, ഗാനം, മധുരധ്വനി
Silence = നിശബ്ദത, മൌനം, മൂകത, അഭാഷണം
Entered = അകത്ത്‌ കടന്നു, പ്രവേശിച്ചു, കടന്ന് ചെന്നു, തുളച്ച്‌ കയറി, ചേക്കേറി
My = എന്റെ, മമ, എന്‍
Made = നിര്‍മ്മിച്ചു, പണിഞ്ഞു, മെനഞ്ഞു, സംഭവിപ്പിച്ചു
Seven = ഏഴ്‌, സപ്തം, സപ്തകം
Hole = പഴുത്‌, തുള, സുഷിരം, ദ്വാരം, രന്ധ്രം(നാസാരന്ധ്രം: മൂക്കിന്റെ ഓട്ട!)
To make = നിര്‍മ്മിക്കാന്‍, ആക്കുവാന്‍, പരിണമിപ്പിക്കാന്‍, ഉണ്ടാക്കുവാന്‍, സൃഷ്ടിക്കുവാന്‍, ഘടിപ്പിക്കുവാന്‍, പണിയുവാന്‍, ചമയ്ക്കുവാന്‍
It = അത്‌, അതിനെ
Flute = ഓടക്കുഴല്‍, പുല്ലാങ്കുഴല്‍, മുരളി, വേണു

നേരേ ചൊവ്വേയുള്ള മൊഴിമാറ്റം:
"നിശബ്ദതയുടെ സംഗീതം
എന്റെ ഹൃദയത്തില്‍ കടന്ന്
ഏഴ്‌ ദ്വാരങ്ങളുണ്ടാക്കി
അതിനെ ഒരു ഓടക്കുഴലാക്കാന്‍"

സ്വാര്‍ത്ഥന്റെ പരിഭാഷ:
"മൌനത്തിന്‍ മധുരധ്വനി
എന്‍ ഹൃദയത്തില്‍ ചേക്കേറി
സപ്തരന്ധ്രം മെനഞ്ഞു
പുല്ലാങ്കുഴലായ്‌ പണിഞ്ഞു"

പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ,
'സോഴ്സ്‌ കോഡില്‍' ഇനിയും ചേരുവകള്‍ ചേര്‍ക്കാമെങ്കില്‍ ചേര്‍ത്ത്‌ എല്ലാം കൂട്ടിക്കുഴച്ച്‌ ഒന്ന് ശ്രമിച്ചു നോക്കൂ. സമ്മാനം നിങ്ങള്‍ക്ക്‌ ലഭിച്ചേക്കാം. ആരും പങ്കെടുക്കാതിരിക്കരുത്‌. 'ഇത്‌ ഏത്‌ പോലീസുകാരനും സാധിക്കും' എന്ന ആത്മവിശ്വാസത്തോടെ തുടങ്ങുക. ആശംസകള്‍!

(വിജയരഹസ്യം(ആരോടും പറയല്ലേ!): മൂല കവിതയിലെ പ്രാസം, silence & holes, heart & flute, ശ്രദ്ധിക്കുക)

ഞായറാഴ്‌ച, നവംബർ 20, 2005

മരുഭൂമിയിലെ മഴക്കാലം

കാറ്റും മഴയും വന്നാലുടന്‍ കറന്റ്‌ പോകും. നാട്ടില്‍ മാത്രമല്ല, ഗള്‍ഫിലും (സ്വാര്‍ത്ഥന്‍ പ്രവാസിയാണ്‌). തുളസിയുടെ 'വൈകുന്നേരത്തെ മഴ'യില്‍ കുതിര്‍ന്നിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌; 'പീരങ്കിപ്പുര കടന്ന് മൂക്കുത്തി കിണറിനരികില്‍' എത്തിയതേ ഉള്ളൂ...

മരുഭൂമിയിലെ മഞ്ഞുകാലത്തിന്റെ ആഗമനം വിളംബരം ചെയ്തെത്തുന്ന വിരുന്നുകാരെ കാണാന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി. വാതില്‍ തുറന്നപ്പോള്‍ സഹവാസി അടുക്കളയിലെ വായ്‌വട്ടമുള്ള പാത്രങ്ങളെല്ലാം കയ്യിലെടുത്ത്‌ വരുന്നു: "ടെറസ്സില്‍ പ്ലാസ്റ്റര്‍ ഇളകിയിട്ടുണ്ട്‌...".

"നല്ല കാര്യം, വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുന്നത്‌ കാണാന്‍ കഴിയില്ലെങ്കിലെന്താ? തുള്ളിക്കൊരുകലം മഴ പുരയ്ക്കകത്ത്‌ കാണാന്‍ കിട്ടുമല്ലോ!" സഹവാസി വാപൊളിച്ച്‌ എന്നെ നോക്കിയില്ല. മഴയ്ക്ക്‌ മുന്‍പേ തന്നെ എന്റെ തലയ്ക്ക്‌ ഓളമുണ്ടെന്ന് അവന്‌ ഉറപ്പാണ്‌. അതുകൊണ്ടാണല്ലോ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയതു മുതല്‍ എന്നേയും പീസിയേയും തനിച്ചാക്കി സഹമുറിയനായിരുന്ന അവന്‍ അപ്പുറത്തെ മുറിയിലേക്ക്‌ ചേക്കേറിയത്‌.

താമസം മാറിയെങ്കിലും ഇപ്പോഴും എന്റെ കാര്യത്തില്‍ ഒരു മലയാളി മറ്റൊരു മലയാളിയോട്‌ കാണിക്കുന്നതില്‍ കവിഞ്ഞ്‌ താല്‍പര്യം അവന്‍ കാണിക്കുന്നുണ്ട്‌. പയ്യന്‍ വളര്‍ന്ന് വരുന്നല്ലേ ഉള്ളൂ, സ്വാര്‍ത്ഥനാവാന്‍ സമയമെടുക്കും. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് കാര്‍പറ്റ്‌ ചുരുട്ടിക്കെട്ടി ചോര്‍ച്ചാ സാദ്ധ്യതയുള്ളിടത്തെല്ലാം പാത്രങ്ങള്‍ നിരത്തി. ഏസി നിലച്ചത്‌ കാരണം ഹൈവേയില്‍ നിലവിളിച്ച്‌ പായുന്ന പൊലീസ്‌ വാഹനങ്ങളുടേയും ആംബുലന്‍സിന്റേയും ശബ്ദം വ്യക്തമായി കേള്‍ക്കാം. ആധുനിക യാത്രാസംവിധാനങ്ങളെല്ലാം തികച്ചും പൗരാണികമായ മഴയുടെ മുന്‍പില്‍ പാളുകയാണ്‌. ആരൊക്കെയോ ജീവിതത്തില്‍ നിന്നു തന്നെ വഴുതിപ്പോകുന്നു!

മഴയുടെ രാഗവിസ്താരത്തില്‍ ലയിച്ച്‌ മയങ്ങാമെന്ന് കരുതിയത്‌ വെറുതെ. അപശ്രുതിയായി തലങ്ങും വിലങ്ങുമുള്ള പാത്രങ്ങളില്‍ 'ബ്ലപ്‌, ബ്ലപ്‌'* ജലതരംഗം.

വെള്ളിയാഴ്ച അലാറത്തിന്‌ അവധിയാണ്‌. എന്നാലും ഉച്ചയൂണിന്‌ അല്‍പം മുന്‍പ്‌ കൃത്യമായി എഴുന്നേറ്റു. മഴ നന്നായി പെയ്തു കാണും, മട്ടന്‍ കറി തുളസിയുടെ പാടത്തെ ക്രിക്കറ്റ്‌ പിച്ച്‌ പോലെയിരിക്കുന്നു!

ആകാശവാണിയിലെ കാലാവസ്ഥാപ്രവചനം ശ്രവിക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട്‌ അലക്കാനും ഉണക്കാനും നിന്നില്ല, കറങ്ങാനിറങ്ങി. ഹൈവേയ്ക്കിരുവശവും 'ലാന്‍ഡ്‌ക്രൂയിസറുകളുടെ'* സംസ്ഥാനസമ്മേളനം. കുടുംബസമേതം 'മഴക്കാലം' ചെലവഴിക്കാന്‍ എത്തിയ അറബി കുടുംബങ്ങള്‍! ഞങ്ങള്‍ 'പിക്‍അപ്‌'* ഒതുക്കിനിറുത്തി 'പിക്‍നിക്‌' േസ്പാട്ടിലേക്കിറങ്ങി. അവിടവിടെയായി തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളം. അതിനുചുറ്റും പരവതാനി വിരിച്ച്‌ കുഞ്ഞുകുട്ടിപരാധീനതകളുമായി പിക്നിക്കുന്നവര്‍!

അല്‍പം അകലെ കുട്ടികളുടെ തിരക്കും ബഹളവും. ഒരു 'റിയാലി'ന്‌* ഒരു കടലാസുതോണി-വില്‍പ്പനക്കാരന്‌ നിന്ന് തിരിയാന്‍ നേരമില്ല. മിടുക്കന്‍, ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിംഗ്‌ തന്ത്രം പഠിച്ചവന്‍? തോണിയെല്ലാം ചൂട്‌ കുബ്ബൂസ്‌* പോലെ (ഗള്‍ഫില്‍ അപ്പമില്ല) വിറ്റുതീര്‍ന്നു.

പോകാനൊരുങ്ങുന്ന അയാളെ സൂക്ഷിച്ച്‌ നോക്കി. അറബിക്കുപ്പായം ധരിച്ച ഒരു 'മിസ്കീന്‍'(ദരിദ്രന്‍). ഒട്ടും സംശയിക്കേണ്ടി വന്നില്ല, ഞാന്‍ ചോദിച്ചു: "മലയാളിയാണല്ലെ...?".

ദൈന്യത നിറഞ്ഞ ആ മുഖത്ത്‌ അന്നത്തെ കുബ്ബൂസിനുള്ള വക ലഭിച്ചതിന്റെ സംതൃപ്തി ഒരു ചെറുപുഞ്ചിരിയായി വിടര്‍ന്നു.

*****

*ബ്ലപ്‌: ഞാന്‍ കേട്ടത്‌ ഇങ്ങനെയാണ്‌
*ലാന്‍ഡ്‌ക്രൂയിസര്‍(ടൊയോട്ട): മരുഭൂമിയിലെ കപ്പല്‍(ഒട്ടകം? അത്‌ പണ്ടായിരുന്നു)
*പിക്‍അപ്‌: ഞങ്ങളുടെ ലാന്‍ഡ്‌ക്രൂയിസര്‍ :)
*റിയാല്‍: ഗള്‍ഫിലെ പണം(കാണാപ്പൊന്നെന്നൊക്കെ പറയുന്ന...)
*കുബ്ബൂസ്‌: ഗള്‍ഫിലെ പ്രവാസി ബാച്ചിലറുടെ ദേശീയ ഭക്ഷണം