ചൊവ്വാഴ്ച, ജൂലൈ 17, 2018

ഡിജിറ്റൽ റേഷൻ

"റേഷൻ കടയിൽ പോയ് വര്വോ?"

പണ്ട് ആജ്ഞയായിരുന്നു; ഇന്ന് അപേക്ഷയാണ്, അമ്മയുടെ.

എന്നത്തേയും പോലെ, അടപ്പുറപ്പില്ലാത്ത കന്നാസും സഞ്ചിയും കവറുകളുമായി അമ്മയെന്നെ യാത്രയാക്കി. വെള്ളക്കാർഡിന് ഇത്രേം സെറ്റപ്പ് വേണോയെന്ന് ശങ്കിച്ച് പുറപ്പെട്ടു.

മണിക്കൂറുകൾ നീളുന്ന ക്യൂവുണ്ടെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി പൗലോസേട്ടൻ ഒറ്റക്കായിരുന്നു. ഒരു വിരൽ, രണ്ടു വിരൽ, മൂന്നു വിരൽ... പച്ച കത്തി!


പണ്ടു പണ്ട്, പത്ത് കിലോ അരിയും 12 ലിറ്റർ മണ്ണെണ്ണയും ഗോതമ്പും പഞ്ചസാരയും സൈക്കിളിൽ കൊണ്ടുവരുന്നതിന്നു ചവിട്ടുകൂലി അടിച്ചുമാറ്റുമായിരുന്നു. വരി നിന്ന് പ്രാന്താകാതിരിക്കാൻ പൗലോസേട്ടന്റെ മൗനാനുവാദത്തോടെ കാർഡ് അട്ടി വച്ച് ഇക്കയുടെ ഹോട്ടലിൽ പൊറോട്ട (സാമ്പാർ ഫ്രീ) തട്ടുന്ന വേളയിൽ Antony Arakathara യുമായി ചർച്ചിച്ചതോർക്കുന്നു: "ഈ ഹോട്ടലിലും ആ റേഷൻകടയിലും കംപ്യൂട്ടർ ബില്ലിംഗ് വരുമോടേ...?"


ഓർമ്മയിലെ "ബുഹുഹുഹാ" അലയൊലികൾ E-Posലെ കിളിമൊഴിയിലലിഞ്ഞു... "മുപ്പത്തി ഒന്ന് രൂപ മുപ്പത് പൈസ!"

അടിവസ്ത്രമിടാതെ 14 ദിനരാത്രങ്ങൾ!

ബാല്യത്തിൽ സിബ്ബിനിടയിൽ പൊത്തമണി കുടുങ്ങിയ ആനന്ദ നിർവൃതിയിൽ തുടങ്ങിയതാണ് അടിവസ്ത്രവുമായുള്ള അഭേദ്യ ബന്ധം.

മുണ്ടുടുത്ത് ഉറങ്ങുമ്പോൾ ഫ്രീ ഷോ നടത്തുന്ന ഷഡിലെസ് ബഗേഴ്സ് ബാച്ചിലർ യുഗത്തിൽ ടങ്കീസ് കുരുക്കിൽ ശുന്നാമണി കുടുങ്ങാതിരിക്കാൻ അടിവസ്ത്രം അനിവാര്യതയായിരുന്നു.

ഷഡിയും കൗപീനവും കടന്ന് കാലം കിളിവാതിൽ ബോക്സറിൽ എത്തി നിൽക്കുകയായിരുന്നു... രണ്ടാഴ്ച മുൻപ്...

അരവയർ മുറിച്ച് വലവിരിച്ച (Hernioplasty) സെയ്ദ് ഡോക്ടർ തുന്നിക്കെട്ടിയത് കൃത്യം ഇലാസ്റ്റിക് വീഴുന്നിടത്തായിരുന്നു. സർജിക്കൽ ഐസിയുവിൽ തണുത്ത് വിറയ്ക്കുമ്പോൾ ആശ്വാസമായി ഇളംചൂട് ജലധാര!
പണി പാളി...

"സിസ്റ്ററേ... തടയാൻ ഒന്നും ഇട്ടിട്ടില്ലാ... എന്തെങ്കിലും ചെയ്യൂ... പ്ലീസ്..."

അരയ്ക്കു താഴെ മരവിപ്പ് മാറിയിട്ടില്ലാത്ത ഞാൻ കിടന്ന കിടപ്പിൽ കുഞ്ഞാവയേപ്പോലെ ചീച്ചി മുള്ളാൻ തുടങ്ങി!
നിസ്സഹായതയുടെ പടുകുഴിയിൽ ആണ്ടുപോയ നിമിഷങ്ങൾ...

"ട്യൂബ് ഇടാം ഡോക്ടറേ"

അപ്പുറവും ഇപ്പുറവും കിടക്കുന്നവർക്ക് ട്യൂബും ബാഗുമുണ്ട്. എനിക്ക് മാത്രം എന്തേ ഇടാഞ്ഞത് എന്ന ശങ്കക്കിടയിൽ എന്നെ മെല്ലെ ഉരുട്ടി ഉരുട്ടി നനഞ്ഞ തുണിയും വസ്ത്രവും അവർ മാറ്റി. അപ്പോഴേക്കും എസി തണുപ്പിനാൽ മൂത്രസഞ്ചി വീണ്ടും നിറഞ്ഞു. മരവിപ്പിനിടയിലും ബ്ലാഡർ തള്ളിച്ചയിൽ കടുത്ത വേദന.

"പെങ്ങളേ... വേഗം..."

ലിംഗാഗ്രത്തിലൂടെ കടത്തിയ ട്യൂബ് സഞ്ചിയിലെത്തിയതും... വിളഞ്ഞ കരിക്ക് ചെത്തിയത് പോലെ മൂത്രം ചീറ്റി.

"സോറി സിസ്റ്ററേ..."

"സോറി പറയേണ്ടത് ഞാനാ ഡോക്ടറേ, ബാഗിൽ യൂറിൻ 800ml ഉണ്ടായിരുന്നു, അതാ ട്യൂബ് മാറ്റിയത്..."

രണ്ടു പ്രാവശ്യം ട്യൂബ് വലിച്ചൂരിയതിനാൽ പച്ച ഈർക്കിൽ പ്രയോഗം നടന്ന ഫീലോടെയാണ് വീട്ടിലെത്തിയത്. യഥാർത്ഥ സർജറി വേദന അതിനാൽ കുറച്ചു ദിവസത്തേക്ക് നിഷ്പ്രഭമായി!

മക്കൾ തന്ന ഷാജി പാപ്പൻ മുണ്ടും കുർത്തയുമായി അടിവസ്ത്രമിടാത്ത ദിനരാത്രങ്ങൾക്ക് സെയ്ദ് ഡോക്ടർ തുന്നിക്കെട്ടഴിച്ചതോടെ പരിസമാപ്തി.

സ്റ്റാർട്ടപ് സംരംഭം തുടങ്ങിയതിനാൽ പരമ ദാരിദ്യം അനുഭവിക്കുന്ന ഈ സമയത്ത് സഹായിച്ചവർക്കും നേരിലും ഫോണിലും അന്വേഷിച്ചവർക്കും അറിഞ്ഞിട്ടും മൈൻഡ് ചെയ്യാതെ (ശല്യപ്പെടുത്താതെ) സഹകരിച്ചവർക്കും നമോവാകം.

ഡോ. Mohamed Sayeed നൽകിയ കരുതലിനും അദ്ദേഹം നേതൃത്വം നൽകുന്ന, കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ മറ്റ് ഡോക്ടർമാരും നഴ്സിംഗ്-അഡ്മിൻ സ്റ്റാഫ് അംഗങ്ങളും നൽകിയ സംരക്ഷണത്തിനും ഹൃദയപൂർവ്വം നന്ദിയർപ്പിക്കുന്നു...

ആയുസ് തേടുന്നവർ

പച്ച മനുഷ്യരെ കീറി മുറിച്ച് സ്ഥിരത കൈവന്നിരിക്കുന്നു ആ മനുഷ്യന്. ദിനേന ആശുപത്രിയിലേക്ക് ഇറങ്ങും മുൻപ് ഉമ്മയെ കാണാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.

പ്രായാധിക്യത്തിലും പ്രാർത്ഥനാ നിരതയായിരുന്നു ഉമ്മ.

ഒരിക്കൽ അദ്ദേഹം ആ പ്രാർത്ഥന ശ്രദ്ധിച്ചു; ഉമ്മ ആയുസ് തേടുകയാണ്!

കൗതുകവും കുസൃതിയും തോന്നി, "വയസ്സായില്ലേ? മക്കളും പേരക്കുട്ടികളും കൊച്ചുമക്കളും ആയില്ലേ? ഇനിയും എന്തിനാണുമ്മാ ആയുസ് തേടുന്നത്?"

വിറയാർന്ന സ്വരത്തിൽ തെളിവാർന്ന, വെളിവാർന്ന മറുപടി, "എല്ലാവർക്കും വേണ്ടി തേടാൻ ഞാൻ മാത്രമല്ലേ ഉള്ളൂ?"

ആ കാൽചുവട്ടിൽ, ആ സ്വർഗ്ഗത്തിൽ, ആ മകൻ തളർന്ന് ഇരുന്നുപോയി.

വ്യാഴാഴ്‌ച, ജനുവരി 07, 2016

ഒമേഗ മുട്ട

സ്വാർത്ഥൻ മുട്ട തീറ്റ കുറച്ചുവോ എന്ന് മുട്ടകച്ചവടക്കാരന് സംശയം. ശരിയാണ്, കുറച്ചു. മുട്ടയിലപ്പിടി കൊളസ്ട്രോൾ അല്ലേ? ഉണ്ണികൾക്ക് ഉണ്ണി കൊടുത്ത് വെള്ള മാത്രം തിന്നാൽ പിന്നെ എന്ത് രസം? അതുകൊണ്ട് മുട്ട തീറ്റ കുറച്ചു.

മീൻ തീറ്റ കുറയ്ക്കുന്ന മട്ട് ഇല്ലല്ലേ? ഇല്ല, മീനിൽ നിറയെ ഒമേഗ 3 ഉണ്ടല്ലോ!

അപ്പോൾ മുട്ടയിൽ അതില്ലേ? എന്ത്? ഒമേഗ 3.

കോഴിക്ക് മീൻ തീറ്റയായി കൊടുത്താൽ മുട്ടയിൽ ഒമേഗ 3 ഉണ്ടാകും.

ഓഹോ! എന്നാലിപ്പം ശര്യാക്കിത്തരാം.

.........

സ്വാർത്ഥാ, ഒമേഗ മുട്ട വന്നൂ ട്ടോ...

ഹൊ! ഇയാളത് സീരിയസായി എടുത്തുവോ? ഇതെങ്ങിനെ ഒപ്പിച്ചു? കോഴിയെ മീൻ തീറ്റിച്ചു അല്ലേ?

അയ്യേ! അങ്ങിനെ ചെയ്താൽ മുട്ടക്ക് മീൻ മണം ഉണ്ടായാലോ എന്ന് കരുതി.

പിന്നെങ്ങിനെ?

കൊച്ചു കള്ളാ, സ്വാർത്ഥാ, റെസിഡെൻസ് അസോസിയേഷനിൽ ക്ലാസെടുക്കാൻ പോയതും ചണപ്പയറിൽ ഒമേഗ 3 ഉണ്ടെന്ന് പറഞ്ഞതും ഞങ്ങളറിഞ്ഞു. ഞങ്ങൾ കോഴിക്ക് ചണപ്പയർ തിന്നാൻ കൊടുത്തു. ചണപ്പയറിൽ ഒമേഗയുണ്ടെങ്കിൽ അത് തിന്നുന്ന കോഴിയിലും ഒമേഗയുണ്ട്. അപ്പോൾ ആ കോഴി ഇടുന്ന മുട്ടയിലും ഒമേഗ ഉണ്ടാകാതെ തരമില്ലല്ലോ! ഇതാ സർട്ടിഫിക്കറ്റ്, ഇതാ ഒമേഗ മുട്ട!

പക്ഷേ.... ചപ്പയറിനേക്കാൾ ബയോ അവെയ്ലബിലിറ്റി കൂടുതൽ മീനിലെ ഒമേഗക്കാണ്.

ങ്ഹാ... മീൻ തീറ്റ നിർത്താൻ ഉദ്ദേശമില്ല അല്ലെ?

അതല്ല ... ആട്ടെ, എനിക്കാവശ്യമുള്ള ഒമേഗ 3 കിട്ടാൻ ഞാൻ ദിവസവും എത്ര മുട്ട തിന്നേണ്ടി വരും?

അത് ..... അത് ....

സർട്ടിഫിക്കറ്റിലെ കണക്ക് പ്രകാരം എട്ടു പത്ത് മുട്ട തിന്നേണ്ടി വരില്ലേ? അപ്പോൾ ഞാൻ കൊളസ്ട്രോൾ മൂത്ത് ചത്തു പോകില്ലേ?

ഹെന്റെ സ്വാർത്ഥാ, അങ്ങിനെ ചത്തു പോകാതിരിക്കാനല്ലേ ഒമേഗ മുട്ട! ഒമേഗയേക്കുറിച്ച് ഒന്നും അറിയില്ലല്ലേ???

ഞായറാഴ്‌ച, ഡിസംബർ 20, 2015

റിമി ടോമിയും കാൻസറും

"ഡാ ഡോക്ടർ മോനേ, അമ്മായിക്ക് റിമി ടോമീടെ ഗാനമേള കാണണംന്ന്".

വല്യമ്മായിക്ക് കാൻസർ ആയിരുന്നു, വൻ കുടലിൽ. സർജറിയും അത്യാവശ്യം വേണ്ട കീമോ-റേഡിയേഷനുകളും കഴിഞ്ഞിരിക്കുമ്പോൾ അപ്പൻ തീരുമാനിച്ചു, പെങ്ങളെ കുറച്ചു നാൾ വീട്ടിൽ കൊണ്ടുവന്ന് നിർത്തണം. നാത്തൂന് വാരിക്കോരി സ്നേഹം വിളമ്പാൻ അങ്ങനെ അമ്മയ്ക്ക് അവസരം കിട്ടി.

ഒമ്പത് മക്കളും അത്ര തന്നെ മരുമക്കളും ഇരട്ടിയിലധികം പേരക്കുട്ടികളും ഉള്ള വല്യമ്മായി നാത്തൂന്റെ സ്നേഹം ആവോളം നുകരുന്നതിനിടയിൽ ആ അഭിലാഷം പങ്കുവച്ചു, "അവളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല".

" ഇനിയൊരു ബലിയർപ്പിക്കാൻ " അമ്മായി വരുമോ ഇല്ലയോ എന്ന ആശങ്കയിൽ ആണ് അമ്മ സ്വാർത്ഥനെ സമീപിച്ചത്.

" റിമി ടോമീടെ ഗാനമേളക്ക് എന്റെ അമ്മായിയെ ഞാൻ കൊണ്ടു പോകാം, അമ്മ വേണെങ്കി കൂടെ പോന്നോ, ഒരു ധൈര്യത്തിന് (എൻറ്റേം അമ്മേടേം) ".

വിശറിച്ചിറകുള്ള മുണ്ടിനും ചട്ടയ്ക്കുമുളളിൽ കൊളസ്റ്റമി ബാഗ് കെട്ടി വച്ച് പുതമുണ്ടും മേക്കാ മോതിരവും അണിഞ്ഞ് സുന്ദരിയായ വല്യമ്മായിയേയും കൊണ്ട് ഞങ്ങൾ സേവിയൂർ പള്ളിയിൽ പെരുന്നാളിന് പോയി. ബാൻറും കൊട്ടും വെടിയും പുകയും കഴിഞ്ഞ് ഇതെല്ലാം ഒന്നിച്ചുള്ള റിമി ടോമിയുടെ ഗാനമേളയും പള്ളിമുറ്റത്തിരുന്ന് ഞങ്ങൾ ആസ്വദിച്ചു. പാതിരാ കഴിഞ്ഞ് വീടണയുമ്പോഴും കൊളസ്റ്റമി ബാഗ് ഇൻടാക്റ്റ്.

റിമി ടോമിയുടെ ഗാനമേളയും കാൻസറും അതിജിവിച്ച വല്യമ്മായി ഒരു വർഷം കൂടി ജീവിച്ചു. അതിനിടയിൽ പല തവണ ഇളയ മകന്റെ ബൈക്കിന് പുറകിലിരുന്ന് ആങ്ങളെയേയും നാത്തൂനേയും കാണാൻ വന്നു.

മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും മറ്റ് ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ മരിക്കുമ്പോഴും വല്യമ്മായിക്ക് കാൻസർ ആയിരുന്നെന്ന് രണ്ടു പേർക്ക് അറിയില്ലായിരുന്നു: വല്യമ്മായിക്കും റിമി ടോമിക്കും!

ശനിയാഴ്‌ച, ഒക്‌ടോബർ 18, 2008

‘ഡി’ വിരല്‍

എ......എസ്............ഡി.......എഫ്...........സ്പെയ്സ്........
ടൈപ്പിങ്ങില്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുകയാണവന്‍. പഴയ പന്നാക്ക് ടൈപ് റൈറ്ററിലെ കട്ടകളില്‍ ഓരോ വിരലുമെടുത്തിട്ട് തല്ലിപ്പഠിത്തം നടക്കുന്നു. അന്തരീക്ഷം ‘കടകടാരവ’ത്താല്‍ മുഖരിതം.

മുന്നില്‍ ഇടതുവശത്തായി രജനി ഇരിപ്പുണ്ട്. അന്നാദ്യമായി അവന്‍ രജനിയുടെ വിരലുകളില്‍ മാത്രം നോട്ടമെറിഞ്ഞു. രജനിയുടെ സ്പര്‍ശനത്തില്‍ കട്ടകള്‍ അലിഞ്ഞ് ഇല്ലാതാകുന്നുവോ... അല്ല... തേന്‍ നുകര്‍ന്ന പൂമ്പാറ്റ പറന്നകലുമ്പോള്‍ ‘അയ്യോ പോയോ’ എന്നോര്‍ത്ത് ഉണര്‍ന്നെണീക്കുന്ന പൂക്കളേപ്പോലെ അവ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.

അവളേപ്പോലെ പറന്നടിക്കുവാന്‍ തനിക്കെന്നു സാധിക്കും എന്നവന്‍ ചിന്തിച്ചു.

“നേരെ നോക്കിയിരുന്ന് പ്രാക്ടീസ് ചെയ്യെടോ”, രാജന്‍ മാഷ്.

“എ? എസ്...”

കടകടാരവം നിലച്ചു. കൂട്ടച്ചിരി മുഴങ്ങി. രജനി രൂക്ഷമായി അവനെ നോക്കി, കൈകള്‍ കട്ടകളില്‍ നിന്നുയര്‍ന്നു. ഈശ്വരാ, തന്റെ നോട്ടം അവളും തെറ്റിദ്ധരിച്ചിരിക്കുന്നു. അവളെ നോട്ടംകൊണ്ടളന്ന മാത്തന്റെ കട്ടപ്പല്ല് അടിച്ചിളക്കിയ അതേ കൈകള്‍. രജനി വിരലുകള്‍ കോര്‍ത്ത് ഒന്ന് ഞൊടിക്കുക മാത്രം ചെയ്തു, ഒരു മുന്നറിയിപ്പ് പോലെ.

നാശം. തെറ്റിദ്ധരിക്കപ്പെട്ടതില്‍ മനം നൊന്ത ആ ദുര്‍ബല നിമിഷത്തില്‍ അവന്‍ നടുവിരല്‍ കൊണ്ട് ‘ഡി’ കട്ടയില്‍ ആഞ്ഞടിച്ചു. നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു.

വെറുമൊരു വിരലിന് ഇത്ര ശക്തിയൊ? ആ ടൈപ് റൈറ്റര്‍ പിന്നീടൊരിക്കലും നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലത്രെ! രാജന്‍ മാഷ്ക് അത് വേണം. രജനിയുടെ വിരലില്‍ മാത്രം നോക്കിയ അവന്റെ മാനം കളഞ്ഞതല്ലേ.

കാലം അതിന്റെ വഴിക്ക് പോയി. രജനി മികച്ചൊരു ടൈപ്പിസ്റ്റായി. മാത്തന്‍ തയ്പ്പിസ്റ്റും. മാത്തന്‍ അളവെടുത്ത് തയ്ക്കുന്ന ബ്ലൌസുകള്‍ക്കാണ് ആ നാട്ടില്‍ ഇന്നും മുന്‍‌തൂക്കം.

അവനും പക്വത വന്നു. എന്തൊക്കെയോ ആയി.

“മാമാ, കൈ തൊടാതെ എങ്ങന്യാ ചന്തി കഴ്‌ക്വാ?” എന്നൊരിക്കല്‍ ശ്രീക്കുട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ രജനിയേയോ മാത്തനേയോ ഓര്‍ത്തില്ല. ഓര്‍ക്കേണ്ട കാര്യവുമില്ലല്ലോ. ‘ഹെല്‍ത് ഹോസ് ’ ഉപയോഗിച്ച് ചന്തി കഴുകുന്ന രീതി ശ്രീക്കുട്ടന് പഠിപ്പിച്ചുകൊടുത്തു.

ഇന്‍ഷുറന്‍സ് ആപ്പീസില്‍ കണ്ടു, കം‌പ്യൂട്ടര്‍ കീബോഡില്‍ പറന്നടിക്കുന്ന ഒരുപാടുപേരെ. കം‌പ്യൂട്ടറില്‍ എളുപ്പം ടൈപ് പഠിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്ന് അവന്‍ അറിഞ്ഞു വച്ചു.

ഒരു കം‌പ്യൂട്ടര്‍ വാങ്ങി ടൈപ് പഠിക്കാന്‍ അവന്‍ നിശ്ചയിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുക അതിനു നിമിത്തമായി. സ്വന്തം കം‌പ്യൂട്ടറിനു മുന്നില്‍ അഭിമാനത്തോടെ അവന്‍ ഇരുന്നു.

ഇടത്തേ ചെറുവിരലില്‍ ‘എ’, മോതിരവിരലില്‍ ‘എസ്’, അടുത്തത് ‘ഡി’. ഒരു നിമിഷം.... നാലഞ്ച് കമ്പിക്കഷണങ്ങള്‍ തെറിച്ചുപോകുന്നത് ഒരു മിന്നായം പോലെ അവനോര്‍ത്തു. രജനിയുടെ രൂക്ഷ നോട്ടം, മാത്തന്റെ ഇളകിയ പല്ല്, രാജന്‍ മാഷിന്റെ നിസ്സഹായ മുഖം, വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആ അപകടം... ഓര്‍മ്മകളുടെ കടകടാരവം അവനെ വലയം ചെയ്തു.

“വിരലൊന്ന് പോയാലെന്താ, കാശെത്രയാ അവന് കിട്ടീത്. ഇപ്പൊ ദാ കം‌പ്യൂട്ടറും വാങ്ങി!”, പത്ത് വിരലുള്ള ജനം നെടുവീര്‍പ്പിട്ടുകൊണ്ടേയിരുന്നു.

(ഇതെഴുതുമ്പോള്‍ ശ്രീ ശ്രീ ഹരിശ്രീ അശോകന്‍ രചിച്ച പിച്ചക്കാരുടെ ദേശീയഗാനം ‘കൈകാലാവതില്ലാത്തവനാണേ..... ഹമ്മ... അമ്മോ...’ പാടി വാഹനാപകടത്തിന്റെ ക്ഷീണം തീര്‍ക്കുകയാണ് സ്വാര്‍ത്ഥന്‍ - എന്റെ വിരല്‍ പോയില്ല, ഒടിഞ്ഞിട്ടേയുള്ളൂ‍ട്ടോ :)

ചൊവ്വാഴ്ച, ജനുവരി 01, 2008

ബെന്‍സ്‌ കാറും വേലിപ്പത്തലും

നാടും വീടും വിട്ട്‌ മരുഭൂമിയില്‍ ചെന്നുകിടന്ന്‌ കഷ്ടപ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. കെട്ട്യോളും കുട്ട്യോളും പട്ടിണികിടക്കേണ്ടല്ലോ എന്നു കരുതി മാത്രമാണ്‌ ഗള്‍ഫിലേക്ക്‌ കെട്ടിയെടുത്തത്‌!

രണ്ടുവര്‍ഷത്തെ കയിലുകുത്ത്‌ കഴിഞ്ഞ്‌ ലീവിനെത്തിയപ്പോള്‍, വളരെയേറെ നാളായി മിസ്‌ ചെയ്തിരുന്ന തെങ്ങിന്‍കടയ്ക്കല്‍ മുള്ളല്‍ (പെടുക്കല്‍) എന്ന സാറ്റിസ്ഫാക്ഷന്‍ ഗാരണ്ടീട്‌ പെര്‍ഫോമന്‍സിനായി രാത്രി മുറ്റത്തോട്ടിറങ്ങി. അപ്പോഴാണ്‌ ഞാനതു ശ്രദ്ധിച്ചത്‌, വീട്ടിലേക്കുള്ള ഇടവഴിയിലേക്ക്‌ തള്ളി നില്‍ക്കുന്ന വേലിപ്പത്തലുകള്‍. ബെന്‍സ്‌ കാര്‍ വാങ്ങിയാല്‍ ഈ പത്തലുകള്‍ അവളെ തലോടും. ഓരോ തലോടലും ടച്ചപ്‌ ചെയ്യാന്‍ പതിനായിരങ്ങള്‍ എന്റെ കീശയില്‍ നിന്ന്‌ ചെലവാക്കേണ്ടിവരും.

ആ കാശോണ്ട്‌ എന്തോരം പുട്ടടിക്കാം!

മാത്രമല്ല, വീഗാഡിന്റെ ഔസേപ്പേട്ടന്‍ 'പ്രാക്റ്റിക്കല്‍ വിസ്ഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌, ബെന്‍സ്‌ കാറിന്റെ ഹോണ്‍ വളരെ സൗമ്യയും മൃദുഭാഷിണിയുമാണെന്ന്‌. നാലെണ്ണം വിട്ട്‌ ലെയ്‌ലാന്റ്‌ മാതിരി റോഡ്‌ നിറഞ്ഞ്‌ നടക്കുന്നവന്റെ പിന്നില്‍ ചെന്ന്‌ മൃദുഭാഷി ഹോണടിച്ചാല്‍ ലവന്‍ കാര്‍ക്കിച്ച്‌ തുപ്പും!

അതുകൊണ്ട്‌ ബെന്‍സ്‌ കാര്‍ വാങ്ങേണ്ട എന്ന്‌ ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചു. പിന്നെന്ത്‌ കാര്യത്തിന്‌ ഞാന്‍ കടല്‍ കടന്ന്‌ കഷ്ടപ്പെടണം?

അക്കരെയും ഇക്കരെയും തമ്മില്‍ ജീവിതചെലവില്‍ വലിയ വ്യത്യാസം ഇല്ല. ഇവിടെ 10 രൂപയ്ക്ക്‌ കിട്ടുന്നത്‌ അവിടെയും കിട്ടും പത്തിന്‌, 10 റിയാലിനാണെന്നു മാത്രം!. ഗള്‍ഫില്‍ ഒരുമാസം തനിച്ച്‌ കഴിയാനുള്ള ചെലവില്‍ കുടുമ്മത്ത്‌ എല്ലാര്‍ക്കും അടിച്ചു പൊളിക്കാം.

അല്ലറചില്ലറ കടങ്ങള്‍ ഉണ്ടായിരുന്നത്‌ രണ്ട്‌ കൊല്ലം കൊണ്ട്‌ വീടി. (ഗള്‍ഫിലേക്ക്‌ കെട്ടിയെടുക്കാന്‍ ചെലവായത്‌ തന്നെയായിരുന്നു ഏറ്റവും വലിയ കടം!). ഇനി കുടുമ്മത്ത്‌ സെറ്റിലാവണം!

അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതാണ്‌... വിട്ടിലേക്കുള്ള ഇടവഴി വിതികുറഞ്ഞതിനാല്‍ ബെന്‍സ്‌ കാര്‍ കയറാത്തതിനാലും അഥവാ കയറിയാല്‍ തന്നെ വേലിപ്പത്തലില്‍ തട്ടി പോറലേറ്റാല്‍ കാശൊരുപാട്‌ ചെലവാകും എന്നതുകൊണ്ടും ഞാനെന്റെ പ്രവാസജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.

ദിസ്ക്കൈമള്‍: താല്‍പര്യമുള്ള ഒരു ജോലി നാട്ടില്‍ കിട്ടിയതോ കുടുംബവുമായി കഴിയാനുള്ള അത്യാഗ്രഹമോ ഈ തീരുമാനത്തെ ബാധിച്ചിട്ടില്ല.

ചൊവ്വാഴ്ച, ഏപ്രിൽ 03, 2007

മെയ്ക്കപ്

സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.

തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.

കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!

വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാ‍വൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.

എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.

ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.

ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.

പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.

“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.

“അതെന്തേ?”

“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.

സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.

സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.

അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”

വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!

വ്യാഴാഴ്‌ച, മാർച്ച് 15, 2007

ദേ പിന്നേം വീണു

സ്വാര്‍ത്ഥന് കാറ്റുവീഴ്ച. കഴിഞ്ഞ തവണ വെള്ളത്തില്‍ തെന്നിയാണ് വീണതെങ്കില്‍ ഇത്തവണ ആര്‍ഭാടം അടികൊണ്ടിട്ടായിരുന്നു, കാറ്റടി കൊണ്ട്!

ട്രക്കൊരെണ്ണം വഴിയില്‍ കൊഴിഞ്ഞു. മെക്കാനിക്കിനെ കൊണ്ട് ചെന്ന് തല്‍ക്കാലം സെറ്റപ്പാക്കി വിട്ടു. മണല്‍ക്കാറ്റ് മൂലം അത്രയും നേരം കാറില്‍ നിന്നും ഇറങ്ങാന്‍ മടിച്ച സ്വാര്‍ത്ഥന്‍ വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോളാണ് അതോര്‍ത്തത്, ഒരു അത്യാവശ്യകാര്യം ഡ്രൈവറോട് പറയാനുണ്ടായിരുന്നു എന്ന്. വേഗം ഹോണടിച്ച് കാറില്‍ നിന്ന് ചാടിയിറങ്ങി. സിലോണ്‍ സ്റ്റേഷന്‍ മാത്രം പിടിക്കുന്ന ശ്രീലങ്കന്‍ ഡ്രൈവറോട്, അവനും സ്വാര്‍ത്ഥനും മാത്രം അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞത് ആ വഴി വന്ന കാറ്റ് ചൂണ്ടിക്കൊണ്ട് പോയി.

പത്തിരുപതടി നടക്കണം അവനെ ക്ലോസപ്പില്‍ കിട്ടാന്‍. ആദ്യ ചുവട് വച്ചതും, “ക്ലോസ് യൂര്‍ ഐസ്‌....” എന്ന് മൂളിപ്പാടി ഒരു കൊട്ട മണലും വാരിയിട്ട് അടുത്ത കാറ്റ്. കണ്ണടച്ച് പിടിച്ച്, മുന്നോട്ട് വച്ച ഇടതുകാലില്‍ ഊന്നി വലതുകാല്‍ തറയില്‍ നിന്നും ഉയര്‍ത്തി. അല്പം ഇസ്പീഡ് കൂടിയോ എന്നൊരു സംശയം, വലതന്‍ തറയില്‍ ആകുന്നതിനു മുന്‍പ് ഇടതന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ചെരുപ്പൊരെണ്ണം എതിര്‍ടീമിലെ ജീന്‍സുമായി ഉടക്കി. ഇടതു തള്ളവിരലില്‍ ത്രിശങ്കു, കഴിഞ്ഞ തവണത്തെ അതേ ശങ്കു!

ഒരു തിര, പിന്നെയും തിര. പിന്നീട് വന്നതോ, വന്‍ തിര! വീശിയടിച്ച കാറ്റില്‍ പെട്ട് സ്വാര്‍ത്ഥ ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങി, ദുബായ് വിമാനത്താവളത്തില്‍ ബംഗ്ലാദേശിന്റെ ബിമാനം പോലെ ദാണ്ടെ കിടക്കുന്നു ധിം ധരികിട ധോം!

എഴുന്നേറ്റ് കണ്ണ് തുറന്നപ്പോള്‍ കാണുന്നത് എങ്ങോ പറന്നകലുന്ന ചെരുപ്പിനെയാണ്. സ്വാര്‍ത്ഥനെ ചതിച്ചവനാണവന്‍, അങ്ങിനെ വിടാന്‍ പാടുണ്ടോ? പിന്നാലെ ഓടി കഴുത്തിനു കുത്തിപ്പിടിച്ച് കാല്‍ച്ചുവട്ടിലൊതുക്കി. തിരികെ നടക്കാന്‍ നേരം അറിഞ്ഞു വലതു കയ്യിലൊരു നീറല്‍, കാലിനൊരു ഞൊണ്ട്.... അയ്യോ, ഇടതുകയ്യിലിരുന്ന മൊഫൈല്‍ എന്തിയേ?

കല്ലിനും കട്ടയ്ക്കും മണലിനുമിടയില്‍ തിരഞ്ഞു, ദാ‍ കിടക്കുന്നു പാവം. ഭാഗ്യം, ഉടുപ്പ് മാത്രമേ കീറിപ്പൊളിഞ്ഞുള്ളൂ. കയ്യിലെടുത്ത് താലോലിച്ചപ്പോള്‍, “എനിക്കൊന്നും പറ്റീട്ടില്യന്നേ, വിഷമിക്കണ്ട, ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ എന്നെ ഇങ്ങനെ...,” എന്നു പറഞ്ഞൊരു മണിനാദം. “ഭായ്, ഓക്കേ?” ട്രക്കില്‍ നിന്നും ഇറങ്ങാതെ ലവന്‍ ഫോണ്‍ ചെയ്യുന്നു‍! ശ്ശെടാ സ്വാര്‍ത്ഥ ബുദ്ധിയില്‍ എന്തേ ഇത് തോന്നാഞ്ഞത്!

“മാഫീ മുശ്കില്‍, തും ജാവോ(പോടാ പുല്ലേ),” എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മെല്ലെ ഞൊണ്ടി കാറിന്റെ വാതില്‍ തുറന്ന് സീറ്റിലേക്ക് ചെരിഞ്ഞു വീണു. കാലു പുറത്തേക്കിട്ട് പരുക്ക് പരിശോധിക്കുന്ന സമയം കൊണ്ട് തക്കം നോക്കിയിരുന്ന രേണു കാറ്റിന്റെ അകമ്പടിയോടെ കാറിനകം സ്വന്തമാക്കി. ഇനി അവളെ പറഞ്ഞൊഴിവാക്കാന്‍ 20 റിയാല്‍ വേറെ മുടക്കണം. വലതു കാലിന്റെ, കൃത്യം ബ്രെയ്ക്ക് ചവിട്ടുന്നതിന്റെ അരികിലായി മുറിഞ്ഞിട്ടുണ്ട്. അവിടെ തന്നെയാണ് വേദനയും.

ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലുമായി, 25 കിലോമീറ്റര്‍ ദൂരം ഉപ്പുറ്റികൊണ്ട് ബ്രെയ്ക്കും ആക്സിലേറ്ററും മാറി മാറി ചവിട്ടി ഒരു കണക്കിന് മുറിയിലെത്തുവോളം മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു.

കാലിലൊട്ടിക്കാനുള്ള ബാന്‍ഡെയിഡ്, മൊബൈലിനു പുതിയ ഉടുപ്പ്, കാറു കഴുകാന്‍ 20 റിയാല്‍... എന്നിങ്ങനെ എല്ലാം കൂട്ടി 12 കൊണ്ട് പെരുക്കി, എകദേശം അഞ്ഞൂറു രൂപ. കാറില്‍ തന്നെ ഇരുന്ന് മറ്റവനെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആകുമായിരുന്നത് അഞ്ച് രൂപ! പിന്നെ ആകെയുള്ള സമാധാനം, രണ്ടായാലും ബില്ല് കമ്പനി കൊടുത്തുകൊള്ളുമല്ലോ എന്നുള്ളത് മാത്രമാണ്!