ചൊവ്വാഴ്ച, ഡിസംബർ 05, 2006

ഗെയിംസ് - ഭാഷാന്തരം

ചുവന്ന പൊട്ടുള്ള ടാപ് തിരിച്ചാല്‍ ചൂടുവെള്ളം വരും, നീല പൊട്ടുകുത്തിയതില്‍ നിന്നും പച്ചവെള്ളവും. രണ്ടും ഒരുമിച്ചു തുറന്നാല്‍ രണ്ടും ഒരുമിച്ചു വരണം. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ആദ്യം തിളയ്ക്കുന്ന ചൂട് വെള്ളവും പിന്നീട് മരവിപ്പിക്കുന്ന പച്ചവെള്ളവും വരും. അതു കഴിഞ്ഞ് ചൂടൂവെള്ളം, പിന്നെ വീണ്ടും തണുത്ത വെള്ളം. ‘ഒന്നിനു പോയവന്‍ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു’ പോരേണ്ട അവസ്ഥ. പ്രശ്നം ഗൌരവമുള്ളത്, പരിഹാര്യവും. പക്ഷേ സങ്കീര്‍ണ്ണവും ആസ്വാദ്യവും ആകുന്നത്, ഇത് അനുഭവിക്കുന്നയാള്‍ വക്കാരിനാട്ടുകാരനും കേള്‍ക്കുന്നയാള്‍ സ്വാര്‍ത്ഥനുമാകുമ്പോള്‍!

വളണ്ടിയര്‍ എന്നാല്‍ ഓള്‍‌റൌണ്ടര്‍ എന്നതാണ് ഞങ്ങളുടെ തട്ടകത്തിലെ അവസ്ഥ. ഇതു പോരാ‍ഞ്ഞ്, റിസപ്ഷനില്‍ ‍കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചിലതും ഞങ്ങളെ തേടിവരും. അങ്ങിനെ എത്തിയതാണ് ഈ ജപ്പാന്‍‌കാരന്‍. മൂന്ന് റൌണ്ട് പ്രകടനത്തിനു ശേഷമാണ് എന്റെ അടുത്തേക്ക് അയാള്‍ എത്തിപ്പെട്ടത്. പരിഭാഷകനോടൊപ്പമേ ഇതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. വര്‍ദ്ധിച്ച ആത്മവിശ്വാസത്തിന് ഉടമയായത് കാരണമാകാം, നേരിട്ട് മുട്ടിക്കളയാം എന്നങ്ങേര്‍ തീരുമാനിച്ചത്.

വക്കാരിസാന്‍ തുണൈ; കൈകൊണ്ട് ആംഗ്യം കാണിച്ച്, “എന്താ ചേട്ടാ കാര്യം?” എന്ന് തനി മലയാളത്തില്‍ ചോദിച്ചു. നാലാം റൌണ്ടിന് ആരംഭമായി, ചുള്ളന്‍ രണ്ട് കൈകൊണ്ടും തിരിച്ച് കാണിച്ചു.
“ഓ, ടാപ്, ടാപ് ”
“ഹാ, വെള്ളം, വെള്ളം”
ഇതുവരെ ‘വക്കാരിമഷ്ടാ’, ഇനി... നമ്മുടെ സുഹൃത്ത് ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു. വീണ്ടും ടാപ്പ് തുറക്കുന്നൂ... വെള്ളം ഒഴുകുന്നു.
“വോക്കെ”
വീണ്ടും ടാപ്പ് തുറന്ന്, ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച കൈ പെട്ടെന്ന് വലിച്ചു.
“ഓ, പൊള്ളിയല്ലേ!”
മ്യാന്മാറുകാരി റിസപ്ഷനിസ്റ്റ് യാ മിന്‍ കീചകവധം കഥകളി, വിദേശ ടൂറിസ്റ്റിനൊപ്പം കാണുന്ന മലയാളിയേപ്പോലെ അന്തവും കുന്തവുമില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന മട്ടില്‍ നില്‍ക്കുന്നു.

നായകന്‍ വീണ്ടും ടാപ്പ് തുറന്നു, കൈ വലിച്ചു, വിറയ്ക്കുന്നതായി കാണിച്ചു.
“ഊം, പോരട്ടെ ഇങ്ങ്ട് ”
രണ്ട് എന്ന് ആംഗ്യം കാട്ടി കൈവിരലുകള്‍ കോര്‍ത്ത് ക്ലൈമാക്സിലേക്ക് കടന്നു. രണ്ടിനു പോകാന്‍ നേരം വെള്ളം കിട്ടുന്നില്ല എന്നാണോ! ഛെ ഛെ, അതല്ല, ജാപ്പാനി രംഗം വീണ്ടും അവതരിപ്പിച്ചു.
“വക്കാരിമഷ്ടാ! ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് വരുന്നില്ല അല്ലേ?”

‘വക്കാരിമഷ്ടാ’ എന്ന് കേട്ടപ്പോള്‍ തന്നെ അങ്ങേരുടെ മുഖത്ത് പ്രകാശം മിന്നി മറിഞ്ഞു. യാ മിന്‍‌നോട് ഞാന്‍ കാര്യം പറഞ്ഞു, വേണ്ടത് ചെയ്യാനുള്ള നിര്‍ദേശവും കൊടുത്തു.
“യൂ നോ ജാപ്പനീസ്!!”
“ഒന്ന് പോടി പെണ്ണേ, വേണമെങ്കില്‍ നിന്റെ നാട്ടിലെ ഭാഷയും ഞന്‍ പറയും”(മ്യാന്മറില്‍ ബൂലോഗര്‍ ആരെങ്കിലും ഉണ്ടോ?)

അടുത്ത ഊഴം ചീനക്കാരിയുടേത്. അവര്‍ക്ക് ഇംഗ്ലിഷ് അറിയാം - water, drink, night, hot, cold, ഇത്രയും! മഴ പെയ്തതോടെ തണുപ്പ് കൂടി. മുപ്പത്തഞ്ചാം നിലയില്‍ രാത്രി കുടിക്കാന്‍ ചൂടുവെള്ളം വേണമത്രേ. അതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ റിസപ്ഷനില്‍ നിന്നും എന്റെ അടുത്തേക്ക് പാസ്.
“hot water – room – night?”
“no hot water – room :) ”
“night – cold :( ”
“bathroom – hot water?”
“yes, drink?”
അയ്യോ ചതിക്കല്ലേ, “no, no, no drink - - - drink bottle water”, ഞാന്‍ വേഗം അരസഞ്ചിയില്‍ നിന്ന് കുപ്പിവെള്ളം എടുത്ത് കാണിച്ചു. ടാപ്പ് വെള്ളം കുടിച്ച് വല്ല അസുഖവും വന്നുപെട്ടാല്‍... ആരു പറഞ്ഞിട്ടാ ടാപ്പ് വെള്ളം കുടിച്ചത് എന്ന ചോദ്യം ഉയര്‍ന്നാല്‍... എന്‍ കടവുളേ...!
“this bottle cold - - - night – hot water”, അവര്‍ കേഴുന്നു.
അടങ്ങ് പെങ്ങളേ, “bathroom – bucket – hot water?”
“yes”
“put bottle > > hot water - - - cold water > > hot water, magic!!!”

കുപ്പിവെള്ളം എങ്ങിനെ ചൂടാക്കിയെടുക്കാം എന്ന വിഷയത്തില്‍ ആംഗ്യഭാഷയില്‍ അധിഷ്ടിതമായ ആ പരിശീലന പരിപാടി ഭംഗിയായി അവസാനിച്ചു. പ്രതിഫലമായി ഇറുകിയ കണ്ണുകള്‍ക്കും ചതഞ്ഞ മൂക്കിനും താഴെ വിരിഞ്ഞ ആ മന്ദഹാസം ചേതോഹരമായിരുന്നു.

അറബി വനിത – ഇംഗ്ലിഷ് അസിസ്റ്റന്റ് - ഹിന്ദി ഡ്രൈവര്‍ - ഇത്തരം കോമ്പിനേഷന്‍ പലപ്പോഴും ഗതികിട്ടാത്ത ആത്മാക്കളായി ചുറ്റിത്തിരിയാറുണ്ട്. ഇവര്‍ക്കിടയിലാണ് കുട്ടരേ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ വില! ഭാ‍രത് മാതാ കീ....

ഇപ്പറഞ്ഞവരെല്ലാം വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോരാണെന്ന് ധരിക്കരുതേ. താന്താങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വിധഗ്ദരാണിവര്‍‍.

മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?
ഒരു അഡാപ്റ്റര്‍(മള്‍ട്ടി പ്ലഗ്) എടുത്ത് അയാള്‍ക്ക് നേരെ നീട്ടുക!

32 അഭിപ്രായങ്ങൾ:

ഡാലി പറഞ്ഞു...

അയ്യയ്യോ‍ാ‍ാ‍ാഒ.. ചിരി നിര്‍ത്താന്‍ വയ്യ.
പണ്ട് പൊട്ടന്മാര്‍ക്കുള്ള വാര്‍ത്ത ഞാറഴ്ചയില്ലേ ഹിന്ദി സിനിമയുടെ ഇടയ്ക്ക് കണ്ടതൊരു നഷ്ടമാ‍ായില്ല എന്ന് ഇവിടെ വന്നതിനു ശേഷം പലപ്പോഴും തോന്നിയിട്ടുണ്ട്. ഇനി ആ സ്കില്‍ വളര്‍ത്തിയെട്ടുക്കണം

“മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി നിങ്ങളുടെ നേര്‍ക്ക് വരുന്ന കൊറിയക്കാരനെ എങ്ങിനെ നേരിടണം?“
അടുത്ത വാചകം വായിക്കുന്നതിന്ന് മുന്നേചിന്തകള്‍ എവിടെയൊക്കെയോ പോയി!( ചിന്തകള്‍ക്ക് തന്നെ ഏറ്റവും സ്പീഡ്)

Visala Manaskan പറഞ്ഞു...

ഹഹഹ... അടിപൊളി പോസ്റ്റ്.
പാവങ്ങള്‍!!

വക്കാരിയെക്കൊണ്ട് അങ്ങിനെ സ്വാര്‍ത്ഥനും ഉപകാരമുണ്ടായില്ലേ?

ഇവിടെ വിസിറ്റ് വിസയില്‍ വന്നൊരുത്തന്‍ ചൂടുകാലത്ത് റ്റോയ്‌ലറ്റില്‍ പോയിട്ട്’

“എടാ.. എന്താടാ പൈപ്പിലൂടെ വെട്ടിത്തിളക്കുന്ന ചൂടുവെള്ളം വരുന്നേ? മനുഷ്യന്റെ ചില ഏരിയ മൊത്തം പൊള്ളിപ്പോയല്ലോഡാ‍ാ” എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട്!!

കാളിയമ്പി പറഞ്ഞു...

മൂന്നുവിരല്‍ പ്രയോഗം കലക്കി മാഷേ..
ചൂടുവെള്ളം ബക്കറ്റ് തണുത്തകുപ്പി പ്രയോഗവും..

കിടിലം..:)‌

myexperimentsandme പറഞ്ഞു...

ഹ...ഹ... സ്വാര്‍ത്ഥാ, ഫന്റാസ്റ്റിക്കാ മാര്‍വല്ലല്ലേഷ്യ, ചിരിച്ച് മറിഞ്ഞു.

എന്നെക്കൊണ്ട് പ്രതീക്ഷിക്കാത്ത കോണകങ്ങളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ക്ക് എന്തൊക്കെ ഊപ്പകാരങ്ങള്‍. മറുനാട്ടുകാരുടെ വായില്‍നിന്ന് ഒരു ജാപ്പനീസ് വാക്കെങ്കിലും കേട്ടാല്‍ മതി, കോരിത്തരിക്കും (മറ്റേ വാക്ക് ഞാന്‍ ഉപയോഗിക്കൂല്ല) ഇവര്‍. പാവങ്ങള്‍. എന്റെ എത്രയെത്ര ആട്ടക്കലാശങ്ങള്‍ കണ്ടിരിക്കുന്നു, ഇവര്‍.

മൂന്ന് വിരലുകള്‍ ത്രികോണാകൃതിയില്‍ ചൂണ്ടി വരുന്ന കൊറിയക്കാരന്‍ തകര്‍ത്ത് തരിപ്പണമാക്കി. സ്വാര്‍ത്ഥന്റെ എഴുത്തിന്റെ ആ ഒരു രീതി, അപാരം.

സ്നേഹിതന്‍ പറഞ്ഞു...

കലക്കി!
സമാനമായ രംഗങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.

സ്വാര്‍ത്ഥന്റെ അവതരണ രീതി ഉഗ്രന്‍!

Adithyan പറഞ്ഞു...

സ്വാര്‍ത്ഥഗുരു ഇതാ വീണ്ടും പവിലിയനില്‍ നിന്ന് പാഡും കെട്ടി ഇറങ്ങിയിരിക്കുന്നു :)

സ്വാര്‍ത്ഥഗുരുവിന്റെ ലൈഫ് മൊത്തം ഇങ്ങനെ ഇന്ററസ്റ്റിങ്ങ് എപ്പിസോഡുകള്‍ നിറഞ്ഞതാണോ? :) അതോ ഇന്ററസ്റ്റിങ്ങ് എപ്പിസോഡുകള്‍ മാത്രം തിരഞ്ഞുപിടിച്ച് അവതരിപ്പിക്കുന്നതാണോ?

കൊറിയക്കാരന്‍ മൂന്നു വിരലും കൊണ്ട് കണ്ണീക്കുത്താന്‍ പാഞ്ഞു വരുന്നേനു മുന്നേ അങ്ങേരെ വല്ല വിരലും പൊക്കി കാണിച്ചാരുന്നോ? ;)

അജ്ഞാതന്‍ പറഞ്ഞു...

ഹൊ! എന്നാ പരയാനാ....
ഞാന്‍ തോറ്റു!
ഹ ഹ ..തകര്‍ത്ത് എഴുതിയിരുക്കുന്നെന്റെ സ്വാര്‍ത്ഥോ...!

ഇടിവാള്‍ പറഞ്ഞു...

ഹാഹാ.. ശരിക്കും ആസ്വദിച്ചു സ്വാര്‍ത്ഥന്‍ ! ഭാരത്‌ മാതാ കീ ജയ്‌!

ആ കൊറീയക്കാരന്റെ കുത്താന്‍ വരവ്‌.. വൌ, ഗംഭീരം, പ്രമാദം!

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഡാലീ ഞാനും ആ വാര്‍ത്തയുടെ ഫാന്‍ ആയിരുന്നു :)

വിശാലോ ബോട്ടം ജെറ്റ് ഉപയോഗിച്ച് നേരിട്ട് വെള്ളം അടിക്കുന്ന ആ രംഗം ഓര്‍ത്തപ്പോള്‍..... ഹിയ്യോ!

അമ്പീ :) അപ്പോള്‍ മനസ്സില്‍ തോന്നിയത് പറഞ്ഞതാ, ഞാ‍നിതുവരെ ചൂടുവെള്ളത്തില്‍ കുപ്പി ഇട്ടു നോക്കിയിട്ടില്ല!

വക്കാരീ “നന്ദി, നന്ദി, വന്നതിലും കണ്ടതിലും സന്തോഷം” എന്നൊക്കെ എങ്ങിനെയാ അവരോട് പറയാ?

സ്നേഹിതാ താങ്ക്യൂ ഡാ :) അനുഭവങ്ങള്‍ പകര്‍ന്നു തരൂ...

ആദീ അണ്‍ ഇന്ററസ്റ്റിംഗ് എപ്പിസോഡ്സ് തികട്ടി വരാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഈ തിരഞ്ഞുപിടിച്ചെഴുത്ത്. മൈ ജീവിതം ഈസ് എ പെര്‍ഫെക്റ്റ് മിക്സ് ഓഫ് തോര്‍ണ്‍സ് ഏന്റ് റോസസ് !

സുകുപുത്രാ നന്ദി ചങ്ങാതീ

ഇടിഗഡീ അവര്‍ക്ക് സാധാരണ അഡാപ്റ്ററൊന്നും പോര, ലോകത്തുള്ള സകലമാന പ്ലഗ്ഗുകളും കുത്താന്‍ സാധിക്കുന്ന തരമായിരിക്കണം!

സുല്‍ |Sul പറഞ്ഞു...

സ്വാര്‍ത്ഥാ രസിച്ചു വായിചു പോസ്റ്റ്.

ഗള്‍ഫില്‍ പോകാന്‍ ഇങ്ക്ലിഷ് മസ്റ്റ് ആണെന്നാ നാട്ടിലെല്ലാരുടെം വിചാരം. ഇവിടെ വന്നാലല്ലെ അറിയുന്നെ നല്ല ഇങ്ക്ലിഷ് ഇവിടെ ചിലവാവില്ലാന്നു.
“put bottle > > hot water - - - cold water > > hot water, magic!!!” ഇവിടെയും ഇതു തന്നെ നടക്കു

-സുല്‍

ദേവന്‍ പറഞ്ഞു...

പണ്ട്‌ റഷ്യന്‍ ഡെലിഗേഷന്‍ എത്തുമ്പോള്‍ പരിഭാഷകനായി കൂടിക്കോളാം എന്ന് ബേബി ജോണ്‍ ഏറ്റിരുന്നു. റഷ്യക്കാര്‍ വന്നു നിരന്നു നിന്നു, മന്ത്രി വരാന്‍ താമസിക്കുകയും ചെയ്യുന്നു. ഓച്ചിറ പടനിലത്തില്‍ യോദ്ധാക്കള്‍ നില്‍ക്കുമ്പോലെ റഷ്യക്കാരും ഇന്ത്യക്കാരും കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു.

ഒടുക്കം ഇന്ത്യന്‍ സംഘത്തില്‍ നിന്നും ഒരു രാധാകൃഷ്ണന്‍ മൂന്നു ചുവടു മുന്നോട്ട്‌ വച്ച്‌ കൈ നീട്ടി.
"ഹലോ, ഐ ആം രാധ."
റഷ്യക്കാര്‍ ഓരോരുത്തരായി വന്ന്
"ഹലോ ഐ ആം രാധ" എന്നു പറഞ്ഞു കൈ കുലുക്കാന്‍ തുടങ്ങി . പത്തിരുപത്‌ രാധകള്‍ കുലുക്കിയപ്പോഴേക്ക്‌ ഇന്ത്യന്‍ രാധ നിലം പരിശായി.

അപ്പോഴേക്കും പരിഭാഷ്‌ ജി എത്തി. കൂടി നിന്നവരില്‍ ഒരാള്‍ ചോദിച്ചു, എന്താ സാറേ ഈ രാധ? ഇവന്മാര്‍ എല്ലാം രാധയായെന്ന് പറയുന്നല്ലോ.
"ഓ അതോ. റാധാ എന്നു വച്ചാല്‍ റഷ്യനില്‍ ഹാപ്പി എന്നാടോ അര്‍ത്ഥം"

ത്രികോണം കാട്ടുന്ന സീന്‍ കണ്ടപ്പോള്‍ ലുങ്കിമാന്‍ ആദ്യമായി ബോംബേയില്‍ എത്തി കടക്കാരനോട്‌ 501 ബാര്‍ സോപ്പ്‌ ഉണ്ടോ എന്ന് ചോദിച്ച കഥ ഓര്‍ത്തു. (അക്കഥറിയാത്തവര്‍ എന്താണെന്നു ചോദിക്കരുത്‌, വിശദീകരിച്ചാല്‍ ഞാന്‍ ബാനില്‍ പോകും!)

ചിരിച്ച്‌ ചിരിച്ച്‌ മരിച്ച്‌, സ്വാര്‍ത്ഥോ.

Adithyan പറഞ്ഞു...

ദേവേട്ടോ 501 എന്താന്നു മനസിലായില്ല.

ഒരു ക്ലൂ പ്ലീസ് ;) ഫുള്‍ പറയണ്ടാ... (കൊച്ചു പിള്ളാരെല്ലാം കണ്ണ് പൊത്തിക്കേ)

(ഇഞ്ചിയേച്ചിയേ, എന്നോട് കണ്ണ് പൊത്താന്‍ പറഞ്ഞോണ്ട് ഇപ്പോ ചാടി വീണാല്‍, ഇടി)

Kalesh Kumar പറഞ്ഞു...

കിടിലൻ പോസ്റ്റ്!

ഇങ്ങനത്തെ പോസ്റ്റുകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു!

Peelikkutty!!!!! പറഞ്ഞു...

ഹ..ഹ..ഹ

Siju | സിജു പറഞ്ഞു...

വായിക്കാനിത്തിരി ലേറ്റ് ആയിപ്പോയി
വെള്ളം ചൂടാക്കാനുള്ള മാജിക്കും ത്രികോണ്‍വും വായിച്ചു ചിരിച്ചു
ദേവേട്ടാ.. 501 ബാര്‍ സോപ്പിന്റെ കഥ പിടി കിട്ടിയില്ല. ഒരു കുളു. അറിയാഞ്ഞീട്ടു ഭയങ്കര സഫോക്കേഷന്‍

Unknown പറഞ്ഞു...

സ്വാര്‍ത്ഥ് ഗഡീ,
ചിരിച്ചു.. ചിരിച്ചൂ.... ‘ജബായ് ഭാഷാദേവന്‍ തുണൈ‘ എന്ന് 100 വട്ടം ആംഗ്യഭാഷയില്‍ ഉരുവിട്ട് നോക്കൂ. എന്നിട്ടും ഫലമില്ലെങ്കില്‍ വിട്ട ഉരുവില്‍ തന്നെ നാട് വിടൂ. (എന്നെക്കൊണ്ടിത്രേ ഉപദേശിയ്ക്കാന്‍ പറ്റൂ) :-)

ഒടോ: ദേവേട്ടാ..യേ പാഞ്ച് സോ എക് കാ രാസ് ക്യാ ഹേ? മല്ലികാ ഷേരാവത്ത് തോ നഹീം ?... :-)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

സുല്‍ നമ്മുടെ നാട്ടുകാര്‍ക്ക് മാത്രമേ ഈ രോഗം ഉള്ളൂ, ഇംഗ്ലിഷ് അറിയില്ലെങ്കില്‍ ഈ ലോകത്ത് ജീവിക്കാന്‍ സാധ്യമല്ല എന്ന വിചാരം!

ദേവോ ആ 501 സസ്പെന്‍സ് ഒന്ന് പൊളിക്കെന്റിഷ്ടാ...

കലേഷേ മറ്റു ചിലതും കൈവശമുണ്ട്, പോസ്റ്റിയാല്‍ ചിലപ്പോള്‍ ഖത്തറീന്നു തന്നെ എന്നെ പുറത്താക്കിയേക്കും!

പീലിക്കുട്ടീ :))

സിജൂ ദേവേട്ടനെ വിടാതെ പിടിച്ചോ...

ദില്‍ബാ നമ്മള്‍ മലയാളം പറയും, അവര്‍ ചൈനീസോ ജാപ്പനീസോ പറയും. വല്ലതും ഇംഗ്ലീഷില്‍ പറഞ്ഞാലാ‍ണ് പ്രശ്നം, ജബ ജബ, ഇല്ലെങ്കില്‍ മാഫി മുശ്കില്‍!

ഇടിവാള്‍ പറഞ്ഞു...

ദേവേട്ടന്‍ നീതി പാലിക്കുക !
501 കഥ എന്നു പറഞ്ഞു ഞങ്ങളു ചെറുപ്പക്കാരെ വികാരഭരിതരും, ആകാംക്ഷാകഞ്ചുകുഞ്ചുകിതരുമാക്കി മുള്‍മുനയില്‍ നിര്‍ത്താതെ ആ കഥ പെട്ടെന്നിറക്കുക. അറ്റ്ലീസ്റ്റ് എനിക്ക് ഈമെയില്‍ ചെയ്യുക..
സ്വാര്‍ത്താ, താങ്കളുടെ പക്കലുള്ള കഥകളും പോന്നോട്ടേ..

itival @ gmail. com

ഇളംതെന്നല്‍.... പറഞ്ഞു...

അത് കലക്കി മാഷെ..

Unknown പറഞ്ഞു...

ദേവേട്ടാ,
ഇടിവാളിനുള്ള മെയില്‍ സിസി റ്റു മീ ആള്‍സോ..പ്ലീസ് :-)

reshma പറഞ്ഞു...

സിമ്പ്ലി ഫണ്ടാ പോസ്റ്റ് !രണ്ടാമത്തെ വായനയിലും ആദ്യമെന്ന പോലെ ചിരിച്ചു.

(aside: ഇയ്യാക്കിടക്കിടക്ക് എഴുതിക്കൂടെ?)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഇളംതെന്നലേ നന്ദി :)

രേഷ്മാ എഴുതാം, തന്നേക്കുറിച്ചും!

ഇടിവാളേ, ദില്‍ബാ എന്റോടയ്ക്കും ഒന്ന് ഫോര്‍വേഡണേ, 501.

ദേവന്‍ പറഞ്ഞു...

ലുങ്കിമാന്‍ ചരിതം ഒരു ചവിട്ടു നാടകം അല്ലേ അപ്പോ അഭിനയിച്ച്‌ അയക്കാനേ പറ്റൂ. 5 സെക്കന്‍ഡ്‌ നീളമുള്ള ഒരു വീഡിയോ ക്ലിപ്പിംഗ്‌ നാളെ തന്നെ നിങ്ങള്‍ക്കെല്ലാം ഈമെയിലില്‍ പ്രതീക്ഷിക്കാം. ആദ്യം ഒരു ലുങ്കി കണ്ടുപിടിക്കട്ടെ.

മൊത്തം ലുങ്കിമാന്‍ ചരിതം നാടകം, ഉദ്ദേശം അരമണിക്കൂര്‍ നീളമുള്ളത്‌ ഒരു ഡിവിഡീ ആക്കി പ്രിസര്‍വ്വ്‌ ചെയ്തില്ലെങ്കില്‍ കാലാകാലത്തില്‍ അതില്ലാതാകുമല്ലോ. ഇത്രേം ഡയറക്റ്റന്മാര്‍ ഉള്ള ബൂലോഗത്തില്‍ എനി റ്റേക്കേര്‍സ്‌?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ദേവാ ലുങ്കിമാന്‍ ചരിതം നാടകം, സ്ക്രിപ്റ്റിംഗില്‍ ഞാനും കൂടാം. ട്രെയ്‌ലറിനായി കാത്തിരിക്കുന്നു...

ദിവാസ്വപ്നം പറഞ്ഞു...

സെല്‍ഫിഷ് ഭായ്,

മൂന്നു വിരലുമായി വരുന്ന കൊറിയാക്കാരന്റെ നമ്പര്‍, എന്റ് ഓഫീസിലുള്ള ഒരു സീനിയര്‍ കൊറിയക്കാരനോട് ഞാന്‍ പറഞ്ഞു. അവന്‍ ചിരിയോ ചിരി. ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഓര്‍ക്കുന്നത്, ദൈവമേ, സ്വാര്‍ത്ഥന്റെ പോസ്റ്റില്‍ കമന്റിട്ടിട്ടില്ലല്ലോന്ന്. വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ വീണ്ടും മറന്നു. ഇനി മറക്കുന്നതിനുമുന്നേ ഇതാ കമന്റ് ഇട്ടിരിക്കുന്നു.

:-‌)

ഇംഗ്ലീഷ് ഭാഷയറിയാത്ത ഞാന്‍ ജീവിച്ചുപോകുന്നതു തന്നെ ജാപ്പനീസല്ലാതെ മറ്റൊന്നും അറിയാത്തവരുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന മുറിമൂക്കനായതുകൊണ്ടാണ്. ചുറ്റിനും സ്പാനിഷ് മാത്രം സംസാരിക്കുന്ന മെക്സിക്കന്‍സും. എന്റെ ഭാഗ്യം

Unknown പറഞ്ഞു...

സ്വാര്‍ത്ഥാ,
തകര്‍പ്പന്‍, വായിച്ച് രസിച്ചു!

വാളണ്ടിയര്‍മാര്‍ ശരിയല്ല എന്നാണല്ലോ നമ്മുടെ റാത്തോഡ് അണ്ണന്‍ പറയുന്നത്‌! ഇനി റാത്തോഡും ഈ ഭാഷയില്‍ വല്ലതും ചോദിച്ചതാണോ?

ദേവാ,
501 ക്ലിപ് ഇങ്ങോട്ടും വിടണേ!

സു | Su പറഞ്ഞു...

ഇതൊക്കെ എഴുതിയത്. ഇനി ശരിക്കും സംഭവിച്ചത് പറയൂ സ്വാര്‍ത്ഥാ ;) ഇനി എല്ലാ നാട്ടിലേം ഓരോ ആള്‍ക്കാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കൂ. ഇനീം ആവശ്യം വരും.

ദേവന്‍ പറഞ്ഞു...

സപ്താ,
സംഭവം ഇങ്ങനെയായിരിക്കും സപ്താ.
ആര്‍ ഏ റ്റോഡ്‌ സഞ്ചീം കുന്തോം ആയി ഹോട്ടലില്‍ വന്നു കേറി. അവിടെ ഇരിക്കുന്ന ലെബനോണി പെണ്ണിനോട്‌
"ഹലോ, ഐം സുരേന്ദ്ര റാത്തോഡ്‌, ഷൂട്ടിംഗ്‌ കോണ്ടസ്റ്റന്റ്‌"

"ഷൂ ഹാദാ?"
" മീ, റാത്തോഡ്‌! മീ, ഡിഷൂം ഡിഷൂം ഡിഷൂം!"
ശും! ഡെസ്ക്‌ കാലി, ലോബിയും.

റാത്തോടന്‍ ഗസ്റ്റ്‌ ബുക്കില്‍ ഇങ്ങനെ എഴുതി " സ്റ്റാഫ്‌ വേര്‍ അണ്‍ അറ്റന്‍ഡീവ്‌ . ഗേവ്‌ മീ അ കോള്‍ഡ്‌ ഷോള്‍ഡര്‍ "

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ദിവാ വിജയീ ഭവ!

സപ്താ വളണ്ടിയര്‍ വിവാദത്തേക്കുറിച്ച് പിന്നീട്...

സൂ ഇതൊക്കെ നടന്നത്, നടന്നുകൊണ്ടിരിക്കുന്നത് ദാ ഇവിടെ...

ദേവോ 501 ഇതുവരെ കിട്ടിയില്ലാ!

sreeni sreedharan പറഞ്ഞു...

സ്വാര്‍ത്ഥന്‍ ചേട്ടാ,
കിടിലന്‍ പോസ്റ്റ്, ശരിക്കും രസിച്ചു.
ദേവേട്ടന്‍റെ ഡിഷും ശിഷൂം ഭീകരം! :)

Siju | സിജു പറഞ്ഞു...

ദേവേട്ടാ..
പറ്റിച്ചതാണല്ലേ.. :-(
501 എവിടെ

അജ്ഞാതന്‍ പറഞ്ഞു...

എനിക്ക്‌.. പിന്നേ.. അത്‌..
ഒരു സഭാ കമ്പം.. വീഡിയോ ഫയല്‍ അയക്കാന്‍. സ്റ്റില്ല് ഫ്രെയിം അയച്ചാല്‍ മതിയോ?