ഞായറാഴ്‌ച, നവംബർ 20, 2005

മരുഭൂമിയിലെ മഴക്കാലം

കാറ്റും മഴയും വന്നാലുടന്‍ കറന്റ്‌ പോകും. നാട്ടില്‍ മാത്രമല്ല, ഗള്‍ഫിലും (സ്വാര്‍ത്ഥന്‍ പ്രവാസിയാണ്‌). തുളസിയുടെ 'വൈകുന്നേരത്തെ മഴ'യില്‍ കുതിര്‍ന്നിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌; 'പീരങ്കിപ്പുര കടന്ന് മൂക്കുത്തി കിണറിനരികില്‍' എത്തിയതേ ഉള്ളൂ...

മരുഭൂമിയിലെ മഞ്ഞുകാലത്തിന്റെ ആഗമനം വിളംബരം ചെയ്തെത്തുന്ന വിരുന്നുകാരെ കാണാന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി. വാതില്‍ തുറന്നപ്പോള്‍ സഹവാസി അടുക്കളയിലെ വായ്‌വട്ടമുള്ള പാത്രങ്ങളെല്ലാം കയ്യിലെടുത്ത്‌ വരുന്നു: "ടെറസ്സില്‍ പ്ലാസ്റ്റര്‍ ഇളകിയിട്ടുണ്ട്‌...".

"നല്ല കാര്യം, വേലിപ്പടര്‍പ്പിലെ ചെമ്പരത്തിയെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുന്നത്‌ കാണാന്‍ കഴിയില്ലെങ്കിലെന്താ? തുള്ളിക്കൊരുകലം മഴ പുരയ്ക്കകത്ത്‌ കാണാന്‍ കിട്ടുമല്ലോ!" സഹവാസി വാപൊളിച്ച്‌ എന്നെ നോക്കിയില്ല. മഴയ്ക്ക്‌ മുന്‍പേ തന്നെ എന്റെ തലയ്ക്ക്‌ ഓളമുണ്ടെന്ന് അവന്‌ ഉറപ്പാണ്‌. അതുകൊണ്ടാണല്ലോ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയതു മുതല്‍ എന്നേയും പീസിയേയും തനിച്ചാക്കി സഹമുറിയനായിരുന്ന അവന്‍ അപ്പുറത്തെ മുറിയിലേക്ക്‌ ചേക്കേറിയത്‌.

താമസം മാറിയെങ്കിലും ഇപ്പോഴും എന്റെ കാര്യത്തില്‍ ഒരു മലയാളി മറ്റൊരു മലയാളിയോട്‌ കാണിക്കുന്നതില്‍ കവിഞ്ഞ്‌ താല്‍പര്യം അവന്‍ കാണിക്കുന്നുണ്ട്‌. പയ്യന്‍ വളര്‍ന്ന് വരുന്നല്ലേ ഉള്ളൂ, സ്വാര്‍ത്ഥനാവാന്‍ സമയമെടുക്കും. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് കാര്‍പറ്റ്‌ ചുരുട്ടിക്കെട്ടി ചോര്‍ച്ചാ സാദ്ധ്യതയുള്ളിടത്തെല്ലാം പാത്രങ്ങള്‍ നിരത്തി. ഏസി നിലച്ചത്‌ കാരണം ഹൈവേയില്‍ നിലവിളിച്ച്‌ പായുന്ന പൊലീസ്‌ വാഹനങ്ങളുടേയും ആംബുലന്‍സിന്റേയും ശബ്ദം വ്യക്തമായി കേള്‍ക്കാം. ആധുനിക യാത്രാസംവിധാനങ്ങളെല്ലാം തികച്ചും പൗരാണികമായ മഴയുടെ മുന്‍പില്‍ പാളുകയാണ്‌. ആരൊക്കെയോ ജീവിതത്തില്‍ നിന്നു തന്നെ വഴുതിപ്പോകുന്നു!

മഴയുടെ രാഗവിസ്താരത്തില്‍ ലയിച്ച്‌ മയങ്ങാമെന്ന് കരുതിയത്‌ വെറുതെ. അപശ്രുതിയായി തലങ്ങും വിലങ്ങുമുള്ള പാത്രങ്ങളില്‍ 'ബ്ലപ്‌, ബ്ലപ്‌'* ജലതരംഗം.

വെള്ളിയാഴ്ച അലാറത്തിന്‌ അവധിയാണ്‌. എന്നാലും ഉച്ചയൂണിന്‌ അല്‍പം മുന്‍പ്‌ കൃത്യമായി എഴുന്നേറ്റു. മഴ നന്നായി പെയ്തു കാണും, മട്ടന്‍ കറി തുളസിയുടെ പാടത്തെ ക്രിക്കറ്റ്‌ പിച്ച്‌ പോലെയിരിക്കുന്നു!

ആകാശവാണിയിലെ കാലാവസ്ഥാപ്രവചനം ശ്രവിക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട്‌ അലക്കാനും ഉണക്കാനും നിന്നില്ല, കറങ്ങാനിറങ്ങി. ഹൈവേയ്ക്കിരുവശവും 'ലാന്‍ഡ്‌ക്രൂയിസറുകളുടെ'* സംസ്ഥാനസമ്മേളനം. കുടുംബസമേതം 'മഴക്കാലം' ചെലവഴിക്കാന്‍ എത്തിയ അറബി കുടുംബങ്ങള്‍! ഞങ്ങള്‍ 'പിക്‍അപ്‌'* ഒതുക്കിനിറുത്തി 'പിക്‍നിക്‌' േസ്പാട്ടിലേക്കിറങ്ങി. അവിടവിടെയായി തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളം. അതിനുചുറ്റും പരവതാനി വിരിച്ച്‌ കുഞ്ഞുകുട്ടിപരാധീനതകളുമായി പിക്നിക്കുന്നവര്‍!

അല്‍പം അകലെ കുട്ടികളുടെ തിരക്കും ബഹളവും. ഒരു 'റിയാലി'ന്‌* ഒരു കടലാസുതോണി-വില്‍പ്പനക്കാരന്‌ നിന്ന് തിരിയാന്‍ നേരമില്ല. മിടുക്കന്‍, ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിംഗ്‌ തന്ത്രം പഠിച്ചവന്‍? തോണിയെല്ലാം ചൂട്‌ കുബ്ബൂസ്‌* പോലെ (ഗള്‍ഫില്‍ അപ്പമില്ല) വിറ്റുതീര്‍ന്നു.

പോകാനൊരുങ്ങുന്ന അയാളെ സൂക്ഷിച്ച്‌ നോക്കി. അറബിക്കുപ്പായം ധരിച്ച ഒരു 'മിസ്കീന്‍'(ദരിദ്രന്‍). ഒട്ടും സംശയിക്കേണ്ടി വന്നില്ല, ഞാന്‍ ചോദിച്ചു: "മലയാളിയാണല്ലെ...?".

ദൈന്യത നിറഞ്ഞ ആ മുഖത്ത്‌ അന്നത്തെ കുബ്ബൂസിനുള്ള വക ലഭിച്ചതിന്റെ സംതൃപ്തി ഒരു ചെറുപുഞ്ചിരിയായി വിടര്‍ന്നു.

*****

*ബ്ലപ്‌: ഞാന്‍ കേട്ടത്‌ ഇങ്ങനെയാണ്‌
*ലാന്‍ഡ്‌ക്രൂയിസര്‍(ടൊയോട്ട): മരുഭൂമിയിലെ കപ്പല്‍(ഒട്ടകം? അത്‌ പണ്ടായിരുന്നു)
*പിക്‍അപ്‌: ഞങ്ങളുടെ ലാന്‍ഡ്‌ക്രൂയിസര്‍ :)
*റിയാല്‍: ഗള്‍ഫിലെ പണം(കാണാപ്പൊന്നെന്നൊക്കെ പറയുന്ന...)
*കുബ്ബൂസ്‌: ഗള്‍ഫിലെ പ്രവാസി ബാച്ചിലറുടെ ദേശീയ ഭക്ഷണം

6 അഭിപ്രായങ്ങൾ:

viswaprabha വിശ്വപ്രഭ പറഞ്ഞു...

സ്വാർത്ഥന്റെ ബ്ലോഗു കാണുമ്പോൾ ഏറെ സന്തോഷമുണ്ട്.

ഇങ്ങനത്തെ ബ്ലോഗുകളാണ് പ്രതീക്ഷ വളർത്തുന്നത്.

മലയാളഭാഷയിൽ ബ്ലോഗുകൾക്കെന്തു പ്രസക്തി എന്ന ചോദ്യത്തിന്റെ ശക്തമായ ഉത്തരമാണ് താങ്കളെപ്പോലുള്ളവരുടെ ബ്ലോഗുകൾ.

ഡെയിൻ, നന്ദിയുണ്ട് ഈ അർപ്പണത്തിന്.
ഞങ്ങളുടെയൊക്കെ നൂറുനൂറുബ്ലോഗുകൾക്ക് തുല്യമാണ് താങ്കളുടെ ഒരൊറ്റയെണ്ണം.

ഡെയിൻ, പ്രതീക്ഷയുണ്ട് ഈ കടന്നുവരവിൽ.
ഒരിക്കൽ ഞങ്ങൾക്കും വീമ്പടിക്കാം, തുടങ്ങുമ്പോൾ ഞങ്ങളും ഡെയിനിന്റെ കൂടെയുണ്ടായിരുന്നുവെന്ന്‌!


തളരാതെ തുടർന്നെഴുതണം. ഒരു പാടൊരുപാടു വായനക്കാർ താങ്കളുടെ ഈ കൊച്ചുകൊട്ടാരത്തിൽ മൌനമായി വന്നുപോകാറുണ്ട്.

Kalesh Kumar പറഞ്ഞു...

വായിച്ച് സന്തോഷം തോന്നുന്നു!
ഉം അൽ കുവൈനിലും മഴ പെയ്തു.
ഇവിടെയും മഴയത്ത് ചോരുന്ന വീട് (വില്ലകൾ) ഉണ്ട്!
ഞാനതെകുറിച്ച് എഴുതാൻ വേണ്ടിയിരിക്കുകയായിരുന്നു!
എനിക്കെഴുതാൻ കഴിയുന്നതിലും ഏറെ മനോഹരമായി താ‍ങ്കൾ എഴുതിയതിൽ ഏറെ സന്തോഷമുണ്ട്!

ദേവന്‍ പറഞ്ഞു...

മരുഭൂമിയുടെ ഈ കോണില് മഴപെയ്തില്ല, എന്നാലും ഈ ബ്ലോഗ് വായിച്ചപ്പൊ മഴ കണ്ട ഒരു പ്രതീതിയുണ്ടായി!

Visala Manaskan പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വിശ്വപ്രഭ:) താങ്കള്‍ക്ക് വീമ്പടിക്കാന്‍ ശരിക്കും അവകാശമുണ്ട്. സ്വാര്‍ത്ഥന്‍ ബ്ളോഗാന്‍ തുടങിയത് തന്നെ താങ്കളുടെ പ്രേരണയാലാണല്ലോ!

കലേഷ്:) ഉം അല് കുവൈനിലെ ചോര്‍ന്നൊലിക്കുന്ന വില്ലകളെ കുറിച്ച് വായിക്കാന്‍ താല്പര്യമുണ്ട്. ഞാന്‍ എഴുതിയത് കണക്കാക്കേണ്ട. തന്റെ ശൈലി തികച്ചും വ്യത്യസ്ത്ഥമാണ്.

ദേവരാഗം:) ആസ്വാദനത്തിന്‍ നന്ദി
തുളസി:) ഇനിയും പ്രചോദനമാവുക
വിശാലാ:) താങ്കളുടെ ശൈലി കെങ്കേമം

Science Uncle - സയന്‍സ് അങ്കിള്‍ പറഞ്ഞു...

കൊള്ളാം സ്വാര്‍ത്ഥാ....നന്നായിട്ടുണ്ടല്ലോ!
സയന്‍സ് അന്‍കിള്‍

http://scienceuncle.blogspot.com