മെയ്ക്കപ്
സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.
തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.
കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.
സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!
വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാവൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.
എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.
ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.
ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.
പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.
“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.
“അതെന്തേ?”
“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.
സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.
സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.
അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”
വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!