മെയ്ക്കപ്
സ്വാര്‍ത്ഥന്റെ ആ ദിവസത്തെ മെയ്ക്കപ് സാമൂഹ്യപ്രവര്‍ത്തകന്റേതായിരുന്നു, നീളന്‍ ഖദര്‍ കുര്‍ത്തയും ജീന്‍സും തോള്‍ സഞ്ചിയും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കിടയില്‍ സേവനമനുഷ്ടിക്കുന്ന സംഘത്തിനുവേണ്ടി വീഡിയോ ഡോക്യുമെന്ററി നിര്‍മ്മാണം ലക്ഷ്യം.
തെഹല്‍കാ മോഡല്‍ ക്യാമറയും മറ്റും പ്രചാരത്തില്‍ ആയിട്ടില്ലാത്ത കാലം, വലിയ ഉപകരണങ്ങളുമായി പടം പിടിക്കാന്‍ ചെന്നാല്‍ പടമാകാന്‍ പോലും ആളെ തിരിച്ചു കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അന്തരീക്ഷം. ഉള്ളതില്‍ ഏറ്റവും ചെറിയ ക്യാമറ സഞ്ചിയിലൊതുക്കി ഞാന്‍ തുനിഞ്ഞിറങ്ങി. ചുവന്ന തെരുവിനോളം പ്രശസ്തമല്ലാത്ത, മുംബൈ അന്ധേരിയിലെ മറ്റൊരു തെരുവില്‍ കാത്തു നിന്ന സംഘത്തോടൊപ്പം ചേര്‍ന്നു.
കുര്‍ത്ത/ചുരിദാര്‍ സംഘം‘ഗലി’കളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പേ, പ്രതീക്ഷിച്ചപോലെ മുട്ടാളന്മാര്‍ മുന്നില്‍, പുതുമുഖത്തെ പരിചയപ്പെടണം! സംഘത്തലൈവി മാള്‍വിക പുതിയ സംഘാംഗമായ സ്വാര്‍ത്ഥനെ പരിചയപ്പെടുത്തി. ചുഴിഞ്ഞുള്ള അവരുടെ നോട്ടത്തില്‍ പരമാവധി നിഷ്കളങ്കനാകാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. ഗണേഷ് മനഃപൂര്‍വ്വം എന്റെ സഞ്ചിയില്‍ തിരുകിവച്ച ‘ഡബ്ബ’ തെളിഞ്ഞ് കണ്ടതുകൊണ്ടാകാം ഞാനും എന്റെ ക്യാമറയും ആ കശ്മലന്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്.
സംഘം പലതായി പിരിഞ്ഞ് ‘ചാലു’കളിലേക്ക് കയറി. ‘ഛോപ്പഡ’കളിലൊന്നില്‍ ഒറ്റക്കട്ടിലിലും നിലത്തുമായി ഇരുന്ന് എഴുത്തും വായനയും പഠിക്കുന്ന കുഞ്ഞുമക്കള്‍. മാള്‍വികയും ഗണേഷും അദ്ധ്യാപകര്‍. അവരെ സഹായിക്കാനായി ബിസിനസില്‍ നിന്ന് ഔട് ആയി എക്സ്പയറി ഡെയ്റ്റ് കാത്തു കഴിയുന്ന സ്ഥലവാസിയായ മുംതാസ്. രണ്ടാള്‍ക്ക് കഷ്ടിച്ച് പെരുമാറാവുന്ന ആ മുറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍!
വാതില്‍ തുറന്നിട്ടേ പഠിപ്പിക്കാവൂ, ഒച്ചയും ബഹളവുമൊന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ല(അപ്പുറവും ഇപ്പുറവും ‘തൊഴിലാളികള്‍’ ഉറക്കമായിരിക്കും!), പഠനം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളണം എന്നെല്ലാം നിബന്ധനകള്‍ ഉണ്ടത്രേ! മുറിയുടെ മൂലയില്‍ പാത്രം കഴുകുവാനും കുളിക്കുവാനും മറ്റുമായി ‘മോറി’ ഉണ്ട്. ഞാന്‍ അതിനകത്താണ്. വാതില്‍ക്കല്‍ വരുന്നയാള്‍ക്ക് മോറിയില്‍ നില്‍ക്കുന്ന എന്നെ കാണാം! മാളവിക സിഗ്നല്‍ തന്നതും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്നതിനു പകരം ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി..’ എന്ന് ഉരുവിട്ട് ക്യാമറ പുറത്തെടുത്തു.
എനിക്ക് ഭയം കുട്ടികളെ ആയിരുന്നു, അവരെങ്ങാന്‍ ‘ഷൂട്ടിംഗ്‘ ശ്രദ്ധിച്ചാല്‍ എന്റെ കാര്യം കട്ടപ്പൊക! മുംതാസ് പക്ഷേ, അവരെ പേടിപ്പിച്ച് ഇരുത്തിയിരിക്കുന്നു. ഞാനും പേടിച്ചു പോയിരുന്നു, മുംതാസിന്റെ മുഖം ആദ്യം കണ്ടപ്പോള്‍. കാശു കൊടുക്കാത്തതിനു ‘കെട്ടിയവന്‍’ ആസിഡ് ഒഴിച്ചു, അങ്ങിനെ ബിസിനസ്സില്‍ നിന്ന് ഔട് ആയി അത്രെ! മുംതാസിന്റെ ഭീകരതയെ ഒഴിവാക്കി കുട്ടികളുടേയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കില്‍ മുഴുകി ഞാന്‍.
ഒറ്റക്കട്ടിലിന്റെ മൂലയില്‍ ഇരിക്കുകയായിരുന്ന മുംതാസ് ഒരു മുന്നറിയിപ്പുമില്ലാതെയാണ് എന്റെ നേരെ ചാടി വീണത്. തോളില്‍ പിടിച്ച് എന്നെ താഴേക്ക് വലിച്ചിരുത്തി. കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കാന്‍ നാലുകാലില്‍ ഒരുവന്‍ വാതില്‍ക്കല്‍. എന്നെ മറച്ച് പിടിച്ച് മറ്റവനെ ചീത്ത വിളിച്ച് പറഞ്ഞു വിടുകയായിരുന്നു മുംതാസ്.
ആവശ്യമുള്ള ഷോട്ടുകള്‍ കിട്ടിയെങ്കില്‍ നിറുത്തിക്കോളൂ എന്ന മാള്‍വികയുടെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു. ഈ ശിരസ്സ് എനിക്കിനിയും വഹിക്കണമല്ലോ! കുട്ടികളുടെ ഒപ്പം ഞാനും ചേര്‍ന്നു.
പാഠം ഒന്ന്: ‘മാജാ ഷാളാ’(എന്റെ വിദ്യാലയം). “ഇതാണോ മോന്റെ വിദ്യാലയം?” പുസ്തകത്തിലെ ചിത്രം ചൂണ്ടി ഞാന്‍ ചോദിച്ചു.
“ഞാന്‍ സ്കൂളില്‍ പോകാറില്ല,” വിഷാദം കലര്‍ന്ന സ്വരത്തില്‍ അവന്‍ മൊഴിഞ്ഞു.
“അതെന്തേ?”
“സ്കൂളില്‍ എല്ലാരും ഞങ്ങളെ കളിയാക്കും, ഞങ്ങളുടെ അമ്മമാര്‍ ജോലിക്ക് പോകുന്ന കാര്യവും പറഞ്ഞ്.” മറുപടി പറഞ്ഞത് അവന്റെ പെങ്ങള്‍ ആണ്.
സ്തബ്ധനായ ഞാന്‍ മാള്‍വികയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം ആ കുട്ടികളുമായി കൂടുതല്‍ ഇടപഴകാനും അവരോടു സംസാരിക്കാനും ശ്രമിച്ചു. എല്ലാവരും സ്കൂളുകളില്‍ നിന്ന് ‘ഡ്രോപ് ഔട്സ്’. കാരണം ലളിതം, സഹപാഠികളുടെ കളിയാക്കലുകള്‍, കുറ്റപ്പെടുത്തലുകള്‍. മാളവികയും സംഘവും ഇവരെ വീടുകളില്‍ വന്ന് പഠിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്നു.
സ്വാര്‍ത്ഥന്‍ മാഷിനു ‘മറാഠി’ അറിയില്ല എന്ന് മനസ്സിലായപ്പോള്‍ എന്നെ പഠിപ്പിക്കാനായി അവര്‍ക്ക് താല്പര്യം. കളിച്ചും ചിരിച്ചും പഠിച്ചും, അനുവദിച്ച സമയം പോയതറിഞ്ഞില്ല. തിരികെയിറങ്ങാന്‍ നേരം ഒരു സംശയം മാത്രം ആ പയ്യന്‍ എന്നോട് ചോദിച്ചു, എന്റെ മനസ്സില്‍ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.
അമ്മമാര്‍ വൈകീട്ട് ‘വലിയ വലിയ പണക്കാരുടെ വീടുകളില്‍ വീട്ടുവേലയ്ക്ക് പോകുന്നതില്‍’ ആ കുട്ടികള്‍ക്ക് എതിര്‍പ്പില്ല. പയ്യന്റെ സംശയം ഇതായിരുന്നു, “ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”
വീട്ടുജോലിക്ക് പോകുമ്പോള്‍ അമ്മ എന്തിനിത്ര മെയ്ക്കപ് അണിയുന്നു എന്നതിന്റെ ഉത്തരം ഇന്നവന്‍ മുതിര്‍ന്നപ്പോള്‍ മനസ്സിലാക്കിക്കാണും!
35 അഭിപ്രായങ്ങൾ:
കുറുമാന്റെ മൃതോത്ഥാനം - 2 വായിച്ചപ്പോള്‍ എനിക്കിത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല!
ഈ ബ്ലോഗിന്റെ tagline മാറ്റാറായി ട്ടോ.
സ്വാര്ത്ഥന് ചേട്ടാ, നന്നായി എഴുതിയിരിക്കുന്നു..
nalla ezhuth
നന്നായിരിക്കുന്നു
മനോഹരമായ ഭാഷ. എന്തെല്ലാം അനുഭവങള്‍ സ്വാര്‍ത്ഥാ.
ഇതെടുക്കാന്‍ ചെന്ന ദിവസം അധ്യാപകര്‍ നല്ലവണ്ണം മേക്കപ്പ് ഇട്ടിരുന്നോ
നല്ല വിചാരങ്ങള്‍...!
നിഷ്കളങ്കമായ ചോദ്യം.
(ഉത്തരം കൊടുക്കാനാവാത്ത ചോദ്യം)
സ്വാര്‍ടത്ഥാ, ഇതെഴുതാന്‍ ഞാന്‍ ഒരു കാരണമായെന്നറിഞ്ഞതില്‍ സന്തോഷം. എന്റേത് ഭാവനയാണെങ്കില്‍, ഇതു തികച്ചും വാസ്തവം!
oru thulli kannuneer
രേഷ് ഇത് എന്റെ മനസ്സിന്റെ വിങ്ങല്‍ അല്ലെ! അവര്‍ക്ക് ഇതൊക്കെ ക്വയറ്റ് നാച്യുറല്‍ ആയിത്തീരും!!!
കുഞ്ഞന്‍സ് നന്ദി കുട്ടാ :)
പ്രസാദ് തേങ്ക്സ് :)
ആഷ നന്ദി :)
കുട്ടപ്പായി അവര്‍ക്ക് എന്നും ഒരേ മെയ്ക്കപ് ആണ്, കുര്‍ത്ത/ചുരിദാര്‍ & തോള്‍ സഞ്ചി! നാച്യുറാലിറ്റിക്കു വേണ്ടി, ആര്‍ഭാടമരുത് എന്ന് ഞാന്‍ വിലക്കിയിരുന്നു :)
അപ്പു നല്ലത്, പക്ഷേ നോവുന്നത്!
പടിപ്പുര ഉത്തരം കൊടുക്കാനാവാഞ്ഞത് എനിക്ക് മാത്രം ആയിരിക്കും. അവരുടെ ഇടയില്‍ വ്യക്തമായ ഉത്തരവും അത് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിവുമുള്ളവരും ഉണ്ട്. അവര്‍ക്കത് ജീവിതമാര്‍ഗ്ഗം ആണല്ലൊ!
കുറുമാന്‍ ഭാവനയും യാഥാര്‍ത്ഥ്യവും വല്ലാതെ ഇഴ ചേര്‍ന്ന് കിടക്കുന്നു. ഇത്തരം നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയുമുണ്ട്....
മനു നന്ദി, ആ തുള്ളിക്ക്...
രേഷ്മ പറഞ്ഞ മാതിരി ഈ ബ്ലോഗിന്റെ ടാഗ് ലൈന്‍ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.തീക്ഷ്ണമായ ഒരു ജീവിതാനുഭവം അല്ലേ,ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് കൂടി..!
ഒരു പുണ്യവും ജീവിതത്തില്‍ ഇതു വരെ ചെയ്തിട്ടില്ലല്ലോ എന്നോര്‍മ്മിപ്പിക്കും ഇത്തരം ചില കുറിപ്പുകള്‍.
Carry on, swartha.
:-(
പല ചോദ്യങ്ങളുടേയും ഉത്തരം അറിയാറാകുമ്പോള്‍ അറിയേണ്ടിയിരുന്നില്ല എന്നു തോന്നും.:)
പല തവണ മനസ്സില്‍ ഇട്ട് ഇരുക്കിയതിനു ശേഷമാവം, ഒരു തവണ ആ കുരുന്ന് ഇങ്ങനെ ചോദിക്കുന്നത്.
നൊമ്പരമായ് അവശെഷിക്കുന്ന ചോദ്യങ്ങള്‍.
ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ തിരിച്ചറിയുന്നു. ഞാനാണ് സ്വാര്‍ത്ഥന്‍.
കണ്ണൂസേട്ടന്‍ പറഞ്ഞത് തന്നെ.
സ്വാര്ത്ഥന് :|
സ്വാര്‍ത്ഥാ... വല്ലാത്തൊരു ചോദ്യം തന്നെ അത് :(
കണ്ണൂസിന്‍റെ വരികള്‍... ഏറ്റുപറയുന്നു
കിരണ്‍സ് നമുക്കാണ് ഉത്തരം മുട്ടുന്നത്. ഇതെല്ലാം കൂളായി ഡീല്‍ ചെയ്യുന്ന എത്രയോ മനുഷ്യര്‍!!!
കണ്ണൂസ് പുണ്യം ആപേക്ഷികം. കാലത്തേ കൈ വിറയ്ക്കുന്നവന്റെ കയ്യില്‍ ഒരു പൈന്റ് പിടിപ്പിച്ചാല്‍ അതവനോട് ചെയ്യുന്ന പുണ്യം!!!
സിജു :))
വേണു എന്നാലും വീണ്ടും നമ്മള്‍ ചോദിക്കും അല്ലേ, പുതിയ ഉത്തരങ്ങള്‍ക്കായി...
മുല്ലേ ആ പ്രായത്തില്‍ അവനത് ചോദിച്ചു. അല്പം വളര്‍ന്നാല്‍ അവനും അവന്റെ പെങ്ങളും അതിന്റെ ഒരു ഭാഗം ആയി മാറും!!!
ദില്‍ബാ ‘മക്കള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കൂ‘ എന്ന് പറഞ്ഞ് ടിപ് കൊടുക്കുന്ന കസ്റ്റമേഴ്സും അവരുടെ അമ്മമാര്‍ക്ക് ഉണ്ട്!!!
സൂ :-| ഇങ്ങനെ ആകാന്‍ ആയിടെ ആണ് ഞാന്‍ ശീലിച്ചത്
അഗ്രജാ ചോദ്യം നമുക്ക് വല്ലാത്തത്, ഉത്തരം അവരുടെ മാതാപിതാക്കള്‍ക്ക് സിമ്പിള്‍!!!
സ്വാര്ത്ഥന് വരച്ചു കാട്ടിയ ഈ ചിത്രം കൊച്ചി നഗരത്തിന്റെ മതിലിലും ആരോ കോറിയിടാന്‍ തുടങ്ങിയിരിക്കുന്നു. ഹെല്‍ത്-സെക്സ് എന്ന രണ്ടു വാക്കുകള്‍ക്കിടയില്‍ നക്ഷത്ര ഒളിച്ചുകളി നടത്തിയിരുന്ന ടൂറിസം ലേബല്‍ പൊളിച്ച് പുറത്തേക്കിറങ്ങിത്തുടങ്ങിയിരിക്കുന്നു. വരും വര്‍ഷങ്ങള്‍ മുംബായ് മോഡല്‍ ലൈംഗിക അരാജകത്വം നമുക്കും സമ്മാനിക്കാനിരിക്കുന്നത് ഒരുപക്ഷെ ഇത്തരം കുട്ടികളെയും അനുഭവങ്ങളെയും തന്നെയാവാം. കാത്തിരുന്നു കാണുക, മറ്റൊന്നും ചെയ്‌വാനില്ല.
സ്വാര്‍ഥാ , ഇപ്പോഴാ കണ്ടത് ,
വല്ലാത്തനൊമ്പരമാക്കിയ ചോദ്യം
മേയ്കപ്പില്ലാതെ പോകുന്നവരുണ്ടാവില്ലേ?
ശരിയാണു പ്രത്യേക മേയ്കപ്പൊന്നുമില്ലാതെ ആഫീസില്‍ പോകുന്ന, അച്ഛനമ്മമാരുടെ കുട്ടികള്‍ക്ക് കുറ്റപെടുത്തലുകളോ കളിയാക്കലോ കേള്‍ക്കേണ്ടി വരാറില്ല.
ഇത് മാത്രം ജോലിയാക്കി വച്ചിരിയ്കുന്ന സ്ത്രീകളുടെ കുട്ടികള്‍ പാവങ്ങള്‍!
തീവ്രമായ അനുഭവങ്ങള്‍! നിഷ്കളങ്കമായ ചോദ്യവും, എന്നിട്ടും ഉത്തരം മുട്ടുന്ന സന്ദര്‍ഭവും! നൊംബരമാവുന്ന ഒരു കുറിപ്പ്..
തീവ്രമായ അനുഭവും എഴുത്തും..
ഇക്കാസ് എന്റെ അറിവില്‍, കൊച്ചിയിലെ ‘സാമൂഹ്യപ്രവര്‍ത്തക ലേബല്‍’ ഉള്ളവര്‍ ചിലര്‍ ഇതില്‍ നിന്നും നേട്ടം കൊയ്യാന്‍ തയ്യാറായി ഇരിക്കുന്നു. വേണ്ട വണ്ണം പ്രൊമോട് ചെയ്താല്‍ നല്ല ലാഭം നല്‍കുന്ന ബിസിനസ് തന്നെയാണ് ഇത്തരം ‘സാമൂഹ്യപ്രവര്‍ത്തനം’!!!
തറവാടി നൊമ്പരം പങ്കുവച്ചതിനു നന്ദി.
അതുല്യ ഇവരുടെ മെയ്ക്കപ് ഒരു ഒന്നൊന്നര മെയ്ക്കപ് വരും. നിയോണ്‍ ലൈറ്റിലായാലും വാഹനത്തിന്റെ ഹെഡ്ലൈറ്റിലായാലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടണമല്ലോ. കൂടാതെ, നേരം വെളുക്കുന്നത് വരെയും കസ്റ്റമേഴ്സിനെ അറ്റന്‍ഡ് ചെയ്യേണ്ടതല്ലേ!
അത്തിക്കുര്‍ശി അവരുടെ തീവ്രതയും നിഷ്കളങ്കതയും നൊമ്പരവുമെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ അലിഞ്ഞില്ലാതാവുകയാണ് പതിവ്.
സിജി ഇനിയും പലതുമുണ്ട്, എഴുതാന്‍ വയ്യ....
‘മേയ്ക്കപ്’ കാണാന്‍ വൈകി. സ്വാര്‍ഥലോകം കണ്ടു:( നിസ്വാര്‍ഥരേയും കണ്ടു...
ആശംസകള്‍ ജീ:) , എഴുത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും.
എന്റെ ചോദ്യത്തിനു ഉത്തരമായില്ല.
നന്മ നിലക്കാത്ത .....
നല്ല വിചാരങ്ങള്‍ മാത്രമുളള.....
സ്വാര്‍ത്ഥന് എല്ലാ ഭാവുകങ്ങളും.....
സ്വാര്‍ത്ഥാ..എന്തിനിതെഴുതി...
വായിച്ചപ്പോള്‍ വായിക്കേണ്ടിയിരുന്നില്ല്ല എന്നാണ് ആദ്യം തൊന്നിയത്...പക്ഷെ...
ഈ ജന്മം പാഴായത് പോലെ..
ഇങ്ങനെയെത്ര കുട്ടികള്‍ അല്ലെ...
മനസ്സിന്റെ വിങ്ങല്‍ മാറുന്നില്ല....
സ്വാര്‍ത്ഥോ, തമാശിച്ചെഴുതിയാലും കരഞ്ഞു പോകുന്ന വിഷയം അല്ലേ?
“ഭയ്യാ, ....... അമ്മീ ഇത്നാ മെയ്ക്കപ് ക്യൂം ലഗാക്കെ ജാത്തീ ഹെ?”
ഈ ചോദ്യം ആരും ചോദിച്ചു പോകും. ഒരു 4 വര്‍ഷത്തോളം സ്ഥിരമായി ട്രൈനില്‍ യാത്ര ചെയ്യേണ്ടി വന്നീട്ടുണ്ട്. അതില്‍ രണ്ട് വര്‍ഷവും സീസണ്‍ ടിക്കറ്റിലയിരുന്നു. എന്നും വന്നുപോകും. ആദ്യകാലങ്ങളില്‍ തന്നെ ഒരു യാത്രക്കാരി എന്റെ ശ്രദ്ധയാകര്‍ഷിച്ചു. തിങ്കളാഴ്ചകളില്‍ മാത്രം ഉണ്ടാകുന്ന ഒരു സ്ത്രീ.ലേഡീസ് വെയിറ്റിങ് റൂമിലും ലേഡീസ് കമ്പാര്‍ട്ടുമെന്റിലും പെട്ടെന്നവരെ ശ്രദ്ധിച്ച് പോകും. ആ മെയ്ക്കപ്പ് ആയിരുന്നു ആ ആകര്‍ഷനത്തിനു പിന്നിലെ ഘടകം. ഏതു തിരക്കിനിടയിലും അത് ശ്രദ്ധിച്ച് പോകുമായിരുന്നു. മാത്രമല്ല പ്രായത്തിനു ചേരാത്ത വേഷവും, സണ്‍ഗ്ലാസും, മുക്കുപണ്ടവും എല്ലാത്തിനുമുപരി പ്ലാസ്റ്റിക് കൂടിലെ ഒരു ജോടി ഡ്രസ്സും! അവരാരായിരുന്നോ, എന്തായിരുന്നെന്നോ എന്നറിയില്ല. 4 വര്‍ഷവും സ്ഥിരം തിങ്കളാഴ്ചകളില്‍ അവരെ കാണുമ്പോള്‍ “ എന്തിനാണവോ ഇത്ര മെയ്ക്കപ്പ്?” എന്ന് ഞാനും സ്ഥിരമായി ചോദിച്ചു പോകുമായിരുന്നു. പിന്നെയും ഇടയ്ക്കൊക്കെ തിങ്കളാഴ്ച യാത്രകളില്‍ അവരെ കാണുകയും ഈ ചോദ്യം എന്റെ മനസ്സില്‍ വരുകയും ചെയ്തു. ഇത്തവണ പക്ഷേ അവരെ കണ്ടില്ല.
വേഡ് വെരി: ലുക്മി (loqkmii) അക്രമം!
അനുഭവങ്ങള്‍, ആവശ്യങ്ങള്‍....!
വളരേ കഷ്ടാ സ്വര്‍ത്ഥാ, ഇവരുടെ ജീവിതം. ഞാന്‍ ജോലി ചെയ്തിരുന്ന ഓപെറാ ഹൌസ് റോഡില്‍ ഒരു രഷ്മിവിഹാര്‍ ഉണ്ടായിരുന്നു. വളരെ പോഷ് ആയ ഈ ഏരിയായില്‍ ആ വലിയ ബില്‍ഡിംഗില്‍ മൂന്നു നിലകളിലും ഇവര്‍ തന്നെ. തൊട്ടു മുമ്പിലുള്ള അമ്പലത്തില്‍ തൊഴാന്‍ വരും, എന്നും കാലത്തേ...ഞങ്ങള്‍ക്ക് ദര്‍ശനം തരാന്‍ എന്നോണം(എന്റെ വയസ്സ് അന്ന്:21)
സ്വാര്ത്ഥന്,
നല്ല കുറിപ്പ്, കുറുമാന്‍റെ മൃതോത്ഥാനം കഴിഞ്ഞ് നേരെയെത്തിയത് കൊണ്ടാവും ഒരു ചലച്ചിത്ര സീക്വന്‍സുപോലെ ഉള്ളില്‍ തട്ടുന്നതായി. ഒരു ഡൊക്കുമെന്‍ററി ചിത്രം BORN INTO BROTHELS, അതിലെ പ്രമേയം കല്‍ക്കട്ടയിലെ ചുവന്ന തെരുവിലെ അമ്മമാരുടെയും കൂട്ടികളുടെയും ജീവിതമാണ്. പ്രത്യേകത, ആ കുട്ടികളെ കൊണ്ട് തന്നെ ക്യാമറ ചലിപ്പിച്ചിരിക്കുന്നു, സംവിധായകനും ക്യാമറമാനും. (ഓസ്കാര്‍ നേടിയ ചിത്രമാണിത്) അമ്മമാരുടെ സങ്കീര്‍ണ്ണയാര്‍ന്ന ജീവിതത്തിലേക്ക് അവരുടെ തന്നെ കുട്ടികള്‍ പിടിച്ച നേര്‍കണ്ണാടിയാണീ ചിത്രം.താങ്കളുടെ ഈ കുറിപ്പ് ഒരു നിമിഷം ആ ചിത്രത്തിലേക്ക് കൊണ്ട് പോയി എന്‍റെ ഓര്‍മ്മകളെ. നന്ദി.
സ്വാര്ത്ഥന്,
നന്നായിട്ടുണ്ട്.
tചങ്ങാതീ,
നിങ്ങടെ ഒരു നിക്ക്നെയിം!
ഈ ഒറ്റ പോസ്റ്റിന്റെ പേരില്‍ നിങ്ങളെ ഞാനെന്റെ കേരളഹഹഹ യില്‍ വരച്ചിടൂം..
കുറുമാന്റെ എര്‍ണാളം പരിപാടിയ്ക്ക് കണ്ടപ്പോഴേ കരുതീര്‍ന്നതാ...
ആശംസകള്‍ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ