ചൊവ്വാഴ്ച, ഫെബ്രുവരി 14, 2006

രണ്ട്‌ ജന്മങ്ങള്‍

സ്വാര്‍ത്ഥ ജനനം ഏതാണ്ട്‌ ഇപ്രകാരമായിരുന്നു (ദുര്‍ബല ഹൃദയര്‍ ജാഗ്രതൈ!):

ഇരിഞ്ഞാലക്കൊടേല്‍ത്തെ ഇട്ടിക്കുരൂന്റെ ആശ്പത്രി. പ്രസവവേദനകൊണ്ട്‌ പുളയുന്ന ആ യുവതിക്ക്‌ ചുറ്റും ഡോക്ടറും പരിവാരങ്ങളും. ഞാന്‍ അന്നേ സ്വാര്‍ത്ഥന്‍. എന്റെ അമ്മയുടെ ഉദരം എന്റെ മാത്രം സ്വന്തം! അവിടം വിട്ട്‌, ഈ കശ്മലന്മാരുടെ ലോകത്തേക്ക്‌ ഞാനില്ല എന്ന് തീരുമാനിച്ചു. ഡോക്ടറുണ്ടോ സമ്മതിക്കുന്നു. കയ്യില്‍ കിട്ടിയ ചവണ/പ്ലെയര്‍/കൊടില്‍, ഇവയിലേതോ ഒന്നുമായി എന്റെ നേര്‍ക്ക്‌.

"നിന്നെ ഇപ്പം ശരിയാക്കിത്തരാടാ"ന്ന് ഡോക്ടറും, "ന്നാ കാണാടാ"ന്ന് ഞാനും.

ഒരുവിധത്തില്‍ എന്റെ തല അയാള്‍ വലിച്ച്‌ പുറത്തിട്ടു. ഇനി രക്ഷയില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു, "ഇയാള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം."

അടുത്ത അറ്റംറ്റില്‍, തോല്ക്കുമെന്നുറപ്പായ വടംവലിക്കാര്‍ "എന്നാ കെടക്കട്ടെ" എന്ന് പറഞ്ഞ്‌ വടം അഴിച്ച്‌ വിടും പോലുള്ള ഒരു പണി ഞാന്‍ കൊടുത്തു.

കളിക്കുമ്പോള്‍ 'സ്റ്റാച്യൂ' പറഞ്ഞപോലെ നടു വിലങ്ങി ഡോക്ടര്‍ ഒരേ നില്‍പ്‌! കയ്യിലിരുന്ന ചവണ വഴുക്കി. അതിന്റെ അടയാളം എന്റെ SSLC പുസ്തകത്തില്‍ ഇപ്പോഴുമുണ്ട്‌, 'A scar on the right side of the right eye'.

"ഇനി ഇവടെ പറ്റില്ല, വേഗം തൃശൂര്‍ക്ക്‌ വിട്ടോ", ഡോക്ടര്‍ സുല്ലിട്ടു.

എന്റപ്പന്‍, യുദ്ധരംഗത്ത്‌ തളരാത്ത എക്സ്‌ നേവിക്കാരന്‍, ടാസ്കി വിളിച്ച്‌ അമ്മേം കൊണ്ട്‌ നേരെ വിട്ടു. എന്റെ ആദ്യ തൃശൂര്‍ യാത്ര! ഞാനിങ്ങനെ തല പുറത്തിട്ട്‌ കാഴ്ചകളൊക്കെ കണ്ട്‌... വല്ലാണ്ട്‌ കാറ്റടിച്ചപ്പോള്‍ പതുക്കെ തല ഉള്ളിലേക്ക്‌ വലിച്ചു.

മിഷ്യനാശ്പത്രിക്കാര്‍ ഇത്‌ കൊറേ കണ്ടതാ. അവര്‌ വാക്കത്തീം വടിവാളുമായി ടീമായി വന്ന് അമ്മേടെ വയറ്‌ കീറി. ഒന്ന് ചെറുത്ത്‌ നില്ക്കാന്‍ പോലും അനുവദിക്കാതെ, എന്നെ എടുത്ത്‌ പുറത്തിട്ടു. കുറുമ്പ്‌ കാട്ട്യേന്‌ കുഞ്ഞിച്ചന്തീമ്മൊരു പെട! (നന്നായി വേദനിച്ചൂ ട്ടോ)

കലാലയത്തില്‍ വച്ച്‌ മറ്റൊരു ജന്മത്തെ പരിചയപ്പെട്ടു. ആ ജനനം ഇങ്ങനെ:

എട്ട്‌ മാസം ഗര്‍ഭിണിയായ യുവതി, യെര്‍ണാളം ഓച്ചന്തുരുത്ത്‌ വളപ്പ്‌ ദേശത്തെ വീടിനടുത്തുള്ള പള്ളിയിലേക്ക്‌ പോകുന്നു. വഴിയില്‍ വച്ച്‌ മരപ്പാലം തകര്‍ന്ന് 'ബ്ലും', ദേ കെടക്കണ്‌ അവര്‍ താഴെ തോട്ടില്‍! ആശുപത്രി കിടക്കയില്‍ രണ്ടാള്‍ക്ക്‌ സ്ഥലമില്ലാതിരുന്നത്‌ കാരണം, മാസം തികയാത്ത കുഞ്ഞിനെ നഴ്സമ്മമാര്‍ അവരുടെ മുറിയില്‍ പുല്ക്കൂടുണ്ടാക്കി ലൈറ്റൊക്കെയിട്ട്‌ കിടത്തി.

പരുക്കൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെട്ട്‌ തുള്ളിച്ചാടി നടന്ന ആ കുഞ്ഞിന്‌ രണ്ടര വയസ്സായി. സര്‍ക്കാരിന്‌ നിര്‍ബന്ധം, കുഞ്ഞുങ്ങള്‍ക്ക്‌ 'പോളിയോ' എടുക്കണം. എടുത്തു. രണ്ടാം ദിവസം അക്ഷരാര്‍ത്ഥത്തില്‍ 'പോളിയോ' കിട്ടി.

ഒരു വശം മുഴുവന്‍ തളര്‍ന്ന കുഞ്ഞിനെ കോട്ടക്കലെ വൈദ്യരും ഗോവയിലെ ഡോക്ടറും മറ്റും ചേര്‍ന്ന് ഒരുപാട്‌ കാലം കൊണ്ടാണ്‌ എഴുന്നേറ്റ്‌ നടക്കാന്‍ പാകമാക്കിയത്‌.

ഇതിപ്പൊ, പിടിച്ചേലും വല്ലീതാണല്ലോ അളേല്‌, എന്ന മട്ടായി ഞാന്‍. ന്നാലും, പിന്നീടൊരിക്കല്‍ ചോദിച്ചു, "കൂടെ കൂടുന്നോ"ന്ന്.*

ഇന്നവള്‍ മറ്റ്‌ രണ്ട്‌ ജന്മങ്ങളുടെ, സ്വാര്‍ത്ഥന്റെ ചുണക്കുട്ടന്മാരുടെ, അമ്മയാണ്‌!

*അന്നൊരു ഫെബ്രുവരി 14 ആയിരുന്നു.
'ഏവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വാലന്റൈന്‍ ദിനാശംസകള്‍'

22 അഭിപ്രായങ്ങൾ:

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

സ്വാർഥനും ചുണക്കുട്ടന്മാരുടെ അമ്മയ്ക്കും വളരെ സന്തോഷം നിറഞ്ഞ വാലന്റൈൻസ്‌ ഡേ ആശംസകൾ..!

ചില നേരത്ത്.. പറഞ്ഞു...

ഓര്‍ത്തെടുക്കാന്‍ മാത്രം പ്രാധാന്യമില്ലാതെ മറ്റൊരു പ്രണയദിനം കൂടെ..
പ്രണയിക്കുന്നവര്‍ക്ക്,പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്ക്, പറയാതെ പോയ പ്രണയങ്ങള്‍ക്ക്, പ്രണയിച്ച് പിന്നെങ്ങോ മറഞ്ഞവര്‍ക്ക്,ഒരായിരം ആശംസകള്‍ !!
-ഇബ്രു-

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Adithyan പറഞ്ഞു...

സ്വാർത്ഥാ,
സന്തോഷപ്രദമായ ഒരു പ്രണയദിനം ആശംസിക്കുന്നു.

Kalesh Kumar പറഞ്ഞു...

പ്രിയ സ്വാർത്ഥൻ, പുറം പെരുക്കുന്ന കാര്യം എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു! സർഗ്ഗചേതനയ്ക്ക് മുൻപിൽ പ്രണാമം ഗുരോ!

ഭാര്യയ്ക്കും ഭർത്താവിനും കുട്ടന്മാർക്കും വാലന്റൈൻ ദിനാശംസകൾ!

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

അതു ശരി. പിള്ളേരു രണ്ടായിട്ടും പിള്ളേരു കളി നിര്‍ത്താറായില്ല അല്ലേ! മനസ്സ് ഇപ്പോഴും കെ.കെ.ടി.എം. ക്യാമ്പസ്സിലെ അക്വേഷ്യാ മരങ്ങള്‍ക്കിടയില്‍ തന്നെ. കൊള്ളാം.

വളരെ മനോഹരമായിട്ടുണ്ട്. എന്‍റെയും പ്രണാമം.

അരവിന്ദ് :: aravind പറഞ്ഞു...

അത്യുഗ്രം-അതി മനോഹരം..എങ്കിലും വയിച്ചപ്പോള്‍ കാലിലൊരു പെരുപെരുപ്പ്..കലക്കി മാഷെ..
സ്കാനിംഗ് ഇല്ലാതിരുന്ന കാലത്ത് അമ്മയുടെ വയറു കണ്ട് ഡോക്ടര്‍ പറഞ്ഞു-“ദ് ഇരട്ട തന്നെ.” ഇരട്ട കുപ്പായങ്ങള്‍ തയ്ച്ചു വച്ചു കാത്തിരുന്നവരുടെ മുന്നിലേയ്ക്ക് വന്നിറങ്ങി ഞാന്‍ പറഞ്ഞു - “പറ്റിച്ചേ..”
അമ്മ ചിരിച്ചു - “ഹയ്! ഇദാര് ഭീമസേനനോ!“

സു | Su പറഞ്ഞു...

പ്രണയിക്കാന്‍ പ്രത്യേകമായിട്ട് ഒരു ദിനം വേണ്ട. എന്നാലും ഈ തിരക്കില്‍ അതും ഒരു ആശ്വാസം.

ചുണക്കുട്ടന്മാരുടെ അച്ഛനും അമ്മയ്ക്കും പ്രണയദിനാശംസകള്‍.

Visala Manaskan പറഞ്ഞു...

എന്തിലും എന്തെങ്കിലും ഒരു ചേയ്ഞ്ചൊക്കെ വേണമെന്നല്ലേ..! അപ്പോൾ മിസ്റ്റർ ഏന്റ്‌ മിസ്സിസ്സ്‌ സ്വാർത്ഥന്‌ എന്തുകൊണ്ടും അഭിമാനിക്കാം.

ആക്ച്വലി, എന്റെ പാരന്റ്സ്‌, ചേച്ചിയേലും ചേട്ടനേലും പത്തുവയസ്സോളം ഗ്യാപ്പിട്ട്‌ എന്നെ ജനിപ്പിച്ചത്‌ മനപ്പൂർവ്വം അല്ലായിരുന്നു.

അതുകൊണ്ട്‌, എന്നെ ഒഴിവാക്കാൻ, ചുള്ളത്തി(അമ്മ) ഗുളികവരെ കഴിച്ചുത്രേ.. പക്ഷെ, 'മ്മള്‌ പിടി വിട്ടില്ല'

ഞാൻ കുഞ്ഞിക്കണ്ണനും കോഴിക്കാലനും അപാര ബുദ്ധിശക്തിക്കുറവുള്ളവനുമായതിന്റെ കാരണം 'അമ്മ കഴിച്ച ഗുളികയാണമ്മേ' എന്നു പറയുമ്പോൾ 'ഓ ആ ഗുളികകൂടെ കഴിച്ചില്ലായിരുന്നെങ്കിൽ നീ ഞങ്ങളെ 'മറിയാൻ ചാൻസുള്ള ഏതെങ്കിലും ട്രെയിനിൽ കയറ്റി വിട്ട്‌ സർക്കാർ തരുന്ന അടിയന്തിര സഹായം വാങ്ങി പുതിയ കാറ്‌ വാങ്ങിയേനേ' എന്ന് അമ്മ പറഞ്ഞിരുന്നു.

'വലന്റൈൻസ്‌ ദിനാശംസകള്‌ '

അരവിന്ദ് :: aravind പറഞ്ഞു...

അത്യുഗ്രം-അതി മനോഹരം..എങ്കിലും വയിച്ചപ്പോള്‍ കാലിലൊരു പെരുപെരുപ്പ്..കലക്കി മാഷെ..
സ്കാനിംഗ് ഇല്ലാതിരുന്ന കാലത്ത് അമ്മയുടെ വയറു കണ്ട് ഡോക്ടര്‍ പറഞ്ഞു-“ദ് ഇരട്ട തന്നെ.” ഇരട്ട കുപ്പായങ്ങള്‍ തയ്ച്ചു വച്ചു കാത്തിരുന്നവരുടെ മുന്നിലേയ്ക്ക് വന്നിറങ്ങി ഞാന്‍ പറഞ്ഞു - “പറ്റിച്ചേ..”
അമ്മ ചിരിച്ചു - “ഹയ്! ഇദാര് ഭീമസേനനോ!“

Santhosh പറഞ്ഞു...

ഓ, ഇങ്ങനെ ആര്‍ഭാടമൊന്നുമില്ലാതെ ജനിച്ചവര്‍ക്കും ജീവിക്കണ്ടേ? :)

സസ്നേഹം,
സന്തോഷ്

രാജ് പറഞ്ഞു...

സ്വാര്‍ത്ഥന്റെ പോസ്റ്റ്
അരവിന്ദനെന്ന ഭീമസേനന്‍
വിശാലനെ ഈ പരുവമാക്കിയ ഗുളിക

ഞാന്‍ കോരിത്തരിച്ചുപോയ്...

വേഗം സന്തോഷത്തിന്റെ കൂട്ടത്തില്‍ ചേര്‍ന്നു.

അതിനിടയിലാര്‍ക്കാണു ‘വാല്‍’ണ്ടായതു്??

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ഡോക്ടറുടെ കൈപ്പിശകു്‌ SSLC ബുക്കില്‍ ആടയാളപ്പെടുത്തിയ സഹോദരാ..
പോളിയോ എടുത്തു്‌ പോളിയോ കിട്ടിയ സഹോദരീ....
രണ്ടിന്റേം ഉല്‍പന്നങ്ങളേ.
നിങ്ങള്‍ക്കു സ്നേഹം

സൂഫി പറഞ്ഞു...

നിസ്വാര്‍ത്ഥമായി ജന്മ രഹസ്യം പങ്കു വെച്ച ഞങ്ങളുടെ പ്രിയ സ്വാർത്ഥനും , മറ്റു മൂന്നു പുണ്യജന്മങ്ങൾക്കും
എല്ല്ലാ വിധ ഭാവുകങ്ങളും.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

മേഘങ്ങളേ, ആദീ നന്ദി

ഇബ്രൂ ഓര്‍ത്തെടുക്കാന്‍ പ്രാധാന്യമുള്ള ഒരു പ്രണയ ദിനം വന്നു ചേരട്ടേ എന്നാശംസിക്കുന്നു

കലേഷ് ഇത് വായിച്ചാല്‍ അമ്മ എന്റെ പുറത്തിട്ട് പെരുക്കും

സാക്ഷീ സത്യം പറയട്ടെ, ആ അക്ക്വേഷ്യാ കാട്ടില്‍ ഞങ്ങളൊന്നിച്ച് ഇതുവരെ പോയിട്ടില്ല. ക്യാമ്പസില്‍ അധികമാര്‍ക്കും പിടികൊടുക്കാതിരുന്ന ഒന്നായിരുന്നു ഞങ്ങളുടെ പ്രണയം.

ഭീമസേനാ :)

സൂ ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയതും പള്ളീലച്ചന്റേം നാട്ടുകാരുടേം മുന്നില്‍ വച്ച് പരസ്പരം സഹിച്ചോളാന്ന് സമ്മതിച്ചതും വാലന്റൈന്‍ ദിനങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ, വിവാഹ വാര്‍ഷികത്തേക്കാളും ഞങ്ങള്‍ക്ക് പ്രിയം ഈ ദിനം തന്നെ.

വിശാലോ എഴുത്തിലെ ‘വിശാലന്‍ ഇഫക്റ്റും‘ ഗുളികന്‍ ഇഫക്റ്റാണോ?

സന്തോഷ് ഞങ്ങളുടെ മക്കള്‍ക്ക് ഇത്തരം ആര്‍ഭാടത്തിന് ഭാഗ്യമില്ലാതെ പോയി. രണ്ടും നോര്‍മല്‍ !!

പെരിങ്സ് വാല്‍??

സിദ്ധാര്‍ത്ഥാ ഒരു ചുമട് സ്നേഹം തിരിച്ചങ്ങോട്ടും

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പെരിങ്സ് വാല്ണ്ടായത്.. ഇപ്പം പുടികിട്ടീ :)

സൂഫീ, തുളസീ നന്ദി :)

reshma പറഞ്ഞു...

:)

Thomas പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു. ഇനിയും സ്നേഹത്തോടെ ഓര്‍ക്കാന്‍ ഒരായിരം വാലെന്റൈന്‍ ദിനാശംസ്സകള്‍ കൂടി.

nalan::നളന്‍ പറഞ്ഞു...

ഹ ഹ !! രസിച്ചു, ജന്മങ്ങളേ!
അപ്പോ വാലുണ്ടായതങ്ങനെയായിരുന്നൂല്ലേ

സ്വാര്‍ത്ഥന്‍ പറഞ്ഞു...

രേഷ്മാ :) :)

മരപ്പട്ടീ നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും ഒരായിരം നന്ദി

നളോ തന്നെ, തന്നെ. നന്ദി...

ദേവന്‍ പറഞ്ഞു...

അഗ്നിപരീക്ഷയും വാള്‍“ഫൈറ്റും” എല്ലാം പടം തൊടങ്ങിയപ്പോ തന്നെ കഴിഞ്ഞ സ്ഥിതിക്ക് ഇനിയങ്ങോട്ട് ആകെ മൊത്തം ടോട്ടല്‍ ഡൂയറ്റും കോമഡീം മാത്രമായിരിക്കുമെന്നേ. സംശയം വേണ്ടാ.

harishbabu പറഞ്ഞു...

gambheeram chetta,super

& please chek my blog
http://www.lenspeople.blogspot.com
thank you
harishbabu