കൂട്ടുകഥ - 4 പനകയറ്റം
കൊടികുത്തിയ യൂണിയന് നേതാവാണ് സഖാവ് സദാശിവന്. തൊഴിലാളികളെ എങ്ങിനെ വഹിക്കണമെന്ന് പഠന കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിച്ചവന്. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്‍ച്ചയേക്കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചുപോരുന്ന കോണ്ട്രാക്റ്റിംഗ് കമ്പനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സദാശിവന് ഗള്‍ഫിലെത്തിയത്. പ്രതീക്ഷ വെറുതെയായില്ല, റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആളേക്കൂട്ടുന്ന അതേ വീറോടെ ലേബര്‍മാരെ നയിച്ചുകൊണ്ട് സഖാവ് സൂപ്പര്‍വൈസര്‍ തന്റെ ദൌത്യം ആരംഭിച്ചു.
തികച്ചും തത്വശാസ്ത്രപരമായിരുന്നു സഖാവിന്റെ പ്രവര്‍ത്തനം. വിവരവും വിദ്യാഭ്യാസവുമില്ലാത്ത നേപ്പാളികളേയും ശ്രീലങ്കക്കാരേയും കഴുതകളേപ്പോലെ പണിയെടുപ്പിക്കുക. എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുക. ഒരുകിലോ പരിപ്പ് ഒരായിരം പേര്‍ക്ക് എന്ന തത്വവുമായി സഖാവിന്റെ സൂപ്പര്‍വൈസിംഗ് മെസ്സിലേക്കും വ്യാപിച്ചതോടെ അളമുട്ടിയ നീര്‍ക്കോലികളും തലപൊക്കിത്തുടങ്ങി.
ഒരു സുപ്രഭാതത്തില്‍ മാനേജ്മെന്റിനു മുന്‍പാകെ നേപ്പാളിക്കൂട്ടം. പരിപ്പ് വെള്ളത്തില്‍ അല്പം ഭേദഗതിയാണ് ആവശ്യം. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായപ്പോഴേക്കും സൈറ്റില്‍ അര ദിവസത്തെ പണി മുടങ്ങി. ഇതില്പരം ക്ഷീണം സദാശിവന് വരാനില്ല. സഖാവിന്റെ വിപ്ലവ വീര്യം ഉണര്‍ന്നു. നേപ്പാളിക്കൂട്ടത്തിലെ കാലുവാരികളെ കൂട്ടുപിടിച്ച്, ചാരായം വാങ്ങിക്കൊടുത്ത്, പരാതിപറഞ്ഞവരെ രാത്രി ക്യാമ്പിനുള്ളില്‍ പൂട്ടിയിട്ട് ഇരുട്ടടി അടിപ്പിച്ചു.
പ്രഭാതം തികച്ചും ശാന്തം. മുന്‍പൊരിക്കല്‍, ലേബര്‍ വകുപ്പില്‍ പരാതിപ്പെടും എന്ന് പറഞ്ഞ ഒരുവന് അന്ന് രാത്രിതന്നെ നാട്ടില്‍ വിമാനമിറങ്ങിയത് ആര്‍ക്കും മറക്കാറായിട്ടില്ല. എങ്കിലും, തലേന്ന് മുഴങ്ങിക്കേട്ട നിസ്സഹായരായ നേപ്പാളിക്കൂട്ടങ്ങളുടെ കരച്ചില് സദാശിവന്റെ കൌണ്ട് ഡൌണിന്റെ ആരംഭമായിരുന്നു.
മലയാളികള്‍ മുന്‍കൈ എടുത്താണ് 'സദാശിവന് വിരുദ്ധ മുന്നണി'ക്ക് രൂപം കൊടുത്തത്. രഹസ്യ അജണ്ട പ്രകാരം, നാലു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഒരുവന്റെ ഭാര്യ പ്രസവിച്ചു. ആഘോഷത്തിന് മുഖ്യാതിഥിയായി സഖാവിനേയും നിശ്ചയിച്ചു. ഖത്തറില്‍ മദ്യം സുലഭമാണോന്ന് ചോദിച്ചാല്‍...നാലുകാശിന് വകയുള്ളവന് പെര്‍മിറ്റ് കിട്ടും. ലേബര്‍ ക്യാമ്പിലെ പട്ടിണിപ്പാവങ്ങള്‍ക്ക് 'പന' തന്നെ ശരണം.
'പന'യെന്നാല്‍ പനങ്കള്ളല്ല. ഈന്തപ്പനയുടെ ചിത്രം ആലേഖനം ചെയ്ത, 70% സ്പിരിറ്റ് കലര്‍ന്ന ഒമാന്‍ നിര്‍മ്മിതമായ ബാത്റൂം ക്ലീനിംഗ് ലിക്വിഡ്. സദാശിവനെ 'പനകയറ്റുക' എന്നതാണ് മുന്നണിയുടെ അപ്രഖ്യാപിത ലക്ഷ്യം. അവധി ദിവസമായതിനാല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടും ഒരുകെയ്സ് പനയേ ലഭിച്ചുള്ളൂ. ആരും നിരാശരല്ല, ആയിരം സദാശിവന്മാര്‍ക്ക് അര പന തന്നെ ധാരാളം.
നാട്ടില്‍ വാറ്റടിച്ചു നടന്ന സഖാവ് വിസ്കിയേ കുടിക്കൂ അതും സ്പ്രൈറ്റ് ഒഴിച്ച്. സദാശിവനു വേണ്ടി ബക്കറ്റ് പിരിവ് നടത്തി ബ്ലാക്കില്‍ വിസ്കിയൊരെണ്ണം സംഘടിപ്പിച്ചിട്ടുണ്ട് സംഘാടകര്‍. രണ്ടെണ്ണം അകത്തുചെന്നപ്പോള്‍ സഖാവ് വാചാലനായി, തൊഴിലാളികളിലൊരുവനായി. പിന്നീടങ്ങോട്ട് സ്പ്രൈറ്റിന് പകരം പന മിക്സ് ചെയ്ത് തങ്ങളുടെ പ്രിയ നേതാവിനെ അവര്‍ വേണ്ടുവോളം സല്ക്കരിച്ചു.
പാതിരാത്രി. സദാശിവന് പനയില്‍ കയറുംപോലെ കയ്യും കാലും കുത്തി റോഡിലൂടെ... വര്‍ഗസ്നേഹം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളില്‍ ചിലരുണ്ടായിരുന്നു അവിടെ. സദാശിവനെ അവര്‍ 'എത്തേണ്ടിടത്ത്' എത്തിച്ചു.
പിറ്റേന്ന് രാവിലെ ഒന്നൊഴിയാതെ തൊഴിലാളികളെല്ലാം ഹാജര്‍. സൂപ്പര്‍വൈസര്‍ സദാശിവന് നെടുമ്പാശ്ശേരി അറൈവല്‍ ടെര്‍മിനലില്‍.
8 അഭിപ്രായങ്ങൾ:
എല്ലാം വളരെ പെട്ടെന്നാായിരുന്നല്ലെ?
നന്നായിരിക്കുന്നു ഈ കഥ(കാര്യം?) പറച്ചില്.
നന്നായിട്ടുണ്ട്.
കൂട്ടുകൃഷി തകര്‍ക്കുകയാണല്ലോ. നന്നായിട്ടുണ്ട്.
:) മലയാളികള്‍ മലയാളികള്‍ക്ക് തന്നെ പാര വെച്ചാല്‍ എന്താ സ്ഥിതി? പാവം സദാശിവന്. ശിവന് മാത്രം തുണ.
എവൂ എന്താ മായ്ച്ചുകളഞ്ഞത് :) ടെസ്റ്റിങ്ങ് ടെസ്റ്റിങ്ങ് ആണോ? എങ്കില്‍ സാരമില്ല.
സദാശിവന്റെ സമയം പഷ്ട്ട് സമയം. പ്രസ്ഥാനത്തിന് ഒരു ഗള്‍ഫ് സഖാവിനെ തിരിച്ചു കിട്ടി.
ഇനി നാട്ടില്‍ വാറ്റടിക്കാനിരിക്കുന്ന സഖാവ് ഈന്തപഴത്തിന്റെ അച്ചാര്‍ തിരക്കി ഇറങ്ങാഞ്ഞാല്‍ മതി, മെംബെര്‍ഷിപ് പോയേക്കും.
മര്ത്ത്യന്
ഏവൂ, ഇബ്രൂ, വിശാലോ, സാക്ഷീ നന്ദി
സൂ ആ സദാശിവനെ ഇനി എന്റെ കയ്യില്‍ കിട്ടിയാല്‍ ...
മര്‍ത്യാ പ്രസ്ഥാനത്തിന് പുതിയ ആശയങ്ങളും കിട്ടി, തൊഴിലാളിവര്‍ഗ്ഗത്തെ പരമാവധി വഹിക്കാന്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ