വ്യാഴാഴ്‌ച, മാർച്ച് 15, 2007

ദേ പിന്നേം വീണു

സ്വാര്‍ത്ഥന് കാറ്റുവീഴ്ച. കഴിഞ്ഞ തവണ വെള്ളത്തില്‍ തെന്നിയാണ് വീണതെങ്കില്‍ ഇത്തവണ ആര്‍ഭാടം അടികൊണ്ടിട്ടായിരുന്നു, കാറ്റടി കൊണ്ട്!

ട്രക്കൊരെണ്ണം വഴിയില്‍ കൊഴിഞ്ഞു. മെക്കാനിക്കിനെ കൊണ്ട് ചെന്ന് തല്‍ക്കാലം സെറ്റപ്പാക്കി വിട്ടു. മണല്‍ക്കാറ്റ് മൂലം അത്രയും നേരം കാറില്‍ നിന്നും ഇറങ്ങാന്‍ മടിച്ച സ്വാര്‍ത്ഥന്‍ വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോളാണ് അതോര്‍ത്തത്, ഒരു അത്യാവശ്യകാര്യം ഡ്രൈവറോട് പറയാനുണ്ടായിരുന്നു എന്ന്. വേഗം ഹോണടിച്ച് കാറില്‍ നിന്ന് ചാടിയിറങ്ങി. സിലോണ്‍ സ്റ്റേഷന്‍ മാത്രം പിടിക്കുന്ന ശ്രീലങ്കന്‍ ഡ്രൈവറോട്, അവനും സ്വാര്‍ത്ഥനും മാത്രം അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞത് ആ വഴി വന്ന കാറ്റ് ചൂണ്ടിക്കൊണ്ട് പോയി.

പത്തിരുപതടി നടക്കണം അവനെ ക്ലോസപ്പില്‍ കിട്ടാന്‍. ആദ്യ ചുവട് വച്ചതും, “ക്ലോസ് യൂര്‍ ഐസ്‌....” എന്ന് മൂളിപ്പാടി ഒരു കൊട്ട മണലും വാരിയിട്ട് അടുത്ത കാറ്റ്. കണ്ണടച്ച് പിടിച്ച്, മുന്നോട്ട് വച്ച ഇടതുകാലില്‍ ഊന്നി വലതുകാല്‍ തറയില്‍ നിന്നും ഉയര്‍ത്തി. അല്പം ഇസ്പീഡ് കൂടിയോ എന്നൊരു സംശയം, വലതന്‍ തറയില്‍ ആകുന്നതിനു മുന്‍പ് ഇടതന്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ചെരുപ്പൊരെണ്ണം എതിര്‍ടീമിലെ ജീന്‍സുമായി ഉടക്കി. ഇടതു തള്ളവിരലില്‍ ത്രിശങ്കു, കഴിഞ്ഞ തവണത്തെ അതേ ശങ്കു!

ഒരു തിര, പിന്നെയും തിര. പിന്നീട് വന്നതോ, വന്‍ തിര! വീശിയടിച്ച കാറ്റില്‍ പെട്ട് സ്വാര്‍ത്ഥ ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങി, ദുബായ് വിമാനത്താവളത്തില്‍ ബംഗ്ലാദേശിന്റെ ബിമാനം പോലെ ദാണ്ടെ കിടക്കുന്നു ധിം ധരികിട ധോം!

എഴുന്നേറ്റ് കണ്ണ് തുറന്നപ്പോള്‍ കാണുന്നത് എങ്ങോ പറന്നകലുന്ന ചെരുപ്പിനെയാണ്. സ്വാര്‍ത്ഥനെ ചതിച്ചവനാണവന്‍, അങ്ങിനെ വിടാന്‍ പാടുണ്ടോ? പിന്നാലെ ഓടി കഴുത്തിനു കുത്തിപ്പിടിച്ച് കാല്‍ച്ചുവട്ടിലൊതുക്കി. തിരികെ നടക്കാന്‍ നേരം അറിഞ്ഞു വലതു കയ്യിലൊരു നീറല്‍, കാലിനൊരു ഞൊണ്ട്.... അയ്യോ, ഇടതുകയ്യിലിരുന്ന മൊഫൈല്‍ എന്തിയേ?

കല്ലിനും കട്ടയ്ക്കും മണലിനുമിടയില്‍ തിരഞ്ഞു, ദാ‍ കിടക്കുന്നു പാവം. ഭാഗ്യം, ഉടുപ്പ് മാത്രമേ കീറിപ്പൊളിഞ്ഞുള്ളൂ. കയ്യിലെടുത്ത് താലോലിച്ചപ്പോള്‍, “എനിക്കൊന്നും പറ്റീട്ടില്യന്നേ, വിഷമിക്കണ്ട, ഇത് ആദ്യായിട്ടൊന്നുമല്ലല്ലോ എന്നെ ഇങ്ങനെ...,” എന്നു പറഞ്ഞൊരു മണിനാദം. “ഭായ്, ഓക്കേ?” ട്രക്കില്‍ നിന്നും ഇറങ്ങാതെ ലവന്‍ ഫോണ്‍ ചെയ്യുന്നു‍! ശ്ശെടാ സ്വാര്‍ത്ഥ ബുദ്ധിയില്‍ എന്തേ ഇത് തോന്നാഞ്ഞത്!

“മാഫീ മുശ്കില്‍, തും ജാവോ(പോടാ പുല്ലേ),” എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. മെല്ലെ ഞൊണ്ടി കാറിന്റെ വാതില്‍ തുറന്ന് സീറ്റിലേക്ക് ചെരിഞ്ഞു വീണു. കാലു പുറത്തേക്കിട്ട് പരുക്ക് പരിശോധിക്കുന്ന സമയം കൊണ്ട് തക്കം നോക്കിയിരുന്ന രേണു കാറ്റിന്റെ അകമ്പടിയോടെ കാറിനകം സ്വന്തമാക്കി. ഇനി അവളെ പറഞ്ഞൊഴിവാക്കാന്‍ 20 റിയാല്‍ വേറെ മുടക്കണം. വലതു കാലിന്റെ, കൃത്യം ബ്രെയ്ക്ക് ചവിട്ടുന്നതിന്റെ അരികിലായി മുറിഞ്ഞിട്ടുണ്ട്. അവിടെ തന്നെയാണ് വേദനയും.

ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലുമായി, 25 കിലോമീറ്റര്‍ ദൂരം ഉപ്പുറ്റികൊണ്ട് ബ്രെയ്ക്കും ആക്സിലേറ്ററും മാറി മാറി ചവിട്ടി ഒരു കണക്കിന് മുറിയിലെത്തുവോളം മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു.

കാലിലൊട്ടിക്കാനുള്ള ബാന്‍ഡെയിഡ്, മൊബൈലിനു പുതിയ ഉടുപ്പ്, കാറു കഴുകാന്‍ 20 റിയാല്‍... എന്നിങ്ങനെ എല്ലാം കൂട്ടി 12 കൊണ്ട് പെരുക്കി, എകദേശം അഞ്ഞൂറു രൂപ. കാറില്‍ തന്നെ ഇരുന്ന് മറ്റവനെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആകുമായിരുന്നത് അഞ്ച് രൂപ! പിന്നെ ആകെയുള്ള സമാധാനം, രണ്ടായാലും ബില്ല് കമ്പനി കൊടുത്തുകൊള്ളുമല്ലോ എന്നുള്ളത് മാത്രമാണ്!

15 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പിന്നേം ആശംസകള്‍ :)

സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

പൊയ്പ്പോയ ബുദ്ധി തിരിച്ച് കിട്ടില്ലല്ലോ...

RR പറഞ്ഞു...

ഹ ഹ.... :) ആ ലാസ്റ്റ്‌ സെന്റന്‍സ്‌ എനിക്കു പിടിച്ചു ;)

പച്ചാളം : pachalam പറഞ്ഞു...

വീഴ്ചകള്‍ ഉയര്‍ച്ചയുടെ ആദ്യ പടിയാണ് ചേട്ടാ,
ചേട്ടന് ഇനിയും ഉയര്‍ച്ചകള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചോളൂ...
ഓള്‍ ദ ബെസ്റ്റ്. ;)

കുറുമാന്‍ പറഞ്ഞു...

ശ്രീജിത്തിനു വിരോധമില്ലെങ്കില്‍ (ഏയ് അവന്‍ പാവമാ,ആരെന്തെടുത്താലും, എടുത്തോ, എടുത്തോ എന്ന് പറഞ്ഞ് സമാധാനിപ്പിക്കും, പിന്നെ മലയാളത്തിന്റെ നന്മക്കല്ലെ എന്നു കരുതി സ്വയം സമാധാനിക്കും) ആ മരമണ്ടന്‍ സ്ഥാനം സ്വാര്‍ത്ഥനു ചാര്‍ത്തി തരുവാന്‍ ഈയുള്ളവന്റെ കയ്യ് തരിക്കുന്നു:)

അതൊക്കെ പോട്ടെ മാഷെ, ശരീരത്തിനു, മാനഹാനി ഒന്നും പറ്റിയിട്ടില്ലല്ലോ? അല്ല ആ രേണുവിനെ ഒന്നും നമ്പാന്‍ കൊള്ളില്ലന്നേ!

വക്കാരിമഷ്‌ടാ പറഞ്ഞു...

അതേയ്, കാറ്റടിച്ചപ്പോള്‍ പോക്കറ്റില്‍‌നിന്ന് ഇളമൊഴി പറന്ന് പോയോ? സാധനം ഗൂഗിളും ഞാനും ഒക്കെ തപ്പിക്കൊണ്ടിരിക്കുന്നു. നാനൂറ്റിനാലില്‍ വിവരമറിയിച്ചിട്ടുണ്ട്.

വീഴ്‌ച വീഴ്‌ചേന നഃ ശാന്തികൃഷ്ണ എന്നാണല്ലോ. വീഴുച്ച്‌മാന്‍ ഭവഃ
മണ്‍‌കലം ഭവ തന്തുഃ (ന്ത-യ്ക്ക് കുനിപ്പുണ്ടേ).

ദേവന്‍ പറഞ്ഞു...

വീണു വീണ് ഗിന്നസ് ബുക്കില്‍ കേറാനുള്ള ശ്രമം വല്ലതുമാണോ സ്വാര്‍ത്ഥന്‍ ഭായി?

ഞാന്‍ കാറ്റത്ത് പറന്നു പോകുമെന്ന് പലരും കളിയാക്കിയിട്ടുണ്ടെങ്കിലും ശരിക്കും വീണ ഒരാളിനെ മാത്രമേ എനിക്കറിയാമായിരുന്നുള്ളു, വരദനാശാനെ. ഇപ്പോ ഒന്നൂടായി.

Siju | സിജു പറഞ്ഞു...

അടുത്ത വീഴ്ച എങ്ങനെയാ പ്ലാന്‍ ചെയ്തിരിക്കുന്നത് :-)

ഇളംതെന്നല്‍.... പറഞ്ഞു...

മാഷെ.. ഈ അബദ്ധം ഇനി പറ്റില്ലാല്ലോ... അതോ ഇനിയും പറ്റുമോ... പിന്നെയ് കുറുമാന്‍ പറഞ്ഞപോലെ ഈ രേണുവിനെ നമ്പാന്‍ കൊള്ളില്ല ട്ടോ.... എനിക്കണെങ്കില്‍ അവള്‍ അടുത്തുകൂടെ പൊയാല്‍ തുമ്മല്‍ തുടങ്ങും....

ദില്‍ബാസുരന്‍ പറഞ്ഞു...

വീഴ്ച ഒരു ഹോബിയാണല്ലേ?

ഓടോ: വീഴ്ച എന്നെഴുതിയതിന്റെ സ്പെലിങ് രണ്ട് വട്ടം ചെക്ക് ചെയ്തു. :-)

അപ്പു പറഞ്ഞു...

:-)

Sapna Anu B. George പറഞ്ഞു...

ഈ ദോഹയില്‍,രേണുവും, രേണുവിന്റെ കുടുമക്കാരും ഒത്തു ഒരുമിച്ചു താമസിക്കുന്ന,ഞാന്‍ അറിയാന്‍ ഇത്ര സമയം എടുത്തു, ഈ വീഴ്ച്ച.ഞാന്‍ വിചാരിച്ചിട്ട്,തള്ളിയിടന്‍ പറ്റാഞ്ഞത് നീ ഒറ്റ മിനിട്ടു കൊണ്ടു സാധിച്ചല്ലോ!!!.രേണു മകളേ,ഉമ്മ.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

തുളസീ തന്നേപ്പോലെ അരേലും വന്ന് ഇവളുടെ, ഈ രേണുവിന്റെ പടമെടുത്തു തരുമോ എന്നാഗ്രഹിച്ചിരിക്കുമ്പഴാണ് ഷാജഹാന്‍ വിളിച്ചത്...

സതീശേ പോയത് പോയി, കിട്ടീത് കിട്ടി!

ററ(rr) ബില്ല് സബ്മിറ്റ് ചെയ്യല്‍ ഹോബിയാക്കിയിരിക്കുകയാ അല്ലേ, എന്നേപ്പോലെ ;)

പച്ചൂ ‘ഇനിയും ഉയര്‍ച്ചകള്‍‘ അല്ലേ... ഇത്രയൊക്കെ ഉയരുമ്പഴേക്കും നടു ഒടിയുന്നു :)

കുറുമാനേ ശ്രീജിത്തിന്റെ ഓഫീസില്‍ ബ്ലോഗറെ ബ്ലോക്കിയതു ഭാഗ്യം! ഇല്ലേല്‍ എപ്പൊ വന്ന് പട്ടത്തിനു തല്ലുകൂടീ എന്ന് ചോദിച്ചാല്‍ മതി! രേണുവിനൊരു പണി കൊടുക്കണം...

വക്കാരീ മണ്‍കലം പോലെ ആയേനെ, മുഖമടച്ച് വീണിരുന്നെങ്കില്‍! ഇളമൊഴിയെ ഞാന്‍ ഇന്നലേം കൂടീ കണ്ടല്ലൊ, അവള്‍ക്ക് ഒരു കുഴപ്പവും ഇല്ലല്ലോ. ഇനി ഗൂഗിളമ്മാന്‍ അവളെ പടിക്കു പുറത്തിറക്കാതിരിക്കുന്നുണ്ടോ പലപ്പഴും? വക്കാരിയേ നമ്പരുത് മോളേ, എന്നെങ്ങാനും പറഞ്ഞു വച്ചുവോ ചുള്ളന്‍?

ദേവോ ഊം ഊം, എല്ലാവരും വീഴ്ചകള്‍ മറച്ചു പിടിക്കുന്നു, സ്വാര്‍ത്ഥന്‍ ഓപ്പണായി പറയുന്നു... :)

സിജൂ അത് സസ്പന്‍സല്ലേ, നാട്ടില്‍ ചെന്നിട്ട്...

ഇളംതെന്നലേ രേണുവുമായി ഒരു അഡ്ജസ്റ്റ്മെന്റില്‍ എത്തുന്നത് നന്നായിരിക്കും. അവളോട് പറയാന്‍ പറ്റില്ലല്ലോ, എപ്പഴും അടുത്തു കൂടേണ്ടെന്ന്!

ദില്‍ബാ ഹോബീ ഗ്ലബ്ബ് തുടങ്ങാം നമുക്ക്???

അപ്പൂ :D

സപ്നാ ദുഷ്ടേ............. ഇന്നു ഞാ‍ാന്‍. നാ‍ാ‍ാളെ, അല്ലെങ്കില്‍ മറ്റന്നാ‍ാ‍ാള്‍ നീ‍ീ‍ീ‍ീ‍ീ‍ീ

നിറങ്ങള്‍ പറഞ്ഞു...

കാറ്റേ നീ വീശരിതിപ്പോള്‍..... പൊടിക്കാറ്റേ നീ വീശരിതിപ്പോള്‍.

കുതിരവട്ടന്‍ | kuthiravattan പറഞ്ഞു...

ഒരു 500 രൂപയുടെ കാര്യത്തിനു വേണ്ടി ഒരു gulf മലയാളി ഇത്രക്കു വിഷമിക്കുന്നതെന്തിനാ? :-O