ചൊവ്വാഴ്ച, ജനുവരി 23, 2007

പിതൃദേവോ ഭവഃ

ബസ് കണ്‍സഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ‘ഡോക്ടര്‍ ലിപി’യില്‍ എഴുതുക ഞങ്ങളുടെ പതിവായിരുന്നു. ഒരുമാ‍തിരിപ്പെട്ട കണ്ട്രാവിമാര്‍ക്കോന്നും ഇംഗ്ലിഷ് അറിയില്ല എന്നതും, അഥവാ അറിഞ്ഞാല്‍തന്നെ വായിച്ചാല്‍ മനസ്സിലാകില്ല എന്ന ബോധ്യവുമാണ് ഇതിനു പ്രേരണയായത്.

“എവ്ടെയ്ക്ക്യാ? കാര്‍ട്ണ്ടാ?”

ധൈര്യസമേതം കാര്‍ഡെടുത്ത് തുറന്ന് കാണിച്ചാല്‍ ഒന്ന് പാളി നോക്കും, പിന്നെ എല്ലാം ഓക്കെ.

കലാലയത്തിനു കിഴക്കോട്ട് അന്ന് ബസ്സോടിത്തുടങ്ങിയിട്ടില്ല. എന്നിരുന്നാലും, ആ സ്ഥലപ്പേരു വച്ച കാര്‍ഡ് ഉപയോഗിച്ച് തെക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്കവാറും ദേശങ്ങളിലേക്ക് സ്വാര്‍ത്ഥനും സംഘവും നിര്‍ഭയം യാത്രചെയ്തുപോന്നിരുന്നു.

ഒത്താല്‍ ഞങ്ങളേയും വിറ്റ് കാശ് മേടിക്കുന്ന ഒരുത്തനുണ്ടായിരുന്നു കൂട്ടത്തില്‍. ഞായറാഴ്ചകളില്‍ പോലും ‘സി’ കൊടുത്ത് യാത്ര ചെയ്യാന്‍ മിടുക്കന്‍. അതും, നീല ജലാശയത്തില്‍ നീന്തും ഹംസങ്ങളേക്കാണാന്‍ തൃശൂര്‍ ‘ഗിരിജ’ വരെ! ഭാരതത്തിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാനുള്ള നിയോഗവുമായി ജീവിക്കുന്ന എന്‍സീസീ കേഡറ്റ് എന്ന ലേബലിലായിരുന്നു ഈ അവധിദിന സീ ഒപ്പിച്ചിരുന്നത്.

ഗ്രഹപ്പിഴമൂലം കണ്ടക്ടറാവേണ്ടിവന്ന ഒരു എമ്മേക്കാരന്‍ ഒരിക്കല്‍ നമ്മുടെ കക്ഷിയെ പൊക്കി.

“ഞാനും കൊറേ കോളേജ് കണ്ടതാടാ. ഈ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് മാത്രമേ സീ തരൂ”

നമ്മടാളുണ്ടോ വിടുന്നു, ഭാരതത്തിന്റെ ഐക്യം, അഖണ്ഡത, കരസേന, സായുധസേന, പരേഡ്, റിപബ്ലിക് ദിന പരേഡ് എന്നിവയേക്കുറിച്ചെല്ലാം ഒരു ഗംഭീര പ്രസംഗം തന്നെ ആ ബസ്സില്‍ നടത്തി കക്ഷി(ആളിന്നൊരു എണ്ണം പറഞ്ഞ വക്കീലാട്ടൊ!).

ഒടുവില്‍ ‘കിളി’ മുതലാളി ഇടപെട്ടു, “വിട്ടേക്കെടെക്ക്യേ, അവന്‍ പൊക്കോട്ടെ...”

ഗിരിജയെ ലക്ഷ്യം വച്ച് തൃശൂര്‍ റൌണ്ടില്‍ ഇറങ്ങാന്‍ നേരം നന്ദി സൂചകമായി കിളിമുതലാളിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ചുള്ളന്‍.

“ഇളിക്കല്ലെടാ #@$%*#*, നീയാ വേലായുധന്‍ മാഷ്ടെ മോനല്ലേ? അങ്ങേരെ ഓര്‍ത്തട്ടാ... ... ... ഇനി മേലാലീ വണ്ടീ കേറിയാ‍...”. സീറ്റിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ആ‍ കയ്യില്‍ ജാക്കീലിവര്‍ ഉണ്ടായിരുന്നു, വേലായുധന്‍ മാഷിന്റെ കയ്യിലെ ചൂരല്‍ പോലെ!

22 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു.
എനിക്കും ഒരുപാടു ടി.സി. നിഷേധിച്ച അനുഭവങ്ങള്‍ ഉണ്ട്.മിസ്‌യൂസ് ചെയ്തതും

ikkaas|ഇക്കാസ് പറഞ്ഞു...

സ്വാര്‍ത്ഥാ, നമ്മുടെ സ്വന്തം തടിമിടുക്കുകണ്ട് പേടിച്ച് എതിരാളി നമ്മുടെ മുന്നില്‍ കീഴടങ്ങിയെന്ന് കരുതി നെഞ്ചുവിരിച്ചു നില്‍ക്കുമ്പൊഴായിരിക്കും പലപ്പോഴും “നീ ഇന്നാരുടെ മോനാന്നോര്‍ത്തതോണ്ട് മാത്രമാ” എന്ന അശരീരി മുഴങ്ങുന്നത്. അതോടെ സകല അഹങ്കാരവും ഡിം!.

എന്നാലും നമ്മള്‍ പഠിക്കൂല എന്നത് മറ്റൊരു സത്യം മാത്രം.

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗിലിപ്പൊ മതാ പിതാ വാരം ആണെന്നു തോന്നുന്നു..അവിടെ ജ്യോതിയും ഇവിടെ നിസ്വാര്‍ഥനും

ഇടിവാള്‍ പറഞ്ഞു...

ബുഹാ ഹാ.....

എന്നാലും ഗിരിജ റഫറന്‍സ് അതുല്യേച്ചീടെ ബ്ലോഗിലേക്കു കൊടുത്തത് അക്രമമായി സ്വാര്‍ത്ഥാ .. ;)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കരീം മാഷേ നന്ദി
മാഷ്ടെ വാപ്പ മാഷായിരുന്നോ മാഷേ?

ഇക്കാസേ വീര്‍പ്പിച്ച് വീര്‍പ്പിച്ച് വലുതായ ബലൂണ്‍ ‘ഠോ’ന്ന് പൊട്ടുന്നപോലെ!
ശരിയാ‍, എന്നാലും പഠിക്കൂല്ല...

പ്രിയംവദാ (എനിക്ക് പ്രിയം വട :)
മാതാ പിതാ മാത്രമല്ലാ, ആരേയും ‘വാരാം’ ;)

ഇടിഗഡീ ഏത് തല്ലുകൊള്ളിത്തരത്തിനും ഒരു ‘അതോറിറ്റി’ വേണ്ടേ, അതാ ;)

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

ഇതാണ് അച്ഛന്‍ ചെയ്ത സുകൃതം എന്ന് പറയുന്നത്... സ്വാര്‍ത്ഥന്‍‌ജീ :)

അജ്ഞാതന്‍ പറഞ്ഞു...

ഞായറാഴ്ചയും സീ കൊണ്ട്‌ ഈസിയായി യാത്രക്കു ശ്രമിച്ച സമരകാലം ഒര്‍മിപ്പിച്ചതിനു നന്ദി സ്വര്‍ഥാ......

sandoz പറഞ്ഞു...

ആദ്യ കാലങ്ങളില്‍ കണ്‍സഷനു കോളേജ്‌ ഐഡന്റിറ്റി കാര്‍ഡ്‌ മതിയായിരുന്നു.പിന്നെയാണു ഏകീകരിച്ച കാര്‍ഡ്‌[ബസ്സ്‌ മുതലാളി മാരുടെ വക]വരുന്നത്‌.
ആ ഒരു മാറ്റം നടന്ന വര്‍ഷം എറണാകുളം ജില്ലയിലെ കോളേജുകള്‍ വന്‍ പ്രശ്നം ആണു ഉണ്ടാക്കിയത്‌.കണ്ടക്ടര്‍ കാര്‍ഡ്‌ ചോദിച്ചാ കോളേജിന്റെ കാര്‍ഡ്‌ എടുത്ത്‌ കൊടുക്കും.ഇതല്ലടാ മറ്റേ കാര്‍ഡ്‌ എന്ന് പറഞ്ഞാ പിള്ളേരുടെ ഒരു ചോദ്യം ഉണ്ട്‌.'റേഷന്‍ കാര്‍ഡോ'
പിന്നെ പ്രശ്നമായി.ബസ്സില്‍ നിന്നും ഇറക്കി വിടും.കോളേജിന്റെ മുന്‍പില്‍ ആ ബസ്സിനെ തിരഞ്ഞു പിടിച്ചു കല്ലെറിയും.പോലീസ്‌ വരും.പോലീസിനെതിരെ പ്രകടനം ...ഹാവൂ...കൊതിയായിട്ട്‌ പാടില്ലാ.

സ്വാര്‍ഥാ, പോസ്റ്റ്‌ വേറേ വഴിക്ക്‌..കമന്റ്‌ മറ്റൊരു വഴിക്ക്‌ എന്ന് വിചാരിക്കല്ലേ.ഒരു പത്ത്‌ മിനുട്ട്‌ കോളേജ്‌ ജീവിതം ഓര്‍ത്തു പോയി.നന്ദി.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഇത്തിരീ നമ്മുടെ മക്കള്‍ക്കൊക്കെ ഇങ്ങനെ പറയാന്‍ ഭാഗ്യം കാണുമോ!

മനൂ :) സ്വാഗതം

സാന്‍ഡോസേ ഇനിക്കും വല്ലാണ്ട് കൊതിയാവ്ണ്ട്രാ....

സു | Su പറഞ്ഞു...

ഗിരിജയില്‍ കയറുമ്പോള്‍, ഇത്തരം കടുത്ത വാക്കുകളൊന്നും നേരിടേണ്ടി വരാതിരുന്നാല്‍ ഭാഗ്യം. ;)

കുട്ടന്മേനൊന്‍::KM പറഞ്ഞു...

ഹ ഹ ഹ അതു കലക്കി. ഗിരിജയുടെ ഓര്‍മ്മകള്‍ ഓര്‍മ്മകളായി അവശേഷിക്കട്ടെ. ഇപ്പോള്‍ ഗിരിജ ഇരുന്നിടത്ത് മായ റിയല്‍ടേഴ്സ് ഫ്ലാറ്റ് പണിയുന്നു.

കുറുമാന്‍ പറഞ്ഞു...

ജലാശയത്തില്‍ നീന്തി തുടിക്കുന്ന ഹംസങ്ങളെ കാണാന്‍ - ഗിരിജയിലേക്കുള്ള യാത്ര.......ഹൂറേഈഎ

സ്വാര്‍ത്ഥന്‍ പറഞ്ഞു...

സൂ ഗിരിജ ഇപ്പൊ ഓര്‍മ്മ മാത്രമായിത്രേ :(

കുട്ടന്മേന്‌നെ വളര്‍ന്നുവരുന്ന യുവതലമുറയോട് കാണിച്ച കടുത്ത അനീതിയായിപ്പോയി ഈ പണിയല്‍!

കുറുജീ വെറും ജലാശയമോ, നല്ല അസ്സല്‍ ‘നീല’ ജലാശയം!!!!!!!!!!

പച്ചാളം : pachalam പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
പച്ചാളം : pachalam പറഞ്ഞു...

ഈ പോസ്റ്റിനു വല്ലാത്തൊരട്രാക്ഷന്‍ എന്താണാവോ.
(വേറെ പോസ്റ്റിലിടാന്‍ നോക്കിയ കമന്‍റിവിടെയാ വീണത് ;)

ദില്‍ബാസുരന്‍ പറഞ്ഞു...

അഛന്‍ ഡീസന്റായിരുന്നതോണ്ട് നാട്ടുകാരുടെ കൈയ്യില്‍ നിന്ന് നേരിട്ടും അങ്ങേരെ വിഷമിപ്പിയ്ക്കണ്ട എന്ന് വിചാരിച്ച് നാട്ടുകാര്‍ വീട്ടില്‍ പറയാത്തോണ്ട് അഛന്റെ കൈയ്യില്‍ നിന്നും എത്ര അടി കിട്ടാതെ പോയിട്ടുണ്ട്. പിതൃ ദേവോ ഭവ.:-)

ഓടോ: നാട്ടുകാര് തല്ലിയാല്‍ ഒരു മയമുണ്ടാവും.അഛന്‍ തല്ലുന്നതിലും ഭേദം വല്ല യുദ്ധതടവുകാരനായി ശത്രുരാജ്യത്തിന്റെ ജയിലിലാവുന്നതാ. എനിയ്ക്ക് എന്തെങ്കിലും നല്ല ഗുണമുണ്ടെങ്കില്‍ അതില്‍ ചെറുതല്ലാത്ത രീതിയില്‍ കൊണ്ടിട്ടുള്ള ഈ അടിയ്ക്ക് നല്ല പങ്കുണ്ട്. :-)

വിവി പറഞ്ഞു...

കൊള്ളാം ഗഡീ.
കഷ്ട്ടം ഗിരിജേല് സിനിമ നിര്‍ത്താന്‍ പോവ്വാന്ന് കേട്ടു
തുമ്പികളും തോണികളും ഇനി എവിടെ പോകും

അജ്ഞാതന്‍ പറഞ്ഞു...

ഒരു റ്റിപിക്കല്‍’സ്വാര്‍ഥവിചാരം.... ഇനി ഇതില്‍ക്കൂടുതല്‍ ഒക്കാനില്ല മകനേ???‍

അജ്ഞാതന്‍ പറഞ്ഞു...

ഒരു റ്റിപിക്കല്‍’സ്വാര്‍ഥവിചാരം.... ഇനി ഇതില്‍ക്കൂടുതല്‍ ഒക്കാനില്ല മകനേ???‍

മുല്ലപ്പൂ || Mullappoo പറഞ്ഞു...

സ്വാര്‍ത്ഥാ,
കോളേജ് ജീവിത്തിലെ അഹങ്കാരവും ,
ചിലപ്പോള്‍ ഇങ്ങനെ ഒറ്റ ഡയലോഗ് കൊണ്ട് ഉള്ള അഹങ്കാരത്തിന്റെ അന്ത്യവും നന്നായി എഴുതിയിരിക്കുന്നു.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പച്ചൂ ഡാ എന്തുപറ്റിയെടാ നിനക്ക് ?

ദില്‍ബൂ കൊള്ളാം. അദ്ദേഹം തല്ലിയിരുന്നില്ലെങ്കില്‍ നിന്റെയൊക്കെ അവസ്ഥ എന്താകുമായിരുന്നു ഭഗവാനേ!!!!

വിവി ഒരു കാലഘട്ടത്തിന്റെ രോമാഞ്ചം, ഈ കാലഘട്ടത്തിന്റെ നഷ്ടം.

സപ്നാ മിടൂക്കീ‍ീ‍ീ‍ീ‍ീ, രണ്ടു കമന്റും ഒട്ടും അക്ഷരത്തെറ്റില്ലാതെ ഇട്ടല്ലൊ ;)

മുല്ലേ :) എന്നാലും നന്നാവാത്ത ചിലരുമുണ്ട് :)

(ഓഫ് : പിന്മൊഴി സംവിധാനത്തിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന ആ നല്ല മനസ്സുകള്‍ക്ക് എന്റെ പ്രണാമം! ധീരതയോടെ നയിച്ചോളൂ കൂട്ടരേ...)

വിവി പറഞ്ഞു...

ഗിരിജാ തിയ്യേറ്ററിന്റെ അടുത്തായി അവര്‍ തന്നെ ഒരു കല്ല്യാണമണ്ഡപം തുടങ്ങി. 4 മാസം മുമ്പ് എന്റെ ഒരു സുഹൃത്തിന്റെകല്യാണത്തിന് പോയി.
ഞാന്‍ പറഞ്ഞു “എന്റെ ഒക്കെ ഒരുപാട് കാശ്ണ്ട് ഈ കെട്ടിടത്തില്” ശരിയല്ലേ? ഗഡ്യ്യോള്ളേ