വ്യാഴാഴ്‌ച, നവംബർ 23, 2006

ഗെയിംസ്‌ വിശേഷങ്ങള്‍

‍ഏഷ്യന്‍ ഗെയിംസ്‌ അങ്ങിനെ പടിവാതില്‍ക്കല്‍ എത്തി. ഗെയിംസ്‌ വിശേഷങ്ങളുടെ ലൈവ്‌ അപ്ഡേറ്റിനായി 'ഇളംതെന്നല്‍', ഡാഫോഡില്‍സ്‌ സംഘത്തിലേക്ക്‌ ഒരു അപേക്ഷ വച്ചിരുന്നു. ഞാനും ഒരു ഏഷ്യന്‍ ഗെയിംസ്‌ 'വളണ്ടി' ആണല്ലോ എന്ന് അപ്പഴാണ്‌ ഓര്‍ത്തത്‌!

മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയാണ്‌ എനിക്ക്‌. അതുകൊണ്ടു തന്നെ ആദ്യം ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം, "അവര്‍ പലതും പറഞ്ഞ്‌ അടുത്ത്‌ കൂടും. ഒരു നിശ്ചിത അകലത്തില്‍ അവരെ നിറുത്തുക. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌!" എന്നതാണ്‌. ഇത്രയ്ക്ക്‌ അപകടകാരികളാണോ നന്ദൂ(കാവാലം), ഈ മാധ്യമ പ്രവര്‍ത്തകര്‍? :) :) :)

വിശേഷങ്ങളിലേക്ക്‌:

കഴിഞ്ഞ എട്ടാം തീയതി ഗെയിംസ്‌ വില്ലേജില്‍ വളണ്ടിയര്‍മാരുടെ ഒത്തുചേരല്‍ ഉണ്ടായിരുന്നു. (നീലുവും[ഖത്തറിലെ മറ്റൊരു ഡഫോഡില്‍സ്‌ വളണ്ടിയര്‍] അതില്‍ പങ്കെടുത്തുകാണുമെന്ന് വിശ്വസിക്കുന്നു.) കായികതാരങ്ങള്‍ക്ക്‌ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എല്ലാം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരം! അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഫുഡ്ഡടി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അറേബ്യന്‍, സൗത്ത്‌ ഏഷ്യന്‍, ഈസ്റ്റ്‌ ഏഷ്യന്‍, കോണ്ടിനെന്റല്‍ എന്നു തുടങ്ങി വൈവിധ്യങ്ങളുടെ നീണ്ട നിര! റൂമില്‍ വന്ന് വിശേഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍ സഹമുറിയന്മാര്‍ വാണിംഗ്‌ തന്നു, 'മേലാല്‍ കണ്ണീക്കണ്ടോടത്ത്‌ പോയി തീറ്റ കഴിഞ്ഞ്‌ വന്ന് ആ വിശേഷം ഇവിടെ വിളമ്പരുത്‌' എന്ന്. ആ ഒരു പ്രതിഷേധം സൃഷ്ടിച്ച വൈക്ലഭ്യത്തിലാണ്‌ ഈ പോസ്റ്റ്‌ വൈകിയത്‌.

അപ്പൊ പറഞ്ഞു വന്നത്‌ ഫുഡ്ഡടിയേക്കുറിച്ചാണ്‌ (അതല്ലാതെ വേറെ എന്ത്‌ പറയാന്‍!). 4000 പേര്‍ക്ക്‌ ഒരുമിച്ചിരുന്ന് പെരുമാറാവുന്ന ഊട്ടുപുര! 'ഉപ്പുമാവു' മുതല്‍ 'പെന്നെ കാര്‍ബൊണാറ' വരെ, 'പാവ്‌ ബാജി' മുതല്‍ 'അബകാഡൂ മാഹ്തഹീനാ' വരെ ഇവിടെ ലഭ്യം. കളിക്കാര്‍ക്ക്‌ വായിച്ചു നോക്കി തിന്നാന്‍ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും പേരും വീട്ടുപേരും ചെല്ലപ്പേരും കൂടാതെ കലോറി, പാണ്ടിലോറി, വൈറ്റമിന്‍, ബ്ലാക്കമിന്‍ എന്നു തുടങ്ങി വിലവിവരപ്പട്ടികപോലെ നീണ്ട ലിസ്റ്റ്‌ എല്ലാ തട്ടുകടയ്ക്കു മുന്നിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതു വായിച്ച്‌ 'ബ്ലിങ്കസ്യ' എന്ന അവസ്ഥയിലെത്തുന്ന പാവം അത്‌ലീറ്റുകളെ സഹായിക്കാന്‍ പോഷകാഹാര വിദഗ്ധരുടെ സേവനം സദാ ലഭ്യം. ആര്‍ക്ക്‌ വേണം അവരുടെ സേവനം! ഞാനങ്ങനെ താലവുമെടുത്ത്‌ തലങ്ങും വിലങ്ങും നടന്നു. തിരക്കില്ലാത്തിടത്ത്‌ പോയി വിളമ്പുകാരോട്‌ കുശലം പറഞ്ഞ്‌ എല്ലാം ഇത്തിരീശെ ഇത്തിരീശെ എടുത്തുകൊണ്ട്‌ വന്ന് ആക്രമണം തുടങ്ങി. അനുവദിച്ചിരുന്ന സമയം ഒരു മണിക്കൂര്‍, എല്ലാ തട്ടുകടയിലും കയറി ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ബാക്കി വൈകീട്ടും നാളെ രാവിലെയും ആകാം എന്ന് ആശ്വസിച്ച്‌ ഞാന്‍ പ്രയാണം തുടര്‍ന്നു.

ഓ പ്രയാണം! അതു പറഞ്ഞില്ല അല്ലെ! രാവിലെ മുതല്‍ തുടങ്ങിയതാ, കായിക ഗ്രാമം ചുറ്റിക്കാണുവാന്‍. എല്ലാവരേയും ടീമായി തിരിച്ചിരിക്കുന്നു. ഞാന്‍ ഇന്തോനേഷ്യന്‍ ടീം അംഗം! ഉച്ച ഭക്ഷണം കഴിഞ്ഞ്‌ പുല്‍ത്തകിടിയില്‍ വിശ്രമിക്കാനായി പോകുമ്പോള്‍ എതിരെ വരുന്നു 'ഇന്ത്യന്‍' ടീം. ടീമിനെ നയിക്കുന്നത്‌ ഒരു ആസ്ത്രേലിയക്കാരി. ത്രിവര്‍ണ്ണ പതാക ഏന്തിയിരിക്കുന്നത്‌ അറബ്‌ വംശജന്‍! നൂറുകണക്കിനു അംഗങ്ങള്‍ ഉള്ള ടീമില്‍ ഭൂരിഭാഗവും ഫിലിപ്പീനാകള്‍, ഇന്ത്യക്കാരായി വിരലിലെണ്ണാവുന്ന 'മല്ലു'കള്‍!

എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എന്താ കാര്യം, ഒരു ചായ വേണമെങ്കില്‍ സ്വയം ഉണ്ടാക്കി കുടിക്കണം! ഞാന്‍ മെനക്കെടാനൊന്നും നിന്നില്ല, ചില്ലു ജാറയില്‍ 'കോള്‍ഡ്‌ കോഫി' കിടന്നു തിളയ്ക്കുന്നു. എന്നാല്‍ അതാകട്ടെ എന്നു കരുതി, വെറുതേ ടാപ്‌ തിരിച്ചാല്‍ മതിയല്ലോ! സധനം പക്ഷേ അടിപൊളി ആയിരുന്നു.

ഉച്ചഭക്ഷണസമയത്ത്‌ ചിലര്‍ ഓരോ കിലോ വരുന്ന മുന്തിരിക്കുലകള്‍ ചുമന്നുകൊണ്ടു വന്ന് കാല്‍ ഭാഗം പോലും തിന്നാന്‍ സാധിക്കാതെ കളയുന്നുണ്ടായിരുന്നു. പാവങ്ങള്‍, ആക്രാന്തം കൊണ്ടാകും എന്നു ഞാന്‍ ആശ്വസിച്ചു. ഇപ്പറഞ്ഞവരില്‍ ചില 'മല്ലു'കളും ഉണ്ടായിരുന്നു ട്ടോ. അത്താഴ സമയത്ത്‌ മനസ്സിലായി, 'മല്ലു'കള്‍ ഒന്നുമല്ലെന്ന്. ചില അറബികള്‍ ക്രിക്കറ്റ്‌ ബാറ്റ്‌ പോലുള്ള(ഇത്തിരി കുറയ്ക്കാം) സാന്റ്‌വിച്ചുകള്‍ അഞ്ചുപത്തെണ്ണം ഒരുമിച്ച്‌ ചുമന്നുകൊണ്ടു വന്ന് അവിടെയും ഇവിടെയും കടിച്ചു നോക്കി മേശമേല്‍ കുന്നുകൂട്ടി ഇടുന്നുണ്ടായിരുന്നു. കൂടെ, അബദ്ധത്തില്‍ എടുത്തുപോയ വെജിറ്റബിള്‍ ജ്യൂസുകളും!

'മൗലികവാദി'യുടെ കൂട്ടുകാരന്‍ ആരിഫ്‌ സലാമിനെ പരിചയപ്പെടുകയായിരുന്നു ഉറങ്ങുന്നതിനു മുന്‍പുള്ള ഏക ദൗത്യം. ബ്ലോഗ്‌, പിന്മൊഴി, വരമൊഴി, ഇളമൊഴി എന്നൊന്നും പറഞ്ഞ്‌ ആ പാവത്തിനെ വധിക്കാന്‍ നിന്നില്ല. 'സ്കൈ സോണില്‍' രണ്ടാം നമ്പര്‍ കെട്ടിടത്തിലെ 5Bയില്‍ സുഖശയനം.

വെളുപ്പിനു തന്നെ എഴുന്നേറ്റ്‌ കുളിച്ച്‌ കുട്ടപ്പനായി വീണ്ടും നമ്മുടെ പ്രിയപ്പെട്ട ഊട്ടുപുരയിലേക്ക്‌.

"ഉപ്പുമാവുണ്ടോടെ?"

"ഉണ്ട്‌ സര്‍."

"എന്നാലൊരു അര സ്പൂണ്‍..." ഇനിയും ഒരുപാടുണ്ട്‌ രുചിച്ചു നോക്കുവാന്‍. തലേന്നത്തേക്കാളും വേഗത്തില്‍, ഒരു മണിക്കൂറിനുള്ളില്‍, പരമാവധി തട്ടുകടകള്‍ കയറി ഇറങ്ങി സ്ഥലം കാലിയാക്കി.

ഇതി വാര്‍ത്താഃ

18 അഭിപ്രായങ്ങൾ:

അതുല്യ പറഞ്ഞു...

സ്വാര്‍ഥാ, താന്‍ ശരിയ്കും സ്വാര്‍ത്തന്‍ തന്നെ.

പിന്നെ ചുമ്മാതല്ലാ ഈമ്മാതിരി ഫുഡ്ഡടി തന്നെയാ ഇത്തിള്‍ക്കണ്ണി. കണ്ടില്ല്യേയോ നമ്മടെ അരവിന്ധന്റെ കൂടെ നിന്ന് ഫോട്ടം പിടിയ്കാന്‍ ഭാഗ്യോള്ളവരെ ഹൈയ്യ്സ്റ്റ്‌ സ്കോറും ന്ന് പറഞ്ഞ്‌ 35 റണ്ണ്‍ എടുത്ത്‌ ക്ലോസപ്പ്‌ കാട്ടിയത്‌ റ്റി.വി യില്‍.

ഓസ്‌ ഒക്കെ കൊള്ളാംട്ടോ. പക്ഷെ വയറിനൊട്‌ പറഞ്ഞേയ്ക്‌, ഇത്‌ മൂന്റ്ര് നാള്‍ പൂക്കും മുല്ലൈ മട്ടും,!!!

ഇളംതെന്നല്‍.... പറഞ്ഞു...

തീറ്റവിശേഷങ്ങളുമായി തന്നെ തുടങ്ങി അല്ലേ... മിടുക്കന്‍... ഞാന്‍ കരുതി നീലു മാത്രമാണ് തീറ്റപണ്ദാരം എന്ന്.. ഈ ഖത്തറില്‍ മൊത്തം തീറ്റ്പണ്‍ദാരങ്ങളാണല്ലേ?

മുരളി വാളൂര്‍ പറഞ്ഞു...

പരദേശീ സഹദോഹാ....
വെറുതേ കൊതിപ്പിക്കല്ലേ..... ഗെയിംസിന്റെ കൂടുതല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ പോസ്റ്റിടുമല്ലോ....കാത്തിരിക്കുന്നു.
ഇളംതെന്നലേ....ഖത്തറില്‍ മൊത്തം തീറ്റപ്പണ്ടാരങ്ങളൊന്നുമല്ലാട്ടോ, ആ ഗണത്തില്‍ ഒരു സ്വാര്‍ത്ഥനും ഒരു പരദേശിയും ഒരു ഫൈസലും ഒരു മാഗ്നിയും മാത്രേള്ളു. ഞാന്‍ ഇവിടുത്തുകാരനേ അല്ല.

Sapna Anu B. George പറഞ്ഞു...

ഉഗ്രന്‍ ...ഒരു ‘തീറ്റിപണ്ഡാരം’ എന്ന ഓമനപ്പേരു വീണെങ്കിലും സാരമില്ല...കാര്യങ്ങള്‍ മന്‍സ്സിലാക്കിക്കൊടിക്കാന്‍ സാധിച്ചല്ലോ! വളരെ നല്ല തുടക്കം...ഞാനും കൂടാം , ഏഷ്യന്‍ ഗയിംസിന്റെ’ അപ് ഡേറ്റില്‍.....

ശ്രീജിത്ത്‌ കെ പറഞ്ഞു...

അണ്ണാ, ഇവിടെ ഒരു പാര്‍സല്‍...

സു | Su പറഞ്ഞു...

അവിടെ എപ്പോഴാ മീറ്റ്? ;)

Siju | സിജു പറഞ്ഞു...

ചേട്ടാ..
വാളണ്ടിയേഴ്സിനെ ഇനിയുമെടുക്കുമൊ
എങ്കില്‍ ഒരു മാസം ലീവെടുത്ത് ദോഹക്ക് വരായിരുന്നു

കുറുമാന്‍ പറഞ്ഞു...

സ്വാര്‍ത്ഥ്വോ, തീറ്റക്കിടയില്‍ വിശ്രമിക്കാന്‍ സമയം കിട്ടാറുണ്ടോ?

നളപാചകം ബ്ലോഗില്‍ റപ്പായി ചേട്ടന്‍ ഈ ബ്ലോഗിന്റെ നാഥന്‍ എന്ന വാചകവും പടവും മാറ്റി, സ്വാര്‍ത്ഥന്‍ ഈ ബ്ലോഗിന്റെ നാഥന്‍ എന്നാക്കേണ്ടി വരുമോ?

കുട്ടമേന്നേ, നോട് ദ പോയിന്റ്

സ്വാര്‍ത്ഥന്‍ പറഞ്ഞു...

അതുല്യാ കാറ്റുള്ളപ്പോള്‍ പാറ്റണമെന്നോ തൂറ്റണമെന്നോ ഒക്കെ കാരണവന്മാര്‍ പറയാറില്ലേ... ഇങ്ങനെയൊക്കെയല്ലേ പറ്റൂ (വയറിനു യാതൊരു കുഴപ്പവും ഉണ്ടായില്ല കേട്ടോ :)

ഇളംതെന്നലേ ഫുഡ്ഡടി ഇല്ലാതെ എന്ത് ആഘോഷം! നീലുവിനെ ഇതുവരെ കണ്ടിട്ടില്ല.

മുരളീ ഇളംതെന്നലിനു അസൂയയാ!!

സ്വപ്നം അസൂയക്കാര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, ഇങ്ങ് പോരൂ...

ശ്രീജിത്തേ പാര്‍സലിനു ഇല തീര്‍ന്നു കണ്ണാ!

സൂ മീറ്റോ, ആര്‍ക്കറിയാം! ഡിസംബര്‍ 1-15 എന്നോ മറ്റോ പറയുന്നതു കേട്ടു ;)

സിജുവേ പോരുമ്പോള്‍ ഒരു കെട്ടുവള്ളമോ ഹൌസ് ബോട്ടോ കൂടെ കൊണ്ടുപോരൂ!
(ഇതു വായിക്കൂ)

കുറൂമാനേ തീറ്റയും വിശ്രമവും സാന്റ്‌വിച്ച് പരുവത്തിലല്ലേ ഞാന്‍ കൊണ്ടു നടക്കുന്നത് ! (കുട്ടമ്മേന്നേ കണ്ടില്ലല്ലോ)

വിശാല മനസ്കന്‍ പറഞ്ഞു...

എന്നാലും റൂമിള്ളവര്‍ക്ക് കൊടുക്കാന്‍ എന്തെങ്കിലും വല്ല ബിരിയാണിയോ തന്തൂരി ചിക്കനോ എങ്കിലും പാന്റിന്റെ പോക്കറ്റില്‍ തിരുകി വച്ച് കൊണ്ടേരണ്ടതായിരുന്നു.

ഗെയിംസ് വിശേഷങ്ങള്‍ വെറും ഫുഡ്ഡഡി മാത്രമാക്കി വിവരിച്ച് കഷ്ടായിഷ്ടാ..

:) ചിരിച്ച് വായിച്ചു. എടക്കെടക്ക് എഴുതണേ.

ദില്‍ബാസുരന്‍ പറഞ്ഞു...

അണ്ണാ,
ഈ ചതി വേണ്ടായിരുന്നു. ജോലി രാജി വെച്ച് വരാം.എന്നേം വള്യാണ്ട്രി ആക്കാമോ? :-)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വിശാലോ ബാക്കി വിശേഷങ്ങളും വഴിയേ പോസ്റ്റാം :)

ദില്‍ബാ ഇനി നോ രക്ഷ, യൂ ആര്‍ ടൂ ലെയ്റ്റ് :(

ബിന്ദു പറഞ്ഞു...

ഫോട്ടോസ് വേണം ഫോട്ടോസ്.:)

ഇളംതെന്നല്‍.... പറഞ്ഞു...

പ്രാഥമിക മത്സരങ്ങള്‍ തുടങ്ങിയോ?... ഇന്ത്യയും ബഹറൈനുമായുള്ള വോളീബോള്‍ മത്സരം എന്തായി.. ഇന്ത്യന്‍ ടീം മത്സരത്തിന് എത്തിയില്ല എന്നു കേട്ടു.. ശരിയാണോ?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ബിന്ദൂ ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്. ഇന്ന് ഉദ്ഘാടന ചടങ്ങുകളുടെ അവസാനവട്ട പരിശീലനത്തിനു ക്ഷണമുണ്ട്. ഒരു വീഡിയോ ക്യാമറ വരെ സംഘടിപ്പിച്ചിരുന്നു. ദാ SMS വന്നിരിക്കുന്നു, ക്യാമറ പോയിട്ട് മൊബൈല്‍ ഫോണ്‍ പോലും ഇന്ന് അകത്തേക്ക് കടത്തി വിടില്ലത്രേ!

ഇളംതെന്നലേ മത്സരങ്ങളേക്കുറിച്ച് വലിയ പിടിപാടൊന്നും ഇല്ല :) ഞാന്‍ ആശ്രയിക്കുന്നത് ഈ ഔദ്യോഗിക ഗെയിംസ് ജാലികയാണ്.

ഇളംതെന്നല്‍.... പറഞ്ഞു...

സോറി .. വോളീബോള്‍ അല്ല ബാസ്കറ്റ് ബോള്‍

മുസാഫിര്‍ പറഞ്ഞു...

വിവരണം നന്നായി.ഫുഡ്ഡടി വിശേഷം പറഞ്ഞു ചുമ്മാ കൊതിപ്പിച്ചു എങ്കിലും.താമസ പ്രശ്നങ്ങള്‍ തല്‍ക്കാലം പാസഞ്ചര്‍ ഷിപ്പ് വച്ചു ശരിയാക്കി അല്ലേ ?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

മുസാഫിറേ ഛായ്.... പാസഞ്ചര്‍ ഷിപ്പോ! നല്ല്ല എണ്ണം പറഞ്ഞ ക്രൂയിസ് ഷിപ്പുകളല്ലേ കൊണ്ടുവന്ന് നിരത്തിയിരിക്കുന്നത്!

ഉദ്ഘാടന പരിശീലനത്തിന്റെ വിശേഷങ്ങള്‍ ദാ ഇവിടെ...