ഞായറാഴ്‌ച, ജൂലൈ 16, 2006

ആം സൂറി

ഗള്‍ഫിലെ ആദ്യ പൊറുതി സദ്ദാം ഹുസൈന്റെ പെങ്ങളെ കുട്ടി സലാമ ഹുസൈന്റെ കൂടെയായിരുന്നു. ഈ ഹുസൈന്‍ സിറിയാക്കാരനാണ്‌, സദ്ദാമിനേക്കാള്‍ തീവ്രതയുള്ള അമേരിക്കാ വിരുദ്ധനും.

ആദ്യരാത്രി(?) ഇരട്ടക്കട്ടിലിന്റെ താഴത്തെ നില എനിക്കായി സമ്മാനിച്ച്‌ അവന്‍ മുകളില്‍ ചേക്കേറി. കിടക്ക ശരിയാക്കുന്നതിനിടയില്‍ തലയിണ, താഴെ കട്ടിലില്‍ ഇരിക്കുകയായിരുന്ന എന്റെ മേല്‍ വീണു.

"ആം സൂറി", അറബിച്ചുവയുള്ള മുറി ഇംഗ്ലീഷില്‍ അവന്‍ മൊഴിഞ്ഞു.

"നോ മനുഷ്യന്‍", പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുകയും തന്റെ കട്ടില്‍ എനിക്കായി ഒഴിഞ്ഞു തരികയും ചെയ്ത അവന്‍ എന്നോട്‌ സോറി പറയുകയോ, ഛെ! ലജ്ജാവഹം!!! "നോ സോറി, യൂ ആര്‍ നൗ മൈ ഫ്രെന്റ്‌".

അവന്റെ നേര്‍ക്ക്‌ നീട്ടിയ കയ്യില്‍ പിടിച്ച്‌ തിളങ്ങുന്ന കണ്ണുകളോടെ അവന്‍ പറഞ്ഞു, "ഐ സെഡ്‌ ഐ ആം സൂറി!", കൂടെയൊരു കുസൃതിച്ചിരിയും.

"ഓഹ്‌ യൂ ആര്‍ സൂറി!!! അമ്പട മിടുക്കാ, നീ ആളു കൊള്ളാല്ലോ! നിന്റെ ആള്‍ക്കാര്‍ ഞങ്ങടെ നാട്ടിലുമുണ്ട്‌. എന്റെ അമ്മ സുറിയാനിയാ, അപ്പന്‍ ലത്തീനും."

"യൂര്‍ മദര്‍ സൂറി?!!!"

അതൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അംഗ്ലിഷ്‌ അറിയാവുന്ന അവനും മറബി അറിയാവുന്ന ഞാനും ഒരു പരസ്പര സഹകരണ സംഘം രൂപീകരിച്ചു. എനിക്കറിയാവുന്ന ഇംഗ്ലിഷ്‌ അവനും അവനറിയാവുന്ന അറബി എനിക്കും പഠിക്കാം. ഓഫീസിലെ മലയാളികള്‍ അവന്റെ മുഖത്തുനോക്കി പറയുന്ന തെറികളുടെ അര്‍ത്ഥവും മറുതെറികളും ഞാനവനു പറഞ്ഞുകൊടുക്കണം, പകരം അവന്റെ കാറില്‍ ഖത്തര്‍ മുഴുവന്‍ ചുറ്റിക്കാണിച്ചു തരും.

പലപ്പോഴും പാതിരായ്ക്ക്‌ കയറിവരുന്ന അവന്‍ എന്നെ വിളിച്ചുണര്‍ത്തും, അറബി പഠിക്കാം എന്നോ കറങ്ങാന്‍ പോകാം എന്നോ പറഞ്ഞ്‌. ചില രാത്രികളില്‍ കോര്‍ണിഷിലെ(കടല്‍ത്തീരം) പൊങ്ങിക്കിടക്കുന്ന ബോട്ട്‌ ജെട്ടിയുടെ അങ്ങേയറ്റത്ത്‌ പോയിരുന്നു ഞാനുമായി അവന്‍ ഹൃദയം പങ്കുവയ്ക്കും. അവന്റെ അമ്മയേക്കുറിച്ചും, അമ്മ മരിച്ചതിനുശേഷം ബാപ്പയും ബന്ധുക്കളും നാടുമായും ബന്ധം നഷ്ടപ്പെട്ടതിനേക്കുറിച്ചും, സിറിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധസേവനം അനുഷ്ഠിച്ചതിനേക്കുറിച്ചും മറ്റും, പുലരുവോളം.

അങ്ങിനെയിരിക്കെ അയല്‍മുറിയില്‍ മുത്തി ചത്ത്‌ കട്ടിലൊഴിഞ്ഞു. അറ്റാച്ച്ഡ്‌ ബാത്ത്രൂമും കേബിള്‍ കണക്ഷനും മനസ്സില്‍ കണ്ട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്നതുകൊണ്ട്‌ മേരാ നമ്പര്‍ ആയാ. ആത്മബന്ധം നൂല്‍ബന്ധം പോലെ പൊട്ടിച്ച്‌ കൂട്‌ മാറി, ഞാന്‍ സ്വാര്‍ത്ഥന്‍. പിറ്റേന്ന്, ഞാനല്ലാതെ മറ്റാരേയും കൂടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ്‌ ഇരട്ടക്കട്ടിലിന്റെ മുകള്‍ തട്ട്‌ അഴിച്ച്‌ വയ്ക്കുന്ന ഹുസൈനെ ഞാന്‍ കണ്ടു.

മണല്‍ക്കാറ്റില്‍ കുന്നുകള്‍ പോലും സ്ഥലം മാറുന്ന മരുഭൂമിയില്‍ എന്റെ താമസസ്ഥലം പിന്നേയും മാറി. ഒപ്പം, ജോലിയും സാഹചര്യവും.

3ാ‍ം വെസ്റ്റ്‌ ഏഷ്യന്‍ ഗെയിംസ്‌ ഫുട്ബോള്‍ ഫൈനല്‍(ഗെയിംസ്‌ വിശേഷങ്ങള്‍ മുന്‍പൊരിക്കല്‍ വിളമ്പിയിരുന്നു). 'കൂറ'കളിയില്‍ എനിക്ക്‌ വര്‍ദ്ധിച്ച താല്‍പര്യമൊന്നുമില്ല, മത്സരിക്കുന്നതാകട്ടെ ഇറാക്കും സിറിയയും. എന്നാലും ജേഷ്ടന്റെ മകന്റെ താല്‍പര്യപ്രകാരം ആ കുടുംബത്തോടൊപ്പം കളികാണാനെത്തി. കവാടത്തില്‍ വച്ച്‌ വനിതാ വളണ്ടിയര്‍ ചേടത്തിയോട്‌ ചോദിച്ചു, "ആരെയാ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌? സിറിയ? ഇറാക്ക്‌?"

"ഇറാക്ക്‌", ചേടത്തിയുടെ പൊടുന്നനെയുള്ള മറുപടി കേട്ട്‌ ഞങ്ങള്‍ ഞെട്ടി.

"എന്തുകൊണ്ട്‌ ഇറാക്ക്‌?", അറബിപ്പെണ്ണിന്റെ മുഖത്ത്‌ വിസ്മയം.

"ഇത്‌ സദ്ദാമിന്റെ പെങ്ങള്‍, ഇത്‌ അളിയന്‍." ഞാന്‍ വിശദമാക്കി. എല്ലാവരും ആര്‍ത്ത്‌ ചിരിച്ച്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ ഹുസൈന്‍. സിറിയന്‍ പതാക പുതച്ച്‌ കൂട്ടുകാരുമൊത്താണ്‌ വരവ്‌.

"സിറിയ?" ആര്‍ക്കാണ്‌ സപ്പോര്‍ട്ടെന്ന് അവനും അറിയണം.

"യൂ സൂറി, വീ സൂറി," അവന്റെ തോളില്‍ കയ്യിട്ട്‌ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു.

ഗ്രൗണ്ട്‌ സപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും സിറിയയ്ക്കായിരുന്നു. താളമേളങ്ങളുമായി എല്ലാവരും സിറിയന്‍ ടീമിന്റെ കൂടെ കൂടിയെങ്കിലും കളിയുടെ ഗതി ഇറാക്കിനനുകൂലമായിക്കൊണ്ടിരുന്നു. പയ്യെ പയ്യെ ഗാലറികളില്‍ ചേരിതിരിവ്‌ ദൃശ്യമായിത്തുടങ്ങി. തുടക്കത്തില്‍ മ്ലാനമായിരുന്ന ചേടത്തിയമ്മയുടെ മുഖം തെളിഞ്ഞു തുടങ്ങി.

കാണികളുടെ ആവേശം കളത്തില്‍ പകര്‍ത്താന്‍ സിറിയയ്ക്കായില്ലെങ്കിലും കടുത്ത ചെറുത്തുനില്‍പ്‌ വഴി വച്ചത്‌ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കായിരുന്നു. നിര്‍ണ്ണായകമായ ഷൂട്ടൗട്ടില്‍ ഓരോ ഗോള്‍ പിറക്കുമ്പോഴും ഇരു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു സിറിയക്കാര്‍ ഒഴികെയുള്ള കാണികള്‍. തങ്ങള്‍ക്കെതിരേയുള്ള അവസാന പന്ത്‌ തടഞ്ഞ ഇറാക്ക്‌ ഗോളി തിരികെ വന്ന് സിറിയക്കെതിരേ വിജയഗോള്‍ നേടി താരമായ ആ നിമിഷത്തില്‍ എന്റേയും കണ്ട്രോള്‍ പോയി. ജേഷ്ടപുത്രനോടൊപ്പം തുള്ളിച്ചാടുന്ന എന്നെ ദയനീയമായി നോക്കിയ ഹുസൈനോട്‌ കൈ മലര്‍ത്തി നിസ്സഹായനായി ഞാന്‍ പറഞ്ഞു,"ആം സൂറി!".

28 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

എന്നെ ഉള്‍പ്പെടുത്തുകയും എനിക്ക് സ്വാഗതമോതുകയും ചെയ്തിട്ട് ഇതുവരേയും ഒരു മറുപടി പോലും ഞാനയച്ചിട്ടില്ലാത്ത മരുഭൂമിയിലെ എന്റെ ഡാഫൊഡിത്സിനോട് ക്ഷമാപണമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...
“I am SORRY"

ബിന്ദു പറഞ്ഞു...

സ്വാര്‍ത്ഥന്‍ തന്നെ സംശയമില്ല !!
കോര്‍ണീഷിനെ പറ്റി കണ്ടപ്പോള്‍ ഒരു നൊവാള്‍ജിയ.... ഷെറാട്ടണ്‍ അവിടെ തന്നെയുണ്ടോ?? :)

Adithyan പറഞ്ഞു...

വന്‍ കോണ്‍ടാക്‌സ് ആണല്ലേ?

നന്നായി എഴുതിയിരിയ്ക്കുന്നു.

Satheesh :: സതീഷ് പറഞ്ഞു...

നന്നായി എഴുതീന്നു പറഞ്ഞാല്‍ അതൊരു understatement ആവുംന്ന് തോന്നുന്നു!
എന്നാലും പറയട്ടെ വളാരെ നന്നായി!

വിശാല മനസ്കന്‍ പറഞ്ഞു...

സ്വാര്‍ത്ഥാ.. കുറച്ചു കൂടെ ആക്ടീവാകുക. പോസ്റ്റ് കിണ്ണങ്കാച്ചിയായിട്ടുണ്ട്.

'കൂറ'കളി..

ഒരു വേള്‍ഡ് കപ്പിന്റെ കമന്ററി കേട്ടപ്പോള്‍, എന്തിറ്റാ ഇവന്മാര് ഈ ‘കൂറ, കൂറ’ എന്ന് വിളിച്ചുപറയുന്ന് ആലോചിച്ചു.

പിന്നെയല്ലേ മനസ്സിലായേ, പന്തിനാണ് ഈ ഡേഷുകള്‍ കൂറ എന്ന് പറയണതെന്നും കമന്ററിയില്‍

‘മൈതാനത്തിന്റെ വലതു മൂലയില്‍ നിന്നും ബെബറ്റോയടച്ച കൂറ, വലതുവിങ്ങിലൂടെ ഓടുന്ന റൊമാരിയോയുടെ കാലിലെത്തിയെന്നും, അദ്ദേഹം ആ കൂറ നീട്ടി യടിച്ച് റോണാള്‍ഡോക്ക് കൊടുത്തുവെന്നൊക്കെയായിരിക്കും‘ പറയുന്നതെന്ന് മനസ്സിലായത്.

ഇടിവാള്‍ പറഞ്ഞു...

കഥ നന്നായി.. സൂറി.. വളരേ നന്നായി സ്വാര്‍ഥന്‍ജി !

ദേവന്‍ പറഞ്ഞു...

നല്ലയെഴുത്ത്‌ സ്വാര്‍ത്ഥാ.

ഓ ടോ
ഫുട്ട്ബാളിന്‌ ഇവര്‍ "കൂറ" എന്നു പറയുന്നെങ്കില്‍ ടെന്നിസ്‌ ബാളിനു "കുട്ടിക്കൂറ" എന്നാണോ പറയുക?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പോയിന്റേ താനെങ്കിലും അതു തുറന്ന് സമ്മതിച്ചല്ലോ! ഡാങ്ക്സ് !!!
ഷെറാട്ടണ്‍ അവിടെത്തന്നെയുണ്ട്. ചുറ്റിനും കൂറ്റന്‍ കെട്ടിടങ്ങള്‍ വന്ന് പഴയ പ്രതാപം തെല്ലൊന്ന് കുറഞ്ഞിരിക്കുന്നു.

ആദീ ഒക്കെയൊരു നമ്പറല്ലേ ;)

സതീശാ understandingനു വളരെ നന്ദി, കൂട്ടുകാരാ :)

വിശാലോ പറ്റാണ്ടല്ലേ ഗഡീ
ശിര്‍സീന്ന് വരണ്ടേ!!
ലോക്കല്‍ കൂറകളി ഉള്ള ദിവസം ആ പ്രദേശത്തൂടെ പോകുന്നവന്റെ കാര്യം മഹ കഷ്ടമാ. റോഡ് മുഴുവന്‍ ലാന്‍ഡ് ക്രുയിസര്‍ നിരത്തി ബ്ലോക് ചെയ്തിട്ടല്ലേ ഈ ഡേഷുകളുടെ ആഹ്ലാദപ്രകടനം.

ഇടിവാളേ താങ്ക്സ് ഇണ്ട്ട്ടാ ചുള്ളാ...

ദേവോ ‘കുട്ടിക്കൂറ’ ഹ, ഹ, ഹ, അതിനിക്കിഷ്ടായി...

nalan::നളന്‍ പറഞ്ഞു...

നല്ല പോസ്റ്റ്, നല്ല എഴുത്ത്.
ഞാനല്ലാതെ മറ്റാരേയും കൂടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ്‌ ഇരട്ടക്കട്ടിലിന്റെ മുകള്‍ തട്ട്‌ അഴിച്ച്‌ വയ്ക്കുന്ന ഹുസൈനെ ഞാന്‍ കണ്ടു.
എന്നിട്ടും ഒടുവില്‍ !
നിസ്സാരമാ‍യ ദാനം, ചിലര്‍ക്ക് വിലപ്പെട്ടതാണല്ലേ

കലേഷ്‌ കുമാര്‍ പറഞ്ഞു...

ചേട്ടായീ, സൂപ്പറായിട്ടുണ്ട്‌!
എന്താണിപ്പഴൊന്നും അങ്ങനെ എഴുതാത്തത്‌?

അരവിന്ദ് :: aravind പറഞ്ഞു...

സ്വാര്‍ത്ഥന്‍ :-)
പോസ്റ്റ് ശരിക്കും മനോഹരായിട്ടുണ്ട്!
അതെ, കുറച്ചുകൂടി ആക്റ്റീവാകണം എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

സൂപ്പര്‍ പോസ്റ്റ്!

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

അടിപ്പൊളി..

കുറുമാന്‍ പറഞ്ഞു...

എവിടെപോയി, എവിടെപോയീന്ന് ചിന്തിച്ചിരിക്കുന്നതിനിടയിലാണ് കൂറകളിയുമായി രംഗപ്രവേശം ചെയ്തത്?

ഇങ്ങനെ ആണ്ടിനും, സംക്രാന്തിക്കും മാത്രം മതിയോ സ്വാര്‍ത്ഥാ.......ഇടക്കിടക്ക് പോരട്ടെ നമ്പ്രുകള്‍, കുട്ടി കവിതകള്‍ എല്ലാം....

നന്നായിട്ടുണ്ട്......
ദേവേട്ടന്റെ കുട്ടിക്കൂറയും ഇഷ്ടായി

ഇളംതെന്നല്‍.... പറഞ്ഞു...

തകര്‍പ്പന്‍ .... സ്വാര്‍ത്ഥാ.. തകര്‍പ്പന്‍..

Sapna Anu B. George പറഞ്ഞു...

മകനേ, ഇതു നമ്മുടെ ഡാഫോദിത്സുകാരു ക്ണ്ടില്ല അല്ലെ!! ഞന്‍ എന്നാ പിന്നെ വരാം, അവന്മാരുടെ കമെന്റ് വരട്ടെ. നന്നായിരിയിക്കുന്നു കേട്ടൊ, ഒരു നിസ്വാര്‍ഥവിചാരം.

ഡ്രിസില്‍ പറഞ്ഞു...

nice writing yaar.. sorry.. no varamozhi in this internet cafe.. no internet connection in my office... keep writing.. best wishes..

സ്വാര്‍ത്ഥന്‍ പറഞ്ഞു...

നളാ നമ്മള്‍ കല്പിക്കുന്ന വില പലപ്പോഴും മറ്റുള്ളവരുടെ ദൃഷ്ടിയില്‍ തുച്ഛമാണ്. ഈ തിരിച്ചറിവ് എന്നെ സ്വാര്‍ത്ഥനാക്കുന്നു, സ്വതന്ത്രനാക്കുന്നു!!!
ബന്ധങ്ങളുടെ ബന്ധനം ഇപ്പോഴെന്നെ അലോസരപ്പെടുത്താറില്ല :)

കലേഷേ ഉറക്കമാണ് പ്രധാന പ്രശ്നം. പകല്‍ മുഴുവന്‍ വെയിലത്ത് കറങ്ങി തിരിച്ചെത്തുമ്പോള്‍ കട്ടില്‍ എന്നെ മാടി വിളിക്കും!

അരവിന്ദോ അഭ്യര്‍ത്ഥന സസ്നേഹം സ്വീകരിച്ചിരിക്കുന്നു. ഈ പ്രോത്സാഹനമാണ് എന്റെ ഊര്‍ജ്ജം.

ഇത്തിരിവെട്ടമേ വെളിച്ചം ഇവിടെയും വീശിയതില്‍ റൊമ്പ നണ്ട്രി!

കുറുമാനേ മാസത്തിലൊരു പോസ്റ്റ് എങ്കിലും എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ പെടാപ്പാട് പെടുകയാണ് ഞാന്‍ :)

ഇളം തെന്നലേ താങ്ക്സ് ഡാ :)

സ്വപ്നാ ഡാഫോഡിത്സിന്റെ കമന്റുകള്‍ ഈമെയിലായി വരുനുണ്ട് :)

ഡ്രിസിലേ നോ മനുഷ്യന്‍ യാര്‍ :)

ഉമേഷ്::Umesh പറഞ്ഞു...

ഇപ്പോഴാണു കണ്ടതു്. നന്നായിരിക്കുന്നു.

sami പറഞ്ഞു...

സ്വാര്‍ത്ഥന്‍‍ചേട്ടാ,
അടിപൊളി.....രസകരമായ വിവരണം
ഇഷ്ടായി,ഒരുപാട്......
സെമി

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഉമേഷ് ജീ, സെമിക്കുട്ടീ,
സന്തോഷം...

വക്കാരിമഷ്‌ടാ പറഞ്ഞു...

സ്വാര്‍ത്ഥാ, ആ സ്വാര്‍ത്ഥന്‍ ടച്ച് ശരിക്കും അനുഭവിച്ച് തന്നെ രസിച്ച് വായിച്ചു. സ്വാര്‍ത്ഥന്‍ ഇരുപത്തഞ്ച്, ഇരുപത്താറ് എന്നീ മണിക്കൂറുകളിലെങ്കിലും ഇരുന്ന് എഴുതണം, ഇനി ഇരുപത്തിനാലു മണിക്കൂറിനിടയ്ക്ക് സമയം കിട്ടിയില്ലെങ്കില്‍.

ആദ്യമേ തന്നെ വായിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ എല്ലാം കുളമായി :)

Adithyan പറഞ്ഞു...

സ്വാര്‍ത്ഥന്‍ ചേട്ടോ പൂയ്...
പുതിയതൊന്നും ഇല്ലെ?

കൈത്തിരി പറഞ്ഞു...

സ്വാര്‍ത്ഥന്‍ സാര്‍, "ആം സൂറി" നിക്കിഷ്ടായി... എന്റോര്‍മയിലും ഉണ്ടു ഇത്തരം ചെറു രസങ്ങള്‍... "Let me Bark in the Barking" മനസ്സില്‍ പറഞ്ഞു, "താന്‍ ധൈര്യായിട്ടു ബാര്‍ക്കെഡോ, ആരാ ചോദിക്കാനെന്നു നോക്കാല്ലോ...!!!!" നന്ദി, ഈ മനോഹര വിവരണത്തിനും, ഈ ചെറു കൈത്തിരിക്കു തന്ന സ്വാഗതതിനും

ദില്‍ബാസുരന്‍ പറഞ്ഞു...

സ്വാര്‍ഥന്‍ ചേട്ടാ,
പുതിയ വെടി പൊട്ടിക്കുന്നില്ലേ...

സുമാത്ര പറഞ്ഞു...

ഇരട്ടക്കട്ടിലിന്റെ താഴത്തെ നില താങ്കള്‍ക്ക് കിട്ടിയത് നന്നായി.അതുകൊണ്ടാണല്ലോ.. തലയിണ താഴെ താങ്കളുടെ മേല്‍ വീഴാന്‍ ഇടയായതും ഈ “ആം സൂറി” ഞങ്ങള്‍ എല്ലാം കേള്‍ക്കാന്‍ ഇടയാ‍യതും. നന്നായി..

സുമാത്ര പറഞ്ഞു...

ഇരട്ടക്കട്ടിലിന്റെ താഴത്തെ നില താങ്കള്‍ക്ക് കിട്ടിയത് നന്നായി.അതുകൊണ്ടാണല്ലോ.. തലയിണ താഴെ താങ്കളുടെ മേല്‍ വീഴാന്‍ ഇടയായതും ഈ “ആം സൂറി” ഞങ്ങള്‍ എല്ലാം കേള്‍ക്കാന്‍ ഇടയാ‍യതും. നന്നായി..

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയപ്പെട്ട വക്കാരീ, ആദീ, കൈത്തിരീ, ദില്‍ബാസുരാ, സുമാത്രേ...

പിന്മൊഴിയില്‍ ഒന്നെത്തിനോക്കാന്‍ പോലും പറ്റാത്തത്ര തിരക്കായിരുന്നതിനാല്‍ നിങ്ങളുടെ കമന്റുകള്‍ ഇപ്പോള്‍ മാത്രമാണ്‌ കണ്ടത്.

ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട് :)

viswaprabha വിശ്വപ്രഭ പറഞ്ഞു...

:)