വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2006

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍

1152 ചിങ്ങം 31, ജന്മാഷ്ടമി. തൃശൂര്‍ നഗരം ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്‌. യുദ്ധരംഗത്തെ ജാഗ്രതയോടെ രണ്ട്‌ മുന്‍ പട്ടാളക്കാര്‍ മിഷ്യാനാശ്പത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലുണ്ട്‌. ഒന്ന് എന്റെ അപ്പന്‍, ജോസേട്ടന്‍. മറ്റേയാള്‍ എന്റെ അമ്മേടെ അപ്പന്‍, ഈനാശേട്ടന്‍. (ഇവരിവിടെവരെ എത്തിപ്പെട്ടതിനേക്കുറിച്ച്‌ മുന്‍പ്‌ എഴുതിയിരുന്നു.)

പെന്‍ഷനടിച്ച ഇനാശേട്ടനും പെന്‍ഷനടിക്കാത്ത ജോസേട്ടനും കൂട്ടായി, ടെന്‍ഷനടിച്ചുകൊണ്ട്‌ പരിവാരങ്ങളും എത്തിയിട്ടുണ്ട്‌. ആശുപത്രിയിലാണെങ്കില്‍ റോസ്യേട്ത്ത്യാരുടെ(അമ്മാമ്മ) അഭിപ്രായത്തില്‍, 'തിക്കും തെരക്കും തുപ്രാട്ട്‌ വെളക്കും'!

അന്തോണീസു പുണ്യാളനില്‍ തുടക്കമിട്ട നേര്‍ച്ച കാഴ്ചകള്‍ താഴേക്കാട്‌ മുത്തപ്പന്‍, കൊരട്ടി മുത്തി, എടപ്പിള്ളി ഗീവര്‍ഗ്ഗീസ്‌ സഹദാ, പിണ്ടിപ്പെരുന്നാള്‍ ബ്രാന്‍ഡ്‌ അമ്പാസ്സഡര്‍ സെബസ്ത്യാനോസ്‌ പുണ്യാളന്‍ എന്നുവേണ്ട, നേരം വൈകുംതോറും കൊച്ചിയിലെ കൂനന്‍ കുരിശു മുത്തപ്പന്‍, മലയാറ്റൂര്‍ പൊന്നിന്‍ കുരിശുമല മുത്തപ്പന്‍, വേളാങ്കണ്ണി മാതാവ്‌ എന്നിവരിലേക്കും നീണ്ടു.

നേര്‍ച്ച കാഴ്ചകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഒടുവില്‍ ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യപ്പെട്ടു, "വടക്കുംനാഥന്റെ പട്ടണത്തില്‍ മേരീജോസ്‌ ദമ്പതികള്‍ക്കായിതാ അഷ്ടമിരോഹിണി നാളില്‍ ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു". മാലോകര്‍ ആനന്ദാശ്രു പൊഴിച്ചു. പ്രസവ വാര്‍ഡിനു മുന്‍പില്‍ ഊഴം കാത്തു കഴിയുന്ന എല്ലാവരും ആ സന്തോഷം പങ്കുവച്ചു.

അകത്ത്‌ ഒരു അങ്കം തന്നെ കഴിഞ്ഞിരുന്നതിനാല്‍ ഉടനെ അമ്മയേയും കുഞ്ഞിനേയും കാണുവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ആറ്റുനോറ്റുണ്ടായ ഉണ്ണിയെ ഒരുനോക്ക്‌ കാണുവാനുള്ള ആശ ഉള്ളിലൊതുക്കി, പഴയ പട്ടാളക്കാരന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും കാന്റീന്‍ ലക്ഷ്യമാക്കി നീങ്ങി. ഇടക്കാലാശ്വാസമായി ചായയും വടയും കഴിച്ച്‌ ഉണ്ണിവാവേടെ അമ്മയ്ക്ക്‌ ഏറ്റവും ഇഷ്ടള്ള പഴംപൊരിയുമായി മടങ്ങി വന്ന സംഘം കാത്തിരിപ്പ്‌ തുടര്‍ന്നു. പ്രസവ മുറിയുടെ വാതില്‍ ഒന്നനങ്ങിയാല്‍, ഒരു കുഞ്ഞു കരച്ചില്‍ അതിലൂടെയെങ്ങാന്‍ പുറത്തേക്കെത്തിയാല്‍ ആ മുഖങ്ങളില്‍ വിസ്മയത്തിളക്കം.

പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങുന്ന ഒരു നഴ്സമ്മയിലാണ്‌ എല്ലാവരുടേയും പ്രതീക്ഷ. അവരാണെങ്കില്‍ ആരെയും അടുപ്പിക്കുന്ന പ്രകൃതക്കാരിയല്ല. ആകാംഷയുടെ മുള്‍മുനയില്‍ കൂട്ടത്തിലൊരാള്‍ അവരോട്‌ ചോദിച്ചു, "കുഞ്ഞിനെ ഒരുനോക്ക്‌ കാണാന്‍..."

"മേരീജോസിന്റെ കുഞ്ഞല്ലേ, അത്‌ മരിച്ചു!"

വെള്ളിടി വെട്ടിയ ആഘാതത്തില്‍ തരിച്ചുപോയി എല്ലാവരും. ഓരോരുത്തരായി തളര്‍ന്നു തുടങ്ങി, മാനസികമായും ശാരീരികമായും. കയ്യിലൊരു കുറിപ്പടിയുമായി തിരിച്ചുവന്ന നഴ്സമ്മ അവസാനമായി തളരാനൊരുങ്ങുന്ന ഈനാശേട്ടനു നേരെ കുറിപ്പടി നീട്ടി, "ഈ മരുന്ന് പുറത്ത്‌ നിന്ന് വാങ്ങണം, വേഗം വേണം."

പശ്ചാത്തലത്തില്‍ വയലിന്‍ സംഗീതം. അടുത്തുള്ള മരുന്നു കട ലക്ഷ്യമാക്കി, പതറുന്ന ചുവടുകളുമായി നീങ്ങുന്ന ഈനാശേട്ടന്‍. പൊടുന്നനെ ഒരു വാഹനം ആഞ്ഞ്‌ ബ്രെയ്ക്ക്‌ ചവിട്ടി ഈനാശേട്ടനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വെട്ടിച്ച്‌ നിന്നു. "ചാവാന്‍ നടക്കാണോ കാര്‍ന്നോരേ?"

സമനില വീണ്ടെടുത്ത്‌ വല്ലവിധേനയും മരുന്നു വാങ്ങി ആശുപത്രിയിലേക്ക്‌ തിരിച്ച്‌ നടക്കുന്ന ഈനാശേട്ടനു മുന്നില്‍ അതാ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ട്‌, എന്നാല്‍ വായ തുറന്ന് ചിരിച്ചു കൊണ്ട്‌ മരുമകന്‍, "പാവം, ഇവനു വട്ടായി..."

"അപ്പാ.... കുഞ്ഞ്‌ മരിച്ചിട്ടില്ല......മരിച്ചത്‌ നമ്മുടെ കുഞ്ഞല്ലത്രേ...."

ഒരു നൂറു നില അമിട്ടെങ്കിലും അപ്പോള്‍ അവരുടെ മനസ്സില്‍ പൊട്ടിവിരിഞ്ഞു കാണണം. ഈ അമിട്ട്‌ വിരിയല്‍ അടുത്തുള്ള ബാറിലേക്കാണ്‌ പിന്നീട്‌ നീണ്ടത്‌, പശ്ചാത്തലത്തില്‍ ബാന്റ്‌ മേളത്തോടെ!

ഇത്‌ സ്വാര്‍ത്ഥജനനം. എല്ലാ സെപ്റ്റമ്പര്‍ 15നും എന്റെ കുടുമ്പാംഗങ്ങള്‍ ഈ ഓര്‍മ്മകള്‍ അയവിറക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം ജനന തീയതി വേറെയാണെങ്കിലും ഞാനും ഈ ദിനം ഓര്‍ക്കാറുണ്ട്‌.

ഓര്‍മ്മകളില്‍ പക്ഷേ എന്നെ അലട്ടുന്ന ഒന്നുണ്ട്‌, ഈ പിറന്നാള്‍ ദിനത്തില്‍ അത്‌ നിങ്ങളുമായി പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1976 സെപ്റ്റമ്പര്‍ 15നു ഞാന്‍ മരിച്ചിട്ടില്ല എന്നാണെന്റെ വിശ്വാസം!!! എന്നാല്‍ അന്ന് അതേ ആശുപത്രിയില്‍ വച്ച്‌ മറ്റൊരു മേരീജോസിന്റെ കുഞ്ഞ്‌ മരിച്ചിരുന്നു. മറ്റുള്ളവരേക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ലെങ്കിലും, എനിക്ക്‌ പകരം മരണമടഞ്ഞ എന്റെയാ കൂടപ്പിറപ്പിനേക്കുറിച്ച്‌ ഈ ദിനത്തില്‍ ഞാന്‍ ചിന്തിച്ച്‌ പോകുന്നു.....

ബൂലോഗത്തെ എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ, നിങ്ങള്‍ക്കറിയാമോ ആ കുഞ്ഞിന്റെ മാതാപിതാക്കളെ, എനിക്ക്‌ പകരം മരിച്ച എന്റെ ആ കൂടപ്പിറപ്പിന്റെ മാതാപിതാക്കളെ?

34 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഒരു പിറന്നാള്‍ കൂടി ദാ കടന്നു പോകുന്നു...

Adithyan പറഞ്ഞു...

സ്വാര്‍ത്ഥാ, പിറന്നാള്‍ ആശംസകള്‍!
ഇനീം ഒരു പത്തുനൂറു വര്‍ഷം കൂടി അര്‍മ്മാദിക്കാന്‍ ഇടവരട്ടെ :)

InjiPennu പറഞ്ഞു...

ഡീന്‍ മാഷെ,
ഹാപ്പി ബര്‍ത്തഡേ റ്റൂ യൂ
ഹാപ്പി ബര്‍ത്തഡേ റ്റൂ ഡീന്‍
മേ ദ ഗൂഡ് ഗോഡ് ബ്ലെസ്സ് യൂ

മറ്റേ കുഞ്ഞിനെക്കുറിച്ച് ഞാന്‍ എന്റെ മനസ്സീന്ന് കമ്പ്ലീറ്റ് ഓഫാക്കി കളഞ്ഞു. അല്ലെങ്കില്‍ ശരിയാവൂല്ല്ല...അല്ലെങ്കി അതും ചിന്തിച്ചിരിക്കും..
അപ്പൊ ഡീന്‍ മാഷ് ജനിച്ചത് മാത്രേ എനിക്കറിയോ

അന്ന് ള്ളേ ള്ളേ എന്ന് കരയണേന് പകരം, യൂണീ യൂണീ ന്ന് വല്ലോമാണൊ കരഞ്ഞേ? ഇതെനിക്ക് സിബുചേട്ടന്റെ അമ്മേനോടു ചോദിക്കണം എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.
പറഞ്ഞ പോലെ മ്മടെ സിബു ചേട്ടന്‍ എന്തിയെ? കുറേ നാളായില്ലൊ കണ്ടിട്ട്?

ദേവന്‍ പറഞ്ഞു...

സ്വാര്‍ത്ഥാ, പിറന്നാളാശംസകള്‍!

സു | Su പറഞ്ഞു...

ആശംസകള്‍ :)

ഒരു സന്തോഷത്തിനിടയില്‍ ഒരു നൊമ്പരം ഉണ്ടായോ? അവര്‍ക്കും വേറൊരു സന്തോഷം പിന്നെ കിട്ടിയിരിക്കും.

സുഗതരാജ് പലേരി പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍!

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

സ്വാര്‍ത്ഥാ പിറന്നാള്‍ ആശംസകള്‍.

ikkaas|ഇക്കാസ് പറഞ്ഞു...

ആയുരാരോഗ്യ സൌഖ്യം നേരുന്നു.

പട്ടേരി l Patteri പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍!
ഇന്നു അധികം സ്വാര്‍ത്ഥത വേണ്ടാ...അഷ്ടമി രോഹിണിയുടെ പാല്പായസം ഇല്ലെങ്കില്‍ എന്താ,,,പാര്‍സെല്‍ ആയി അയക്കവുന്ന എന്തും അയക്കമല്ലൊ ട്രീറ്റ് ആയിട്ടു :)
മെനി മെനി ഹാപ്പി റിട്ടെണ്സ് ഓഫ് ദ ഡെ...ഡൈ..ഡ ഡാഇ :) :)

ആത്മകഥ പറഞ്ഞു...

സ്വാര്‍ത്ഥാ. എന്നുള്ള വിളിയില്‍ ഒരു, ഒരു, ഒരുമാതിരി വിഷമം അതുകൊണ്ട്‌ പ്രിയ ചങ്ങാതി, താങ്കള്‍ക്ക്‌ വേണ്ടി മരിച്ച ആ മറ്റൊരു വ്യക്തിക്ക്‌ ആത്മശാന്തി നേരാം... തങ്കള്‍ക്ക്‌ എണ്റ്റെ ജന്‍മദിനാശംസകളും.


(ജീവിതം കരഞ്ഞ്‌ തീര്‍ക്കാനുള്ളതല്ല അത്‌ ജീവിച്ച്‌ തീര്‍ക്കാനുള്ളതാണ്‌, എന്നാണ്‌ എണ്റ്റെ ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്‌, എണ്റ്റെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക്‌ മുന്‍പില്‍, താല്‍പര്യമുണ്ടെങ്കില്‍ വരിക വായിക്കുക. )

അഗ്രജന്‍ പറഞ്ഞു...

1976 സെപ്തംബര്‍ 15:
താങ്കളുടെ ജനനവും മരണവും പിന്നെ താങ്കളുടെ പുനര്‍ജന്മവും... അതെ, ഒരപൂരവ്വദിനം :)

സ്വാര്‍ത്ഥാ... ജന്മദിനാശംസകള്‍.

ഗന്ധര്‍വ്വന്‍ പറഞ്ഞു...

അങ്ങിനേയാണൊ സ്വാര്‍ത്ഥനായത്‌.
അത്‌ പകരക്കാരനായിരുന്നില്ല. കാലന്‍ ശീട്ടു കീറിയവനായിരുന്നു.
ടെന്‍ഷന്‍ നിങ്ങളുടെ കുടുമ്പത്തിനും പെന്‍ഷന്‍ അയാള്‍ക്കുമായിരുന്നു.

ഓരോ നിമിഷവും എവിടെയൊക്കേയോ ചിതകളെരിയുന്നു. കണ്ണുനീരുപ്പുകൊണ്ട്‌ മേദിനി ഊഷരയാകുന്നു. വിലാപങ്ങള്‍ വിലാപങ്ങള്‍. കാതോര്‍ക്കുക ലോകം മുഴുവന്‍ ദൈന്യവും വിലാപവുമാണ്‌. ഇന്നു നീ നാളേയും നീ - ഒരിക്കലും അങ്ങിനെയാവില്ലല്ലോ?.

അഷ്ടമി രോഹിണിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കാരാഗൃഹത്തില്‍ ജനിച്ച കൃഷ്ണനും മരിച്ചുവെന്നാണ്‌ ദ്വാരകയില്‍ കരുതപ്പെട്ടിരുന്നത്‌.

എന്നിട്ട്‌ കംസനെ വധിച്ചോ സ്വാര്‍ത്ഥാ?.

രസമായിരിക്കുന്നു.

mariam പറഞ്ഞു...

ഒരു സംശയത്തോടെ പിറന്നാള്‍ ആശംസിക്കുന്നു.

സംശയം വേറെ ഒന്നുമല്ല. തൃശൂര്‍ ഒക്കെ അപ്പനെ ചേട്ടന്‍ എന്നാണൊ വിളിക്കുന്നത്? ;-)
(തമാശയാണെ)

കലേഷ്‌ കുമാര്‍ പറഞ്ഞു...

സ്വാ‍ര്‍ത്ഥരേ, എന്റെയും റീ‍മയുടെയും വക ബിലേറ്റഡ് വിഷസ്!

ദില്‍ബാസുരന്‍ പറഞ്ഞു...

പിറന്നാളാശംസകള്‍! :)

അചിന്ത്യ പറഞ്ഞു...

സ്വാര്‍ത്ഥന്‍ ന്നുള്ള പേരിന്‍റുള്ളിലൊളിച്ചിര്‍ക്കണ നിസ്വാര്‍ത്ഥനായ ന്റ്റെ പ്രിയ ചങ്ങാതി അന്തോണിച്ചന്,പിറന്നാളാശംസകള്‍. വീട്ട്റ്റിലെ ആ ചുന്ദരിപ്പെണ്ണിന്‍റേം രണ്ട് തങ്കക്കൊടങ്ങള്‍ടേം കൂടെ കൊറേ കൊറേ കാലം, സാന്തോഷം,, സമാധനം, സ്നേഹം.

രാജാവു് പറഞ്ഞു...

എല്ലാം കണക്കിലെ കളിയാണു സ്വാര്‍ഥാ.
ആശംസകള്‍.
രാജാവു്.

.::Anil അനില്‍::. പറഞ്ഞു...

‘ആപ്പി ബെത് ഡേ റ്റു ലു’ സ്വാര്‍ത്ഥരേ.
നീണാള്‍ വാഴ്ഹ.

ഓടോ: ഇഞ്ചി ബ്ലോഗ് തെറ്റിയാശംസ ഇവിടെയിട്ടൂന്നാ തോന്നണേ.

കുറുമാന്‍ പറഞ്ഞു...

സ്വാര്‍ത്തത തീരെയില്ലാത്ത സ്വാര്‍ത്ഥാ, നിങ്ങള്‍ക്കു വൈകിയെങ്കിലും, ജന്മദിനാശംസകള്‍.

അപ്പോ എന്നേക്കാളും മൂന്നാലു വയസ്സിന്നു താഴെയാണല്ലെ?

അനുജാ, ഇത്ര മൌനം വേണ്ടാട്ടോ, ഈയിടേയായി എഴുതുന്നത് വളരെ കുറയുന്നു. പോരട്ടെ നല്ല ഒരു എരിപൊരി ഗുമ്മന്‍

വല്യമ്മായി പറഞ്ഞു...

ജന്മദിനാശംസകള്‍

Sapna Anu B. George പറഞ്ഞു...

പ്രിയ കൂട്ടുകാരാ,


ഒരായുസ്സിന്റെ സൌഹ്രുദവും
ഒരു നല്ലമന‍സ്സിന്റെ പുഞ്ചിരിയുമായി
കടന്നു വന്നവനേ,
നന്മകള്‍,ഒരു മഴയായി,സുര്യന്റെ തേജസ്സായി,
എന്നെന്നും നിന്റെ ജീവിതത്തില്‍ നിറയട്ടെ.‍

ഇന്ദീവരം പറഞ്ഞു...

പിറന്നാള്‍ ആശം‌സകള്‍

ജേക്കബ്‌ പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍...

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ആദീ താങ്ക്യൂ ഡാ :)

ഇഞ്ച്യേ ഹ ഹ ഹ, യൂണീ യൂണീ ന്നാ കരഞ്ഞേന്നോ!! അതിഷ്ടായി, സിബൂനോടും ചോദിക്കണം നമുക്ക്.
താങ്കൂ ട്ടാ

ദേവോ നന്ദി :)

സൂ ചത്ത് ജീവിച്ച കുട്ട്യാത്രേ ഞാന്‍!! അവര്‍ക്ക് വേറൊരു സന്തോഷം കിട്ടിക്കാണുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതൊന്ന് അറീയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

സുഗതരാജ് നന്ദി സുഹൃത്തേ :)

ഇത്തിരിവെട്ടമേ ആശംസകള്‍ കൈക്കൊളുന്നു

ഇക്കാസ് നന്ദി കുട്ടുകാരാ :)

പട്ടേര്യേ അല്പം മനഃപായസം മാത്രം കയ്യിലുണ്ട്, പാര്‍സല്‍ അയക്കട്ടെ?

ആത്മകഥാത്മാവേ സ്വാര്‍ത്ഥാ എന്ന് ധൈര്യമായി വിളിച്ചോളൂ ചങ്ങാതി. താങ്കളുടെ അനുഭവങ്ങളിലേക്ക് കടന്ന് വരുന്നുണ്ട്...

അഗ്രജാ അപൂര്‍വ്വം എന്ന് പറയുമ്പോള്‍ ഈ സിംഹവാലന്‍ കൊരങ്ങിനേപ്പോലെ എന്നാണ് എന്റെ നേര്‍പെങ്ങള്‍ പറയാറുള്ളത്!

ഗന്ധര്‍വാ കാലന്‍ ശീട്ട് കീറീയത് അവന്റെയോ അവളുടെയോ എന്ന് നിശ്ചയമില്ല. തൃശൂര്‍ ബ്ലോഗര്‍ ആരെങ്കിലും സഹായിക്കുമോ, ഒന്ന് കണ്ടെത്താന്‍?
കംസന്റെ കാര്യം:
ഇന്നും രണ്ട് പെഗ്ഗ് അകത്ത് ചെന്നാല്‍ എന്റെ ഇളയ കംസന്‍ പറയും, “അവളെ, ആ &%#$%%ച്ചി നഴ്സിനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍” എന്ന്!

മറിയമേ ഇപ്പൊ ഞാനും ഒരപ്പനല്ലേ മറിയേ, ഒരപ്പന്‍ തന്റെ യൂണീയനില്‍ പെട്ട മറ്റൊരപ്പനെ ചേട്ടാ എന്നോ അനിയാ എന്നോ വിളിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ മതം :)

റീമാ കലേഷ് ദമ്പതിമാരേ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ;)

ദില്‍ബാ നന്ദി ണ്ട് ട്ടോ :)

അചിന്ത്യ ടീച്ചറേ ഞാന്‍ ചങ്ങാതിയോ? എപ്പോഴും വിദ്യാര്‍ത്ഥിയായിരിക്കാനാണെന്റെ ആഗ്രഹം!

രാജാവേ അതന്നെ, എല്ലാം ഒരു കണക്കിനങ്ങിനെ പോകുന്നു, കളിയായ് :)

അനില്‍ ഭായ് താങ്കൂ. ഇഞ്ചിപ്പെണ്ണ് ഇഞ്ചി കടിച്ചിരിക്കുകയായിരുന്നിരിക്കണം!!

കുറൂമാനേ നാട്ടിലെ ഷാപ്പായ ഷാപ്പുകളിലെല്ലാം പറയെടുപ്പ് നടത്തി തിരിച്ചെത്തിയല്ലേ, എല്ലാം ഞാന്‍ അറിയുന്നുണ്ട്, സന്തോഷം :)

വല്യമ്മായി നന്ദിയുണ്ടമ്മായീ

സപ്പൂ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രിയപ്പെട്ടവളേ

മുല്ലപ്പൂവേ നന്ദിയുണ്ട് ട്ടോ, ഒരുപാട് :)

ജേക്കബേ താങ്ക്യൂ ഡാ, (നീ മാത്രമാണ് ബൂലോഗത്തുള്ള എന്റെ സ്കൂള്‍ മേറ്റ് :)

ബിന്ദു പറഞ്ഞു...

താമസിച്ചു പോയ പിറന്നാള്‍ ആശംസകള്‍!!:)എന്നാലും പായസം പോന്നോട്ടെ.

ശ്രീജിത്ത്‌ കെ പറഞ്ഞു...

നല്ല എഴുത്ത് സ്വാര്‍ത്ഥാ, ജനിച്ച ഉടനേയുള്ള കാര്യങ്ങളെക്കുറിച്ചും നല്ല ഓര്‍മ്മ ആണല്ലോ ;)

ഇച്ചിരി വൈകിപ്പോയി ഇവിടെ എത്താന്‍. എന്നോട് ക്ഷമിക്കില്ലേ. പിറന്നാളാശംസകള്‍. ഇങ്ങനെ ഇനിയും ഒരുപാടൊരുപാട് പിറന്നാളുകള്‍ ആഘോഷിക്കാനുള്ള യോഗമുണ്ടാകട്ടെ.

വിശാല മനസ്കന്‍ പറഞ്ഞു...

സ്വാര്‍ത്താ പൊന്നുങ്കുടമേ,
ഇന്നലെ വായിച്ചെങ്കിലും, വീട്ടീപ്പോയി കമന്റാംന്ന് കരുതി. കണക്ഷന്‍ വിചാരിച്ചപോലെ കിട്ടാത്തതുകൊണ്ട്, കമന്റല്‍ നടന്നില്ല പ്രിയാ.
എനിവേ, ബിലേറ്റഡ് പെര്‍‌ന്നാളാശംസാ ദാ ഇപ്പോള്‍ ഞാന്‍ ജെബലലീന്ന് തി കൊടുത്ത് വിട്ടിരിക്കുന്നു.. ശൂ......

bodhappayi പറഞ്ഞു...

Belated Happy Birthday

മുല്ലപ്പൂ || Mullappoo പറഞ്ഞു...

സ്വാര്‍ത്ഥാ,
മുല്ലപ്പൂവേ നന്ദിയുണ്ട് ട്ടോ, ഒരുപാട് :)
ഈ നന്ദി എനിക്കാണോ ? (എന്നിലെ സ്വാര്‍ത്ഥത അങ്ങനെ ചിന്തിപ്പിക്കണു.)

എന്താണെന്നൊ എനിക്കിങ്ങനെ സംശയം.

ഏതൊ ഒരു നല്ല സുഹൃത്തു തുടങ്ങിയ ബ്ലോഗിനും, എന്റെ ബ്ലോഗിനും ഒരേ പെരു.
പിന്മൊഴിയില്‍ പിറന്നളാശംസയും, അതിനുള്ള നന്ദിയും കണ്ടു ഒരു നിമിഷം ഞാന്‍ ഞെട്ടി. പിന്നല്ലേ മന്‍സ്സിലായതു അതു ഞാനല്ല. (ഇനി സ്വാര്‍ത്ഥന്‍ അറിയുന്ന മുല്ലപ്പൂ, അതാണോ ?)

അതു പോട്ടെ, പിറന്നാളിനായി ഞാന്‍ അയച്ച ഒരു കൊട്ട മുല്ലപ്പൂ കിട്ടിയല്ലോ ല്ലേ ?
ആശംസകള്‍... ഇനിയും ഒരുപാടു ജന്മദിനങ്ങള്‍ ,ബൂലോകത്തൊടൊപ്പം...

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ബിന്ദൂ ആശംസകള്‍ക്ക് നന്ദി. കുറച്ച് മനഃപായസം കൂടി ബാക്കിയുണ്ട്, എടുക്കട്ടെ :)

ശ്രീജിത്തേ മറുപടി വൈകിയതിന് ഇനി നീ എന്നോട് ക്ഷമിക്കേണ്ടിവരും, അപ്പൊ കോമ്പ്രമൈസ്...
ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഞാനും അരണയും കൂടപ്പിറപ്പുകളല്ലേ!!

വിശാലോ ഈ കണക്ഷന്റെ കൊഴപ്പം ഇതാ, വിചാരിക്കുമ്പം കിട്ടില്ല. എന്റെ കാത്തിരിപ്പിനു ഒടുക്കമായി, എനിക്കും കിട്ടി ADSL കണക്ഷന്‍!

ജെബലലീന്ന് തൊടുത്തുവിട്ട ആശംസ കിട്ടിബോധിച്ചൂട്ടാ...

കുട്ടപ്പായീ ബിലേറ്റഡ് നന്ദി :)

മുല്ലപ്പൂവേ(ഒറിജിനലേ..‍) ഇതെന്താ കഥ?? ശീഘ്രം നിങ്ങള്‍ തമ്മില്‍ സമവായത്തിലെത്തൂ...
എനിക്ക് ഒരു മുല്ലപ്പൂവേ പരിചയമുണ്ടായിരുന്നുള്ളൂ, ഇപ്പോ ദാ ഞാനും കണ്‍ഫ്യൂഷ്യസായി.

പുതുമുഖമേ, കുറ്റിമുല്ല എന്നോ മറ്റോ പേര് മാറ്റുന്നതല്ലേ നല്ലത്!

പിറന്നാളിനായി ഒറിജിനല്‍ കൊടുത്തയച്ച ഒരു കൊട്ട വാടാത്ത മുല്ലപ്പൂ ഹൃദ്യമായി ട്ടോ...

ചക്കര പറഞ്ഞു...

belated b day ആശംസകള്‍, :)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ചക്കരേ,
കൈക്കൊള്ളുന്നു... നന്ദി :)

അളിയന്‍സ് പറഞ്ഞു...

മാളക്കാരന്‍ കൂട്ടുകാരാ..
നര്‍മ്മത്തിലും ലൈറ്റ് സെന്റിമെന്റ്സിലും മിക്സ് ചെയ്ത പോസ്റ്റ് കൊള്ളാം കേട്ടൊ...
വൈകിയാണെങ്കിലും എന്റെയും പുനര്‍ജനാശംസകള്‍ വരവുവച്ചുകൊള്ളുവാന്‍ താല്പര്യപ്പെടുന്നു.

ജേക്കബ്‌ പറഞ്ഞു...

ജന്മദിനാശംസകള്‍...