വ്യാഴാഴ്‌ച, ഏപ്രിൽ 13, 2006

ദുഃഖ വെള്ളിയും ഗുഡ്‌ ഫ്രൈഡേയും

യെന്തരപ്പീ നമുക്ക്‌ ദുഃഖോം അവര്‍ക്ക്‌ ഗുഡ്ഡും! ഉയര്‍പ്പ്‌ തിരുനാളിനു മുന്‍പ്‌, പെസഹാ വ്യാഴം കഴിഞ്ഞ്‌ വരുന്ന വെള്ളിയാഴ്ചയെ ദുഃഖവെള്ളിയെന്ന് മലയാളിയും ഗുഡ്ഫ്രൈഡേയെന്ന് ഇംഗ്ലീഷിയും.

ദുഃഖവെള്ളിയാഴ്ച വീട്ടീന്ന് ഫുഡ്‌ കിട്ടില്ല, അതുകൊണ്ട്‌ ദുഃഖം? അന്നേദിവസം അവധി, ഗുഡ്‌?

പണ്ടൊരിക്കല്‍ ഒരുത്തിയും ലവളുടെ കൂട്ടുകാരനും എന്റടുക്കല്‍ വിധഗ്ദോപദേശത്തിനു വന്നു. അവള്‌ ക്രിസ്ത്യാനി, അവന്‍ ഹിന്ദുസ്ഥാനി. പള്ളിയില്‍ വച്ചുള്ള കല്യാണത്തിനു മാത്രമേ അവളുടെ മമ്മയും ആണ്ടിയും സമ്മതിക്കുകയുള്ളത്രേ. അതിന്‌ ഹിന്ദുസ്ഥാനി, മാമോദീസ മുങ്ങി ക്രിസ്ത്യാനിയാകണം. ക്രിസ്ത്യാനിയായാല്‍ കുടുമ്മത്ത്‌ കേറ്റില്ലെന്നത്‌ പോട്ടെ, അവന്റെ പേരില്‍ ചാര്‍ത്തി കിട്ടേണ്ട സ്വത്തുവഹകള്‍ സ്വപ്നം പോലും കാണാന്‍ കഴിയില്ല. അവള്‍ക്കാണെങ്കിലോ, പള്ളീല്‍ കെട്ട്‌ നടന്നില്ലേല്‍, ആണ്ടിപ്പണ്ടാരം വാഗ്ദാനം ചെയ്തിരിക്കുന്ന ത്രീ ബെഡ്രൂം ഫ്ലാറ്റ്‌ പള്ളീപ്പോയി ചോദിക്കേണ്ടി വരും.

ഞാനാകെ ധര്‍മ്മക്കാരന്റെ സങ്കടത്തിലായി, അവരുടെ ചിലവില്‍ ഒരു ബാസ്കിന്‍ റോബിന്‍സ്‌ സ്കൂപ്പ്‌ കൂടി ഓര്‍ഡര്‍ ചെയ്തു. "കത്തോലിക്കാ സഭയേക്കുറിച്ച്‌ എന്താണ്‌ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്‌? കണ്ണില്‍ കണ്ട വഴിപോക്കനും ചെമ്മാനും ചെരുപ്പുകുത്തിക്കുമൊക്കെ കേറിയിറങ്ങി നിരങ്ങാനുള്ളതാണെന്നോ?" അതെ, നിങ്ങള്‍ കരുതിയ പോലെ തന്നെ, ഇതൊന്നും ഞാനവരോട്‌ പറഞ്ഞില്ല. കൂലംകഷായമായി ഐസ്ക്രീം നുണഞ്ഞ്‌ ചിന്തിച്ചുകൊണ്ടിരുന്നു.

അവര്‍ക്ക്‌ വേണ്ടത്‌ പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറുന്ന സൊലൂഷനാ. സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന സൊലൂഷന്‍ പോലെ, രണ്ടു വശത്തും തേച്ച്‌, ഇത്തിരി നേരം കാറ്റുകൊള്ളിച്ച്‌ ഒറ്റ ഒട്ടിക്കല്‍. രണ്ട്‌ വീട്ടുകാരുമായും ആലോചിച്ച്‌, മാമോദീസാ മുങ്ങിയ ക്രിസ്ത്യാനിയും മുങ്ങാത്ത ഹിന്ദുസ്ഥാനിയും പള്ളിയില്‍ വച്ച്‌ വെല്‍ഡിങ്ങായി. തങ്ങള്‍ക്ക്‌ ജനിക്കുന്ന കുട്ടികളെ ക്രിസ്തീയ ആചാരപ്രകാരം വളര്‍ത്തിക്കോളാന്ന് അവരെഴുതിക്കൊടുത്തത്ത്‌ കുടുമ്മക്കാര്‍ മാത്രം അറിഞ്ഞില്ല.(ഇങ്ങനെയൊരു സൊലൂഷന്‍ ക്രൈസ്തവ സഭയിലുണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം ആരോടും പറയല്ലേ!)

ഹിന്ദുസ്ഥാനിയെ മാമോദീസ മുക്കി മാര്‍പ്പാപ്പ മഹാരാജാവിന്റെ കയ്യീന്ന് പുട്ടും കടലേം മേടിക്കാമായിരുന്നില്ലേ എനിക്ക്‌? അതും പറഞ്ഞ്‌ അങ്ങോട്ട്‌ ചെന്നാല്‍ "നീ ആദ്യം നന്നാവെടാ, എന്നിട്ട്‌ മതിയെടാ" എന്നര്‍ത്ഥം വരുന്ന "സ്വന്തം കണ്ണിലെ മരത്തടി കാണാതെ അന്യന്റെ കണ്ണിലെ കരടെടുത്ത്‌ തരാം എന്ന് പറയുന്നോ" എന്ന ബൈബിള്‍ വാചകം കേള്‍ക്കേണ്ടിവരും.

അവനവന്റെ കുരിശുമെടുത്ത്‌ പിന്നാലെ വരാനാണ്‌ ക്രിസ്തു പറഞ്ഞത്‌. അവളെ കെട്ടുന്നതിലും വലിയൊരു കുരിശ്‌ അവന്‌ ലഭിക്കാനില്ല എന്നെനിക്ക്‌ നന്നായി അറിയാവുന്ന കാരണമാണ്‌ മാമോദീസ മുങ്ങുന്ന കാര്യത്തേക്കുറിച്ച്‌ സൂചിപ്പിക്കുക പോലും ചെയ്യാതിരുന്നത്‌. സഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌ ക്രിസ്തുമതം. ദുഃഖവെള്ളിയിലൂടെ കടന്നു പോകുന്നവര്‍ക്കേ ഉയര്‍പ്പ്‌ തിരുനാള്‍ ഉള്ളൂ. മനുഷ്യരക്ഷയ്ക്ക്‌ വേണ്ടി ക്രിസ്തു അനുഭവിച്ച പീഡാസഹനവും മരണവും ഓര്‍മ്മിക്കുന്ന ദിവസം എന്ന നിലയ്ക്ക്‌ 'ദുഃഖവെള്ളി' യോജിക്കുന്ന പേരാണ്‌. ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ഉയര്‍പ്പുണ്ട്‌ എന്ന് വിളിച്ചുപറയുന്ന 'ഗുഡ്‌ ഫ്രൈഡെ' എന്ന നാമമാകട്ടെ പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നതാണ്‌.

അപ്പോള്‍ ഇന്ന് എല്ലാവരും പെസഹാ ഫുഡ്ഡടിക്കും. നാളെ ദുഃഖവെള്ളി ആചരിക്കും. മറ്റന്നാള്‍ വിഷുവിന്‌ പടക്കം പൊട്ടിക്കും. ഞായറാഴ്ച ഈസ്റ്ററും ആഘോഷിക്കും. (ആ നബി ദിനം തിങ്കളാഴ്ചത്തേക്ക്‌ ആക്കായിരുന്നില്ലേ ചങ്ങായിമാരേ?).

ഞാന്‍ മാത്രമിവിടെ ഈ മരുഭൂമിയില്‍...

കാട്ടുകോഴിക്കെന്ത്‌ വിഷുവും ഈസ്റ്ററും?!!

16 അഭിപ്രായങ്ങൾ:

വിശാല മനസ്കന്‍ പറഞ്ഞു...

അലക്കിയെടാ സ്വാര്‍ത്ഥാ അലക്കിപ്പൊളിച്ചു.

‘ഞാനാകെ ധര്‍മ്മക്കാരന്റെ സങ്കടത്തിലായി‘
അത് ശരി അപ്പോ ധര്‍മ്മസങ്കടം ധര്‍മ്മസങ്കടം ന്ന് വച്ചാ ഇതാണല്ലേ.

എന്ത് പറ്റി, ആരും ഇതുവരെ ഈ കിടിലന്‍ പോസ്റ്റ് കണ്ടില്ലേ??

തണുപ്പന്‍ പറഞ്ഞു...

അടിപൊളികള്‍ തന്നെയ് ! നമുക്കും അങ്ങിനെ തന്നെ അപ്പീ ! വിഷുവായതൂന്നും അറിഞ്ഞുപോലുമില്ല!
കിടിലന്‍ പോസ്റ്റ് !

കലേഷ്‌ കുമാര്‍ പറഞ്ഞു...

വിശാലാ, എന്റെ വക ദുഖവെള്ളി,വിഷു,ഈസ്റ്റര്‍ ആശംസകള്‍ - എല്ലാം കൂടി ഒറ്റയടിക്ക്!
പോസ്റ്റു, ബാക്ക്ഗ്രൌണ്ടും കിടിലം!

ചില നേരത്ത്.. പറഞ്ഞു...

സ്വാര്‍ത്ഥാ.
അടിപൊളിയായിരിക്കുന്നു ഈ ശൈലി.
പോരട്ടെ..പോരട്ടെ..
മരുഭൂമിയില്‍ ആര്‍മാദിക്കാന്‍ നമുക്കില്ലേ വെള്ളിയാഴ്ച.
പുറത്തിറങ്ങാതിരിക്കാന്‍ കൊടും ചൂടും തുടങ്ങി.
ആനന്ദലബ്ധിക്കിനിയെന്തു വേണം!!!

വിഷു-ഈസ്റ്റര്‍-ദു:ഖവെള്ളി ആശംസകള്‍.

സസ്നേഹം
ഇബ്രു-ചില നേരത്ത്

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വിശാലോ വിഷുക്കട്ട ഒരെണ്ണം എനിക്കും കരുതണേ...

തണുപ്പോ വിഷുവായിട്ട് ഒന്ന് ചൂടാക്കാന്‍ ഇവിടേയ്ക്ക് വരൂ...

കലേഷേ ഇനിയൊരു ബാച്ചിലര്‍ വിഷു കിട്ടില്ല. പരമാവധി അടിച്ച് പൊളിച്ചോളൂ ട്ടോ :)

ഇബ്രൂ ബിലേറ്റഡ് നബിദിന ആശംസകളും :)

Kuttyedathi പറഞ്ഞു...

സ്വാര്‍ത്ഥോ,

ക്രിസ്ത്യാനിയും ഹിന്ദുസ്ഥനിയും കൂടിയുള്ള കല്യാണം പള്ളിയില്‍ വച്ചു നടത്തിയെന്നു കേള്‍ക്കുന്നതിതു രണ്ടാം വട്ടം. മുന്‍പു രൂപേഷ്‌ പോളും നമ്മുടെ ലെസ്ബിയന്‍ പശുവും കൂടി കെട്ടിയപ്പോള്‍ മതം മാറേണ്ടിയൊന്നും വന്നില്ലെന്നൊക്കെ ലവന്‍ പറയണാ കേട്ടിരുന്നു. 'തള്ളേ...യീ പുള്ളകളെന്തോന്നു പ്യാച്ചു പ്യാച്ചണത്‌... മാമോദീസാ വെള്ളം തലേലു വീഴാതെ പള്ളീലു വച്ചു കെട്ടാന്‍ പറ്റുവോ' ന്നു അന്നു ചിന്തിച്ചിരുന്നു.

ഇപ്പോ ഇതു കൂടി കേട്ടപ്പോള്‍... അതും വെരിയ ബഹുമാനപ്പെട്ട ബ്രദര്‍ അന്തോനിച്ചന്‍ പന്തപ്ലാംതൊട്ടി (ചുമ്മാ ഒരു പ്രാസത്തിനു വായിലു വന്നൊരു വീട്ടുപേരു ചേര്‍ത്തതാണേ..ഷമീര്‌) പറയുമ്പോ... ഞാന്‍ ടോട്ടല്‍ കണ്‍ഫ്യൂഷസായി..

സത്യത്തില്‍ അങ്ങനെ കെട്ടാന്‍ പറ്റുവോ.... പുള്ളകളെ മാമോദീസ മുക്കി ചെല്ലുവിളികളു കേള്‍പ്പിച്ചു വളര്‍ത്താമെന്നെഴുതി കൊടുത്താല്‍ മതിയോ ? പിന്നീടവരതു ചെയ്തില്ലെങ്കിലോ.... ? പുള്ളകളെ ഹിന്ദുസ്ഥാനി രീതിയില്‍ വളര്‍ത്തിയാലോ ? അപ്പോ പ്രശ്നം വല്ലോമുണ്ടോ ?

മറ്റൊരു പ്രണയ ജോടി (2 പേരും എന്റെ സുഹ്രുത്തുക്കള്‍) സ്വാര്‍ത്ഥന്റെ കഥാനായികയുടെ അതേ സിറ്റ്‌വേഷനിലുണ്ടേ...

എല്ലാവര്‍ക്കും വിഷു ഈസ്റ്റര്‍ മംഗളങ്ങള്‍!

ഉമേഷ്::Umesh പറഞ്ഞു...

കുട്ട്യേടത്തി അതിനിടയ്ക്കു പോയി രാജമാണിക്യം കണ്ടു, അല്ലേ?

സിനിമ ഇങ്ങനെ മനുഷ്യരെ സ്വാധീനിക്കുമെന്നറിഞ്ഞില്ല. “തന്മാത്ര” കാണല്ലേ, പ്ലീസ്!

സ്വാര്‍ത്ഥോ, കര്‍ത്താവിനു ദുഃഖവും നമുക്കു ഗുഡും (അതോ തിരിച്ചോ?) ആയ വെള്ളിയാഴ്ച, ഈസ്റ്റര്‍, വിഷു എന്നീ മഹാദിനങ്ങളുടെ ആശംസകള്‍!

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

ആഹ! കലക്കി മാഷെ!!

എല്ലാവര്‍ക്കും എന്റെ വിഷു, ഈസ്റ്റര്‍ ആശംസകള്‍!!

യാത്രാമൊഴി പറഞ്ഞു...

സ്വാര്‍ത്ഥാ നല്ല വെല്‍ഡര്‍ തന്നെ സമ്മതിച്ചു!

ഇതേപോലെ ഉപദേശം തേടി ഞങ്ങളെ (എന്നെയും എന്റെ ഒരു കൂട്ടുകാരനെയും) സമീപിച്ച പാവം ജോര്‍ജ്ജ് എന്ന നസ്രാണിച്ചെറുക്കനെ ഞങ്ങള്‍ ഉപദേശിച്ച് ഉപദേശിച്ച് ഒരു പരുവമാക്കിയെടുത്തു. അവനു ഒരു ഹിന്ദുപെണ്ണുമായി കടുത്ത പ്രേമം. വെല്‍ഡിങ്ങ് എങ്ങനെ ചെയ്യണം എന്നതായിരുന്നു പ്രശ്നം. ഞങ്ങളുടെ ഉപദേശങ്ങള്‍ കേട്ടതിനു ശേഷം എന്തെരിനു പ്രേമിച്ചത് എന്നവനു തോന്നിപ്പോയി കേട്ടാ. കുറച്ചു കാ‍ലത്തേയ്ക്ക് പിന്നെ ഞങ്ങളെ കണ്ടാല്‍ അവന്‍ ഓടിത്തള്ളുമായിരുന്നു. സ്വന്തമായി വരുമാനത്തിനുള്ള കോപ്പുണ്ടാക്കിയിട്ടു വാ മോനെ എന്നിട്ട് ബാക്കി ആലോചിക്കാം എന്നായിരുന്നു ഉപദേശങ്ങളുടെ രത്നം ചുരുക്കിയത്. എന്തെരായാലും വെറുതെ പഠിച്ച് ഈച്ചയടിച്ച് നടന്നിരുന്ന പയലു ജോലിയൊക്കെ ഒപ്പിച്ച് അപ്പന്‍ വറീതിന്റെ മൌനാനുവാദത്തോടെ പള്ളീലു വെച്ചു തന്നെ വെല്‍ഡിങ്ങ് ആയി. ഇപ്പോള്‍ ഒരു കുഞ്ഞിക്കാലുമൊക്കെ കണ്ടങ്ങനെ ജീവിക്കുന്നതായി അറിയുന്നു. ആരു ആരെ സ്നാനപ്പെടുത്തിയെന്നത് മാത്രം ഞങ്ങള്‍ തിരക്കിയില്ല.

സ്വാര്‍ത്ഥനും കുടുംബത്തിനും വിഷു, ഈസ്റ്റര്‍ ആശംസകള്‍..

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കുട്ട്യേടത്തീ സംഗതി ഒള്ളതാ. അച്ചന്മാരാരും അത്ര പെട്ടെന്ന് സമ്മതിച്ച് തരുകേല. വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം മാമോദീസാ മുങ്ങുന്നതിനേയും പലരും പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ഓപ്ഷനുള്ളത്. എഴുതിക്കൊടുത്തപോലെ വളര്‍ത്തിയില്ലേല്‍ വിവാഹം റദ്ദാക്കത്തൊന്നുമില്ല. ഒക്കെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ... മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നൊക്കെ നമ്മളും നാലാളുടെ മുന്നില്‍ വച്ച് പറഞ്ഞും ഒപ്പിട്ടും കൊടുത്തിട്ടില്ലേ? അതൊക്കെ ഏതളവു വരെ നടക്കുന്നുണ്ട് ??????
(കൂട്ടുകാര്‍ക്കും വിധഗ്ദോപദേശം വേണമെങ്കില്‍ പറഞ്ഞോളൂ ട്ടോ :)

ഉമേഷേ കര്‍ത്താവിനെപ്പോഴും ദുഃഖം തന്നെ! ഞാനൊക്കെ അങ്ങേരുടെ പേര് കളയാന്‍ നടക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് ! ആശംസകള്‍ തിരിച്ചങ്ങോട്ടും...

ശനിയാ ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്തല്ലേ:)

യാത്രാമൊഴീ ജോര്‍ജ്ജിന് കൊടുത്ത ഉപദേശം കാര്യമാത്രപ്രസക്തം തന്നെ. ആര് സ്നാനപ്പെട്ടാലും ഇല്ലെങ്കിലും, ജീവിതം സന്തോഷപ്രദമായാല്‍ മതി. ഉത്സവാശംസകള്‍ തിരിച്ചങ്ങോട്ടും. (പ്രൊഫൈല്‍ പടം കലക്കന്‍ :)

ദേവോ പിന്നാമ്പുറത്തിട്ടിരിക്കുന്ന കണിക്കൊന്നയ്ക്ക് കഷ്ടപ്പാട് ഇണ്ട് ട്ടാ :)

വക്കാരിമഷ്‌ടാ പറഞ്ഞു...

സ്വാര്‍ത്ഥന്റെ പോസ്റ്റ് എപ്പോ വായിച്ചാലും ഒരു മാതിരി ഒരു സ്വാര്‍ത്ഥ വിചാരം. കമന്റ് വരൂല്ല.. സ്വാര്‍ത്ഥാ, ഇതു മാത്രമല്ല, ചക്കയും മാങ്ങയും, ദേ ഇപ്പോഴത്തെ പടക്കവും (ഒച്ച കേട്ടില്ല-വീട്ടിപ്പോയി കേക്കാം) എല്ലാം അടിപൊളി കേട്ടോ...

ദുഃഖവെള്ളിയാശംസകള്‍ എന്നൊന്നുണ്ടോ ആവോ? അത് ആശംസിക്കാനുള്ളതാണോ? (ഹാപ്പി ദുഃഖവല്ലീ എന്നൊക്കെ പറയാമോ?) അതുകൊണ്ട് വിഷു ആശംസകളും ഈസ്റ്റര്‍ ആശംസകളും.

.....നിക്ക് വിശക്കുന്നു. മോരുകറീം, കണ്ണിമാങ്ങേം ചമ്മന്തിപ്പൊടീം നാരങ്ങാ അച്ചാറും... ഹായ്...

appuvinteamma പറഞ്ഞു...

vakkaari,naale varey onnu kakku. Njan acharum moru kariium kootum okke vilambunnuntu vakkarikkaai. sadyakidayil blog onnu ethi nokkiyatha, payasam aduppil kozhukkunnu,sharmaji lap top edutha thakkathil meshayillekku nokkiyappo, blog enna addiction, eppo poyillel payasam adiyilu pidikkum. Thalkaalam noodilsu kazhikku. naaleykku baaki. Ellarkkum vishu aashamsakal. Swarthaa, post kalakki tto. dharmakaarante sangatam thil erey enikkumundaayittundu sangatam, ettan kettiya edathiyammae, evare randu pereyum roadilu vachu kanda mindaruthennu pathaam classu kaari yaaya ennodu vilakkiya ente amma. Orey roadilu thamasam,evarey kanda njan keri milma boothil olikkumaayirunnu. Ethu ethu sangatathil pedum? Kalam maari, 28 kollam mumbathey katha ethu. Pinne orikkal njanum keyari UP yilekku flightil.

അതുല്യ പറഞ്ഞു...

Vakkari, njan evide vannu sadyakku naduvil oru comment ittathu anatha pole kidakkunnu. Vakkarikku sadya manam kittumaayirunnu athu vayichenkil!!!

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വക്കാരീ ‘ഹോപ്‌ഫുള്‍ ദുഃഖവെള്ളി’ എന്ന് ആശംസിക്കാം. അപ്പൂന്റമ്മ സദ്യ വിളമ്പിവച്ച് ക്ഷണിച്ചിട്ട്, പോയില്ലേ?

അപ്പൂന്റമ്മേ അമ്മയോടുള്ള ദേഷ്യം തീര്‍ക്കാന്‍ മില്‍മാ ബൂത്തുകാരന്റെ കൂടെ പോകാതിരുന്നത് നന്നായി (അയാള്‍ തെണ്ടിപ്പോയേനെ!)
ഏട്ടനും ഏട്ടത്തിയമ്മയും സസുഖം വാഴുന്നു എന്ന് കരുതുന്നു. അന്നത്തെ സങ്കടമല്ലേ ഇന്നത്തെ സന്തോഷത്തിനു കാരണം? (മങ്ക്ലീഷ് കമന്റ് മാത്രമല്ല, വിശാലനോടും കലേഷിനോടും മറ്റുമുള്ള എന്റെ മലയാളം മറുപടി കമന്റുകളും പിന്മൊഴിവെളിച്ചം കണ്ടില്ല:(

Sapna Anu B. George പറഞ്ഞു...

എന്നാലും എന്നെ ഈ ഖത്തറില്‍ ഒരു വേറുതാക്കാരിയാക്കിക്കളഞ്ഞല്ലൊ?
“ഞാന്‍ മാത്രമിവിടെ ഈ മരുഭൂമിയില്‍...
കാട്ടുകോഴിക്കെന്ത്‌ വിഷുവും ഈസ്റ്ററും?!!”
കഷ്ടം

Tony പറഞ്ഞു...

Swatha...kollam... nannayittundu..Asamsakal