ബുധനാഴ്‌ച, ജനുവരി 11, 2006

കൂട്ടുകഥ - 2

'ശുഷ്കാന്തി'

സ്വര്‍ണ്ണക്കടയിലെ സെയില്‍സ്മാന്‍ പണി കളഞ്ഞിട്ടാണ്‌ സത്യന്‍ ചന്ദ്രേട്ടന്റെ ഗേരേജില്‍ ചേര്‍ന്നത്‌. ഗള്‍ഫിലെ സ്പെയര്‍ പാര്‍ട്‌ കടയിലേക്ക്‌ അളിയന്‍ വിസ ശരിയാക്കിയിട്ടുണ്ട്‌. ഒരു മാസം കൊണ്ട്‌ ഓട്ടോമൊബെയില്‍ രംഗം അരച്ച്‌ കലക്കി കുടിക്കണം. ഗോപാലേട്ടന്റെ സ്പെയര്‍ പാര്‍ട്‌ കടയേക്കാളും എന്തുകൊണ്ടും ഭേദം ചന്ദ്രേട്ടന്റെ ഗേരേജാണെന്ന് വിധഗ്ദാഭിപ്രായം, ഹാന്‍ഡ്സ്‌ ഓണ്‍ എക്സ്‌പീരിയന്‍സ്‌ കിട്ടുമല്ലോ.

ആദ്യ ദിവസം പഠിച്ചത്‌ സി ഫോര്‍ ചായ, പി ഫോര്‍ പരിപ്പുവട. ഗേരേജിലുള്ളവര്‍ക്കെല്ലാം നാരായണേട്ടന്റെ ബേക്കറി ഏന്‍ഡ്‌ ടീസ്റ്റാളില്‍ നിന്ന് ഓണ്‍ ഹാന്‍ഡില്‍ ഇവ വാങ്ങിക്കൊടുക്കണം.

ആശാന്‍ ഫുള്‍ടൈം വെള്ളത്തിലാണ്‌. 'ഓസീയാറും' എരിവുള്ള മിച്ചറുമാണ്‌ പ്രാതല്‍. പണിയില്‍ ശുഷ്കാന്തി കാണിക്കുന്നവരോട്‌ പ്രത്യേക സ്നേഹമാണ്‌ മൂപ്പര്‍ക്ക്‌. സത്യന്‍ ശുഷ്കാന്തനായി.

അങ്ങിനെ ഒരുദിവസം ആശാന്‍ സത്യനോട്‌ പറഞ്ഞു, "നീയാ പതിനേഴിന്റെ സ്പാനര്‍ ഇങ്ങെടുത്തേ"

ഇതില്‍ പരം സന്തോഷം സത്യന്‌ വരാനില്ല, ആദ്യമായി ആശാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. കേട്ടപാതി സത്യന്‍ ഓടി, ടൂള്‍ ബോഡിനരികിലേക്ക്‌. അവിടെയതാ രഘു. ആദ്യദിവസം മുതല്‍ രഘുവും കൂട്ടരും കാത്തിരിക്കുകയാണ്‌, സത്യനെ 'റാഗ്‌ ' ചെയ്യാന്‍. ഇതാ സുവര്‍ണ്ണാവസരം.

"പതിനേഴിന്റെ സ്പാനര്‍ ഇവിടെ കാണാനില്ല, പത്തിന്റേം ഏഴിന്റേം ഉണ്ട്‌" രഘുവിന്റെ സഹായഹസ്തം.

"പത്ത്‌ പ്ലസ്‌ ഏഴ്‌, പതിനേഴ്‌" സത്യന്‍ മനസ്സില്‍ കണക്കുകൂട്ടി. ശീഘ്രം ആശാന്റെ പക്കലെത്തി, "ആശാനെ പതിനേഴിന്റെ ഇല്ല, പത്തിന്റേം ഏഴിന്റേം ഇതാ"

കയറ്റം കയറി വന്ന വണ്ടിയുടെ റേഡിയേറ്റര്‍ തുറന്നപോലെ, ആശാന്‍.ര

ണ്ട്‌ ദിവസം അവധിയെടുക്കേണ്ടിവന്നു സത്യന്‌, ആശാന്റെ തിരുമുഖത്ത്‌ നിന്നുതിര്‍ന്ന തെറി പാര്‍ട്ടുകളുടെ ക്ഷീണമൊന്ന് മാറിക്കിട്ടാന്‍.

നെഞ്ചത്ത്‌ അല്ലെങ്കില്‍ പുറത്ത്‌, സത്യന്‍ ക്ഷീണമൊക്കെ മാറി വീണ്ടും ഹാജര്‍. രഘുവിനെ പരിസരത്തെങ്ങും കാണാനില്ല, പരുങ്ങി പരുങ്ങി ആശാന്റെ അരികില്‍ ചെന്നു.

"നീ ആ കടയില്‍ ചെന്ന് ആറ്‌മിച്ചര്‍ വാങ്ങിക്കൊണ്ട്‌ വന്നേ" അമ്മാവന്റെ മധ്യസ്ഥശ്രമം ഏറ്റു, ആശാന്‍ വളരെ സൌമ്യന്‍, "രഘുവിനോട്‌ പറഞ്ഞാ മതി."

സത്യന്‍ ശുഷ്കാന്തനായി, "ഒരു പണി രഘു എനിക്കിട്ട്‌ തന്നതാ, ഇനി അത്‌ വേണ്ട" അവന്‍ മനസ്സിലോര്‍ത്തു. സ്പെയര്‍ പാര്‍ട്‌ കടയില്‍ നില്ക്കുന്ന രഘുവിന്റെ കണ്ണില്‍ പെടാതെ നാരായണേട്ടന്റെ കടയില്‍ നിന്ന് സാധനം വാങ്ങി ശരവേഗത്തില്‍ ആശാന്റെ അടുത്തെത്തി.

"ആശാനെ, നാല്‌ മിച്ചറേ ഉള്ളൂ, രണ്ട്‌ കൊള്ളി വറുത്തതും വാങ്ങി, നല്ല എരിവുള്ളത്‌..."

ആശാന്‍....റേഡിയേറ്റര്‍....ഹെന്റമ്മോ!
ഇത്തവണ ശരിക്കും ഹാന്‍ഡ്സ്‌ ഓണ്‍ ആയിരുന്നു, എക്സ്‌പീരിയന്‍സ്‌...

10 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കൂട്ടുകഥ - 2
'ശുഷ്കാന്തി' ദാ ഇവിടെ...

കലേഷ്‌ കുമാര്‍ പറഞ്ഞു...

ആറ് മിച്ചറും പത്തിന്റെയും ഏഴിന്റെയും സ്പാനറും കഥ കൊള്ളാം!

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

എല്ലാം സ്പെയറായി തന്നെ വങ്ങി അല്ലേ..?

ദേവന്‍ പറഞ്ഞു...

"ആറ്‌"മിച്ചര്‍ എന്നാല്‍ "കാല്‍"കുലേറ്റര്‍, "സില" ബസ്സ്‌ എന്നൊക്കെ പറയുന്നപോലെയാണല്ലോ!!

"വര്‍ഷാപ്പ്‌" പുരാണം തകര്‍ത്തു "ജായിന്റ്‌" എഴുത്തുകാരേ..

സു | Su പറഞ്ഞു...

:)

വിശാല മനസ്കന്‍ പറഞ്ഞു...

വണ്ടർഫുൾ.

ഈ പോസ്റ്റിങ്ങ്‌ ഞാനൊരു ചേട്ടനെ വായിച്ച്‌ കേൾപ്പിച്ചപ്പോൾ ആൾ ചിരിച്ച ചിരി, ദുബായ്‌ മുനിസിപ്പാലിറ്റിക്കാർ കേട്ടിരുന്നെങ്കിൽ ആളെ അവർ പിടിച്ചോണ്ടുപോയേനേ...!

ഡ്രിസില്‍ പറഞ്ഞു...

എനിക്കൊരു സംശയം.. മ്മടെ സ്വാര്‍ത്ഥന്‍ തന്നെയാണോ ആ ആര്‍മിച്ചര്‍ വിദ്ധ്വാന്‍..?? -:)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷ്‌, ദാങ്ക്സ്‌

വര്‍ണ്ണമേഘങ്ങള്‍, അതേയതെ :)

ദേവോ, നന്ദി, ജായിന്റായി

സു, :) :)

ഗഡീ,
ദുബായി മുന്‍സിപ്പാലിറ്റിയിലും ബ്ലോഗ്‌ വായനശാല തുടങ്ങിയല്ലേ :)

ഡ്രിസില്‍,
ഞാനത്രയ്ക്ക്‌ വിവരമില്ലാത്തവനാണോ?
ജിടെന്‍ഷായിലോ ഓട്ടോര്‍ഷായിലോ ചെന്ന് അടുത്ത ബേക്കറിയില്‍ നിന്ന് ആറ്‌ മിച്ചര്‍ തികച്ച്‌ വാങ്ങിക്കൊണ്ട്‌ കൊടുക്കുമായിരുന്നു :)

ഡ്രിസില്‍ പറഞ്ഞു...

ഏതായാലും ഇവിടെ അജ്മാനിലെ നങ്ങളുടെ ഫ്ലാറ്റില്‍ ചിരിക്കാനുള്ള 'ആറു മിച്ചര്‍' വാങ്ങിത്തന്നതിനു നന്ദിയുണ്ട്‌ എന്റെ സ്വാര്‍ത്ഥാ..
ഇപ്പൊ മനസ്സിലായി, തമാശ പങ്കു വെക്കുന്നതില്‍ ആളു സ്വാര്‍ത്ഥന്‍ അല്ലെന്ന്.. -:)

വക്കാരിമഷ്‌ടാ പറഞ്ഞു...

സ്വാർത്ഥോ, ആദ്യം വായിച്ച് ചിരിച്ച് ചിരിച്ച് കമന്റാൻ മറന്നുപോയി (കുടുകുടെ ചിരിപ്പിച്ചാലുള്ള ഒരു പ്രശ്നം). പിന്നെ ഇപ്പോ ഗൂഗിൾ ഗ്രാമപഞ്ചായത്തിൽ ഒരു സേർച്ച് നടത്തിയപ്പോൾ ദേ കിടക്കുന്നു, ജിടെൻഷാന്നൊരു വാക്ക്. വന്നു നോക്കിയപ്പോഴാ കത്തിയത്, ശ്ശെടാ, കമന്റിയിട്ടില്ലായിരുന്നല്ലോ എന്ന്. ഇനിയിപ്പോ ഞാനെന്നാ പറയാനാ... ബാക്കിയുള്ളവരെല്ലാം പറഞ്ഞുകഴിഞ്ഞല്ലോ (സമയത്തും കാലത്തും കമന്റിയില്ലെങ്കിലുള്ള ഒരു പ്രശ്നം).

“പ്രശ്നങ്ങളൊക്കേയും പ്രശ്നങ്ങളാണല്ലോ, അതുകൊണ്ടാണല്ലോ പ്രശ്നമെന്ന വാക്കുതന്നെയുണ്ടായത്” എന്ന മഴവിൽ‌ക്കാവടി-ബോബി കൊട്ടാരക്കര ഡയലോഗോർത്തു.

ആറ് മിച്ചറ് ശരിക്കും മനസ്സിൽ തട്ടി. കൂട്ടുകഥക്കർഷകരുടെ വേരിയേഷൻ അപാരം.

“കാൽ”ക്കുലേറ്ററാക്കുന്നതെന്തിനാ, നിനക്കു ഞാനൊരു “ഫുൾ”ക്കുലേറ്റർ തന്നെ വാങ്ങിച്ചുതരാമെടാ‍ മോനേ" എന്നൊരു അമ്മാവൻ പറഞ്ഞതോർമ്മ വന്നു