ഞായറാഴ്‌ച, ഡിസംബർ 20, 2015

റിമി ടോമിയും കാൻസറും

"ഡാ ഡോക്ടർ മോനേ, അമ്മായിക്ക് റിമി ടോമീടെ ഗാനമേള കാണണംന്ന്".

വല്യമ്മായിക്ക് കാൻസർ ആയിരുന്നു, വൻ കുടലിൽ. സർജറിയും അത്യാവശ്യം വേണ്ട കീമോ-റേഡിയേഷനുകളും കഴിഞ്ഞിരിക്കുമ്പോൾ അപ്പൻ തീരുമാനിച്ചു, പെങ്ങളെ കുറച്ചു നാൾ വീട്ടിൽ കൊണ്ടുവന്ന് നിർത്തണം. നാത്തൂന് വാരിക്കോരി സ്നേഹം വിളമ്പാൻ അങ്ങനെ അമ്മയ്ക്ക് അവസരം കിട്ടി.

ഒമ്പത് മക്കളും അത്ര തന്നെ മരുമക്കളും ഇരട്ടിയിലധികം പേരക്കുട്ടികളും ഉള്ള വല്യമ്മായി നാത്തൂന്റെ സ്നേഹം ആവോളം നുകരുന്നതിനിടയിൽ ആ അഭിലാഷം പങ്കുവച്ചു, "അവളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല".

" ഇനിയൊരു ബലിയർപ്പിക്കാൻ " അമ്മായി വരുമോ ഇല്ലയോ എന്ന ആശങ്കയിൽ ആണ് അമ്മ സ്വാർത്ഥനെ സമീപിച്ചത്.

" റിമി ടോമീടെ ഗാനമേളക്ക് എന്റെ അമ്മായിയെ ഞാൻ കൊണ്ടു പോകാം, അമ്മ വേണെങ്കി കൂടെ പോന്നോ, ഒരു ധൈര്യത്തിന് (എൻറ്റേം അമ്മേടേം) ".

വിശറിച്ചിറകുള്ള മുണ്ടിനും ചട്ടയ്ക്കുമുളളിൽ കൊളസ്റ്റമി ബാഗ് കെട്ടി വച്ച് പുതമുണ്ടും മേക്കാ മോതിരവും അണിഞ്ഞ് സുന്ദരിയായ വല്യമ്മായിയേയും കൊണ്ട് ഞങ്ങൾ സേവിയൂർ പള്ളിയിൽ പെരുന്നാളിന് പോയി. ബാൻറും കൊട്ടും വെടിയും പുകയും കഴിഞ്ഞ് ഇതെല്ലാം ഒന്നിച്ചുള്ള റിമി ടോമിയുടെ ഗാനമേളയും പള്ളിമുറ്റത്തിരുന്ന് ഞങ്ങൾ ആസ്വദിച്ചു. പാതിരാ കഴിഞ്ഞ് വീടണയുമ്പോഴും കൊളസ്റ്റമി ബാഗ് ഇൻടാക്റ്റ്.

റിമി ടോമിയുടെ ഗാനമേളയും കാൻസറും അതിജിവിച്ച വല്യമ്മായി ഒരു വർഷം കൂടി ജീവിച്ചു. അതിനിടയിൽ പല തവണ ഇളയ മകന്റെ ബൈക്കിന് പുറകിലിരുന്ന് ആങ്ങളെയേയും നാത്തൂനേയും കാണാൻ വന്നു.

മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും മറ്റ് ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ മരിക്കുമ്പോഴും വല്യമ്മായിക്ക് കാൻസർ ആയിരുന്നെന്ന് രണ്ടു പേർക്ക് അറിയില്ലായിരുന്നു: വല്യമ്മായിക്കും റിമി ടോമിക്കും!