വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2006

റമദാന്‍ കരീം

കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു സ്വാര്‍ത്ഥന്‍ ദോഹ ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നത്. തിരക്ക് കുറഞ്ഞ സമയത്തെ പഠിത്തമായിരുന്നത് കാരണം ഉസ്കൂള് വണ്ടി വരവിനു മാത്രമേ തരപ്പെടാറുണ്ടായിരുന്നുള്ളൂ. തിരിച്ചുപോക്കിനു ‘മശ്കൂര്‍ വണ്ടി’ തന്നെ ശരണം. ഹൈവേയില്‍ ചീറിപ്പായുന്ന വണ്ടികള്‍ക്ക് വെറുതേ കൈ കാണിക്കുക, ആരെങ്കിലും ദയ തോന്നി നിറുത്തി കയറ്റിക്കൊണ്ട് പോകും. ഇറങ്ങുമ്പോള്‍ അവരുടെ മുഖത്തു നോക്കി പല്ലിളിച്ച് ‘മശ്കൂര്‍’(നന്ദി) എന്ന് പറഞ്ഞാല്‍ മതി. ഇതാണ് മശ്കൂര്‍ വണ്ടി.

കാറ്റുള്ള ദിവസങ്ങളില്‍ പാതയോരത്ത് കാത്തു നില്‍ക്കുക വളരെ ദുഷ്കരമാണ്, കണ്ണ് തുറക്കാന്‍ കൂടി സാധിക്കാത്ത തരം പൊടിക്കാറ്റായിരിക്കും വീശുക. കയറി നില്‍ക്കാന്‍ ഒരിടം പോലും ഉണ്ടാവില്ല. ഇടതുകരം കൊണ്ട് കണ്ണു പൊത്തി വലതുകരം നീട്ടിപ്പിടിച്ച് ഒരേ നില്‍പ്പ്. കരുണാമയര്‍ വണ്ടി നിറുത്തി കയറ്റിക്കൊണ്ട് പോകും, ഇല്ലെങ്കില്‍ നിന്ന് പൊടിപിടിക്കാനാകും വിധി.

പൊതുവേ ലാന്‍ഡ് ക്രൂയിസര്‍, റെയ്ഞ്ച് റോവര്‍, ലെക്സസ്, ഹമ്മര്‍ മുതലായവയ്ക്കൊന്നും കൈ കാണിക്കാരില്ല; നമ്മളെയൊന്നും കയറ്റാനുള്ള യോഗ്യത അവര്‍ക്കായിട്ടില്ല! എങ്കിലും കാറ്റുള്ള ഒരു ദിവസം മുന്നില്‍ വന്ന് നിന്നത് ലെക്സസില്‍, പ്രായം ചെന്ന ഒരറബി; ബെഹറിനില്‍ നിന്നും കുടിയേറിയ വ്യക്തി. ഖത്തറില്‍ നിന്നും ബഹറിനിലേക്ക് പണിയുവാന്‍ പോകുന്ന പാലത്തേക്കുറിച്ചും അതു വന്നാല്‍ തങ്ങള്‍ക്കുണ്ടാകുവാന്‍ പോകുന്ന സൌകര്യങ്ങളേക്കുറിച്ചും ഇറങ്ങുന്നതുവരെ വാതോരാതെ അദ്ദേഹം സംസാരിച്ചു. ഇറങ്ങുന്നതിനു മുന്‍പ് ‘മശ്കൂര്‍’ പറയാന്‍ ഞാന്‍ മറന്നില്ല.

അടുത്ത ഊഴം ലാന്‍ഡ് ക്രൂയിസറിനായിരുന്നു, ഖത്തറി പയ്യന്‍. എന്റെ പേര് കേട്ടപ്പോള്‍ സീറ്റിനിടയിലെ പെട്ടി തുറന്ന് പെപ്സിയും ബര്‍ഗ്ഗറും സമര്‍പ്പിച്ചു. “എനിക്ക് നോമ്പാണ്”, ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് നിരസിച്ചു. “ബട്...യൂ ക്രിസ്ത്യന്‍..?”, അവന് അത്ഭുതം. യാത്രയില്‍ അവന്‍ അവനേക്കുറിച്ച് പറഞ്ഞു, നോമ്പ് കാരണം വീട്ടില്‍ നിന്നും പുറത്ത് നിന്നും ഒന്നും കിട്ടില്ല. ആവശ്യമുള്ള സാധനങ്ങള്‍ രാത്രിയില്‍ വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും, വിശക്കുമ്പോള്‍ വണ്ടിയുമെടുത്ത് കറങ്ങാന്‍ ഇറങ്ങും. ദോഹയില്‍ നിന്നും വടക്കേ തെരുവ് വഴി അല്‍ഖോറിലേക്കും തിരിച്ച് പടിഞ്ഞാറന്‍ പാതയിലൂടെ ദോഹയിലേക്കുമുള്ള 150 കിലോമീറ്റര്‍ കഴിയുമ്പോഴേക്കും വിശപ്പ് ഏതാണ്ട് ശമിച്ചിട്ടുണ്ടാകുമത്രേ! അവന്റെ നിഷ്കളങ്കതയ്ക്ക് ‘മശ്കൂര്‍’ പറഞ്ഞ് ഞാനിറങ്ങി.

ഫ്രീവിസക്കാരന്‍ പോലീസിനേയും സീഐഡിയേയും എപ്പോഴും കരുതിയിരിക്കണം എന്നാണല്ലോ. സ്വകാര്യവാഹനം മുന്നില്‍ നിറുത്തിയപ്പോള്‍ പോലീസാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല. കയറിയിട്ട് പിന്നെ ഇറങ്ങാന്‍ പറ്റുമോ, യൂണിഫോമിലാണ് കക്ഷി. വിശദമായ പരിചയപ്പെടലിനു ശേഷം അദ്ദേഹത്തിനു ജിജ്ഞാസ, ഞാനെന്തിനു നോമ്പെടുക്കുന്നു എന്ന്. നോമ്പിലൂടെയുള്ള ശാരീരിക സൌഖ്യവും സംതൃപ്തിയും മാത്രമേ ഞാന്‍ ലക്ഷ്യമാക്കുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞു. ‘മശ്കൂര്‍’നു പകരമായി ഇസ്ലാമിനെക്കുറിച്ച്, എനിക്കറിയാവുന്ന ഭാഷകളിലെല്ലാമുള്ള പുസ്തകങ്ങളും ഒപ്പം ആശീര്‍വാദവും അദ്ദേഹം നല്‍കി. പുസ്തകത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലായി. റമദാന്‍ മാസം ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് മൂല്യം വളരെയേറെയാണ്, ലക്സസ് അറബിക്ക് വീണ്ടും ‘മശ്കൂര്‍’. ഖത്തറി പയ്യന്‍ ചെയ്തതും ശരി, യാത്രാക്കാരന് നോമ്പ് ബാധകമല്ല!!

നോമ്പ് ശാരീരിക സൌഖ്യം മാത്രമാണോ നല്‍കുന്നത്? പുണ്യവും കൂടെ ലഭിക്കും എന്നാകും വിശ്വാസിക്ക് പറയാനുള്ളത്. എനിക്ക് പറയനുള്ളത്, കഴിഞ്ഞ റമദാന്‍ നോമ്പനുഷ്ടിച്ച ഞാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സിനു യോഗ്യത നേടി. നാട്ടില്‍ കൊടികുത്തിയ ഡ്രൈവര്‍മാര്‍ അഞ്ചും ആറും തവണ ടെസ്റ്റില്‍ പൊട്ടുമ്പോഴാണ് ഇത്. ഇത്തവണ ലക്ഷ്യം അറബി പഠനമാണ്. ഏവര്‍ക്കും റമദാന്‍ കരീം...

14 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

റമദാന്‍ കരീം...
ആശംസകള്‍ വൈകിയില്ലെന്ന് കരുതട്ടെ...

വല്യമ്മായി പറഞ്ഞു...

റമദാന്‍ കരീം.വ്രതം മതപരമായ ആചാരം മാത്രമല്ല,ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള ഒരവസരം കൂടിയാണെന്ന് കുറച്ച് വരികളിലൂടെ പറഞ്ഞ താങ്കള്‍ക്ക് ആശംസകള്‍

കരീം മാഷ്‌ പറഞ്ഞു...

‘മശ്കൂര്‍’
റമദാന്‍ കരീം...

സൂര്യോദയം പറഞ്ഞു...

സ്വാര്‍ത്ഥാ.... മിക്ക മതങ്ങളിലും കാണുന്ന പല അനുഷ്ഠാനങ്ങളിലും ആരോഗ്യപരമോ ശാസ്ത്രപരമോ ആയ പല ലക്ഷ്യങ്ങളും ഉണ്ടെന്നതാണ്‌ സത്യം...

പട്ടേരി l Patteri പറഞ്ഞു...

റമദാന്‍ കരീം...
അപ്പോള്‍ ഈ മാസം ടാക്സിക്കാര്‍ക്കു കഷ്ടകാലം ആയിരിക്കും അല്ലെ ;;)

ഇത്തവണ ലക്ഷ്യം അറബി പഠനമാണ്. എങ്ങനെ എന്നു കൂടി പറയൂ... എനിക്കും പഠിക്കണം അറബി :)

പട്ടേരി l Patteri പറഞ്ഞു...

സൂര്യോദയം , പക്ഷെ അതില്‍ പലതും ഭൂരിപക്ഷം പേര്‍ക്കും (ഞാനടക്കം )ശരിയായ അര്‍ഥത്തില്‍ നമുക്കറിയില്ലല്ലോ

സു | Su പറഞ്ഞു...

സ്വാര്‍ത്ഥന്റെ നോമ്പ് പുണ്യം കൊണ്ടുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍.

ലിഡിയ പറഞ്ഞു...

സ്വാര്‍ത്ഥന്റെ പോസ്റ്റ് നല്ല പോസ്റ്റ്.

മശ്കൂര്‍..

:-)

-പാര്‍വതി.

sreeni sreedharan പറഞ്ഞു...

റമദാന്‍ കരീം -ഇതിന്‍റെ അര്‍ത്ഥം ഒന്ന് പറഞ്ഞു തരാവോ ആരെങ്കിലും
റമദാന്‍ ആശംസകള്‍ എന്നണൊ?

Kalesh Kumar പറഞ്ഞു...

നന്നായിട്ടുണ്ട്!
റമദാന്‍ കരീം!!!

പട്ടേരി l Patteri പറഞ്ഞു...

അറബി പഠിക്കുമ്പോള്‍ ബ്ലോഗില്‍ വരാന്‍ പാടില്ലേ
qw_er_ty

അജ്ഞാതന്‍ പറഞ്ഞു...

ok well keep it up

അജ്ഞാതന്‍ പറഞ്ഞു...

വ്രതം പുണ്യകര്‍ മം മാത്രമല്ല.
അത് ആത്മാവിനുള്ള ഒരു
പരിശീലനം കൂടിയാണ്.
വിശുദ്ധ് ഖുറാനിലെ ഇസ്രായ്യേല്‍
 വം ശത്തിലെ ദൈവത്തിനാല്‍
 നിയ്യൊഗിതനായ ഒരു രാജാവിന്റെ
കഥ ഇങനെ വായിക്കാം .അതിശക്തരായ
ശത്രുക്കളോട് ചെറിയ ഒരു സം ഖവുമായി പൊരാട്ടതിന്നു പൊകുന്നു.അവരോട്
ലക്ഷ്യസ്ഥാനത്ത് എത്തും വ്കരേക്ക്കും അന്നപാനീയങള്‍ 
വര്ജിക്കാന്‍ കല്പിക്കുന്നു.ദാഹം കോന്ടു വിവശരായ അവര്‍ ഒരു തടാകം മുറീച്ചു
കടക്കെ അവരിലെ ഭൂരിഭാഗവും 
അവരുടെ ദാഹത്തിനു അറുതിവരുത്തുന്നു.അവരെയെല്ലാം 
ഒഴിവാക്കി ഇച്ചാശക്തിയുള്ള ന്യൂനപക്ഷത്തേയും കൊന്റു രാജാവ്
യാത്ര തുടര്ന്നു അങനെ വിജയം വരിക്കുന്നു.മനസിന്റെ
പ്രലോഭനങളെ അതിജീവിക്കാനും 
ആഗ്രഹങളുടെ തടവറയില്‍ നിന്നും 
സ്വയമേ മോചിതനാകാനുമുള്ള ഒരു പരിശീലനമാണ്‍ നോമ്പ്.ലോകത്തെ അതിവേഗം കീഴടക്കിയിരിക്കുന്ന ഉപഭൊഗസം സ്കാരത്തിന്മനുഷ്യനു
നലകാവുന്ന ഏറ്റവും നല്ല മറുപടി
പ്രവാചകന്‍ പറഞു."വിശപ്പും 
ദാഹവും
 അല്ലാതെ വേരൊന്നും ലഭിക്കാഅത്ത
എത്ര നൊമ്പുകാരാണ്."
വ്രതം പരിചയാണ്.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയപ്പെട്ട വല്യമ്മായീ, കരീം മാഷേ, സൂര്യോദയം, പട്ടേരീ, സൂ, പാര്‍വതീ, പച്ചാളം, കലേഷ്, മുഹമ്മദ് സഗീര്‍, മഞ്ഞു രത്നം, മറ്റു കൂടപ്പിറപ്പുകളേ,

'റമദാന്‍ കരീം' വായിച്ചതിനും പിന്മൊഴിഞ്ഞതിനും ഒരുപാടു നന്ദി :)

റംസാന്‍ നോമ്പിന്റെ ക്ഷീണം മുഴുവന്‍ മാറ്റിയ വിശേഷം ദാ ഇവിടെ...