ശനിയാഴ്‌ച, ഏപ്രിൽ 22, 2006

വിളിപ്പാടകലെ

സുഖമാണോ എന്നാണോ
ഇനിയും നിന്‍ തേന്മൊഴി
ചൊല്ലാം നിന്‍ കാതില്‍ ഞാന്‍
നിറയരുതേ നിന്‍ മിഴി

തൂമഞ്ഞിന്‍ തുള്ളിപോലെന്‍
മനതാരില്‍ പൊഴിഞ്ഞു നീ
കുളിരൂറും സാന്ത്വനമായ്‌
എന്‍ പ്രിയ സഖിയായ്‌ നീ

പിരിയുമ്പോള്‍ അകലുമ്പോള്‍
‍നോവാല്‍ നീ വിതുമ്പിയോ
ഇനിയെന്ന് എന്നോര്‍ത്ത്‌
എന്‍ ഹൃദയം തേങ്ങിയോ

മരുഭൂവില്‍ വിരഹത്തില്‍
ഉരുകുന്നു ഞാന്‍ പ്രിയേ
പ്രണയത്തിന്‍ ഓര്‍മ്മകളില്‍
നുറുങ്ങുന്നെന്‍ ഓമലേ

അഴലരുതേ കരയരുതേ
എന്‍ പ്രിയ സാന്ത്വനമല്ലേ
മിഴിപ്പൂക്കള്‍ വാടരുതേ
നിന്‍ ചാരേ ഞാനില്ലേ

മൊഴിയാം എന്നും മൊഴിയാം
ഒരു വിളിപ്പാടകലേ നാം
കാതങ്ങള്‍ താണ്ടിവരും
ഫോണ്‍ വിളിപ്പാടകലേ നാം

***

ഇനിയും സഹനശേഷി ഉള്ളവര്‍ക്കായി... ദേ ഇതും...ഇറക്കുമതിക്കാര്‍ക്കായി എംപീമൂന്ന്(544ഗ്രാം)

(മുന്നറിയിപ്പ്‌: ലോകോത്തര നിലവാരത്തിലുള്ള ഈ സംഗീതശില്‍പം ശ്രവിക്കുന്നതുകൊണ്ട്‌ നിങ്ങള്‍ ഇരുകാലികള്‍ക്കോ നിങ്ങളുടെ നാല്ക്കാലികള്‍ക്കോ വന്നു ഭവിച്ചേക്കാവുന്ന മനോവിഭ്രാന്തിക്ക്‌ ഞാന്‍ ഉത്തരവാദിയല്ല. എന്നെ ഈ ഭീകരകര്‍മ്മത്തിനു നിര്‍ബന്ധിച്ചത്‌ ജോ ആണ്‌. ആയതിനാല്‍ പ്രേരണാകുറ്റം ആരോപിക്കപ്പെടേണ്ടത്‌ ജോയില്‍ ആണ്‌, ജോയില്‍ തന്നെയാണ്‌, ജോയില്‍ മാത്രമാണ്‌:)

26 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ജീവിതത്തില്‍ ആദ്യമായ് ഒരു കവിത(?) എഴുതി.
എന്നെ തല്ലിക്കൊന്നാലും വേണ്ടൂല്ല, അത് ഞാന്‍ പോസ്റ്റി.

പണ്ടൊരു ഏപ്രില്‍ 22നായിരുന്നു ആ ദുരന്തം, ലവള്‍ക്ക് എന്നെ കെട്ടേണ്ടി വന്നത്... അതിന്റെ, എനിക്കായ് നിനക്കായ് ഓര്‍മ്മയ്ക്കായ്...

.::Anil അനില്‍::. പറഞ്ഞു...

നിസ്വാര്‍ത്ഥമായ വിവാഹവാര്‍ഷികദിനാശംസകള്‍!

ചില നേരത്ത്.. പറഞ്ഞു...

വിവാഹ വാര്‍ഷികാശംസകള്‍!!!

സസ്നേഹം
ഇബ്രു-

വക്കാരിമഷ്‌ടാ പറഞ്ഞു...

സ്വാര്‍ത്ഥാ, വിവാഹവാര്‍ഷികദിനാനുമോദനാശംസകള്‍, കൂടെ സഹനാശംസകളും.

പാട്ട് തൂക്കിക്കൊടുക്കുന്നത് ഒരുപക്ഷേ ആദ്യം... അതിഷ്ടപ്പെട്ടു.

കലേഷ്‌ കുമാര്‍ പറഞ്ഞു...

വിവാഹവാര്‍ഷികാശംസകള്‍!
അടുത്ത ഏപ്രില്‍ 22ന് പുള്ളിക്കാരിയും ഖത്തറില്‍ ഒപ്പമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു!

വിശാല മനസ്കന്‍ പറഞ്ഞു...

ഒരു നൂ...റാശംസകള്‍!

ദേവന്‍ പറഞ്ഞു...

കടലാസാഘോഷിച്ച്‌ ചെമ്പുവാര്‍ഷികവും ദന്തവാര്‍ഷികവും വെള്ളിവാര്‍ഷികവും സുവര്‍ണ്ണവാര്‍ഷികവും വജ്രവാര്‍ഷികവും പ്ലാറ്റിനം വാര്‍ഷികവുമാഘോഷിച്ച്‌ കണ്ടമാനം സന്തോഷിച്ച്‌ കണ്ടമാനം പിണങ്ങി അതിലും കണ്ടമാനം ഇണങ്ങി അങ്ങങ്ങനെ ഒത്തിരി അങ്ങോട്ടു ജീവിക്കു ഭായി. മംഗളം!

ഇന്ദു | Indu പറഞ്ഞു...

ആശംസകള്‍... സ്നേഹത്തിന്റെ ഒരു നൂറ് കവിതകള്‍ വിരിയട്ടെ!

ഉമേഷ്::Umesh പറഞ്ഞു...

കവിത തന്നെ സ്വാര്‍ത്ഥാ, കൊള്ളാം.

പ്രണയകവിത എഴുതുമ്പോള്‍, അതു പ്രത്യേകിച്ചു ഭാര്യയ്ക്കാവുമ്പോള്‍, അതു പിന്നെ മറ്റാരെയും കാണിക്കാന്‍ പറ്റാത്ത വിധം ചളമായിപ്പോകുന്നതു് (സ്വാര്‍ത്ഥന്റ്റേതു ചളമായിട്ടില്ല, കേട്ടോ!)സ്വാഭാവികം.

അലകടലിലലയുമെന്‍ ജീവിതനൌകയെ
കരകളിളടുപ്പിച്ച കൈവര്‍ത്തകന്യകേ..


എന്നു തുടങ്ങുന്ന ഒരു സാധനം ആദ്യത്തെ വിവാഹവാര്‍ഷികത്തിനെഴുതിയതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. പിന്നെ ആ പണി ചെയ്തിട്ടില്ല. അവളെപ്പറ്റി കവിത എഴുതണമെന്നു് ഭാര്യ പിന്നെ ആവശ്യപ്പെട്ടിട്ടുമില്ല :-)

വക്കാരിമഷ്‌ടാ പറഞ്ഞു...

"അലകടലിലലയുമെന്‍ ജീവിതനൌകയെ
കരകളിളടുപ്പിച്ച കൈവര്‍ത്തകന്യകേ.."

ഹെന്റമ്മോ...അത് അ തൊട്ട് കേ വരെ കേട്ടുനിന്ന സിന്ധുച്ചേച്ചിയെ സമ്മതിക്കണം. ഇനിയെങ്ങാനും ഉമേഷ്‌ജി ആക്‍ച്ച്യൊലി അത് പാടിക്കേള്‍പ്പിച്ചോ.. ആ ശബ്ദസൌകുമാര്യവും ആ മനോഹരകവിതയും കൂടിയുള്ള കോമ്പിനേഷനെപ്പറ്റിയോര്‍ക്കുമ്പോള്‍....

ഉമേഷ്::Umesh പറഞ്ഞു...

“കരകളിലടുപ്പിച്ച...” എന്നു തിരുത്തിവായിക്കാനപേക്ഷ.

എന്നെ പാടാന്‍ സിന്ധു അനുവദിക്കാറില്ല. അതു സിന്ധുവിന്റെ ഒരു ദൌര്‍ബല്യമാണു്. ചെറുപ്പത്തില്‍ അല്പം സംഗീതം അഭ്യസിച്ചിട്ടുണ്ടത്രേ!

എഴുതി കൈയില്‍ കൊടുത്തു. വായിച്ചു നാക്കുളുക്കി വായന നിര്‍ത്തി. ഞാന്‍ എഴുത്തും നിര്‍ത്തി.

സ്വാര്‍ത്ഥാ, ആശംസകള്‍. ജനനത്തിലേ ഒന്നിച്ച നിങ്ങള്‍ക്കു് എന്നും നല്ലതു വരട്ടേ!

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

കൊള്ളാം കേട്ടോ സ്വാര്‍ത്ഥ!
"സ്പോണ്ടേനിയസ്‌ ഓവര്‍ഫ്ലോ ഒഫ്‌ പവര്‍ഫുള്‍ ഇമോഷന്‍സ്‌ റികളക്ടഡ്‌ ഇന്‍ റ്റ്രയാംഗുലിറ്റി" എന്നതിന്റെ മലയാളത്തിലുള്ള അര്‍ഥമറിയാമായിരുന്നെങ്കില്‍ അതാണു്‌ ഇതു്‌ എന്നു ഞാന്‍ പറഞ്ഞേനേ.

ആശംസകള്‍!

ഉമേഷ്::Umesh പറഞ്ഞു...

ദൈവത്തിനറിയാം സിദ്ധാര്‍ത്ഥനെന്താ ഉദ്ദേശിച്ചതെന്നു്!

“ത്രികോണത്തിനുള്ളില്‍ ശക്തിയോടെ വികാരങ്ങള്‍ ഉരുത്തിരിയുമ്പോള്‍ തന്നത്താനെ കവിഞ്ഞൊഴുകുന്നതു്” എന്നോ മറ്റോ ആണോ?

എന്തിനെപ്പറ്റിയാണു് ഇതു്? കവിതയെപ്പറ്റിയോ വിവാഹത്തെപ്പറ്റിയോ, അതോ വിരഹജീവിതത്തെപ്പറ്റിയോ?

:-)

-സു‍-|Sunil പറഞ്ഞു...

സ്വാര്‍ഥരേ, കൊള്ളാം.
വേറൊരുത്തന്‍ ദാ ഇവിടെ കിടന്ന്‌ കരയുന്നു. http://www.chintha.com/node/662#comment.
ആശംസകള്‍.....
വാര്‍ഷികം എത്രാമത്തതാ?

Sapna Anu B. George പറഞ്ഞു...

ഈപറയുന്ന ‘ലവള്‍’ ഇത്രെം സഹിച്ചും പൊറുത്തും ജീവിക്കുന്നില്ലേ, അപ്പൊ നമ്മളത്ത്ര മോശമാകാന്‍ വഴിയില്ല, പിന്നെ പറയാനൊക്കില്ല...എങ്കിലും‍
“നിന്റെ ശുഭാപ്തി വിശ്വാസം നിന്നെ ര‍ക്ഷിക്കട്ടെ‍“ ആശംസകള്‍.
‘എന്നെന്നും നിന്‍ നിഴലായി
എന്നെന്നും നിന്‍ തണലായി
എന്നെന്നും നിന്‍ അര്‍ഥാംഗിനിയായി
‍ സഖിയായി,‍ഒള്ളൊരുകാലം
നമുക്കു ജീവിക്കണ്ടെ ചേട്ടാ’

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

എനിക്കറിയില്ലുമേഷേ. ഇതാരാണ്ടു് കവിതയെയോ മറ്റോ പറ്റിപ്പറഞ്ഞതാണു്. സ്വാർത്ഥൻ ചൊല്ലിയതു കേട്ടാൽ എനിക്കെന്നല്ല ആ‍ർക്കുമിതോർമ്മ വരും. ;-)
സ്വാർത്ഥന്റെ പേരിനുമുൻപിൽ ഒരു ‘നി’ ഇട്ടാലോ എന്നുവരെ തോന്നിയെനിക്കു്.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

അനില്‍ സ്വാര്‍ത്ഥത നിറഞ്ഞ കൃതജ്ഞത

ഇബ്രൂ സസന്തോഷം നന്ദി

വക്കാരീ ‘സഹനാശംസകള്‍ ‘ വല്ലാണ്ടിഷ്ടായി

കലേഷേ അപ്പൊ ഞാന്‍ ഇന്നനുഭവിക്കുന്ന സ്വസ്ഥത, ശാന്തി, സമാധാനം, ഇവയൊക്കെ???

വിശാലോ ഒരു നൂ...റ്റൊന്ന് നന്ദി

ദേവോ ചെമ്പുവാര്‍ഷികം വരെയെങ്കിലും ചെമ്പ് തെളിയാതിരുന്നാല്‍ മതിയായിരുന്നു...

ഇന്ദൂ സ്നേഹത്തിന്റെ നൂറ്, തികയാതെ വരും. കവിതകള്‍ നൂറ് താങ്ങാന്‍ പറ്റാതെയും... പ്രചോദനത്തിനും പ്രോത്സാഹനത്തിനും നന്ദി :)

ഉമേഷ് ശ്വാസം നേരെ വിണു എന്ന് പറയാല്ലോ! കവിത തന്നെ ല്ലേ... തേങ്ക്സേ
ഈ ‘കൈവര്‍ത്ത’ എന്നു പറഞ്ഞാല്‍ ??? ‘കായവറുത്ത’ എന്നൊക്കെ കേട്ടിരിക്കണൂ.

സിദ്ധാര്‍ത്ഥാ ഉദ്ദേശശുദ്ധിക്ക് നന്ദിയുണ്ടേ :)
പ്രശാന്തതയില്‍ പ്രതിഫലിക്കുന്ന, തീവ്രവികാരങ്ങളുടെ സ്വാഭാവിക കവിഞ്ഞൊഴുക്ക് എന്ന് വായിക്കാം, റ്റ്രയാംഗുലിറ്റിയെ റ്റ്രാങ്ക്വിലിറ്റിയാക്കിയാല്‍ (ഇങ്ങനെയൊക്കെ തോന്നിയോ!!! ഈശ്വരാ‍ാ‍ാ‍ാ)
എന്റെ പേരിനു മുന്‍പില്‍ ‘നീ’ എന്നിട്ടോളൂ, ശേഷം ഒരു സ്പേസും :)

സുനിലേ സഹനത്തിന്റെ നീണ്ട അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി!

സപ്നാ അഞ്ചുവര്‍ഷത്തിന്റെ പകുതി മാത്രമേ ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ. അതുകൊണ്ട്... പറയാനൊക്കില്ല, ആരാരെയാ സഹിക്കുന്നതെന്ന്. ലവളുടെ വിശ്വാസം ലവളെ വേണേല്‍ രക്ഷിക്കട്ടെ!!!

ഡ്രിസില്‍ പറഞ്ഞു...

'Belated' വിവാഹവാര്‍ഷികദിനാശംസകള്‍ സ്വാര്‍ത്ഥാ...

കണ്ണൂസ്‌ പറഞ്ഞു...

സൌ സാല്‍ സാഥ്‌ ജീയോ!!

യാത്രാമൊഴി പറഞ്ഞു...

സ്വാര്‍ത്ഥാ,

വിവാഹവാര്‍ഷികദിനാശംസകള്‍ നേരുന്നു..
കവിത കൊള്ളാം ട്ടോ!

Jo പറഞ്ഞു...

ഈ പാട്ട് കേട്ട് ആരും എന്നെയോ സ്വാര്‍ത്ഥനേയോ തല്ലാന്‍ പോണില്യാന്ന് പാട്ടു കേട്ടപ്പൊഴേ എനിക്കുറപ്പായിരുന്നു. അതോണ്ടല്ലേ മാഷേ ഞാന്‍ സധൈര്യം പിന്തുണച്ചത്‌?!

ഇതിലും നല്ലൊരു വിവാഹ വാര്‍ഷിക സമ്മാനം നല്‍കാനില്ലെന്നാണെനിക്കു തോന്നുന്നത്. ആശംസകള്‍!

സ്നേഹിതന്‍ പറഞ്ഞു...

മംഗളാശംസകള്‍ സ്വാര്‍ത്ഥാ!

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ഡ്രിസില്‍ തേങ്ക്യൂ ഡാ

കണ്ണൂസേ ബഹുത് ബഹുത് ധന്യവാദ്

യാത്രാമൊഴീ ആശംസകള്‍ക്ക് നന്ദി. കവിത കോള്ളാം എന്ന് പറഞ്ഞതിന് ഇമ്മിണി ബല്യ നന്ദി.

ജോ ന്നാലും തന്റെ ധൈര്യം സമ്മതിക്കണം!!! നന്ദി ഒരുപാടുണ്ട് ട്ടോ, :)

സ്നേഹിതോ ആശംസകള്‍ സസ്നേഹം കൈക്കൊള്ളുന്നു.

ഉമേഷ്::Umesh പറഞ്ഞു...

സ്വാര്‍ത്ഥാ,

“കൈവര്‍ത്ത(ക)ന്‍” എന്നു വെച്ചാല്‍ മുക്കുവന്‍. (കേ + വര്‍ത്തം = ജലത്തില്‍ വര്‍ത്തിക്കുന്നതു് = മത്സ്യം. അതിനെക്കൊണ്ടു ജീവിക്കുന്നവന്‍ കൈവര്‍ത്തന്‍.) “കടത്തുകാരന്‍” എന്നര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ടു്. ഭഗവദ്ഗീതാധ്യാനത്തില്‍ “ഭീഷ്മദ്രോണതടാ...” എന്ന ശ്ലോകത്തില്‍ “കൈവര്‍ത്തകഃ കേശവഃ” എന്നുണ്ടല്ലോ. “തിരമാലകള്‍ നിറഞ്ഞ കടലില്‍ അലയുകയായിരുന്ന എന്റെ ജീവിതമാകുന്ന വള്ളത്തെ കരയ്ക്കടുപ്പിച്ച കടത്തുകാരീ” എന്ന കിണ്ണന്‍ ആശയമൊക്കെയാണു്. വിശാലന്റെ ഒരു കഥയുടെ ആശയമെടുത്തിട്ടു് ചന്ദ്രേട്ടന്‍ ഒരു കഥയെഴുതിയാലത്തെ സ്ഥിതിയായിപ്പോയി :-)

സിദ്ധോ, ഓ ട്രാങ്ക്വിലിറ്റി ആയിരുന്നു, അല്ലേ?

മഴനൂലുകള്‍ .:|:. Mazhanoolukal പറഞ്ഞു...

"മരുഭൂവില്‍ വിരഹത്തില്‍
ഉരുകുന്നു ഞാന്‍ പ്രിയേ
പ്രണയത്തിന്‍ ഓര്‍മ്മകളില്‍
നുറുങ്ങുന്നെന്‍ ഓമലേ..."

..................

സ്വാര്‍ഥന്‍ വളരെ റൊമാന്റിക്‌ ആണല്ലൊ... ;)

പാടിയതു കേള്‍ക്കാന്‍ കഴിഞ്ഞില്ല ഇന്ന്‌. പിന്നീടു ശ്രമിക്കാം :)

Reshma പറഞ്ഞു...

സ്വാര്‍ത്ഥജീ, ഇന്നാണിത് വായിച്ചതും കേട്ടതും. ഇഷ്ടമായി.
രണ്ടുപേരും ഒരുമിച്ചിരുന്ന് ഈ ദിവസങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോ ഈ നോവൊക്കെ മാറൂല്ലേ. അത്രേ ഉള്ളൂ ട്ടോ.