ശനിയാഴ്‌ച, ഏപ്രിൽ 08, 2006

റീമയ്ക്കും കലേഷിനും

പ്രിയപ്പെട്ട റീമയ്ക്കും കലേഷിനും,

താലികെട്ടിന്‌ ഒരു നിമിഷം മതി, വിവാഹത്തിന്‌ ഒരു ജന്മവും!

ഭാര്യാഭര്‍തൃ ബന്ധത്തേക്കുറിച്ച്‌ പൌലോസേട്ടന്‍(St. Paul) ചില കാര്യങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. ക്രിസ്തുവും സഭയും(SNDP അല്ല) തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട്‌ സാമ്യപ്പെടുത്തിയിരിക്കുന്ന ചിന്തകള്‍* വിമര്‍ശകര്‍ക്കും തെറ്റിദ്ധാരണാ തല്‍പരര്‍ക്കും സദ്യവട്ടത്തിനു വഴിയൊരുക്കുന്നവയാണ്‌. ക്രിസ്തീയതയേപ്പോലെതന്നെ, പ്രാക്റ്റിക്കബിലിറ്റിക്ക്‌ പ്രയാസമുള്ളതെങ്കിലും ഉപദേശകബിലിറ്റിക്ക്‌ ഹരമുള്ളതായതുകൊണ്ട്‌ ഇവിടെ അവയുടെ പ്രസക്തഭാഗങ്ങള്‍ പരാമര്‍ശിക്കട്ടെ.

"ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കുവിന്‍(ഉവ്വ!) ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്സാണ്‌; ഭര്‍ത്താവ്‌ തന്നെയാണ്‌ ശരീരമായ ഭാര്യയുടെ രക്ഷകനും. അതുകൊണ്ട്‌ എല്ലാക്കാര്യങ്ങളിലും ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക്‌ വിധേയരായിരിക്കണം(ഉവ്വ്‌ ഉവ്വേ!)"

സ്വന്തമായി ജോലിയും വരുമാനവുമുണ്ടെങ്കില്‍ ഒരു പട്ടിയുടേയും അടിമയായി ജീവിക്കേണ്ടി വരില്ല! അതെ, 'വിധേയ' എന്നത്‌ അടിമ എന്ന അര്‍ത്ഥത്തിലാണെങ്കില്‍. ഇവിടെ വിധേയത്വം, സ്വമനസ്സാലെയുള്ള ആശ്രിതത്വം മാത്രമാണ്‌. ഇണയോട്‌, തുണയോട്‌ തോന്നുന്ന സ്വാഭാവിക ആശ്രിതത്വം. ഭാര്യയെ സംരക്ഷിക്കുന്ന വകുപ്പില്‍ ഭര്‍ത്താവാകുന്ന ശിരസ്സിന്റെ മാനം കെടാതെ നോക്കാന്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം.

"ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി ബലിയാവുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം(ഹെന്റമ്മച്ചിയേ!) അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്‌, ജലം കൊണ്ട്‌ കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി(മനസ്സിലായി, കുളിപ്പിച്ച്‌ പൌഡറിടീക്കണം!) ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം(അതേറ്റു!) ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ(???!)"

ലവ്‌ സ്റ്റോറികളില്‍ വില്ലന്മാരെ ഇടിച്ച്‌ നിരത്തിയാണ്‌ കാമുകന്‍ കാമുകിയെ സ്വന്തമാക്കുന്നത്‌. ഇതിലും വലിയ സ്റ്റണ്ടുകള്‍, വിവാഹജീവിതത്തെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ നടത്തേണ്ടിവരും. പലപ്പോഴും ഇത്‌ തന്നോട്‌ തന്നെ ആയിരിക്കുകയും ചെയ്യും! എത്രയധികം ഭാര്യയെ സ്നേഹിക്കുന്നുവോ അത്രയധികം പരുക്കുകള്‍ ഏല്ക്കാന്‍ റെഡിയായിക്കോളൂ. വാമഭാഗത്ത്‌ തെറ്റുകളും കുറ്റങ്ങളും ഒരുപാടുണ്ടാകും. അവ കറയാകുന്നതിനുമുന്‍പ്‌ കഴുകി പോളിഷ്‌ ചെയ്തെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്‌ (ഇതിന്‌, അവനവന്റെ കയ്യിലിരിപ്പും നന്നായിരിക്കണം). സ്വന്തം ശരീരത്തെ ആരും വെറുക്കാറില്ല(?) പല്ലുവേദനയോ തലവേദനയോ നടുവേദനയോ വന്നാല്‍ സഹിച്ചേ പറ്റൂ!

"പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോട്‌ ചേരുകയും, അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും."

'ഇരുമെയ്യാണെങ്കിലും മനമൊന്ന് ' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യപടിയാണ്‌ dettachment of attachment തിയറി. അവിവാഹിത/ന്‍/ആയിരുന്ന സന്തതിയും വിവാഹിത/ന്‍/ആയ സന്തതിയും തമ്മില്‍ പ്രകടമായ വ്യത്യാസം, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഫീല്‍ ചെയ്യണം. വിരുന്നും സല്ക്കാരങ്ങളും 10 കിലോയോളം കൂട്ടി(മക്കളേ, സൂക്ഷിക്കണേ!) ശാരീരിക വ്യത്യാസത്തിനു സഹായിക്കുമെങ്കിലും, ഭാവമാറ്റം സ്വയം ആര്‍ജ്ജിക്കണം. ഈ ശ്രമത്തിനിടയില്‍, "ഓ, കല്യാണം കഴിഞ്ഞപ്പോഴേക്കും ലവന്റെ ഭാവം കണ്ടില്ലേ" എന്നാരെങ്കിലും പറഞ്ഞു കേട്ടാല്‍ മനസ്സില്‍ സന്തോഷിക്കുകയും പറഞ്ഞ വ്യകതിയേക്കുറിച്ച്‌ കരുതല്‍ ഉണ്ടായിരിക്കുകയും വേണം. നിങ്ങളുടെ ജീവിതം കുട്ടിച്ചോറായിക്കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരില്‍ ആ വ്യക്തിയും പെടും. അടുത്ത ഫ്ലൈറ്റില്‍ തന്നെ കെട്ടിയവളേയും കൂട്ടി നാട്‌ കടക്കുക എന്നോ, ഉടനടി വേറെ വീടിലേക്ക്‌ താമസം മാറണമെന്നോ 'ഡിറ്റാച്ച്‌മന്റ്‌ ' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നില്ല എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

ആദ്യമാസം 1% കലേഷിനെയേ റീമ അറിയുന്നുള്ളൂ(തിരിച്ചും). മൂന്ന് മാസത്തിനുള്ളില്‍ 10 ശതമാനവും. ഒരുമിച്ചാണ്‌ ജീവിതമെങ്കില്‍ ആറ്‌ മാസം കൊണ്ട്‌ 25% വരെ നിങ്ങള്‍ പരസ്പരം മനസ്സിലാക്കും. അതോടെ 'തേന്‍നിലാവിന്‌ ' ഇന്റര്‍വല്‍! നിങ്ങള്‍ തമ്മിലുള്ള ആദ്യ കലഹം ഇവിടെ ആരഭിക്കുകയായി! പിന്നങ്ങനെ പുട്ടില്‍ പീര പോലെ ഇണങ്ങിയും പിണങ്ങിയും ബാക്കി 75% അടുത്തറിയുമ്പോഴേക്കും ഓണമൊരുപാട്‌ ഉണ്ടിരിക്കും; expiry date അടുത്തിട്ടുണ്ടാകും!

ഇതെല്ലാം ഒരുപദേശമായിക്കരുതിയാല്‍ വായിക്കാനെടുത്ത സമയം വെയ്സ്റ്റ്‌ ! അനുഭവപാഠങ്ങളായി കരുതുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌.

അപ്പൊ പറഞ്ഞ പോലെ, വിഷ്‌ യു എ ഹാപ്പി വെല്‍ഡിംഗ്‌!!!

***

*ബൈബിള്‍ പുതിയ നിയമം എഫേസോസ്‌ 5:22-33

6 അഭിപ്രായങ്ങൾ:

Sapna Anu B.George പറഞ്ഞു...

ഈപ്പറഞ്ഞ വസ്തുതകളൊക്കെ സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? അതോ മറ്റുള്ളവരെ ഉപദേശിക്കാനുള്ള വാചാലത മാത്രമാണൊ? എന്നിരുന്നാലും , പ്രാവര്‍ത്തികമാക്കാന്‍ ഇനി ഇതില്‍ക്കുടുതല്‍ ഉദാഹരണങ്ങളില്ല, ബൈബിളില്‍.‍

Kalesh Kumar പറഞ്ഞു...

പ്രിയ സ്വാര്‍ത്ഥന്‍, നന്ദി! സന്തോഷം!
:)ഞാനിത് റീമയ്ക്ക് അയച്ചു കൊടുക്കുന്നുണ്ട്!

Manjithkaini പറഞ്ഞു...

പൊന്‍‌കുന്നം വര്‍ക്കീടെ പഴയൊരു ചെറുകഥയുണ്ട്. പേര് - "അന്തോണീ നീയും അച്ചനായോടാ". അതൊന്നു പരിഷ്കരിച്ചിടാം ഇവിടെ. "ആന്തണീ നീയും അച്ചന്‍‌കുഞ്ഞാരുന്നോടാ" :) :)

സ്വാര്‍ത്ഥന്‍ പറഞ്ഞു...

കലേഷേ ജൂണിലും ആഗസ്റ്റിലും നവമ്പറിലും ഈ പോസ്റ്റ് വീണ്ടും വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു :)

സപ്നാ അറിഞ്ഞിരുന്നിട്ടും പ്രാവര്‍ത്തികമാക്കാന്‍ വൈകിയ പാഠങ്ങളാണിവ. അതിനുള്ളത് അനുഭവിക്കുകയും ചെയ്തു! അനുഭവങ്ങള്‍ പാച്ചാളികള്‍ എന്ന് ശ്രീ ശ്രീ ഹരിശ്രീ അശോക സ്വാമികള്‍ മൊഴിഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.

കുഞ്ഞാടേ മന്‍‌ജിത്തേ ഈ ചോദ്യം ചോദിച്ചവരോട്, അല്ല എന്നിതുവരെ പറഞ്ഞിട്ടില്ല.ബ്രദറാണോ? എന്നതിന് അതെ, എന്റെ പെങ്ങളുടെ ബ്രദര്‍ എന്നും അച്ചനാണോ? എന്ന ചോദ്യത്തിന് പിള്ളാരുടെ അച്ചന്‍ എന്നും പറഞ്ഞു വരുന്നു. സ്വഭാവ സവിശേഷതകള്‍ നന്നായി മനസ്സിലാക്കിയത് കാരണമാകാം, കുടുംബത്തിലെ അച്ചന്മാരും കന്യാസ്ത്രീകളും ദൈവവിളി ക്യാമ്പിന് എന്നെ മാത്രം ക്ഷണിക്കാഞ്ഞത്. സഹവാസം കുറച്ച് കാലം സമര്‍പ്പിതരുടെ കൂടയായിരുന്നു എന്നത് വാസ്തവം. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാകുമല്ലോ, പട്ടി പെടുത്തിട്ടുണ്ടെങ്കില്‍ ആ നാറ്റം. അതാണ് എന്നിലുമുള്ളത് !!! എന്നാല്‍ ശരി, ഓശാന, ഓശാന, ഓശാന!
(കുട്ട്യേടത്തി കൊഴുക്കട്ട ഉണ്ടാക്കി തന്നുവോ?)

Kuttyedathi പറഞ്ഞു...

സ്വാര്‍ത്ഥാ,

അല്ലെങ്കില്‍ വേണ്ടാ, ബ്ലോഗിലെ സത്യക്രിസ്ത്യാനികളേ,

ഓശാന ഞായറിനു തലേന്നു 'കോഴുക്കട്ട ശനിയാഴ്ച ആചരിക്കുന്നതിനു പിന്നിലെ കാരണം ആരെങ്കിലും അറിയുന്നവര്‍ എനിക്കൊന്നു പറഞ്ഞു തരുമോ ?

ചങ്ങനാശ്ശേരിക്കാരൊക്കെ വല്യ അതിപുരാതന ക്രൈസ്തവ കുടുംബമെന്നൊക്കെ (മാറ്റ്രിമോണിയല്‍ കോളങ്ങളില്‍ കാണുന്ന അ. പു. ക്ര. കു.) വിചാരിച്ചതു വെറുതെ ആയി. മൂപ്പരു 'കോഴുക്കട്ട ശനി' എന്നു കേട്ടിട്ടേയില്ല. പറഞ്ഞു കൊടുക്കാംന്നു വച്ചാലെനിക്കറിയണ്ടേ ?

അജ്ഞാതന്‍ പറഞ്ഞു...

കൊഴുക്കട്ട ശനി എന്നതു ത്രിശൂരു മുതലുള്ളൂ എന്നാണു ഞാന്‍ കേട്ടിട്ടുള്ളതു.കോട്ടയം കാര്‍ക്കൊന്നും അങ്ങിനെ ഇല്ല.എന്തോ 12 ശിഷ്യന്മാര്‍ക്കു വേണ്ടി നേര്‍ച്ച അങ്ങിനെ എന്തൊ ഞാ‍ന്‍ കേട്ടിട്ടിറ്റുണ്ടു.