വ്യാഴാഴ്‌ച, ജനുവരി 05, 2006

'മുട്ട വെച്ച ദിവസം'

ഒരു ന്യൂ ഇയര്‍ തലേന്ന്.

"സെബോ......"

അമ്മിണിയുടെ നീട്ടിയുള്ള വിളി കേട്ടാണ്‌ സെബാസ്റ്റ്യന്‍ അന്നും ഉണര്‍ന്നത്‌. സമയമായി, വേഗം പല്ലുതേപ്പും ചായകുടീം കഴിഞ്ഞ്‌ അവളേം കുഞ്ഞിനേം കൊണ്ട്‌ പുറപ്പെട്ടില്ലെങ്കില്‍ അമ്മയുടെ വായിലിരിക്കുന്നത്‌ മുഴുവന്‍ കേള്‍ക്കേണ്ടിവരും.

ഒന്നോര്‍ത്താല്‍ സെബൊ ഭാഗ്യവാനാ. പാലു മുഴുവന്‍ ആളുകള്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ട്‌ പോകുന്നത്‌ കാരണം സൊസൈറ്റിയില്‍ പോകാന്‍ വെളുപ്പിന്‌ എഴുന്നേല്ക്കണ്ട.

"നീ ഇവളേം കൊണ്ട്‌ ഇവിടെ നിക്കാ?" തെക്കേലെ ബെന്നി, "പള്ളീല്‍ക്കി വാടാ, 'പഴേ മന്‍ഷ്യനെ' ഇണ്ടാക്കി കഴിഞ്ഞിട്ടില്ല്യ."

"എന്തിനണ്ട ഇണ്ടാക്കണെ? നിന്റെളേപ്പന്‍ റപ്പമാപ്ലേനെ കോലുമ്മെ കെട്ടി കത്തിച്ചാപ്പോരെ!"

ബെന്നിക്കിഷ്ടായി, "അമ്മിണീ, സുഖല്ലേ നിനക്ക്‌?" അമ്മിണിയുടെ ചന്തിക്കിട്ടൊരു പെട.

"പ്പ്‌ഹ വൃത്തികെട്ടവനെ", അമ്മിണി പിന്‍കാലുകൊണ്ടൊരു ചവിട്ടും വാലുകൊണ്ടൊരു തൊഴിയും.

തൈത്തെങ്ങുകളുടേയും വാഴകളുടേയും റെയ്ഞ്ചില്‍ നിന്ന് സെയ്ഫായി അമ്മിണിയേയും ക്ടാവിനേയും കെട്ടി, ബെന്നിയുടെ സൈക്കിളില്‍ അറ്റാച്ച്‌മെന്റായി സെബോ നേരെ പള്ളിയിലേക്ക്‌.

"എല്ലാക്കൊല്ലോം ഇതന്യല്ലെടാ, ഈ കരിക്കലോം വൈക്കോലും കീറിയ പാന്റും ഷര്‍ട്ടും. ഈ പ്രാവശ്യെങ്കിലും ഒരു വെറൈറ്റി വേണ്ടേ"

"വേണം, പ്ലാന്‍ ചെയ്ത്‌ നീ തന്നെ അങ്ങട്‌ ഇണ്ടാക്ക്‌" ബെന്നി റെയ്സായി.

"നീ ചൂടാവല്ലെ"

"കഴിഞ്ഞ കൊല്ലോം നീ പ്ലാനൊക്കെ പറഞ്ഞു. ഇണ്ടാക്കാന്‍ നേരത്ത്‌ പശൂനെ കെട്ടാന്‍ പോയി"

"ഇപ്രാവശ്യം ഒരു സിംപിള്‍ സിമ്പോളിക്‌ പ്ലാന്‍" സെബൊ കൈപ്പത്തികള്‍ നിവര്‍ത്തി തള്ളവിരല്‍ വിടര്‍ത്തി ചേര്‍ത്ത്‌ വച്ച്‌ സംവിധായകനായി. "പഴയ വര്‍ഷത്തെ പ്രതിനിധീകരിച്ച്‌ കോലത്തില്‍ നമ്മളൊരു കലണ്ടര്‍ തൂക്കുന്നു. 'കലണ്ടര്‍ മനോരമ തന്നെ'."

"ഉഗ്രന്‍, എന്നാ നീ ഈ സൈക്കിളും കൊണ്ട്‌ വേഗം കലണ്ടറെടുത്ത്‌ വാ" ബെന്നി ഇറങ്ങി നടന്നു.

അമ്മയുടെ കണ്ണില്‍ പെടാതെ സെബൊ വീട്ടില്‍ കയറി. 'മനോരമ' കലണ്ടറെടുത്ത്‌ തല്‍സ്ഥാനത്ത്‌, പള്ളിയിലേക്ക്‌ ക്രിസ്മസ്‌ കേക്ക്‌ വാങ്ങിയപ്പോള്‍ കോമ്പ്ലിമെന്റായി കിട്ടിയ 'സുപ്രീം ബേക്കറിയുടെ' കലണ്ടര്‍ തൂക്കി, അമ്മയ്ക്കൊരു സര്‍പ്രൈസായിക്കോട്ടെ.

പഴയ മനുഷ്യക്കോലത്തിന്റെ പണി ഏതാണ്ട്‌ പൂര്‍ത്തിയായി. പടക്കവും തല പൊട്ടിത്തെറിക്കാനുള്ള ഗുണ്ടും രാത്രിയിലേ ഇന്‍സ്റ്റാള്‍ ചെയ്യൂ. അല്ലെങ്കില്‍ പൊട്ടിന്റെ ഗുമ്മ് കുറയും. കലണ്ടര്‍ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പ്ലാനും കലണ്ടറും സെബൊ ഹാന്‍ഡോവര്‍ ചെയ്തു.

മാത്തനാണത്‌ കണ്ടത്‌, കലണ്ടര്‍ താളിലെ തീയതിക്കടിയില്‍ നീല മഷികൊണ്ടെഴുതി വച്ചിരിക്കുന്നു 'മുട്ട വെച്ച ദിവസം'. "ഡാ സെബോ, നിന്റെ അമ്മ കലണ്ടറിലാണോടാ മൊട്ടയിടണത്‌?"

'യൂത്ത'ന്മാര്‍* ആര്‍ത്തു ചിരിച്ചു. മാത്തന്‍ താരമായി.

"ആ മൊട്ട വിരിഞ്ഞ ചാത്തന്യാ നിന്റെ അപ്പന്‍ ലേലം വിളിച്ചോണ്ട്‌ പോയിട്ട്‌ ഇതു വരെ കാശ്‌ കൊടുത്തില്ലാന്ന് കഴിഞ്ഞാഴ്ച പള്ളീല്‌ വിളിച്ച്‌ പറഞ്ഞത്‌"

യൂത്തന്മാര്‍ ആര്‍ത്താര്‍ത്തു ചിരിച്ചു, മാത്തന്‍ ചാരമായി.

പാതിരാക്കുര്‍ബാന അടിപൊളിയായി കഴിഞ്ഞു. ശേഷം പഴയ മനുഷ്യനെ കത്തിക്കല്‍. കാറ്റില്‍ പറന്നുയരുന്ന കലണ്ടര്‍ താളുകള്‍ കത്തിയമരുന്നത്‌ വിന്‍സെന്റേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട്‌ വന്ന 'കാംകോഡറില്‍' ഷൂട്ടുന്നത്‌ കണ്ടപ്പോള്‍ സെബോന്റെ ഉള്ളം നിറഞ്ഞു. 'യൂത്തി'കളുടെ ഇടയിലേക്ക്‌ ബെന്നിയെ വിട്ട്‌ രഹസ്യമായി പറയിപ്പിച്ചു, "കലണ്ടര്‍ ഐഡിയ അവന്റ്യാ, സെബോന്റെ!" സെബൊ താരമായി!

അയലോക്കത്തെ സുറിയാനി പള്ളിയില്‍ ആഘോഷം കഴിയാന്‍ അല്‍പം വൈകും. യൂത്തന്മാര്‍ അങ്ങോട്ട്‌ വച്ച്‌ പിടിച്ചു. ഒഷീനയും ക്രിസ്റ്റീനയുമൊക്കെ ആ പള്ളിയിലാണ്‌. അവളുമാരെ കാണാതെ, വിഷ്‌ ചെയ്യാതെ എന്ത്‌ ഹാപ്പി ന്യൂ ഇയര്‍

ആഘോഷങ്ങളൊക്കെ കഴിഞ്ഞ്‌ വെളുപ്പിന്‌ വന്ന് കിടന്നതേയുള്ളു. അമ്മയുടെ വിളി കേട്ട്‌ സെബൊ ഞെട്ടിയുണര്‍ന്നു.

"ഇവിടെ കെടന്നീര്‌ന്ന കലണ്ടറെവ്‌ടെടാ?"

ഉറക്കച്ചടവെങ്കിലും, സെബൊ സംവിധായകന്റെ റോളെടുത്ത്‌ കൈപ്പത്തികള്‍ക്കിടയിലൂടെ അമ്മയുടെ മുഖത്തേക്ക്‌ 'സൂം ഇന്‍' ചെയ്തു, "പഴയതെല്ലാം കത്തിച്ചാമ്പലായമ്മേ, പുതുയുഗം പിറന്നതറിഞ്ഞില്ലേ?"

"കഴിഞ്ഞ മാസത്തെ പാലിന്റെ കണക്ക്‌ നീ ഇണ്ടാക്കി തന്നില്ലെങ്കി, നിന്നെ ഞാന്‍ കത്തിക്കും"

"എന്റെ സെബോാാാാാ................" തൊഴുത്തില്‍ നിന്ന് അമ്മിണി നീട്ടി വിളിക്കുന്നു.

****

*യൂത്തന്മാര്‍/യൂത്തികള്‍: പള്ളിയിലെ യൂത്ത്‌ മൂവ്‌മന്റ്‌ (CYM, KCYM, Jesus Youth, CLC etc. etc.) അംഗങ്ങള്‍

10 അഭിപ്രായങ്ങൾ:

സ്വാര്‍ത്ഥന്‍ പറഞ്ഞു...

ന്യൂ ഇയര്‍ ആഘോഷങ്ങളൊക്കെ കഴിഞ്ഞൊ?

പഴയൊരു ആഘോഷം, 'മുട്ട വെച്ച ദിവസം' ദാ ഇവിടെ...

സു | Su പറഞ്ഞു...

:)) സെബോയുടെ ന്യൂ ഇയർ ആഘോഷം നന്നായി.

viswaprabha വിശ്വപ്രഭ പറഞ്ഞു...

....ബെന്നിക്കിഷ്ടായി."അമ്മിണീ, സുഖല്ലേ നിനക്ക്‌?" അമ്മിണിയുടെ ചന്തിക്കിട്ടൊരു പെട.

"പ്പ്‌ഹ വൃത്തികെട്ടവനെ", അമ്മിണി.....

കലേഷ്‌ കുമാര്‍ പറഞ്ഞു...

നന്നായിട്ടുണ്ട് സ്വാർത്ഥാ...
:))

പെരിങ്ങോടന്‍ പറഞ്ഞു...

ഹാഹാ കൊള്ളാം. വളരെ നന്നായിരിക്കുന്നു. സുന്ദരമായ ബ്ലോഗിങ്.

സ്വാര്‍ത്ഥന്‍ പറഞ്ഞു...

സൂ, വിശ്വം, കലേഷ്‌, പെരിങ്ങോടന്‍
:) :) :) :)

വക്കാരിമഷ്‌ടാ പറഞ്ഞു...

തുടക്കത്തിൽ മറ്റുപലരേയും പോലെ ഞാനും ഈ അമ്മിണി ഒരു മഹിളാവനിതാലലനാമണിയാണെന്നാ വിചാരിച്ചത്!ബെന്നി അമ്മിണിക്കിട്ടൊരു പെട കൊടുത്തൂന്നുകൂടെ വായിച്ചപ്പോ ശരിക്കും ഞെട്ടിപ്പോയി.പിൻ‌കാലുകൊണ്ടുള്ള തൊഴിയുടെ പിന്നതുകാരണം കണ്ടുമില്ല. അത് കഴിഞ്ഞുള്ള വാൽഭാഗം വായിച്ചപ്പോഴാ അമ്മിണിയുടെ യഥാർത്ഥ പിക്‌ച്ചറ് കിട്ടിയത്. പേടിപ്പിച്ചുകളഞ്ഞൂട്ടോ...

പണ്ട് ഇതുപോലത്തെ പല പാൽക്കാരും മുട്ടക്കാരും വീട് വൈറ്റ്വാഷടിക്കാത്തതിനു കാരണവും ഇതേ ടെക്നോളജിയാണെന്ന് കേട്ടിട്ടുണ്ട്..

നന്നായെന്ന് ഇനിയിപ്പോ എന്തിനാ പറയുന്നേ...?

സ്വാര്‍ത്ഥന്‍ പറഞ്ഞു...

"തുടക്കത്തില്‍ മറ്റു പലരേയും പോലെ ഞാനും ഈ അമ്മിണി..........."

അമ്പടാ,
പാവം സെബോന്റെ മനോവ്യഥ ഗൌനിക്കാതെ, പലരും അമ്മിണീടെ പുറകിലായിരുന്നല്ലേ?

'വൃത്തികെട്ടവന്മാര്‍'
"അല്ലേ, അമ്മിണീ?"

വിശാല മനസ്കന്‍ പറഞ്ഞു...

ജാതി ഗുമ്മായിറ്റിണ്ട്രോ.. ദെങ്ങിന്യവനേ..?

ഇത്രക്കും രസകരമായ ഒരു പോസ്റ്റിങ്ങ്‌ വായിക്കാതെ വിട്ടതെന്തേ ഞാൻ? അലക്കി മോനേ..അലക്കിരോ..!

'തൈതെങ്ങുകളുടെയും വാഴകളുടേയും റേയ്ഞ്ചിൽ നിന്ന് സേയ്ഫോയി അമ്മിണിക്കുട്ടീനേയും ക്ടാവിനെയും കെട്ടി......'

സ്വാര്‍ത്ഥന്‍ പറഞ്ഞു...

വിശാലോ,
പെരുന്നാളൊക്കെ കഴിഞ്ഞൂ ട്ടാ,
അവടന്ന് അടുത്ത അലക്ക്‌ പോന്നോട്ടെ...