ശനിയാഴ്‌ച, ഡിസംബർ 24, 2005

ക്രിസ്തുമസ്‌ വിചാരം

സ്വാര്‍ത്ഥന്‍ ക്രിസ്ത്യാനിയാണ്‌,
മാമോദീസാ മുങ്ങിയവന്‍,
പ്രസിദ്ധനായ പുണ്യാളന്റെ പേരുള്ളവന്‍.

ക്രിസ്തുമസ്‌ എന്നാല്‍ ക്രിസ്തു ഹൃദയത്തില്‍ പിറന്നതിന്റെ ആഘോഷം.
എന്റെ ഉള്ളില്‍ ക്രിസ്തു പിറക്കാന്‍ എന്ത്‌ യോഗ്യതയാണ്‌ എനിക്കുള്ളത്‌.
*നീരസപൂരമെന്‍ ഹൃദയത്തില്‍ പിറന്നാല്‍ വീണ്ടും രക്തം വിയര്‍ത്തേക്കാം...

ഓര്‍മ്മയില്‍ ഘോരപാപങ്ങളുടെ വേലിയേറ്റം,
തവണകളായി മാപ്പിരന്നിട്ടും മനസ്സിലെ ദൌര്‍ബല്യം തുടികൊട്ടുന്നു.
ഐഹിക ചിന്തകള്‍ നിറയുമ്പോള്‍ അനുതാപക്കണ്ണീരിനെവിടെ സ്ഥാനം...

എന്നാലും ഇന്ന് ക്രിസ്തുമസ്‌ രാവല്ലേ, പള്ളിയില്‍ പോകണം,
ഷേണായി മാമന്റെ വാക്കുകളില്‍, ലോട്ടറിക്കാരേപ്പോലെ പാട്ടും പ്രാര്‍ത്ഥനയും ഇടവിട്ടുള്ള കുര്‍ബാന 'കാണണം'.
വരിയായ്‌ ചെന്ന് 'അപ്പം തിന്നണം', കാരണം,

ഞാന്‍ ക്രിസ്ത്യാനിയല്ലേ...
മാമോദീസാ മുങ്ങിയവന്‍...
പുണ്യാളന്റെ പേരുള്ളവന്‍...

"യേശുവേ, മനുഷ്യമനസ്സ്‌ നീ അറിയുന്നല്ലോ..."

ഏവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍

*സ്നേഹദീപം ആല്‍ബത്തിലെ 'യോഗ്യതയില്ലെനിക്ക്‌...' എന്ന ഗാനത്തില്‍ നിന്ന്

8 അഭിപ്രായങ്ങൾ:

കലേഷ്‌ കുമാര്‍ പറഞ്ഞു...

പ്രിയ സ്വാർത്ഥൻ,
ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ!

Thulasi പറഞ്ഞു...

ക്രിസ്തുമസ്‌ കണ്ടിട്ടില്ല,പള്ളിയില്‍ പോയിട്ടില്ല. ന്നാലും സ്വാര്‍ത്ഥന്‌ ക്രിസ്തുമസ്‌ ആശംസകള്‍

ചില നേരത്ത്.. പറഞ്ഞു...

സ്വാറ്ത്ഥന്‍..
ഞാനും തുളസിയെ പോലെ,
പള്ളിയില്‍ പോയിട്ടില്ല.
എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ് നവവത്സരാശംസകള്‍..
-ഇബ്രു-

സ്വാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയരേ,
സാദ്ധ്യമെങ്കില്‍ ഈ ക്രിസ്തുമസ്‌ രാവില്‍ നിങ്ങള്‍ പള്ളിയില്‍ പോവുക.
ക്രിസ്ത്യാനിയെന്ന് പറയുന്ന എന്നേപ്പോലുള്ളവരേക്കാള്‍ നിങ്ങള്‍ക്കായിരിക്കും അതിന്‌ യോഗ്യത!

ക്രിസ്ത്യാനി കുഴിയെണ്ണിവേണം അപ്പം തിന്നാന്‍, മനസ്സിലെ പാപച്ചെളി നിറഞ്ഞ കുഴികള്‍. നിങ്ങള്‍ അപ്പം തിന്നാന്‍ തുനിഞ്ഞാല്‍, അത്‌ നിങ്ങളെ പരിചയമുള്ള 'ക്രിസ്ത്യാനി'കളുടെ മനസ്സിലെ കുഴികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാം. അതിലും ഭേദം 2 ഗോതമ്പ്‌ മണി വായിലിട്ട്‌ ചവയ്ക്കുന്നതാണ്‌. ഹൃദയത്തില്‍ ക്രിസ്തു പിറന്നിട്ടില്ലെങ്കില്‍ 'അപ്പ'വും ഇതും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ക്രിസ്തുമസ് കണ്ടിട്ടുണ്ടു്, പള്ളിയിൽ പോയിട്ടുണ്ട്‌. കരോളിനു നടന്നിട്ടുണ്ടു്. കാക്ക കരയുന്ന ശബ്ദത്തിൽ പാട്ടുപാടിയും പെരുമ്പറ പോലുള്ള ഒരു സാധനത്തിൽ താളമടിച്ചും നാട്ടുകാരെ പാതിരായ്ക്കു വിളിച്ചുണർത്തിയിട്ടുണ്ടു്. പ്രാകിക്കൊണ്ടവരിറങ്ങിവന്നു് ചീത്തവിളിക്കാൻ തുടങ്ങുമ്പോൾ ഉണ്ണീശോയെകാണിച്ചു ഭീഷണിപ്പെടുത്തി കാശും വാങ്ങിച്ചിട്ടുണ്ടു്. പശുക്കൾ, ഉണ്ണീശൊ, ജ്ഞാനികൾ, ജോസഫ്, കന്യാമറിയം, നക്ഷത്രം മുതലായവയെ ഒറ്റക്കും കൂട്ടായും അടിച്ചുമാറ്റി ലൂക്കോസ് മാഷുടെ വീട്ടിൽ കൊടുത്തു് ഹിന്ദിയിൽ അമ്പതിലമ്പതു മാർക്കും വാങ്ങിയിട്ടുണ്ടു്.

പക്ഷേ കൂട്ടു ക്രിസ്ത്യാനികൾ എന്തിലെൻകിലും നിന്നു് എന്നെ മാറ്റിനിർത്തിയതായോർമ്മയില്ല. എല്ലാം നന്മ നിറഞ്ഞ ഓർമ്മകൾ മാത്രം.ആ ഓർമ്മകളിലേക്കെത്തിക്കുന്ന നന്മ നിറഞ്ഞ ഒരു ക്രിസ്മസ് കൂടി എല്ലാവർക്കും ആശംസിക്കാം.
Merry X'mas

വിശാല മനസ്കന്‍ പറഞ്ഞു...

സിദ്ദാർത്ഥാ, ചിരിച്ചുചിരിച്ച്‌....

എന്റെ വീടിനടുത്ത ഇ.കെ.ഷാജു, ക്രിസ്മസിന്റന്ന് രാത്രി ഉറങ്ങാതെ പുൽക്കൂടിന്‌ കാവലിരിക്കും. അല്ലെങ്കിൽ സിദ്ദാർത്ഥൻ പറഞ്ഞ മൊതലുകളെ, ആമ്പിള്ളേർ കൊണ്ടോയി, പിറ്റേന്നക്ക്‌ 'കാലി' തൊഴുത്ത്‌ മാത്രമാവും ബാക്കി.

മറ്റൊരു ഷാജു (എന്റെ പ്രായത്തിലുള്ള 1458 ഷാജുമാരുണ്ട്‌ ഞങ്ങളുടെ നാട്ടിൽ) പുൽക്കൂടിന്‌ കരണ്ട്‌ കൊടുത്തിടും. എന്നിട്ട്‌, ഒരു ബോർഡ്‌ വക്കും.

'രൂപങ്ങളെതൊട്ടാൽ ഷോക്കടിക്കും'

സാക്ഷി പറഞ്ഞു...

മാമോദീസ മുങ്ങിയിട്ടില്ലെങ്കിലും ഞാനും പ്രാര്‍‍ത്ഥിക്കാം, മനസ്സില്‍ ഉണ്ണീശോ പിറക്കാന്‍.

വക്കാരിമഷ്‌ടാ പറഞ്ഞു...

സ്വാർത്ഥാ.... ക്രിസ്‌മസ് - പുതുവത്സരാശംസകൽ..

സിദ്ധാർത്ഥാ.... അതിഷ്ടപ്പെട്ടു...

വിശാലാ.....'രൂപങ്ങളെതൊട്ടാൽ ഷോക്കടിക്കും' :))